mes-aNTIniQAB- mALAYALAM

‘എംഇഎസിനെ പറ്റിയും ഇസ്ലാം ആന്‍റ് മോഡേണ്‍ എയ്ജ് സൊസൈറ്റിയെ പറ്റിയും താഴെ കാണുന്ന പ്രമേയം പാസ്സാക്കി. എംഇഎസ് ജേര്‍ണല്‍ പുസ്തകം രണ്ട്; ലക്കം അഞ്ച്(സെപ്തംബര്‍ 25) പേജ് 13-ല്‍ വിശുദ്ധ ഖുര്‍ആന്‍റെ കയ്യെഴുത്ത് രേഖ എന്ന തലവാചകത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം ഞങ്ങളുടെ ശ്രദ്ധയില്‍ പെടുകയുണ്ടായി. അതില്‍ ഇപ്രകാരം പറയുന്നു: ‘ഹസ്രത്ത് ഉസ്മാന്‍റെ പരിശുദ്ധ ഖുര്‍ആന്‍ താഷ്കണ്ടിലെ ഉസ്ബക്ക് ചരിത്ര മ്യൂസിയത്തില്‍ ഒരു പെട്ടിയില്‍ സൂക്ഷിച്ചിരിക്കുന്നു. ഏറ്റവും പുരാതനമായ അറബ് ലിഖിത മേഖലകളിലൊന്നാണ് ഈ ഖുര്‍ആന്‍. ഇസ്ലാം മതസ്ഥാപകനായ മുഹമ്മദ് നബിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സൈദുബ്നു സാബിത്ത് പ്രവാചകന്‍റെ വചനങ്ങളെല്ലാം ശേഖരിച്ച് ഗ്രന്ഥത്തിലാക്കിയതായിട്ടാണ് വിശ്വസിക്കപ്പെടുന്നത്. പിന്നീട് മൂന്നാം ഖലീഫയായിരുന്ന ഉസ്മാന്‍ ഒരു പുതിയ ഖുര്‍ആന്‍ തയ്യാറാക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അതില്‍ വ്യത്യസ്ത നിലയിലാണ് സൂറത്തുകള്‍ ക്രമീകരിക്കപ്പെട്ടിരുന്നത്.’ അല്ലാഹുവിന്‍റെ തിരുവചനമായ പരിശുദ്ധ ഖുര്‍ആന്‍ വെറും മനുഷ്യവചനങ്ങളാണെന്ന് വരുത്തിത്തീര്‍ക്കുന്ന ഇത്തരം പ്രസിദ്ധീകരണങ്ങളേയും പ്രവര്‍ത്തനങ്ങളേയും കുറിച്ച് മുസ്ലിംകള്‍ ബോധവാന്മാരാവണമെന്നും അര്‍ഹിക്കുന്ന വിധത്തില്‍ എംഇഎസിനോട് പെരുമാറണമെന്നും ഉത്ബോധിപ്പിക്കുന്നതോടൊപ്പം എംഇഎസിന്‍റെ ഇത്തരം അനിസ്ലാമിക വിശ്വാസപ്രമാണങ്ങളില്‍ മുസ്ലിം ബഹുജനങ്ങള്‍ അകപ്പെടരുതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഇന്ന് ചേര്‍ന്ന യോഗം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.’ 27-10-70 ന് ടി. അബൂബക്കര്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ പട്ടിക്കാട് ചേര്‍ന്ന മുശാവറയുടെ തീരുമാനമാണ് ഇത്.

എംഇഎസുമായി സഹകരിക്കരുതെന്ന് മുസ്ലിംലീഗ് നേതാക്കളോട് പ്രത്യേകമായി അറിയിക്കുന്ന പ്രമേയം 6-3-75 ന് സമസ്ത പാസ്സാക്കിയിട്ടുണ്ട്. അരനൂറ്റാണ്ടു മുമ്പ് ദീര്‍ഘ വീക്ഷണത്തോടെ സമസ്തയുടെ മഹത്തുക്കളായ പണ്ഡിതന്മാര്‍ മുന്നറിയിപ്പ് നല്‍കിയ എംഇഎസിന്‍റെ മതപരിഷ്കരണവാദം പുതിയതല്ല. സ്ത്രീകളുടെ മുഖാവരണത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതുമല്ല. ഇസ്ലാമിന്‍റെ ദര്‍ശനങ്ങള്‍ പലതും ഇക്കാലത്തേക്ക് പറ്റിയതല്ലെന്ന ധ്വനികള്‍ എംഇഎസ് പലകുറി മുഴക്കിയിട്ടുണ്ട്.

സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്ന മുസ്ലിം സമൂഹത്തെ പ്രബുദ്ധരാക്കുക എന്ന ലക്ഷ്യത്തോടെയാണ് എംഇഎസ് പിറക്കുന്നത്. ഡോ. ഫസല്‍ ഗഫൂറിന്‍റെ പിതാവ് ഡോ. പികെ അബ്ദുല്‍ ഗഫൂറിന്‍റെ നേതൃത്വത്തില്‍ 1964-ലായിരുന്നു ഇത്. ശാസ്ത്ര-സാങ്കേതിക മേഖലയിലും പ്രൊഫഷണല്‍, മെഡിക്കല്‍, എഞ്ചിനീയറിംഗ് രംഗത്തും ഹയര്‍സെക്കണ്ടറി, സിബിഎസ്ഇ സ്കൂള്‍ തലത്തിലുമൊക്കെയായി നൂറിലേറെ സ്ഥാപനങ്ങള്‍ ഇവര്‍ നടത്തുന്നുണ്ട്. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരും ഈ സ്ഥാപനങ്ങളില്‍ പഠിതാക്കളും ജോലിക്കാരുമായുണ്ട്. ഇവയെല്ലാം എംഇഎസ് നേടിയെടുത്തത് മുസ്ലിം ന്യൂനപക്ഷത്തിന്‍റെ പിന്നാക്കാവസ്ഥ മുതലെടുത്ത് കൊണ്ടാണ്. കേരളത്തിലെ മുസ്ലിംകളില്‍ ഒരു ശതമാനം പോലും എംഇഎസിന്‍റെ മോഡേണ്‍ ഇസ്ലാമില്‍ വിശ്വസിക്കുന്നവരല്ല. തങ്ങളുടെ വിദ്യാഭ്യാസ സൗകര്യത്തിന് മുന്നിലുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുക മാത്രമാണ് എംഇഎസ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. ഈ മേല്‍വിലാസത്തില്‍ സമുദായത്തിന്‍റെ മതകീയ ചിഹ്നങ്ങളെ പരിഹസിക്കുകയും കൊച്ചാക്കുകയും ചെയ്യുന്നത് ചെറിയ ധിക്കാരമല്ല.

‘പൊതുസമൂഹത്തിന്‍റെ ചുറ്റുപാടില്‍ നിന്നാണ് ഞാന്‍ കാര്യങ്ങള്‍ ഗ്രഹിക്കുന്നത്’ എന്നാണ് ഫസല്‍ ഗഫൂറിന്‍റെ ഭാഷ്യം. നിഖാബ്(മുഖാവരണം) പൊതുസമൂഹത്തിന് താല്‍പര്യമില്ലാത്തതാണെന്നും അത്കൊണ്ട് നിഖാബ് അനുവദിച്ച് കൂടെന്നുമാണ് ധ്വനി. പണ്ട് ജമാഅത്ത് സ്ഥാപകന്‍ മൗദൂദി പറഞ്ഞുവെച്ചതും ഇങ്ങനെയൊക്കെ തന്നെയായിരുന്നു. സ്ത്രീയും പുരുഷനും കൂടിക്കലരാന്‍ സാധ്യതയുള്ള കാലമാണിതെന്നും ആ കൂടിച്ചേരലില്‍ വ്യഭിചാരമടക്കമുള്ള പലതും സംഭവിക്കാമെന്നും അത്കൊണ്ട് വ്യഭിചാരത്തിനു ശരീഅത്ത് നിശ്ചയിച്ച ശിക്ഷ പ്രസക്തമല്ലെന്നുമാണ് മൗദൂദി ജല്‍പിച്ചത്. നവോത്ഥാനത്തിന്‍റേയും പരിഷ്കരണത്തിന്‍റേയും പേരില്‍ ഇത്തരം വിതണ്ഡവാദങ്ങള്‍ പലരും എഴുന്നെള്ളിച്ചിട്ടുണ്ട്. മതചിഹ്നങ്ങളോട് എന്നും വിരസതയായിരുന്നു എംഇഎസിന്. മുസ്ലിം കുട്ടികള്‍ക്ക് വെള്ളിയാഴ്ച ജുമുഅ പ്രാര്‍ത്ഥനക്ക് അവസരം നിഷേധിച്ചും പര്‍ദയണിഞ്ഞ് കോളേജിലെത്തിയ മുസ്ലിം പെണ്‍കുട്ടികളെ തിരിച്ചയച്ചും നേരത്തെയും എംഇഎസ് വിവാദം സൃഷ്ടിച്ചിട്ടുണ്ട്. ഇവയ്ക്കെതിരെ പ്രതികരിക്കുകയും സമുദായത്തെ ബോധവത്കരിക്കുകയും ചെയ്യുന്ന പണ്ഡിത ശ്രേഷ്ഠരോട് പകയും വിദ്വേഷവും വച്ച്പുലര്‍ത്തിയ പാരമ്പര്യവും എംഇഎസിനുണ്ട്. പണ്ഡിതന്മാരെ ഊളമ്പാറയിലേക്കയക്കണമെന്ന് ആക്രോശം മുഴക്കിയത് ഫസല്‍ ഗഫൂറിന്‍റെ ഫാദര്‍ സാക്ഷാല്‍ അബ്ദുല്‍ ഗഫൂറായിരുന്നുവല്ലോ!

പണ്ഡിത വിമര്‍ശനത്തില്‍ ഫസല്‍ ഗഫൂറും ഒട്ടും പിന്നിലല്ല. എംഎന്‍ കാരശ്ശേരിയുടേയും ഹമീദ് ചേന്ദമംഗലൂരിന്‍റേയും പ്രയോഗങ്ങള്‍ കടമെടുത്തും കൂട്ടിച്ചേര്‍ത്തും ഫസല്‍ ഗഫൂര്‍ ദീനിനെതിരെ ഉറഞ്ഞു തുള്ളുന്നത് നിഖാബ് പ്രശ്നത്തില്‍ മാത്രമല്ല. നേരത്തേ തുടര്‍ന്നുവരുന്ന മനോരോഗമാണ്. ഈ മനോരോഗം കടന്നുവരുന്നത് കൊടുങ്ങല്ലൂരില്‍ നിന്നാണ്. ശ്മശാന വിപ്ലവം ലക്ഷ്യംവച്ചും മുസ്ലിംകളെ യാഥാസ്ഥിതികത്വത്തില്‍ നിന്ന് രക്ഷപ്പെടുത്താനും കൊടുങ്ങല്ലൂരില്‍ നിന്ന് കോഴിക്കോട്ടെക്കെത്തിയ വഹാബി പരിഷ്കരണ പാരമ്പര്യം തന്നെയാണ് ഫസല്‍ ഗഫൂറിന്‍റേയും ഫാദറിന്‍റേയും.

കൊടുങ്ങല്ലൂരില്‍ നിന്ന് തന്നെയാണ് അബ്ദുല്‍ ഗഫൂറും കോഴിക്കോട്ടെത്തുന്നത്. തന്‍റെ സങ്കുചിത ഇസ്ലാമിലെ ഗവേഷണ-പര്യവേക്ഷണങ്ങള്‍ അബ്ദുല്‍ ഗഫൂറിനെ ഒരു മോഡേണ്‍ മുസ്ലിമാക്കിത്തീര്‍ത്തു. അടുക്കളക്ക് പുറത്തും മുസ്ലിം സ്ത്രീകള്‍ക്ക് പ്രവര്‍ത്തന ഇടമുണ്ടെന്ന ഗവേഷണത്തില്‍ നിന്നാണ് 1969-ല്‍ എംഇഎസ് ലേഡീസ് വിംഗ് രൂപീകരിക്കുന്നത്. മുസ്ലിം തരുണികള്‍ക്ക് പുറത്തിറങ്ങി കൊഞ്ചാനും ആടാനും പാടാനുമുള്ള സൗകര്യമൊരുക്കിയതിന്ന് യാഥാസ്ഥിതികരില്‍ നിന്ന് നിരവധി പഴികേട്ടുവെന്ന് ഫസല്‍ ഗഫൂര്‍ തന്നെ പലവുരു പറഞ്ഞിട്ടുണ്ട്. മുസ്ലിം സ്ത്രീകളെ ഇസ്ലാം നിര്‍ദേശിച്ച അച്ചടക്കത്തില്‍ വളര്‍ത്തണമെന്ന് മാത്രമാണ് പണ്ഡിതന്മാര്‍ പറഞ്ഞത്. അത് ഖുര്‍ആനിന്‍റെ വിളംബരവുമാണ്. അത് ഇനിയും പണ്ഡിതന്മാര്‍ പറഞ്ഞുകൊണ്ടിരിക്കും. പൊതുസമൂഹത്തിന്‍റെ ചിന്തക്കനുസരിച്ച് നിയമനിര്‍മാണത്തിന് മുതിരുന്ന ഫസല്‍ ഗഫൂറിന് അത് ദഹിക്കണമെന്നില്ല. എംഇഎസ് നടത്തുന്ന 152 സ്ഥാപനങ്ങളില്‍ മുഖം മറക്കുന്ന വേഷങ്ങള്‍ പാടില്ലെന്ന് ഏപ്രില്‍ 17-നാണ് ഫത്വ വരുന്നത്. മുഖാവരണത്തോടെ പഠിക്കാനോ പഠിപ്പിക്കാനോ വരുന്ന മുസ്ലിം സ്ത്രീയെ നിയന്ത്രിക്കാന്‍ എന്തധികാരമാണ് എംഇഎസിനുള്ളത്? തങ്ങളുടെ വിശ്വാസവും ആചാരങ്ങളുമനുസരിച്ച് വസ്ത്രം ധരിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് തരുന്നുണ്ട്. അതോടൊപ്പം നിഖാബ് ധരിക്കണമെന്ന് താല്‍പര്യമുള്ള മുസ്ലിം പെണ്‍കുട്ടിയുടെ മതകീയ ആവശ്യം കൂടിയാണ്. അതിനെതിരെയുള്ള കടന്നുകയറ്റം തനി ഫാസിസമാണ്. നിങ്ങള്‍ എന്ത് ഭക്ഷിക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കുമെന്നും അനുസരിച്ചില്ലെങ്കില്‍ അപകടം പിണയുമെന്നും പുലമ്പുന്ന സംഘ്പരിവാര്‍ ഫാസിസത്തിന്‍റെ കേരള പതിപ്പ്. ഫസല്‍ ഗഫൂറും ശിങ്കിടികളും ഒരു കാര്യം തിരിച്ചറിയണം. മുസ്ലിംകള്‍ക്ക് അവരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അച്ചടക്കത്തിന്‍റെ വേലിക്കെട്ടുകളാണ്. ആത്മാവിനോടാണ് അവ മുസ്ലിംകള്‍ ചേര്‍ത്തുപിടിക്കുന്നത്. നിര്‍ബന്ധവും ഐച്ഛികവും അനുവദനീയവുമെല്ലാം അക്കൂട്ടത്തിലുണ്ടാകാം. ഏത് പ്രതിസന്ധികള്‍ക്കിടയിലും അവ സംരക്ഷിക്കപ്പെടണമെന്നത് മുസ്ലിമിന്‍റെ അവകാശമാണ്. ആത്മാഭിമാനമാണ്. അതിനെതിരില്‍ കൊഞ്ഞനം കുത്തുന്നത് അസഹിഷ്ണുതയാണ്.

നിരവധി നിബന്ധനകളോടെ മാത്രം അനുവദിക്കപ്പെട്ട ബഹുഭാര്യത്വത്തിനെതിരെ തിരിഞ്ഞ ഇഎംഎസിനെ മുസ്ലിംകള്‍ നേരിട്ടത് കേരളം മറന്നിട്ടില്ല. ‘എനിക്ക് ശരീഅത്ത് അറിഞ്ഞ്കൂടെ’ന്ന് പറഞ്ഞ് ഇഎംഎസ് തടിതപ്പുകയായിരുന്നു ഫലം. നിഖാബ് നിരോധന ഫത്വയുമായി ഇറങ്ങിയ എംഇഎസ് മുഫ്തിയെ ആദ്യമായി പിന്താങ്ങാനെത്തിയത് വഹാബികളായിരുന്നുവെന്നത് ശ്രദ്ധേയമാണ്. ഐഎസ് റിക്രൂട്ട്മെന്‍റിന്‍റെയും ശ്രീലങ്കന്‍ സ്ഫോടനത്തിന്‍റെയും പശ്ചാത്തലത്തില്‍ തീവ്രവാദ നിഴലില്‍ നിന്ന് രക്ഷപ്പെടാന്‍ തങ്ങള്‍ക്ക് കിട്ടിയ കച്ചിത്തുരുമ്പായിരുന്നു വഹാബികള്‍ക്ക് എംഇഎസിന്‍റെ നിഖാബ് വിരുദ്ധ ഫത്വ. ശരീഅത്ത് കാലാനുസൃതമായി പരിഷ്കരിക്കണമെന്ന് പറയുക മാത്രമല്ല, അവ നടപ്പിലാക്കി തൗഹീദ്തന്നെ പല തുണ്ടമായവരാണ് വഹാബികള്‍. നവയുഗത്തിനനുസൃതമായി ശരീഅത്തില്‍ പൊളിച്ചെഴുത്ത് വേണമെന്ന് ശഠിക്കുന്ന മൗദൂദി മതക്കാര്‍ക്കും നിഖാബ് വിരുദ്ധ ഫത്വയില്‍ ആശങ്കയൊന്നുമില്ല. തങ്ങള്‍ കൊതിച്ചിരുന്നത് ഫസല്‍ ഗഫൂര്‍ പരസ്യമായി പറഞ്ഞുവെന്ന് ആശ്വസിക്കുകയാണവര്‍. പക്ഷേ, മൗദൂദി സാഹിബിന്‍റെ പര്‍ദ ഒരാവര്‍ത്തി വായിക്കുന്ന ജമാഅത്തുകാരന് നിഖാബിനെ എതിര്‍ക്കാനാവുമോ? ‘ലോകത്ത് മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ കുറഞ്ഞ വിഭാഗം മാത്രമാണ് നിഖാബ് ധരിക്കുന്നത്. ഞാന്‍ പല രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. ചുറ്റുപാടില്‍ നിന്ന് അങ്ങനെയാണ് ബോധ്യപ്പെടുന്നത്’ എന്നാണ് ഡോ. ഗഫൂറിന്‍റെ ബഡാന്യായം. ഏതെല്ലാം ലോകത്ത് ഏതൊക്കെ സ്ത്രീകള്‍ മുഖാവരണം ധരിക്കുന്നുവെന്നതല്ല പ്രശ്നം. മതം സ്ത്രീയുടെ പൂര്‍ണ സുരക്ഷക്കായി നിയമമാക്കിയ മുഖാവരണം വേണ്ടതില്ല എന്ന് കല്‍പ്പന പുറപ്പെടുവിക്കാന്‍ നിങ്ങള്‍ക്കെന്താണ് അധികാരം? അമിത ഫീസ് ഈടാക്കി മുസ്ലിം കുട്ടികളെ കൊണ്ട് വിദ്യാഭ്യാസ കരിഞ്ചന്ത നടത്തുന്ന നിങ്ങളുടെ സമുദായ സ്നേഹം മനസ്സിലാക്കാത്തവരല്ല മുസ്ലിം വിദ്യാര്‍ത്ഥികള്‍. വേറെ മാര്‍ഗങ്ങളില്ലാത്തത് കൊണ്ട് ചുമക്കുകയാണെന്നു മാത്രം. ഒരുകാലത്ത് ഈ പുരോഗമന പ്രസ്ഥാനത്തെ പാലും തേനും നല്‍കി വളര്‍ത്തിയ സമുദായ പാര്‍ട്ടിക്കും എംഇഎസിന്‍റെ വിപ്ലവ വളര്‍ച്ചയില്‍ ചെറുതല്ലാത്ത പങ്കുണ്ടെന്നതും കൂട്ടിവായിക്കണം. മഹാനായ ബാഫഖി തങ്ങള്‍ അരക്കെട്ടില്‍ നിന്ന് വാരിവലിച്ചെറിഞ്ഞ ഈ മുറുക്കാന്‍പൊതി പില്‍ക്കാലത്ത് ചിലരെങ്കിലും അരയില്‍ തിരുകിയിട്ടുണ്ടെന്നത് മറക്കുന്നില്ല.

മുസ്ലിം സ്ത്രീ എത്ര-എങ്ങനെ-എവിടെയൊക്കെ മറയ്ക്കണമെന്ന് ഗവേഷണം നടത്തി രേഖപ്പെടുത്തിയ മുജ്തഹിദുകളൈ ഇപ്പോള്‍ ഓര്‍മവരിക സ്വാഭാവികം. മുഖം മറക്കേണ്ടതില്ല എന്ന ഗവേഷണ വിവരം നല്‍കുന്ന ഡോ. ഫസലിന് മുന്നും പിന്നും മറച്ചാല്‍ മതി എന്ന ഗവേഷണ പടുക്കളെ കുറിച്ചറിയുമോ? മുഖാവരണം ഒഴിവാക്കി, പര്‍ദ വലിച്ചെറിഞ്ഞ് വസ്ത്രങ്ങള്‍ ഒന്നൊന്നായി അഴിഞ്ഞ് വീഴുമ്പോള്‍ പൊതുസമൂഹത്തിന്‍റെ ചുറ്റുപാടില്‍ നിന്ന് മനസ്സിലാകുന്നത് സ്ത്രീ മുന്നും പിന്നും മറച്ചാല്‍ മതി എന്നിടത്തേക്ക് നടന്നടുക്കാന്‍ ദൂരം കൂടുതലുണ്ടെന്ന് തോന്നുന്നില്ല. അഭിനവ ബുദ്ധിജീവികള്‍ ഇസ്ലാമിന് ഉണ്ടാക്കിത്തീര്‍ത്ത കളങ്കം ചെറുതല്ല. മതത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങളെ കുറിച്ചോ നിയമങ്ങളെ കുറിച്ചോ ചെറുവിവരം പോലുമില്ലാത്തവര്‍ക്ക് കയറിമേയാന്‍ വിശുദ്ധ മതത്തെ ഒതുക്കിക്കൊടുക്കാന്‍ ഇവന്മാര്‍ മത്സരിക്കുകയായിരുന്നു. മൂസാനബിയുടെ മുഅ്ജിസത്ത് ഖുര്‍ആന്‍ പരാമര്‍ശിച്ചില്ലായിരുന്നെങ്കില്‍ കൂടുതല്‍ യൂറോപ്യന്മാരുടെ കടന്നുവരവ് ഇസ്ലാമിലുണ്ടാവുമായിരുന്നു എന്ന് നിരീക്ഷിച്ചു റശീദ് രിള. ഈ നിരീക്ഷണത്തിന്‍റെ മറപറ്റി ഖുര്‍ആന്‍ പരാമര്‍ശിച്ച മുഅ്ജിസത്തുകള്‍ അതിശയോക്തിപരമാണെന്നും ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുണ്ടെന്നും പറഞ്ഞുവച്ചു സിഎന്‍ അഹ്മദ് മൗലവി. ഹദീസുകളിലായിരുന്നു അബ്ദുസ്സലാം സുല്ലമിയുടെ ഗവേഷണം. മുസ്ലിം ലോകം ഇന്നോളം സ്വീകരിച്ചുവന്നിരുന്ന പല ഹദീസുകളും സുല്ലമിയുടെ ന്യായയുക്തിക്ക് മുന്നില്‍ ബലഹീനമായി. ഒന്നുകൂടെ കാടിളകിയ ഗവേഷണ തന്ത്രമായിരുന്നു ചേകനൂര്‍ മൗലവിയുടേത്. അബൂഹുറൈറ(റ) അടക്കമുള്ള സ്വഹാബി പ്രമുഖരെ ജൂത ഏജന്‍റായി ചിത്രീകരിക്കാന്‍ ചേകനൂര്‍ മൗലവിക്കും അശേഷം മടി തോന്നിയില്ല. ഖുര്‍ആനിലും സുന്നത്തിലും മേഞ്ഞ് കയറി താന്തോന്നിത്തം കാണിച്ച മൗലവി എന്തൊക്കെയായിരുന്നു വിളിച്ച് കൂവിയത്. എല്ലാം നടേ സൂചിപ്പിച്ച ന്യായയുക്തിയുടെ പിന്‍ബലത്തിലായിരുന്നു. സ്ത്രീ പൊതുരംഗ പ്രവേശനമടക്കം പൊതുസമൂഹത്തിന് താല്‍പര്യമുള്ള മതവിരുദ്ധരായ  വൈകാരിക വിഷയങ്ങളിലെല്ലാം ഇത്തരം അഭിനവ മുഫ്തിമാരെ കണ്ടിട്ടുണ്ട്. ആഇശ ബീവിയും ജമല്‍ യുദ്ധവുമെല്ലാം ഒഴുകിവരും അവരുടെ ഫത്വകളില്‍. സിനിമയും പലിശയുമെല്ലാം അനുവദനീയ നിയമപരിധിയില്‍ കൊണ്ടുവരാന്‍ ജിബ്രീല്‍ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടതും ‘ഹീലത്തുരിബ’യുമെല്ലാം ഉള്‍ക്കൊള്ളിച്ച ഗവേഷണ പടുക്കളെയും അനുഭവിക്കാന്‍ കേരള മുസ്ലിംകള്‍ക്ക് ദുര്യോഗ്യമുണ്ടായിട്ടുണ്ട്. കഴിഞ്ഞ കാല അഇമ്മത്തിനെ തള്ളി, മദ്ഹബുകളെ നിരാകരിച്ച് സ്വയം മുഫ്തി ചമയുന്നവര്‍ ഇസ്ലാമിനെ നശിപ്പിക്കും എന്ന മുന്‍കാല മഹത്തുക്കളുടെ ദീര്‍ഘവീക്ഷണം എത്ര സത്യം!

You May Also Like
Telling Lies- Malayalam

കളവു പറയല്‍

കള്ളം പറയലും പ്രചരിപ്പിക്കലും പരിശുദ്ധ ഇസ്ലാം കഠിനമായി വിലക്കിയതാണ്. അതിരു വിടുന്ന തമാശകളും കുസൃതികളും പലപ്പോഴും…

● അബ്ദുല്‍ അസീസ് സഖാഫി വാളക്കുളം

നഫീസത്ത് മാല: ജനസഹസ്രങ്ങളുടെ ആശ്വാസ കാവ്യം

മകൻ അബൂബക്കറിന് ശക്തമായ പനി ബാധിച്ചു. കൂടെ ശ്വാസംമുട്ടും നീർക്കെട്ടും. പിതാവായ നാലകത്ത് കുഞ്ഞിമൊയ്തീൻ സാഹിബ്(ന:മ)…

● അബ്ദുല്ല അമാനി പെരുമുഖം
Uhd War- Malayalam

കാലം കരഞ്ഞ നിമിഷം

ശക്തനും ധൈര്യശാലിയും ആയുധമുറകളില്‍ നിപുണനുമായിരുന്നു നീഗ്രോ വംശജനായ വഹ്ശി ഇബ്നു ഹര്‍ബ്. ബനൂനൗഫല്‍ ഗോത്രക്കാരനും ഖുറൈശി…

● ടിടിഎ ഫൈസി പൊഴുതന