എട്ടു വയസ്സുകാരിയായ ഒരു പെൺകുട്ടിയും അവളുടെ ജ്യേഷ്ഠത്തിയും ഉമ്മൂമ്മയോടൊപ്പം താമസിച്ച് വരികയായിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ ദൂരെ ഒരു സ്ഥലത്തായിരുന്നു താമസം. ജ്യേഷ്ഠത്തിക്ക് കുട്ടിയോട് അതിയായ സ്നേഹമായിരുന്നു. എല്ലാ ദിവസവും അവളെ അണിയിച്ചൊരുക്കി സ്കൂളിൽ വിട്ടിരുന്നതും ജ്യേഷ്ഠത്തിയാണ്. സ്കൂളിൽ പോകുന്ന കാര്യത്തിൽ കുട്ടിയിൽ താൽപര്യം കുറഞ്ഞു വരുന്നു. പിന്നീട് അവൾ സ്കൂളിൽ പോകാതെയായി. വയറുവേദന എന്നായിരുന്നു കാരണം പറഞ്ഞിരുന്നത്. അവളെ ഒരു ഡോക്ടറുടെ അടുക്കൽ കൊണ്ടുപോയി. പരിശോധനയിൽ കുട്ടിക്ക് അസുഖമുള്ളതായി കണ്ടില്ല. തുടർന്നാണ് അവളെ കൗൺസലിംഗിന് എത്തിക്കുന്നത്. അസുഖത്തിന്റെ കാരണം ഒരു പ്രത്യേക പരിതസ്ഥിതിയിൽ ഉടലെടുത്ത ഉത്ക്കണ്ഠയാണെന്നു തെളിഞ്ഞു. അതിയായ സ്നേഹം കാട്ടിയിരുന്ന ജ്യേഷ്ഠത്തിക്ക് വിവാഹാലോചനകൾ വന്നുകൊണ്ടിരുന്നു. ഒടുവിൽ വിവാഹം ഉറപ്പിച്ചു. വിവാഹം കഴിഞ്ഞാൽ ജ്യേഷ്ഠത്തിയെ മുംബൈയ്ക്ക് കൊണ്ടുപോകും എന്നായിരുന്നു കുട്ടി കേട്ടറിഞ്ഞത്. താൻ സ്കൂളിലായിരിക്കുമ്പോൾ വിവാഹം നടത്തി ജ്യേഷ്ഠത്തിയെ മുംബെയ്ക്ക് കൊണ്ടുപോകുമോ എന്നതായിരുന്നു കുട്ടിയുടെ ഉത്ക്കണ്ഠയ്ക്ക് കാരണം. സ്കൂളിൽ പോകാതിരുന്നതിനു കാരണമിതുതന്നെ. കുട്ടി സ്കൂളിലായിരിക്കുമ്പോൾ ജ്യേഷ്ഠത്തിയുടെ വിവാഹം കഴിഞ്ഞ് അവർ വീട് വിട്ട് പോകില്ലെന്നും ബന്ധുമിത്രാദികളെ കൂടി ക്ഷണിച്ചുവരുത്തിയേ വിവാഹം നടത്തുകയുള്ളൂവെന്നും അപ്പോൾ പന്തലിടുകയും മറ്റും ചെയ്യുമെന്നും പറഞ്ഞു മനസ്സിലാക്കിയപ്പോൾ അവൾ സ്കൂളിൽ വീണ്ടും പോകാൻ തയ്യാറായി.
ചില കുട്ടികൾ സ്കൂളിൽ പോകുന്നതിനു താൽപര്യം കാണിക്കുന്നില്ല. സ്കൂളിൽ പോകുന്ന കാര്യം പറയുമ്പോഴേക്കും അവരുടെ മുഖഭാവത്തിനു വ്യത്യാസമുണ്ടാകും. സ്കൂളിൽ പോകാതിരിക്കുന്നതിനുവേണ്ടി കരയുന്ന ചെറിയ കുട്ടികൾ കുറവല്ല. ഇതിന് കാരണം ഒരുതരം ഭീതിയാണ്. ഈ ഭീതിയുടെ ഹേതു കണ്ടുപിടിച്ച് കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്താൽ പിന്നെ അവർ സ്കൂളിൽ പോയി തുടങ്ങും. അടുത്തകാലത്തു നടത്തിയ ഒരു പഠനത്തിൽ നിന്നും കുട്ടികൾ സ്കൂളിലായിരിക്കുമ്പോൾ അവരുടെ വീട്ടിൽ എന്തെല്ലാമാണ് നടക്കുന്നതെന്നറിയാനുള്ള ഉത്കണ്ഠ സ്കൂളിൽ പോകാനുള്ള മടിക്ക് ഒരു പ്രധാന കാരണമാകുന്നുവെന്നു തെളിഞ്ഞിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ കുട്ടിയെ അടിച്ചും ശാസിച്ചും ഉന്തിത്തള്ളിയും സ്കൂളിൽ വിടാതെ ഒരു ദിവസം വീട്ടിൽ നിൽക്കാൻ അനുവദിച്ചാൽ ഈ ഭീതി മാറിയേക്കാം. എന്നാൽ സ്കൂളിൽ പോകാൻ കുട്ടി കടുത്ത വൈമുഖ്യം പ്രദർശിപ്പിച്ചാൽ അതിന് മറ്റ് കാരണങ്ങളുണ്ടെന്നു മനസ്സിലാക്കാം.
കുട്ടികളിൽ ഉത്കണ്ഠ ഉണ്ടെങ്കിൽ അവർ നഖം കടിക്കുകയും ഉറക്കത്തിൽ മൂത്രമൊഴിക്കുകയും സംസാരിക്കുകയും ചെയ്തെന്നുവരും. ഉത്കണ്ഠ വർധിച്ച തോതിലുള്ളപ്പോൾ രാത്രികാലങ്ങളിൽ ഞെട്ടിയുണർന്ന് നിലവിളിച്ച് കരയും. പരിഭ്രാന്തയായ മാതാവ് കൊച്ചുമകനെ അല്ലെങ്കിൽ മകളെ ആശ്വസിപ്പിക്കുവാൻ എത്ര ശ്രമിച്ചാലും ഫലമുണ്ടാകില്ല. അൽപസമയം കഴിയുമ്പോൾ കുട്ടി താനേ ഉറങ്ങുന്നു. ഉണരുമ്പോൾ കുഞ്ഞിന് ഇതിനെക്കുറിച്ച് ഓർമയൊന്നും കാണില്ല. ചില കുട്ടികൾ ഉറക്കത്തിൽ എഴുന്നേറ്റു നടക്കുന്നതിനും ഉത്കണ്ഠ കാരണമാകുന്നു. കൂടാതെ വിക്ക്, തൊണ്ട ഇടർച്ച, അസഭ്യം പറച്ചിൽ, അടിപിടി, അക്രമപരാക്രമങ്ങൾ, ജന്തുക്കളോടുള്ള ക്രൂരത, അകാരണമായ ഭീതി, നാണം കുണുങ്ങൽ എന്നിവയെല്ലാം ഉത്കണ്ഠയുള്ള കുട്ടികൾ പ്രകടിപ്പിക്കുന്ന ചില വൈകല്യങ്ങളാണ്. കൗമാരപ്രായത്തിലേക്ക് കടക്കുമ്പോൾ ഉത്കണ്ഠയുള്ളവരായ കുട്ടികൾ വിദ്യാലയങ്ങളിൽ കയറാതെ അലഞ്ഞുതിരിയുക, നാടുവിട്ടു പോവുക, പുകവലിക്കുക, മറ്റുള്ളവരുമായി ഏറ്റുമുട്ടുക, നശീകരണപ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നീ പ്രത്യേക സ്വഭാവങ്ങൾ പ്രദർശിപ്പിക്കുന്നു. മയക്കുമരുന്ന്, മദ്യം എന്നിവയ്ക്ക് ഉത്കണ്ഠയുള്ള യുവാക്കൾ പെട്ടെന്ന് അടിമപ്പെട്ടു കാണുന്നു. ക്രമത്തിലധികം സിഗരറ്റ് വലിക്കുന്നത് ഉത്ക്കണ്ഠയുടെ ഒരു സാധാരണ ലക്ഷണമാണ്. മുതിർന്നവർക്ക് ഉത്ക്കണ്ഠ മൂലം പലതരത്തിലുള്ള ഹൃദയരോഗങ്ങൾ ഉണ്ടാകുന്നു. വൃദ്ധരിൽ ഉറക്കമില്ലായ്മ, അസ്വാസ്ഥ്യം, അങ്കലാപ്പ് എന്നിവയും. കൊച്ചുകുട്ടികളിലും വൃദ്ധരിലുമാണ് ഉത്കണ്ഠ കൂടുതലായി കാണുന്നത്. എന്നാൽ ഇക്കൂട്ടരിൽ ഉത്കണ്ഠയുടെ പ്രകാശനം സാധാരണയായി തിരിച്ചറിയപ്പെടുന്നില്ല. ഉത്കണ്ഠ തീരെ വേണ്ടെന്നല്ല. പരിധി വിടുമ്പോൾ അതൊരു മാനസിക വൈകല്യമായി മാറ്റുമെന്നു ചുരുക്കം. പഠനം, മാനുഷിക ബന്ധങ്ങൾ, പരസ്പര സ്നേഹവും കരുതലും പോലുള്ള കാര്യങ്ങളിൽ ഒരളവുവരെ ഉത്കണ്ഠ ഗുണകരമാണെന്നു പറയാം. സ്വയം നിയന്ത്രിക്കാനാവുന്നതിനപ്പുറത്തേക്ക് വളരുമ്പോഴാണ് പ്രശ്നം.