പുരുഷന്മാരുടെ ഞെരിയാണിക്കു താഴേക്കിറക്കിയ പാന്റ്, ജുബ്ബ, മുണ്ട് തുടങ്ങിയ ഏതുതരം വസ്ത്രവും വർജ്യമാണ്. ഇങ്ങനെയുള്ളവ അഹങ്കാരപൂർവമാകുമ്പോൾ നിഷിദ്ധവും അല്ലാത്തപക്ഷം കറാഹത്തും ആണെന്നാണ് ശാഫിഈ മദ്ഹബിന്റെ വിധി.
എന്നാൽ ഈ നിയമം ഖമീസിന് (നീളത്തിലുള്ള കുപ്പായം) ബാധകമല്ലെന്ന രീതിയിൽ തെറ്റായ പ്രചാരണം വ്യാപകമായി നടന്നിട്ടുണ്ട്. നിലം തൂത്തുവാരുന്ന നീളൻ അറേബ്യൻ ‘സൗബു’കളിൽ ചേക്കേറിയ നവ ഫ്രീക്കൻസിനെ ആരോ പറഞ്ഞു പറ്റിച്ചതാണിത്. കാരണം സ്വഹീഹുൽ ബുഖാരി (5/6, ഹദീസ് ക്രമ നമ്പർ 3665) ഉദ്ധരിക്കുന്ന ഹദീസിൽ ‘ആരെങ്കിലും തന്റെ വസ്ത്രം കീഴ്പോട്ട് (അമിതമായി) ഇറക്കിയിട്ടാൽ ഉയർത്തെഴുന്നേൽപ്പു നാളിൽ അല്ലാഹു അവനെ ഗൗനിക്കുകയില്ല’ എന്ന ആശയം കാണാം. ഇവിടെ ഉപയോഗിച്ച ‘സൗബ്’ വസ്ത്രമെന്ന വിശാല അർഥത്തിലാണെന്ന് കർമശാസ്ത്ര പണ്ഡിതരൊക്കൊ ഗ്രഹിച്ചിട്ടുണ്ട്.
തുഹ്ഫത്തുൽ മുഹ്താജ് (3/35) അടക്കമുള്ള ആധികാരിക കർമശാസ്ത്ര ഗ്രന്ഥങ്ങളെല്ലാം ഖമീസടക്കമുളള വസ്ത്രങ്ങൾ ധിക്കാരപൂർവം കീഴോട്ടിറക്കുന്നത് തികഞ്ഞ തെമ്മാടിത്തമാണെന്ന് തുറന്നെഴുതിയതു കാണാം. പലരും കൂടുതൽ വ്യക്തതയോടെ ‘ഖമീസിന്റെ’ പേരെടുത്തു തന്നെ വിലക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. ഫതാവാ ഇബ്നി മസ്റൂഅ് (9698), ഫതാവാ അലിയ്യിനിൽ ബാകസീർ (പേ. 152), ഹാശിയതു തർമസീ (3/313) തുടങ്ങിയവ ഉദാഹരണം.
വസ്ത്രധാരണവും ലിംഗ സമത്വവും
സ്ത്രീകൾ പുരുഷന്മാരുടേതോ മറിച്ചോ വസ്ത്രം ധരിക്കുന്നത് ഗുരുതരമായ തെറ്റാണ്. അങ്ങനെ ധരിക്കുന്നവരെ സാക്ഷ്യത്തിനു യോഗ്യതയില്ലാത്ത ‘ഫാസിഖ്’ ആയി കണക്കാക്കപ്പെടും (തുഹ്ഫ 3/3435). വിദ്യാലയങ്ങളിൽ യൂണിഫോമുകളിൽ ലിംഗ സമത്വം കൊണ്ടുവരാനുള്ള നീക്കം മതപരമായ അവകാശങ്ങളുടെ ലംഘനമാണ്. സൃഷ്ടിപ്പിലുള്ള വൈജാത്യങ്ങൾ ഉടുപ്പും നടപ്പും ഏകീകരിച്ചു മാറ്റാൻ ശ്രമിക്കുന്നത് പാഴ്വേലയാണ്. സ്വന്തം വ്യക്തിത്വം പോലും മറച്ചുപിടിക്കാൻ പ്രേരിപ്പിക്കുന്ന ഏതു പുരോഗമന പ്രത്യയ ശാസ്ത്രവും പിന്നോട്ടു വലിക്കുന്ന പിന്തിരിപ്പന്മാരുടേതു തന്നെയായിരിക്കും.
വർഗത്തിലും രൂപത്തിലും എതിർ ലിംഗത്തിന്റെ മാത്രമോ അവരിൽ സാർവത്രികമോ ആയ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതാണ് കുറ്റകരമായ സമത്വത്തിന്റെ മാനദണ്ഡം (നിഹായ 2/374).
സജ്ജനങ്ങളുടേതായി പ്രത്യേക വസ്ത്ര ധാരണ രീതി പ്രകടമായാൽ അവരല്ലാത്തവർ അവ ധരിക്കാൻ പാടില്ല. പണ്ഡിത വസ്ത്രം പാമരർ ധരിക്കുന്നതിനും വിലക്കുണ്ട് (ശബ്റാമല്ലിസി 2/382). ബഹുജനങ്ങൾക്ക് ആളെ പെട്ടെന്നു തിരിച്ചറിഞ്ഞു മതവിധികൾ ചോദിച്ചു പഠിക്കാനായി പണ്ഡിതന്മാർക്കു പ്രത്യേക ഡ്രസ്കോഡ് നല്ലതാണെന്നും ഇമാമുകൾ രേഖപ്പെടുത്തിയിട്ടുണ്ട് (തുഹ്ഫ 3/39 കാണുക).
പട്ടും പുടവയും
സ്വർണവും വെള്ളിയും പോലെ പട്ടു വസ്ത്രവും പുരുഷൻ ഉപയോഗിക്കുന്നതിന് മതത്തിൽ ശക്തമായ വിലക്കുണ്ട്. സ്ത്രീകൾക്കും പ്രായപൂർത്തിയാവാത്ത ആൺകുട്ടികൾക്കും ഇളവുണ്ട്. ബുദ്ധിമാന്ദ്യമുള്ളവർക്കു ധരിപ്പിക്കുന്നതിനും വിലക്കില്ല. എന്നാൽ കുട്ടികളെയും ബുദ്ധിമാന്ദ്യമുള്ളവരെയും രക്ഷിതാക്കൾ സ്വർണവും വെള്ളിയും പട്ടു വസ്ത്രങ്ങളും ധരിപ്പിക്കാതിരിക്കുന്നത് കറാഹത്താണ് (ശർഹു ബാഫള്ൽ, മൗഹിബ സഹിതം 3/298 കാണുക).
മറ്റു വസ്ത്രങ്ങൾ ലഭ്യമാകാതിരിക്കുക, ചർമരോഗങ്ങളുടെ ശമനത്തിനു നിർണിതമാകുക തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ മുതിർന്ന പുരുഷനും പട്ടു വസ്ത്രം ധരിക്കാം (തുഹ്ഫ 3/22,23).
മലിന വസ്ത്രം
ഈർപ്പമില്ലാത്ത മലിന വസ്ത്രങ്ങൾ ധരിക്കുന്നതിനു വിരോധമില്ല. എന്നാൽ നിസ്കാരത്തിന്റെ സമയം അടുക്കുകയും ശരീരം വിയർത്ത് വസ്ത്രത്തിലെ മാലിന്യം ദേഹത്ത് പുരളുമെന്നും ശരീരം വെടിപ്പാക്കി നിസ്കരിക്കാൻ സമയ വിശാലത ഇല്ലാതിരിക്കുകയും ചെയ്താൽ അരുത് (അസ്നൽ മത്വാലിബ് ഹാശിയ സഹിതം 1/277, നിഹായതുൽ മുഹ്താജ് 2/382,383 കാണുക).
ഇസ്മാഈൽ അഹ്സനി പുളിഞ്ഞാൽ