അനുഗ്രഹിക്കാൻ, അനുസരിക്കാൻ, ആഗ്രഹിക്കാൻ, സഹായിക്കാൻ, പ്രതീക്ഷിക്കാൻ അല്ലാഹു മാത്രം മതി.
ഖുർആൻ സുവ്യക്തമായി ഉദ്‌ഘോഷിക്കുന്നു: സഹായം അല്ലാഹുവിൽ നിന്ന് മാത്രമാണ്. തീർച്ച തന്നെ, അല്ലാഹു അജയ്യനാണ്. മഹായുക്തിമാനുമാണ് (സൂറത്തുൽ അൻഫാൽ 10). എന്നെ മാത്രം നിങ്ങൾ ഭീതിപ്പെടുവിൻ (സൂറത്തുൽ ബഖറ 40). നിങ്ങളുടെ ഏതൊരനുഗ്രഹവും അല്ലാഹുവിൽ നിന്ന് മാത്രമുള്ളതാണ് (സൂറത്തുന്നഹ്ൽ 53). നമുക്ക് അല്ലാഹു മതി. കാര്യങ്ങൾ ഏറ്റെടുക്കുന്നവരിൽ ഏറ്റവും നല്ലവനാണ് അവൻ (ആലു ഇംറാൻ 173). സംരക്ഷകനായി അല്ലാഹു മതി, സഹായിക്കുന്നവനായി അല്ലാഹു മതി (സൂറത്തു ന്നൂർ 45). മറ്റനേകം വചനങ്ങളും ഇതേ ആശയം തുറന്നുപറയുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ, തന്റെ ദാസന് എല്ലാത്തിനും അല്ലാഹു പോരേ (സൂറത്തുസ്സുമർ 35).
പക്ഷേ ഖുർആൻ ഭാഗികമായി മാത്രം അംഗീകരിക്കാൻ വിശ്വാസിക്ക് നിർവാഹമില്ലല്ലോ. ഒന്നോ രണ്ടോ വചനങ്ങളിൽ കണ്ണോടിക്കുമ്പോഴേക്കും മറ്റെല്ലാം അബദ്ധമാണെന്നോ ശിർക്കാണെന്നോ വെച്ചുകാച്ചാൻ വരട്ടെ. ഒന്ന് സമാധാനപ്പെടണം. സൂറത്തുർറഅ്ദിലെ 43ാം വാക്യം കണ്ണ് തുറന്ന്, മനസ്സുവെച്ച് വായിക്കൂ: ‘നിഷേധികൾ പറയുന്നു താങ്കൾ സത്യദൂതനല്ലെന്ന്. താങ്കൾ പ്രതികരിക്കുക; എനിക്കും നിങ്ങൾക്കുമിടയിൽ സാക്ഷിയായി അല്ലാഹു മതി. വേദ വിജ്ഞാനമുള്ളവരും.’
ഈ വാക്യത്തിൽ സാക്ഷിയായി അല്ലാഹു മതി എന്നു പറഞ്ഞതുകൊണ്ട് മറ്റാർക്കും സാക്ഷിയാകാൻ പാടില്ല എന്നില്ല. അതുകൊണ്ടാണല്ലോ സാക്ഷിയായി അല്ലാഹു മതി എന്ന് ഖുർആൻ പറഞ്ഞതിന് തൊട്ടു പിന്നാലെ വേദവിജ്ഞാനമുള്ളവരും എന്ന് കൂടി പറയുന്നത്. സഹായിക്കാൻ അല്ലാഹു മതി എന്ന് പ്രഖ്യാപിച്ച അതേ ഖുർആൻ അതേ സൂറത്തിൽ തന്നെ സത്യവിശ്വാസികളുടെ പ്രാർഥന എടുത്തുപറയുന്നുണ്ട്. അതൊന്ന് ശ്രദ്ധിച്ചു കേട്ടു നോക്കൂ: ഞങ്ങളുടെ നാഥാ, അക്രമികൾ വസിക്കുന്ന ഈ പ്രദേശത്ത് നിന്ന് നീ ഞങ്ങളെ പുറത്ത് കൊണ്ടുപോകേണമേ. നീ സംരക്ഷകനെ നൽകേണമേ. നീ ഞങ്ങൾക്ക് ഒരു സഹായിയെ നൽകേണമേ (സൂറത്തുന്നൂർ 75). ഞങ്ങൾക്ക് സംരക്ഷകനായി ഒരു സത്യവിശ്വാസിയെ നൽകണമെന്നാണ് ഈ പ്രാർഥനയുടെ ഉദ്ദേശ്യമെന്ന് പ്രമുഖ ഖുർആൻ വ്യാഖ്യാതാക്കൾ രേഖപ്പെടുത്തുന്നു. തഫ്‌സീർ റാസീ, തഫ്‌സീറുത്ത്വബരീ, തഫ്‌സീർ ഖുർത്വുബീ മുതലായവ ഉദാഹരണങ്ങൾ.
ഖുർആൻ വീണ്ടും പറഞ്ഞു: നിങ്ങൾ നബിക്കെതിരെ സഖ്യം ചേരുന്നുവെങ്കിൽ തീർച്ചയായും അല്ലാഹുവാണ് നബിയുടെ സംരക്ഷകൻ. ജിബ്‌രീലും സജ്ജന വിശ്വാസികളുമാണ്. അവർക്കു പുറമെ മലക്കുകളും സഹായികളാണ് (സൂറത്തുത്തഹ് രീം 4). നിങ്ങളുടെ സഹായി അല്ലാഹുവും അവന്റെ റസൂലും നിസ്‌കാരം നിർവഹിക്കുന്ന, സകാത്ത് നൽകുന്ന സത്യവിശ്വാസികളും മാത്രമാണ് (സൂറത്തുൽ മാഇദ 55). സഹായം നൽകുന്നത് അല്ലാഹു മാത്രമാണ്. അതോടൊപ്പം സജ്ജനങ്ങളും സഹായിക്കും. അഥവാ അല്ലാഹുവിന്റെ സഹായം സജ്ജനങ്ങളിലൂടെ കൈവരുന്നു എന്നതാണ് ഖുർആന്റെ പാഠം. വ്യക്തമാണത്, സംശയിക്കാൻ ഒന്നുമില്ല.
സൂറത്തുൽ അൻഫാൽ 62ാം വചനം പറയുന്നു: അവർ താങ്കളെ ചതിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ തീർച്ചയായും താങ്കൾക്ക് അല്ലാഹു മതി. അവനാണ് തന്റെ സഹായം കൊണ്ടും സത്യവിശ്വാസികളെ കൊണ്ടും താങ്കൾക്ക് ശക്തി പകർന്നവൻ. സജ്ജനങ്ങളോട് സഹായം ചോദിക്കുമ്പോഴും സജ്ജനങ്ങളിൽ നിന്ന് സഹായം സ്വീകരിക്കുമ്പോഴും വിശ്വാസികൾ യഥാർഥത്തിൽ അല്ലാഹുവിനെ മാത്രമാണ് പ്രതീക്ഷിക്കുന്നത്. സജ്ജനങ്ങൾ കാരണക്കാരും വിതരണക്കാരുമാവുകയാണ്. അത് മനസ്സിലാക്കാൻ ഒരു പ്രയാസവുമില്ല. വിശ്വാസപരമായ അനുഗ്രഹവും സൗഭാഗ്യവും ഉണ്ടായിരിക്കണമെന്ന് മാത്രം.
സൂറത്തുത്തൗബ ഈ വിഷയത്തിൽ അന്തിമ തീരുമാനം നൽകുന്നു. അല്ലാഹുവും അവന്റെ റസൂലും അവർക്ക് നൽകിയതിൽ അവർ സംതൃപ്തരായിരുന്നെങ്കിൽ അതെത്ര നല്ലതാണ്. നമുക്ക് അല്ലാഹു മതി എന്നും അല്ലാഹു അവന്റെ ഔദാര്യത്താലും അവന്റെ റസൂലും നമുക്ക് നൽകുമെന്നും അവർ പറഞ്ഞിരുന്നെങ്കിൽ അതെത്ര നല്ലത് (തൗബ 59). തീർച്ചയായും നാം അല്ലാഹുവിലേക്ക് പ്രതീക്ഷ പുലർത്തുന്നവരാണ് (സൂറത്തുത്തൗബ 50)
നമുക്ക് അല്ലാഹു നൽകും, റസൂലും നൽകും. പക്ഷേ യഥാർഥത്തിൽ നാം അല്ലാഹുവിനെ മാത്രം പ്രതീക്ഷിക്കുന്നു. മറ്റുള്ളവരുടെ സഹായം അല്ലാഹുവിന്റേതു തന്നെയാണെന്നു വിശ്വസിക്കുന്നു. എത്ര കൃത്യമാണ് ഖുർആന്റെ നിലപാട്.

സുലൈമാൻ മദനി ചുണ്ടേൽ

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ