റമളാൻ മാസം അവസാനിക്കുന്നത് ശവ്വാൽ പിറവിയോടു കൂടിയാണ.് ശവ്വാൽ പിറവി വിശ്വാസികളെ ചെറിയ പെരുന്നാളിന്റെ പൂമുഖത്തേക്കാണ് നയിക്കുന്നത്. ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനത്തിനുടനെ ഒരു ആഘോഷം. നിശ്ചിത സമയങ്ങളിൽ അന്നപാനാദികളും മറ്റും വർജിക്കണം എന്ന കടുത്ത നിയന്ത്രണത്തിന്റെ പരിധിയിൽ നിന്നും നോമ്പനുഷ്ഠാനം അനുവദനീയമല്ലാത്ത ഒരു ദിവസത്തിലെ സന്തോഷപ്പെരുന്നാളിലേക്കുള്ള പ്രവേശം. സൗകര്യം പോലെ താനിച്ഛിക്കുന്ന അനുവദനീയ ഭക്ഷണ പാനീയങ്ങൾ കഴിക്കാവുന്ന പകൽ. മുൻ ദിവസങ്ങളിലെ പകലുകളിൽ പറ്റാതിരുന്ന പലതും അനുവദനീയമായി. ഒരു ആരാധനയുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണത്തിന് പരിസമാപ്തിയായി നിശ്ചയിക്കപ്പെട്ടത് കൂടിയാണ് ചെറിയ പെരുന്നാൾ.

നോമ്പനുഷ്ഠാനം പാടില്ല എന്നവിഷയത്തിൽ ദുൽ ഹജ്ജ് 11, 12, 13 എന്നീ മൂന്ന് ദിവസങ്ങൾ കൂടി ബലി പെരുന്നാളിനൊപ്പമുണ്ട.് അതിനാൽ ഒരു ദിവസം മാത്രം നോമ്പനുഷ്ഠാനം പാടില്ലാത്ത പെരുന്നാൾ ചെറിയ പെരുന്നാളായി. എന്നാൽ ഈദുൽ ഫിത്വ്ർ എന്നാണ് അറബിയിൽ ഇതിന് പറയുക. അഥവാ നോമ്പവസാനിപ്പിക്കുന്ന പെരുന്നാൾ. ഓരോ നോമ്പ് ദിവസത്തിലും നോമ്പ് തുറക്കുന്ന സമയം ഒരു സന്തോഷാവസരമാണ്. ഒരു മാസത്തെ നോമ്പും നോമ്പ് കാലത്തെ പകൽ രീതിയും മാറുന്ന ഒരു സന്തോഷാവസരമാണ് ഫിത്വ്‌റ് പെരുന്നാൾ. ഓരോ നോമ്പ് ദിനത്തിലും നോമ്പ് തുറപ്പിക്കുക എന്ന പുണ്യത്തിനവസരമുണ്ട്. ഇത് സുന്നത്താണ്. പെരുന്നാൾ ദിനത്തോടനുബന്ധിച്ച് ഭക്ഷ്യധാന്യ വിതരണവുമുണ്ട്, സകാത്തുൽ ഫിത്വ്ർ. നോമ്പിന് ശേഷമുള്ള പെരുന്നാളിൽ നിർബന്ധമായ ദാനമാണിത്. നോമ്പനുഷ്ഠാനം നിർബന്ധം, നോമ്പ് തുറപ്പിക്കൽ സുന്നത്ത്. പെരുന്നാളാഘോഷം സുന്നത്ത,് നോമ്പൊഴിവാക്കലും ഫിത്വ്‌റ് സകാത്ത് കൊടുക്കലും നിർബന്ധം. നോമ്പും ഈദുൽ ഫിത്വ്‌റും തമ്മിൽ ഒരു അമ്പിളിക്കീർ പ്രത്യക്ഷപ്പെടുന്ന സമയത്തിന്റെ അകലമാണ്. പക്ഷേ, അതോടെ വലിയ മാറ്റത്തെയാണ് വിശ്വാസി സ്വീകരിക്കുന്നത്. അല്ലെങ്കിൽ വലിയ മാറ്റമാണ് ഇസ്‌ലാം വിശ്വാസിയിൽ നിന്നാവശ്യപ്പെടുന്നത്.

പെരുന്നാളുകൾ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം കേവലമായ ആഘോഷമല്ല മറിച്ച് ആഘോഷിച്ച് ആരാധന നിർവഹിക്കുന്നതിനുള്ള ഒരു വിശേഷാവസരമാണ്. വർഷത്തിൽ രണ്ടു പെരുന്നാളവസരങ്ങളാണ് വിശ്വാസികൾക്കുള്ളത്. ശവ്വാൽ ഒന്ന്, ദുൽഹജ്ജ് 10. ഈ രണ്ടു ദിവസങ്ങളെയും പെരുന്നാളായി നിശ്ചയിച്ച് നബി (സ്വ) മുഖേന അല്ലാഹു നമ്മെ അറിയിച്ചതാണ്.

പെരുന്നാൾ ചൈതന്യം
വിശ്വാസി ലോകത്തിനാകമാനമാണീ അവസരം. ഭൗതികമായ ഏതെങ്കിലും വിഭവങ്ങളെ പോലെ യല്ലല്ലോ പെരുന്നാൾ. അതൊരു സമയമാണ,് കാലമാണ്. അതിലെ അനുഗ്രഹ കടാക്ഷം എല്ലാവർക്കും ഒരുപോലെ നൽകുന്നതിനൊരു തടസ്സവുമില്ല. നോമ്പ് കാലത്തിന് ശേഷം ഒരു പെരുന്നാൾ, നോമ്പിൽ നിന്ന് രക്ഷപ്പെടലായല്ല വിശ്വാസിക്കനുഭവപ്പെടുക. അങ്ങനെ പെരുന്നാളിനെ മനസ്സിലാക്കാനും പാടില്ല. മറിച്ച് നോമ്പ് കാലത്തെ പൂർണമായി പ്രാപിക്കാനായതിലുള്ള ആത്മ സംതൃപ്തിയും അതിന്റെ സ്വീകാര്യതക്ക് വേണ്ടിയുള്ള പ്രാർത്ഥനാമനസ്സുമാണ് പെരുന്നാൾ ചൈതന്യം. നോമ്പും റമളാനും സ്വീകാര്യമായി എന്ന് മനസ്സിലാക്കുന്നതിന് കൂടി ഫിത്വ്ർ സകാത്ത് ഉതകും. ഫിത്വ്ർ സകാത്ത് നൽകുമ്പോഴാണ് നോമ്പ് സ്വീകാര്യമാവുക. പെരുന്നാളിന്റെയും നോമ്പിന്റെയും പരസ്പര ബന്ധത്തിൽ പ്രത്യക്ഷത്തിൽ വൈരുധ്യം കാണുമ്പോഴും പാരസ്പര്യത്തിന്റെ കരുത്ത് ഇവിടെ പ്രകടമാണ്. വിശ്വാസിയുടെ ജീവിതത്തിൽ പെരുന്നാളിന്റെ ആത്മീയപ്രാധാന്യം ഇതിൽ നിന്ന് മനസ്സിലാക്കാം.

പെരുന്നാളാഘോഷം എന്ന പ്രയോഗത്തിലെ ആഘോഷം എന്ന പദം പലരും പലവിധത്തിലാണ് മനസ്സിലാക്കിയിട്ടുള്ളത്. പലർക്കും പെരുന്നാളിന്റെ ഗുണം എന്തെന്ന് മനസ്സിലാവില്ല. ആഘോഷത്തിമർപ്പിൽ അർമാദിക്കാനൊരു ദിവസമെന്ന നിലയിൽ പെരുന്നാളിനെ കണക്കാക്കിയാൽ ഇക്കാലത്ത് പലരെയും സംബന്ധിച്ചിടത്തോളം എന്നും പെരുന്നാൾ തന്നെയായിരിക്കും. പ്രത്യേകമായി പെരുന്നാൾ ദിനങ്ങൾ ആവശ്യമില്ല എന്ന് അവർക്ക് തോന്നിയേക്കാം. കാരണം എന്നും എപ്പോഴും ജീവിതം തിമിർത്താഘോഷിക്കുന്നവർക്ക് പെരുന്നാളിന്റെ ഗുണവും മധുരവും അനുഭവിക്കാൻ കഴിയില്ലല്ലോ.ആഘോഷം എന്നാൽ പുതുവസ്ത്രം ധരിക്കലും നല്ല ഭക്ഷണം കഴിക്കലുമാണെങ്കിൽ അവ രണ്ടും അവരെ സംബന്ധിച്ചിടത്തോളം സർവ സാധാരണമാണല്ലോ. എങ്കിൽ പിന്നെന്തു പെരുന്നാൾ?

ടെക്‌സ്‌റ്റൈൽസുകളിലെ ഡമ്മിയുടെ റോളാണ് പുതിയ ഫാഷൻ വസ്ത്രങ്ങൾ മാറിമാറി ഉപയോഗിക്കുന്നതിൽ ചിലർക്ക്. അവർക്കെങ്ങനെയാണ് പെരുന്നാൾ കോടിയുടെ മധുരവും മഹത്തവുമറിയുക. പെരുന്നാൾ സീസണിൽ പെരുന്നാൾ ബ്രാൻഡ് ഉപയോഗിക്കുന്നു എന്നല്ലാതെ പെരുന്നാളിന്റെ പേരിൽ പുതുവസ്ത്രം ധരിച്ച് മനം കുളിരണിയുകയോ സന്തോഷമുണ്ടാവുകയോ ചെയ്യുന്നില്ല. ഭക്ഷണക്കാര്യവും അങ്ങനെ തന്നെ സുഭിക്ഷമായും സ്വാദിഷ്ഠമായും ഒരു ഭക്ഷണം കഴിക്കണമെങ്കിൽ പെരുന്നാളും മറ്റാഘോഷങ്ങളും വരണമെന്ന പഴയകാല അവസ്ഥകളിന്നില്ലല്ലോ, ചുരുക്കത്തിൽ പുതുവസ്ത്രം ധരിക്കലും നല്ല ഭക്ഷണം കഴിക്കലുമാണ് പെരുന്നാളാഘോഷം എന്ന് മനസ്സിലാക്കിയവർക്ക് പുതിയകാലത്തെ പെരുന്നാളിന് ഗുണവും മണവും വേണ്ടത്ര അനുഭവപ്പെടില്ല. അത് പെരുന്നാളിന്റെ കുഴപ്പമല്ല അവരുടെ കുഴപ്പമാണ്.

ആഘോഷം = ആരാധന
ഒരു വർഷത്തിലെ ദിവസങ്ങളിൽ നിന്ന് രണ്ടു പെരുന്നാളുകൾ വിശിഷ്ടമായി നിർണയിച്ച് നൽകപ്പെട്ടത് ഉണ്ണാനും ഉടുക്കാനും മാത്രമല്ല. ആഘോഷപൂർവം ആരാധന നടത്താനുള്ള അവസരങ്ങളാണ്. അല്ലെങ്കിൽ ആരാധനാ പൂർവം ആഘോഷിക്കാനുള്ള അവസരമായാണ് ഈ സവിശേഷാവസരങ്ങളെ നാഥൻ നമുക്ക് ഒരുക്കിത്തന്നത്. അന്നേ ദിവസങ്ങളിൽ അല്ലാഹുവിനേറ്റവും ഇഷ്ടമുള്ള നോമ്പനുഷ്ഠാനം നിഷിദ്ധമാണ്, ആഘോഷത്തിന്റെ ഭാഗമായി ഒരു നല്ല ഭോജനം കൂടി വേണമെന്നാണിതിനർത്ഥം. അഥവാ ആഘോഷിച്ചു കൊണ്ട് ആരാധിക്കുക. ആഘോഷവും സന്തോഷവും ഉണ്ടാകുന്ന കാര്യങ്ങൾ ആരാധനയായി മാറുക. അതിന്റെ പേരിൽ പുണ്യം ലഭിക്കുക. പെരുന്നാളുകളിൽ ഉണ്ടാകേണ്ടതും ഉണ്ടാകണമെന്ന് നിർദേശിക്കപ്പെട്ടതും ഇതാണ്.

പെരുന്നാളുകൾ നൽകുന്ന സന്ദേശം
ആഘോഷങ്ങൾക്കിടയിലും ആത്മീയതയെ സംരക്ഷിക്കൽ വിശ്വാസിയുടെ ബാധ്യതയാണ്. സത്യവിശ്വാസിക്കതിന് കഴിയണം. സ്വാതന്ത്ര്യത്തിലും നിയന്ത്രിതനാവാനുള്ള പരിശീലനമാണ് പെരുന്നാളനുഷ്ഠാനത്തിലൂടെ വിശ്വാസി ആർജിക്കുന്നത്. ജീവിതത്തിൽ സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും അവസരങ്ങളും സാഹചര്യങ്ങളും നമുക്കൊക്കെ കടന്നുവരും. അത്തരം ഘട്ടങ്ങളിൽ പലപ്പോഴും ആത്മീയത അവഗണിക്കപ്പെടാറുണ്ട്. വിവാഹ സൽകാരങ്ങൾ, മറ്റു സൽകാരങ്ങൾ, വിരുന്നുകൾ, ആത്മീയചടങ്ങുകളോടനുബന്ധിച്ച് വരെ നിസ്‌കാരം സമയം തെറ്റിക്കുന്നവരെ കാണാറുണ്ട്. എന്നാൽ ആത്മീയത എന്ന് പറയുന്നത് ജീവിതത്തിന്റെ സന്തോഷത്തിലും സന്താപത്തിലും രഹസ്യത്തിലും പരസ്യത്തിലും ഒരുപോലെ സുരക്ഷിതമായിരിക്കണം.

സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും അവസരങ്ങൾ ഒരുക്കിത്തന്നവൻ അല്ലാഹുവാണ്. എന്നിരിക്കെ അവനെ കൂടുതൽ ഓർക്കേണ്ട സമയമാണ് ആഘോഷ സമയം. ആ സമയങ്ങളിൽ അവനെ വിസ്മരിക്കുന്നതും ധിക്കരിക്കുന്നതും നിസ്സാര കാര്യമല്ല. വിശ്വാസിയിൽ നിന്ന് ഉണ്ടാവാൻ പാടില്ലാത്തതാണത്.
പെരുന്നാളുകൾ നൽകുന്ന പ്രധാന സന്ദേശമിത് തന്നെയാണ്. സന്തോഷങ്ങൾ നാഥനെ മറക്കാനല്ല കൂടുതൽ ഓർക്കാനുള്ളതാണ്.

തക്ബീർ ചൊല്ലൽ രണ്ട് പെരുന്നാളുകളിലെയും പ്രധാന സുന്നത്താണ്. വലിയവനായ നാഥന്റെ വിനീതനായ ദാസനാണ് താനെന്ന വിചാരത്തെ ഉള്ളിലുറപ്പിക്കൽ ഇതിലടങ്ങിയിട്ടുണ്ട്. പെരുന്നാൾ ആഘോഷത്തിൽ നിർദ്ദേശിക്കപ്പെട്ട പല കാര്യങ്ങൾക്കും മന:സംതൃപ്തിയുടെയും ഉന്മേഷത്തിന്റെയും പ്രത്യക്ഷമായ ഗുണങ്ങൾ അനുഭവമാണ്. അവ അനുഷ്ഠിക്കുമ്പോൾ ഉണ്ടാകുന്ന ആത്മീയമായ ഫലങ്ങൾ അതിലേറെ മഹത്തമുള്ളതും പുണ്യകരവുമാണ്. സന്തോഷത്തെയും ഉന്മേഷത്തെയും ഇബാദത്താക്കി മാറ്റാൻ കഴിയുന്ന ദിനങ്ങൾ എന്ന നിലയിൽ പെരുന്നാളുകൾ വളരെ പ്രധാനമാകുന്നതതിനാലാണ്. യഥാർത്ഥത്തിൽ ഒരു വെറും നാൾ, പെരും നാൾ ആയിത്തീരുന്നു. ജീവിതത്തിലും ആത്മീയ കാര്യങ്ങളിലും നേടാനാവുന്ന പെരുമയുടെയും പെരുപ്പത്തിന്റെയും പെരും നാളുകൾ. വിശ്വാസികൾക്ക് പെരുന്നാളുകൾ ഒരുക്കുന്ന അവസരങ്ങൾ പരിമിതികൾക്കും പരിധികൾക്കും അതീതമാണ്. അതിനാൽ നാം ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധി കാലത്തും പെരുന്നാളിന് അർത്ഥമോ പ്രസക്തിയോ ഇല്ലാതാകുന്നില്ല.

പെരുന്നാൾ; പുണ്യാവസരം
പെരുന്നാളാഘോഷം സാധ്യതയല്ല, അവസരമാണ്. അതിനാൽ പെരുന്നാളാഘോഷം സാധ്യമാണോ എന്ന ആലോചന ഇവിടെ അപ്രസക്തമാണ്. കാരണം പെരുന്നാളാഘോഷത്തിന്റെ അവസരം നഷ്ടപ്പെടുന്നില്ല എന്നത് തന്നെ. സാമൂഹികമായി പൊതുവായ ഗുണത്തിനു വേണ്ടി അനിവാര്യമായ സാഹചര്യത്തിൽ വ്യവസ്ഥ ചെയ്യപ്പെടുന്ന നിയന്ത്രണങ്ങളുടെ പരിധിക്കകത്തു നിന്നു തന്നെ പെരുന്നാളവസരം ഉപയോഗപ്പെടുത്താനാവും. നമ്മുടെ കാരണത്താലല്ലാത്ത പരിമിതികളും പ്രതിബന്ധങ്ങളും നമുക്കൊരു പ്രതിഫല നഷ്ടവും വരുത്തില്ല. പെരുന്നാൾ പുണ്യാവസരം ഏതവസ്ഥയിലും നമുക്ക് വേണ്ടി നിലനിൽക്കും സുഖ-ദുഃഖ മിശ്ര ജീവിതത്തെ ദുഃഖത്തിന്റേതല്ലാതാക്കാനുള്ള ഉൾക്കരുത്ത് വിശ്വാസിക്കുണ്ടാവണം.

ലോക്ക് ഡൗണും പെരുന്നാളും
ഈ വർഷത്തെ പെരുന്നാളിന് പ്രത്യക്ഷമായ പൊലിമക്കുറവ് തോന്നിയാലും പെരുന്നാൾ മഹിമയെ നിർവീര്യമാക്കും വിധത്തിലുള്ള സാഹചര്യങ്ങളൊന്നും ഇല്ല. വിശ്വാസിയുടെ പെരുന്നാൾ ഈ വർഷവും പെരുന്നാളു തന്നെ. കാരണം അവന്റെ പെരുന്നാൾ ആർഭാടത്തിലും അഹമ്മതിയിലും അധിഷ്ഠിതമല്ല. ആരാധനയും ആഘോഷവും ചേർന്നതാണത്. ആഘോഷത്തിൽ പാലിക്കേണ്ടതും അനുഷ്ഠിക്കേണ്ടതുമായ കാര്യങ്ങളിലധികവും ലോക്ക് ഡൗൺ തുടർന്നാലും പാലിക്കാവുന്നവയാണ്.

പുരുഷന്മാരെ സംബന്ധിച്ചിടത്തോളം പള്ളിയിൽ പോയി പെരുന്നാൾ നിസ്‌കാരം സാധിക്കില്ല, എന്നാൽ വീട്ടിൽ വച്ച് കുടുംബത്തോടൊപ്പം പെരുന്നാൾ നിസ്‌കാരം നിർവഹിക്കാം. അതുപോലെ കുടുംബ സുഹൃദ് സന്ദർശനങ്ങൾ നടക്കില്ല, പക്ഷേ, ഓൺലൈനിലൂടെ ബന്ധവും സൗഹൃദവും പുതുക്കാനും ഊട്ടിയുറപ്പിക്കുവാനുമുള്ള സാധ്യത കൂടുതലാണ്. ഒരു പരിമിതിയെ മറ്റൊരു സൗകര്യം കൊണ്ട് ഒരു പരിധിവരെ അതിജീവിക്കാമെന്നർത്ഥം.

പള്ളിയിൽ പോക്കും കുടുംബ സന്ദർശനവുമല്ലാത്ത എല്ലാ കാര്യങ്ങളും എല്ലാവർക്കും സാധ്യമാണ്. എന്നാൽ എടുത്തു പറയാവുന്ന ഒരു ഗുണവുമുണ്ട്. അഥവാ അർദ്ധ-ഭാഗിക ഫാഷൻ ഉടയാടകളണിഞ്ഞ് ഫാഷൻ പരേഡിന് സമാനമായി, സഹോദരിമാരുടെ പുറത്തിറങ്ങി നടത്ത്മുണ്ടാവില്ല. പെരുന്നാൾ ദിനത്തിൽ ആഘോഷത്തിന്റെ പേരിൽ നടക്കുന്ന ഒരു അരുതായ്മയിൽ നിന്നും ഈ പെരുന്നാൾ കാലത്ത് നമ്മുടെ സഹോദരിമാർ ഒരു പരിധി വരെ മാറി നിൽക്കുമെന്നുറപ്പാണ്. വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇത് ചെറിയ കാര്യമല്ല.

ഫിത്വ്ർ സകാത്ത് നൽകേണ്ട വിധം നൽകുക എന്ന നിർബന്ധ ബാധ്യത നിറവേറ്റുക. പെരുന്നാൾ തക്ബീറുകൾ ധാരാളമായി ചൊല്ലുക. ഇന്നേ ദിവസം പെരുന്നാളാണ് എന്ന വിചാരത്തിൽ പെരുന്നാൾ പുണ്യങ്ങൾ നേടാൻ ശ്രമിക്കുക. റമളാന്റെ വിശുദ്ധിയും വിജയവും സംരക്ഷിക്കാനാണ് പെരുന്നാളെന്ന ഓർമയിൽ പെരുന്നാളാഘോഷിക്കുക. റമളാനിൽ മറ്റു കാലങ്ങളെ അപേക്ഷിച്ച് നാമനുഷ്ഠിച്ച നൻമകൾ നഷ്ടപ്പെടുത്തുന്ന പ്രവർത്തനങ്ങളും പ്രവണതകളും വർജിക്കുക. ജീവിതത്തിൽ ഒരു ചെറിയ പെരുന്നാളിന് ഇനി ഒരു വർഷം കഴിയണമെന്ന ബോധം നമ്മെ നയിക്കണം.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ