താബിഈങ്ങളിൽ പ്രമുഖനും വലിയ ആത്മജ്ഞാനിയുമായിരുന്ന ഹസനുൽ ബസ്വരി(റ) പറയുന്നു: ഇഹലോകം മൂന്ന് ദിവസമാണ്. അതിലൊന്ന് ഇന്നലെയാണ്, അത് നമുക്ക് കഴിഞ്ഞുപോയിരിക്കുന്നു. രണ്ടാമത്തേത് നാളെയാണ്, അത് എത്തിപ്പിടിക്കാനാവുമോ എന്ന് ഉറപ്പില്ല. മൂന്നാമത്തെ ദിവസം ഇന്നാണ്, അതിനാൽ ഇന്നേ ദിവസം ഫലപ്രദമായി ഉപയോഗപ്പെടുത്താൻ നമുക്കാവണം.
അർഥവത്തായ വാക്കുകളാണിത്. ബുദ്ധിയുള്ളവർക്ക് ഇഹലോക ജീവിതത്തെ ഇങ്ങനെയേ കാണാനാകൂ.
സമയം നമ്മെ കാത്തിരിക്കുന്നില്ല. ഒരു സെക്കന്റ് പോലും നമ്മുടെ ഇഷ്ടമനുസരിച്ചു തടഞ്ഞുവെക്കാനോ തിരിച്ചുപിടിക്കാനോ സാധിക്കില്ല. ജീവിച്ചു മടുത്തവരുണ്ടാകും ലോകത്ത്. ദയാവധം നടത്തിത്തരാനായി അധികാര കേന്ദ്രങ്ങളിൽ അപേക്ഷിച്ച് കഴിയുന്നവരുമുണ്ട്. എന്നാൽ ഒരു ദിവസമെങ്കിലും കൂടുതൽ ജീവിക്കാനായി ലക്ഷങ്ങൾ ചെലവഴിക്കാൻ തയ്യാറുള്ളവരും ധാരാളം. ദാരിദ്ര്യം, ദുരിതം, നൈരാശ്യം മൂലം ജീവിതം മടുത്തവരിൽ നിന്ന് പണം കൊടുത്ത് ആയുസ്സ് വാങ്ങാനുള്ള ഒരു വിപണി തുറക്കപ്പെട്ടാൽ ഏറ്റവുമധികം കച്ചവടം നടക്കുന്ന മേഖല അതായിരിക്കുമെന്നതിൽ സംശയിക്കേണ്ടതുണ്ടോ?!
ബുദ്ധിയുള്ളവൻ സമയവും സമ്പത്തും ആരോഗ്യവും നല്ലതിന് വേണ്ടി ഉപയോഗിക്കും. മനുഷ്യജീവിതത്തിലെ ഏറ്റവും മാതൃകാപരമായ രീതിയും ഇതുതന്നെയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ഗുണപാഠവും മറ്റൊന്നല്ല. അധികാരവും സമ്പത്തും സൗകര്യങ്ങളും വേണ്ടപോലെ കയ്യാളിയ അനേകർ മരിച്ചു മണ്ണിലൊടുങ്ങി. അതിൽ പലരും പടച്ച റബ്ബിനെ വെല്ലുവിളിച്ചവരായിരുന്നു. ആർക്കും നിലനിൽപുണ്ടായിട്ടില്ല. എന്നാൽ അവരാരും മരിക്കാൻ കൊതിച്ചവരുമായിരുന്നില്ല.
സൽകർമങ്ങളുടെ പെരുമഴക്കാലം വരാൻ പോവുകയാണ്. അതിനുള്ള ജാഗ്രതാ നിർദേശമാണ് അല്ലാഹുമ്മ ബാരിക് ലനാ ഫീ റജബിൻ… എന്ന പ്രാർഥനാ വചനം. പാപമോചനത്തിനും മറ്റു നന്മകൾക്കും വേണ്ടിയുള്ള പ്രാർഥനകൾക്കുള്ള കാലമാണിത്. അതോടൊപ്പം നന്മകളുടെ സാർവത്രികതക്ക് വേണ്ടിയാണ് നമുക്ക് ഇസ്‌ലാമിക പ്രവർത്തനം. അതിൽ ആത്മശുദ്ധീകരണമുണ്ട്, നേരിന് വേണ്ടിയുള്ള പ്രവർത്തനങ്ങളുണ്ട്, സേവനമുണ്ട്, സാന്ത്വനമുണ്ട്.
അബൂബക്കർ സിദ്ദീഖ്(റ)വിന്റെ ഒരു ദിനം എത്രമേൽ ഗംഭീരമായിരുന്നുവെന്നത് നാം അറിയേണ്ടതാണ്. സുന്നത്ത് നോമ്പ്, രോഗീസന്ദർശനം, മയ്യിത്ത് പരിപാലനം, അഗതികൾക്കു സാന്ത്വനം- ഇവകളത്രയും ജീവിതത്തിന്റെ ഭാഗമായാൽ സ്വർഗം ഉറപ്പെന്നാണ് തിരുനബി(സ്വ)യുടെ ആശിർവാദം. അതിനാൽ നാം ഉണരുക, നന്മകൾക്കു വേഗത വർധിപ്പിക്കുക.

ഹാദി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ