ബലിപെരുന്നാളിനോടനുബന്ധിച്ച് മുസ്‌ലിം അനുഷ്ഠിക്കുന്ന കർമങ്ങളിൽ മുഖ്യമാണ് ഉള്ഹിയ്യത്ത് അഥവാ ബലിദാനം. ഇബ്‌റാഹീം, ഇസ്മാഈൽ നബി(അ)മാരുടെ ഇലാഹീ പ്രണയവും ത്യാഗസന്നദ്ധതയുമാണ് ഉള്ഹിയ്യത്ത് നിയമമാക്കുന്നതിന്റെ ചരിത്ര പശ്ചാത്തലം. മനസ്സുരുകിയുള്ള പ്രാർഥനയുടെ ഫലമായി, വാർധക്യ സമയത്താണ് അരുമ മകനായി ഇസ്മാഈൽ നബി(അ)യെ അല്ലാഹു മഹാന് സമ്മാനിച്ചത്. കനിഞ്ഞേകിയ പൊന്നോമനയെ ബലി നടത്താൻ പരീക്ഷണാർഥം അല്ലാഹു കൽപിച്ചു. ദൈവിക കൽപന പൂർണാർഥത്തിൽ അനുസരിച്ച് ഉപ്പയും മകനും ബലികർമത്തിനു തയ്യാറെടുത്തു. എന്നാൽ പരീക്ഷണത്തിൽ വിജയിച്ച ഇബ്‌റാഹീം(അ)യോട് കുട്ടിക്കു പകരം ഒരു ആടിനെ അറുക്കാൻ നാഥൻ നിർദേശിച്ചു. സ്വർഗത്തിൽ നിന്നു കൊണ്ടുവന്ന ഈ ആടായിരുന്നു ഇസ്‌ലാമിലെ പ്രഥമ ബലി.
ആഇശ(റ) ഉദ്ധരിക്കുന്നു: നബി(സ്വ) പറയുകയുണ്ടായി: ബലിപെരുന്നാൾ ദിനത്തിൽ ഉള്ഹിയ്യത്തിനെക്കാൾ പ്രതിഫലാർഹമായ കർമം മനുഷ്യന് ചെയ്യാനില്ല, ബലിമൃഗം അതിന്റെ കൊമ്പുകളും കുളമ്പുകളും രോമങ്ങളുമടക്കം അന്ത്യനാളിൽ വരുന്നതാണ്. രക്തം ഭൂമിയിൽ വീഴും മുമ്പ് അല്ലാഹുവിങ്കൽ സ്ഥാനത്തെത്തുന്നതാണ്. അതിനാൽ നല്ല മനസ്സാേടെ ഉള്ഹിയ്യത്ത് നിർവഹിക്കുവീൻ (തുർമുദി: 1493).

ഉള്ഹിയ്യത്തിന്റെ വിധി

അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി ബലിപെരുന്നാൾ ദിനത്തിലോ തുടർന്നുള്ള മൂന്നു ദിവസങ്ങളിലോ, നിബന്ധനകൾ പാലിച്ച് ബലി നടത്തുന്ന മൃഗത്തിനാണ് ഉള്ഹിയ്യത്ത് എന്ന് പറയുന്നത്. സാമ്പത്തികശേഷിയും ബുദ്ധിയും പ്രായപൂർത്തിയും വിവേകവുമുള്ള സ്വതന്ത്രരായ എല്ലാ മുസ്‌ലിംകൾക്കും ബലികർമം ശക്തമായ സുന്നത്താണ്. ബലിപെരുന്നാൾ രാവിലും പകലിലും തന്റെയും ആശ്രിതരുടെയും ചെലവുകൾ കഴിച്ച് ഉള്ഹിയ്യത്ത് നിർവഹിക്കാനാവശ്യമായ സാമ്പത്തിക ശേഷിയുള്ളവർക്കാണ് ബലികർമം സുന്നത്തുള്ളത്. നിർബന്ധമാണെന്നതിൽ മദ്ഹബുകളിൽ ഭിന്നാഭിപ്രായമുണ്ടായതുകൊണ്ട് കഴിവുള്ളവൻ ഉള്ഹിയ്യത്ത് ഉപേക്ഷിക്കൽ കറാഹത്താണ്. അതുകൊണ്ടുതന്നെ സുന്നത്തായ ധർമത്തേക്കാൾ ഉത്തമം ബലികർമമാണ് (തുഹ്ഫ 9/344). ഉമ്മത്തിന് ശക്തമായ സുന്നത്താണെങ്കിലും ബലികർമം നബി(സ്വ)ക്ക്‌നിർബന്ധ ബാധ്യതയായിരുന്നു. മറ്റുള്ള ആരാധനകളെ പോലെ നേർച്ചയാക്കിയാലല്ലാതെ നമുക്ക് നിർബന്ധമാവുകയില്ല (മുഗ്നി 6/123). ഉള്ഹിയ്യത്ത് ശക്തമായ സുന്നത്തും ഇസ്‌ലാമിന്റെ പ്രകടമായ ചിഹ്നങ്ങളിൽ പെട്ടതുമാകയാൽ കഴിവുള്ളവർ അത് നിർവഹിക്കാൻ ഉത്സാഹിക്കണമെന്ന് ഇമാം നവവി പ്രസ്താവിച്ചിട്ടുണ്ട് (റൗള 3/192).

അറവ് നടത്തുന്നവരുടെ മര്യാദ

ഉള്ഹിയ്യത്ത് ഉദ്ദേശിച്ചവർ ദുൽഹിജ്ജ ഒന്ന് മുതൽ അറക്കുന്നതുവരെ ശരീരത്തിൽ നിന്ന് നഖം, മുടി അടക്കമുള്ള ഒരു ഭാഗവും നീക്കാതിരിക്കൽ പുണ്യകരമാണ്. അല്ലാഹുവിന്റെ പാപമോചനവും നരകമുക്തിയും ലഭിക്കുമ്പോൾ ശരീരത്തിന്റെ മുഴുവൻ ഭാഗങ്ങളും അതിൽ പങ്കുചേരുകയാണ് ലക്ഷ്യം. ഒന്നിലധികം ഉള്ഹിയ്യത്തുണ്ടെങ്കിൽ ഒന്നാമത്തെ അറവോടു കൂടി കറാഹത്ത് ഇല്ലാതാകുന്നതാണ് (തുഹ്ഫ: 9/347348).

മരിച്ചവർക്ക് വേണ്ടി അറുക്കാമോ?

വസ്വിയ്യത്ത് ചെയ്തിട്ടില്ലെങ്കിൽ നിർബന്ധമായ ഉള്ഹിയ്യത്ത് ആണെങ്കിൽ പോലും മയ്യിത്തിന് വേണ്ടി നിർവഹിക്കൽ അനുവദനീയമല്ല. വസ്വിയ്യത്തില്ലാതെ നിർവഹിച്ചാൽ അത് സാധുവാകുന്നതുമല്ല (തുഹ്ഫ 9/368).

മറ്റുള്ളവർക്ക് വേണ്ടി

ജീവിച്ചിരിക്കുന്ന ഒരാൾക്കു വേണ്ടി അവന്റെ അനുവാദമില്ലാതെ ഉള്ഹിയ്യത്ത് നടത്തൽ അനുവദനീയമല്ല, അത് സാധുവാകുന്നതുമല്ല. കാരണം അതൊരു ആരാധനയാണ്. പ്രത്യേക തെളിവില്ലെങ്കിൽ, മറ്റുള്ളവർക്കു വേണ്ടി ആരാധന നടത്തൽ അനുവദനീയമല്ല എന്നതാണ് അടിസ്ഥാന നിയമം. ‘നീ എനിക്കു വേണ്ടി ഉള്ഹിയ്യത്ത് നടത്തുക’ പോലെയുള്ള വാക്കുകൊണ്ട് സമ്മതം ലഭിച്ചാൽ അപരനു വേണ്ടി ബലി നടത്താം (തുഹ്ഫ 9/367).

ഏതെല്ലാം മൃഗങ്ങൾ

ആട്, മാട്, ഒട്ടകം എന്നീ മൃഗങ്ങളെ മാത്രമേ ഉള്ഹിയ്യത്തിന് പറ്റുകയുള്ളൂ. പോത്ത്, മൂരി, കാള, പശു, എരുമ തുടങ്ങിയവയെല്ലാം മാട് വർഗത്തിൽ പെട്ടതാണ്. എന്നാൽ കാട്ടുപോത്തും കാട്ടുപശുവും സ്വീകാര്യമല്ല. ഉള്ഹിയ്യത്തിന്റെ മൃഗങ്ങളിൽ പെട്ടതും പെടാത്തതും തമ്മിൽ ഇണ ചേർന്നുണ്ടായ മൃഗവും സ്വീകാര്യമല്ല. ഉള്ഹിയ്യത്ത് മൃഗങ്ങൾക്ക് നിശ്ചിത വയസ്സ് നിബന്ധനയുണ്ട്. ഒട്ടകത്തിന് അഞ്ച് വയസ്സ് പൂർത്തിയായി ആറിലേക്ക് പ്രവേശിക്കണം. മാട്, കോലാട് എന്നിവ രണ്ടു വയസ്സ് പൂർത്തിയായി മൂന്നിലേക്ക് പ്രവേശിക്കണം. നെയ്യാടിന് ഒരു വയസ്സ് പൂർത്തിയാവുകയോ അതിനു മുമ്പ് പല്ല് പറിയുകയോ ചെയ്യണം (തുഹ്ഫ 9/348 ). മൃഗങ്ങളുടെ വയസ്സ് അറിയുന്നതിനുള്ള മാനദണ്ഡം മൃഗങ്ങളെ കുറിച്ച് അറിവും പരിചയമുള്ളവരുടെ നിഗമനങ്ങളാണ്. തന്റെ കൈവശത്തിലായി പ്രസവിച്ച മൃഗത്തിന്റെ വയസ്സിനെ പറ്റി വിശ്വസ്തനായ ഉടമസ്ഥന്റെ വാക്ക് അവലംബിക്കാം (ബിഗ്യ പേ. 257).
മൃഗത്തിന്റെ ന്യൂനതകൾ
മാംസത്തെ ചുരുക്കുന്ന രീതിയിലുള്ള ന്യൂനതകൾ ഇല്ലാതിരിക്കുക എന്നത് ഉള്ഹിയ്യത്ത് മൃഗത്തിന്റെ നിബന്ധനയാണ്. മാംസത്തിൽ താൽപര്യപ്പെടാത്ത വിധം മെലിഞ്ഞൊട്ടിയത്, ചെവി, വാൽ, പൃഷ്ഠം, അകിട് എന്നിവ ഭാഗികമായോ പൂർണമായോ വേർപിരിയും വിധം മുറിക്കപ്പെട്ടത്, മേച്ചിൽ സ്ഥലത്തേക്ക് വിട്ടാലും മേയാതെ കറങ്ങിനടക്കുന്ന ദ്രാന്തുള്ളത് എന്നിവ ഉള്ഹിയ്യത്തിന് പറ്റില്ല. മറ്റുള്ള മൃഗങ്ങളോടൊപ്പമെത്താൻ സാധിക്കാത്ത വിധം വ്യക്തമായ മുടന്തുള്ളത്, രണ്ട് കണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ടത്, വ്യക്തമായ രോഗമുള്ളത്, ചൊറിയുള്ളത് എന്നീ മൃഗങ്ങളും ഉള്ഹിയ്യത്തിന് ഉതകുന്നതല്ല. അറുക്കാൻ തള്ളിയിട്ട സമയത്തുണ്ടായ മുടന്താണെങ്കിലും സ്വീകാര്യമല്ല. എന്നാൽ കൊമ്പിന്റെ പൊട്ടലും വേർപിരിയാത്ത വിധം ചെവി പോലോത്തത് ദ്വാരമാവലും കീറലും ന്യൂനതയായി പരിഗണിക്കില്ല (തുഹ്ഫ 9/352, ബുജൈരിമി 4/282).

ഉള്ഹിയ്യത്തിന്റെ സമയം
സമയബന്ധിതമായി നിർവഹിക്കേണ്ട കർമമാണ് ഉള്ഹിയ്യത്ത്. ബലിപെരുന്നാൾ ദിവസം സൂര്യനുദിച്ച് ലഘുവായ രണ്ട് റക്അത്തുകളുടെയും ഹ്രസ്വമായ രണ്ട് ഖുതുബകളുടെയും സമയം കഴിഞ്ഞാൽ ഉള്ഹിയത്തിന്റെ സമയം പ്രവേശിക്കുന്നതാണ്. എങ്കിലും സൂര്യനുദിച്ച്‌നമ്മുടെ കാഴ്ചയിൽ ഒരു മുഴം ഉയർന്നതിനുശേഷം (ഏകദേശം 20 മിനിറ്റ്) മേൽ പറഞ്ഞ രൂപത്തിൽ രണ്ട് റക്അത്ത് നിസ്‌കാരവും ഖുതുബകളും നിർവഹിക്കാനാവശ്യമായ സമയം കഴിഞ്ഞതിനുശേഷം ബലി നടത്തലാണ് ഉത്തമം. ദുൽഹജ്ജ് പതിമൂന്നിന്റെ സൂര്യാസ്തമയത്തോടെ ബലികർമത്തിന്റെ സമയം അവസാനിക്കും. പ്രസ്തുത സമയത്തിനുള്ളിൽ രാത്രിയിലും പകലിലും അറവു നടത്താം. എന്നാൽ പ്രത്യേക ആവശ്യമില്ലാത്ത പക്ഷം രാത്രി അറവ് നടത്തൽ കറാഹത്താണ് (തുഹ്ഫ 9/354).
സമയത്തിന് മുമ്പ് അറവ് നടത്തിയാൽ അത് ഉള്ഹിയ്യത്താവുകയില്ല, സമയം കഴിയുന്നതുവരെ അറുക്കാതിരുന്നാൽ അത് നഷ്ടപ്പെടുന്നതുമാണ് (റൗള 3/200). എന്നാൽ നേർച്ച കൊണ്ടോ മറ്റോ നിർബന്ധമായതാണെങ്കിൽ പ്രസ്തുത സമയത്ത് അറുക്കാൻ സാധിക്കാതെ വന്നാൽ ശേഷം അറവ് നടത്തേണ്ടതാണ് (ശർഹുൽ മുഹദ്ദബ് 8/301, തുഹ്ഫ 9/347).
ഒരാൾ ഒന്നിലധികം മൃഗങ്ങളെ ഉള്ഹിയ്യത്തറുക്കുന്നുണ്ടെങ്കിൽ മുഴുവനും ആദ്യ ദിവസം തന്നെ അറുക്കലാണ് ഉത്തമമെന്ന് ഇമാം നവവി(റ) സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. നന്മകൾ വേഗത്തിൽ ചെയ്യണമെന്നതിനാലും നബി(സ്വ) ഒരു ദിവസം തന്നെ നൂറ് ഒട്ടകങ്ങളെ അറുത്തതിനാലുമാണ് ഇത് ഉത്തമമായത് (തുഹ്ഫ 9/350).

നിയ്യത്ത്
ഉള്ഹിയ്യത്ത് കർമം സാധുവാകാൻ നിയ്യത്ത് നിർബന്ധമാണ്. നിയ്യത്തില്ലാതെ നടത്തിയ അറവുകൊണ്ട് നിർബന്ധമോ സുന്നത്തോ ആയ ഉള്ഹിയ്യത്ത് ലഭിക്കുകയില്ല. എന്നാൽ നേർച്ചയുടെ നിബന്ധനയൊത്ത വാചകം മുഖേന (ഉദാ: ഈ ആടിനെ ഉള്ഹിയ്യത്തറുക്കാൻ ഞാൻ ബാധ്യതയേറ്റു, ഇതിനെ ഉള്ഹിയ്യത്തറുക്കാൻ ഞാൻ നേർച്ചയാക്കി) നിശ്ചിത മൃഗത്തെ അറുക്കാൻ നേർച്ചയാക്കിയതാണെങ്കിൽ അറവിന്റെ സമയത്തോ അതിന് മുമ്പോ നിയ്യത്ത് നിർബന്ധമില്ല. ഈ രൂപങ്ങളിലെല്ലാം നിയ്യത്ത് ചെയ്യൽ സുന്നത്താണ്. എന്നാൽ ഇതിനെ ഞാൻ ഉള്ഹിയ്യത്താക്കി, ഇത് ഉള്ഹിയ്യത്താകുന്നു എന്നീ വാചകങ്ങളിലൂടെ ഉള്ഹിയ്യത്ത് നിർബന്ധമാവുമെങ്കിലും സുന്നത്തായ ഉള്ഹിയ്യത്തിൽ നിയ്യത്ത് നിർബന്ധമുള്ള പോലെ ഇവിടെയും നിയ്യത്ത് നിർബന്ധമാണ് (തുഹ്ഫ 9/361).
നിയ്യത്ത് അറവിന്റെ സമയത്ത് തന്നെ ചെയ്യണമെന്നില്ല. മൃഗത്തെ നിർണയിക്കുന്ന സമയത്തോ വേർതിരിക്കുന്ന സമയത്തോ നിർണയിച്ച ശേഷം അറവിന്റെ മുമ്പായോ നിയ്യത്ത് ചെയ്താലും മതിയാകുന്നതാണ് (തുഹ്ഫ 9/361).
ഒന്നിലധികമാളുകൾ ചേർന്ന് അറവു നടത്തുമ്പോൾ ഓരോരുത്തരും നിയ്യത്ത് ചെയ്യുകയോ നിയ്യത്ത് ചെയ്യാൻ ഒരാളെ ഏൽപിക്കുകയോ ചെയ്യാവുന്നതാണ്, അറവിന് ഏൽപിക്കുന്നയാളെത്തന്നെ നിയ്യത്ത് ചെയ്യാനും ഏൽപിക്കാം.
സുന്നത്തായ ഉള്ഹിയ്യത്തിനെ ഞാൻ കരുതി, ഉള്ഹിയ്യത്തെന്ന സുന്നത്തിനെ വീട്ടാൻ ഞാൻ കരുതി എന്നൊക്കെയാവാം. ഉള്ഹിയ്യത്ത് കരുതി എന്ന് മാത്രം പറഞ്ഞാൽ നിർബന്ധമാകും. നിർബന്ധമായ ഉള്ഹിയ്യത്തിൽ നിന്ന് അറുക്കുന്നവൻ ഭക്ഷിക്കൽ ഹറാമാണ് (ശർഖാവി 2/519, ഇആനത്ത് 2/376).
എന്നാൽ അറവിന്റെ സമയത്ത് ചൊല്ലൽ സുന്നത്തായ പ്രാർഥനയിൽ ഇത് എന്റെ ഉള്ഹിയ്യത്താണ് എന്ന വാക്കുള്ളതുകൊണ്ട് അത് നിർബന്ധമാകുന്നതല്ല (ശർഖാവി 2/519).
എന്നാൽ സാധാരണക്കാരായ പലരും സുന്നത്തായ ഉള്ഹിയ്യത്ത് നിർവഹിക്കണമെന്ന ഉദ്ദേശ്യത്തിൽ മൃഗത്തെ വാങ്ങുകയും ആ മൃഗത്തെ കുറിച്ച് അന്വേഷിക്കുന്നവരോട് ‘ഇത് ഉള്ഹിയ്യത്താണ്’ എന്ന് പറയുകയും ചെയ്യാറുണ്ട്. ഇപ്രകാരം പറയുന്നതിലൂടെ അത് നിർബന്ധമായ ഉള്ഹിയ്യത്തായിത്തീരുമെന്നും അതിൽ നിന്ന് അവൻ ഭക്ഷിക്കൽ നിഷിദ്ധമാവുകയും നിർബന്ധ ഉള്ഹിയ്യത്തിന്റെ വിധികൾ അതിനു ബാധകമാവുകയും ചെയ്യുമെന്ന് ഇമാം ഇബ്‌നു ഹജറും ഇമാം റംലി(റ)യും പ്രബലപ്പെടുത്തുന്നുണ്ട് (തുഹ്ഫ 9/355356, നിഹായ 8/138). എന്നാൽ സുന്നത്തായ ഉള്ഹിയ്യത്തിനുള്ളതാണ് എന്ന ഉദ്ദേശ്യത്തിലാണ് അങ്ങനെ പറഞ്ഞതെങ്കിൽ അത് മുഖേന നിർബന്ധമാവുകയില്ലെന്നാണ് സയ്യിദ് ഉമറുൽ ബസ്വരി(റ)യും മറ്റു ചില ഇമാമീങ്ങളും ഫത്വ നൽകിയിട്ടുള്ളത് (ബിഗ്യ).
അതുകൊണ്ട് ഇതിൽ നിന്ന് രക്ഷനേടാൻ, ആളുകൾ ചോദിക്കുന്ന സമയത്ത് പെരുന്നാളിന് അറുക്കാനുള്ളതാണ് എന്നോ പെരുന്നാളിന് ഭക്ഷിക്കാനുള്ളതാണ് എന്നോ പറഞ്ഞാൽ മതി എന്ന് അല്ലാമാ ശർഖാവി രേഖപ്പെടുത്തുന്നു (ഹാശിയത്തുശ്ശർഖാവി 2/368).

വകാലത്ത്
ഉള്ഹിയ്യത്തിൽ വകാലത്ത് (തന്റെ ജീവിത കാലത്ത് ചെയ്യാൻ വേണ്ടി മറ്റൊരാളെ ഏൽപിക്കൽ) അനുവദനീയമാണ്. മൃഗത്തെ വാങ്ങാനും നിയ്യത്ത് ചെയ്യാനും അറവ് നടത്തി വിതരണം ചെയ്യാനുമെല്ലാം മറ്റൊരാളെ ഏൽപിക്കാവുന്നതാണ്. അറവിനും നിയ്യത്തിനുമായോ അറവിന് മാത്രമായോ ഏൽപിക്കാവുന്നതാണ്. മൃഗത്തെ വേർതിരിക്കാനും നിയ്യത്ത് ചെയ്യാനും ഏൽപിക്കാം. വകീൽ അറുക്കുമ്പോൾ ഉടമ നിയ്യത്ത് ചെയ്താലും മതിയാകും. എന്നാൽ അമുസ്‌ലിമിനെയോ വകതിരിവാകാത്ത കുട്ടിയെയോ നിയ്യത്ത് ഏൽപിക്കാവതല്ല (തുഹ്ഫ 9/361).
ഉള്ഹിയ്യത്ത് മാംസം വിതരണം ചെയ്യാൻ ഏൽപിക്കപ്പെട്ട വ്യക്തിക്ക് അതിൽ നിന്ന് എടുക്കാമോ എന്നതിൽ ഗൗരവ ചർച്ചയുണ്ട്. ഇബ്‌നു ഹജറുൽ ഹൈത്തമി, ഇമാം മുഹമ്മദ് റംലി(റ) എന്നിവർ പറയുന്നു: ഈ വസ്തു മിസ്‌കീനുകൾക്ക് വിതരണം ചെയ്യണമെന്ന് ഒരാൾ മറ്റൊരാളോട് പറഞ്ഞാൽ വിതരണത്തിന് ഏൽപിക്കപ്പെട്ടവനും അവൻ ചെലവ് കൊടുക്കൽ നിർബന്ധമുള്ളവരും അതിൽ ഉൾപ്പെടുകയില്ല. അവന് നൽകാമെന്ന് ഏൽപിക്കുന്നവൻ വ്യക്തമായി പറഞ്ഞാലും എടുക്കാൻ പറ്റില്ല (തുഹ്ഫ 7/174, നിഹായ 6/169).
അതിൽ നിന്നെടുക്കാൻ ഒരു നിശ്ചിത അളവ് നിർണയിച്ചു കൊടുത്താൽ പോലും എടുക്കാൻ പറ്റില്ല. നൽകുന്നവനും വാങ്ങുന്നവനും ഒരാൾ തന്നെ എന്ന പ്രശ്‌നം വരുന്നതാണ് കാരണം. എന്നാൽ ഏൽപിക്കുന്നവൻ അതിൽ നിന്ന് ഒരു ഭാഗം വേർതിരിച്ച് ഏൽപിക്കപ്പെടുന്നവന് നൽകുകയും ബാക്കിയുള്ളത് വിതരണം ചെയ്യാൻ അവനെ ഏൽപിക്കുകയും ചെയ്താൽ അത് അനുവദനീയമാണ് (ഹാശിയതുന്നിഹായ 6/169).
എന്നാൽ സകാത്തും ഉള്ഹിയ്യത്തും വിതരണത്തിന് ഏൽപിക്കുന്നവൻ ഒരു നിശ്ചിത അളവ് നിർണയിച്ചുകൊടുത്താൽ പ്രസ്തുത അളവ് ഏൽപിക്കപ്പെട്ടവന് അനുവദനീയമാണെന്നാണ് അല്ലാമാ ബാജൂരി വകാലത്തിന്റെ ബാബിൽ രേഖപ്പെടുത്തിയിരിക്കുന്നത് (ഹാശിയതുൽ ബാജൂരി 2/755).

ഷെയർ ചേരൽ
ഉള്ഹിയ്യത്ത് ലഭിക്കാൻ ഏറ്റവും ചുരുങ്ങിയത് ഒരാട് അല്ലെങ്കിൽ ഒട്ടകത്തിന്റെയോ മാടിന്റെയോ ഏഴിലൊന്നാണ്. അതുകൊണ്ട് തന്നെ ഏഴു പേരുടെ ഉള്ഹിയ്യത്ത് നിർവഹിക്കുന്നതിനായി ഒരു ഒട്ടകം അല്ലെങ്കിൽ ഒരു മാട് മതിയാവുന്നതാണ്. ചുരുങ്ങിയത് മൃഗത്തിന്റെ ഏഴിലൊന്നിൽ ഓരോരുത്തർക്കും അവകാശമുണ്ടായിരിക്കണം. ഏഴ് ആളുകളിൽ കുറയാവുന്നതാണെങ്കിലും കൂടാൻ പറ്റില്ല. മാട് പോലുള്ളതിൽ എഴിലധികം പേർ പങ്കുചേരുകയോ ഒരു ആടിൽ ഒന്നിലധികം പേര് പങ്കുചേരുകയോ ചെയ്താൽ ഒരാൾക്കും ഉള്ഹിയ്യത്ത് ലഭിക്കുകയില്ല (തുഹ്ഫ 9/349 കാണുക).
ഒരു മൃഗത്തിൽ ഏഴു പേർ പങ്കുചേരുമ്പോൾ എല്ലാവരും ഒരേ ഉദ്ദേശമുള്ളവരാവണമെന്നില്ല. ചിലർ ഉള്ഹിയ്യത്ത്, മറ്റു ചിലർ അഖീഖത്ത്, വേറെ ചിലർ വെറും മാംസം ഇങ്ങനെയും മതിയാവുന്നതാണ് (തുഹ്ഫ 9/349).
സംഘടിത ഉള്ഹിയ്യത്ത് പ്രോത്സാഹനീയമാണെങ്കിലും ചില കാര്യങ്ങളിലെ അശ്രദ്ധ മൂലം ഉള്ഹിയ്യത്തിന്റെ പ്രതിഫലം നഷ്ടപ്പെടുന്നതാണ്. ഒന്നിലധികം മൃഗങ്ങളെ അറുക്കുന്നുണ്ടെങ്കിൽ ഓരോ മൃഗത്തിന്റെയും ആളുകളെ പ്രത്യേകം നിർണയിക്കേണ്ടതുണ്ട് (തുഹ്ഫ 9/349, മുഗ്നി 6/127). ഓരോരുത്തർക്കും നിർണയിച്ച് നൽകാതെ മൃഗങ്ങളെ കൂട്ടമായി അറുത്ത് വിതരണം ചെയ്യുന്ന അവസ്ഥയാണെങ്കിൽ ഒരാൾക്കു പോലും ഉള്ഹിയ്യത്തിന്റെ പുണ്യം ലഭിക്കില്ല.
പതിനാലു പേർ അറവ് നടത്തുമ്പോൾ ഓരോ ഏഴു പേർക്കുമുള്ള മൃഗത്തെ വ്യക്തമാക്കണം. അല്ലാത്തപക്ഷം അത് സ്വഹീഹാകുന്നതല്ല. 14ൽ ഓരോരുത്തർക്കും രണ്ട് മൃഗത്തിലും അവകാശം വരുന്നുവെന്നതാണ് കാരണം. മിനിമം ഓഹരിയായ ഏഴിൽ ഒന്ന് ഓരോരുത്തർക്കും ലഭിക്കുന്നുമില്ല (നിഹായ 5/133). എന്നാൽ തന്റെ ഉള്ഹിയ്യത്തിന്റെ പ്രതിഫലത്തിൽ മറ്റൊരാളെ പങ്കാളിയാക്കുന്നതിന് വിരോധമില്ല (നിഹായ 8/131). പ്രതിഫലത്തിൽ പങ്കുചേർക്കുക എന്നത് മറ്റൊരാളെ തൊട്ടുള്ള ഉള്ഹിയ്യത്തല്ല (തുഹ്ഫ 9/367).
ഒട്ടകം, മാട് എന്നിവയിൽ ഏഴാളുകൾ പങ്കുചേർന്ന് അറവ് നടത്തിയ ശേഷം മാംസം തുല്യമായ ഏഴ് ഓഹരി വെച്ച് ഓരോരുത്തരുടെയും അവകാശ വിഹിതം വേർപ്പെടുത്താം. അങ്ങനെ ചെയ്താൽ ഓരോരുത്തരും അവനവന്റെ വിഹിതത്തിൽ നിന്ന് വിതരണം ചെയ്യൽ നിർബന്ധമാണ്. അറവിന് ശേഷം എല്ലാവർക്കും വേണ്ടി ബലിമൃഗത്തിൽ നിന്ന് നേരിട്ടും വിതരണം നടത്താവുന്നതാണ്. ഈ സന്ദർഭത്തിൽ കൂട്ടത്തിൽ ഒരാളും വിതരണത്തിന് തടസ്സം നിൽക്കാൻ പാടില്ല (ഫതാവാ ശാലിയാത്തി).

മാംസ വിതരണം
സുന്നത്തായ ഉള്ഹിയ്യത്തിൽ നിന്ന് അൽപം സ്വദഖ ചെയ്ത് ബാക്കിയുള്ളത് മുഴുവനും അറവ് നടത്തുന്നവനു ഭക്ഷിക്കാം. എന്നാൽ ബറകത്തിനു വേണ്ടി അൽപം ഭക്ഷിച്ച് ബാക്കിയുള്ളത് മുഴുവൻ സ്വദഖ ചെയ്യലാണ് ഉത്തമം. നിർബന്ധമായ ഉള്ഹിയ്യത്തിൽ മാംസം മുഴുവനും പാവപ്പെട്ടവർക്ക് (ഫഖീർ, മിസ്‌കീൻ) വിതരണം ചെയ്യൽ നിർബന്ധമാണ്. അറുക്കുന്നവർക്കോ ചെലവ് കൊടുക്കൽ നിർബന്ധമായവർക്കോ അതിൽനിന്ന് ഭക്ഷിക്കാവുന്നതല്ല (തുഹ്ഫ 9/363, 9/365).
അന്യനാടുകളിലേക്ക് നൽകാമോ?
സകാത്ത് പോലെ ഉള്ഹിയ്യത്ത് മാംസവും അന്യ നാടുകളിലേക്ക് നീക്കം ചെയ്യൽ ഹറാമാണെന്നാണ് നിയമം. നിർബന്ധമായ ഉള്ഹിയ്യത്തിൽ നിന്ന് അൽപം പോലും, സുന്നത്തായതിൽ നിന്ന് വിതരണം ചെയ്യൽ നിർബന്ധമായ അളവും നീക്കാൻ പാടില്ല എന്നാണ് ഇതിന്റെ ഉദ്ദേശ്യം (നിഹായ 8/142). എന്നാൽ മറ്റൊരു നാട്ടിൽ അറവ് നടത്താൽ ഏൽപിക്കുന്നതിന് പ്രശ്‌നമില്ല. അതിന് വേണ്ടി പണം കൊടുത്തേൽപ്പിക്കുന്നതിനും വിരോധമില്ല (ഇആനത്തു ത്വാലിബീൻ 2/335, ഫതാവൽ കുർദി: 305306).

ധനികർക്ക് നൽകൽ
സുന്നത്തായ ഉള്ഹിയ്യത്താണെങ്കിൽ ധനികർക്കും മാംസം നൽകാവുന്നതാണ്. പക്ഷേ അവർക്ക് ഉടമസ്ഥാവകാശം ലഭിക്കുകയില്ല. അതുകൊണ്ട് അവർക്കത് വിൽക്കാനോ മറ്റൊരാൾക്ക് ഹിബത്തോ ഹദ്യയോ ആയി നൽകാനോ പറ്റില്ല. സ്വന്തമായി ഭക്ഷിക്കുകയോ മറ്റുള്ളവരെ വിരുന്ന് സൽകരിക്കുകയോ ധർമം നടത്തുകയോ ചെയ്യാവുന്നതാണ്.
നിർബന്ധമായ ഉള്ഹിയ്യത്തിൽ നിന്ന് ധനികർക്കോ അഹ്ലുബൈത്തിനോ(നബികുടുംബം) നൽകാവുന്നതല്ല. പാവപ്പെട്ടവർക്ക് ഏത് രൂപത്തിലും ക്രയവിക്രയങ്ങൾ ചെയ്യാവുന്നതാണ് (തുഹ്ഫ 9/363, 7/161, ഇബ്‌നു ഖാസീ 7/161, ഫതാവൽ കുബ്‌റാ 4/253). ഫഖീറിന് കിട്ടിയതിൽ നിന്നും അമുസ്‌ലിമിന് കൊടുക്കാൻ പാടില്ല (തുഹ്ഫ 7/179, 9/363, നിഹായ 8/141, ജമൽ 5/259).
ഉള്ഹിയ്യത്ത് മാംസം അമുസ്‌ലിമിന് ഭക്ഷിപ്പിക്കുകയോ അവന് വിൽക്കുകയോ ചെയ്യുന്നത് അനുവദനീയമല്ല. കാരണം ഉള്ഹിയ്യത്ത് എന്നത് മുസ്‌ലിംകൾക്ക് ഉപകാരത്തിന് വേണ്ടി നിശ്ചയിക്കപ്പെട്ട ഒരു ഇസ്‌ലാമിക ആരാധനയാണ്. മറ്റു വിഭാഗങ്ങൾക്ക് മാത്രമല്ലല്ലോ മാംസം നൽകാൻ പാടില്ലാത്തത്, നിർബന്ധമായ ഉള്ഹിയ്യത്തിൽ നിന്ന് അറുത്തവനോ അവൻ ചെലവ് കൊടുക്കൽ നിർബന്ധമായവർക്കോ എടുക്കാൻ പറ്റില്ലെന്നതും ഇസ്‌ലാമിന്റെ നിയമമാണ്. ഉള്ഹിയ്യത്തല്ലാത്ത മറ്റ് മാംസമോ ഭക്ഷണമോ ധർമങ്ങളോ ഏതു വിഭാഗക്കാർക്കും നൽകുന്നതിന് വിരോധമില്ലെന്നു മാത്രമല്ല പുണ്യകരവുമാണ്.
തോൽ വിൽപന
സുന്നത്താണെങ്കിലും നിർബന്ധമാണെങ്കിലും ഉള്ഹിയ്യത്തതിന്റെ തോൽ വിൽക്കാനോ അറവുകാരുടെ കൂലിയായി നൽകാനോ പാടില്ല. ഹറാമാണത്. വിൽപ്പന സ്വഹീഹാകുന്നതുമല്ല. നബി(സ്വ) പറഞ്ഞു: വല്ലവനും ഉള്ഹിയ്യത്തിന്റെ തോല് വിറ്റാൽ അവന് ഉള്ഹിയ്യത്തില്ല (തുഹ്ഫ 9/365, ബുജൈരിമി 5/285).

അബൂബക്കർ അഹ്‌സനി പറപ്പൂർ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ