സച്ചാർ കമ്മീഷൻ നിശ്ചയിക്കപ്പെട്ടത് മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ പഠിക്കാനാണ്. എട്ടു നൂറ്റാണ്ടിലേറെക്കാലം ഈ രാജ്യം ഭരിച്ച മുസ്‌ലിംകൾ സാമ്പത്തിക, വിദ്യാഭ്യാസ, ഉദ്യോഗ തലങ്ങളിലെല്ലാം ദളിതരേക്കാൾ പിന്നിലാണെന്ന വസ്തുത കൃത്യമായ പഠനത്തിനു ശേഷം കമ്മീഷൻ പുറത്തുകൊണ്ടുവന്നു. ഈ പിന്നാക്കാവസ്ഥ പരിഹരിക്കാൻ പല നിർദേശങ്ങളും കമ്മീഷൻ മുന്നോട്ടുവെക്കുകയും അന്നത്തെ യുപിഎ ഗവൺമെന്റ് സംസ്ഥാന സർക്കാറുകളോട് അതു നടപ്പാക്കാൻ നിർദേശിക്കുകയും ചെയ്തു.
കേരളീയ സാഹചര്യത്തിൽ സച്ചാർ കമ്മീഷന്റെ കണ്ടെത്തലുകളെ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ നിശ്ചയിക്കപ്പെട്ട പാലോളി കമ്മിറ്റി കേരളത്തിലും വിദ്യാഭ്യാസ ഉദ്യോഗ തലങ്ങളിലെല്ലാം മുസ്‌ലിംകൾ ബഹുദൂരം പിന്നിലാണെന്ന് കണ്ടെത്തുകയും അതിന്റെ പരിഹാരത്തിനായി ചില ഒറ്റപ്പെട്ട പദ്ധതികൾ മുന്നോട്ടുവെക്കുകയും ചെയ്തു. അതിലൊന്നായിരുന്നു വിദ്യാഭ്യാസ സ്‌കോളർഷിപ്പ്. എന്നാൽ ഇതു നടപ്പാക്കുമ്പോൾ ന്യൂനപക്ഷ വിഭാഗം എന്ന പൊതുശീർഷകത്തിനു കീഴിൽ കൊണ്ടുവരികയും മുസ്‌ലിംകൾക്കു മാത്രമായുള്ള സ്‌കോളർഷിപ്പടക്കമുള്ള പദ്ധതികൾ 80-20 എന്ന ക്രമത്തിലേക്ക് മാറ്റുകയും ചെയ്തു എന്നത് ഇടതുപക്ഷ ഗവൺമെന്റിന് സംഭവിച്ച തെറ്റുതന്നെയാണ്.
തുടർന്ന് 2011-2016 കാലത്ത് ഭരിച്ച മുസ്‌ലിംലീഗ് ഉൾപ്പെട്ട യുഡിഎഫ് സർക്കാറും ആ തെറ്റ് തിരുത്താൻ തയ്യാറായില്ലെന്നു മാത്രമല്ല, 80-20 എന്നത് 60-40 എന്ന രീതിയിലേക്ക് മാറ്റി പുനക്രമീകരിക്കണമെന്ന് അന്നത്തെ കോൺഗ്രസ്, ലീഗ് നേതാക്കൾ അടങ്ങിയ ന്യൂനപക്ഷ കമ്മീഷൻ ശിപാർശ ചെയ്തിരുന്നുവെന്ന റിപ്പോർട്ടും ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ കൊണ്ടുവന്ന നാമമാത്രമായ ഈ പദ്ധതി ഇരുമുന്നണികളും ചേർന്നു അട്ടിമറിച്ചു എന്നു ചുരുക്കം. ഇപ്പോൾ കോടതി വിധിയുടെ മറപിടിച്ച് യുഡിഎഫ് കാലത്തെ ന്യൂനപക്ഷ കമ്മീഷൻ ശിപാർശ ചെയ്തതുപോലെ 60-40 എന്ന ക്രമത്തിൽ പദ്ധതി നടപ്പാക്കാൻ പിണറായി സർക്കാർ തീരുമാനമെടുത്തിരിക്കുന്നു.

രാഷ്ട്രീയ താൽപര്യങ്ങൾ

മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഇതു വളരെ തുച്ഛമായ ഒരു സഹായം മാത്രമാണ്. സമുദായ സംഘടനകൾ അതിന്റെ എത്രയോ മടങ്ങ് അവരുടെ വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി ചെലവഴിക്കുന്നുണ്ട്. ഇവിടെ ഒരു സമുദായത്തെ വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ മറ്റുള്ളവർക്കൊപ്പമെത്തിക്കാനുള്ള ഒരു എളിയ ശ്രമം പോലും വെച്ചുപൊറുപ്പിക്കില്ല എന്ന നിലപാട് രൂപപ്പെടുന്നുവെന്നത് ഗൗരവത്തോടെ കാണേണ്ടതാണ്. എല്ലാ മുന്നണികൾക്കും ചില രാഷ്ട്രീയ താൽപര്യങ്ങൾ ഈ വിഷയത്തിലുണ്ട് എന്നതു മറ്റൊരു യാഥാർത്ഥ്യം.
ഇടതു മുന്നണിയെ സംബന്ധിച്ചിടത്തോളം ചില സഭാനേതാക്കളുടെയും മുന്നണിയിലെത്തന്നെ ക്രൈസ്തവാഭിമുഖ്യമുള്ള പാർട്ടികളുടെയും സമ്മർദങ്ങൾ പരിഗണിക്കേണ്ടതുണ്ടാവാം. ന്യൂനപക്ഷ വകുപ്പ് മന്ത്രിയായി പാർട്ടി പത്രത്തിൽ തന്നെ പ്രഖ്യാപനം വന്നയാളെ മാറ്റി ആ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് ഉൾപ്പെടെ ഇവരുടെ ശക്തമായ സമ്മർദമായിരുന്നുവെന്നത് എല്ലാവർക്കും ബോധ്യമായ കാര്യമാണ്. 80-20 വിഷയം കോടതിയിലെത്തിയപ്പോൾ വസ്തുത കോടതിയെ ബോധ്യപ്പെടുത്തുന്നതിൽ വേണ്ടത്ര ശ്രമമുണ്ടായില്ല എന്നു തന്നെയാണ് മുസ്‌ലിം സമുദായം വിലയിരുത്തുന്നത്. ന്യൂനപക്ഷ പദ്ധതി എന്ന രീതിയിൽ നടപ്പാക്കിയതായിരുന്നു അബദ്ധമെന്ന് ബോധ്യപ്പെട്ട സ്ഥിതിക്ക് പുതിയ നിയമനിർമാണത്തിലൂടെ ഇത് മുസ്‌ലിംകൾക്കു മാത്രമായി നടപ്പാക്കുകയും ക്രൈസ്തവ പിന്നാക്കാവസ്ഥ പഠിക്കുന്നതിനായി പിണറായി സർക്കാർ തന്നെ നിശ്ചയിച്ച കോശി കമ്മീഷൻ റിപ്പോർട്ട് വന്ന ശേഷം ആവശ്യമാണെങ്കിൽ അവരിലെ പിന്നാക്കക്കാർക്കും സമാന പദ്ധതികൾ കൊണ്ടുവന്നു പ്രശ്‌നം പരിഹരിക്കാമായിരുന്നു. അതിനൊന്നും കാത്തുനിൽക്കാതെയുള്ള ധൃതിപിടിച്ച നടപടിയിൽ നിന്നുതന്നെ ഇതിന്റെ പിന്നിലെ രാഷ്ട്രീയം വ്യക്തമാവും.
യുഡിഎഫിനെ സംബന്ധിച്ചു പറഞ്ഞാൽ, അവർക്ക് ഇക്കാര്യത്തിൽ ഒരു ഏകീകൃത അഭിപ്രായത്തിലെത്താൻ സാധിച്ചിട്ടില്ല. ഈ അട്ടിമറി നൂറു ശതമാനവും തെറ്റാണെന്ന് ബോധ്യപ്പെടാത്തതുകൊണ്ടല്ല പ്രതിപക്ഷ നേതാവ് അഭിപ്രായങ്ങൾ മാറ്റിമാറ്റി പറഞ്ഞുകൊണ്ടിരിക്കുന്നതും എന്തിനും ഏതിനും പ്രതികരിക്കാറുള്ള മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോ വിഷയത്തിൽ കൃത്യമായി പ്രതികരിക്കാത്തത്. ഇതിന്റെയെല്ലാം പിന്നിലെ രാഷ്ട്രീയമെന്താണെന്ന് കേരളീയ സമൂഹത്തിന് നന്നായി അറിയാം. എന്നാൽ ഐക്യമുന്നണിയിലെ പ്രബല പാർട്ടിയായ മുസ്‌ലിംലീഗ് മുന്നണിയെ ഈ അനീതിക്കെതിരെ അണിനിരത്തുന്നതിൽ ദയനീയമായി പരാജയപ്പെട്ടപ്പോൾ മുഖം മിനുക്കൽ പദ്ധതിയുമായി ഇറങ്ങിത്തിരിച്ചതിനു പിന്നിലും സങ്കുചിത രാഷ്ട്രീയ താൽപര്യമാണ്.
സമുദായ പാർട്ടി എന്ന നിലക്ക് മുസ്‌ലിം ലീഗ് ചെയ്യേണ്ടിയിരുന്നത് തങ്ങൾ ഉൾകൊള്ളുന്ന മുന്നണിയെ ഇത്തരമൊരു അനീതിക്കെതിരെ ഒറ്റക്കെട്ടായി രംഗത്തിറക്കുകയും നിയമസഭക്കകത്തും പുറത്തും രാഷ്ട്രീയ, നിയമ പോരാട്ടങ്ങൾ നടത്തുകയുമാണ്. അതിനു കഴിയില്ലെങ്കിൽ അത് ലീഗിന്റെ രാഷ്ട്രീയ പരാജയമാണ്. ഏറ്റവും ചുരുങ്ങിയത് മുസ്‌ലിം രാഷ്ട്രീയ പാർട്ടികളെയും സമാന നിലപാടുകളുള്ള മറ്റു പാർട്ടികളെയും സംഘടിപ്പിച്ച് സമര, നിയമ പോരാട്ടങ്ങൾ സംഘടിപ്പിക്കുകയെങ്കിലും വേണ്ടിയിരുന്നു. ഇതിനു ലീഗ് മുതിരുമ്പോൾ ചില ചോദ്യങ്ങളെ അവർ അഭിമുഖീകരിക്കേണ്ടിവരും. 80-20 എന്ന അനുപാതത്തിൽ 2011-2016 കാലയളവിൽ സ്‌കോളർഷിപ്പ് പദ്ധതി നടപ്പാക്കിയ ഗവൺമെന്റിൽ ലീഗ് പങ്കാളികളായിരുന്നില്ലേ? എന്തുകൊണ്ട് അന്ന് തിരുത്തിയില്ല? മുസ്‌ലിംകൾക്ക് മാത്രമായി കൊണ്ടുവന്ന ഈ പദ്ധതി മൈനോറിറ്റി എന്ന പൊതുശീർഷകത്തിനു കീഴിൽ നടപ്പാക്കിയാലുള്ള അബദ്ധം മനസ്സിലായിട്ടും (അതാണ് ഈ വിഷയത്തിലെ ഏറ്റവും വലിയ അബദ്ധമാണെന്നാല്ലോ കുഞ്ഞാലിക്കുട്ടി എംഎൽഎ നിയമസഭയിൽ പറഞ്ഞത്) അഞ്ചു വർഷം സമയം കിട്ടിയിട്ടും എന്തുകൊണ്ട് തിരുത്താൻ തയ്യാറായില്ല? ഇതോടൊപ്പം 80-20 എന്നത് 60-40ലേക്ക് മാറ്റണമെന്നുകൂടി ശിപാർശ ചെയ്തത് യുഡിഎഫ് കാലത്തെ ലീഗ് ഉൾപ്പട്ട ന്യൂനപക്ഷ കമ്മീഷനല്ലേ? ഇത്തരം ചോദ്യങ്ങളെ അഡ്രസ്സു ചെയ്യാതെ രക്ഷപ്പെടാൻ മുസ്‌ലിം ലീഗ് പതിവായി സ്വീകരിക്കുന്ന ഒരു അടവുനയമുണ്ട്. അതാണ് സമുദായ സംഘടനകളെ മുന്നിലിട്ടു കളിക്കുക എന്നത്. ഇതിലൂടെ ഇരട്ട ലക്ഷ്യമാണ് പാർട്ടി കാണുന്നത്. ഒന്ന്, തങ്ങൾ ഈ വിഷയത്തിൽ കാര്യമായി ഇടപെടുന്നുണ്ടെന്ന് സമുദായത്തെ ബോധ്യപ്പെടുത്തുക. രണ്ട്, അതുവഴി രാഷ്ട്രീയ ശാക്തീകരണം സാധ്യമാക്കുക. ഇതിനായി മുറിച്ചു മാറ്റനാവാത്ത വിധം പണ്ടേ കൂടെയുള്ള ഒരു മതസംഘടനയെയും മറ്റു ചില കടലാസ് സംഘടനകളെയുമാണ് കൂട്ടുപിടിച്ചിരിക്കുന്നത്.
ഒരു രാഷ്ട്രീയ പാർട്ടി നിർവഹിക്കേണ്ട ക്രിയാത്മക ഇടപെടൽ നടത്തുന്നതിനു പകരം ഇത്തരം പൊടിക്കൈകൾ സങ്കുചിത രാഷ്ട്രീയ താൽപര്യത്തോടെ നടത്തിപ്പോരുന്ന പതിവ് ലീഗിനെ സംബന്ധിച്ചിടത്തോളം പുതുമയുള്ള കാര്യമല്ല എന്നതുകൊണ്ട് തന്നെ ബഹു. കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയോ കേരളാ മുസ്‌ലിം ജമാഅത്ത്, എസ്‌വൈഎസ് തുടങ്ങിയ സംഘടനകളോ ഇത്തരം രാഷ്ട്രീയ താൽപര്യമുള്ള കലാപരിപാടികളിൽ പങ്കെടുക്കാറില്ല.
മുമ്പ് ശരീഅത്ത് വിവാദം ഉയർന്നുവന്ന ഘട്ടത്തിൽ, ശരീഅത്ത് നിയമങ്ങൾ തിരുത്തണമെന്ന് നിരന്തരം വാദിക്കുന്ന മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമിയുമായി ചേർന്ന് ലീഗ് ശരീഅത്ത് സംരക്ഷണ സമിതി ഉണ്ടാക്കിയപ്പോഴും സുന്നി പ്രസ്ഥാനം അതിനൊപ്പം ചേർന്നിരുന്നില്ല. ഐക്യപ്പെടുന്നത് എല്ലാവർക്കും യോജിപ്പുള്ള വിഷയത്തിലാവണം. അല്ലെങ്കിൽ വിപരീത ഫലമാണ് ഉളവാക്കുക എന്ന തിരിച്ചറിവുകൊണ്ട് തന്നെയാണ് ശരീഅത്ത് വിഷയത്തിൽ സമസ്ത നേരിട്ട് ഇടപെട്ടത്.
പിന്നീട് സ്‌കൂൾ സമയമാറ്റം വന്നപ്പോൾ മദ്‌റസാ സംരക്ഷണ സമിതി വന്നു, സിഎഎ ബില്ല് കൊണ്ടുവന്നപ്പോൾ പൗരത്വ സംരക്ഷണ സമിതി, ഇപ്പോൾ സച്ചാർ സംരക്ഷണ സമിതി വന്നു. ഇതിൽ പലതിന്റേയും പിറകിലുള്ള സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങളും സിഎഎ പോലുള്ള വിഷയങ്ങൾ ഭരണഘടനാ പ്രശ്‌നമായി ഉയർത്തിക്കാട്ടി അതുവഴി ഇന്ത്യക്കാരുടെ മൊത്തം പ്രശ്‌നമായി കൊണ്ടുവരുന്നതിനു പകരം മുസ്‌ലിം വിഷയമാക്കി മാറ്റുക പോലുള്ള അപകടങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് പക്വതയുള്ള പ്രസ്ഥാന നേതൃത്വം അത്തരം തട്ടിക്കൂട്ട് കൂട്ടായ്മയിൽ പങ്കുചേരാതെ ഏതു വിഷയത്തിലും ക്രിയാത്മക ഇടപെടൽ നടത്തുന്നത്. അതേസമയം അത്യാവശ്യമെന്ന് തോന്നുന്ന ചില സംയുക്ത യോഗങ്ങളിലെല്ലാം പങ്കെടുക്കാറുമുണ്ട്.

സ്‌കോളർഷിപ്പ് ഇടപെടൽ

ലീഗിന്റെ നേതൃത്വത്തിൽ സച്ചാർ സംരക്ഷണ സമിതി പ്രഖ്യാപിക്കപ്പെടുന്നതിനു മുമ്പ് തന്നെ വിഷയസംബന്ധിയായ അഭിപ്രായ രൂപീകരണവും ഈ അനീതിക്കെതിരെ പൊതുബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യവും മുൻനിർത്തി നിരവധി വിദഗ്ധരെ പങ്കെടുപ്പിച്ച് സുന്നി പ്രസ്ഥാനം വെബിനാർ സംഘടിപ്പിക്കുകയുണ്ടായി. നിയമപോരാട്ടത്തിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ നടത്തുകയും മുതിർന്ന അഭിഭാഷക സംഘങ്ങളുമായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുകയും ചെയ്തു. വിദഗ്ധരുടെ നിയമോപദേശം ലഭിച്ചാൽ സുപ്രീംകോടതിയെ സമീപിക്കാൻ തന്നെയാണ് ഉദ്ദേശിക്കുന്നത്.
ഇതിനു പുറമെ മുഖ്യമന്ത്രിയെ കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിൽ നേരിട്ട് സന്ദർശിക്കുകയും സ്‌കോളർഷിപ്പ് അട്ടിമറിക്കപ്പെട്ടതിലുള്ള പ്രതിഷേധം ശക്തമായി അറിയിക്കുകയും ചെയ്തു. സമുദായം അനുഭവിക്കുന്ന പിന്നാക്കാവസ്ഥയുടെ ആഴം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തുകയും സച്ചാർ കമ്മീഷന്റെ മറ്റു നിർദേശങ്ങൾ കൂടി നടപ്പിലാക്കി പ്രശ്‌ന പരിഹാരത്തിനു നേതൃത്വം നൽകാൻ അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. സ്‌കോളർഷിപ്പിന്റെ കാര്യത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യം നഷ്ടപ്പെടില്ല എന്ന മുഖ്യമന്ത്രിയുടെ ഉറപ്പിലും ആശങ്ക ബാക്കിയാണെന്നുണർത്തിയപ്പോൾ, നിയമനിർമാണത്തിലൂടെ തന്നെ അതു ദൂരീകരിക്കുമെന്നാണ് സർക്കാർ ഉറപ്പു നൽകിയിട്ടുള്ളത്. ഏതായാലും തുടർ നടപടികളെ ആശ്രയിച്ചായിരിക്കും പ്രസ്ഥാനത്തിന്റെ വരുംകാല നീക്കങ്ങൾ. ചുരുക്കത്തിൽ, പൊതു വിഷയത്തിലായാലും സാമുദായികമായ പ്രശ്‌നങ്ങളിലായാലും വൈകാരികതക്കപ്പുറം സുചിന്തിതവും പ്രായോഗികവുമായിരിക്കും പ്രസ്ഥാനത്തിന്റെ നീക്കങ്ങൾ. താൽക്കാലിക രാഷ്ട്രീയ ലക്ഷ്യങ്ങളുടേയോ സ്ഥാപിത താൽപര്യങ്ങളുടേയോ മറപിടിച്ചു വരുന്നവരുടെ തട്ടിക്കൂട്ട് മുന്നണിയിൽ പ്രസ്ഥാനം തളക്കപ്പെടാറില്ല.

 

റഹ്‌മത്തുല്ലാഹ് സഖാഫി എളമരം

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ