മനുഷ്യൻ സാമൂഹ്യ ജീവിയാണ്. മറ്റുള്ളവരെ ആശ്രയിച്ചു മാത്രമേ ഭൂമിയിൽ അവനു നിലനിൽപ്പുള്ളൂ. എല്ലാവരും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ പരസ്പരാശ്രിതരാണ്. കുടുംബം, അയൽവാസി, പൊതുസമൂഹം തുടങ്ങി എല്ലാ തലത്തിലും മനുഷ്യർ സമ്പൂർണ പരാശ്രിതരാണ്. ബഹുസ്വരമായൊരു സാമൂഹിക ഘടനയിലും സ്‌നേഹമസൃണമായ സഹവർത്തിത്വം വിഭാവനം ചെയ്യുന്ന മതമാണ് ഇസ്‌ലാം.
അപരവൽക്കരണത്തിന്റെയോ അന്യവൽക്കരണത്തിന്റെയോ നിലപാടുകളല്ല, സമാധാനപരമായ പാരസ്പര്യവും സ്‌നേഹം കുടികൊള്ളുന്ന ഇടപഴകലുകളുമാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്. പരസ്പരം അറിയാനും അടുക്കാനുമുള്ള വിവിധ കവാടങ്ങളാണ് ഇസ്‌ലാമും അതിന്റെ പ്രവാചകരായ തിരുനബി(സ്വ)യും നമുക്കു മുന്നിൽ തുറന്നിടുന്നത്. സാമുദായിക ധ്രുവീകരണത്തെയും അപരമത വിദ്വേഷത്തെയും തീ തുപ്പുന്ന വർഗീയതയെയും അവിടന്ന് പ്രതിരോധിക്കുകയാണുണ്ടായത്. സാമൂഹിക ഘടകങ്ങളെ മുഴുവൻ ഉൾക്കൊള്ളിച്ചുള്ള ജീവിതക്രമമാണ് നബി(സ്വ)യുടെ പ്രസ്താവനകളിൽ മുഴുവൻ കാണുന്നത്.
സ്രഷ്ടാവിനോടും സൃഷ്ടികളോടുമുള്ള കടപ്പാടുകൾ യഥാവിധി നിറവേറ്റി ജീവിക്കാനാണ് അല്ലാഹുവും റസൂലും(സ്വ) വിശ്വാസികളോട് കൽപ്പിച്ചിട്ടുള്ളത്. സ്രഷ്ടാവിനോടുള്ള കടപ്പാട് നിർവഹിക്കാതെ സൃഷ്ടികളോടു നല്ല ബന്ധം പുലർത്തിയതു കൊണ്ടോ, സൃഷ്ടികളോട് നല്ല രീതിയിൽ പെരുമാറാതെ സ്രഷ്ടാവിനെ തൃപ്തിപ്പെടുത്താൻ ശ്രമിച്ചതുകൊണ്ടോ വിജയം സാധ്യമല്ല.
‘നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുക, അവനോട് ഒന്നും പങ്കുചേർക്കരുത്. മാതാപിതാക്കൾ, ബന്ധുക്കൾ, അനാഥകൾ, അഗതികൾ, കുടുംബബന്ധമുള്ള അയൽവാസികൾ, കുടുംബബന്ധമില്ലാത്ത അയൽവാസികൾ, കൂട്ടുകാർ, യാത്രക്കാർ, അടിമകൾ എന്നിവർക്ക് നന്മ ചെയ്ത് അവരോടു നല്ല നിലയിൽ വർത്തിക്കുക. പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായ ആരെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല’ (ഖുർആൻ 4: 36) എന്ന സൂക്തം സാമൂഹിക ബന്ധത്തിന്റെ അനിവാര്യതയാണ് സൂചിപ്പിക്കുന്നത്. സമൂഹത്തോട് പൊതുവെയും ചില വിഭാഗങ്ങളോട് പ്രത്യേകിച്ചും മനുഷ്യന് ബാധ്യതകളുണ്ട്. അവ പാലിച്ചും ശ്രദ്ധിച്ചുമാണ് വിശ്വാസികൾ ജീവിക്കേണ്ടത്.
വിശ്വാസികളും
പരസ്പര സഹകരണവും
ഒരു ആരാധ്യനിലും ഒരു ആദർശത്തിലും വിശ്വസിക്കുന്ന മുസ്‌ലിംകൾ സഹോദരന്മാരെ പോലെ വർത്തിക്കണമെന്നാണ് പ്രവാചകർ(സ്വ) നൽകുന്ന പാഠം. അവിടന്ന് പറയുന്നു: മുസ്‌ലിംകൾ പരസ്പര സ്‌നേഹത്തിലും കാരുണ്യത്തിലും അനുകമ്പയിലും ഒരു ശരീരം പോലെയാണ്. അതിലൊരു അവയവത്തിന് രോഗം ബാധിച്ചാൽ ശരീരമാസകലം ഉറക്കമൊഴിച്ചും പനിച്ചും ആ അവയവത്തോട് അനുഭാവം കാണിക്കുന്നു (മുസ്‌ലിം 2586).
ഇസ്‌ലാമിക സമൂഹം ഒറ്റ ശരീരമാണെന്ന് മനസ്സിലാക്കി പരസ്പര സഹകരണം ഉറപ്പുവരുത്തണമെന്നാണ് നബി(സ്വ) നൽകുന്ന സന്ദേശം. സമുദായത്തിലെ ഒരംഗത്തിന് വല്ല വിഷമവും വന്നാൽ അതിൽ നിന്ന് മോചനം ലഭിക്കാൻ വേണ്ട സഹായങ്ങൾ മറ്റുള്ളവർ ചെയ്തുകൊടുക്കണം. ശരീരംകൊണ്ടും ധനംകൊണ്ടും സ്വാധീനംകൊണ്ടും ഉപദേശംകൊണ്ടും മധ്യസ്ഥതകൊണ്ടും കഴിയുന്ന സഹായങ്ങൾ ചെയ്തുകൊടുക്കാൻ വിശ്വാസികൾ ബാധ്യസ്ഥരാണ്.
പരസ്പര സ്‌നേഹം പ്രധാനം
സ്‌നേഹം മധുവാണ്. അത് പകർന്നു നൽകുമ്പോൾ മാത്രമാണ് നുകരാൻ അവസരമുണ്ടാവുക. വിശ്വാസികൾ പരസ്പരം സ്‌നേഹമുള്ളവരാവണമെന്നു പഠിപ്പിച്ച നബി(സ്വ) സ്‌നേഹ ബന്ധങ്ങൾ നിലനിർത്താനാവശ്യമായ പല മാർഗങ്ങളും നിർദേശിച്ചിട്ടുണ്ട്. അതിൽ പ്രധാനമാണ് സലാം പറയൽ. അബൂഹുറൈറ(റ) നിവേദനം ചെയ്യുന്ന ഹദീസിൽ നബി(സ്വ) പറയുന്നു: നിങ്ങൾ വിശ്വാസികളാകുന്നതു വരെ സ്വർഗത്തിൽ പ്രവേശിക്കുകയില്ല; നിങ്ങൾ പരസ്പരം സ്‌നേഹിക്കുന്നതുവരെ നിങ്ങൾ വിശ്വാസികളാവുകയില്ല; ഞാൻ നിങ്ങൾക്ക് ഒരു കാര്യം പറഞ്ഞുതരട്ടെയോ? അതു ചെയ്താൽ നിങ്ങൾ പരസ്പരം സ്‌നേഹമുള്ളവരായിത്തീരും. നിങ്ങൾക്കിടയിൽ സലാം പ്രചരിപ്പിക്കുക എന്നതാണത് (മുസ്‌ലിം 93). വിശ്വാസി മനസ്സുകൾക്കിടയിൽ ഇണക്കം കൂട്ടുന്ന മന്ത്രമാണ് സലാമെന്ന് സാരം.
സമ്മാനം നൽകുന്നതും പരസ്പര സ്‌നേഹാദരവുകൾക്ക് നിമിത്തമാണെന്ന് ഹദീസ് പാഠങ്ങളിലുണ്ട്. റസൂൽ(സ്വ) സമ്മാനങ്ങൾ സ്വീകരിക്കുകയും മറ്റുള്ളവർക്ക് സമ്മാനം നൽകാൻ പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവിടന്ന് പറയുന്നു: നിങ്ങൾ പരസ്പരം സമ്മാനങ്ങൾ കൈമാറുക. എന്നാൽ നിങ്ങൾക്കിടയിൽ സ്‌നേഹ ബന്ധമുണ്ടാകും (ബുഖാരി 594).
അയൽവാസികളോട്
സാമൂഹിക ജീവിതത്തിൽ അനിവാര്യ ഭാഗമാണ് അയൽവാസികൾ. ഓരോരുത്തർക്കും തന്റെ അയൽവാസി കാവലാളാണ്. തന്റെ അഭാവത്തിലും സാന്നിധ്യത്തിലും വീട്, കുടുംബം, സ്വത്ത് എന്നിവയുടെ സംരക്ഷണവും മറ്റു സഹായ സഹകരണങ്ങളും പാരസ്പര്യത്തിലൂടെ അരക്കിട്ടുറപ്പിക്കുന്നത് നല്ല അയൽബന്ധങ്ങളിലൂടെയാണ്.
ഓരോരുത്തരുടെയും പാർപ്പിടത്തിനടുത്ത് വസിക്കുന്നവരാണല്ലോ അയൽവാസികൾ. ഇതു ഏകദേശം 160 വീടോളമാണ്. വലതു വശത്തും ഇടതുവശത്തും പിന്നിലും മുന്നിലും നാൽപത് വീടുകൾ വീതം നമ്മുടെ അയൽവാസികളാണ് (ഫത്ഹുൽബാരി 3/513). നബി(സ്വ) പറയുന്നു: അയൽവാസികൾ മൂന്നു വിധമുണ്ട്. ഒന്നാം വിഭാഗത്തോട് മൂന്നു കടപ്പാടും രണ്ടാം വിഭാഗത്തോട് രണ്ടു കടപ്പാടും മൂന്നാം വിഭാഗത്തോട് ഒരു കടപ്പാടുമുണ്ട്. മൂന്ന് കടപ്പാടുള്ളത് കുടുംബ ബന്ധുവും മുസ്‌ലിമുമായ അയൽക്കാരോടാണ്. അയൽപ്പക്കാവകാശവും കുടുംബ ബന്ധാവകാശവും ഇസ്‌ലാമിക സാഹോദര്യാവകാശവും അയാൾക്കുണ്ട്. രണ്ട് കടപ്പാടുള്ളത് അയൽക്കാരനായ മുസ്‌ലിമിനോടാണ്. അയൽപ്പക്കാവകാശവും ഇസ്‌ലാമിക സാഹോദര്യാവകാശവും അയാൾക്കുണ്ട്. ഒരു കടപ്പാട് മാത്രമുള്ളത് അമുസ്‌ലിമായ അയൽക്കാരനോടാണ്. അയൽപ്പക്കത്തിന്റെ അവകാശം അയാൾക്കുണ്ട് (ഇഹ്‌യ 2/231).
അയൽക്കാരുടെ പ്രാധാന്യവും പ്രസക്തിയും തിരുദൂതരുടെ ഒരു പ്രസ്താവനയിൽ കൂടുതൽ പ്രകടമാകുന്നുണ്ട്. അയൽക്കാരനോടുള്ള ബാധ്യത എന്താണെന്നറിയാമോ? അവൻ സഹായം ചോദിച്ചാൽ നീ അവനെ സഹായിക്കണം. അവൻ രക്ഷ ചോദിച്ചാൽ നീ രക്ഷിക്കണം. കടം ചോദിച്ചാൽ കൊടുക്കുകയും ദരിദ്രനായാൽ ഔദാര്യം നൽകുകയും വേണം. രോഗിയായാൽ സന്ദർശിക്കുകയും മരിച്ചാൽ ജനാസയെ പിന്തുടരുകയും ചെയ്യണം. അവനു വല്ല ഗുണവുമുണ്ടായാൽ അനുമോദിക്കുകയും ആപത്തു വന്നാൽ സാന്ത്വനപ്പെടുത്തുകയും വേണം. അവന്റെ സമ്മതമില്ലാതെ അവനു കാറ്റു തടയുന്ന വിധം കെട്ടിടം നിർമിക്കരുത്. നീ പഴങ്ങൾ വാങ്ങുമ്പോൾ കുറച്ച് അവനും പാരിതോഷികമായി നൽകണം. അതിനു കഴിയില്ലെങ്കിൽ രഹസ്യമായി മാത്രം അവ വീട്ടിലേക്ക് കൊണ്ടുപോകണം. പഴവുമായി നിന്റെ കുട്ടി പുറത്തിറങ്ങി അയൽക്കാരന്റെ കുട്ടിയെ വിഷമിപ്പിക്കാനിടവരരുത്. നിന്റെ പാചകത്തിന്റെ വാസനകൊണ്ട് അവനെ ഉപദ്രവിക്കുകയുമരുത്. ഗന്ധമുള്ള വല്ല കറിയും വെക്കുമ്പോൾ അതിൽ നിന്നൊരു വിഹിതം നീ അവനും നൽകണം (ഇഹ്‌യ 2/233).
സുഖദായകമായ സാമൂഹ്യ ജീവിതത്തിന് പ്രാധാന്യം നൽകുന്ന ഇസ്‌ലാം അയൽവാസികളുമായി നല്ല ബന്ധം പുലർത്തുന്നത് സത്യവിശ്വാസത്തിന്റെ പൂർത്തീകരണമായാണ് പരിഗണിക്കുന്നത്. ചില നബിവചനങ്ങൾ കാണുക: ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ അയൽക്കാരനെ ആദരിക്കട്ടെ (ബുഖാരി 6019, മുസ്‌ലിം 74). ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ അയൽക്കാരനു ഗുണം ചെയ്യട്ടെ (മുസ്‌ലിം 77). ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ അയൽവാസിയെ ഉപദ്രവിക്കാതിരിക്കട്ടെ (ബുഖാരി 6018, മുസ്‌ലിം 75).
അയൽവാസിയെ ഉപദ്രവിക്കരുതെന്നും അവർ ഉപദ്രവിച്ചാൽ തന്നെ അവ്വിധം പ്രതികരിക്കരുതെന്നും പ്രയാസങ്ങൾ സഹിച്ചാലും പരമാവധി സഹായ സഹകരണങ്ങൾ ചെയ്തുകൊടുത്ത് അവരോട് നല്ല രീതിയിൽ വർത്തിക്കണമെന്നുമാണ് നബി(സ്വ) പഠിപ്പിക്കുന്നത്. ഒരാൾ സൽസ്വഭാവിയോ ദു:സ്വഭാവിയോ എന്നു തീരുമാനിക്കുന്നതു പോലും തന്റെ അയൽവാസി തന്നെക്കുറിച്ചു പറയുന്നതു പ്രകാരമാണെന്നാണ് തിരുനബി(സ്വ) പകർന്നുനൽകുന്ന പാഠം. സുദൃഢമായ മാനുഷിക ബന്ധത്തിന് ഇത്തരം കാര്യങ്ങൾ നാം ശ്രദ്ധിക്കുക തന്നെ വേണം.
അനാഥ-അഗതി-വിധവ സംരക്ഷണം
അനാഥകൾ, അഗതികൾ, വിധവകൾ എന്നിവരെ നല്ല രീതിയിൽ പരിഗണിക്കണമെന്ന് നിരവധി നബിവചനങ്ങളിൽ കാണാം. ചൂണ്ടുവിരലും നടുവിരലും ഉയർത്തിപ്പിടിച്ച് തിരുനബി(സ്വ) പ്രസ്താവിച്ചു: ഞാനും അനാഥയെ സംരക്ഷിക്കുന്നവനും സ്വർഗത്തിൽ ഇപ്രകാരമാണ് (സ്വഹീഹുൽ ബുഖാരി).
അനാഥയെ പ്രയാസപ്പെടുത്തുന്നത് വിശ്വാസിയുടെ സ്വഭാവമല്ലെന്നാണ് ഇസ്‌ലാമിക നിലപാട്. അനാഥയെ ആട്ടിയകറ്റുകയും പ്രയാസപ്പെടുത്തുകയും ചെയ്യുന്നവർക്ക് ശക്തമായ മുന്നറിയിപ്പ് മതം നൽകി. അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: നിങ്ങൾ ഏഴു വൻദോഷങ്ങളിൽ നിന്ന് അകന്നുനിൽക്കുക.
അതു കേട്ടപ്പോൾ സ്വഹാബികൾ ചോദിച്ചു: ‘ഏതാണ് ആ ഏഴു മഹാപാപങ്ങൾ?’
അവിടന്ന് പ്രതിവചിച്ചു: അല്ലാഹുവിനോട് പങ്കുചേർക്കൽ, മാരണം ചെയ്യൽ, അന്യായമായി ആളെ കൊല്ലൽ, പലിശ ഭോജനം, അനാഥകളുടെ സ്വത്ത് ഭുജിക്കൽ, യുദ്ധമുഖത്തു നിന്ന് പിന്തിരിഞ്ഞോടൽ, വിശ്വാസിനികളും പതിവ്രതകളുമായ സ്ത്രീകളുടെ മേൽ വ്യഭിചാരാരോപണം നടത്തൽ എന്നിവയാണവ (ബുഖാരി 6857).
അനാഥയുടെ സമ്പത്ത് ഭുജിക്കുന്നവർക്ക് ഖുർആൻ അനുശാസിക്കുന്ന ശിക്ഷ അതിമാരകമാണ്. ‘അനാഥരുടെ ധനം അന്യായമായി തിന്നുന്നവർ യഥാർത്ഥത്തിൽ സ്വന്തം വയറ്റിൽ നിറക്കുന്നത് തീ മാത്രമാണ്. ആളിക്കത്തുന്ന നരകത്തിൽ അവർ വേവുകതന്നെ ചെയ്യും (4/10). ‘അനാഥരുടെ സമ്പത്ത് നിങ്ങൾ അവർക്കു തിരിച്ചുകൊടുക്കേണ്ടതാണ്. നല്ല മുതലിനെ ചീത്ത മുതലാക്കി മാറ്റാതിരിക്കുക. നിങ്ങൾ അവരുടെ സ്വത്ത് സ്വന്തം സ്വത്തിനോട് ചേർത്ത് ഭുജിക്കാവതല്ല. അതു മഹാപാപമാണ് (4/2).
സമൂഹത്തിൽ അവശതയനുഭവിക്കുന്നവരെ കണ്ടെത്തണമെന്നും സമ്പൂർണ അന്വേഷണം നടത്തി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്നും മുഹമ്മദ്(സ്വ)യുടെ നിർദേശമുണ്ട്. ‘ആളുകളുടെ വാതിൽക്കൽ ചുറ്റിക്കറങ്ങി ഒന്നോ രണ്ടോ ഉരുളകളോ ഒന്നോ രണ്ടോ കാരക്കയോ വാങ്ങുന്നവനല്ല അഗതി. പ്രത്യുത, ആവശ്യത്തിനു മാത്രം ധനമില്ലാത്തവനും തങ്ങളുടെ ദാരിദ്ര്യം മറ്റുള്ളവരുടെ ശ്രദ്ധയിൽ പെട്ട് ധർമം ലഭിക്കാത്തവനും ജനങ്ങളുടെ മുമ്പിൽ എഴുന്നേറ്റുനിന്നു ചോദിക്കാത്തവനുമാണ് യഥാർത്ഥ അഗതി (ബുഖാരി, മുസ്‌ലിം).
അശരണരും നിരാലംബരുമായവർ വ്യത്യസ്ത ആവശ്യങ്ങളുമായി സമീപിക്കുമ്പോൾ അവർക്കു നേരെ സഹായ ഹസ്തം നീട്ടാൻ പ്രേരിപ്പിക്കുന്നുണ്ട് നബി(സ്വ). അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം. അല്ലാഹു പറയുന്നതായി നബി(സ്വ) അറിയിക്കുന്നു: ഖിയാമത് നാളിൽ നാഥൻ ചോദിക്കും: മനുഷ്യാ, ഞാൻ രോഗിയായപ്പോൾ നീ എന്നെ സന്ദർശിച്ചിട്ടില്ല.
അപ്പോൾ അയാൾ പറയും: ‘എന്റെ റബ്ബേ, നിന്നെ ഞാൻ എങ്ങനെ സന്ദർശിക്കും? നീ ലോകരക്ഷിതാവല്ലേ.’
ഉടൻ അല്ലാഹു പറയും: എന്റെ ഇന്ന അടിമ രോഗിയായ വിവരം നീ അറിഞ്ഞില്ലേ? എന്നിട്ടും നീ അവനെ സന്ദർശിച്ചില്ല. നീ അവനെ സന്ദർശിച്ചിരുന്നുവെങ്കിൽ നിനക്ക് അവന്റെയടുത്ത് എന്നെ കാണാമായിരുന്നു.
അല്ലാഹു വീണ്ടും: ‘മനുഷ്യാ, ഞാൻ നിന്നോട് ഭക്ഷണം ആവശ്യപ്പെട്ടു. പക്ഷേ, നീ എനിക്കു ഭക്ഷണം തന്നില്ല.’
അയാൾ ചോദിക്കും: ‘ഞാൻ എങ്ങനെ നിനക്കു ഭക്ഷണം നൽകാനാണ്? നീ ലോകരക്ഷിതാവല്ലേ.’
അല്ലാഹു പറയും: ‘എന്റെ ഇന്ന അടിമ നിന്നോട് ഭക്ഷണം ചോദിച്ചില്ലേ. നീ അവനു ഭക്ഷണം നൽകിയില്ല. നീ അവനു അന്നം കൊടുത്തിരുന്നുവെങ്കിൽ നിനക്കത് എന്റെയടുക്കൽ കാണാമായിരുന്നു.’
നാഥൻ തുടരുന്നു: മനുഷ്യപുത്രാ, ഞാൻ നിന്നോട് വെള്ളം ചോദിച്ചിരുന്നു. നീ എനിക്ക് വെള്ളം നൽകിയില്ല.
അവൻ പറയും: ‘എന്റെ റബ്ബേ, ഞാൻ നിനക്ക് എങ്ങനെ വെള്ളം തരും. നീ ലോകരക്ഷിതാവല്ലേ.’
അല്ലാഹുവിന്റെ മറുപടി: എന്റെ ഇന്ന അടിമ നിന്നോട് വെള്ളം ചോദിച്ചു. പക്ഷേ, നീ അവന് വെള്ളം നൽകിയില്ല. നീ വെള്ളം നൽകിയിരുന്നുവെങ്കിൽ നിനക്ക് അതെന്റെയടുക്കൽ കാണാമായിരുന്നു (മുസ്‌ലിം).
അനാഥകൾക്കും അഗതികൾക്കും കാവലാളാകുന്നതോടൊപ്പം വിധവകളുടെ സംരക്ഷണം കൂടി വിശ്വാസി ഏറ്റെടുക്കണമെന്നും നബി(സ്വ) പഠിപ്പിക്കുന്നുണ്ട്.
അധികമാരും ശ്രദ്ധിക്കാതെ പോകുന്ന ഒരു വിഭാഗമാണ് വിധവകൾ. മാനവരാശിക്കു മൊത്തം എന്തോ വലിയ തെറ്റുചെയ്ത് തഴയപ്പെട്ട അവസ്ഥയിലാണ് വിധവകളിൽ അധിക പേരും ഇന്നു കഴിയുന്നത്. ഏറ്റവും സുന്ദരമായ ജീവിതയാത്രയുടെ പാതിയിൽ ഒറ്റക്കായിപ്പോയതു നിമിത്തം ഇരുട്ടിൽ തപ്പുന്നവരാണ് പല വിധവകളും. അതുവരെ കളിചിരികളിൽ കൂടെയുണ്ടായിരുന്ന പലരുടെയും മുഖപ്രസാദം മായുകയും കണ്ട ഭാവം നടിക്കാത്ത അവസ്ഥയുമാണ് പിന്നീടനുഭവപ്പെടുക. അവിടെയാണ് കാരുണ്യത്തിന്റെ പ്രവാചകർ വിധവാ സംരക്ഷണമേറ്റെടുക്കുന്നവർക്കുള്ള പ്രതിഫലം വെളിപ്പെടുത്തി പ്രചോദിപ്പിക്കുന്നത്. ‘അഗതിക്കു വേണ്ടിയും വിധവക്കു വേണ്ടിയും പരിശ്രമിക്കുന്നവൻ അല്ലാഹുവിന്റെ മാർഗത്തിൽ ധർമസമരം നടത്തുന്ന സൈനികനെ പോലെയും രാത്രി തളരാതെ നിസ്‌കാരത്തിൽ വ്യാപൃതനാവുന്നവനെ പോലെയും ഒരിക്കലും ഉപേക്ഷ വരുത്താതെ ദിവസവും നോമ്പനുഷ്ഠിക്കുന്നവനെ പോലെയുമാണ്’ (ബുഖാരി, മുസ്‌ലിം).
അമുസ്‌ലിംകളോടും സൗമ്യത
തിരുനബി(സ്വ) മുസ്‌ലിംകളോടു മാത്രമല്ല, ഇതര സംസ്‌കൃതികളോടും സഹിഷ്ണുത പ്രകടിപ്പിക്കാനുള്ള പാഠങ്ങളാണ് പകർന്നുനൽകിയിട്ടുള്ളത്. മത നിരപേക്ഷതയും സൗഹൃദവും ഇത്രമേൽ പ്രകടിപ്പിച്ച മറ്റൊരു നേതാവിനെ ചരിത്രത്തിൽ കാണില്ല. സഹോദര മതാനുയായികളോട് അവിടന്ന് കാണിച്ച വിശാല മനസ്‌കത ചരിത്രത്താളുകളിൽ ഉല്ലേഖനം ചെയ്യപ്പെട്ടു കിടക്കുകയാണ്. ഇതര മതസ്ഥരോടുള്ള റസൂലിന്റെ പെരുമാറ്റങ്ങൾ പലപ്പോഴും ശത്രുവിനെ കൂടി മിത്രമാക്കുന്നതും ഇസ്‌ലാം വിരുദ്ധർപോലും ശാന്തസുന്ദര മതത്തിന്റെ വക്താക്കളായി മാറുന്ന വിധത്തിലുമായിരുന്നു.
ഒരിക്കൽ ഒരു ജൂത പണ്ഡിതൻ നബി(സ്വ)യിൽ നിന്ന് തനിക്ക് ലഭിക്കാനുള്ള ദീനാറുകൾ ആവശ്യപ്പെട്ടു വന്നു. നേരത്തെ നിശ്ചയിച്ച അവധി എത്തുന്നതിന് മുമ്പായിരുന്നു അദ്ദേഹം പണം തിരിച്ചാവശ്യപ്പെട്ടത്. കടം വീട്ടാനുള്ള സംഖ്യ ഇപ്പോൾ തന്റെ കൈയിലില്ലെന്ന് തിരുനബി(സ്വ) അയാളെ അറിയിച്ചു. പണം കിട്ടാതെ താൻ തിരിച്ചു പോകില്ലെന്ന് അയാൾ ശാഠ്യം പിടിച്ചു. എന്നാൽ ഞാൻ താങ്കളോടൊപ്പം ഇരിക്കാമെന്നായി നബി(സ്വ). അങ്ങനെ ളുഹ്ർ, അസ്വർ, മഗ്‌രിബ്, ഇശാഅ്, സുബ്ഹ് നിസ്‌കാരങ്ങൾ തിരുദൂതർ അവിടെവെച്ചു നിർവഹിച്ചു. എന്നിട്ടും അയാൾ തന്റെ ദു:ശാഠ്യം ഉപേക്ഷിക്കാൻ തയ്യാറായില്ല. ഇതെല്ലാം നിരീക്ഷിച്ചുകൊണ്ടിരുന്ന സ്വഹാബാക്കൾ ഒടുവിൽ അയാളെ ഭീഷണിപ്പെടുത്തി. പ്രവാചകർ അവരെ തടഞ്ഞു. അപ്പോൾ സ്വഹാബികൾ തിരുദൂതരോട്: ‘അല്ലാഹുവിന്റെ റസൂലേ, ഒരു ജൂതൻ അങ്ങയെ തടഞ്ഞുവെക്കുകയോ?’
പ്രവാചകർ(സ്വ) പ്രതിവചിച്ചു: ‘നമ്മളുമായി ഉടമ്പടി ചെയ്തവരോടും അല്ലാത്തവരോടും അനീതി കാണിക്കുന്നത് എന്റെ രക്ഷിതാവ് വിലക്കിയിരിക്കുന്നു.’
എന്നാൽ, അടുത്ത ദിവസത്തെ സൂര്യോദയം ആ ജൂതപണ്ഡിതന്റെ ഇസ്‌ലാമികാശ്ലേഷണത്തിനാണ് സാക്ഷിയായത്. സത്യസാക്ഷ്യം ചൊല്ലി സന്മാർഗ പ്രവേശം നടത്തിക്കൊണ്ട് അദ്ദേഹം പ്രഖ്യാപിച്ചു: ‘എന്റെ സമ്പത്തിന്റെ അർധഭാഗം അല്ലാഹുവിന്റെ മാർഗത്തിലേക്ക് ഞാൻ നീക്കിവെച്ചിരിക്കുന്നു. അറിയുക, അല്ലാഹുവാണ് സത്യം. ഞാൻ താങ്കളോട് ഇത്തരത്തിൽ പെരുമാറിയത് തൗറാത്തിൽ പ്രതിപാദിച്ചിട്ടുള്ള താങ്കളുടെ ഗുണഗണങ്ങൾ നിരീക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ മാത്രമായിരുന്നു. ‘അബ്ദുല്ലയുടെ മകൻ മുഹമ്മദ്, അദ്ദേഹത്തിന്റെ ജന്മദേശം മക്കയും പലായന സ്ഥലം തൈ്വബ(മദീന)യുമാണ്. അദ്ദേഹത്തിന്റെ അധികാരസീമകൾ സിറിയയിലെത്തിച്ചേരും. അദ്ദേഹം ദു:സ്വഭാവിയോ കഠിനഹൃദയനോ അങ്ങാടികളിൽ ബഹളമുണ്ടാക്കുന്നവനോ അശ്ലീല സ്വഭാവങ്ങളുള്ളവനോ പരുഷമായി സംസാരിക്കുന്നവനോ ആയിരിക്കില്ല.’ അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും താങ്കൾ അല്ലാഹുവിന്റെ പ്രവാചകനാണെന്നും ഞാനിതാ സാക്ഷ്യപ്പെടുത്തുന്നു. എന്റെ ധനമിതാണ്. അതിൽ താങ്കൾ അല്ലാഹു കാണിച്ചുതന്നതു പ്രകാരം വീതിച്ചുകൊള്ളുക. വലിയ സമ്പന്നനായിരുന്നു അദ്ദേഹം (ദലാഇലുന്നുബുവ്വ 6/280).
സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ