അഭയമാണെന്റെ സ്നേഹ നബി

sss

അല്ലാഹുവിന്റെ ഹബീബും ലോക സൃഷ്ടിപ്പിനു കാരണവുമായ തിരുനബി (സ്വ) മുഖേന കാര്യങ്ങള്‍ ഒരു തടസ്സവുമില്ലാതെ അല്ലാഹു നിറവേറ്റിത്തരും. അത് ദുനിയാവിന്റെതായാലും ആഖിറത്തിന്റെതായാലും. ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ ഏറെയാണ്.
ഒരോരുത്തരും അവരവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും തിരുസന്നിധിയിലര്‍പ്പിക്കുമ്പോള്‍ അവിടുത്തെ ആശ്വാസ വചനമോ പ്രാര്‍ത്ഥനയോ ഉണ്ടാകുന്നു. അപ്പോള്‍ അല്ലാഹു സഹായിക്കുന്നു. അല്ലാഹുവും റസൂല്‍(സ്വ)യും തമ്മിലുള്ള ബന്ധം അത്രയ്ക്കു വലുതാണ്. ഖുര്‍ആന്‍ ഇങ്ങനെ സാക്ഷ്യപ്പെടുത്തുന്നു:”അങ്ങേക്ക് തൃപ്തിപ്പെടുവോളം നാം നല്‍കുന്നതാണ്’. അവിടുത്തെ മഹത്ത്വം എഴുതാന്‍ തുനിഞ്ഞാല്‍ ഒരിക്കലും അവസാനിക്കില്ല. അവിടുത്തെ വഫാത്തിന് മുന്പും ശേഷവുമുള്ള സഹായാഭ്യര്‍ത്ഥനകള്‍ ഉത്തരമുള്ളതു തന്നെയാണ്. ഇതിന് തെളിവായി ഒരുപാട് സംഭവങ്ങള്‍ ചരിത്രത്തില്‍ ഇന്നും നിറം മങ്ങാതെ ഇടം പിടിച്ചിട്ടുണ്ട്.
അവിടുത്തെ പ്രാര്‍ത്ഥനയാല്‍ ജീവിത ലക്ഷ്യം നേടിയ ഒരു മഹത് വ്യക്തിത്വമാണ് ബീവി ഉമ്മു ഹറാം(റ). ധീരതയുടെ മടിത്തട്ടിലാണ് അവര്‍ വളര്‍ന്നത്. സഹോദരന്മാരും മറ്റു ബന്ധുക്കളും പേരെടുത്ത ധര്‍മയോദ്ധാക്കളായിരുന്നു. ഉഹ്ദ് യുദ്ധത്തില്‍ തന്റെ പ്രിയ ഭര്‍ത്താവ് അംറ്(റ)വും മകന്‍ ഖൈസ്(റ)വും രക്തസാക്ഷിത്വം വരിച്ചു. മഹതി പിന്നീടുള്ള ജീവിതം കുടുംബത്തോടൊപ്പം ത്യാഗത്തിന്റെ വഴിയില്‍ വിനിയോഗിച്ചു. രക്ത സാക്ഷിത്വം വരിക്കാന്‍ ബീവി അങ്ങേയറ്റം ആഗ്രഹിച്ചു, ഏതു സമയത്തും രക്തസാക്ഷിത്വ രംഗം അവരുടെ കനവില്‍ നിഴലിച്ച് കൊണ്ടേയിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം, അവര്‍ക്കരികെ ഇരുന്ന് നബി(സ്വ) ചിരിച്ചു. ബീവി ചോദിച്ചു: അങ്ങ് എന്തിനാണ് ചിരിക്കുന്നത്?”
അവിടുന്ന് പറഞ്ഞു: “എന്റെ ഉമ്മത്തിലെ ഒരു സംഘം പച്ചകടലില്‍ (മധ്യധരണ്യാഴി) യുദ്ധത്തിനായി യാത്ര ചെയ്യും. സിംഹാസനത്തിലെ രാജാക്കന്‍മാര്‍ക്ക് തുല്യമായവരാണവര്‍.’
അപ്പോള്‍ ഉമ്മുഹറാം(റ) പറഞ്ഞു: എന്നെ അവരില്‍ പെടുത്തിത്തരാന്‍ അങ്ങ് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക. നബി(സ്വ) ഉടന്‍ തന്നെ പ്രാര്‍ത്ഥിച്ചു: ലോക രക്ഷിതാവായ അല്ലാഹുവേ, ആ സംഘത്തില്‍ ഇവരെയും നീ പെടുത്തേണമേ (ബുഖാരി).
നാളുകള്‍ നീങ്ങിക്കൊണ്ടിരുന്നു. ഉമ്മു ഹറാം(റ)യെ ഉബാദത്ത്ബ്നു സ്വാമിത്(റ) ഇതിനിടയില്‍ വിവാഹം ചെയ്തു.
അങ്ങനെയിരിക്കെയാണ് ഉസ്മാന്‍(റ) വിന്റെ കാലത്ത് ഹിജ്റ 27ാം വര്‍ഷം മുആവിയ(റ) കടല്‍ യാത്ര നടത്തി സൈപ്രസിനെതിരില്‍ യുദ്ധം ആരംഭിച്ചത്. മുസ്‌ലിം പട്ടാളത്തിനു സേവനം ചെയ്യാന്‍ ഉബാദ(റ)വിന്റെ ഭാര്യ ഉമ്മു ഹറാം(റ)യും ഉണ്ടായിരുന്നു. യാത്രാ ഘട്ടത്തില്‍ ബീവി, നബി (സ്വ) പറഞ്ഞ സന്തോഷ വാര്‍ത്തയെ കുറിച്ച് ഓര്‍ത്തു. ബീവിയുടെ മോഹം സഫലമകാന്‍ പോകുന്നു. ബീവി പുളകം കൊണ്ടു. അവരുടെ ഉള്ളില്‍ ആനന്ദം കളിയാടി. അങ്ങനെ സൈന്യം കപ്പലില്‍ നിന്നും ഇറങ്ങി വരുമ്പോള്‍ ബീവി ഉമ്മു ഹറാം(റ) താന്‍ കയറിയിരുന്ന കോവര്‍ കഴുതയുടെ പുറത്ത് നിന്ന് വീണ് വഫാത്തായി. നബി(സ്വ)യുടെ പ്രവചനം പുലര്‍ന്നു. ബീവി സ്വര്‍ഗ പൂങ്കാവനത്തില്‍ ശുഹദാക്കളുടെ നിരയില്‍ സ്ഥാനം പിടിച്ചു. സൈപ്രസില്‍ ആ ധീര വനിതയുടെ മഖ്ബറ ഖബ്റുല്‍ മര്‍അതിസ്സ്വാലിഹ’എന്ന നാമത്തില്‍ അറിയപ്പെടുന്നു.
ആഗതമായിരിക്കുന്ന ഈ റബീഉല്‍ അവ്വലില്‍, ഹൃദയാന്തരങ്ങളില്‍ നിന്നുതിര്‍ന്നു വീഴുന്ന സ്വലാത്തുകളര്‍പ്പിച്ച് കൊണ്ട് ഇഹപര വിജയത്തിനായി കരങ്ങള്‍ നീട്ടാം. മണ്ണിലും വിണ്ണിലും പ്രഭ പരത്തി ഉരുകുന്ന മനസ്സുകളില്‍ കുളിര്‍ചൊരിയുന്ന അനുരാഗത്തിന്റെ തേജസിന് സമര്‍പ്പണത്തിന്റെ മനസ്സു നല്‍കാം.

വനിതാ കോര്‍ണര്‍
ബഹ്നാനത്ത് തളിപ്പറമ്പ്

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക...

You must be logged in to post a comment Login