ഹൃദയത്തിനൊരു വെളിച്ചമുണ്ട്. അതൊരു തുറവിയാണ്. കണ്ണുകൾക്ക് വഴങ്ങാത്തതൊക്കെയും ഹൃദയ വെളിച്ചത്തിൽ ദർശിക്കാനാവും. എന്നാൽ ഈ വെളിച്ചം ചില മൂടികളാൽ അടച്ചിടപ്പെട്ടിരിക്കുന്നു. അവ എടുത്തു മാറ്റാതെ ഹൃദയ വെളിച്ചം പുറത്തേക്ക് വരില്ല. ആദം സന്തതികളുടെ ഹൃദയത്തിനുമേൽ പിശാച് കൂടുകൂട്ടിയില്ലായിരുന്നുവെങ്കിൽ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിലേക്ക് നോക്കാൻ അവർക്കാകുമായിരുന്നു എന്ന് തിരുനബി(സ്വ) പറഞ്ഞിട്ടുണ്ട്.
വാസ്തവത്തിൽ നമ്മുടെ ജീവിതദൗത്യം ഹൃദയത്തിനുമേൽ വന്നടയുന്ന മറകളും മൂടികളും ഒഴിവാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ്. ആ ദൗത്യം ഏറ്റെടുത്ത് ജീവിക്കുന്നവരാണ് ആത്മജ്ഞാനികൾ.
രണ്ടുതരം പ്രവർത്തനങ്ങളാണ് ഈ സരണിയിൽ പ്രവർത്തിക്കുന്നവർക്ക് ചെയ്യാനുള്ളത്. മുഹ്‌ലിഖാത്ത് (വിനാശകാരികളെ തടയുക), മുൻജിയാത്ത് (രക്ഷാകവചങ്ങളെ എടുത്തണിയുക). മനസ്സിനെ ദുഷിപ്പിക്കുന്ന അഹന്ത, അസൂയ, അപരവിദ്വേഷം, അടങ്ങാത്ത പൂതികൾ… ഇവകളൊക്കെ വിനാശകാരികളാണ്. കീടങ്ങളെ പോലെ നന്മകളെ അവ കാർന്നുതിന്നും. ക്യാൻസർ ബാധിച്ചാൽ ശരീരത്തിന്റെ സർവ കോശങ്ങളും ഒന്നൊന്നായി നശിക്കും. ഇപ്രകാരം ആത്മാവിന്റെ ഗുണങ്ങൾ ഈ കീടങ്ങളാൽ നശിച്ചുകൊണ്ടിരിക്കും. ആത്മജ്ഞാനത്തിന്റെ വെളിച്ചം അതോടെ കെട്ടുപോകും. വെളിച്ചം തീരെ കിനിഞ്ഞിറങ്ങാത്ത അവസ്ഥയിൽ മനസ്സ് ഇരുട്ടിൽ ആണ്ടുപോകും. മരിച്ചതിന് തുല്യമായ ജീവിതമാണ് ഇത്തരക്കാർ അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നാണ് ആത്മജ്ഞാനികളുടെ നിരീക്ഷണം.

ഉടലുകളുടെ പ്രവർത്തനം മാത്രമാണ് അവിടെ നടക്കുന്നത്. ആത്മാവിന്റെ വെളിച്ചം കെട്ടുപോയിടത്ത് ജന്തുക്കളുടേതിന് സമാനമായ ജീവിതമാണ് പ്രകടമാവുക. പ്രത്യക്ഷത്തിൽ മനുഷ്യ ഉടലുകളും അവന്റെ ജീവിതരീതികളും പ്രാപിക്കുമ്പോഴും ജന്തുജീവിതമോ അതിനേക്കാൾ അധഃപതിച്ച ജീവിതമാണ് ഇത്തരക്കാരിൽനിന്ന് ഉണ്ടാവുക.
‘അവർക്ക് കണ്ണുകളുണ്ട്, പക്ഷേ അവർക്ക് കാണാനാവുന്നില്ല. കാതുകളുണ്ട്, പക്ഷേ കേൾക്കാനാവുന്നില്ല. ഹൃദയമുണ്ട്, അതുകൊണ്ട് ഗ്രഹിക്കാനാവുന്നില്ല. അവർ നാൽക്കാലികളെ പോലെയാണ്. തന്നെയുമല്ല, അതിനേക്കാൾ അധഃപതിച്ചവരാണ്’ എന്ന് ഇത്തരക്കാരെ കുറിച്ചാണ് ഖുർആൻ ഓർമിപ്പിച്ചത്.
നോക്കൂ, ജന്തുക്കളിൽ ക്രോധവും ആഗ്രഹങ്ങളുമുണ്ട്. അക്രമവാസനയും പകയുമുണ്ട്. എന്നാൽ ഹൃദയത്തിന്റെ വെളിച്ചം നഷ്ടപ്പെട്ടവർ ഇത്തരം ദുർഗുണങ്ങളുടെ കാര്യത്തിൽ ജന്തുക്കളെയും പിന്നിലാക്കും. ഭുജിക്കണം, ഭോഗിക്കണം എന്ന ആഗ്രഹങ്ങൾ മാത്രം ഇത്തരക്കാരിൽ ശേഷിക്കും. ആരുംതന്നെ തിരുത്താൻ പാടില്ല, തന്നെക്കാൾ ആർക്കും അറിവും അനുഭവങ്ങളുമില്ല എന്നിങ്ങനെയുള്ള അധമ വിചാരങ്ങളുമാവും അവരെ നയിക്കുന്നത്. വിനാശകാരികളായ അണുക്കളെ പിഴുതെറിയുകയാണ് ആത്മസരണിയിലെ പ്രധാന ഘട്ടമെങ്കിൽ ആരാധനകളാൽ അകത്തേക്ക് വെളിച്ചം കടത്തലാണ് രണ്ടാംഘട്ടം. അലസത നമ്മുടെ അകംവെളിച്ചത്തിന് ശക്തമായ വിധത്തിൽ മങ്ങലേൽപ്പിക്കും.

 

ഹാദി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഖാദിരിയ്യ ത്വരീഖത്തിന്റെ വഴിയും രീതിയും

ഇസ്‌ലാമിക ശരീഅത്തിനെ സൂക്ഷ്മതയോടെ സമീപിക്കുകയും നിർവഹണം നടത്തുകയും ചെയ്യുന്ന സരണിയാണ് ത്വരീഖത്ത്. ശരീഅത്തിന്റെ സസൂക്ഷ്മ പരിപൂർത്തി…

● അബ്ദുറഹ്‌മാൻ ദാരിമി സീഫോർത്ത്

ഫോർട്ട് കൊച്ചിയിലെ ചരിത്ര വിസ്മയങ്ങൾ

സംരക്ഷിത പൈതൃക മേഖലയും വിനോദസഞ്ചാര കേന്ദ്രവുമാണ് ഫോർട്ട് കൊച്ചി. ചരിത്രം മിഴി തുറന്നിരിക്കുന്ന പ്രദേശം. കൊച്ചി…

● അലി സഖാഫി പുൽപറ്റ

അമാനത്തും വിശ്വാസികളും

തിരുനബി(സ്വ) പറഞ്ഞു: വിശ്വസ്തത ഇല്ലാത്തവന് ഈമാൻ (സത്യവിശ്വാസം) ഇല്ല. കരാറിൽ കണിശതയില്ലാത്തവന് മതമില്ല (അഹ് മദ്).…

● അലവിക്കുട്ടി ഫൈസി എടക്കര