മനുഷ്യജീവിതം സുഖകരമായി ചലിക്കുന്നതിൽ ഭക്ഷണത്തിനു വലിയ പ്രാധാന്യമുണ്ട്. ദൈനംദിന ഭക്ഷണക്രമങ്ങൾ മനുഷ്യന്റെ പ്രവർത്തനങ്ങളുടെ ഗുണദോഷങ്ങളെ നിർണയിക്കുന്നു. ശരീരത്തിന്റെ വളർച്ചക്കും ആരോഗ്യത്തിനും അനിവാര്യമാണെന്നത് പോലെ തന്നെ മാനസിക സന്തുലിതാവസ്ഥ നിലനിർത്താനും സൽപ്രവർത്തനങ്ങൾ ചെയ്യാനും ആരോഗ്യകരമായ ഭക്ഷണക്രമീകരണം അത്യാവശ്യമാണ്. ചിന്തകളെയും പ്രവർത്തനങ്ങളെയും സമുന്നതമാക്കുന്നതിൽ ഭക്ഷണത്തിനു സ്വാധീനമുണ്ട്.
‘ത്വയ്യിബാത്ത്’ എന്നാണ് അനുവദനീയ ഭക്ഷണത്തെ കുറിക്കാൻ ഖുർആൻ പ്രയോഗിച്ചത്. മനുഷ്യപ്രകൃതം സംതൃപ്തമായി അനുഭവിക്കുന്ന വിശുദ്ധമെന്ന് ത്വയ്യിബാത്തിനെ മൊഴിമാറ്റാം. ഇസ്‌ലാം അനുവദനീയമാക്കിയ ഭക്ഷ്യപദാർത്ഥങ്ങളൊക്കെ ഈ സ്വഭാവത്തെ സ്വാംശീകരിച്ചിട്ടുണ്ട്. മനുഷ്യശരീരത്തിനും ബുദ്ധിക്കും ഉപദ്രവകരമല്ലാത്ത പഴങ്ങൾ, ധാന്യങ്ങൾ, പച്ചക്കറികൾ, ജീവികൾ എന്നിവയെല്ലാം അനുവദനീയമായ ത്വയ്യിബാത്തിൽ വരുന്നു. പുറമെ നിർമാണ രീതിയും സമ്പാദന മാധ്യമവും വിശുദ്ധമാക്കി ത്വയ്യിബാത്ത് സമഗ്രമാവണം. പദാർത്ഥവും അനുബന്ധവും മതനൈതികതയിലധിഷ്ഠിതവും പോഷകവുമാക്കി ഗുണപരത ഉറപ്പാക്കി അളവിലെ പാകത കൂടി പാലിക്കുമ്പോഴാണ് വിശ്വാസിയുടെ ഭക്ഷണം സമീകൃതമാകുന്നത്.
‘വിശ്വാസികളേ, നിങ്ങൾ അനധികൃത വഴികളിലൂടെ മറ്റുള്ളവരിൽ നിന്നും അപഹരിച്ച പണമുപയോഗിച്ച് ഭക്ഷണം കഴിക്കുകയോ നിങ്ങൾ ആത്മഹത്യ ചെയ്യുകയോ അരുത്’ (നിസാഅ് 29). ഈ ആയത്തിനെ മുൻനിർത്തി ശൈഖ് അബൂത്വാലിബുൽ മക്കിയ്യ് പറയുന്നു: ‘നിഷിദ്ധമായ ആഹാരത്തെ നിരോധിക്കുന്നതിന് ആത്മഹത്യയെക്കാൾ മുൻഗണന നൽകിയത് ശരിയായ ഭക്ഷണക്രമത്തിന്റെ പ്രാധാന്യവും നിഷിദ്ധ ഭക്ഷണരീതിയുടെ ഗൗരവവും ബോധ്യപ്പെടുത്താനാണ്’ (ഖൂതുൽ ഖുലൂബ്).
ഇമാം അഹ്‌മദ് ബിൻ ഹമ്പൽ(റ) പറയുന്നു: ‘സൂറത്തുൽ മുഅ്മിനൂനയിൽ സുകൃതങ്ങൾ ചെയ്യുന്നതിനു തൊട്ടുമുമ്പായി നല്ലത് ഭക്ഷിക്കണമെന്നാണ് അല്ലാഹു നിർദേശിച്ചത്.’ ശൈഖ് സഹൽ(റ) പറയാറുണ്ടായിരുന്നു: ഭക്ഷണം കഴിക്കുന്നതിൽ ഒരാൾ നന്മ പാലിക്കുന്നില്ലെങ്കിൽ പ്രവർത്തനങ്ങളിലും അയാൾ നന്നാവില്ല.
നല്ല ഭക്ഷണശീലത്തെ സൽപ്രവർത്തനം പരാമർശിക്കുന്നതിന് തൊട്ടുമുമ്പായി രണ്ടു സ്ഥലങ്ങളിലാണ് ഖുർആൻ കൊണ്ടുവന്നത്. അതിലൊരു സ്ഥലത്തെ അഭിസംബോധന അമ്പിയാക്കളോടും മറ്റേതിൽ വിശ്വാസികളോടുമാണ്. അമ്പിയാക്കളോടുള്ള അതേ കൽപ്പന വിശ്വാസികളോട് നടത്തുമ്പോൾ ആ വിഷയത്തിന്റെ പ്രാധാന്യവും ഗൗരവവുമാണ് കുറിക്കുന്നത്. തിരുനബി(സ്വ) പറഞ്ഞു: ‘അല്ലാഹു ത്വയ്യിബാണ്. നല്ലതല്ലാതെ അവൻ ഇഷ്ടപ്പെടില്ല.’ ഖവാഇദു തസ്വവ്വുഫിൽ ഇമാം അബുൽ അബ്ബാസ് അഹ്‌മദ് സറൂഖ്(റ) പറഞ്ഞു: എല്ലാ നന്മയുടെയും കുഴപ്പത്തിന്റേയും അടിസ്ഥാനം ഭക്ഷണമാണ്.

ഭക്ഷണവും മനോനിലയും

മാനസികാരോഗ്യവും ഭോജനരീതിയും തമ്മിൽ ബന്ധമുണ്ട്. ഋജുവായ ഭക്ഷണക്രമം ആരോഗ്യകരമായ മാനസികാവസ്ഥക്ക് അനിവാര്യമാണ്. മനസ്സിന്റെ സന്തുലിതാവസ്ഥയും പുരോഗതിയും നിലനിൽക്കണമെങ്കിൽ എന്തു കഴിക്കുന്നു എന്നതിനോടൊപ്പം അതെങ്ങനെ സ്വാധീനിക്കുന്നുവെന്നും മനസ്സിലാക്കേണ്ടതുണ്ട്. മസ്തിഷ്‌കത്തിന്റെയും ദഹനവ്യവസ്ഥയുടെയും ഇടയിൽ നടക്കുന്ന രാസപ്രവർത്തനത്തിലൂടെയാണ് മാനസികനിലയും ഭക്ഷണവും തമ്മിലുള്ള ബന്ധം മനസ്സിലാക്കാൻ സാധിക്കുക.
വൻകുടലിൽ നിന്നും ചെറുകുടലിൽ നിന്നും തലച്ചോറിലേക്ക് സന്ദേശവാഹകരായ നിരവധി രാസപദാർത്ഥങ്ങൾ പ്രവഹിക്കുന്നുണ്ട്. ഇവയെ സ്വാധീനിക്കാൻ ശേഷിയുള്ള കോടിക്കണക്കിന് ബാക്ടീരിയകളാണ് ദഹനവ്യവസ്ഥയിൽ കുടികൊള്ളുന്നത്. ഡോപ്പൊമിൻ സറോട്ടോണിൻ പോലുള്ള രാസപദാർത്ഥങ്ങൾ മസ്തിഷ്‌കത്തിലേക്ക് സന്ദേശങ്ങളയക്കുകയും അത് മനുഷ്യന്റെ മാനസികനിലയെ നിർണയിക്കുകയും ചെയ്യും.
ഉപരിസൂചിത രാസപ്രവർത്തനത്തിൽ പോഷകാഹാരങ്ങൾ വലിയ പങ്ക് വഹിക്കുന്നു. പോഷകാഹാരങ്ങൾ കഴിക്കുന്നതിലൂടെ നല്ല ബാക്ടീരിയകളുടെ സാന്നിധ്യവും വളർച്ചയും സാധ്യം. ഈ വർധനവ് രാസപദാർത്ഥങ്ങളെ കൂടുതൽ ഉൽപാദിപ്പിക്കുകയും നല്ല മാനസികാവസ്ഥ കൊണ്ടുവരികയും ചെയ്യുന്നു. അതേസമയം ഭക്ഷണത്തിലെ പോഷകക്കുറവ് രാസവസ്തുക്കളുടെ ഉദ്പാദനത്തെയും തുടർ പ്രക്രിയയെയും ബാധിക്കും. അത് കടുത്ത മാനസിക അസന്തുലിതാവസ്ഥയിലേക്കും പിരിമുറുക്കത്തിലേക്കും നയിക്കും.
ഭക്ഷണക്രമീകരണം, പോഷകാഹാരങ്ങൾ എന്നിവയിലൂടെ ദൃഢമായ മാനസികാവസ്ഥയും കൂടുതൽ സമയ ശ്രദ്ധകേന്ദ്രീകരണവും ആർജിക്കാൻ സാധിക്കും. ചിട്ടപ്പെടുത്തിയ ഭക്ഷണക്രമങ്ങൾ വിഷാദം, ഉൽക്കണ്ഠ തുടങ്ങിയ മാനസികരോഗ ലക്ഷണങ്ങളെ നിയന്ത്രിക്കാൻ സഹായകമാണെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതേസമയം അനാരോഗ്യകരവും ക്രമരഹിതവുമായ ഭക്ഷണരീതി ഡിമെൻഷ്യ, സ്‌ട്രോക്ക് തുടങ്ങി മസ്തിഷ്‌കത്തെ ബാധിക്കുന്ന മാരക വൈകല്യങ്ങൾക്ക് കാരണമാകുമെന്നും പഠനങ്ങൾ തെളിയിക്കുന്നു.

ഭക്ഷണവും ശരീരോന്മേഷവും

രക്തധമനികൾ ഹൃദയം പമ്പ് ചെയ്യുന്ന രക്തത്തെ ശരീരഭാഗങ്ങളിലേക്കു പ്രവഹിപ്പിക്കുന്നു. ഈ രക്തസഞ്ചാരമാണ് നമ്മെ സദാ ആരോഗ്യവാന്മാരാക്കുന്നത്. രക്തയോട്ടവും രക്തശുദ്ധീകരണവും കൃത്യമായി നടക്കുന്നതിൽ നല്ല ഭക്ഷണങ്ങളുടെ പങ്ക് വലുതാണ്.
ഭക്ഷണക്രമം ശരീരത്തിലെ ഓരോ രക്തക്കുഴലിനെയും ബാധിക്കും. കൊഴുപ്പും എണ്ണയും വർധിച്ച ഭക്ഷണങ്ങളും ഫാസ്റ്റ് ഫുഡുകളും രക്തധമനികളെ സാരമായി പരിക്കേൽപ്പിക്കും. ഇത്തരം ആധുനിക ഭക്ഷണരീതികൾ കൊളസ്‌ട്രോൾ, അമിതവണ്ണം, ഹൃദ്രോഗം, മസ്തിഷ്‌കാഘാതം മുതലായവക്ക് കാരണമാവുകയും നമ്മെ അപകടപ്പെടുത്തുകയും ചെയ്യും. രക്തക്കുഴലുകളിൽ കൊഴുപ്പടിഞ്ഞു കൂടുമ്പോഴാണ് രക്തസഞ്ചാരം സാധിക്കാതെ ഇത്തരം രോഗങ്ങളുണ്ടാകുന്നത്. മുഴുവൻ അവയവങ്ങളെയും സജീവമാക്കി നിലനിർത്താനാവശ്യമായ ഓക്‌സിജൻ, പോഷകങ്ങൾ തുടങ്ങിയവ എത്തിച്ചുനൽകുന്ന ദൗത്യമാണ് രക്തക്കുഴലുകൾ നിർവഹിക്കുന്നത്. അമിതമായ കൊഴുപ്പ് അടിഞ്ഞുകൂടുന്ന രക്തക്കുഴലുകളിൽ രക്തസഞ്ചാരമില്ലാതാവുകയും രക്തം കട്ട പിടിക്കുകയും ചെയ്യുന്നു. ഇതു ചിലപ്പോൾ ഞരമ്പുകൾ പൊട്ടാനും രക്തസ്രാവത്തിനും അതുവഴി മരണത്തിന് പോലും കാരണമായേക്കാം. രക്തസഞ്ചാരത്തിന്റെ കാര്യക്ഷമതക്ക് ഭക്ഷണ നിയന്ത്രണവും പോഷകാഹാര രീതിയും പ്രധാനമാണ്.

ആഹാരം, ആത്മീയത

മനുഷ്യൻ സുഖങ്ങളെയും കാമമോഹ ചാപല്യങ്ങളെയും പിന്തുടരുന്നവനാണ്. ദേഹേച്ഛയുടെ അതിപ്രസരണം അവന്റെ ആത്യന്തിക ലക്ഷ്യത്തെക്കുറിച്ചുള്ള ബോധം മറച്ചുകളയുന്നു. മറ്റൊരു ലോകത്തെ സംബന്ധിച്ച് ഓർക്കാൻ ശ്രമിക്കാതെ ആഗതമായ ലോകത്തെ സുഖാസ്വാദനങ്ങളിലാണ് അവനു താൽപര്യം. അതിനെ അതിജീവിച്ചുകൊണ്ട് ഇലാഹിലേക്കുള്ള സമർപ്പണമാണ് മുസ്‌ലിമായി ജീവിക്കുമ്പോൾ ഇഹലോകത്തനിവാര്യം. ഈ ആത്മീയ ഉൽകൃഷ്ടത പുൽകണമെങ്കിൽ ഭക്ഷണനിയന്ത്രണവും ക്രമീകരണവും അനുപേക്ഷണീയം.
പ്രശസ്ത അമേരിക്കൻ സൈക്കോളജിസ്റ്റ് അബ്രഹാം മാസ്ലോയുടെ വലശൃമൃരവ്യ വേലീൃ്യ പ്രകാരം മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ പെട്ടതാണ് ഭോഗവും ഭോജനവും. ഇവ രണ്ടുമാണ് അവന്റെ മഹത്ത്വമത്രയും ഉയർത്തുന്നതും താഴ്ത്തുന്നതും. അമിതമായ ഭക്ഷണശീലവും ലൈംഗികാഭിനിവേശവും എക്കാലത്തും നിരവധി പ്രശ്‌നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. മതപരമായ പരിപ്രേക്ഷ്യത്തിൽ വിലയിരുത്തുമ്പോൾ ഇവ രണ്ടും നിയന്ത്രിക്കുന്നതിലൂടെയാണ് ആത്മീയമായ ഉന്നതി പ്രാപിക്കാൻ വിശ്വാസിക്ക് സാധിക്കുക. പൂർണമായും വികാരങ്ങളെ തിരസ്‌കരിക്കാൻ കൽപ്പിക്കാതെ നിയത മാർഗങ്ങളിലൂടെ പ്രയോഗിക്കുന്ന സന്തുലിത ശൈലിയാണ് ഇസ്‌ലാം അനുശാസിക്കുന്നത്.
വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുന്ന ശീലക്കാരായിരുന്നതുകൊണ്ട് അൻസ്വാറുകൾക്ക് രോഗബാധ താരതമ്യേന കുറവായിരുന്നു. അതുകൊണ്ട് നമ്മളും ഭക്ഷണ വർധനവിന്റെ ദൂഷ്യഫലങ്ങളും ലളിതാഹാര ശീലത്തിന്റെ ഗുണങ്ങളും മനസ്സിലാക്കേണ്ടതുണ്ട്.
ഇസ്‌ലാമിൽ അനുവദനീയമായ ഭക്ഷണം കഴിക്കലും അതിനുവേണ്ടി അധ്വാനിക്കലും നിഷിദ്ധമായ ആഹാരങ്ങൾ ത്യജിക്കലും സൽകർമമാണ്. ആവശ്യമായ തോതിൽ നല്ല ഭക്ഷണം കഴിക്കുന്നതിലൂടെ ആരാധനക്കാണവൻ ഊർജം സംഭരിക്കുന്നത്. ‘ജനങ്ങൾ ശരീരമാകുന്ന ജഡത്തെയാണ് തീറ്റി കൊഴുപ്പിക്കുന്നത്. ആത്മാവിനെ വിമലീകരിക്കാൻ തയ്യാറാകുന്നില്ല. അതിന്റെ ഭക്ഷണമായ ദിക്‌റുകൾ അവർ മറന്നുപോവുകയും ചെയ്യുന്നു’ എന്ന മൗലാനാ ജലാലുദ്ദീൻ റൂമിയുടെ വാക്കുകൾ ശ്രദ്ധേയം.
അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കിയ ഔലിയാക്കളെ സംബന്ധിച്ചിടത്തോളം ഭക്ഷണവും മറ്റു സൗകര്യങ്ങളും നിലനിൽപ്പിനുള്ള ഉപാധികൾ മാത്രമാണ്. മരണം വരെ ഇലാഹീ പ്രീതിയിൽ ആരാധനയിലായി ജീവിക്കാനുള്ള ഉപകരണങ്ങളാണവ. അതിൽപരം ആസ്വദിക്കാനോ അഭിരമിക്കാനോ അവർക്കതിൽ ഒന്നുമില്ല. ഭക്ഷണവും അപ്രകാരം ജീവിക്കാനാവശ്യമായതിൽ കവിഞ്ഞ് ഒരൽപം പോലും ആർഭാട വസ്തുവാകുന്നില്ല. അല്ലാഹു ഖുർആനിൽ പറയുന്നത് കാണുക: ‘നിങ്ങൾ നല്ലത് ഭക്ഷിക്കുകയും സൽകർമങ്ങൾ കൊണ്ട് ധന്യരാവുകയും ചെയ്യുക’ (അൽമുഅ്മിനൂൻ 51). അനുവദനീയമായ ഭക്ഷണം കഴിക്കലും അതിനുവേണ്ടി ത്യാഗം ചെയ്യലും നിഷിദ്ധമായ ഭക്ഷണം വർജിക്കലും സൽകർമമാണ്. ഇതനുസരിച്ച് ആയത്തിലെ രണ്ട് കൽപ്പനകളെ കുറിച്ചും സൽകർമമെന്നു പറയാം.
ഹറാമായ ഭക്ഷണം കഴിക്കുന്നവരുടെ സൽകർമങ്ങളും അവരുടെ പ്രാർത്ഥനയും സ്വീകരിക്കപ്പെടുന്നതല്ലെന്നു സൂചിപ്പിക്കുന്ന നിരവധി ഹദീസുകളുണ്ട്. അൽമുസ്‌നദുദ്ദൈലമിയിൽ ഉദ്ധരിക്കുന്നു: ‘ഒരാൾ ഹറാമായ ഒരു ഉരുള കഴിച്ചാൽ 40 ദിവസത്തെ അവന്റെ നിസ്‌കാരങ്ങൾ പ്രതിഫലാർഹമാവുകയോ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുകയോ ഇല്ല. ഹറാമിൽ നിന്ന് മുളച്ച ആ ശരീരത്തിന് നരകമാണ് ഏറ്റവും ബന്ധപ്പെട്ടത്.’ ചിലരുടെ പ്രാർത്ഥനയെ പറ്റി സ്വഹീഹ് മുസ്‌ലിമിൽ പറയുന്നതിങ്ങനെ: ‘ഭക്ഷണവും പാനീയവും വസ്ത്രവും ഹറാമായ അവന്റെ പ്രാർത്ഥനക്ക് എങ്ങനെ ഉത്തരം ലഭിക്കും?’
മുഅ്ജമുൽ വസീത്വിൽ ത്വബ്‌റാനി(റ) ഉദ്ധരിക്കുന്നു: ഹലാലായ ഭക്ഷണ സമ്പാദനം ലക്ഷ്യമാക്കി യാത്ര തുടങ്ങി അല്ലാഹുവിനെ വിളിക്കുമ്പോൾ ഉപരിതലത്തിൽ നിന്ന് ഇങ്ങനെ പ്രതികരണം വരും: നിന്റെ വിളിയാളം കേട്ടിരിക്കുന്നു. നിനക്ക് സംതൃപ്തിയുണ്ടാവട്ടെ. കൂടുതൽ ഹലാലിനുള്ള അവസരം ലഭിക്കട്ടെ. യാത്ര സുമംഗളവും ലക്ഷ്യം സാക്ഷാൽകൃതവുമാകട്ടെ. തെറ്റായ ഭക്ഷണത്തിനുള്ള യാത്രയാണെങ്കിൽ പ്രതി കൂലമായ പ്രതികരണവും ശാപ പ്രാർത്ഥനയുമാണുണ്ടാവുക.
തഫ്‌സീറുൽ കബീർ പറയുന്നു: ‘നല്ല ഭക്ഷണത്തിനൊപ്പം സൽപ്രവർത്തനം നിർദേശിക്കുന്ന ആയത്ത്, അനുവദനീയ ഭക്ഷണത്തിനു ശേഷമായിരിക്കണം സൽപ്രവർത്തനമെന്ന് താൽപര്യപ്പെടുന്നു.’
ഭക്ഷണ ക്രമീകരണം ആരാധനാ പ്രാപ്തിക്കു പുറമെ നിരവധി ആത്മീയ അനുഭൂതികൾ സമ്മാനിക്കുന്നവയുമാണ്. അല്ലാഹുവിന്റെ പ്രീതിവലയത്തിലേക്കും സ്വർഗീയാരാമത്തിലേക്കും എത്തിച്ചേരാനുള്ള മാർഗമാണത്. പ്രാർത്ഥനക്കുത്തരം ലഭിക്കാനും ആയുസ്സിലും സമ്പത്തിലും ബറകതുണ്ടാകാനും കാരണമാകും. ഇഹലോക മോക്ഷവും പരലോക രക്ഷയും അതു പ്രദാനിക്കും. വാക്കിലും പ്രവർത്തിയിലുമുള്ള മാധുര്യം, തൊഴിലുകളിൽ നിന്നും ലഭിക്കുന്ന ന്യായവേതനത്തിന്റെ തണലിൽ വളരുന്ന തന്റെ മക്കളിലെ ബറകത്ത്, കൈതൊഴിലുകൾ ഒരാൾക്ക് കൽപ്പിക്കുന്ന മഹത്ത്വവും മാന്യതയും തുടങ്ങി ആത്മീയതയുടെ ഒട്ടനവധി വശങ്ങൾ സാധ്യമാകും. ഹൃദയ പ്രകാശം, ലോലത, ഇലാഹീ ഭയം, ആരാധനോന്മേഷം, ഭൗതിക വിരക്തിയും പാരത്രിക താൽപര്യവും, പ്രാർത്ഥനാ ഫലം തുടങ്ങിയവ നല്ല ഭക്ഷണം നൽകുന്ന ഗുണങ്ങളാണ്.
ബാഅലവി ത്വരീഖത്തിന്റെ അടിസ്ഥാനം വിശദീകരിക്കുന്ന അൽമൻഹജു സവിയ്യിൽ ഹബീബ് സൈനുബ്‌നു ഇബ്‌റാഹീം ഹലാലായ ഭക്ഷണത്തിന്റെ ഗുണങ്ങൾ എണ്ണുന്നതിങ്ങനെ:
1. ആരാധനാ സൗകര്യം.
മഹാന്മാർ പറഞ്ഞിട്ടുണ്ട്: ഒരാൾ ഹലാൽ ഭക്ഷിച്ചാൽ അവയവങ്ങൾ അവന്റെ താൽപര്യത്തിന് നിന്നുകൊടുക്കും. ഇമാം അബ്ദുല്ലാഹിബ്‌നു ഹസൻ പറയുന്നു: ഹലാലായത് ഭക്ഷിക്കൽ ഏറ്റവും പ്രധാനമായ അടിസ്ഥാന കാര്യമാണ്. ആരാധന വിശുദ്ധമാകുന്നതും അതിന്റെ ഗുണം പ്രത്യക്ഷപ്പെടുന്നതും ഹലാലായ ഭക്ഷണം കഴിക്കുമ്പോൾ മാത്രമത്രെ. ആരാധനയുടെ അടിസ്ഥാനമാണത്. അടിസ്ഥാനം നന്നായാലേ ബാക്കിയുള്ളവയും നേരെയാവൂ.
2. പ്രാർത്ഥനയുടെ സ്വീകാര്യത.
സഅദ്(റ) വലിയ പ്രാർത്ഥനാ ഫലമുള്ളയാളായിരുന്നു. അതിന് കാരണമായി പറയുന്നത്, ദുആ ഫലവത്താകാൻ എന്തു ചെയ്യണമെന്ന് ചോദിച്ചപ്പോൾ ഭക്ഷണം ഹലാലാക്കിയാൽ മതിയെന്ന തിരുനബി(സ്വ)യുടെ മറുപടി ജീവിതത്തിൽ പ്രാവർത്തികമാക്കിയതാണത്രെ.
3. സന്താന നന്മ.
ഗുൻയയിൽ ശൈഖ് ജീലാനി(റ) പറഞ്ഞു: ഒരു സ്ത്രീയിൽ ഗർഭലക്ഷണം പ്രത്യക്ഷമായാൽ ഹറാമും ഹലാലെന്ന് ഉറപ്പില്ലാത്ത ഭക്ഷണങ്ങളും ഒഴിവാക്കണം. പിശാചിന് ഒരിടവും നൽകാത്ത വിധത്തിൽ കുട്ടി വളരണം.
4. തത്ത്വജ്ഞാനവും ഹൃദയ പ്രകാശനവും.
ഒരാൾ നാൽപത് ദിവസം ഹലാൽ മാത്രം ഭക്ഷിച്ചാൽ അവന്റെ ഹൃദയം പ്രകാശിതമാകും. ഹൃദയത്തിൽ നിന്നും നാവിലേക്ക് തത്ത്വജ്ഞാനമൊഴുകും. പ്രപഞ്ച പരിത്യാഗ സ്വഭാവമുള്ളവനായി അവൻ മാറും. സിദ്ദീഖുകളുടെ പദവി ആഗ്രഹിക്കുന്നവർ ഹലാൽ മാത്രം ഭക്ഷിക്കട്ടെ. അബ്ദുല്ലാഹിബിന് ഹദ്ദാദ് പറയുന്നു: ഹൃദയ നന്മ മൂന്നു കാര്യങ്ങളെ ആശ്രയിച്ചാണ്. ഒന്ന്, ഹലാലായ കുറഞ്ഞ ഭക്ഷണം. രണ്ട്, ഭൗതിക തൽപരരിൽ നിന്ന് അകലുക. മൂന്ന്, മരണ ചിന്തയുണ്ടാവുക. ഇതിൽ ഒന്നാമത്തേതുകൊണ്ട് ഹൃദയം പ്രകാശിക്കുകയും രണ്ടാമത്തേത് മൂലം രക്ഷപ്രാപിക്കുകയും മൂന്നാമത്തേത് കാരണമായി അവന്റെ കാര്യങ്ങളൊക്കെ കൃത്യമാവുകയും ചെയ്യും.

5. രോഗ ചികിത്സ.

യൂനുസുബ്‌നു ഉബൈദില്ലാഹ് പറയുന്നു: ഹലാലായ പണമുപയോഗിച്ച് പാകം ചെയ്ത ഭക്ഷണം വൈദ്യന്മാർ കൈയൊഴിഞ്ഞ രോഗികൾക്ക് കൊടുത്ത് ശമനം പ്രാപിച്ച അനുഭവങ്ങൾ ഞങ്ങൾക്കുണ്ട്. ഒരു നാട്ടുകാർ ത്വയ്യിബാത്ത് ഭക്ഷണശീലമാക്കിയപ്പോൾ കൂടുതൽ ആലിമുകളെ നൽകി അല്ലാഹു അവരെ അനുഗ്രഹിച്ചുവത്രെ. ജീവിതത്തിന്റ സകലമാന സംതൃപ്തിയിലും ഹലാൽ ഫുഡിന്റെ സ്വാധീനം കാണാമെന്നു ചുരുക്കം.

 

ആസഫ് നൂറാനി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ