മുഹമ്മദ് മുസ്തഫ(സ്വ)യുടെ ജന്മദിനം വരുമ്പോള്‍ ഇസ്‌ലാമിക ആചാരാനുഷ്ഠാനങ്ങളുടെ തനിമയും പെരുമയും എക്കാലത്തും നെഞ്ചിലേറ്റുന്ന കൈരളിയുടെ മക്കയായ പൊന്നാനിയിലെ നാലരപതിറ്റാണ്ട് മുമ്പുള്ള എന്റെ ബാല്യകാല അനുഭവങ്ങളാണ് ആദ്യമായി സ്മരണയില്‍ തെളിഞ്ഞുവരുന്നത്. നിറഞ്ഞൊഴുകുന്ന പുഴയും കനാലും കടലും വൃക്ഷലതാദികളും പൂര്‍ണ അസ്തമയവും അക്കര പച്ചയിലെ വര്‍ണാഭമായ കാഴ്ചകളാല്‍ വശ്യ സുന്ദര മാസ്മരികത കളിയാടിയിരുന്ന ഭാരതപ്പുഴയുടെ തീരത്തുള്ള ഒരു സാധാരണ വീട്ടിലാണ് ഞാന്‍ പിറന്നത്. വേനലും മഴയും മഞ്ഞും നിലാവും പ്രഭാതവും പ്രദോഷവും കവിത എഴുതിയ ഈ പുഴയോരത്താണ് പഴമയുടെ പെരുമ പേറുന്ന മസ്ജിദുകളായ തോട്ടുങ്ങല്‍ ജുമുഅത്ത് പള്ളിയും തെരുവത്ത് പള്ളിയും. തെരുവത്ത് പള്ളിയില്‍ അരനൂറ്റാണ്ടിലധികം കാലം എന്റെ പിതാവ് മുല്ലശ്ശേരി കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ ഇമാമായിരുന്നതിനാല്‍ ഓര്‍മവെച്ച നാള്‍മുതല്‍ പഴയ കാല ഇസ്‌ലാമിക ആചാര സമ്പ്രദായങ്ങളിലൂടെയാണ് വളര്‍ന്നത്. 1976 ല്‍ 110ാം വയസ്സിലാണ് പിതാവിന്റെ വിയോഗം.
ലോക പ്രശസ്ത പണ്ഡിതനായ സയ്യിദ് അലവി മാലികിയുടെ ശിഷ്യത്വം സ്വീകരിച്ച് 30 വര്‍ഷത്തിലേറെ കാലം പരിശുദ്ധ മക്കത്ത് ഹറമില്‍ താമസിച്ച് പഠനം പൂര്‍ത്തിയാക്കിയ ചിശ്തി ഖാദിരി ത്വരീഖത്തുകളുടെ മുരീദും സൂഫിവര്യനും ആദരണീയനുമായ അല്‍ഹാജ് ബി. കെ. സൈനുദ്ദീന്‍ മുസ്ലിയാരായിരുന്നു തെരുവത്ത് പള്ളിയിലെ ഞങ്ങളുടെ ഉസ്താദ്. 2008ല്‍ 85ാം വയസ്സില്‍ ഇഹലോകവാസം വെടിഞ്ഞ അദ്ദേഹം തൃശൂര്‍ ജില്ലയിലെ വടക്കേകാട് ഞമനങ്ങാട് ജുമാ മസ്ജിദില്‍ അന്ത്യ വിശ്രമം കൊള്ളുന്നു.
പണ്ഡിത ശ്രേഷ്ഠരായ പാലത്തും വീട്ടില്‍ അബ്ദുല്ല കുട്ടി മുസ്ലിയാര്‍, പടിഞ്ഞാറകത്ത് മമ്മുട്ടി മുസ്ലിയാര്‍, രണ്ടാം മുദരിസ് കോയണ്ണി മുസ്ലിയാര്‍ തുടങ്ങിയവരുടെ പൊന്നാനി വലിയ പള്ളിയിലെ ദര്‍സുകളും മുക്രി മാമ്മുട്ടിക്ക ആര്‍ജവത്തോടെ നടപ്പാക്കുന്ന കര്‍ശന നിര്‍ദേശങ്ങളും കീഴ്വഴക്കങ്ങളും അനുകരണീയവും അവിസ്മരണീയവുമാണ്. കാല്‍മുട്ടിന് ഒരു ചാണ്‍ താഴെവരെ മൂട്ടിയ തുണി, ഇറക്കമുള്ള ഫുള്‍ക്കയ്യുള്ള ജുബ്ബ, വോയില്‍ ശീല കൊണ്ട് വാലുള്ള സ്വിഫത്തൊത്ത തലപ്പാവ് എല്ലാം തൂവെള്ളയും ആകര്‍ഷകവുമായിരുന്നു.
ചിട്ടയോടുള്ള പഠനവും തഖ്വയും അതിനൊത്ത പെരുമാറ്റവും വിനയവുമെല്ലാം സംഗമിച്ചവരായിരുന്നു അന്നത്തെ ആലിമീങ്ങളും (മത പണ്ഡിതന്മാര്‍) മുതഅല്ലിമീങ്ങളും (മത വിദ്യാര്‍ത്ഥികള്‍). തോട്ടുങ്ങല്‍ പള്ളിയില്‍ ദേശത്തിന്റെ ഗുരുസ്ഥാനി ഹാജി കെ. എം സൈതുട്ടി മുസ്ലിയാരുടെ നേതൃത്വത്തില്‍ നാല്‍പതും അറുപതും ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന വഅള്(മത പ്രസംഗം) പരമ്പര വര്‍ഷംതോറുമുണ്ടാവും.
വെളുപ്പിന് വാങ്കിന് മുമ്പ് തന്നെ എഴുന്നേല്‍ക്കണം. പല്ലുതേക്കാന്‍ മിസ്വാക്കോ അറാക്കോ വേണം. സുബ്ഹിക്ക് ശേഷം ഖുര്‍ആന്‍ ഓത്തും, രാത്രിയിലെ ഹദ്ദാദും, ജുമുഅ നാളിലെ അല്‍ കഹ്ഫും കര്‍ശനം. അര്‍ധരാത്രിക്ക് ശേഷം തഹജ്ജുദ് നിസ്കാരം ഐഛികം. വെള്ളരി പ്രാവുകളെപ്പോലെ പാറിപറക്കുന്ന മുതഅല്ലിമുകള്‍. സര്‍വരാലും ആദരിക്കപ്പെടുന്ന രൂപഭാവങ്ങള്‍. അല്‍പം നൊമ്പരവും അതിലുപരി ആഹ്ലാദവും പകര്‍ന്ന് തന്ന നന്മയുടെ ഇന്നലെകള്‍ ആത്മഹര്‍ഷത്തോടെയാണ് എതിരേറ്റത്. ബൈത് (കവിത) ശകലങ്ങള്‍ മൂളിപ്പാടി നടന്ന് മുതഅല്ലിമുകള്‍ പഠന തപസ്യയില്‍ മുഴുകിയ അനുഭൂതികള്‍ പൂത്തുലഞ്ഞ ആ നാളുകള്‍ അവിസ്മരണീയം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നഗരത്തിലെ ഒരു വിഭാഗം മുസ്‌ലിംകള്‍ പായക്കപ്പലുകള്‍, ഉരുക്കള്‍, പത്തേമാരികള്‍ തുടങ്ങിയവയില്‍ കയറ്റിയിറക്ക് വ്യവസായങ്ങളുടെ അധിപരും പാട്ടവും മിച്ചവാരവും ലഭിക്കുന്ന ഭൂസ്വത്തുക്കളുടെ ഉടമകളും ധനികരും ആയിരുന്നതിനാല്‍ അടുത്തടുത്ത് മസ്ജിദുകള്‍ നിര്‍മിച്ച് സംരക്ഷിക്കാനും അവിടങ്ങളിലെ മുസ്ലിയാന്മാര്‍ക്കും ദര്‍സുകളില്‍ ഓതിപഠിച്ചിരുന്ന മുതഅല്ലിമീങ്ങള്‍ക്കും മുസാഫിരീങ്ങള്‍ക്കും ഭക്ഷണം നല്‍കാനും സദാ സന്നദ്ധരായിരുന്നു. 19ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ നാനൂറോളം മറു നാടന്‍ വിദ്യാര്‍ത്ഥികള്‍ വലിയ പള്ളിയില്‍ പഠിച്ചിരുന്നതായി വില്യം ലോഗന്റെ 1887 ല്‍ പ്രസിദ്ധീകരിച്ച മലബാര്‍ മാന്വലില്‍ പറയുന്നു. രണ്ടു പഠിതാക്കളെ വീതം ഒരോ വീട്ടുകാരും പോറ്റി വളര്‍ത്തി. ഇതിന്റെ പിന്തുടര്‍ച്ചയെന്നോണം ആണ്ടോടാണ്ട് നീണ്ടുനില്‍ക്കുന്ന ഖത്തം ഓത്ത്, റമളാന്‍ സ്പ്യെല്‍ ഖത്തം, റബീഉല്‍ അവ്വല്‍ ഒന്നിനാരംഭിച്ച് 40 ഉം 60 ഉം ദിവസം വരെയുള്ള മൗലിദ്, മുഹ്യിദ്ദീന്‍ മൗലിദ്, ബദ്ര്‍ മൗലിദ്, നെല്ല് ആദ്യം കൊയ്യുന്ന ദിവസത്തില്‍ മൗലിദ്, ചില പ്രത്യേക ദിവസങ്ങളിലെ മൗലിദുകള്‍, ബദ്ര്‍ മാല, മുഹിയിദ്ദീന്‍ മാല, മരിച്ചാല്‍ 40 ദിവസത്തെ ഖത്തം(ഓത്ത്)പ്പുര, മൂന്ന്, അഞ്ച്, ഏഴ് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഓത്ത്, ആണ്ടുനേര്‍ച്ച, വര്‍ഷത്തിലൊരിക്കല്‍ ഏരിയ തിരിച്ചുള്ള പീടിക മൗലിദ് തുടങ്ങിയവയും നഗരത്തിലെ പല തറവാടുകളിലും പതിവായിരുന്നു. പള്ളി പരിപാലനത്തിനും ഈ ആചാരാനുഷ്ഠാനങ്ങള്‍ക്കും പൂര്‍വികര്‍ വിവിധ സ്വത്തുക്കള്‍ വഖഫ് ചെയ്തിട്ടുണ്ട്. പലതും കേരള വഖഫ് ബോര്‍ഡു രേഖകളില്‍ ഇപ്പോഴും കാണാം.
ചില വിടുകളില്‍ സുന്നത്ത് കല്യാണം (ചേലാകര്‍മം) മറ്റു കല്യാണങ്ങളെക്കാള്‍ കേമമായാണ് നടത്താറ്. ഇശാക്ക് ശേഷം പള്ളിയില്‍ നിന്ന് മുസ്ലിയാന്മാരും ബന്ധുമിത്രാദികളും എത്തിയാല്‍ പടാപ്പുറത്ത് ‘റാഖാ വ്യക്തി ഫീ റുത്ബതില്‍…’ എന്നാരംഭിക്കുന്ന ബൈത്തുകള്‍ ഉച്ചത്തില്‍ കൂട്ടമായി നിന്ന് ചൊല്ലുന്ന സമയത്ത് അകത്തളത്തില്‍ (കൊട്ടിലില്‍) ഒസാന്‍ തന്റെ കര്‍മം നിര്‍വഹിക്കും. പലരും ദുരിതങ്ങളുടെ തേരോട്ടത്തിലും തിരയടിയിലും പൊന്നാനിയന്‍ സംസ്കൃതിയും ആചാരനുഷ്ഠാനങ്ങളും പുണ്യ ദിനങ്ങളെയും മാസങ്ങളെയും ആദരിക്കലും സദാചാരവും പൂര്‍വീക ചിട്ടകളും കൈ വെടിഞ്ഞിട്ടില്ല.
പടിഞ്ഞാറന്‍ മാനത്ത് റബീഉല്‍ അവ്വല്‍ മാസപ്പിറവി തെളിഞ്ഞാല്‍ തുടര്‍ന്നുള്ള രാവുകളില്‍ റബീഅ് നിലാവിന്റെ ഇളം കുളിരില്‍ തുഷാര ബിന്ദുക്കള്‍ പൊഴിയുമ്പോള്‍ പള്ളികളും വീടുകളും പാണ്ടികശാലകളും പീടികകളും ചന്ദനത്തിരി, മണികുന്തിരിക്കം, ഉലുവാന്‍ തുടങ്ങിയ വാസന വസ്തുക്കളുടെ നറുമണത്തില്‍ മദ്ഹുറസൂലിനാല്‍ മുഖരിതമാകും.
സ്വലാത്തുന്‍ വ തസ്ലീമുന്‍
വഅസ്കാതഹിയ്യതീ
അലല്‍ മുസത്വഫല്‍ മുഖ്താരി
ഖൈരില്‍ ബരിയ്യതീ’
എന്നാരംഭിക്കുന്ന ഈരടികള്‍ ഇമ്പമാര്‍ന്ന ഇശലില്‍ എല്ലാവരും വട്ടമിട്ടിരുന്ന് നീട്ടി ചൊല്ലുമ്പോള്‍ പരിസരവും ഇടവഴികളും ഊട് വഴികളും ഭക്തിസാന്ദ്രമാകും. ഒരു മാസം നീണ്ടുനില്‍ക്കുന്ന മന്‍ഖൂസ്വ് മൗലിദും റബീഊല്‍ ആഖറില്‍ പത്ത് ദിവസം മുഹ്യിദ്ദീന്‍ മൗലിദും വ്യാപകമായിരുന്നു. ചില വീട്ടുകാര്‍ ബാക്കിയുള്ള ഇരുപത് ദിവസവും മന്‍ഖൂസ്വ് തന്നെ ഓതിക്കും. ബുര്‍ദ, ഹംസിയ്യ, ശറഫല്‍അനാം, ബര്‍സന്‍ഞ്ചീ, സൈനുദ്ദീന്‍ മഖ്ദൂം മൗലിദുകളില്‍ ഒന്ന് ഓതിയായിരിക്കും പരിസാമാപ്തി കുറിക്കുക. അന്നേ ദിവസം കൂട്ടുകുടുംബാദികള്‍ക്കും അയല്‍വാസികള്‍ക്കും ഭക്ഷണം (ഒജീനം) നല്‍കും.
നബി ദിനത്തോട് അനുബന്ധിച്ച് പള്ളികളില്‍ നബിദിന യോഗങ്ങള്‍ സംഘടിപ്പിക്കും. പൊന്നാനിയിലും പരിസരത്തും വിതരണം ചെയ്തിരുന്ന വലിയ പള്ളിയിലെ മൗലിദ് ചോറ് പ്രസിദ്ധമാണ്. ഒരു നേരത്തെ അന്നത്തിന് പോലും ക്ലേശിച്ചിരുന്ന അക്കാലത്ത് ആയിരക്കണക്കിന് കുടുംബങ്ങളത് ഭക്ഷിച്ച് സായൂജ്യമടയും.
ഖിള്ര്‍ മൗലിദ്, രിഫായി മൗലിദ്, സിദ്ദീഖ് മൗലിദ്, ബദ്ര്‍ മൗലിദ്, ഹംസത്ത് മൗലിദ്, ബീവി ഫാത്വിമ മൗലിദ്, ബീവി മറിയം മൗലിദ്, 313 മുര്‍സലീങ്ങളുടെ മൗലിദ്, റാബിഅതുല്‍ അദവിയ മൗലിദ്, നഫീസത്തുല്‍ മിസ്രിയ മൗലിദ്, ശാഫിഈ ഇമാം മൗലിദ്, മിഅ്റാജ് മൗലിദ്, ഉമറുല്‍ ഫാറൂഖ് മൗലിദ്, പത്ത് സ്വഹാബികളുടെ മൗലിദ്, സയ്യിദ് അഹമ്മദ് ബദവി മൗലിദ്, മുഹ്യിദ്ദീന്‍ മാല, നഫീസത്ത് മാല, മഖ്ദൂം മാല നേര്‍ച്ചപ്പാട്ട്, സലാമത്ത് മാല, ശാദുലി റാതീബ്, മുഹ്യിദ്ദീന്‍ റാതീബ്, ആയുധങ്ങളെടുത്ത് കുത്തും വെട്ടും ഉള്‍പ്പെടെ രിഫായി റാതീബ്, ബദവി റാതീബ് തുടങ്ങിയവ അവസരോചിതമായി പല വീട്ടുകാരും ചൊല്ലിക്കാറുണ്ടായിരുന്നു. സ്ത്രീകള്‍ ഗര്‍ഭം ധരിച്ചാല്‍ സൂറത്തുല്‍ അന്‍ആം ഓതുകയും ബുര്‍ദ ഓതി മന്ത്രിക്കുകയും പ്രസവാസന്ന സമയത്ത് മഞ്ഞക്കുളം മാല ചൊല്ലിപ്പിക്കുകയും ചെയ്യുമായിരുന്നു.
വീടുകളിലും പള്ളികളിലും സുബഹി, അസര്‍, മഗ്രിബ്, ഇശാഅ് നിസ്കാരങ്ങള്‍ക്ക് ശേഷമാണ് മൗലിദ് പാരായണം. 12ാം രാവ് (നബിദിനം) പള്ളിയും പരിസരവും ദീപാലംകൃതമാകും. വിവിധ മൗലിദുകള്‍ക്കു പുറമെ ഹംസിയ തുടങ്ങിയ ബൈതുകളും അദ്കാറുകളും സ്വലാത്തും ചൊല്ലാറുണ്ട്. ചീരണി, കാവ, തരിക്കഞ്ഞി, മധുര പാനീയ വിതരണവും അന്നദാനവുമെല്ലാം അന്ന് നടക്കും. വലിയ പള്ളിയിലെ മൗലിദ്, അദ്കാറുകള്‍ക്ക് നിരവധി വിശ്വാസികള്‍ പങ്കെടുക്കും. മദ്രസകള്‍ ജാഥയും പൊതുസമ്മേളനവും പഠിതാക്കളുടെ സര്‍ഗ പ്രതിഭാത്വം മാറ്റുരക്കാന്‍ മത്സര പരിപാടികളും സംഘടിപ്പിക്കും. ഇങ്ങനെ വിവിധ ആചാരാനുഷ്ഠാനങ്ങളും തനിമയും പെരുമയും ഇന്നും നെഞ്ചിലേറ്റുന്ന പ്രദേശമാണ് പൊന്നാനി.
ടിവി അബ്ദുറഹ്മാന്‍കുട്ടി