ഓരോ വർഷവും പുതുതായി പ്രത്യക്ഷപ്പെടുന്ന വൈറസുകൾ ജനങ്ങളുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുകയാണ്. ഒരു രോഗാണുവിനെ പ്രതിരോധിക്കുമ്പോൾ വർധിത വീര്യത്തോടെ പുതിയ രോഗാണുക്കൾ ജനിക്കുന്ന സ്ഥിതി വിശേഷമാണ് ഇന്നുള്ളത്. രോഗ പ്രതിരോധ ശേഷി കുറയുകയും മരുന്നുകൾ അതിജീവിക്കാനുള്ള രോഗാണുക്കളുടെ ശേഷി കൂടുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന കാരണം. വ്യായാമമില്ലാത്ത ദിനചര്യയും രാസവസ്തുക്കൾ നിറഞ്ഞ ഭക്ഷണവും മാനസിക സംഘർഷങ്ങളും പിരിമുറുക്കങ്ങളും വിട്ടൊഴിയാത്തതാണ് നമ്മുടെ പ്രതിരോധ ശേഷിയെ കാർന്ന് തിന്നുന്നത്.
രോഗാതുരമായ നവ ലോകത്ത് ഭീതി വിതക്കുന്ന മഹാമാരികളിൽ അതിപ്രധാനമാണ് സിക്കാ വൈറസ.് ഈ വൈറസ് പ്രതിസന്ധിമൂലം ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യാടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയുണ്ടായി. ചെറിയ തലയോട്ടിയും മസ്തിഷ്‌ക്കവുമായി കുഞ്ഞുങ്ങൾ ജനിക്കുന്ന മൈക്രാ സെഫാലി എന്ന അവസ്ഥയുണ്ടാക്കുന്നതു മൂലമാണ് സിക്കാ വൈറസ് കൂടുതൽ അപകടകാരിയാവുന്നത്. ആയിരക്കണക്കിനു കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ബ്രസീലിൽ മാത്രം രണ്ടായിരത്തോളം കുഞ്ഞുങ്ങൾ ഇങ്ങനെ ജനിച്ചിട്ടുണ്ടെന്നാണ് കണക്ക്. ബ്രസീലിൽ അപൂർവ രോഗം ബാധിച്ച് കുട്ടികൾ മരിക്കുന്നത് സ്ഥിരമായപ്പോഴാണ് സിക്കാ വൈറസ് സ്ഥിരീകരണമുണ്ടായത്. ലോകത്താകെ നാൽപതു ലക്ഷത്തിലധികം പേർക്ക് വൈറസ് ബാധിച്ചു കഴിഞ്ഞു. ഡെങ്കിപ്പനിയും മഞ്ഞപ്പനിയും പടർത്തുന്ന അതേ കൊതുകുകളാണ് സിക്കാ വൈറസും പരത്തുന്നത്.
ഫെബ്രുവരി ഒന്നിനാണ് സിക്കാ വൈറസിനെപ്പറ്റിയും അതുണ്ടാക്കുന്ന രോഗത്തെക്കുറിച്ചും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയത്. എന്നാൽ ഇന്നത് അമേരിക്കൻ ഭൂഖണ്ഡങ്ങളും യൂറോപ്പും കടന്ന് ഏഷ്യയിൽ വരെ എത്തി നിൽക്കുന്നു. ഇരുപത്തഞ്ചോളം രാജ്യങ്ങൾ ഇന്ന് സിക്കാ വൈറസിന്റെ പിടിയിലാണ്. 1947-ൽ ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലെ കുരങ്ങുകളിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്. 1950 കാലം മുതൽ ആഫ്രിക്കയിലും ഏഷ്യയിലും ഒരു ചെറിയ പ്രദേശത്തു മാത്രമാണ് ഈ പനി കാണപ്പെട്ടിരുന്നത്. 2014-ൽ ഈ വൈറസ് പെസഫിക്ക് സമുദ്രത്തിലെ ഫ്രഞ്ച് പോളിനേഷ്യയിലേക്കും 2015-ൽ മെക്‌സിക്കോ, മധ്യ അമേരിക്ക, കരീബിയൻ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. 2014-ൽ ലോകകപ്പ് കാണാനെത്തിയ വിദേശികളിലൂടെയാണ് വൈറസ് രാജ്യത്ത് പ്രവേശിച്ചതെന്നാണ് ബ്രസീൽ അധികൃതർ കരുതുന്നത്. അമേരിക്കയിൽ അടുത്ത വർഷമാകുമ്പോഴേക്കും 4 മില്യൺ ആളുകൾ സിക്കാ വൈറസ് ബാധയുടെ ഇരകളാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടൽ. ഗർഭിണിയായ മാതാവിനെ സിക്കാ വൈറസ് പിടികൂടുന്നതോടെ ബുദ്ധിമാന്ദ്യമടക്കം ഗുരുതരമായ ശാരീരികവും മാനസികവുമായ വൈകല്യങ്ങൾക്ക് ശിശുക്കൾ ഇരയാക്കപ്പെടുന്നതു കൊണ്ട് ഗർഭിണികൾ യാത്രകൾ മാറ്റിവെക്കുന്നതാണ് നല്ലതെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ അഭിപ്രായപ്പെടുകയുണ്ടായി. വൈറസ് പിടിപ്പെട്ടയാൾ ലൈംഗികബന്ധത്തിലേർപ്പെട്ടാൽ ഇണയിലേക്കും രോഗം പകരുന്നു.
ആഫ്രിക്കയിൽ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തതിന് ശേഷം വെനിസ്വേലയിൽ മാത്രം 4700 ഓളം സിക്കാ വൈറസ് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ രോഗ ബാധിതരുടെ എണ്ണം രണ്ടര ലക്ഷത്തിലധികം വരുമെന്നാണ് വെനിസ്വേല കേന്ദ്ര സർവകലാശാലയിലെ ഡോക്ടറായ പ്രൊഫ. ജൂലിയൊ കാസ്‌ട്രോ വ്യക്തമാക്കിയത്. കൊളംബിയയിൽ രണ്ടായിരത്തോളം ഗർഭിണികൾ സിക്കാ വൈറസ് ബാധിതരാണെന്ന് കൊളംബിയൻ സർക്കാർ വൃത്തങ്ങളും വ്യക്തമാക്കിയിരുന്നു. രോഗം ആദ്യം റിപ്പോർട്ട് ചെയ്ത ബ്രസീലിന്റെ അതിർത്തി പ്രദേശങ്ങളിലാണത്രെ കൂടുതൽ വൈറസ് ബാധിതരെ കണ്ടെത്തിയത്. നൂറ്റമ്പതോളം ഗർഭിണികൾ പ്രത്യേക നിരീക്ഷണത്തിലാണെന്ന് പരാഗ്വേ ആരോഗ്യ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്. ചൈനയിലും സിക്കാ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ഭീതി വർധിച്ചതോടെ കേരളത്തിലെ വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാരെ നിരീക്ഷിച്ചും രോഗം പടരുന്ന രാജ്യങ്ങളിൽ നിന്നെത്തുന്നവരുടെ രക്ത സാമ്പിൾ പരിശോധിച്ചും അധികൃതർ സുരക്ഷ ഉറപ്പു വരുത്തി വരികയാണ്.
പല മഹാവ്യാധികളും പരത്തുന്ന ഈഡീസ് കൊതുകുകൾ തന്നെയാണ് ഈ രോഗവും പരത്തുന്നത്. രക്ത ദാനത്തിലൂടെയും രോഗിയുടെ മൂത്രം, ഉമിനീർ എന്നിവയിൽ നിന്നുമാണ് രോഗം പകരാൻ കൂടുതൽ സാധ്യതയുള്ളത്. ശക്തമായ തല വേദന, പേശി വേദന, കണ്ണു വീക്കം, പനി, ചെങ്കണ്ണ്, ചർമത്തിൽ ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടൽ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന പ്രാരംഭ ലക്ഷണങ്ങൾ. സിക്കാ വൈറസ് പ്രതിരോധിക്കുന്നതിനായി ലോകാരോഗ്യ സംഘടന 56 ലക്ഷം ഡോളറിന്റെ കർമപദ്ധതിയാണ് പ്രഖ്യാപിച്ചത്. 25 ലക്ഷം ഡോളർ യുഎന്നിന്റെ കർമപദ്ധതിക്കുള്ളതാണ്. 31 ലക്ഷം ഡോളർ രാജ്യങ്ങൾക്കുള്ള സഹായവും. അപകടകരമായ മേഖലകളിലുള്ള കൊതുകു നശീകരണം, ബോധവൽക്കരണം, ചികിത്സ, മരുന്ന് വിതരണം എന്നിവയും ഇതു സംബന്ധമായ ഗവേഷണങ്ങൾക്കുമാണ് പദ്ധതി പ്രാധാന്യം നൽകുന്നത്.
കൊതുകു നിർമാർജനം മാത്രമാണ് നിലവിൽ സിക്കാ രോഗത്തെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ മാർഗം. ഇതിനായി വീട്ടിലും സമീപത്തും വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കുകയും ചെടിച്ചട്ടികൾ, ചിരട്ടകൾ, ടയറുകൾ തുടങ്ങിയവയിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ശ്രദ്ധ ചെലുത്തുകയും വേണമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന നിർദേശം.
പടിഞ്ഞാറൻ ആഫ്രിക്കയിൽ എബോള പടർന്നതിനെ തുടർന്നാണ് ലോകാരോഗ്യ സംഘടന ഇത്തരത്തിലുള്ള അടിയന്തരാവസ്ഥ 2014-ൽ പ്രഖ്യാപിച്ചിരുന്നു. ആയിരക്കണക്കിനു ജീവനുകളാണ് എബോള കവർന്നെടുത്തത്. ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ യംബുക്ക ഗ്രാമത്തിൽ എബോള നദിയുടെ തീരത്തുള്ള ചിലരിൽ ലോകത്താദ്യമായി എബോള രോഗം തിരിച്ചറിയപ്പെട്ടതു കൊണ്ടാണ് ഈ രോഗത്തിന് എബോള എന്ന് പേരു ലഭിച്ചത്. 1976-ൽ തിരിച്ചറിഞ്ഞെങ്കിലും ലോകത്ത് വ്യാപകമാകുന്നത് 2014-ലാണ്. കടുത്ത പനി, കനത്ത ക്ഷീണം, തൊണ്ടവേദന, വയറുവേദന, തലവേദന, ഛർദി, വിശപ്പില്ലായ്മ, കരളും വൃക്കയും തകരാറിലാകൽ, ശരീരത്തിനകത്തും പുറത്തുമുള്ള രക്തസ്രാവം തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങൾ.
എബോള വൈറസ് മനുഷ്യനിലെത്തുന്നത് മൃഗങ്ങളിലൂടെയാണ്. വന്യമൃഗങ്ങളുമായി കൂടുതൽ സമ്പർക്കമുള്ള മേഖലയിലാണ് രോഗം കൂടുതലായി കണ്ടു വരുന്നത്. രോഗം ബാധിച്ച ചിമ്പാൻസി, ഗോറില്ല, വവ്വാൽ, പന്നി തുടങ്ങിയവയുടെ രക്തം, മൂത്രം, മലം എന്നിവയുടെ സ്പർശനത്തിലൂടെയും രോഗം മൂലം ചത്തൊടുങ്ങിയ ജീവജാലങ്ങളുടെ ശവ ശരീരത്തിലൂടെയുമാണ് എബോള പകരുന്നത്. രോഗം ബാധിച്ചയാളെ സ്പർശിക്കുന്നതു മൂലവും അയാളുടെ വിയർപ്പ്, തുപ്പൽ, രക്തം, ശുക്ലം എന്നിവയിലൂടെയും രോഗം പകരുന്നു. ഗർഭിണികളിലും കുട്ടികളിലുമാണ് ഇത് പെട്ടെന്ന് പടർന്ന് പിടിക്കുന്നത്. 80% ആളുകളും രോഗം പിടിപെട്ടാൽ മരിക്കുകയാണ് പതിവെന്നതും ഈ രോഗത്തിന് ഫലപ്രദമായ ചികിത്സയില്ലെന്നതും ഭീതിപ്പെടുത്തുന്നതാണ്.
എബോള രോഗിയുടെ ശരീരത്തിലെ എല്ലാ കോശങ്ങളെയും ബാധിക്കുന്നുണ്ട്. കോശങ്ങൾ പ്രത്യേകതരം പ്രോട്ടീൻ ഉൽപ്പാദിപ്പിക്കുന്നത് മൂലം സ്വയം പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ നശിപ്പിക്കുകയാണ് യഥാർത്ഥത്തിൽ എബോള ചെയ്യുന്നത്. എയ്ഡ്‌സ് പോലെയുള്ള മാരക രോഗങ്ങൾ തിരിച്ചറിയാൻ ഉപയോഗിക്കുന്ന എലിസ ടെസ്റ്റ് വഴിയും ആന്റിജൻ, ന്യൂട്രലൈസേഷൻ തുടങ്ങിയ പരിശോധനയിലൂടെയുമാണ് രോഗബാധ തിരിച്ചറിയുക.
മരണത്തിനുവരെ കാരണമാകുന്ന മറ്റൊരു പുതിയ രോഗമാണ് ഗൾഫ് രാജ്യങ്ങളിൽ ഭീതി പടർത്തിയ കൊറോണോ വൈറസ്. മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രം (മെർസ്) എന്ന കൊറോണാ വൈറസ് 2012 സെപ്റ്റംബറിലാണ് സൗദിയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്. പിന്നീട് ജോർദാൻ, ഖത്തർ, ഈജിപ്ത്, യുഎഇ, യമൻ, ലബ്‌നാൻ, തുർക്കി, യുകെ, യുഎസ്, ചൈന, തായ്‌ലന്റ്, ഫിലിപ്പെൻസ്, അൾജീരിയ, ബംഗ്ലാദേശ്, ഓസ്ട്രിയ, സൗത്ത് കൊറിയ, മലേഷ്യ, ഇറാൻ, കുവൈറ്റ്, ഗ്രീസ്, നെതർലാന്റ്‌സ് എന്നിവിടങ്ങളിലും രോഗം സ്ഥിരീകരിക്കുകയുണ്ടായി.
ഒട്ടകങ്ങളിൽ നിന്നാണ് മെർസ് വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. 2015-ൽ 7700 ഒട്ടകങ്ങൾക്ക് മെർസ് ബാധയുണ്ടെന്ന് ഉറപ്പ് വരുത്തിയിരുന്നു. പ്രധാനമായും മനുഷ്യന്റെ ശ്വസന വ്യവസ്ഥയെയാണ് ഇത് ബാധിക്കുന്നത്. 2015 ആഗസ്റ്റ് 25-ന് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച് ലോകത്ത് 1474 പേർക്ക് ഇതുവരെ മെർസ് രോഗം സ്ഥിരീകരിക്കുകയും 515 പേർ ഇതിനകം മരിക്കുകയും ചെയ്തിട്ടുണ്ട്. രോഗം ബാധിച്ചവരിൽ 34 ശതമാനം പേരും മരിച്ചതായാണ് റിപ്പോർട്ടുള്ളത്. ന്യൂമോണിയയും വൃക്ക തകരാറുമുണ്ടാക്കിയാണ് ഈ വൈറസ് മനുഷ്യനെ മരണത്തിലേക്ക് നയിക്കുന്നത്. 2003-ൽ ഏഷ്യയിൽ കാണപ്പെട്ട സാർസ് വൈറസിനോടു സാദൃശ്യമുള്ളതാണ് കൊറോണാ വൈറസ് എന്നാണു നിഗമനം.
നമ്മുടെ സംസ്ഥാനത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ക്യാസന്നൂർ ഫോറസ്റ്റ് ഡിസീസ് എന്ന കുരങ്ങുപനിക്ക് ഇപ്പോഴും ശമനമായിട്ടില്ല. 1955-ൽ കർണ്ണാടകയിലെ ഷിമോഗക്കു സമീപമുള്ള ക്യാസന്നൂർ വനമേഖലയിൽ ഇതിനു കാരണമായ വൈറസിനെ ആദ്യമായി കണ്ടെത്തിയതിനാലാണ് ഈ പനി പ്രസ്തുത പേരിലറിയപ്പെട്ടത്. ‘സൊനോപിതക്കസ് എന്റലെസ്’ എന്ന പേരിലറിയപ്പെടുന്ന കറുത്ത മുഖത്തോടു കൂടിയ കുരങ്ങുകളിലും ‘മക്കാക്ക റേഡിയേറ്റ’ എന്ന പേരിലറിയപ്പെടുന്ന ചുവന്ന മുഖത്തോടു കൂടിയ കുരങ്ങുകളിലുമാണ് ഈ രോഗം ആദ്യമായി കണ്ടത്. ഫ്‌ളാവിവൈറിഡേ കുടുംബത്തിൽപ്പെട്ട ഫ്‌ളാവി വൈറസാണ് രോഗ ഹേതു. കുരങ്ങുകളും ചിലപ്പോൾ പശു, എലി, ആട് തുടങ്ങിയവയും രോഗ വാഹകരാകാറുണ്ട്. ഉണ്ണി, പട്ടുണ്ണി, വട്ടൻ എന്നീ പേരുകളിലറിയപ്പെടുന്ന ചെള്ളുകളാണ് കുരങ്ങുപനിക്ക് കാരണമായ വൈറസ് പരത്തുന്നത്. രോഗത്തിന്റെ ആരംഭം ഷിമോഗയിലാണെങ്കിലും പിന്നീട് അത് ഉത്തര കർണ്ണാടകത്തിലും മറ്റു മേഖലകളിലും വ്യാപിക്കുകയായിരുന്നു.
2012-ൽ തമിഴ് നാട്ടിലെത്തിയ വൈറസ് ഇപ്പോൾ കേരളത്തിലും നാശം വിതക്കുന്നു. വയനാട്ടിൽ ഈ വർഷം കൂടുതൽ പേർക്ക് കുരങ്ങുപനി പിടിപെടാനുള്ള സാഹചര്യമുണ്ടെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കേരളാ യൂണിറ്റിൽ നിന്നെത്തിയ സംഘം വിലയിരുത്തിയത്. കുരങ്ങുപനി ഭീതി അണയാതെ നിൽക്കുകയാണെന്ന് ചുരുക്കം. സംസ്ഥാനത്ത് പടർന്നു പന്തലിച്ച പക്ഷിപ്പനിക്ക് പിന്നാലെയാണ് കുരങ്ങുപനി ഭീഷണിയുണ്ടാവുന്നത്. തെക്കൻ കേരളത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് അസംഖ്യം താറാവുകളെ കൊന്നൊടുക്കി ചുട്ടു കരിക്കുകയുണ്ടായി. മൂന്ന് ജില്ലകളിലായി ഒന്നര ലക്ഷത്തിലധികം താറാവുകളെയാണ് കൊന്നൊടുക്കിയത്.
കയ്യിലും കാലിലും കുമിളകൾ പോലെ കൂമ്പി നിൽക്കുന്ന രോഗമായ തക്കാളിപ്പനിയും നമ്മുടെ സംസ്ഥാനത്ത് വ്യാപകമാണ്. ഒരു വയസ്സ് മുതൽ ആറ് വയസ്സ് വരെയുള്ള ഉൾപ്രദേശങ്ങളിലെ കുട്ടികളിലാണ് ഇതു വ്യാപകമായത്. കോക്‌സാക്കി വൈറസ് പകർത്തുന്ന തക്കാളിപ്പനി കൈ കാലുകളിലും വായയിലും ശക്തമായ ചൊറിച്ചിലുണ്ടാക്കുന്നു. വായിലൂടെയാണ് രോഗം പകരുന്നത്. തക്കാളി പോലെയുള്ള കുരുക്കൾ ശരീരത്തിൽ പ്രത്യക്ഷപ്പെടുന്നതു കൊണ്ടാണ് ഈ പേരിൽ ഇതറിയപ്പെട്ടത്.
കരിമ്പനിയും ചെള്ളുപനിയുമെല്ലാം നമ്മുടെ നാടിനെ വിറപ്പിച്ച മറ്റു ചില രോഗങ്ങളാണ്. രോഗാണു ശരീരത്തിലെത്തിയാൽ ത്വക്കിന് കറുപ്പു നിറം വരുന്നതു കൊണ്ടാണ് ഇതിന് കാലാ അസർ (കരിമ്പനി) എന്ന പേരു വന്നത്. വർഷത്തിൽ അമ്പതിനായിരം പേരെങ്കിലും കരിമ്പനി ബാധിച്ചു മരണപ്പെടുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. സാന്റ് ഫ്‌ളൈ എന്ന മണൽ ഈച്ചയാണ് രോഗം പരത്തുന്നത്. ബീഹാർ, പശ്ചിമ ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ പലതവണ റിപ്പോർട്ട് ചെയ്യപ്പെട്ട കരിമ്പനി പിന്നീട് നമ്മുടെ സംസ്ഥാനത്തും കണ്ടെത്തുകയുണ്ടായി. എലികൾ പോലുള്ള സസ്തനികളിലും ചില ഉരകങ്ങളിലും കാണപ്പെടുന്ന ഒരു തരം ചെള്ളിൽ വളരുന്ന ബാക്ടീരിയയാണ് ചെള്ളുപനിയുടെ ഹേതുകം. സംസ്ഥാന പകർച്ചവ്യാധി നിയന്ത്രണ സെല്ലും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗവും ചേർന്ന് ചെള്ള്പനി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മെഡിക്കൽ കോളേജിൽ സംസ്ഥാനതല ശിൽപശാല സംഘടിപ്പിച്ചിരുന്നു.
ജനിതക കാരണങ്ങളാൽ ചുവന്ന രക്ത കോശങ്ങൾക്കുഅസാധാരണ രൂപമാറ്റം സംഭവിക്കുന്ന അരിവാൾ രോഗം നമ്മുടെ സംസ്ഥാനത്ത് ഇപ്പോഴുമുണ്ട്. ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത ഈ രോഗത്തിന്റെ തീവ്രത കുറക്കാൻ ഫോളിക് ആസിഡ് വിറ്റമിൻ രോഗികൾക്ക് നൽകുകയാണ് ചെയ്യുന്നത്. കേരളത്തിൽ വയനാട്ടിലും അട്ടപ്പാടിയിലുമുള്ള ആദിവാസി ഗോത്രക്കാരിലാണ് കൂടുതലായും ഈ രോഗം കാണപ്പെടുന്നത്. മഹാരോഗങ്ങൾ നാടുവാഴുന്ന ഇക്കാലത്ത് ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിച്ച് രോഗങ്ങളെ പടിക്കു പുറത്തു നിർത്താൻ നമുക്ക് സാധിക്കണം. രോഗങ്ങളെ നശിപ്പിക്കേണ്ടതും അതിജീവിക്കേണ്ടതും ശരീരം തന്നെയാണെന്നതു കൊണ്ട് പൊതുജനത്തെ ആരോഗ്യമുള്ളവരാക്കി മാറ്റാനുള്ള പദ്ധതികളാണ് അധികൃതർ ആസൂത്രണം ചെയ്യേണ്ടതും.