15സ്വുഫ്ഫത്തുകാര്‍ ഇസ്ലാമിന്റെ അതിഥികളാണ്. അവര്‍ക്ക് സ്വത്തോ ബന്ധുമിത്രാദികളോ മറ്റ് ആശ്രയങ്ങളോ ഇല്ല. നബി (സ്വ) യെ ഏല്‍പ്പിക്കുന്ന സ്വദഖകള്‍ പൂര്‍ണമായും അവര്‍ക്ക് കൊടുത്തയക്കും. നബി(സ്വ)ക്ക് ലഭിക്കുന്ന ഹദ്യകള്‍ നബി(സ്വ)യും അവരും കൂടി പങ്കുവെക്കും(ബുഖാരി6457).
വിശുദ്ധ പലായനം(ഹിജ്റ) നടത്തി പുണ്യ മദീനയില്‍ എത്തിയ തിരുനബി(സ്വ)യുടെ അനുചരന്മാരെ ആദ്യകാലത്ത് അന്‍സ്വാറുകളായ മദീനാവാസികള്‍ തങ്ങളുടെ ഭവനങ്ങളില്‍ താമസിപ്പിച്ച് ഭക്ഷണവും വസ്ത്രവും മറ്റ് അവശ്യ വസ്തുക്കളും നല്‍കി സംരക്ഷിക്കുകയായിരുന്നു. മദീനയില്‍ മുഹാജിറുകള്‍ വര്‍ദ്ധിച്ചപ്പോള്‍ അവര്‍ക്ക് സ്വന്തം ഭവനമോ അഭയസ്ഥലങ്ങളോ ഇല്ലാത്തതിനാല്‍ തിരുനബി(സ്വ) അവരെ പള്ളിയില്‍ താമസിപ്പിക്കുകയും അസ്വ്ഹാബുസ്സുഫ്ഫ എന്ന് നാമകരണം നടത്തുകയും ചെയ്തു(സുനനുല്‍ കുബ്റ: 4510). മസ്ജുദുന്നബവിയ്യുടെ പിന്‍ഭാഗത്ത് (വടക്ക് വശത്ത്) ഈത്തപ്പനയോലയും മറ്റുമുപയോഗിച്ച് ഷെഡ് നിര്‍മ്മിച്ചു. ഈ ഷെഡ് സ്വുഫ്ഫത്ത് എന്ന പേരിലും അവിടുത്തെ അന്തേവാസികള്‍ അസ്വ്ഹാബുസ്സുഫ്ഫ, അഹ്ലു സ്സുഫ്ഫ എന്നീ പേരുകളിലും പ്രസിദ്ധരായി. പുണ്യ മദീനയില്‍ ബന്ധുജനങ്ങളോ പരിചയക്കാരോ ഇല്ലാത്തവരായിരുന്നു അസ്വ്ഹാബുസ്സുഫ്ഫ. മദീനയിലേക്ക് ഹിജ്റ വന്നവര്‍ക്ക് അവിടെ അതിഥികളാകാന്‍ സൗകര്യം ലഭിച്ചില്ലെങ്കില്‍ സ്വുഫ്ഫത്തെന്ന ഷെഡില്‍ താമസിക്കും. വിശുദ്ധ പലായനക്കാര്‍ക്ക് വേണ്ടിയുള്ള പ്രഥമ അഭയാര്‍ത്ഥി ക്യാമ്പ് ഇസ്ലാമിലെ പ്രഥമ പള്ളിദര്‍സ് കൂടിയാണ്. ജോലിത്തിരക്കുകളും ധനസമ്പാദന, തൊഴില്‍ ഏര്‍പ്പാടുകള്‍ ഇല്ലാതാക്കി നിരവധി ആളുകളെ ആസൂത്രിതമായി വിദ്യയുടെ വെളിച്ചത്തേക്ക് തിരിച്ച് വിട്ട് അവരിലെ പ്രതിഭകളെ മതത്തിനും സമുദായത്തിനും ഉപകരിക്കുന്ന മത പണ്ഡിതരായി വളര്‍ത്തിയെടുക്കുക എന്നതാണ് പ്രഥമ പള്ളി ദര്‍സിലൂടെ സാക്ഷാല്‍കരിക്കപ്പെട്ടത്. അഹ്ലുസ്സുഫ്ഫയുടെ ലീഡര്‍കൂടിയായ അബൂഹുറൈറ(റ) പ്രമുഖ പ്രതിഭയായത് ഉത്തമ ഉദാഹരണം.
ഇരുപത്, മുപ്പത്, നാല്‍പത്, എഴുപത്, എണ്‍പത്, നൂറ്റി എണ്‍പത്, നാനൂറ്, എഴുനൂറ് എന്നിങ്ങനെ അഹ്ലുസ്സുഫ്ഫ വിദ്യാര്‍ത്ഥികളുടെ എണ്ണം വ്യത്യസ്തമായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തിരുനബി(സ്വ)യോടൊപ്പം ജമാഅതില്‍ പങ്കെടുത്ത അഹ്ലുസ്സുഫ്ഫയിലെ എഴുപത് പേര്‍ക്ക് ധരിക്കാന്‍ ഒരു വസ്ത്രം വീതമാണുണ്ടായിരുന്നതെന്ന് അബൂഹുറൈറ(റ) സാക്ഷ്യപ്പെടുത്തുന്നത് ഇമാം ബുഖാരി(റ) ഉദ്ധരിച്ചിട്ടുണ്ട്. ബിഅ്റ് മഊന വിശുദ്ധ യുദ്ധത്തിനായി തിരുനബി(സ്വ) നിയോഗിച്ച എഴുപത് പേരെ അല്ല അബൂഹുറൈറ(റ) കണ്ടത്. അവര്‍ മറ്റ് എഴുപത് പേരായിരുന്നു. അവരും അഹ്ലുസ്സുഫ്ഫയിലെ അന്തേവാസികള്‍ ആയിരുന്നെങ്കിലും അബൂഹുറൈറ(റ) ഇസ്ലാം ആശ്ലേഷിക്കുന്നതിന് മുമ്പ് അവര്‍ രക്തസാക്ഷികളായി (ഫത്ഹുല്‍ബാരി 1538).
ചിലപ്പോള്‍ അവര്‍ എഴുപത് പേരായിരുന്നു. മറ്റ് ചിലപ്പോള്‍ എഴുപത് അല്ല. പുതിയ അന്തേവാസികള്‍ വന്ന് ചേരുന്ന കാരണത്താല്‍ അവരുടെ എണ്ണം വര്‍ദ്ധിക്കും. ചിലര്‍ മരണപ്പെടുക, അല്ലെങ്കില്‍ യാത്ര പോകുക, അതുമല്ലെങ്കില്‍ വിവാഹം കഴിച്ച് ഭാര്യയോടൊപ്പം പോകുക തുടങ്ങിയ കാരണങ്ങളാല്‍ എണ്ണം കുറയുകയും ചെയ്യും (ഉംദതുല്‍ ഖാരി). ഇവരില്‍ നൂറ്റി മുപ്പതിലധികം പേരെ ഹില്‍യത്തുല്‍ ഔലിയ എന്ന ഗ്രന്ഥത്തില്‍ ഹാഫിള് അബൂ നുഐം(റ) ലഘുവിവരണത്തോട് കൂടെ (1337 മുതല്‍ 239 വരെ) പരിചയപ്പെടുത്തിയിട്ടുണ്ട്.
പഠനത്തിന് പുറമെ നോമ്പനുഷ്ഠിക്കുക, മറ്റ് ആരാധനാകര്‍മങ്ങള്‍ അധികമായി വര്‍ദ്ധിപ്പിക്കുക, വിശുദ്ധ യുദ്ധത്തിന് പുറപ്പെടുക പോലുള്ളവയും അവര്‍ നിര്‍വ്വഹിച്ചിരുന്നു. പകല്‍ സമയത്ത് എപ്പോഴെങ്കിലുമൊക്കെ പുറത്തിറങ്ങി കാരക്കാക്കുരു പെറുക്കിയെടുത്ത് അവ ശേഖരിക്കുമായിരുന്നു. മറ്റൊന്നും ഭക്ഷണമായി ലഭിക്കാത്ത വേളയില്‍ അത് ഉപയോഗിക്കുന്നതിന് വേണ്ടിയായിരുന്നു. അബൂഹുറൈറ(റ) അവരുടെ ലീഡറും മേല്‍നോട്ടക്കാരനുമായിരുന്നു (മിര്‍ഖാത്ത്). ഖുര്‍ആന്‍ പഠിക്കാന്‍ അവര്‍ രാത്രി സമയങ്ങളായിരുന്നു കൂടുതല്‍ ഉപയോഗപ്പെടുത്തിയിരുന്നത്(ഉംദതുല്‍ ഖാരി). കച്ചവടത്തിനോ കൃഷിക്കോ മൃഗങ്ങളെ മേയ്ക്കാനോ അവര്‍ പോയിരുന്നില്ല. മറിച്ച് ഒരു നിസ്കാരം കഴിഞ്ഞാല്‍ അടുത്ത നിസ്കാരം വരെ അവര്‍ പള്ളിയില്‍ തന്നെ കഴിയുമായിരുന്നു(തഫ്സീറുല്‍ ഖാസിന്‍). അല്ലാഹു അവരുടെ അഞ്ച് വിശേഷണങ്ങള്‍ (ഖുര്‍ആന്‍ 2273) വിശദീകരിക്കുന്നു. ഒന്ന്: അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തടഞ്ഞു വെക്കപ്പെട്ടവര്‍. വിശുദ്ധയുദ്ധം, ആരാധനാ കര്‍മങ്ങള്‍ എന്നിവയിലായി അവരുടെ ആയുസ്സ് വിനിയോഗിക്കുന്നതിനാല്‍ അവര്‍ സ്വന്തത്തെ മറ്റുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും തൊഴിലില്‍ നിന്നും തടഞ്ഞ് നിര്‍ത്തിയിരിക്കുകയാണ്. രണ്ട്: യാത്രക്ക് കഴിയാത്തവര്‍. വിശുദ്ധ ഇസ്ലാമിന്റെ നന്മയ്ക്ക് ആവശ്യമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ കച്ചവടാവശ്യാര്‍ത്ഥമോ തൊഴില്‍ ആവശ്യാര്‍ത്ഥമോ യാത്ര ചെയ്യാന്‍ സാധിക്കാത്തവരാണ്. മൂന്ന്: അടുത്തറിയാത്തവര്‍ അവര്‍ സമ്പന്നരാണെന്ന് ധരിക്കും. കഠിന ദാരിദ്ര്യത്തിന്‍റേയും പട്ടിണിയുടെയും അവസരങ്ങളില്‍ പോലും അവര്‍ ആരോടും ഒന്നും ചോദിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യാത്തതിനാല്‍ അവരെ അടുത്തറിയാത്തവര്‍ അവര്‍ സമ്പന്നരാണെന്ന് ധരിക്കുന്നു. നാല്: അവരുടെ പ്രത്യേക ലക്ഷണങ്ങളില്‍ നിന്നും അവരെ തിരിച്ചറിയാന്‍ സാധിക്കും. അല്ലാഹുവിനോടുള്ള ഭയത്തിന്‍റേയും ഭക്തിയുടേയും പ്രതിഫലനങ്ങള്‍ അവരുടെ മുഖത്ത് പ്രകടമാകുന്നതാണ് പ്രസ്തുത അടയാളങ്ങള്‍. തന്നിമിത്തം ജന ഹൃദയങ്ങളില്‍ അവര്‍ക്ക് സ്വീകാര്യത ഉണ്ടാവും. ജനങ്ങള്‍ അവരോട് വിനയം കാണിക്കുകയും അവരെ ആദരിക്കുകയും ചെയ്യും. അഞ്ച്: ജനങ്ങളോട് അവര്‍ ഒന്നും ആവശ്യപ്പെടുകയില്ല. മറിച്ച് കഠിന ദാരിദ്ര്യത്തിന്റെ സമയങ്ങളിലും കടുത്ത പട്ടിണിയുടെ സന്ദര്‍ഭങ്ങളിലും അവര്‍ സഹനവും ക്ഷമയും അവലംബിക്കും (തഫ്സീറു റാസി).
പ്രവാചക പാഠശാലയിലെ അധ്യാപകര്‍ ആ ഗണത്തിലെ അത്യുന്നതര്‍ ആയത് പ്രകാരം പ്രസ്തുത പാഠശാലയിലെ വിദ്യാര്‍ത്ഥികള്‍ ആ ഗണത്തിലെ ഒന്നാം കിടക്കാരും അതുല്ല്യരുമാണ്. യഥാര്‍ത്ഥ മത വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനിക്ക് ഉണ്ടാകേണ്ട അനിവാര്യ വിശേഷണങ്ങളാണ് അല്ലാഹു ഇവിടെ പരാമര്‍ശിച്ചത്. കടുത്ത പ്രതിസന്ധി ഘട്ടത്തില്‍ പോലും ആരോടും ഒന്നും ആവശ്യപ്പെടാതിരിക്കുക എന്നത് അവയില്‍ അതി പ്രധാനമായതിനാലാണ് രണ്ട് തവണ പരാമര്‍ശം വന്നത്.
അഹ്ലുസ്സുഫ്ഫയാകുന്ന മുതഅല്ലിമീങ്ങള്‍ക്ക് അധിക പേര്‍ക്കും ഉണ്ടായിരുന്നത് ഒരു തുണി(വേഷ്ടി) മാത്രമായിരുന്നു. ഔറത്തിന് പുറമെ ശരീരവും മറക്കുന്നതിന് വേണ്ടി അതിന്റെ രണ്ട് അറ്റം പിരടിയില്‍ കെട്ടുമായിരുന്നു. ഇങ്ങനെ പിരടിയില്‍ കെട്ടിയിട്ട ചിലരുടെ തുണി കാല്‍തണ്ടയുടെ പകുതി വരെയും മറ്റ് ചിലരുടേത് ഞെരിയാണി വരെയും എത്തുമായിരുന്നു. നീളം കുറവ് കാരണം നടക്കുമ്പോഴും മറ്റും മുന്‍ഭാഗത്ത് നിന്നും തുണി വിടര്‍ന്ന് മാറി ഔറത്ത് വെളിവാകുമോ എന്ന ഭയം ഉള്ളതിനാല്‍ മുണ്ടിന്റെ ഇരുവശങ്ങള്‍ അവര്‍ കൈ കൊണ്ട് കൂട്ടിപ്പിടിക്കുമായിരുന്നു(ബുഖാരി442). മാറ്റി ഉടുക്കാന്‍ മറ്റൊരു തുണിയോ തോര്‍ത്തോ ഇല്ലാതിരുന്നതിനാല്‍ ധരിച്ചിരുന്ന ഏക വസ്ത്രം അലക്കാന്‍ കഴിയാതെ അവര്‍ പ്രയാസപ്പെട്ടിരുന്നു. ദീര്‍ഘകാലം അലക്കാത്ത കാരണത്താല്‍ അഴുക്ക് നിറഞ്ഞ് കട്ടയാകുകയും ചിലപ്പോഴൊക്കെ ദുര്‍ഗന്ധം അനുഭവപ്പെടുകയും ചെയ്യുന്ന നിസ്സഹായാവസ്ഥ അവരെ നന്നേ കുഴക്കിയിട്ടുണ്ട്.
വിശപ്പിന്റെ കാഠിന്യവും ശരിക്കും അനുഭവിച്ചവരായിരുന്നു മദീനാ മസ്ജിദിലെ മുതഅല്ലിമീങ്ങള്‍. ഫുളാളത്ത്(റ) പറയുന്നു: തിരുനബി(സ്വ) ഇമാമായി നിസ്കരിക്കുമ്പോള്‍ കൂടെ നിസ്കരിക്കുന്ന മഅ്മൂങ്ങളില്‍ പലരും തളര്‍ന്ന് വീഴുമായിരുന്നു. കഠിന ദാരിദ്ര്യം നിമിത്തം ദിവസങ്ങളോളം ഭക്ഷണം കഴിക്കാത്ത അസ്വ്ഹാബുസ്സുഫ്ഫ ആണ് ഇങ്ങനെ തളര്‍ന്ന് വീണത്. പുറത്ത് നിന്ന് ഇത് വീക്ഷിച്ച ഗ്രാമവാസികളായ അറബികള്‍ ഇങ്ങനെ തളര്‍ന്ന് വീണവരെ ഭ്രാന്തന്മാര്‍ എന്ന് വിളിച്ച് ആക്ഷേപിക്കുമായിരുന്നു. നിസ്കാരം പൂര്‍ത്തീകരിച്ച ശേഷം തിരുനബി(സ്വ) തളര്‍ന്ന് വീണവരെ സമീപിച്ച് സമാശ്വസിപ്പിക്കുമായിരുന്നു. അല്ലാഹുവിന്റെ പക്കല്‍ നിങ്ങള്‍ക്കുള്ള പ്രതിഫലം നിങ്ങള്‍ മനസ്സിലാക്കിയാല്‍ ഇനിയും ദാരിദ്ര്യം വര്‍ദ്ധിക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുക(തിര്‍മുദി2368). അബൂഹുറൈറ(റ) പറഞ്ഞു: അഹ്ലുസ്സുഫ്ഫത്തില്‍ പെട്ട ഞാന്‍ ഉമ്മു സലമ(റ) യുടേയും ആയിശ(റ) യുടേയും വീടിന്റെ പരിസരത്ത് വിശപ്പിന്റെ കാഠിന്യം നിമിത്തം ബോധരഹിതനായി വീണിട്ടുണ്ട്(ഇബ്നു സഅദ്ത്വബഖാതുല്‍ കുബ്റ 1256).
തിരുനബി(സ്വ)യ്ക്ക് നല്‍കപ്പെടുന്ന ഹദ്യ, തിരുനബി(സ്വ)യെ ഏല്‍പിക്കുന്ന സ്വദഖ, അഹ്ലുസ്സുഫ്ഫത്തിനായി തയ്യാറാക്കി കൊണ്ട് വരുന്ന ഭക്ഷണം, മദീനത്തെ പള്ളിയുടെ തൂണില്‍ കെട്ടിയിടുന്ന കാരക്ക കുലകള്‍, വീടുകളില്‍ ലളിതമായി ആഹരിച്ച് മിച്ചം വരുത്തുന്ന ഭക്ഷണം എന്നിവയൊക്കെയാണ് അവര്‍ക്ക് ദിവസങ്ങള്‍ കഴിയുമ്പോള്‍ എപ്പോഴെങ്കിലുമൊക്കെയായി ലഭിച്ചിരുന്നത്. അഹ്ലുസ്സുഫ്ഫത്തിന്റെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ ഭക്ഷണത്തിന് കടുത്ത ക്ഷാമം അനുഭവപ്പെട്ടിരുന്നു. ത്വല്‍ഹത്(റ) പറഞ്ഞു: അഹ്ലുസ്സുഫ്ഫയില്‍പെട്ട എനിക്കും മറ്റൊരാള്‍ക്കും വേണ്ടി ദൈനം ദിനം തിരുനബി(സ്വ) ഒരു പിടി കാരക്ക കൊടുത്തയക്കുമായിരുന്നു. ഞങ്ങള്‍ രണ്ട് പേരും അത് തിന്ന് വിശപ്പടക്കും. ഒരു ദിവസം നിസ്കാരം കഴിഞ്ഞ് എഴുന്നേറ്റ തിരുനബി(സ്വ)യെ ഒരാള്‍ പിന്നില്‍ നിന്ന് വിളിച്ചിട്ട് പറഞ്ഞു: തിരുനബിയേ, ഈ ഉണക്ക കാരക്ക ഞങ്ങളുടെ വയര്‍ കരിച്ചിരിക്കുന്നു. ഞങ്ങള്‍ ധരിച്ച പരുക്കന്‍ വസ്ത്രങ്ങള്‍ കീറിയിട്ടുമുണ്ട്. അപ്പോള്‍ തിരുനബി(സ്വ) അഹ്ലുസ്സുഫ്ഫത്തിന്റെ അവസ്ഥ വിശദീകരിച്ച് പ്രസംഗിച്ചിട്ട് അവര്‍ക്ക് കഴിയുന്നത്ര ആശ്വാസങ്ങള്‍ ചെയ്യാന്‍ ആഹ്വാനം ചെയ്തു. തുടര്‍ന്ന് ത്വല്‍ഹ(റ) പറയുന്നു: എന്നാല്‍ ഞാനും എന്റെ കൂട്ടുകാരനും അറാക്ക് മരത്തിന്റെ കായ അല്ലാതെ മറ്റൊരു ഭക്ഷണവും ലഭിക്കാതെ പത്തില്‍ അധികം ദിവസം കഴിച്ച് കൂട്ടി. (ബൈഹഖിശുഅബുല്‍ ഈമാന്‍. 9842)
അക്കാലത്ത് മദീനാ നിവാസികളായ മുസ്ലിംകളുടേയും സാധാരണ ഭക്ഷണം കാരക്ക മാത്രമായിരുന്നു. ശേഷം അല്‍പം ക്ഷേമം ഉണ്ടായി തുടങ്ങിയപ്പോള്‍ ദൈനം ദിനം ഒരു നേരത്തെ ആഹാരത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. രാത്രി ഭക്ഷണമായിരുന്നു അത്. ലഘു ഭക്ഷണങ്ങളില്‍ ഏറ്റവും ലഘുവായതായിരുന്നു സ്വഹാബത്തിന്റെത്. പാചകം ചെയ്ത ഭക്ഷണങ്ങള്‍ നന്നേ കുറവ്. റൊട്ടിയോ മറ്റോ ഉണ്ടാക്കിയാല്‍ തന്നെ ഒന്നുകില്‍ അതിന് കറിയില്ല. അല്ലെങ്കില്‍ അല്‍പം തേന്‍. രണ്ട് കറികള്‍ ഉണ്ടായ സംഭവം വളരെ വിരളം. മഗ്രിബ് നിസ്കാരത്തിന്റെ ശേഷമായിരുന്നു പൊതുവെ അവര്‍ രാത്രി ഭക്ഷണം കഴിച്ചിരുന്നത്. ചിലപ്പോഴൊക്കെ ഇശാഅ് നിസ്കരിച്ച ശേഷവും. മഗ്രിബ് നിസ്കാരം കഴിഞ്ഞ് അഹ്ലു സ്സുഫ്ഫത്തിനെ സമീപിക്കുന്ന തിരുനബി(സ്വ) അവരില്‍ ഓരോരുത്തരെയും വിളിച്ചിട്ട് നീ ഇന്ന ആളോട് കൂടെ പോയി ഭക്ഷണം കഴിക്കുക എന്ന് പറയും. അഞ്ച് പേര്‍ ഒഴികെ ബാക്കിയെല്ലാവരും ഭക്ഷണം കഴിക്കാനായി പലരുടേയും കൂടെ പോയി. ശേഷിച്ച അഞ്ച് പേരെ തിരുനബി(സ്വ) ആയിശ(റ)യുടെ വീട്ടില്‍ കൊണ്ട് പോയി ഭക്ഷണം നല്‍കി (നസാഈ 6662).
തിരുനബി(സ്വ)പറഞ്ഞു: വീട്ടില്‍ രണ്ടാളുടെ ഭക്ഷണമുള്ളവര്‍ മൂന്നാമനെ കൂട്ടിക്കൊണ്ട് പോകുക. നാല് പേരുടെ ഭക്ഷണം ഉള്ളവര്‍ അഞ്ചാമനെയും ആറാമനെയും കൊണ്ട് പോകുക. അബൂബക്ര്‍(റ) മൂന്ന് പേരെ കൊണ്ട് പോയി. തിരുനബി(സ്വ) പത്ത് പേരെ കൊണ്ട് പോയി (മുത്തഫഖുന്‍ അലൈഹി). തിരുനബി(സ്വ) വൈകുന്നേരമായാല്‍ അഹ്ലുസ്സഫ്ഫത്തിനെ സ്വഹാബാക്കള്‍ക്കിടയില്‍ വീതിച്ച് നല്‍കും. ചിലര്‍ ഒരാളിനെ, മറ്റ് ചിലര്‍ രണ്ട് പേരെ, ചിലര്‍ മൂന്ന് പേരെ, ചിലര്‍ പത്ത് പേരെ കൂട്ടിക്കൊണ്ട് പോകും. എന്നാല്‍ സഅദ് ബിന്‍ ഉബാദത്ത്(റ) എല്ലാ രാത്രിയിലും എണ്‍പത് പേരെ കൊണ്ട് പോയി രാത്രി ഭക്ഷണം നല്‍കുമായിരുന്നു.(ഹില്‍യത്തല്‍ ഔലിയ 1341)
വാസിലത്തുബ്നില്‍ അസ്ഖഅ്(റ) പറയുന്നു: ഞാനടക്കമുള്ള അഹ്ലുസ്സുഫ്ഫത്തുകാര്‍ റമളാനില്‍ നോമ്പനുഷ്ഠിക്കുമ്പോള്‍ ഞങ്ങളെ ഓരോരുത്തരെയായി ആരെങ്കിലുമൊക്കെ കൂട്ടിക്കൊണ്ട് പോയി നോമ്പ് തുറപ്പിക്കുമായിരുന്നു. എന്നാല്‍ ഒരു ദിവസം ആരും വന്നില്ല. ആയതിനാല്‍ ഒന്നും കഴിക്കാതെ തന്നെ ഞങ്ങള്‍ രണ്ടാം ദിവസവും നോമ്പനുഷ്ഠിച്ചു. അന്നേദിവസവും ഞങ്ങളെ കൂട്ടിക്കൊണ്ട് പോകാന്‍ ആരും വന്നില്ല. ഞങ്ങള്‍ തിരുനബി(സ്വ) യെ സമീപിച്ച് വിഷയം ധരിപ്പിച്ചു. തിരുനബി(സ്വ) തന്റെ ഭാര്യമാരുടെ അടുക്കല്‍ എന്തെങ്കിലും ഭക്ഷണം ഉണ്ടോ എന്നന്വേഷിച്ച് ആളെ അയച്ചു. അവരുടെ ആരുടെ അടുക്കലും ആഹരിക്കാന്‍ പറ്റിയ ഒന്നുമില്ലെന്ന മറുപടിയാണ് ലഭിച്ചത്. തിരുനബി(സ്വ) അഹ്ലുസ്സുഫ്ഫത്തിനോട് കൂടി ഇരിക്കാന്‍ ആവശ്യപ്പെട്ടു. അവരേയും കൂട്ടി തിരുനബി(സ്വ) അല്ലാഹുവിനോട് ദുആ ഇരന്നു. അല്ലാഹുവേ, നിന്റെ ഔദാര്യവും കാരുണ്യവും ഞങ്ങള്‍ ആവശ്യപ്പെടുന്നു. അവ രണ്ടും നിന്റെ അധീനതയിലാണ്. നീ അല്ലാത്ത മറ്റാരും അവ കൈവശപ്പെടുത്തിയിട്ടില്ല. ഉടന്‍ ഒരാള്‍ വന്നിട്ട് അകത്തേക്ക് വരാന്‍ അനുമതി ചോദിച്ചു. സമ്മതം നല്‍കിയപ്പോള്‍ ആഗതന്‍ ഒരു ചുട്ട ആടിനേയും കൂറേയധികം പത്തിരിയുമായിട്ടാണ് വന്നിരിക്കുന്നത്. അത് ഭക്ഷിക്കാന്‍ ഞങ്ങളോട്തിരുനബി(സ്വ) കല്‍പിച്ചു. ഞങ്ങള്‍ വയര്‍ നിറയെ ഭക്ഷിച്ചു. പിന്നീട് തിരുനബി(സ്വ) പറഞ്ഞു. അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും നാം അവനോട് ചോദിച്ചു. അവന്‍ നമുക്ക് വേണ്ടി കാരുണ്യം കരുതിവെച്ചിട്ടുണ്ടായിരുന്നു (ഹില്‍യത്തുല്‍ ഔലിയ 221,22).
അല്‍പം ഭക്ഷണത്തില്‍ ബറകത്തിന് വേണ്ടി ദുആ ഇരന്നിട്ട് അഹ്ലുസ്സുഫ്ഫ പല കൂട്ടങ്ങളായി വന്ന് വയര്‍ നിറയെ ഭക്ഷിച്ചിട്ടും ഭക്ഷണം ആദ്യമുള്ള പോലെ ശേഷിച്ചതും ഒരു ഗ്ലാസ്സിലുണ്ടായിരുന്ന അല്‍പം പാല്‍ എഴുപതോളം വരുന്ന സുഫ്ഫത്തുകാര്‍ വയര്‍ നിറയെ കുടിച്ചതുമായ നിരവധി സംഭവങ്ങള്‍ അഹ്ലുസ്സുഫ്ഫത്തിന്റെ അനുഭവത്തിലുണ്ട്. ചുരുക്കത്തില്‍ അവരുടെ ഭക്ഷണത്തിന് സ്ഥിര ക്രമീകരണം ഉണ്ടായിരുന്നില്ല. മറിച്ച് അവിചാരിതമായി ആഹരിക്കുകയോ അല്ലെങ്കില്‍ പട്ടിണിയോ ആയിരുന്നു.
കഠിന ദാരിദ്ര്യത്തില്‍ ജീവിച്ച അഹ്ലുസ്സുഫ്ഫത്തിന് വിശുദ്ധ യുദ്ധത്തിന് പുറപ്പെടാനുള്ള ആയുധങ്ങളും മറ്റ് സാമഗ്രികളും അന്‍സ്വാരികളും മറ്റും നല്‍കുകയായിരുന്നു. ഇബ്നു അബ്ബാസ്(റ) പറയുന്നു: ത്വാഇഫില്‍ നിന്നും തിരുനബി(സ്വ) മടങ്ങി ആറ് മാസം കഴിഞ്ഞപ്പോള്‍ ഞാന്‍ തിരുനബി(സ്വ)യെ സമീപിച്ചു. പിന്നീടാണ് ത്വബൂക്ക് യുദ്ധത്തിന് പുറപ്പെടാന്‍ അല്ലാഹു കല്‍പിച്ചത്. പ്രതിസന്ധിയുടെ സമയം(സാഅതുല്‍ ഉസ്റത്ത്) എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ചത് ആ സമയത്തെയാണ്. ചൂട് കഠിനമായ സന്ദര്‍ഭമായിരുന്നു അത്. അസ്ഹാബുസ്സുഫ്ഫത്ത് വര്‍ദ്ധിച്ച പ്രകാരം കപടന്മാരും വര്‍ദ്ധിച്ച കാലമായിരുന്നു അത്. മുസ്ലിംകളോട് യുദ്ധത്തിന് പുറപ്പെടാനുള്ള ആഹ്വാനം ഉണ്ടായാല്‍ അവര്‍ സ്വുഫ്ഫത്തുകാരെ സമീപിച്ച് ഓരോരുത്തരും തന്റെ കഴിവിനനുസരിച്ച് ഒന്നോ അതിലധികമോ ആളുകളെ ഏറ്റെടുക്കും. അവര്‍ക്ക് ആവശ്യമായ ആയുധങ്ങളും ഇതര യുദ്ധ സന്നാഹങ്ങളും ഒരുക്കിക്കൊടുക്കും. അവരോടൊന്നിച്ച് യുദ്ധത്തിന് പുറപ്പെടുകയും ചെയ്യും. (ഇബ്നു അസാകിര്‍ 35:262)
എന്റെ കരളിന്റെ കഷ്ണമാണ് ഫ്വാതിമ എന്ന് തിരുനബി(സ്വ) വിശേഷിപ്പിച്ച അരുമ മകള്‍ ഫ്വാതിമ(റ)യുടെ ആവശ്യങ്ങളേക്കാള്‍ മുതഅല്ലിമീങ്ങളുടെ ആവശ്യങ്ങള്‍ക്ക് തിരുനബി(സ്വ) മുന്‍ഗണന നല്‍കിയിരുന്നു. ഒരിക്കല്‍ വലിയ തോല്‍ പാത്രത്തില്‍ വെള്ളം ഏറ്റിക്കൊണ്ട് വന്നതിനാല്‍ നെഞ്ച് വേദന അനുഭവപ്പെടുന്ന വിവരം പത്നിയായ ഫ്വാതിമ(റ) അലി(റ) ധരിപ്പിച്ചു. തിരികല്ല്(ആട്ട്കല്ല്) തിരിച്ച് ധാന്യം പൊടിക്കുന്നതിനാല്‍ തന്റെ കൈകള്‍ക്ക് വേദനയുള്ള വിവരം ഫ്വാതിമ(റ)യെ അലിയ്യ്(റ)യെയും ധരിപ്പിച്ചു. പിതാവായ തിരുനബി(സ്വ)യെ സമീപിച്ച് ഒരു വേലക്കാരനായ അടിമയെ ആവശ്യപ്പെട്ടാല്‍ യുദ്ധത്തടവുകാരായി പിടിക്കപ്പെടുന്നവരില്‍ ഒരാളെ നമുക്ക് ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് അലി(റ) പരിഹാരമായി നിര്‍ദ്ദേശിച്ചു. ഫ്വാതിമ(റ) തിരുനബി(സ്വ)യെ സമീപിച്ചു. സലാം പറഞ്ഞു എന്നല്ലാതെ തന്റെ ആവശ്യം അറിയിക്കാതെ അലിയ്യ്(റ) വിന്റെ അടുത്തേക്ക് മടങ്ങുകയായിരുന്നു. പിതാവായ തിരുനബി(സ്വ)യോടുള്ള ആദരവ് നിമിത്തം ആവശ്യം ഉന്നയിക്കാന്‍ തനിക്ക് സാധിച്ചില്ലെന്ന് വിവരം ചോദിച്ച അലിയ്യ്(റ)വിനോട് ഫ്വാതിമ(റ) പറഞ്ഞു. പിന്നീട് രണ്ട് പേരും ഒന്നിച്ച് പുറപ്പെടുകയും അലിയ്യ്(റ) തിരുനബി(സ്വ)യെ വിഷമ വിവരങ്ങള്‍ ധരിപ്പിച്ച് ഒരു അടിമയെ പരിചാരകനായി വേണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു. ഉടന്‍ തിരുനബി(സ്വ) പ്രതികരിച്ചു: ഇല്ല, യുദ്ധത്തടവുകാരായി പിടിക്കപ്പെടുന്ന അടിമകളെ കൊണ്ട് പട്ടിണി കിടക്കുന്ന സുഫ്ഫത്തുകാരയ മുതഅല്ലിമീങ്ങള്‍ക്ക് സഹായം ചെയ്യാനാണ് ആഗ്രഹിക്കുന്നത് (ഇത്ഹാഫ് 60802).
വിശുദ്ധ ഖുര്‍ആന്‍ 39:23, 8:3 തുടങ്ങിയ സൂക്തങ്ങളില്‍ വിശദീകരിച്ച അല്ലാഹുവിനെ ഭയന്ന് കരയുക, ഖുര്‍ആന്‍ കേള്‍ക്കുമ്പോള്‍ വിശ്വാസം വര്‍ദ്ധിക്കുക മുതലായ മുഅ്മിനീങ്ങളുടെ മുഴുവന്‍ വിശേഷ ഗുണങ്ങളും ഒത്തിണങ്ങിയ യഥാര്‍ത്ഥ മുത്തഖീങ്ങള്‍ ആയിരുന്നു തിരുനബി(സ്വ)യുടെ മുതഅല്ലിമീങ്ങള്‍. വിശുദ്ധ ഖുര്‍ആന്‍ നജ്മ് അധ്യായത്തിലെ ഈ ഖുര്‍ആന്‍ കാരണത്താല്‍ നിങ്ങള്‍ ചിരിക്കുകയോ? നിങ്ങള്‍ കരയാത്തതെന്തേ! എന്ന അര്‍ത്ഥമുള്ള 30ാം സൂക്തം അവതരിച്ചപ്പോള്‍ സുഫ്ഫത്ത്കാരായ മുതഅല്ലിമീങ്ങള്‍ കരയാന്‍ തുടങ്ങി. കണ്ണുനീര്‍ കവിളിലൂടെ ഒഴുകി. അവരുടെ തേങ്ങിക്കരച്ചിലിന്റെ ശബ്ദം കേട്ട തിരുനബി(സ്വ) അവരോടൊപ്പം കരഞ്ഞു. തിരുനബി(സ്വ) കരയുന്നത് കണ്ട ഞങ്ങള്‍ വീണ്ടും കരഞ്ഞു. അപ്പോള്‍ തിരുനബി(സ്വ) പറഞ്ഞു: അല്ലാഹുവിനെ ഭയന്ന് കരഞ്ഞവര്‍ നരകത്തില്‍ കടക്കുകയില്ല (ബൈഹഖിശുഅബുല്‍ ഈമാന്‍ 777)
മലക്കുകള്‍ക്ക് മുമ്പായി സ്വര്‍ഗ പ്രവേശനം ലഭിക്കുന്നവരാണ് സുഫ്ഫത്തുകാരായ മുതഅല്ലിമീങ്ങള്‍. തിരുനബി(സ്വ)ചോദിച്ചു. ആദ്യമായി സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാരാണെന്ന് നിങ്ങള്‍ക്കറിയുമോ? വിശുദ്ധ ഇസ്ലാമിന്റെ കാവല്‍ ഭടന്മാരായിരുന്ന ദരിദ്രരായ മിഹാജിറുകളാണവര്‍. അവര്‍ മരണപ്പെടുമ്പോഴും അവരുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടാതെ ഹൃദയത്തില്‍ അവശേഷിക്കുകയായിരുന്നു. അവര്‍ക്ക് സ്വര്‍ഗ പ്രവേശനത്തിനുള്ള അനുമതി നല്‍കുമ്പോള്‍ മലക്കുകള്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ നിന്റെ മാലാഖമാരാണ്. സൂക്ഷിപ്പുകാരും വാനനിവാസികളുമാണ്. ആകയാല്‍ ഞങ്ങള്‍ക്ക് മുമ്പ് അവര്‍ക്ക് നീ സ്വര്‍ഗ പ്രവേശം നല്‍കരുത്. അല്ലാഹു അവരോട് പറയും: എന്റെ ദാസന്മാരാണവര്‍. ബഹുദൈവങ്ങളെ ആരാധിക്കാത്തവര്‍. അവര്‍ ദീനിന് സംരക്ഷണമായിരുന്നു. മരണപ്പെടുമ്പോഴും അവരുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടാതെ ഹൃദയങ്ങളില്‍ ശേഷിക്കുകയായിരുന്നു. ആയതിനാല്‍ അവര്‍ ആദ്യം സ്വര്‍ഗത്തില്‍ പ്രവേശിക്കട്ടെ. ശേഷം നിങ്ങള്‍ അവരെ സന്ദര്‍ശിച്ച് അനുമോദനം അറിയിക്കുക (ഹില്‍യത്തുല്‍ ഔലിയ 1347).
തിരുനബി(സ്വ) അഹ്ലുസ്സുഫ്ഫത്തിനെ സമീപിച്ച് വിവരങ്ങള്‍ അന്വേഷിച്ചു. അവര്‍ പറഞ്ഞു: നന്മയാണ് റസൂലേ. തിരുനബി(സ്വ): നിങ്ങള്‍ക്ക് ഇന്നത്തെ ദരിദ്ര അവസ്ഥയാണ് ഏറ്റവും ഉത്തമം. നിങ്ങളില്‍ ഓരോരുത്തര്‍ക്കും ഒരു ജവന നിറയെ ഉച്ച ഭക്ഷണവും മറ്റൊരു ജവന നിറയെ രാത്രി ഭക്ഷണവും ഉണ്ടാവുകയും കഅ്ബാലയം അലങ്കരിക്കുന്നത് പ്രകാരം നിങ്ങളുടെ ഭവനങ്ങള്‍ അലങ്കരിക്കുകയും ചെയ്യുന്ന സമ്പന്ന അവസ്ഥയേക്കാള്‍ ഉത്തമമാണീ ദാരിദ്ര്യം. അവര്‍ ആശ്ചര്യത്തോടെ ചോദിച്ചു: ഈ ദീനിന്റെ അനുയായികളായിരിക്കെ ഞങ്ങള്‍ക്ക് സമ്പന്നാവസ്ഥ ഉണ്ടാകുമോ? തിരുനബി(സ്വ): തീര്‍ച്ച, ഉണ്ടാകുക തന്നെ ചെയ്യും. അവര്‍ പറഞ്ഞു: എങ്കില്‍ അതല്ലേ ഏറ്റവും നല്ലത്. അപ്പോള്‍ കൂടുതല്‍ സ്വദഖ ചെയ്യാനും ഒരുപാട് അടിമകളെ മോചിപ്പിക്കാനും സാധിക്കുമല്ലോ. തിരുനബി(സ്വ)പറഞ്ഞു: അല്ല, നിങ്ങളുടെ ദരിദ്രാവസ്ഥയാണ് ഏറ്റവും ഉത്തമം. കാരണം നിങ്ങള്‍ക്ക് സമ്പത്തുണ്ടായാല്‍ പരസ്പരം അസൂയക്കാരായിത്തീരും, പരസ്പരം വിദ്വേഷപ്പെടുകയും ബന്ധം മുറിക്കുകയും ബഹിഷ്കരിക്കുകയും ചെയ്തേക്കും (ഹില്‍യത്തുല്‍ ഔലിയ 1340). അഹ്ലുസ്സുഫ്ഫത്തിനെ സന്ദര്‍ശിച്ച് കുശലാന്വേഷണം നടത്തിയ തിരുനബി(സ്വ)പറഞ്ഞു: അന്ത്യനാളിലെ വിജയം നിമിത്തം ദരിദ്രരായ മുഅ്മിനീങ്ങള്‍ സന്തോഷിക്കുക. സമ്പന്നരേക്കാള്‍ അഞ്ഞൂറ് വര്‍ഷം മുമ്പ് അവര്‍ക്ക് വിജയം ലഭിക്കുന്നതാണ്. ദരിദ്രര്‍ സ്വര്‍ഗത്തില്‍ ഉല്ലസിക്കുമ്പോള്‍ സമ്പന്നര്‍ വിചാരണക്ക് വിധേയരായിക്കൊണ്ടിരിക്കും(ഹില്‍യത്തുല്‍ ഔലിയ 1342) പൊതുവില്‍ ദാരിദ്ര്യമാണ് സമ്പത്തിനേക്കാള്‍ ഉത്തമമെന്ന് പഠിപ്പിക്കുന്ന സുഫ്ഫത്തുകാരുടെ പാഠങ്ങളാണിവ.
അഹ്ലുസ്സുഫ്ഫത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ കൃത്യമായ മാതൃകയാക്കുമായിരുന്നു. ഉദാഹരണത്തിന് ഇര്‍ബാളുബ്നിസാരിയത്ത്(റ) സൈന്യത്തില്‍ പെട്ട രണ്ട് പേരോട് വസ്വിയ്യത് ചെയ്തതിങ്ങനെ. ഞാന്‍ മരണപ്പെട്ടാല്‍ എന്നെ കിടത്താന്‍ പറ്റിയ ഒരു കുഴി കുഴിക്കണം. പിന്നീട് അതിന്റെ ഉള്ളില്‍ ഒരു തുരങ്കം ഉണ്ടാക്കണം. ശുദ്ധജലം കൊണ്ട് എന്റെ മയ്യിത് കുളിപ്പിക്കണം. സുഗന്ധം ലഭ്യമാണെങ്കില്‍ പുരട്ടുക. ഇല്ലെങ്കില്‍ കുഴപ്പമില്ല. ഖിബ്ത്വിയ്യായ മൂന്ന് തുണിയില്‍ എന്നെ കഫന്‍ ചെയ്യുക. തുരങ്കത്തില്‍ മയ്യിത് ഇറക്കി വെച്ച ശേഷം കുഴി മണ്ണിട്ട് മൂടുകയും ചെയ്യുക. കാരണം ഇങ്ങനെ ആയിരുന്നു സുഫ്ഫത്തുകാരെ മറവ് ചെയ്തിരുന്നത്(അല്‍ ആഹാദ് വല്‍ മസാനി 1518).
ഒട്ടകപ്പുറത്ത് മറച്ച് കെട്ടിയ കൂടാരത്തിനുള്ളില്‍ ദീപാലങ്കാരങ്ങളുടെ അകമ്പടിയോടെ ഒരു നവവധുവിനെ രാത്രിയില്‍ ആനയിക്കുന്ന വിവരം അറിഞ്ഞ ഉമര്‍(റ) അവിടെ എത്തി. ഒട്ടകപ്പുറത്ത് കെട്ടിയ കൂടാരം തകര്‍ക്കുകയും വിളക്കുകള്‍ കെടുത്തുകയും ചെയ്തു. പിറ്റേ ദിവസം സുബ്ഹി നിസ്കാരം കഴിഞ്ഞ് പള്ളിയില്‍ വെച്ച് ഉമര്‍(റ) പ്രസംഗിച്ചു. ഞാന്‍ അഹ്ലുസ്സുഫ്ഫത്തില്‍ പെട്ട ആളായിരുന്നു. അക്കൂട്ടത്തില്‍ പെട്ട അബൂജന്‍ദല്‍(റ) ഉമാമത്(റ) യെ വിവാഹം ചെയ്തു. ഏതാനും തളികകളില്‍ ഭക്ഷണമുണ്ടാക്കി ഞങ്ങളെ ക്ഷണിച്ച് അത് നല്‍കി എന്നല്ലാതെ മറ്റൊരു ആര്‍ഭാടവും ആചാരവും അന്നുണ്ടായിരുന്നില്ല. അബൂജന്‍ദല്‍(റ) രക്തസാക്ഷിയായി മരണപ്പെട്ടു. ഉമാമത്(റ) പ്രശംസിക്കപ്പെട്ട നിലയില്‍ മരണപ്പെടുകയും ചെയ്തു. അവര്‍ക്കിരുവര്‍ക്കും അല്ലാഹു അനുഗ്രഹം ചെയ്യട്ടെ. ഒട്ടകപ്പുറത്തെ കെട്ടിമറച്ച കൂടാരത്തില്‍ നവവധുവിനെ ആനയിച്ചവരെ അല്ലാഹു ശപിക്കട്ടെ. ദീപാലങ്കാരങ്ങളോടെയാണവര്‍ ഇന്നലെ രാത്രി വധുവിനെ ആനയിച്ചത്. ഇത് അമുസ്ലിംകളുടെ ആചാരമാണ്. ഇബ്റാഹിം(അ) ന് നര ബാധിച്ചപ്പോള്‍ അത് പ്രഭയാണെന്ന് മനസ്സിലാക്കി അല്ലാഹുവിനെ സ്തുതിച്ചു. ഹിംസ് നാട്ടില്‍ ആദ്യമായി നരയ്ക്ക് കറുപ്പ് ചായം കൊടുത്ത(ഡൈ ചെയ്ത) ഇബ്നുല്‍ ഹറാബിയ്യ പ്രഭ കെടുത്തുകയാണ് ചെയ്തത്. ആയതിനാല്‍ അന്ത്യനാളില്‍ അല്ലാഹു അവന്റെ പ്രഭ കെടുത്തുന്നതാണ് (മുഖ്തസ്വര്‍ താരീഖുദിമശ്ഖ്).
ഇങ്ങനെ വിവിധ മഹത്ത്വങ്ങള്‍ ഏറ്റുവാങ്ങിയ ഇസ്ലാമിക ദര്‍സിലെ ആദ്യ പഠിതാക്കള്‍ ലോകത്തിനു മാതൃകയായി; ധര്‍മവിപ്ലവത്തിന്റെ ചരിത്ര സ്രഷ്ടാക്കളായി. പില്‍ക്കാലത്ത് അതു തുടര്‍ന്നു, തുടര്‍ന്നുകൊണ്ടിരിക്കുന്നു.

ഹദീസ് പാഠം/ എഎ ഹകീം സഅദി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ