ഇന്ന് ആഇശ(റ)യുടെ വിവാഹമാണ്. ബീവി(റ)യെ ചമയിച്ചൊരുക്കി കൂട്ടുകാരികൾ തിരുനബി(സ്വ)യുടെ വീട്ടിലേക്ക് പറഞ്ഞയക്കുകയാണ്. മൂന്ന് വർഷം മുമ്പ് മക്കയിൽ നിന്ന് നികാഹ് നടന്നതാണ്. ഹിജ്റ രണ്ടിന് ബദ്ർ യുദ്ധം കഴിഞ്ഞയുടനെ ശവ്വാൽ മാസത്തിലാണ് വിവാഹം നടക്കുന്നത്. മക്കയിലെ സാമാന്യം വലിയ വീട്ടിൽ നിന്നാണ് ആഇശ(റ) വരുന്നത്. നാട്ടിലെ സമ്പന്നനായ വ്യാപാരിയായിരുന്നു പിതാവ് അബൂബക്കർ(റ). അതുകൊണ്ട് തന്നെ അക്കാലത്ത് ലഭ്യമായ എല്ലാ സൗകര്യങ്ങളും വീട്ടിലുണ്ടായിരുന്നു. പിന്നീട് മദീനയിൽ വന്നതിന് ശേഷവും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. മദീനയിൽ ഖസ്റജ് ഗോത്രത്തിലെ ഹാരിസ് വംശജനായ സൈദു ബിൻ ഖാരിജ(റ)യുടെ വീട്ടിലായിരുന്നു സിദ്ദീഖ്(റ) താമസിച്ചത്. ഖാരിജ(റ)യും അബൂബക്കറും(റ) സഹോദരന്മാരായി ചെറിയ കുടിലിൽ കഴിഞ്ഞു. അൻസ്വാറുകൾക്കൊപ്പം കൃഷിപ്പണിയിൽ സഹകരിച്ചു. കുറച്ചുകാലം മാത്രമേ സിദ്ദീഖ്(റ)വും കുടുബവും ഖാരിജയുടെ വീട്ടിൽ താമസിച്ചുള്ളൂ. വൈകാതെ അബൂഅയ്യൂബുൽ അൻസ്വാരി(റ)യുടെ വീടിനു പരിസരത്തൊരു വീട് കണ്ടെത്തി അബൂബക്കർ(റ)വും കുടുംബവും അങ്ങോട്ട് താമസം മാറ്റി. മക്കയിലെ പോലെ സമൃദ്ധമല്ലെങ്കിലും മദീനയിലും ആ കുടുംബത്തിന് താരതമ്യേനെ ഭേദപ്പെട്ട അവസ്ഥയായിരുന്നു. ഈ സുഖസൗകര്യങ്ങൾക്കിടയിൽ നിന്നാണ് റസൂൽ(സ്വ)യുടെ മണവാട്ടിയായി മദീനയിലെ വീട്ടിലേക്ക് കടന്നുവരുന്നത്.
വളരെ പരിമിതമായ ജീവിതസൗകര്യങ്ങൾക്കിടയിലേക്കാണ് ആഇശ(റ) പറിച്ചു നടപ്പെട്ടത്. മദീനയിൽ അവിടന്ന് പണിതീർത്ത മസ്ജിദുന്നബവിയോട് ചേർന്നുണ്ടാക്കിയ ഏതാനും മുറികളിലൊന്നിലേക്കാണ് ആഇശ(റ)യെ കൂട്ടുകാരികൾ ആനയിച്ചത്. പള്ളിയുടെ കിഴക്കു ഭാഗത്തുള്ള രണ്ട് വാതിലുകളുള്ള ചെറിയൊരു മുറിയായിരുന്നു അത്. മുറിയുടെ പടിഞ്ഞാറു ഭാഗത്തു നിന്ന് പള്ളിയിലേക്കൊരു വാതിൽ. മറ്റൊരു വാതിൽ പുറത്തേക്കും. വീടിന്റെ ആകെ വിസ്തൃതി ഏഴു മുഴത്തിൽ താഴെ മാത്രം. കുഴച്ച മണ്ണ് തേച്ചു മിനുസപ്പെടുത്തിയ ചുമര്. ഈന്തപ്പനത്തടിയിൽ ഓല വിരിച്ചുണ്ടാക്കിയ മേൽക്കൂര. കൈ പൊക്കിയാൽ തട്ടുന്നത്ര ഉയരമേ മേൽക്കൂരക്കുണ്ടായിരുന്നുള്ളൂ. പൊടിയും മഴചാറ്റലും അകത്തേക്ക് വരാതിരിക്കാൻ ഒരു കമ്പിളിത്തുണി ചുറ്റും വലിച്ചുകെട്ടിയിരിക്കുന്നു. ഇതായിരുന്നു വീടിന്റെ ചിത്രം. ഒരു പായ, ഒരു വിരിപ്പ്, മരത്തൊലി നിറച്ച ഒരു തലയിണ, ഇരിക്കാൻ മൂന്ന് കാലുള്ള ഒരു പലക, വെള്ളം ശേഖരിക്കാനും മുക്കി ഉപയോഗിക്കാനുമുള്ള ഓരോ പാത്രങ്ങൾ, ധാന്യപ്പൊടിയും കാരക്കയും സൂക്ഷിക്കാൻ ഏതാനും മൺപാത്രങ്ങൾ… മദീനയിലെ രാജാവും രാജ്ഞിയും ജീവിക്കുന്ന വീട്ടിലെ സൗകര്യങ്ങൾ ഇത്രയുമായിരുന്നു.
ഭക്ഷണത്തിന് പോലും മിക്ക ദിവസങ്ങളിലും ബുദ്ധിമുട്ടായിരുന്നു. തുടർച്ചയായി മൂന്ന് ദിവസം വയറുനിറയെ ഭക്ഷണം കഴിച്ച ഒരനുഭവം നബികുടുംബത്തിനുണ്ടായിരുന്നില്ലെന്ന് മാലോകരോട് പറഞ്ഞതും ആഇശ സിദ്ദീഖ(റ) തന്നെയാണല്ലോ. അടുപ്പിൽ തീ പുകയാതെ ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞുപോയിട്ടുണ്ട്. കാരക്കയും വെള്ളവുമായിരുന്നു ആ സമയത്തെ ഭക്ഷണം. അതും വളരെ കുറച്ചു മാത്രം. ഭർതൃവീട്ടിലെ അസൗകര്യങ്ങളിലോ പരിവട്ടങ്ങളിലോ ചെറിയ നീരസം പോലും മഹതി പ്രകടിപ്പിച്ചില്ല.
സേവനനിരതമായ പകലിനൊടുവിൽ രാത്രി വിശ്രമിക്കാൻ തിരുനബി(സ്വ) ഊഴമനുസരിച്ച് ബീവിയുടെ കുടിലിലെത്തും. വല്ലതും കഴിക്കാനുണ്ടെങ്കിൽ അവർ ഒരുക്കിവെച്ചിട്ടുണ്ടാകും. തവിടുകളയാത്ത ഗോതമ്പുപൊടികൊണ്ടുണ്ടാക്കിയ പരുക്കൻ റൊട്ടി, അൽപം പാൽ, അപൂർവമായി മാത്രം ഇറച്ചിയും പത്തിരിയും. ഇങ്ങനെ വല്ലതുമൊക്കെയുണ്ടാകും. പല രാത്രികളിലും ഒന്നും കൊടുക്കാനുണ്ടാവില്ല. മറ്റു ഭാര്യമാരും അരികെ തന്നെയാണല്ലോ താമസം. ആഇശ(റ) തന്റെ അപ്പുറവും ഇപ്പുറവുമുള്ള സൗദയുടെ(റ)യും ഹഫ്സ്വ(റ)യുടെയും കുടിലിലെല്ലാം വിളിച്ചു ചോദിക്കും. അവിടെയും പലപ്പോഴും ഭക്ഷണമുണ്ടാകില്ല. ഭർത്താവിന്റെ വിശപ്പ് തീർക്കാൻ സാധിക്കാത്തതിലായിരിക്കും അവരുടെ സങ്കടം.
ഭക്ഷണമുള്ള ദിവസങ്ങളിൽ കഴിക്കാൻ നബി(സ്വ)യെ ബീവി കാത്തിരിക്കും. രണ്ടുപേരും ഒന്നിച്ചാണ് കഴിക്കുക. ഒരേ പാത്രത്തിൽ നിന്ന് രണ്ടാളും വെള്ളം കുടിക്കും. ആഇശ ചുണ്ടുവെച്ചു കുടിച്ച ഭാഗത്തുതന്നെ റസൂലും അധരം ചേർത്തുവെച്ചു കുടിക്കും. തമാശകൾ പറഞ്ഞുള്ള പതിഞ്ഞ സ്വരത്തിലുള്ള ചിരികളും ആ കുടിലിൽ നിന്ന് കേൾക്കാം. മറ്റു ഭാര്യമാരോടൊപ്പമുള്ള രാത്രികളിലും ഇതുതന്നെയാണ് രീതി. പ്രഭാത ഭക്ഷണത്തിന്റെ കാര്യവും ഇപ്രകാരം തന്നെ. ഇറങ്ങാൻ നേരം അവിടന്ന് അന്വേഷിക്കും: ഇന്ന് ഭക്ഷണമുണ്ടോ? ഉണ്ടെങ്കിൽ കഴിക്കും. ഇല്ലെങ്കിൽ, എന്നാലിന്ന് നോമ്പാണെന്ന് പറഞ്ഞ് ആ പകൽ ഇരുവരും നോമ്പു നോൽക്കും.
കിടപ്പുമുറിയിലെ വിരിപ്പിനെ കുറിച്ച് മഹതി പറയുന്നതായി ഇമാം ബൈഹഖി(റ) ഉദ്ധരിക്കുന്നുണ്ട്. തിരുനബി(സ്വ) തോലുകൊണ്ടുള്ള വിരിപ്പും ഈന്തപ്പനയോലകൊണ്ടുള്ള പായയുമാണ് ഉപയോഗിച്ചിരുന്നത്. ഒരിക്കൽ ഒരു അൻസ്വാരി സ്ത്രീ ആഇശ ബീവിയുടെ മുറിയിലേക്ക് വന്നു. അവിടെയുള്ള പരുക്കൻ വിരിപ്പ് കണ്ട് ആഗതക്ക് വിഷമം തോന്നി. അവർ പോയി പരുത്തികൊണ്ടുണ്ടാക്കിയ മിനുസമുള്ള ഒരു വിരിപ്പ് കൊടുത്തയച്ചു. തിരുനബി(സ്വ) വന്നപ്പോൾ പുതിയ വിരിപ്പ് കണ്ട് കാര്യമന്വേഷിച്ചു. വിവരങ്ങളറിഞ്ഞ തിരുനബി(സ്വ)ക്ക് അത് മടക്കിക്കൊടുക്കാനായിരുന്നു താൽപര്യം. അവിടന്ന് ആഇശ(റ)യോട് പറഞ്ഞു: ആവശ്യമെങ്കിൽ സ്വർണത്തിന്റെയും വെള്ളിയുടെയും പർവതങ്ങൾ തന്നെ അല്ലാഹു എനിക്ക് നൽകും.
ഇതെല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് മഹതി തിരുദൂതരുടെ നല്ലപാതിയാവുന്നതിൽ അതിയായി സന്തോഷിച്ചത്. എന്തും സഹിക്കാൻ അവരൊരുക്കമായിരുന്നു. മനസ്സുനിറഞ്ഞ ജീവിതവും പരലോകത്തെ ഉയർന്ന സ്ഥാനമാനങ്ങളും സന്തോഷങ്ങളുമായിരുന്നു അവരുടെ പ്രചോദനം.
സുഖശീതളിമയുടെ പട്ടുമെത്തയിൽ പുതച്ചുറങ്ങുന്ന വർത്തമാനകാലത്തെ തരുണികൾക്ക് ബീവി ആഇശയിൽ(റ) പകർത്താൻ ഏറെ കാര്യങ്ങളുണ്ട്. നിസ്സാര കാര്യങ്ങളുടെ പേരിൽ പരാതിയും പരിഭവങ്ങളും പറഞ്ഞ് പ്രസവിച്ചു പോറ്റിയ മക്കളെ കുറിച്ചുപോലും ചിന്തിക്കാതെ ബന്ധങ്ങൾ തകർത്തെറിയുന്നവരെത്ര?! അടുക്കളയിൽ വിരിച്ച ടൈലിന്റെ നിറം, വാഷിംങ്ങ് മെഷീനിന്റെ കമ്പനി, സോഫയുടെ ഗുണനിലവാരം, ഡൈനിംഗ് ടേബിളിന്റെ വലിപ്പം, ബാൽക്കണിയിലെ അസൗകര്യങ്ങൾ, അടുക്കളയുടെ ചെറുപ്പം, ഡ്രസിംഗ് ഏരിയ കുറഞ്ഞുപോയ ബെഡ് റൂം, കട്ടിലിന്റെ പോരായ്മ, അലമാരയുടെ ഭംഗിയും എടുപ്പും… ഇങ്ങനെ നിസ്സാര കാര്യങ്ങൾക്കുവേണ്ടിയാണ് പലരുടെയും സമരം.
ആവശ്യത്തിനും അനാവശ്യത്തിനുമായി നാം ധൂർത്തടിച്ചു കളയുന്നതിനെ കുറിച്ച് എന്നാണ് വീണ്ടുവിചാരമുണ്ടാവുക? കല്യാണം, പെരുന്നാൾ, ബർത്ത് ഡേ, ആനിവേഴ്സറി തുടങ്ങി പല പേരു പറഞ്ഞ് ഓരോ വർഷവും എത്ര ജോഡി വസ്ത്രങ്ങളാണ് നാം വാങ്ങിക്കൂട്ടുന്നത്. പെണ്ണ് വിചാരിച്ചപോലെ കാര്യങ്ങൾ നടന്നില്ലെങ്കിൽ പിന്നീട് വീടകം കലാപ ഭൂമിയായിയെന്ന് പരിതപിക്കുന്ന ഭർത്താക്കളെത്ര! അങ്ങനെ തുടങ്ങിയ നീരസങ്ങളാണ് പിന്നീട് വലിയ പിണക്കങ്ങളായി പരിണമിച്ചിട്ടുള്ളത്. ഒടുവിൽ വിവാഹമോചനങ്ങളിൽ കലാശിച്ച അനുഭവങ്ങളനവധി. സ്രഷ്ടാവിന്റെ നിയോഗമായി ലഭിച്ച ജീവിതമെന്ന വലിയ അനുഗ്രഹത്തെ കുരങ്ങന്റെ കൈയിൽ കിട്ടിയ പൂമാലപോലെ കുടഞ്ഞെറിയുന്നത് എത്ര നിർഭാഗ്യകരമാണ്? ആഇശ(റ) ഉൾപ്പെടെയുള്ള മാതൃകാ മഹതികളുടെ ജീവിതം നാം വായിക്കുന്നതും കേൾക്കുന്നതും ചരിത്രത്തിൽ ഊറ്റംകൊള്ളാനാകരുത്, ആ ജീവിതസന്ദേശങ്ങൾ സ്വന്തത്തിൽ പകർത്താൻ വേണ്ടിയാവണം. അപ്പോഴാണ് നമ്മുടെ ജീവിതം സാർഥകമാവുക.
നിശാദ് സിദ്ദീഖി രണ്ടത്താണി