I (5)മുഹമ്മദ് നബിയെപ്പറ്റി വിവിധ ലോകഭാഷകളില്‍ ഒട്ടേറെ പഠനങ്ങളും ജീവചരിത്ര ഗ്രന്ഥങ്ങളും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇംഗ്ലീഷില്‍ മാത്രം ഇസ്ലാമിനെ സംബന്ധിച്ച അക്കാദമിക പഠനങ്ങള്‍ പ്രസിദ്ധീകൃതമായതു രണ്ടു ഡസനിലേറെയാണ്. ഇതില്‍ നബിയുടെ ജീവിതം പ്രത്യേകമായെടുത്തു പഠിക്കുന്നത് അരഡസനോളം. യൂറോപ്യ`ന്‍ ഭാഷകളിലും ഇത്തരം പഠനങ്ങള്‍ കുറവല്ല. ഏറ്റവും കൂടുതല്‍ ഇസ്ലാമിക പഠനങ്ങളുണ്ടാകുന്ന യുറോപ്യ`ന്‍ ഭാഷ ഫ്രഞ്ച് ആയിരിക്കും. ഇതില്‍ അദ്ഭുതമില്ല. ജനസംഖ്യാടിസ്ഥാനത്തിലാണെങ്കില്‍ ലോകത്തിലെ രണ്ടാമത്തെ മതമാണ് മുസ്ലിംകളുടേത്. യൂറോപ്പിലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹം മുസ്ലിംകളാണ്. സ്വാഭാവികമായും മുസ്ലിം ജീവിതം സാമൂഹിക പഠനത്തില്‍ സുപ്രധാനമാണ്.
2012ല്‍ ഞാ`ന്‍ വായിച്ച രണ്ടു പ്രധാന പുസ്തകങ്ങള്‍ ഫ്രഞ്ചിലെഴുതിയതിന്റെ വിവര്‍ത്തനമാണ്. അറബിക്കിലുണ്ടാകുന്ന പഠനങ്ങളും കുറവല്ല. ഇതെല്ലാം സന്തോഷകരമായ കാര്യങ്ങളാണ് എന്നാല്‍ മുസ്ലിമേതര സമൂഹങ്ങളില്‍ ഏറ്റവും തെറ്റിദ്ധരിക്കപ്പെടുന്ന മഹാന്മാരിലൊരാള്‍ മുഹമ്മദ് നബിയാണ്. നബിയെ സംബന്ധിച്ചുള്ള അടിസ്ഥാന ധാരണകള്‍ മുതല്‍ നബിയുടെ ജീവിതം സംബന്ധിച്ച കാര്യങ്ങളില്‍ വരെ മുന്‍വിധികള്‍ക്കാണ് മുന്‍തൂക്കം. ഇതൊരു വലിയ വൈരുദ്ധ്യമാണെന്നു കാണാം. ലോകത്തിലെ മറ്റൊരു പ്രവാചകനെയും സംബന്ധിച്ചു ലഭിക്കാനിടയില്ലാത്തത്ര ജീവചരിത്ര വിവരണങ്ങള്‍ നബിയെക്കുറിച്ചു ലഭ്യമാണ്. നാല്‍പതു വയസ്സിനു ശേഷമുള്ള നബിയുടെ ജീവിതത്തിലെ ഓരോ പ്രധാന സംഭവവും കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. നബിയുടെ പൊതുജീവിതവും സ്വകാര്യ ജീവിതവും സംബന്ധിച്ച വിവരങ്ങളും ആധികാരികമായി ഗവേഷകര്‍ക്കു ലഭ്യമാണ്. ഇത്രയേറെ ചരിത്രരേഖകള്‍ ഉണ്ടായിട്ടും നബിയെ സംബന്ധിച്ച അറിവില്ലായ്മകളാണ് നാം ഓരോ ദിവസവും അഭിമുഖീകരിക്കുന്നത്.
ഒരു ചരിത്രപുരുഷ`ന്‍ ആയിരുന്നിട്ടും ഇതെങ്ങനെ സംഭവിച്ചു എന്ന് നബിയുടെ രണ്ടു ജീവചരിത്രം ഇംഗ്ലീഷ് വായനക്കാര്‍ക്കായി എഴുതിയ കരണ്‍ ആംസ്ട്രോങ് അദ്ഭുതപ്പെടുന്നുണ്ട്. സാധാരണ നിലയില്‍ ഒരാളുടെ ജീവിതം സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി ലഭിക്കാതെ വരുന്പോഴാണ് പലരും അഭ്യൂഹങ്ങളെ ആശ്രയിക്കുന്നത്. നബിയുടെ കാര്യത്തില്‍ അഭ്യൂഹങ്ങള്‍ക്ക് ഒരു കാര്യവുമില്ല. എന്നിട്ടും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നബിയുടെ ജീവിതം മഞ്ഞുമൂടിയ ഒരു പര്‍വതം പോലെയാണ് ദൃശ്യമാകുന്നത്. അടുത്തകാലത്ത് നബിനിന്ദയുമായി ബന്ധപ്പെട്ടുണ്ടായ ചില ദൗര്‍ഭാഗ്യ സംഭവങ്ങളാകട്ടെ പ്രവാചക`ന്‍ ഒരു ഭീകരപ്രവര്‍ത്തകനെ പോലെ ഭയപ്പെടേണ്ട വ്യക്തിയാണെന്ന തോന്നലും പൊതുസമൂഹത്തിലുണ്ടാക്കി. വേദനാജനകമായ ഈ സാഹചര്യത്തിലാണ് നബിവിചാരങ്ങള്‍ക്കു സവിശേഷപ്രാധാന്യം കൈവരുന്നത്. ചില സമുദായ സംഘടനകള്‍ സമീപകാലത്തു പ്രവാചകമഹത്വം പ്രചരിപ്പിക്കാനായി ചില പരിപാടികള്‍ നടത്തിയതു ശുഭകരമാണെങ്കിലും ഇതെല്ലാം മുസ്ലിംകള്‍ക്കിടയിലെ വാര്‍ത്തയും സമ്മേളനവുമായി ചുരുങ്ങിപ്പോകുന്നുവെന്നതാണ് സത്യം. മുസ്ലിംകളുടെ മാത്രമല്ല, മുഴുവ`ന്‍ മാനവരാശിയുടെയും ഗുരുവും സ്നേഹിതനുമാണ് നബിയെന്ന സത്യം അറിയിക്കുകയാകണം മുസ്ലിം ബോധനത്തിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്ന്.
സെപ്തംബര്‍ 11ന്റെ ഭീകരാക്രമണത്തിനു ശേഷം പ്രവാചകനെ കടുത്ത വിദ്വേഷത്തോടെയാണ് പാശ്ചാത്യ മാധ്യമങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളത്. നബിയെ ഒരു യുദ്ധ ഭ്രാന്തനോ മനോരോഗിയോ ആയി ചിത്രീകരിക്കുന്നതിലാണ് ഊന്നല്‍. പാശ്ചാത്യ ലോകത്തെ അക്കാദമിക ഗവേഷണ രംഗത്ത് ഇസ്ലാം പ്രധാന ഗവേഷണ വിഷയമായിരിക്കുന്പോള്‍ തന്നെ, മാധ്യമങ്ങളിലും പൊതുജന ചിന്തയിലും പ്രവാചകനെയും മുസ്ലിമിനെയും സംബന്ധിച്ച് തെറ്റിദ്ധാരണകളുടെയും മുന്‍വിധികളുടെയും കൂന്പാരമാണുള്ളത്. ഇത് പെട്ടെന്നുണ്ടായ ഒരു കാര്യമല്ല. നൂറ്റാണ്ടുകളായി മുസ്ലിം ലോകവും പാശ്ചാത്യ ലോകവും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിലെ കയറ്റിറക്കങ്ങളുടെ ഒരു പരിണതിയാണ്. ഇത് ദൗര്‍ഭാഗ്യകരമാണ്. വിശേഷിച്ചും യൂറോപ്പിലും മറ്റും പ്രധാന കുടിയേറ്റ സമൂഹവും ന്യൂനപക്ഷവും മുസ്ലിംകള്‍ ആയതിനാല്‍ ഭാവിയില്‍ ഇസ്ലാമിനെ ഒഴിച്ചുനിര്‍ത്തിക്കൊണ്ടുള്ള ഒരു സാമൂഹിക നിര്‍മിതിയെ പറ്റി യൂറോപ്പിനും ചിന്തിക്കാനാവില്ല. അതിനാല്‍ പാശ്ചാത്യ സംസ്കൃതിയെ ഇസ്ലാമിനു പുറത്തുള്ള ഒന്നായി കണ്ടുകൊണ്ടുള്ള വിശകലന രീതിയും ഗുണകരമല്ല.
ഈ സാഹചര്യത്തിലാണു ഇസ്ലാമിന്റെ സാംസ്കാരികതയുടെ ഉത്തമപുരുഷ`ന്‍ എന്ന നിലയില്‍ പ്രവാചകനെ അറിയലും സംസാരിക്കലും പ്രധാനമാകുന്നത്. പതിവു മതപ്രഭാഷണത്തിന്റെ രീതിയിലുള്ള ഒരു പ്രചാരണമാകരുത് അത്. പ്രവാചക ജീവിതത്തിന്റെ സങ്കീര്‍ണതകളും വൈവിധ്യങ്ങളും പഠനവിഷയമാക്കുന്നതിലൂടെ നാം ജീവിക്കുന്ന ലോകത്തിനുവേണ്ടിയുള്ള ഒരു പ്രവാചക ചിന്തയെ കണ്ടെത്തലാവണമത്. ഇത് പ്രവാചക ചര്യയിലും ജീവിതകഥയിലും ലീനമായിട്ടുണ്ട്. സാധാരണ നിലയില്‍ ദൃഷ്ടിയില്‍ പെടാതെ കിടക്കുന്ന മഹത്വത്തിന്റെ മുത്തുച്ചിപ്പികള്‍ എത്രയോ ഉണ്ട്. അതു കണ്ടെടുത്ത് ചിപ്പി ഉടച്ച് മുത്ത് കണ്ടെടുക്കുക എന്ന ജോലിയാണ് വിശ്വാസികള്‍ക്കുള്ളത്. നമ്മുടെ സര്‍വകലാശാലകളിലും മറ്റും പ്രവാചക ജീവിത പഠനത്തിനായി പ്രത്യേക വിഭാഗങ്ങള്‍ ആരംഭിക്കുന്നതും പരിഗണിക്കേണ്ടതാണ്.
മുഹമ്മദ് നബി ഒട്ടേറെ അസാധാരണത്വങ്ങളുടെ ഒരു സമന്വയമാണ്. ഉദാഹരണത്തിന്, ലോക പ്രവാചകരില്‍ സ്വന്തം മനുഷ്യത്വത്തെ ഇത്രത്തോളം ഊന്നിപ്പറഞ്ഞിട്ടുള്ള മറ്റൊരാളുമില്ല. അതുവരെ പ്രവാചകരുടെ അദ്ഭുത പ്രവൃത്തികളിലുമായിരുന്നു ഊന്നല്‍. എന്നാല്‍ മുഹമ്മദ് നബി മനുഷ്യ`ന്‍ മാത്രമാണ്, മാലാഖയല്ല എന്ന് ഖുര്‍ആ`ന്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. ശരിക്കും ഒരു മനുഷ്യനു മാത്രമേ മാനുഷികതയെ ശക്തിയിലും ആഴത്തിലും അറിയാനാകൂ. ഇത് പ്രവാചകനൊപ്പം നിന്നവര്‍ക്കെല്ലാം വിസ്മയം ജനിപ്പിച്ച കാര്യമാണ്. മറ്റേതു മനുഷ്യനെയും പോലെ ഭൗതികമായ ഉയര്‍ച്ചകളും താഴ്ച്ചകളും വേദനകളും എല്ലാം പ്രവാചകനും അനുഭവിച്ചിട്ടുണ്ട്.
ദൈവത്തെ അറിയല്‍ ഏറ്റവും മാനുഷികമാണെന്നാണു നബിയുടെ പാഠം. ദൈവം യഥാര്‍ത്ഥത്തില്‍ മനുഷ്യന് ആശയും പ്രതീക്ഷയുമാണ്. ഇതറിയുന്നതോടെയാണ് ഒരാള്‍ വലിയ ആന്തരിക മാറ്റങ്ങള്‍ക്കു വിധേയനാകുന്നത്. പുതിയൊരു മനുഷ്യത്വത്തിനും സാംസ്കാരികതയ്ക്കും വെല്ലുവിളികളുടെ നീണ്ട വഴികളുള്ള ഒരു വിപ്ലവയാത്രയായിരുന്നു മുസ്ലിമിനായ് നബി വിഭാവനം ചെയ്തത്. ഇതാണ് നബിയെ താരതമ്യങ്ങളില്ലാത്ത മഹാ വ്യക്തിത്വമാക്കി ചരിത്രത്തില്‍ നിലനിറുത്തിയതും നിലനിറുത്തുന്നതും.

അജയ് പി. മങ്ങാട്

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ