ആത്മീയതയുടെ ഉന്നത പറുദീസയിലേക്ക് പറക്കാനുള്ള ചിറകുകളാണ് ഭയവും പ്രതീക്ഷയും, അഥവാ ഖൗഫും റജാഉം. തിന്മകളിൽ നിന്നെല്ലാം അകന്ന് തഖ്‌വയോടെ ജീവിക്കാൻ ഊർജമാവുന്ന ആത്മീയബോധമാണ് ഖൗഫ്. അല്ലാഹുവിനെ ഭയപ്പെടുകയും അവന്റെ കോപത്തെയും ശിക്ഷകളെയും പേടിക്കുകയും ചെയ്യുമ്പോൾ വിശ്വാസികളുടെ ജീവിതത്തിൽ മാറ്റങ്ങളുണ്ടാകും. പിശാചിന്റെയും ദേഹേച്ഛയുടെയും കെണിവലകളിൽ നിന്നും കുതറിമാറാൻ കഴിയും. പക്ഷേ, യഥാർഥ ജ്ഞാനികൾക്കു മാത്രമേ അതിനു കഴിയൂ. അല്ലാഹുവിനെ ഭക്തിപൂർവം ഭയക്കുന്നവർ യഥാർഥ പണ്ഡിതർ മാത്രമാണെന്ന് ഖുർആൻ പറയുന്നുണ്ട്.
നാഥനെ ഭയന്ന് ജീവിക്കുന്നവർക്ക് സ്വർഗം ഉറപ്പാണെന്ന് ഖുർആൻ സൂചിപ്പിക്കുന്നു. അവനെ ഭയന്ന് ഒരിറ്റ് കണ്ണുനീർ പൊഴിക്കുന്നവർക്ക് നരകമോചനമുണ്ടെന്ന് അറിയിക്കുന്ന നിരവധി നബിവചനങ്ങൾ കാണാം. നിങ്ങൾ വിശ്വാസികളാണെങ്കിൽ എന്നെ ഭയപ്പെടണമെന്ന് അല്ലാഹു കൽപിച്ചിട്ടുണ്ട്. വിശ്വാസം, അറിവ്, ആത്മജ്ഞാനം എന്നിവക്കനുസരിച്ച് ഭയഭക്തിയിൽ വ്യത്യാസങ്ങളുണ്ടാവുമെന്ന് സ്വൂഫീ പണ്ഡിതർ പറഞ്ഞിട്ടുണ്ട്.
നേർവഴിയിൽ നിന്നും തെറിച്ചുപോയവരെ ആത്മീയപാതയിലേക്കടുപ്പിക്കാനുള്ള എളുപ്പ വഴിയാണ് ഭയം. അത് ഹൃദയത്തിന്റെ വെളിച്ചമാണ്. നന്മയും തിന്മയും വേർതിരിച്ചറിയാൻ അത് നമ്മെ പ്രാപ്തരാക്കും.
പിശാചിനേക്കാൾ കടുത്ത ശത്രു നമ്മുടെ ദേഹമാണ്. അതുകൊണ്ട് തന്നെ നാം ഏറ്റവും ഭയക്കേണ്ടതും ദേഹവികാരങ്ങളെയാണ്. ‘മനുഷ്യർ ദാരിദ്ര്യത്തെ പേടിക്കുന്നതുപോലെ അല്ലാഹുവിനെ ഭയന്നിരുന്നെങ്കിൽ സ്വർഗം നേടാനാവുമെന്ന് യഹ്‌യ റാസി(റ).
രോഗം, അപകടം, പട്ടിണി തുടങ്ങി ഭൗതിക ജീവിതത്തിൽ നമ്മെ ഭയപ്പെടുത്തുന്ന കാര്യങ്ങളേക്കാൾ പരലോകത്ത് ഉറപ്പായും നാം അഭിമുഖീകരിക്കേണ്ട വിചാരണ, നരകം, മഹ്ശർ എന്നിവ നമ്മെ ഭീതിപ്പെടുത്തണം. എങ്കിൽ മാത്രമേ നമ്മുടെ ഹൃദയം പ്രകാശിക്കുകയുള്ളൂ.
അല്ലാഹുവിനെ ഭയക്കുകയും അവന്റെ വിശാലമായ കാരുണ്യത്തിൽ പ്രതീക്ഷയർപ്പിക്കുകയും ചെയ്യൽ വിശ്വാസിയുടെ ബാധ്യതയാണ്. ഭയമാണ് മികച്ചു നിൽക്കേണ്ടതെന്ന് ഇമാം ഗസ്സാലി(റ) രേഖപ്പെടുത്തി. മരണത്തിന്റെ ഭയാനക നിമിഷങ്ങളിൽ അല്ലാഹുവിലുള്ള പ്രതീക്ഷയാണ് കൂടുതൽ വേണ്ടത്. ഇതാണ് സ്വൂഫികളുടെ വിശേഷണം. ഖൗഫിനെയും റജാഇനെയും ഈ രൂപത്തിലാണ് ജീവിതത്തിൽ പകർത്തേണ്ടത്.
അന്ത്യനിമിഷങ്ങളിൽ ഈമാൻ നഷ്ടപ്പെടുന്ന ഭയാനകമായ ദുരവസ്ഥയെയാണ് ഏറ്റവും ഭയക്കേണ്ടത്. അവസാനം ദുഷിക്കുമെന്നും ആഖിബത്ത് മോശമാവുമെന്നും പേടിയില്ലാത്തവരുടെ കാര്യം അപകടത്തിലാണ്. അവരുടെ ഈമാൻ തെറിച്ചുപോവാൻ സാധ്യത കൂടുതലാണെന്ന് ഇമാം അബൂഹനീഫ(റ) ഉണർത്തിയിട്ടുണ്ട്.
ദുഷിച്ച സൗഹൃദങ്ങൾ, വൻകുറ്റങ്ങളെ നിസ്സാരവൽക്കരിക്കൽ, മതചിഹ്നങ്ങളെ നിന്ദിക്കൽ, ഹൃദയരോഗങ്ങൾ, ബിദഈ ചിന്തകൾ തുടങ്ങിയവ മരണസമയത്ത് ഈമാൻ നഷ്ടപ്പെടുത്താൻ സാധ്യതയുള്ള പാപങ്ങളാണെന്ന് ആത്മജ്ഞാനികൾ പറഞ്ഞിട്ടുണ്ട്.
അല്ലാഹുവിനെ സംബന്ധിച്ച വിശ്വാസങ്ങളിൽ വ്യതിയാനം സംഭവിക്കുന്നവരുടെ ഈമാൻ അപകടത്തിലാണ്. വാക്കുകളിലും കർമങ്ങളിലും ആലോചനകളിലും ഈ വിപത്ത് വ്യാപകമാണെന്നാണ് പണ്ഡിതരുടെ മുന്നറിയിപ്പ്.
സൃഷ്ടികളുടെ രിസ്ഖ് (ഭൗതിക ലോകത്ത് നാം ഉപയോഗപ്പെടുത്തുന്ന വിഭവങ്ങൾ) അല്ലാഹു പ്രദാനിക്കുമെന്ന് ഉറപ്പു നൽകിയിട്ടുണ്ടല്ലോ. അതിൽ സന്ദേഹിക്കുന്നവർക്ക് ഈമാൻ നഷ്ടപ്പെടുമെന്ന് അബൂയസീദിൽ ബസ്താമി(റ) ഓർമിപ്പിച്ചതു കാണാം.
ചെറിയൊരു അശ്രദ്ധകൊണ്ട് പോലും ആത്മീയതയുടെ വെളിച്ചവും ഹൃദയത്തിന്റെ തെളിച്ചവും നഷ്ടപ്പെടുമെന്ന് ഭയന്നവരായിരുന്നു സ്വൂഫികൾ. റബ്ബിന്റെ അപാരമായ അനുഗ്രഹങ്ങൾക്ക് നന്ദി ചെയ്യാനാവുന്നില്ലെന്ന ഉള്ളറിഞ്ഞ നിരാശയും ചെയ്ത പുണ്യകർമങ്ങൾ സ്വീകരിക്കപ്പെടില്ലേ എന്ന ഭയവും അവരിൽ നിറഞ്ഞുനിൽക്കും. ഈ ഭയവും ബോധവുമാണ് അവരുടെ ജീവിതത്തിന്റെ ഊർജം.
തിരുനബി(സ്വ)യുടെ താരതുല്യരായ അനുചരന്മാരുടെ ജീവിതം വായിക്കുമ്പോൾ തെളിഞ്ഞുവരുന്നത് ഈ ഭയവും ഭക്തിയുമാണ്. ശിക്ഷയെ സംബന്ധിച്ച പരിശുദ്ധ ഖുർആൻ വചനങ്ങൾ ഓതിത്തീർക്കാൻ പോലും അവർക്ക് സാധിച്ചില്ല. അല്ലാഹുവിന്റെ കോപവും ശിക്ഷയും ഓർത്ത് അവർ വിങ്ങിപ്പൊട്ടി. രാത്രി മുഴുവൻ ഒരേ നിൽപിൽ കരഞ്ഞു.
അടുപ്പിൽ തീയാളുന്നത് കണ്ട്, നരകത്തെയോർത്ത് ബോധം നഷ്ടപ്പെട്ടവർ, ആത്മീയോപദേശങ്ങൾ കേട്ട് മോഹാലസ്യപ്പെട്ടവർ, വെളുത്ത വസ്ത്രങ്ങൾ കാണുമ്പോൾ കഫൻ പുടവകളെക്കുറിച്ച് ചിന്തിച്ച് ആർത്തുകരഞ്ഞവർ, ഇരുണ്ട മേഘങ്ങൾ ഉരുണ്ട് കൂടുമ്പോൾ അല്ലാഹുവിന്റെ ശിക്ഷയോർത്ത് ഭയന്ന് നിലവിളിച്ചവർ… അവരാണ് യഥാർഥ സ്വൂഫികൾ. ഹൃദയത്തിൽ അറിവിന്റെ പ്രകാശം നിറഞ്ഞ ആത്മജ്ഞാനികൾ. അവരുടെ ജീവിതത്തിൽ നിന്നാണ് നാം ഖൗഫിന്റെ പാഠങ്ങൾ പഠിക്കേണ്ടത്.

 

അബ്ദുൽബാരി സിദ്ദീഖി കടുങ്ങപുരം

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ