ഇസ്‌ലാം സമഗ്രവും സമ്പൂര്‍ണവുമാണ്. എല്ലാ കാലഘട്ടങ്ങള്‍ക്കും ആവശ്യമായ ഒരു ദര്‍ശനമാണത്. അതിലെ ഓരോ കണികയും സ്ഥല കാല, വര്‍ഗ, വര്‍ണങ്ങള്‍ക്ക് അധീതമാണ്. ഭൂമിയിലെ മുഴുവന്‍ പ്രശ്നങ്ങള്‍ക്കും അതില്‍ ഉത്തരമുണ്ട്. ഇസ്‌ലാം എന്ന വാക്കിന് തന്നെ സമാധാനമെന്നാണര്‍ത്ഥം. ഭൂമിയില്‍ മനുഷ്യന്‍ ജീവിക്കുന്ന കാലത്തോളം സമാധാനത്തോടെ ജീവിക്കണം. പ്രത്യേകിച്ച് ഇസ്‌ലാമിനെ ജീവിതംകൊണ്ട് വരിച്ച മുസ്ലിം സമൂഹം. മനുഷ്യന്‍ സമാധനത്തോടെ ജീവിക്കണമെങ്കില്‍ അവന്റെ ആരോഗ്യം മെച്ചപ്പെടേണ്ടതുണ്ട്. ആരോഗ്യത്തിനാവശ്യമായ മുഴുവന്‍ സംവിധാനങ്ങളും ഇസ്‌ലാമിലെ ആരാധന കര്‍മങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വര്‍ഷത്തില്‍ ഒരിക്കല്‍ നോമ്പെടുക്കുന്നവര്‍ക്ക് ഹാര്‍ട്ട് സംബന്ധമായ ഒരു പ്രശ്നവും ഉണ്ടാകാന്‍ പാടില്ല. എല്ലാ ദിവസവും നിസ്കരിക്കുന്നവന് മാനസിക പ്രശ്നങ്ങളും വാതസംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാന്‍ പാടില്ല. എന്നാല്‍ 2007 ല്‍ നടത്തിയ ഒരു പഠനത്തില്‍ കേരളത്തിലെ ആശുപത്രികളില്‍ നല്ലൊരു ശതമാനം രോഗികളും മുസ്ലിംകളാണെന്നാണ് കണ്ടെത്തിയത്. ലോകത്ത് മുസ്ലിം രാഷ്ട്രങ്ങളിലെ ഭരണാധികാരികളില്‍ പലരും ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങളുടെ പിടിയിലുമാണ്. അപ്പോള്‍ സാധാരണക്കാരുടെ അവസ്ഥ പറയാതിരിക്കുന്നതാണ് ഭേദം. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു. ഒന്നുകില്‍ അവര്‍ ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കുന്നില്ല. അല്ലെങ്കില്‍ ശരിയാം വണ്ണം കൃത്യമായും ഭംഗിയായും അവ നിര്‍വഹിക്കുന്നില്ല.
ഇസ്‌ലാമികമായി രോഗങ്ങളുടെ അടിസ്ഥാനം വയറാണ്. പ്രവാചകന്‍(സ്വ) പറഞ്ഞു: “മനുഷ്യന്‍ തന്റെ വയറിനെക്കാള്‍ മോശമായ ഒരു പാത്രവും നിറച്ചിട്ടില്ല. എല്ലാ രോഗങ്ങളും അവന്റെ വയറില്‍ നിന്നാണ്.’ ഖുര്‍ആന്‍ പറഞ്ഞു: “നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം ഹലാലായിരിക്കണം. അതുപോലെതന്നെ ശുദ്ധവുമായിരിക്കണം. കഴിക്കാന്‍ ഉത്തമ വിഭാവം നല്‍കിയത് അവനാകുന്നു’ (ഖുര്‍ആന്‍). ശരീരത്തിന് കോട്ടം തട്ടാത്ത ഭക്ഷണമായിരിക്കണം നാം കഴിക്കേണ്ടത്. എന്നാല്‍ നാം കഴിക്കുന്ന ഭക്ഷണത്തില്‍ കൂടുതലും ശരീരത്തിന് ഹാനികരമായതാണ്. ആരാധനാ കാര്യങ്ങളായ നിസ്കാരം, നോമ്പ് തുടങ്ങിയതിലെ കൃത്യമായ ക്രമം പഠിപ്പിക്കാത്ത ഖുര്‍ആന്‍ ആഹാരം കഴിക്കേണ്ടത് എങ്ങനെ എന്ന് പറഞ്ഞു തന്നിട്ടുണ്ട്. “”നാം നിങ്ങള്‍ക്ക് നല്‍കിയതില്‍ നിന്ന് നിങ്ങള്‍ കഴിച്ചുകൊള്ളുക. പക്ഷേ അതിര് കടക്കാന്‍ പാടില്ല. അതിര് കടക്കുന്നപക്ഷം എന്റെ കോപം നിങ്ങളില്‍ വന്നുഭവിക്കുന്നതാണ്. ആര്‍ക്ക് എന്റെ കോപം എത്തിയോ അവന്‍ നാശത്തില്‍ പതിച്ചതുതന്നെ (ത്വാഹ 81). ലുഖ്മാന്‍(അ) തന്റെ മകനെ വിളിച്ചു ഉപദേശിക്കുന്നത് ഇങ്ങനെ: “മകനേ, വയര്‍ നിറയെ ഭക്ഷിക്കരുത്. നിറവയറ്റില്‍ ഓര്‍മകള്‍ മായും, അറിവ് ബധിരമാകും, അവയവങ്ങള്‍ ക്ഷീണിക്കും, മിതാഹാരം പ്രയോജന പ്രദമാണ്. അമിതാഹാരം നശീകരണമാണ്. അത് ഹൃദയഭാരം കൂട്ടും. ഹൃദഭാരം ഹൃദയത്തെയും മനസ്സിനെയും തകര്‍ക്കും. ഇതില്‍ നിന്നെല്ലാം മനസ്സിലാകുന്നത് അമിതമായി ഭക്ഷണം കഴിക്കരുതെന്നു തന്നെയാണ്.
എന്നാല്‍ സല്‍ക്കാരങ്ങളിലും ആഘോഷങ്ങള്‍ക്കും കല്യാണങ്ങളിലും നാം കാണിച്ചു കൂട്ടുന്ന താന്തോന്നിത്തരം കണ്ടാല്‍ സങ്കടം തോന്നും. രോഗത്തിന് ഇരയാകുന്ന ഒരു സമൂഹമായി നാം മാറി. ജീവിശൈലി രോഗങ്ങളായ ഹാര്‍ട്ട് ബ്ലോക്ക്, പ്രമേഹം, പ്രഷര്‍, വാത പ്രശ്നങ്ങള്‍ എല്ലാം ഏറിവന്നു. ലുഖ്മാന്‍ (അ) മകനെ ഉപദേശിച്ചതില്‍ അമിത ഭക്ഷണം ഹൃദയഭാരം കൂടും (ബി.പി.) കൂട്ടും എന്നല്ലേ നാം മനസ്സിലാക്കേണ്ടത്. ബി.പി. കൂടിയാല്‍ ശരീരവും മനസ്സും തകരും എന്ന് നാം ഓര്‍ക്കണം. പ്രവാചകര്‍(സ്വ) പാത്രങ്ങള്‍ നിരത്തിവച്ച് കഴിച്ചിട്ടില്ല എന്ന് അനസ് (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസ് ബുഖാരിയിലുണ്ട്. മേശയുടെ ഇങ്ങേയറ്റത്തു നിന്നും അങ്ങേയറ്റം വരെ പാത്രങ്ങള്‍ നിരത്തിവച്ച് വിഭവ സമൃദ്ധമായി പുതുതലമുറ കഴിക്കുന്നു. അതുപോലെ തന്നെ നേര്‍ത്ത മാവുകൊണ്ട് ഒരിക്കലും പ്രവാചകന്‍(സ്വ) റൊട്ടിയുണ്ടാക്കി കഴിച്ചിട്ടില്ല എന്നും അനസ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. നാം കഴിക്കുന്നതില്‍ അധികവും നേര്‍ത്ത മാവായ മൈദകൊണ്ടുണ്ടാക്കുന്ന പൊറോട്ടയും മറ്റുമാണ്. പ്രവാചകന്റെ പ്രസിദ്ധമായ ഒരു ഹദീസ് ഉണ്ട്. വയറിന്റെ 1/3 ഭക്ഷണത്തിന്, 1/3 വെള്ളത്തിന്, 1/3 വായു സഞ്ചാരത്തിന് നീക്കിവയ്ക്കുക. എന്നാല്‍ നാം സ്ഥിരം 3 നേരവും വയറ് നിറയെ ഭക്ഷിച്ച് ഏമ്പക്കവും വിട്ട് കിടന്നുറങ്ങുന്നു.
ലോക പ്രശസ്ത ഭിഷഗ്വരനായ ഡോക്ടര്‍ ജയിംസ് സാമുവേല്‍ എഴുതി: ഇസ്‌ലാമിലെ ആഹാര രീതിയും ഇരുന്നുകൊണ്ടുള്ള ഭക്ഷണരീതിയും ലോകജനത ശീലിച്ചിരുന്നുവെങ്കില്‍ രോഗസാധ്യത ഗണ്യമായ അളവില്‍ കുറയ്ക്കാമായിരുന്നു. എന്നാല്‍ മുസ്ലിംകള്‍പോലും ഈ രീതി സ്വീകരിക്കുന്നില്ല എന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നു. മാത്രവുമല്ല അവര്‍ പാശ്ചത്യര്‍ വികസിപ്പിച്ച മേശപ്പുറത്തുവച്ചാണ് കഴിക്കുന്നത്. ഇമാം ഗസ്സാലി (റ) ഇഹ്യാ ഉലൂമുദ്ദീനില്‍ ഭക്ഷണ മര്യാദയെ കുറിച്ച് പറയുന്നു: “വിശക്കുമ്പോഴല്ലാതെ കൈ വായിലേയ്ക്ക് ഉയര്‍ത്താതിരിക്കുന്നതാണ് ഭക്ഷണമര്യാദ. കഴിക്കുകയാണെങ്കില്‍ വിശപ്പ് പറ്റെ ഒടുങ്ങുന്നതിന് മുമ്പ് കൈ പിന്‍വലിക്കുകയും വേണം. ഇതാരെങ്കിലും ശീലമാക്കിയാല്‍ അവന്‍ വ്യൈനെ കാണേണ്ടിവരില്ല.’ ഖുര്‍ആന്‍ പറഞ്ഞ ഗ്രന്ഥം ചുമക്കുന്ന കഴുതകളില്‍ നാം ഉള്‍പ്പെടാതിരിക്കട്ടെ !

ഡോ. കരകുളം നിസാമുദ്ദീന്‍

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ