ഇസ്‌ലാം മുന്നോട്ടുവെച്ച വിദ്യാഭ്യാസ സംബന്ധിയായ കാഴ്ചപ്പാടുകളെ കൂടുതൽ വ്യക്തതയിലും ഏകീകൃത രൂപത്തിലും സമൂഹത്തിന് പകർന്നുനൽകിയ മഹാപണ്ഡിതനാണ് ഇമാം അബൂഹാമിദ് മുഹമ്മദ് അൽഗസ്സാലി(റ). ഹിജ്‌റ അഞ്ചാം നൂറ്റാണ്ടിൽ പേർഷ്യയിൽ ജീവിച്ച സൂഫിയും പണ്ഡിതനും നിയമജ്ഞനും ചിന്തകനുമെല്ലാമാണ് അദ്ദേഹം. ഇമാം ഹറമൈനിയടക്കമുള്ള അക്കാലത്തെ ഉന്നത പണ്ഡിതരിൽ നിന്ന് അറിവു നേടുകയും വിദ്യാർഥിക്കാലത്തു തന്നെ പ്രശസ്തി നേടുകയും ചെയ്തു. പഠന ശേഷം നിശാപൂരിലും ബഗ്ദാദിലുമുള്ള പ്രമുഖ കലാലയങ്ങളിൽ അധ്യാപനം നടത്തി.
അന്നത്തെ സെൽജൂഖ് മന്ത്രിയായ നിളാമുൽ മുൽക് ത്വൂസിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു ഇമാമിന്. സംവാദങ്ങളിലൂടെയും മറ്റു ഇടപെടലുകളിലൂടെയും സമകാലികർക്കിടയിൽ വളരെ പെട്ടെന്ന് ഇമാം ശ്രദ്ധേയനായി. അങ്ങനെ താരപ്രഭാവത്തിൽ ജീവിക്കുന്നതിനിടെയാണ് ഇമാമിന് ചില ഉൾവിളികളുണ്ടാകുന്നത്. താൻ മനസ്സിലാക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതൊക്കെ തന്നെയാണോ പരമ യാഥാർഥ്യങ്ങൾ? ഇത്തരം ചോദ്യങ്ങൾ ഉള്ളിൽ കിടന്നു നീറുകയും സ്വസ്ഥത നഷ്ടപ്പെടുകയും ചെയ്ത ഇമാം ഒടുവിൽ ഉദ്യോഗവും പദവിയും ഉന്നത ബന്ധങ്ങളുമെല്ലാം ഉപേക്ഷിച്ച് ഇറങ്ങിപ്പുറപ്പെടുകയായിരുന്നു.
ദമസ്‌കസ്, ജറൂസലം, മക്ക, മദീന തുടങ്ങി അനേകമിടങ്ങളിൽ സഞ്ചരിച്ചും താമസിച്ചും സൂഫിസത്തിന്റെ അകക്കാമ്പുകളിലേക്ക് പ്രയാണം നടത്തി ഇക്കാലത്ത് ഗസ്സാലി(റ). ഈ കാലയളവിൽ തന്നെയാണ് ഇഹ്‌യാ ഉലൂമിദ്ദീൻ എന്ന വിഖ്യാത രചന നിർവഹിക്കുന്നതും. യാത്ര കഴിഞ്ഞു തിരിച്ചുവന്നത് ഒരു പുതിയ വ്യക്തിയായിട്ടായിരുന്നു. ത്വൂസിലെ സൂഫി പർണശാലയിലായിരുന്നു ശിഷ്ട ജീവിതം. ഭരണാധികാരികളെ സന്ദർശിക്കുകയോ സംവാദങ്ങളിലേർപ്പെടുകയോ ചെയ്യില്ല എന്ന് അതിനകം ദൃഢപ്രതിജ്ഞയെടുത്തു കഴിഞ്ഞിരുന്നു. അത് കൃത്യമായി പാലിക്കുകയും ചെയ്തു. കർമശാസ്ത്രം, നിദാനശാസ്ത്രം, ദൈവശാസ്ത്രം, തത്ത്വചിന്ത, സൂഫിസം, വിശ്വാസം തുടങ്ങി നിരവധി മേഖലകളിലായി നൂറോളം കനപ്പെട്ട ഗ്രന്ഥങ്ങൾ രചിച്ച ഇമാം ‘ഹുജ്ജത്തുൽ ഇസ്‌ലാം’ അഥവാ മതത്തിന്റെ പ്രമാണം എന്നാണ് അറിയപ്പെടുന്നത്. അഞ്ചാം നൂറ്റാണ്ടിന്റെ പരിഷ്‌കർത്താവ് (മുജദ്ദിദ്) എന്നും ഇമാം പ്രസിദ്ധനാണ്. വിദ്യാഭ്യാസ തത്ത്വചിന്ത (Philosophy of education) യിലെയും സുപ്രധാന ആശയങ്ങളും അടിസ്ഥാനങ്ങളും നൽകിയത് ഗസ്സാലി(റ) തന്നെയാണ്.
വിദ്യാഭ്യാസമെന്നത് ഒരു പ്രത്യേക പഠന ശാഖയായി അക്കാലത്ത് വികസിച്ചിട്ടില്ലായിരുന്നെങ്കിൽ കൂടി അദ്ദേഹം അതിനെ കുറിച്ച് വിശാലമായി എഴുതുകയും ആഴത്തിലുള്ള ആശയങ്ങൾ മുന്നോട്ട് വെക്കുകയും ചെയ്തു. ഇമാം ഗസ്സാലി(റ)യെ ഒരു വിദ്യാഭ്യാസ വിചക്ഷണൻ എന്ന നിലയിൽ വായിക്കുന്നതിന് ഏറെ പ്രസക്തിയുണ്ട്.
വിദ്യാഭ്യാസത്തെ കുറിച്ച് മാത്രം സംസാരിക്കുന്ന ഒരു രചന ഗസ്സാലി ഇമാമിന്റേതായി ഇല്ല. തന്റെ വിഖ്യാത രചനയായ ഇഹ്‌യാ ഉലൂമിദ്ദീനിലെ കിതാബുൽ ഇൽമ്, ആത്മകഥാംശമുള്ള രചനയായ അൽമുൻഖിദു മിനള്ളലാൽ, തന്റെ ശിഷ്യനെഴുതിയ കത്തുകളുടെ സമാഹാരമായ അയ്യുഹൽ വലദ്, മീസാനുൽ അമൽ, ബിദായതുൽ ഹിദായ എന്നിവയിലാണ് ഇവ്വിഷയകമായുള്ള ഗസ്സാലി ചിന്തകൾ കാണാൻ കഴിയുക.
അറിവ് രണ്ട് ഉറവിടങ്ങളിൽ നിന്നാണ് മനുഷ്യനു ലഭിക്കുക; ഇന്ദ്രിയങ്ങളിലൂടെയും യുക്തിയിലൂടെയും എന്ന് ഇമാം എഴുതുന്നുണ്ട്. എന്നാൽ ഈ രണ്ട് ഉറവിടങ്ങളും വളരെ ദുർബലമാണെന്നും ഇതിൽ നിന്നും ഭൗതിക തലങ്ങളെ മാത്രം തൃപ്തിപ്പെടുത്തുന്ന അറിവേ ലഭിക്കൂ എന്നും അദ്ദേഹം തുടർന്ന് വിശദീകരിക്കുന്നു. ദൈവത്തിൽ നിന്നു ലഭിക്കുന്ന ജ്ഞാനം മാത്രമേ പരത്തിലേക്ക് കൂടി ഉപകാരപ്പെടൂ എന്നും ഇമാം കൂട്ടിച്ചേർക്കുന്നു. ഈയൊരു ആശയം മഹാൻ പങ്കുവെക്കുന്നത് കേവലം ഒരു പ്രഖ്യാപനം എന്ന നിലയിലല്ല, അതിലപ്പുറം ദീർഘകാലത്തെ അന്വേഷണ, പര്യവേക്ഷണങ്ങൾക്കു ശേഷമാണ്. അൽമുൻഖിദു മിനള്ളലാൽ എന്ന ഇമാമിന്റെ കൃതികൂടി വായിക്കുമ്പോഴാണ് നമുക്ക് ഈ മഹത്തായ സത്യത്തിലേക്കുള്ള ഇമാമിന്റെ ധൈഷണിക സഞ്ചാരപാത വ്യക്തമാവുക. തത്ത്വചിന്തയിലും ദൈവശാസ്ത്രത്തിലും മറ്റുമെല്ലാം ആഴത്തിൽ പഠനങ്ങൾ നടത്തുകയും ഒടുവിൽ അല്ലാഹുവിലേക്കുള്ള പാതയായ തസ്വവ്വുഫിലാണ് പരമമായ സത്യമുള്ളതെന്നു തിരിച്ചറിയുകയും ചെയ്തു ഇമാം അബൂഹാമിദ് അൽഗസ്സാലി(റ).
മനുഷ്യന്റെ ഗുണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവയിലൊന്നായാണ് ഇമാം അറിവിനെയും വിദ്യാഭ്യാസത്തെയും പരിചയപ്പെടുത്തുന്നത്. ഒരു ശാസ്ത്രമെന്നതിലുപരി പ്രത്യേക പാടവവും നൈപുണ്യവുമൊക്കെയാണ് ഇമാമിന്റെ വീക്ഷണത്തിൽ വിദ്യാഭ്യാസം. വിദ്യാർഥിക്കും ഗുരുവിനുമിടയിലുള്ള ആദാന പ്രദാനങ്ങളാണത്. വിദ്യാർഥിയുടെ ഇഹജീവിതത്തിലുടനീളവും തുടർന്നും അവനെ വഴിനടത്താൻ ഇതിന് സാധിക്കുന്നു. ഈ പ്രക്രിയയിൽ അധ്യാപകനെ പോലെത്തന്നെ വിദ്യാർഥിക്കും കൃത്യമായ സ്ഥാനമുണ്ട്. ശൈഖുൽ ഇസ്‌ലാം സകരിയ്യൽ അൻസ്വാരി(റ)യുടെ വാക്കുകളും ഇവിടെ ചേർത്തു വായിക്കാം. രണ്ട് ‘ഹജറു’കൾക്കിടയിലാണ് ഞാൻ വളർന്നത് എന്നദ്ദേഹം പറയുകയുണ്ടായി. തന്റെ ഉസ്താദായ ഇബ്‌നു ഹജർ അൽഅസ്ഖലാനി, ശിഷ്യനായ ഇബ്‌നു ഹജർ അൽഹൈതമി(റ) എന്നിവരെ കുറിച്ചായിരുന്നു ഈ പ്രയോഗം. അദ്ദേഹത്തിന്റെ പെരുമയിൽ ഗുരുവും ശിഷ്യനും ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ടെന്നു സാരം.
മറ്റൊരു ശ്രദ്ധേയമായ വസ്തുത, പഠിതാവിന്റെ ആത്മീയ വിജയത്തിനു കൂടിയുള്ള വഴിയാണ് വിദ്യാഭ്യാസം എന്നതാണ്. കേവലം ലൗകിക ലക്ഷ്യങ്ങൾ മാത്രമല്ല വിദ്യക്കും വിദ്യാഭ്യാസത്തിനും ഉള്ളതെന്നു ചുരുക്കം. ഇഹലോകം താൽകാലികവും പരലോകം ശാശ്വതവും എന്ന ഇസ്‌ലാമിന്റെ വീക്ഷണ പ്രകാരവും ഐഹികമായ അറിവുകളേക്കാൾ പാരത്രിക ലോകത്തേക്ക് കൂടി ഉപകരപ്പെടുന്നവക്ക് പ്രാധാന്യം നൽകണമെന്നും ഇമാമിൽ നിന്നു വായിച്ചെടുക്കാം.
പരലോകത്തു കൂടി നമ്മെ വിജയത്തിലേക്ക് വഴിനടത്തുന്നതായിരിക്കണം വിദ്യാഭ്യാസമെന്നു പറഞ്ഞല്ലോ. ഇമാം ഗസ്സാലി(റ)യുടെ വീക്ഷണ പ്രകാരം വിദ്യാഭ്യാസത്തിന്റെ ഏറ്റവും ഉന്നതമായ ലക്ഷ്യവും അതുതന്നെ. വിശുദ്ധ മതത്തിന്റെ ശാസനകൾ കൃത്യമായി അംഗീകരിക്കുകയും പകർത്തുകയും അതുവഴി പരലോകത്തെ ശാശ്വത ജീവിതത്തിലെ സന്തോഷവും സുഖവും ഉറപ്പുവരുത്തുകയും ചെയ്യുക. ഇത്തരത്തിലുള്ള വിദ്യാഭ്യാസം നമ്മെ അല്ലാഹുവിലേക്ക് അടുപ്പിക്കും. മാലാഖമാരേക്കാൾ റബ്ബിലേക്ക് നമ്മെ അടുപ്പിക്കാൻ ഇതിനു കഴിയുമെന്ന് കൂടി പറയുന്നുണ്ട് ഇമാം.
സ്വാഭാവികമായും ഇവിടെ ഉയരുന്ന ഒരു ചോദ്യം വൈദ്യം, എൻജിനീയറിങ്, ശാസ്ത്രം തുടങ്ങി ഈ ലോകത്തു നാം അഭ്യസിക്കുന്ന വിദ്യകളെ കൊണ്ടൊന്നും ഒരു കാര്യവുമില്ലേ എന്നതാണ്. ശൈഖ് സഈദ് റമളാൻ ബൂത്വി ഇതിന് വിശദീകരണം നൽകുന്നുണ്ട്. യഥാർഥത്തിൽ ഭൗതികം/ആത്മീയം എന്നിങ്ങനെ വേർതിരിവുകൾ അറിവിനില്ല എന്നദ്ദേഹം അനേകം പ്രഭാഷണങ്ങളിൽ മനോഹരമായി വിശദീകരിക്കുന്നത് കാണാം. നമ്മുടെ നല്ല ഉദ്ദേശ്യത്തിൽ (നിയ്യത്ത്) നിന്നുണ്ടാകുന്നത്/അല്ലാത്തത് എന്ന വ്യത്യാസം മാത്രമാണുള്ളത്. നല്ല നിയ്യത്തിനു വേണ്ടി ഏത് ഭൗതിക ശാസ്ത്രം പഠിച്ചാലും അതെല്ലാം റബ്ബിലേക്ക് നമ്മെ അടുപ്പിക്കും, എന്നാൽ സദുദ്ദേശ്യം വെച്ചല്ലാതെ എത്ര മതവിജ്ഞാനീയങ്ങൾ കരസ്ഥമാക്കാൻ ശ്രമിച്ചാലും അതിന് നാഥന്റെയടുത്ത് സ്വീകാര്യതയുണ്ടാവുകയുമില്ല.
വേറെയും നേട്ടങ്ങളും ലക്ഷ്യങ്ങളും അറിവിനും വിദ്യാഭ്യാസത്തിനുമുണ്ടെങ്കിലും അവയെല്ലാം നടേ സൂചിപ്പിച്ച മഹാലക്ഷ്യത്തിലേക്കുള്ള സഹായകങ്ങൾ മാത്രമാണെന്ന ഗസാലി(റ)യുടെ വീക്ഷണം ഇതിലേക്കുള്ള സൂചനയാണ്. സ്വഭാവ രൂപീകരണം, പരസ്പര ധാർമികതകൾ ശീലിക്കൽ, ഉപജീവന മാർഗം, സാമൂഹിക പുരോഗതി തുടങ്ങി വിദ്യാഭ്യാസത്തിന്റെ അനേകം ലക്ഷ്യങ്ങളെ എണ്ണിയെണ്ണി ഉദാഹരിക്കുന്നുമുണ്ട് ഇമാം. അവയുടെ ചുരുക്കം ഇങ്ങനെ വായിക്കാം: ബാല്യത്തിലേ നൽകുന്ന വിദ്യാഭ്യാസത്തിലധികവും നല്ല സ്വഭാവ രൂപീകരണത്തിനുള്ളതായിരിക്കും. ചെറുപ്പത്തിലേ ഒരു മനുഷ്യനിൽ രൂപപ്പെടുന്ന സ്വഭാവങ്ങളും ശീലങ്ങളും അനുസരിച്ചായിരിക്കും അവന്റെ ഭാവിയിലെ മതപരവും ബൗദ്ധികവും മാനസികവുമായ ഇടപാടുകളെല്ലാം. തുടർന്നു ലഭിക്കുന്ന വിദ്യാഭ്യാസം ധാർമികമായി നമ്മെ ഉയർത്തുന്നു. ഒരു പൂന്തോട്ടത്തിൽ ചെടി നടുന്നതിന് മുമ്പ് നിലമൊരുക്കുന്നതിനോടാണ് ഇതിനെ ഇമാം സമീകരിക്കുന്നത്. നല്ല വളക്കൂറുള്ള മണ്ണിലല്ലേ നല്ല പൂക്കളും കായ്കളും വളരൂ. സമാനമായി, യഥാർഥ അറിവിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ അധ്യാപകർ പഠിതാക്കളുടെ ഹൃദയങ്ങളിൽ ധാർമിക പാഠങ്ങൾ പകർന്നു നൽകി അവനിൽ സദ്ശീലങ്ങൾ വളർത്തുകയും ദുശ്ശീലങ്ങൾ നീക്കം ചെയ്യുകയും വേണം. എങ്കിൽ മാത്രമേ ദൈവിക പാതയിൽ സഞ്ചരിക്കാൻ ആ മനുഷ്യനു കഴിയൂ. മനുഷ്യനു സ്വയം ജീവിക്കാനും തന്റെ ആശ്രിതർക്കു വേണ്ട കാര്യങ്ങൾ നൽകാനും സമ്പാദ്യവും ജീവനോപാധിയും ഉണ്ടായേ തീരൂ. ഈ അടിസ്ഥാന ഭൗതികാവശ്യങ്ങൾ നിറവേറ്റിയാലാണ് തുടർന്നുള്ള സഞ്ചാരം സാധ്യമാവുക. മറ്റൊന്ന്, സാമൂഹിക പുരോഗതിയാണ്. വലിയ പ്രാധാന്യമാണ് ഇതിനും ഇമാം നൽകുന്നത്. ഒരാൾ വിദ്യാഭ്യാസം നേടുമ്പോൾ അദ്ദേഹം ഉൾക്കൊണ്ട സമൂഹം കൂടിയാണ് അതിന്റെ പ്രയോജകരാകുന്നത്. ഉദാഹരണത്തിന്, ഒരു ഡോക്ടർ തന്റെ ജനതയുടെ ആരോഗ്യകരമായ ജീവിതത്തിനു വേണ്ട കാര്യങ്ങളിൽ അവർക്കവബോധം നൽകുന്നു. ഇത് സ്വന്തത്തെ മാത്രമല്ല, മറ്റുള്ളവരെക്കൂടി ഊർജസ്വലരായി സൽകർമങ്ങളിൽ ഏർപ്പെടാനും ഉന്നത ലക്ഷ്യങ്ങളിലേക്ക് സഞ്ചരിക്കാനുമെല്ലാം പ്രാപ്തരാക്കുന്നു. നോക്കൂ, ഇവയെല്ലാം ഇമാം പരമപ്രധാനമായി പറഞ്ഞ, വിദ്യാഭ്യാസത്തിന്റെ മഹാലക്ഷ്യത്തിലേക്കെത്താനുള്ള ചവിട്ടു പടികൾ തന്നെ.
ഈ ഉൽകൃഷ്ടമായ വിദ്യാഭ്യാസ പ്രക്രിയയിൽ വിദ്യാർഥികളെ പോലെ തന്നെ രക്ഷിതാക്കൾക്കും അധ്യാപകർക്കുമെല്ലാം സവിശേഷമായ പങ്കുണ്ട് എന്നു പറഞ്ഞല്ലോ. മറ്റാരെക്കാളും ഒരു വ്യക്തി സ്വന്തം മാതാപിതാക്കളുമായാണല്ലോ ബന്ധപ്പെടുന്നത്. അവരുടെ സ്വഭാവ-ശീലങ്ങൾ ഈ വ്യക്തിയുടെ വളർച്ചയിലും ഗണ്യമായ സ്വാധീനം ചെലുത്തും. അതിനാൽ അവർ കൂടി ശ്രദ്ധ നൽകിയാലേ ഇമാം നിർദേശിക്കുന്ന തലത്തിലേക്ക് വിദ്യാഭ്യാസം ഉയരൂ. വിദ്യാർഥിയുടെ പ്രാഥമിക ഘട്ടത്തിൽ വേണ്ട സംസ്‌കാരം, ഭാഷ, സൽസ്വഭാവങ്ങൾ, വിശ്വാസം തുടങ്ങിയവയെല്ലാം രൂപപ്പെടുന്നത് ഈ ഘട്ടത്തിലാണ്. ഇതിനാലൊക്കെ തന്നെ, ഒരു വിദ്യാർഥിയുടെ വിജയത്തിൽ മാതാപിതാക്കൾ കൂടി പ്രശംസയർഹിക്കുകയും പരാജയത്തിൽ ഉത്തരവാദികളാവുകയും ചെയ്യുമെന്ന് തീർച്ച.
രക്ഷിതാക്കളുടേത് കഴിഞ്ഞാൽ പിന്നെ ഉത്തരവാദിത്തം അധ്യാപകർക്കാണ്. ഒരർഥത്തിൽ അധ്യാപകർക്കാണ് കൂടുതൽ ഭാരിച്ച ചുമതലയെന്നു പറയാം. ഗസ്സാലി(റ)യുടെ അഭിപ്രായത്തിൽ സർവവിധ സൽഗുണങ്ങളും മേളിച്ചവരായിരിക്കണം അധ്യാപകർ. ആ ജീവിതവും ഒരു പാഠമായി വിദ്യാർഥികൾക്ക് പകർത്താനാകണം. അവരുടെ വാക്കുകളെക്കാൾ പ്രവൃത്തികളെയാണ് കുട്ടികൾ അനുകരിക്കാൻ ശ്രമിക്കുക എന്നും ഇമാം അടിവരയിട്ടു പറയുന്നു.
ഇഹ്‌യാ ഉലൂമുദ്ദീനിൽ ഒരു ഗുരുവിന് നിർബന്ധമായും ഉണ്ടായിരിക്കേണ്ട കാര്യങ്ങൾ എണ്ണിപ്പറയുന്നുണ്ട്. വിദ്യാർഥികളോട് കരുണയുള്ളവരാവുകയും അവരെ സ്വന്തം മക്കളെ പോലെ പരിഗണിക്കുകയും ചെയ്യുക, പണത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ലാതെ അറിവു പകരുക എന്ന ഉദ്ദേശ്യം മാത്രം കരുതുക, പ്രവാചക മാതൃക പിന്തുടരുക, വിദ്യാർഥികളെ നന്നായി വിദ്യ അഭ്യസിപ്പിക്കാൻ വേണ്ട പ്രായോഗികവും പുരോഗമനാത്മകവുമായ രീതിശാസ്ത്രങ്ങൾ പിന്തുടരുകയും അടുത്ത ഘട്ടത്തിലേക്ക് അവരെ പ്രാപ്തരാക്കുകയും ചെയ്യുക, വിദ്യാർഥികളുടെ പിഴവുകളും ദുശ്ശീലങ്ങളും സ്‌നേഹബുദ്ധ്യാ തിരുത്തുക, പകർന്നു നൽകുന്ന അറിവ് വിദ്യാർഥിക്ക് മനസ്സിലാക്കാൻ പ്രയാസമുള്ള രൂപത്തിലല്ലെന്നും അവർക്കിത് ആസ്വാദ്യകരമാണെന്നും ഉറപ്പുവരുത്തുക, ഓരോരുത്തർക്കും, അത്ര ഗ്രാഹ്യ ശേഷിയില്ലാത്തവർക്ക് വിശേഷിച്ചും പ്രത്യേക പരിഗണന നൽകുക, പഠിപ്പിക്കുന്നവയെല്ലാം ജീവിതത്തിൽ പകർത്തുക, തന്റെ വാക്കും പ്രവൃത്തിയും തമ്മിൽ വൈരുധ്യങ്ങളില്ലെന്നു ഉറപ്പുവരുത്തുക തുടങ്ങിയവയെല്ലാമാണ് അവയിൽ പ്രധാനപ്പെട്ടവ.
ഇതോടൊപ്പം വിദ്യാർഥി പാലിക്കേണ്ട മര്യാദകളും ഇമാം കൂട്ടിച്ചേർക്കുന്നുണ്ട്. അറിവിനു നിലനിൽക്കാൻ പറ്റിയ പാത്രമായിരിക്കണം പഠിതാവ് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അതിനായി ആത്മീയ മാലിന്യങ്ങളിൽ നിന്നും ദുർഗുണങ്ങളിൽ നിന്നും ആദ്യമേ മുക്തി നേടണം. തന്നെ വിദ്യാഭ്യാസത്തിൽ നിന്ന് അകറ്റിയേക്കാവുന്ന ഭൗതികമായ ബന്ധങ്ങളിൽ നിന്ന് അകലാനും സദാ അധ്യാപകരുടെ ഉപദേശ നിർദേശങ്ങൾ സ്വീകരിക്കാൻ സന്നദ്ധനാകാനും ഇമാം വിദ്യാർഥിയോട് നിർദേശിക്കുന്നു. അധ്യാപകരെക്കാൾ വലിയവനാണ് താനെന്ന ധാരണ ഇല്ലാതിരിക്കുക, ഒരു മേഖല പഠിച്ചു പൂർത്തിയാക്കും മുമ്പേ അടുത്തതിലേക്ക് കടക്കാതിരിക്കുക, പ്രധാന്യമുള്ളവക്ക് മുൻഗണന നൽകി പഠിക്കുക, ആവശ്യമില്ലാത്ത സംവാദങ്ങൾക്കും മറ്റും ശ്രദ്ധ കൊടുക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളും വിദ്യാർഥി ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഇമാം. ഒരു മനുഷ്യൻ തന്റെ മരണം വരെയും വിദ്യാർഥി തന്നെയാണെന്ന ഇമാമിന്റെ നിരീക്ഷണം കൂടി ചേർത്തുവെക്കുമ്പോൾ ഇവ ജീവിതത്തിലുടനീളം പകർത്തേണ്ടവയാണെന്ന് ബോധ്യപ്പെടും.
അയ്യുഹൽ വലദ് എന്ന ഗ്രന്ഥത്തിൽ, പഠനം കഴിഞ്ഞ് പ്രായോഗിക ജീവിതത്തിലേക്ക് കടക്കുന്ന വ്യക്തികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇമാം വിശദീകരിക്കുന്നു. കൃത്യമായി പഠിച്ചു വ്യക്തത വരുത്താത്ത കാര്യങ്ങൾ ജനങ്ങൾക്ക് പറഞ്ഞുകൊടുക്കാതിരിക്കുക, ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നുണ്ടെങ്കിൽ സംവാദങ്ങളിൽ നിന്നു വിട്ടുനിൽക്കുക, ഇലാഹീ മാർഗത്തിൽ നിന്നു വഴിതെറ്റിക്കുന്ന രൂപത്തിൽ ഭരണാധികാരികളോടും രാഷ്ട്രീയക്കാരോടും ബന്ധമുണ്ടാക്കാതിരിക്കുക, അവരിൽ നിന്നും അത്തരത്തിലുള്ള സമ്മാനങ്ങൾ സ്വീകരിക്കാതിരിക്കുക, എങ്ങനെയുള്ള പെരുമാറ്റമാണോ താൻ മറ്റുള്ളവരിൽ നിന്നു പ്രതീക്ഷിക്കുന്നത് അതേ രൂപത്തിൽ ജനങ്ങളോട് ഇടപെടുക, അറിവിനോടുള്ള ബന്ധം വിച്ഛേദിക്കാതിരിക്കുക, ഭൗതിക സ്വത്തുക്കൾക്ക് പിറകെ പോകാതിരിക്കുക തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ.
ഇത്തരത്തിൽ, അറിവാർജിക്കുന്നതിനെയും വിദ്യാഭ്യാസത്തെയും ആത്മീയമായ തലങ്ങളിലേക്കു കൂടി വിശാലമാക്കുന്ന തരത്തിലുള്ള ചിന്തകളാണ് ഇമാം ഗസ്സാലി(റ) പങ്കുവെച്ചത്. വളരെ പവിത്രമായ ഒന്നായി ഇവകളെ അവതരിപ്പിക്കുന്നതിലൂടെ, വാണിജ്യവത്കരിക്കപ്പെടുകയും മറ്റും ചെയ്യേണ്ട ഒന്നല്ല വിദ്യാഭ്യാസം എന്നു കൂടിയാണ് ഇമാം പറഞ്ഞുവെക്കുന്നത്. അറിവുമായി ബന്ധപ്പെടുന്ന ഓരോരുത്തരോടും പ്രത്യേകം അഭിസംബോധനകളിലൂടെ നിർദേശങ്ങൾ നൽകുന്നത് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽ കാണാം. വിദ്യാഭ്യാസം എന്ന പ്രക്രിയക്ക് അൽഗസ്സാലി(റ) അത്രയേറെ പ്രാധാന്യം നൽകുന്നുണ്ടെന്ന് സാരം.

മുഹമ്മദ് എ ത്വാഹിർ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ