ലോകത്ത് ഒരു മനുഷ്യനും നാളിതുവരെയും സ്വേഷ്ടപ്രകാരമല്ല ജനിച്ചുവീണത്. എപ്പോൾ ജനിക്കണമെന്നോ, എവിടെയായിരിക്കണമെന്നോ, ആരുടെ ഉദരത്തിൽ വളരണമെന്നോ, ആരുടെ മകനോ മകളോ ആയിരിക്കണമെന്നോ, ഏതു ലിംഗത്തിൽ പെട്ടവനാ/ളായിരിക്കണമെന്നോ ഒന്നും തീരുമാനിക്കാനുള്ള അവകാശം ഒരു മനുഷ്യനും ലഭിച്ചിട്ടില്ല. ജനിച്ചതു മുതൽ, അല്ലെങ്കിൽ അതിന്റെയും മുമ്പ് കുടുംബ, രാഷ്ട്ര, സാമൂഹ്യ ചുറ്റുപാടുകളാൽ വളഞ്ഞാണ് ഒരിക്കലും നിനക്കാതെയുള്ള മനുഷ്യന്റെ പിറവി എന്ന് ചുരുക്കം.
ഒരർത്ഥത്തിൽ, തിരുത്തപ്പെടാനാവാത്ത മനുഷ്യന്റെ പരിമിതിയോ പാരതന്ത്ര്യമോ ആണിത്. ജനിച്ചത് മുതൽ മരണം വരെയും അതിനു ശേഷവും മനുഷ്യൻ ഇങ്ങനെത്തന്നെ തുടർന്നേ പറ്റൂ. കാരണം കുടുംബ, രാഷ്ട്ര, സാമൂഹ്യ, സാംസ്‌കാരിക, വ്യക്തിനിഷ്ഠാപരമായ നൂറുകൂട്ടം നിയമങ്ങൾ കൊണ്ടും ചര്യകളും സംവിധാനങ്ങളും കൊണ്ടും ഓരോ മനുഷ്യനെയും വളഞ്ഞിരിക്കുന്നു. ലോകത്തുള്ള മനുഷ്യരെല്ലാം ഇവയിൽ പലതിനെയും അനുസരിച്ചേ പറ്റൂ. ചിലതൊക്കെ അനുസരിക്കലാണ് നല്ലത്. ചിലതിൽ അവന് സ്വാതന്ത്ര്യമുണ്ട്.അതനുസരിക്കുകയും അനുസരിക്കാതിരിക്കുകയും ചെയ്യാം.
കോടാനുകോടി മൃഗങ്ങളിൽ ഒരു വർഗമായ മനുഷ്യനു മാത്രം ലോകത്ത് നൂറുകൂട്ടം നിയമങ്ങളുണ്ടെന്ന് സാരം. അവയൊന്നും മറ്റൊരു മൃഗത്തിനുമില്ല. അവയുടെ സംരക്ഷണാർഥം മനുഷ്യൻ നിർമിച്ച നിയമങ്ങളൊഴിച്ചാൽ ഒരു നിയമത്തിനും ഇവരാരും കീഴടങ്ങേണ്ടതുമില്ല. അതേസമയം മനുഷ്യന് ഒരു നിലക്കല്ലെങ്കിൽ മറ്റൊരു നിലക്ക് നിയമങ്ങൾ അനുസരിച്ചേ പറ്റൂ; അതോടൊപ്പം നിയമങ്ങളെയും മറ്റു പലതിനെയും ബഹുമാനിക്കുകയും ഉൾക്കൊള്ളുകയും വേണം. പലതും വിശ്വസിക്കുകയും ആചരിക്കുകയും വേണം. ഈ നിയമങ്ങൾ അനുശാസിക്കാതെ ഒരാൾക്കും ജീവിക്കാൻ സാധിക്കില്ല, അല്ലെങ്കിൽ ജീവിക്കാൻ സമ്മതിക്കില്ല. ഇന്ത്യയിൽ ജനിച്ച ഒരു മനുഷ്യൻ നിർബന്ധമായും ഇവിടത്തെ ആയിരക്കണക്കിന് നിയമങ്ങളുടെ കുരുക്കിലാണ് വളരേണ്ടത്. ദേശീയ പതാക മുതൽ പലതിനെയും ബഹുമാനിച്ചേ മതിയാകൂ. ഒരു കുടുംബത്തിൽ ജനിച്ച വ്യക്തിക്ക് ആ കുടുംബം കാത്തുസൂക്ഷിച്ച ധാരാളം കാര്യങ്ങളോട് കൂറുപുലർത്തേണ്ട ബാധ്യതയുണ്ട്. സ്‌കൂളിൽ, കോളേജിൽ, പൊതുസ്ഥലങ്ങളിൽ, ചടങ്ങുകളിൽ, കുടുംബ ബന്ധങ്ങളിൽ എല്ലായിടത്തും ഓരോ നിലക്ക് ഈ ബാധ്യതകൾ മുന്നിൽ വരുന്നു. ഇതിലപ്പുറം ഓരോരുത്തർക്കും വൈയക്തികമായി ചില നിഷ്ഠകളുമുണ്ടാകുന്നു. ഇവയൊക്കെയാണ് മനുഷ്യനെ നയിക്കുന്നത്. ഇവയില്ലെങ്കിൽ മനുഷ്യനില്ല തന്നെ.
അഥവാ നിയമ സംവിധാനങ്ങളില്ലാതെ മനുഷ്യന് ജീവിക്കാനാവില്ലെന്ന് ഓരോ മനുഷ്യനും സമ്മതിക്കും. ഓരോരുത്തരും തോന്നിയ പോലെ ജീവിക്കാൻ പറ്റില്ലെന്നും സമ്മതിക്കും. ലോകത്തൊരിടത്തും ഒരു മനുഷ്യനും തോന്നിയ ജീവിതം ഒരാളും വകവെച്ചുകൊടുക്കില്ല. അങ്ങനെ ചിന്തിക്കാൻ പോലും അവകാശമില്ല. മാത്രമല്ല, നിയമങ്ങൾ നയിക്കാത്ത മനുഷ്യനുണ്ടെങ്കിൽ അവനെ വിശേഷിപ്പിക്കാൻ പ്രാകൃതനെന്ന പദം പോലും മതിയാകാതെ വരികയും ചെയ്യും. ഈ നിയമങ്ങളുടെയെല്ലാം ആത്യന്തിക ലക്ഷ്യമായിക്കാണുന്നത് മനുഷ്യവർഗത്തിന്റെ സുഗമമായ ജീവിതമാണ്, അവ സാക്ഷാൽകരിക്കപ്പെട്ടാലും ഇല്ലെങ്കിലും.
ഈ ലക്ഷ്യത്തിനായി മാനവ സമൂഹം പലപ്പോഴും കൂട്ടിയും കുറച്ചും ഉണ്ടാക്കിയെടുത്ത നിയമങ്ങളുടെ അടിമകളാണ് മനുഷ്യരെന്നു പറയാം. ആ അർഥത്തിൽ മനുഷ്യരുടെത്തന്നെ അടിമയാണ് ഓരോ മനുഷ്യനും. മനുഷ്യർ മനുഷ്യർക്കു വേണ്ടി സൃഷ്ടിച്ചെടുത്ത, മനുഷ്യർ മനുഷ്യരുടെ മേൽ അടിച്ചേൽപ്പിക്കുന്ന ഇത്തരം നിയമങ്ങൾ, നിയമങ്ങളുടെ പിൻബലമില്ലാതെ തങ്ങൾ സ്വതന്ത്രരാണെന്നു പറയുന്നവർ പോലും അനുസരിക്കേണ്ടിവരുന്നു. അല്ലെങ്കിൽ അനുസരിച്ച് ജീവിക്കുന്നു.
ഇതിനു വേണ്ടി നിയമങ്ങൾ ഓരോ ദിവസവും ചുട്ടെടുക്കുകയാണ്. മാറിവരുന്ന സാഹചര്യങ്ങളെ ഉൾക്കൊള്ളാനും പുതിയ കണ്ടെത്തലുകളെ ഉപയോഗപ്പെടുത്താനും മറ്റു പലതിനുമായി നിയമനിർമാണാധികാരികളും സഭകളുമെല്ലാം ദിനേന പുതുപുത്തൻ നിയമങ്ങൾ ഉണ്ടാക്കിയെടുക്കുന്നു. അവ ചില ഔപചാരിക കടമ്പകൾ കടന്നാൽ നിശ്ചിത മനുഷ്യരെ നയിക്കാനായി പ്രാബല്യത്തിലാവുകയും ചെയ്യുന്നു. ഇങ്ങനെ നിയമങ്ങൾ നിർമിക്കാനായി ലോകത്ത് ധാരാളമാളുകൾ ജീവിക്കുന്നുണ്ട്. സഭകൾ, കോടതികൾ, ജഡ്ജിമാർ, അന്താരഷ്ട്ര ഏജൻസികൾ അങ്ങനെ പലരും. ഇവരോരോരുത്തരും തങ്ങളുടെ ബുദ്ധികൊണ്ട് ചിന്തിച്ചാൽ ന്യായമായി തോന്നുന്ന നിയമങ്ങളാണ് പൊതുവെ സൃഷ്ടിക്കുക. മറ്റാർക്കും ന്യായമായി തോന്നിയില്ലെങ്കിലും അവരും ഇതനുസരിക്കാൻ ബാധ്യസ്ഥരാണ്; അനുസരിക്കുകയും ചെയ്യുന്നു. നേരത്തെ പറഞ്ഞതുപോലെ, നിയമങ്ങളുടെ ഉരുക്കുകോട്ടയില്ലാതെ തങ്ങൾ പൂർണമായും സ്വതന്ത്രരാണെന്നു വാദിക്കുന്നവർ പോലും ഇവ പൂർണമായും അനുസരിക്കേണ്ടി വരുന്നു.
ഇപ്രകാരം വ്യത്യസ്ത സാഹചര്യങ്ങൾ, സന്ദർഭങ്ങൾ, വ്യത്യസ്ത മനുഷ്യരും മനുഷ്യരുടെ ആവശ്യങ്ങളും, കാലദേശങ്ങളുടെ വൈവിധ്യം, പുതിയ കണ്ടെത്തലുകളും മേഖലകളും തുടങ്ങിയ നൂറുകൂട്ടം കാര്യങ്ങൾക്കനുസൃതമായി ആയിരക്കണക്കിന് നിയമങ്ങൾ നിലനിൽക്കുകയും നിർമിച്ചെടുക്കുകയും ചെയ്യുന്ന ചുറ്റുപാടിലാണ് ഇസ്‌ലാമിക നിയമ സംവിധാനങ്ങളെക്കുറിച്ച് നാം പഠിക്കേണ്ടത്. മുഹമ്മദ് നബി(സ്വ) 1400 വർഷങ്ങൾക്ക് മുമ്പ് ഇസ്‌ലാമിക പ്രബോധനം ആരംഭിച്ചപ്പോൾ കേവലം ചില ആചാരങ്ങളോ വിശ്വാസങ്ങളോ മാത്രമല്ല പരിചയപ്പെടുത്തിയത്. അന്നുവരെയും അതിനു ശേഷവും മനുഷ്യ വർഗം കേട്ടിട്ടുപോലുമില്ലാത്ത, മാനവ കുലത്തെ പൂർണമായും നയിക്കാനുതകുന്ന സമ്പൂർണ നിയമ സംവിധാനം കൂടിയാണ് പരിചയപ്പെടുത്തിയത്. ഇതിനാണ് ശരീഅത്ത് എന്ന് ഒറ്റവാക്കിൽ പറയുന്നത്. മനുഷ്യൻ സ്വന്തത്തോടും അപരനോടും പ്രകൃതിയിലെ ഓരോ വസ്തുവിനോടും സ്രഷ്ടാവിനോടും മറ്റെല്ലാത്തിനോടും അനുഷ്ഠിക്കേണ്ട കടപ്പാടുകളുടെ, ജീവിത വ്യവഹാരങ്ങളുടെ, അനുഷ്ഠാന മുറകളുടെ ആകെത്തുകയാണ് ശരീഅത്ത്. ലോകത്തെ കോടിക്കണക്കിനു ജന്തുക്കളോടും അതിലുപരി വരുന്ന സസ്യ വർഗത്തോടും മനുഷ്യൻ പരസ്പരവുമെല്ലാം ഓരോ നിമിഷവും ഏതു കാലത്തും ദേശത്തും പെരുമാറേണ്ട ജീവിതക്രമമാണ് ഇത്. ഓരോ മനുഷ്യന്റെ മുമ്പിലും പതിനാലു നൂറ്റണ്ടുകൾക്ക് മുമ്പ് തന്നെ ഈ ജീവിതക്രമം വളരെ സ്പഷ്ടമായി അടയാളപ്പെടുത്തി നൽകി. സ്വന്തം ജീവിതത്തിന്റെ സ്വകാര്യതയിലെ ഏറ്റവും ചെറിയ നിമിഷം മുതൽ ആഗോള സംവിധാനങ്ങൾക്കാവശ്യമായ നിയമ വ്യവസ്ഥിതികൾ വരെ അനാവരണം ചെയ്യുന്നതാണ് ഈ വിശാലമായ ശരീഅത്ത് എന്നറിയുമ്പോഴാണ് തീർച്ചയായും ഇതിന്റെ ആഴവും സമഗ്രതയും ബോധ്യപ്പെടുന്നത്.
ശരീഅത്ത് ഒരിക്കലും മനുഷ്യന്റെ നിയമമല്ല. മനുഷ്യന്റെ നിയമമായി ആരും അതിനെ പരിചയപ്പെടുത്തുന്നുമില്ല. മറ്റു നിയമങ്ങൾക്കപവാദമായി, ശരീഅത്തിന് വിധേയപ്പെടുന്ന ഒരാൾ മറ്റു മനുഷ്യർക്ക് മുമ്പിലല്ല വിധേയപ്പെടുന്നത്. ശരീഅത്തിന് വിധേയപ്പെട്ടു ജീവിക്കുന്നുവെന്നതിനർഥം സ്രഷ്ടാവായ അല്ലാഹുവിന്റെ വിധിവിലക്കുകൾക്കും നിർദേശങ്ങൾക്കുമനുസരിച്ച് ജീവിക്കുന്നുവെന്ന് മാത്രമാണ്. ഇതൊരാളുടെ ആഭിജാത്യ പ്രശ്‌നമായി മാറുന്നേയില്ല. നൂറായിരം മനുഷ്യനിർമിത വ്യവസ്ഥിതികൾക്കും നിയമങ്ങൾക്കും വിധേയപ്പെട്ടു ജീവിക്കുന്നവർ പോലും സ്രഷ്ടാവിന്റെ നിയമങ്ങളെ അനുസരിക്കാൻ തയ്യാറാകാതിരിക്കുന്നത് അൽപത്തരം കൊണ്ടോ അജ്ഞത കൊണ്ടോ മാത്രമാണെന്നേ പറയാനാകൂ. കാരണം, ഇത്രയും വിശാലമായ, സമഗ്രമായ നിയമസംഹിത നൂറ്റാണ്ടുകൾക്ക് മുമ്പ് ആവിഷ്‌കരിച്ചുവെങ്കിൽ തീർച്ചയായും മനുഷ്യ സമൂഹംതന്നെ ഈ സംഹിതയോടു കടപ്പെട്ടിരിക്കുന്നു. അവിടന്നങ്ങോട്ട് ഒരു സഹസ്രാബ്ദം കഴിഞ്ഞതിനു ശേഷമാണു ലോകത്ത് നിയമങ്ങൾ ഒന്നിനുപിറകെ മറ്റൊന്നായി വരാൻ തുടങ്ങിയത്. ആ നിയമങ്ങളൊക്കെയും കൊളോണിയൽ ശക്തികൾ ഇസ്‌ലാമിക നാഗരികതയിൽ നിന്നു ലഭിച്ച നിയമഗ്രന്ഥങ്ങൾ നോക്കി പകർത്തിയതുമായിരുന്നു. നിയമശാസ്ത്രം പഠിക്കുന്ന ഏതു വിദ്യാർഥിക്കും മനസ്സിലാകുന്ന രൂപത്തിൽ ഈ പകർത്തിയെഴുത്ത് ഇന്നും കാണാനാകും. ഇവയെ അനുസരിക്കാമെന്നും എന്നാൽ ഇവയുടെയെല്ലാം മൂല്യപ്രമാണത്തെ, അഥവാ അല്ലാഹുവിന്റെ നിയമ സംവിധാനത്തെ അനുസരിക്കില്ലെന്നും പറയുന്നത് വിഡ്ഢിത്തമാകുന്നത് ഇക്കാരണം കൊണ്ടുകൂടിയാണ്.
അല്ലാഹുവിന്റെ ഈ നിയമ സംഹിത അഥവാ ശരീഅത്ത് വളരെ അത്യുന്നതമായ ലക്ഷ്യങ്ങൾ സാക്ഷാൽകരിക്കാൻ വേണ്ടിയുള്ളതാണ്. ഈ ലക്ഷ്യങ്ങളെ പ്രതിപാദിക്കുന്ന വിജ്ഞാന ശാഖതന്നെ ഇസ്‌ലാമിക ലോകത്ത് നിലവിലുണ്ട്. മഖാസിദുശ്ശരീഅ എന്നാണ് ഇതിന് അറബി ഭാഷയിൽ പറയുന്നത്. ഇസ്‌ലാമിലെ ഓരോ നിയമവും വിധിവിലക്കുകളും ഈ ലക്ഷ്യത്തിനുവേണ്ടിയുള്ളതായിരിക്കും. ഇതിൽ വളരെ അനിവാര്യമായും ഉണ്ടാകേണ്ട/ഉള്ള ലക്ഷ്യങ്ങൾ അൽ കുല്ലിയ്യാത്തുസ്സിത്ത എന്ന പേരിലറിയപ്പെടുന്നു. ഇവ ആറെണ്ണമാണ്. മതം അഥവാ വിശ്വാസം സംരക്ഷിക്കുക, ജീവനും ശരീരവും സംരക്ഷിക്കുക, ബുദ്ധി സംരക്ഷിക്കുക, കുടുംബവും കുടുംബബന്ധവും സംരക്ഷിക്കുക, സ്വത്ത് സംരക്ഷിക്കുക, അഭിമാനം സംരക്ഷിക്കുക എന്നിവയാണ് ഈ ആറു കാര്യങ്ങൾ. ഇസ്‌ലാം സംവിധാനിച്ച ചെറുതും വലുതുമായ ആയിരക്കണക്കിന് നിയമങ്ങൾ ഈ അടിസ്ഥാനപരമായ ആറു സംരക്ഷണങ്ങളിൽ ഒന്നിനെപ്പോലും ലംഘിക്കുന്നതാകരുത്; അല്ലെങ്കിൽ അങ്ങനെയാകില്ല. സംരക്ഷിക്കേണ്ട ഈ ആറു കാര്യങ്ങളെ ശരീഅത്തിന്റെ ഓരോ വിധിവിലക്കും സംരക്ഷിക്കുന്നു. ഈ ആറും സ്വന്തത്തിന്റേതു മാത്രമല്ല സംരക്ഷിക്കേണ്ടത്; അപരന്റേതു കൂടി സംരക്ഷിക്കണമെന്ന് ഇസ്‌ലാം പറയുന്നുവെന്നത് പ്രത്യേകം മനസ്സിലാക്കേണ്ടതുണ്ട്. അഥവാ ഇസ്‌ലാമിക ശരീഅത്ത് ലക്ഷ്യം വെക്കുന്നത് ഒരാളുടെ സ്വന്തം ജീവന്റെയും അപരന്റെ ജീവന്റെയും സുരക്ഷ മാത്രമല്ല, സ്വന്തത്തിന്റെയും മറ്റുള്ളവരുടെയും വിശ്വാസം, കുടുംബം, ബുദ്ധി, സ്വത്ത്, അഭിമാനം എന്നിവയുടെ സുരക്ഷ കൂടിയാണ്. ഈ കാര്യങ്ങൾക്ക് സുരക്ഷയില്ലാത്ത ശരീഅത്ത്, ശരീഅത്തിന്റെ അടിസ്ഥാന ലക്ഷ്യം പോലും പൂർത്തീകരിച്ച ശരീഅത്തല്ല. അത് ഇസ്‌ലാമികവുമല്ല. അഥവാ അവകാശങ്ങൾക്ക് വേണ്ടിയാണ് കഴിഞ്ഞ പതിനാലു നൂറ്റാണ്ടായി ശരീഅത്ത് നിലകൊള്ളുന്നത്. തനിക്ക് അവകാശങ്ങളുണ്ടെന്ന് മനുഷ്യൻ ചിന്തിക്കുന്നതിന്റെ നൂറ്റാണ്ടുകൾക്ക് മുമ്പായിരുന്നു ഈ അവകാശ സംരക്ഷണത്തിന് ഇസ്‌ലാം നേതൃത്വം നൽകിയത്. ലോകത്തുള്ള ഓരോ വസ്തുവിന്റെയും മനുഷ്യ, മനുഷ്യേതര ജന്തുക്കളുടെയും പ്രകൃതിയുടേയുമെല്ലാംഅവകാശങ്ങളാണ് ശരീഅത്ത് പ്രകാരം ഏറ്റവും പ്രധാനമായിട്ടുള്ളത്. ശരീഅത്ത് അനുസരിക്കുന്നുവെന്ന് പറഞ്ഞാൽ ഈ അവകാശ സംരക്ഷണത്തിന്റെ ഭാഗമാകുന്നു എന്നുകൂടിയാണർഥം.
ലോകത്തെ എക്കാലവും എല്ലാ നിലയിലും വഴിനടത്താൻ പറ്റിയ മുഴുവൻ ആശയങ്ങളും ശരീഅത്തിലുണ്ട്. അതുകൊണ്ടുതന്നെയാണ് ശരീഅത്ത് സമഗ്രമാണെന്നു പറയുന്നത്. ഒരേസമയം സമഗ്രവും എന്നാൽ വളരെ ലളിതവുമാണ് അല്ലാഹുവിന്റെ ശരീഅത്ത്. മുസ്‌ലിമായി ജീവിക്കുക വളരെ ലളിതമാണെന്ന് മുഹമ്മദ് നബി(സ്വ) ആവർത്തിച്ച് പഠിപ്പിച്ചു. എപ്പോഴും സമൂഹത്തിന് ലളിതമായ കാര്യങ്ങൾ മാത്രം നൽകണമെന്നുണർത്തി: ‘തീർച്ചയായും ഈ മതം വളരെ ലളിതമാണ്’ എന്ന് അവിടന്ന് പ്രഖ്യാപിച്ചു. ഇത്തരത്തിൽ ധാരാളം വചനങ്ങൾ കാണാം. നിയമങ്ങൾ പറഞ്ഞ് മനുഷ്യനെ ദുസ്സഹമാക്കുന്ന പ്രവണത ഒരിക്കലും ഇസ്‌ലാം അംഗീകരിച്ചില്ല. ചെറിയ പ്രശ്‌നങ്ങൾ മുതൽ എല്ലായിടത്തും എളുപ്പവും ലളിതവുമായിരിക്കണമെന്ന് നിരന്തരം ഉണർത്താൻ മുഹമ്മദ് നബി(സ്വ)ക്ക് സാധിച്ചത് ഇതുകൊണ്ടാണ്. ഓരോ ഇസ്‌ലാമിക അധ്യാപനങ്ങളുടെ ഉള്ളിലേക്കിറങ്ങിയാലും ഇത് വ്യക്തമാകും. നൂറായിരം നിയമങ്ങൾക്കിടയിൽ ജീവിക്കുന്ന മനുഷ്യനെ സംബന്ധിച്ചിടത്തോളം അവക്കു പകരം പൂർണമായും ഇസ്‌ലാം വിഭാവനം ചെയ്യുന്ന ശരീഅത്തിലധിഷ്ഠിതമായി ജീവിക്കുന്നതു പോലെ സുഖവും സൗകര്യപ്രദവും മറ്റൊന്നുമുണ്ടാകില്ല. അവയുടെ ലക്ഷ്യങ്ങളാണ് അതിനു കാരണം. അരാജകത്വം, അധാർമികത, തോന്നിയ ജീവിതം തുടങ്ങിയവയൊന്നും ഇഷ്ടപ്പെടാത്തവർക്ക് എന്നും ഒരൊറ്റ ചോയ്‌സ് ഇസ്‌ലാം മാത്രമാകുന്ന രൂപത്തിൽ തീർത്തും അന്യൂനവും ആകൃഷ്ടവുമാകുന്നത് ഇതൊക്കെ നിമിത്തമാണ്.
ആധുനിക നിയമ നിർമാതാക്കൾ ആവിഷ്‌കരിക്കുന്ന വ്യവസ്ഥകളിൽ നിയമം അനുസരിച്ചാൽ ലഭിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒരു പരാമർശവുമുണ്ടാകാറില്ല; നിയമം ലംഘിച്ചാലുള്ളതിനെക്കുറിച്ചാണ് ഭീതിപ്പെടുത്തുക. എന്നാൽ ഇസ്‌ലാമിക ശരീഅത്ത് ഈ രീതിയല്ല ആവിഷ്‌കരിച്ചത്. ഓരോ നിയമവും മനുഷ്യന്റെ ആത്യന്തികമായ മോക്ഷം/ പരലോക മോക്ഷത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന് നിരന്തരം ഉണർത്തുകയും നിയമം അനുസരിക്കുന്നവരുടെ മനസ്സിൽ ശക്തമായ മാനസിക സന്തോഷം സൃഷ്ടിക്കുകയും ചെയ്യുന്നു. ഓരോരുത്തരും സ്വയം പ്രചോദിതരായി വിധേയപ്പെടുന്നു. ആസന്നമായ ശിക്ഷയോർത്ത് വളരെ കുണ്ഠിതപ്പെട്ടല്ല ഈ നിയമങ്ങൾക്ക് തലകുനിക്കുന്നത്. മനസ്സിന്റെ അടിത്തട്ടിൽ നിന്നുമുള്ള അനുസരണമാണ്. ഇസ്‌ലാം മതം സ്വീകരിക്കുന്നത് തന്നെ ഒരാളുടെ ഇഷ്ടത്തിന് വിട്ട ഇസ്‌ലാം, വ്യക്തിപരമായ ശരീഅത്ത് നിയമങ്ങൾ ഒരാൾ അനുസരിച്ച് നടക്കേണ്ടതുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കാനുള്ള അവകാശവും ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യത്തിനു വിടുകയാണ് ചെയ്തത്. എല്ലാ ഓരോ നിയമവും അടിച്ചേൽപ്പിക്കേണ്ടതല്ല. അതിലേക്ക് പ്രചോദിതരാക്കി മനസ്സ് ശുദ്ധീകരിക്കുകയാണ് വേണ്ടത്. അഥവാ നിർബന്ധിച്ച് മതത്തിലേക്ക് ഒരാളെ മാറ്റിയതുകൊണ്ട് ഒരാൾ അല്ലാഹുവിന്റെയടുത്ത് മുസ്‌ലിമാകാത്തതു പോലെ, നിർബന്ധിച്ച് ശരീഅത്ത് അനുഷ്ഠിച്ചാലും അല്ലാഹു സ്വീകരിക്കില്ല. കാരണം ഓരോ നിയമവും കർമവും അനുഷ്ഠിക്കേണ്ടതും പാലിക്കേണ്ടതും സ്വേഷ്ടപ്രകാരവും അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിച്ചും കൊണ്ടായിരിക്കണം. ഇതിനെതിരെയുള്ള ബാഹ്യപ്രകടനകൾ ആത്യന്തികമായി വിശ്വാസിക്ക് ഒന്നും സമ്മാനിക്കുന്നില്ല. പ്രവാചക വചനങ്ങളുടെ ഏറ്റവും ആധികാരിക ക്രോഡീകരണമായ സ്വഹീഹുൽ ബുഖാരിയിൽ ആദ്യ നബിവചനമായി നൽകിയത് തന്നെ ഈ വസ്തുതയാണ്: മനുഷ്യരുടെ പ്രവർത്തനങ്ങളെല്ലാം അല്ലാഹുവിന്റെയടുത്ത് സ്വീകരിക്കപ്പെടുന്നത് അവന്റെ മനസ്സിലുള്ള കരുത്ത് നോക്കിയാണെന്നതാണ് ആ വചനം. ഇസ്‌ലാമിക ലോകത്തെ ഏറ്റവും അടിസ്ഥാന നിയമം കൂടിയാണിത്. ഇസ്‌ലാമിക നിയമങ്ങളുടെ മൂല്യപ്രമാണവും.
ശരീഅത്ത് പ്രധാനം ചെയ്യുന്നത് ചില നിയമ സംഹിതകൾ മാത്രമല്ല, മനുഷ്യന്റെ സംസ്‌കരണം കൂടിയാണ്. ലോകത്ത് മനുഷ്യൻ സൃഷ്ടിച്ച ഒരു നിയമവും മനുഷ്യരുടെ സ്വഭാവത്തെയോ അവരുടെ ഏറ്റവും വലിയ ദാഹമായ ആത്മീയ നിർവൃതിയെയോ അനാവരണം ചെയ്യാൻ ശ്രമിച്ചിട്ടില്ല. എന്നാൽ അല്ലാഹുവിന്റെ ശരീഅത്ത് ഇവയെക്കൂടി അഭിസംബോധന ചെയ്തുവെന്ന് മാത്രമല്ല മുഴുവൻ കാര്യങ്ങളെയും ഒരേ നൂലിൽ കെട്ടി വിശ്വാസിക്ക് തന്റെ എല്ലാ പ്രവൃത്തികളും നൂറുശതമാനം ആത്മീയവും മതപരവുമാക്കാനുള്ള മുഴുവൻ വാതായനങ്ങളും തുറന്നു നൽകി. അതുകൊണ്ടുതന്നെ വിശ്വാസിയുടെ ഒരു നിമിഷം പോലും ശരീഅത്തിൽ നിന്ന് പുറത്തുപോകുന്നില്ല.
ശരീഅത്ത് മുസ്‌ലിമിനെ മാത്രമാണ് സംബോധനം ചെയ്തതെന്ന് ധരിച്ചവരുണ്ട്. ഇത് തെറ്റാണ്. മനുഷ്യ കുലത്തെയാണ് ശരീഅത്ത് എപ്പോഴും നോക്കിക്കണ്ടത്. ഒരാൾ വിശ്വാസിയായാൽ ചെയ്യേണ്ടതും അനുസരിക്കേണ്ടതും അനുഷ്ഠിക്കേണ്ടതും പറയുന്നതോടൊപ്പം അവിശ്വാസികൾക്കും പ്രപഞ്ചത്തോട് മാന്യമായി സമരസപ്പെട്ട് ജീവിക്കാനുള്ള സൗകര്യപൂർണമായ ജീവിതം ആവിഷ്‌കരിക്കുന്നു ശരീഅത്ത്. രാഷ്ട്ര, രാഷ്ട്രീയ, സാമ്പത്തിക, കുടുംബ, അന്ത്രാഷ്ട്ര തലങ്ങളിലേക്കും ആവശ്യമുള്ള നിയമങ്ങൾ സജ്ജീകരിക്കുകവഴി ലോകത്തുള്ള സർവ മനുഷ്യർക്കും ഉതകുന്ന രൂപത്തിൽ എല്ലാവരെയും ഉൾക്കൊണ്ട് ഇസ്‌ലാമിക ശരീഅത്തിന് മാത്രമേ പൂർണമായും മനുഷ്യനെ നയിക്കാനാകൂ. ഇതിനർഥം മനുഷ്യൻ, അല്ലെങ്കിൽ വിശ്വാസി മറ്റു നിയമങ്ങൾക്ക് വഴിപ്പെടരുതെന്നല്ല. ഒരു രാജ്യത്ത് ജീവിക്കുമ്പോൾ അതാതു നിയമങ്ങൾക്ക് വിധേയപ്പെടണമെന്നതും ശരീഅത്ത് നിയമാണെന്നത് ഇവിടെ പ്രത്യേകം ഓർക്കണം. അതേസമയം സാധ്യമാകുന്ന രൂപത്തിൽ അല്ലാഹുവിന്റെ വിധിവിലക്കുകൾ അനുസരിക്കുകയും വേണം. ഇത്രയും വിശാലമായും മനുഷ്യർക്ക് അനുഗുണമായും സംസാരിക്കാൻ ഇസ്‌ലാമിക ശരീഅത്തിന് അഥവാ നിയമസംഹിതക്ക് മാത്രമേ സാധിക്കൂ.

ഡോ. ഉമറുൽ ഫാറൂഖ് സഖാഫി


 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ