സുലൈഖ ആ വിവരം അറിഞ്ഞു തളര്‍ന്നുപോയി.
കണ്ണില്‍ ഇരുട്ടു കയറിയപ്പോള്‍ വീഴാതിരിക്കാന്‍ ജനല്‍ക്കമ്പിയില്‍ മുറുകെപ്പിടിച്ചു. തന്റെ എല്ലാമെല്ലാമായ ഭര്‍ത്താവ് പുതിയ കല്യാണം കഴിച്ചിരിക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരം സൗദ എന്ന കൂട്ടുകാരിയാണ് വിളിച്ചുപറഞ്ഞത്.
കേട്ടത് സത്യമാണോ?
ആവാതിരിക്കട്ടെ… ആവാതിരിക്കട്ടെ…
അസ്വസ്ഥമായ മനസ്സില്‍ നൂറായിരം ചോദ്യങ്ങള്‍ ഉയരുകയാണ്.
പാലക്കാട് ജില്ലയിലെ കൊല്ലങ്കോടിനടുത്ത ഗ്രാമത്തിലാണ് സുലൈഖയുടെ വീട്. കരിമ്പനക്കുന്നില്, നീര്ചാലൊഴുകുന്ന തോടിനരികെ ഓടിട്ട ചെറിയൊരു വീട്.
ഇരുപത്തഞ്ചു കൊല്ലം മുമ്പ് ഈ വീട്ടില്‍ ഒരത്യാഹിതമുണ്ടായി. വീട്ടുമുറ്റത്തെ കരിമ്പനയില്‍ നിന്ന് ഓല വെട്ടിക്കൊണ്ടിരിക്കെ സുലൈഖയുടെ ഉപ്പ നിലത്തുവീണ് തല്‍ക്ഷണം മരണപ്പെട്ടു. സുലൈഖക്കന്ന് പത്തു വയസ്സാണ് പ്രായം. ചെറിയ കുടിലില്‍ സുലൈഖയും ഉമ്മയും തനിച്ചായി. അതില്‍പ്പിന്നെ മകള്‍ക്കു വേണ്ടിയായിരുന്നു ഉമ്മയുടെ ജീവിതം.
മാങ്ങാത്തോപ്പുകളില് പണിക്കുപോയി അവര്‍ മകള്‍ക്കായി കഠിനാധ്വാനം ചെയ്തു. വിവാഹാന്വേഷണങ്ങള്‍ ഏറെ വന്നെങ്കിലും ഉമ്മ വഴങ്ങിയില്ല. മകളുടെ ഭാവി മാത്രമായിരുന്നു അവര്‍ക്ക് വലുത്.
പ്രാര്‍ത്ഥന പോലെ, പ്ലസ്ടു കഴിഞ്ഞ സുലൈഖക്ക് സുമുഖനായ ഒരു ഭര്ത്താവിനെക്കിട്ടുന്നു. മണ്ണാര്‍ക്കാട്ടു നിന്നും വന്ന മുജീബ്. ഗള്‍ഫുകാരനാണ്. ഒരു യതീംകുട്ടിക്ക് ജീവിതം കൊടുക്കണമെന്നായിരുന്നു അവന്റെ ആഗ്രഹം. സുലൈഖക്കുള്ള പൊന്നും കല്യാണച്ചെലവും സ്വയം വഹിക്കാന്‍ മുന്നോട്ടുവന്ന ചെറുപ്പക്കാരന്.
സന്തോഷകരമായിരുന്നു ആദ്യ നാളുകള്‍. മുജീബ് പിന്നെയും ഗള്‍ഫില്‍ പോയി. വീണ്ടും വന്നു. പത്തുവര്‍ഷം കഴിഞ്ഞു. കുട്ടികള്‍ രണ്ടെണ്ണമായി. അവനിപ്പോള്‍ ഇരുനില മാളികയും മാസാമാസം നല്ല വരുമാനമുള്ള ഒരു റബ്ബര്‍ എസ്റ്റേറ്റും സ്വന്തമായുണ്ട്.
സുലൈഖക്ക് ഇതിനേക്കാള്‍ വലിയ ഭാഗ്യം മറ്റെന്ത്? ഈ സൗഭാഗ്യത്തിനിടയിലേക്കാണ് ഇടിത്തീ പോലെ ആ വാര്‍ത്ത പെയ്തിറങ്ങുന്നത്.
പിറ്റെ ദിവസം അവള് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി സ്വന്തം വീട്ടിലെത്തി. ഉമ്മയോട് സങ്കടങ്ങളെല്ലാം ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു. ഉമ്മയും തേങ്ങിക്കരയുമെന്നാണ് അവള് കരുതിയത്. പക്ഷേ, അവര്‍ പറഞ്ഞതിങ്ങനെയാണ്:
“നന്നായിപ്പോയി… ഇതു ഞാന്‍ എന്നോ പ്രതീക്ഷിച്ചതാണ്’
“ഉമ്മാ…’ അവള് അലമുറയിട്ടു.
“കരയ്, നന്നായിട്ട് കരയ്… കരഞ്ഞ് കരഞ്ഞ് നേരം വെളുപ്പിക്ക്’
തുടര്‍ന്ന്, ഉമ്മ പറഞ്ഞത് അവരൊക്കെ ചെറുപ്പത്തില്‍ അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ചാണ്. ദാരിദ്ര്യത്തിന്റെ നാളുകള്‍…
പക്ഷേ, നീ ചെറുപ്പത്തിലും വിവാഹശേഷവും കഷ്ടപ്പാട് അറിഞ്ഞിട്ടില്ല. അത്രയും സൗഭാഗ്യമാണ് നിനക്ക് കിട്ടിയത്. എന്നാല്‍ ഒരു ഭാര്യ എന്ന നിലക്ക് നീ വിജയിച്ചുവോ? ഭര്‍ത്താവിന്റെ ഇഷ്ടത്തിനൊത്തുയരാന് സാധിച്ചുവോ നിനക്ക്…?
അന്നു രാത്രി അവള് ചിന്തയുടെ ലോകത്തായിരുന്നു. ഉമ്മ പറഞ്ഞത് നൂറു ശതമാനം ശരിയാണ്. ലീവിനു വരുന്ന ഭര്‍ത്താവ് തിരിച്ചുപോകുമ്പോഴേക്കും പത്തു പ്രാവശ്യമെങ്കിലും പിണക്കം പതിവാണ്. വാക്കേറ്റത്തിനും കുറവുണ്ടാവാറില്ല. തിരിഞ്ഞുകിടന്ന രാത്രികളും ഏറെ. കാരണങ്ങള്‍ പലതായിരിക്കും.
വൃത്തിയുടെ കാര്യത്തില്‍ കണിശക്കാരനാണദ്ദേഹം. നേരത്തെ എഴുന്നേറ്റു വീടുമുഴുവന്‍ തുടച്ചു വൃത്തിയാക്കിത്തരും, ഒരു ഭര്‍ത്താവും ചെയ്യാത്തത്. എങ്കിലും അദ്ദേഹം പുറത്തുപോയി മടങ്ങിവരുമ്പോള്‍ അലങ്കോലമായ അവസ്ഥയാണുണ്ടാവുക. കട്ടിലിലും കസേരയിലുമൊക്കെ അലക്കാനുള്ള വസ്ത്രങ്ങള്‍, കുട്ടി മൂത്രമൊഴിച്ച് ഡൈനിംഗ് ഹാളില്‍ പരന്നുകിടക്കുന്നത്, അടുക്കളയില്‍ സാധനങ്ങള്‍ തലങ്ങും വിലങ്ങും…
ഒരതിഥി വന്നാലോ? അദ്ദേഹമുണ്ടെങ്കില്‍ ഓകെ. എല്ലാം മുന്‍കൈയെടുത്തു ചെയ്യും. വീട്ടിലെ വൃത്തികേടുകള്‍ അവര്‍ കാണാതെ ശ്രദ്ധിക്കും. അദ്ദേഹമില്ലാത്ത സമയമാണെങ്കില്‍ വന്നവര്‍ അസംതൃപ്തരായിരിക്കും. സുലൈഖയുടെ വീടുപോലെ എന്നൊരു ചൊല്ലുതന്നെ അയല്വാസികള്ക്കിടയിലുണ്ട്.
അത്രയും വലിയ വീട് അടുത്തൊന്നുമില്ല. പെയിന്റടിച്ചപ്പോള്‍ നല്ല ഭംഗിയുണ്ടായിരുന്നു. പക്ഷേ, അകത്തു കയറുമ്പോള്‍ ആളുകള്‍ അസ്വസ്ഥരാവുന്നു.
കഴിഞ്ഞ പ്രാവശ്യം ലീവിനു വന്നപ്പോള്‍, അവളെ തല്ലാന്‍ വേണ്ടി മുജീബ് കൈയോങ്ങിയതാണ്. ഒരു ദിവസം അവന് ടെറസില്‍ കയറിയപ്പോള്‍ കണ്ട കാഴ്ച…. കച്ചറകളെല്ലാം ഒരു മൂലയില്‍ കൂട്ടിയിട്ടിരിക്കുന്നു. ചുറ്റും മാലിന്യം. കൊതുകുകള്‍ പാറിക്കളിക്കുന്നു. ഒന്നിച്ചു വില്ക്കാന് വേണ്ടി സംഭരിച്ചതാണെന്ന മറുപടി കേട്ടപ്പോഴാണ് അവന് കൈയുയര്‍ത്തിയത്.
മനോവ്യഥകള്‍ അനുഭവിക്കുന്ന ഭര്‍ത്താവിന് സാന്ത്വനമാവാന്‍ ഉത്തമയായ ഭാര്യക്ക് കഴിയും, കഴിയണം. എത്രയൊക്കെ പ്രശ്നങ്ങളുണ്ടായാലും ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവളൊന്നു തലോടിയാല്‍ ഏതു പ്രഷറും നോര്‍മലാവും. മുജീബും അതു പ്രതീക്ഷിച്ചാണ് ചില ദിവസം കിടക്കുക. പകലില്‍ അവളുണ്ടാക്കിയ പ്രശ്നം ഒന്നു തീര്‍ന്നുകിട്ടിയെങ്കില്‍… വീര്‍പ്പുമുട്ടിയ മനസ്സിന് അല്പം സാന്ത്വനം വേണം. അവനാഗ്രഹിക്കുന്നത് അതാണ്.
പക്ഷേ, സംഭവിക്കുന്നതോ, ഞാനൊന്നുമറിഞ്ഞില്ല എന്ന മട്ടിലാണ് അവളുടെ കിടപ്പ്. എങ്ങനെയെങ്കിലും നിര്‍വീര്യമാക്കാന്‍ മുജീബ് ശ്രമിച്ചാലോ, അവള് സഹകരിക്കില്ല. വാശിയുടെ കാര്യത്തില്‍ തന്നെ തോല്പിക്കാന് ആരുണ്ട് എന്ന ഭാവമാണ് അവള്‍ക്ക്.
ഇതൊക്കെ മുജീബ് സഹിക്കുമായിരുന്നു. പക്ഷേ, തന്റെ മാതാപിതാക്കള്‍ വരുമ്പോഴെങ്കിലും ഇവള്‍ക്കൊരു ശ്രദ്ധവേണ്ടേ. ശ്വാസം മുട്ടലിന്റെ അസുഖമുള്ളയാളാണ് ഉപ്പ. പരിചരണം കൂടുതല്‍ വേണം. സുലൈഖ അതൊന്നും ഗൗനിക്കില്ല. അതൊന്നും എന്റെ വിഷയമല്ല എന്ന രീതിയിലാണ് അവളുടെ പെരുമാറ്റം. ജ്യേഷ്ഠഭാര്യമാരൊക്കെ, ഉപ്പക്കു ഇഷ്ടമുള്ള വിഭവങ്ങളൊരുക്കി വിശേഷങ്ങളന്വേഷിക്കുമ്പോള് സുലൈഖക്ക് ഒന്നിനും സമയമില്ല.
പുലര്‍ച്ചെ, സുബ്ഹി വാങ്കുയരുമ്പോള്‍ അവള് തന്നെ ഉത്തരം പൂരിപ്പിച്ചു കഴിഞ്ഞു; ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും.
രാവിലെ കൂട്ടുകാരിയുടെ ഫോണ്‍ വന്നപ്പോഴാണ് സുലൈഖ ഉണര്‍ന്നത്.
“പേടിച്ചുപോയോ? ഞാനൊരു പുളുവടിച്ചതാണ്. ഇന്നലെ ഏപ്രില്‍ ഫൂളായിരുന്നു, അല്ലാഹു എനിക്കു പൊറുത്തുതരട്ടെ…’
“എനിക്കും, നീ എന്റെ കണ്ണുകള്‍ തുറപ്പിച്ചല്ലോ സൗദാ… നന്ദി മോളേ, നന്ദി…’
ഇബ്റാഹിം ടിഎന്‍ പുരം
വനിതാ കോര്‍ണര്‍
നല്ല വീട്7