പ്രവാചകത്വവാദമില്ലാത്ത വലിയ്യിൽ നിന്നും പ്രകടമാകുന്ന അസാധാരണ സംഭവങ്ങളാണ് കറാമത്തുകൾ. പ്രവാചകത്വത്തിനു തെളിവായി അമ്പിയാക്കൾക്ക് മുഅ്ജിസത്ത് നൽകപ്പെട്ടതുപോലെ ഔലിയാക്കൾക്ക് ആദരവായി നൽകപ്പെട്ടതാണ് കറാമത്തുകൾ. അമ്പിയാക്കളിൽ നിന്ന് മുഅ്ജിസത്തായി സംഭവിക്കുന്നവ ഔലിയാക്കളിൽ നിന്ന് കറാമത്തായി സംഭവിക്കാം. പ്രവാചകന്മാരുടെ പ്രബോധനത്തിൽ മുഅ്ജിസത്തുകൾ വലിയ പങ്കുവഹിച്ചിട്ടുള്ള പോലെ ഔലിയാക്കൾ മുഖേന അനേകം പേർ വിശുദ്ധ മതം പുൽകാൻ കറാമത്തുകൾ നിദാനമായിട്ടുണ്ട്. മറ്റു നബിമാരിൽ പ്രകടമായ പല മുഅ്ജിസത്തുകളും മുഹമ്മദ് നബി(സ്വ)യുടെ ജീവിതത്തിൽ നേരിട്ട് സംഭവിച്ചിട്ടുണ്ട്. മറ്റു ചില അത്ഭുത സംഭവങ്ങൾ തിരുനബി(സ്വ)യുടെ അനുചരരിലൂടെയും പിൽക്കാല മഹത്തുക്കളിലൂടെയും ദൃശ്യമായിട്ടുണ്ട്.

ഇമാം റാസി(റ) ഉദ്ധരിക്കുന്നു: ഒന്നാം ഖലീഫ അബൂബക്ർ(റ)ന്റെ ജനാസ ഖബ്‌റിലേക്ക് വെക്കുമ്പോൾ ജനങ്ങൾ വിളിച്ചുപറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, അങ്ങേക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടായിരിക്കട്ടെ. അബൂബക്ർ ഇതാ വന്നിരിക്കുന്നു.’ തൽസമയം വാതിലുകൾ തുറക്കപ്പെടുകയും ‘ഹബീബിനെ ഹബീബിലേക്ക് നിങ്ങൾ പ്രവേശിപ്പിക്കുക’ എന്നൊരു അശരീരി മുഴങ്ങിക്കേൾക്കുകയും ചെയ്തു.
രണ്ടാം ഖലീഫ ഉമർ(റ)ന്റെ ജീവിതാനുഭവം മറ്റൊന്നാണ്. സാരിയത് ബിൻ സുനൈം(റ)ന്റെ നേതൃത്വത്തിൽ നഹാവന്ദിലേക്ക് സൈന്യത്തെ നിയോഗിച്ച സമയത്താണ് സംഭവം. വെള്ളിയാഴ്ച ഖുതുബക്കിടെ ഉമർ(റ) വിളിച്ചുപറഞ്ഞു: സാരിയാ, പർവതത്തിന്റെ ഭാഗം ശ്രദ്ധിക്കുക. അലി(റ) ആ തിയ്യതി കുറിച്ചുവെച്ചു. പിന്നീട് യുദ്ധഭൂമിയിൽ നിന്നുള്ള വൃത്താന്തങ്ങളുമായി ദൂതൻ വന്നപ്പോൾ ഈ വിളി നിമിത്തം മലയുടെ ഭാഗത്തിലൂടെയുള്ള ശത്രുക്കളുടെ നുഴഞ്ഞുകയറ്റം ശ്രദ്ധയിൽ പെട്ടതു മൂലം വിജയമുണ്ടായതും ധാരാളം ഗനീമത്ത് സ്വത്ത് ലഭിച്ചതും വിവരിച്ചപ്പോൾ എല്ലാവർക്കും നിജസ്ഥിതി ബോധ്യപ്പെട്ടു.
ഈ രണ്ട് സംഭവങ്ങളും യഥാർത്ഥത്തിൽ നബി(സ്വ)യുടെ മുഅ്ജിസത്തിന്റെ ഭാഗമാണെന്ന് പണ്ഡിതർ. കാരണം നബി(സ്വ) ഇരുവരോടും പറഞ്ഞിരുന്നു: ‘നിങ്ങൾ രണ്ട് പേരും എന്റെ കേൾവിയുടെയും കാഴ്ചയുടെയും സ്ഥാനത്താണ്.’ ഉമർ(റ) പ്രവാചകർ(സ്വ)യുടെ കാഴ്ചയുടെ സ്ഥാനത്തായതിനാൽ തീർച്ചയായും ഇത്രയും ദൂരത്ത് നിന്നും നേരിട്ട് കണ്ടിരിക്കണമല്ലോ (തഫ്‌സീറുൽ കബീർ 21/433).

സിംഹം കീഴ്‌പ്പെടുന്നു

പൂർവ പ്രവാചകർ സുലൈമാൻ നബി(അ)ന് ജീവജാലങ്ങൾ, കാറ്റ് എന്നിവയെല്ലാം കീഴ്‌പ്പെട്ടിരുന്നു. തിരുനബി(സ്വ)യുടെ സമുദായത്തിൽ പലർക്കും വ്യത്യസ്ത സാഹചര്യങ്ങളിൽ പല ജീവികളും വഴിപ്പെട്ടിട്ടുണ്ട്. മുത്തബിഉസ്സുന്ന എന്ന അപരനാമമുള്ള ഇബ്‌നു ഉമർ(റ) ഒരു വഴിയിലൂടെ നടന്ന് പോവുകയായിരുന്നു. അപ്പോൾ കുറേയാളുകൾ വന്യമൃഗത്തെ പേടിച്ച് വഴിയിൽ തങ്ങുന്നത് ശ്രദ്ധയിൽപെട്ടു. ഇബ്‌നു ഉമർ(റ) വന്യമൃഗത്തെ ഞൊടിയിടയിൽ നീക്കിക്കൊടുത്തു. എന്നിട്ട് പറഞ്ഞു: അല്ലാഹു മനുഷ്യനു മേൽ അവൻ പേടിക്കുന്ന വസ്തുവിന് മാത്രമേ ആധിപത്യം നൽകൂ. അല്ലാഹു അല്ലാത്ത മറ്റാരെയും അവൻ പേടിച്ചിട്ടില്ലെങ്കിൽ ഒരു വസ്തുവിനും അവന്റെ മേൽ ആധിപത്യം സാധ്യമല്ല.

നബി(സ്വ)യുടെ മൗലയായ സഫീന(റ) സമുദ്രത്തിലൂടെ സഞ്ചരിക്കുമ്പോൾ കപ്പൽ തകർന്നു. മഹാൻ ഒരു പലകയിൽ അള്ളിപ്പിടിച്ചു. സിംഹങ്ങൾ അധിവസിക്കുന്ന കാട്ടിലാണ് ആ യാത്ര പര്യവസാനിച്ചത്. ഒരു സിംഹം മഹാന്റെ അടുത്തേക്കെത്തി. തെല്ലും ഭയപ്പെടാതെ സഫീന(റ) പറഞ്ഞു: ‘സിംഹമേ, ഞാൻ മുഹമ്മദ് നബി(സ്വ) മോചിപ്പിച്ച അടിമയാണ്.’ ഇത് കേട്ടതും സിംഹം താഴ്മയോടെ മുന്നോട്ടുവരുകയും സഫീന(റ)ന് വഴികാണിച്ച് കൊടുക്കുകയും ചെയ്തു. അതിന്റെ ഭാഷയിൽ എന്തെല്ലാമോ സംസാരിച്ചു. യാത്രയയക്കുന്നത് പോലെയാണ് അദ്ദേഹത്തിനനുഭവപ്പെട്ടത്. ഉപദ്രവിക്കാതെ ഭവ്യതയോടെ അത് മടങ്ങിപ്പോവുകയും ചെയ്തു (തഫ്‌സീറുൽ കബീർ 21/434).
വേറെയും ധാരാളം മഹാന്മാർക്ക് സിംഹമടക്കമുള്ള ഹിംസ്ര ജന്തുക്കൾ വഴിപ്പെട്ടുകൊടുത്തിട്ടുണ്ടെന്ന് ശൈഖ് യൂസുഫുന്നബ്ഹാനി(റ) രേഖപ്പെടുത്തുന്നു: അബൂസഈദ് ബിൻ അബിൽ ഖൈരിൽ മൈഹനി(റ), ഇബ്‌റാഹീമുൽ ഖവാസ്സ്(റ), ശൈബാനു റാഈ(റ) തുടങ്ങിയവർ അവരിൽ ചിലർ മാത്രം (ജാമിഉ കറാമാതിൽ ഔലിയാഅ് പേ. 50).

കടന്നലുകൾ സംരക്ഷിച്ച ജനാസ

അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു: ആസ്വിം ബിൻ സാബിത്(റ) രക്തസാക്ഷിയായ വിവരമറിഞ്ഞപ്പോൾ മഹാന്റെ ശരീരത്തിൽ നിന്നും ഒരു ഭാഗം മുറിച്ച് കൊണ്ടുവരാൻ ഖുറൈശികൾ ആളുകളെ അയച്ചു. ഖുറൈശി നേതാക്കളിലൊരു പ്രമുഖനെ മുമ്പ് ആസ്വിം(റ) കൊലപ്പെടുത്തിയതായിരുന്നു ഈ പക വീട്ടലിനു കാരണം. പക്ഷേ, അല്ലാഹുവിന്റെ ഔലിയാക്കളെ അവൻ സംരക്ഷിക്കുമല്ലോ. മേഘക്കൂട്ടം പോലെ കടന്നലുകളെ മഹാന്റെ സുരക്ഷക്കായി അല്ലാഹു നിയോഗിച്ചു. ആ ശരീരം വികൃതമാക്കാൻ വേണ്ടി ഖുറൈശികൾ നിയോഗിച്ചവരെ അവ തുരത്തി. ആസ്വിം(റ)വിന്റെ മൃതശരീരത്തിന് പോറലേൽപ്പിക്കാൻ പോലും ശത്രുക്കൾക്ക് സാധിച്ചില്ല (സ്വഹീഹുൽ ബുഖാരി: 3989).

കാറ്റ് വഴിപ്പെടുന്നു

ഹിജ്‌റ 648ൽ കുരിശുയുദ്ധ സമയത്ത് മൻസൂറ പട്ടണം കീഴടക്കാൻ ഫ്രഞ്ചുകാർ എത്തിയ ഘട്ടത്തിൽ കാറ്റ് ക്രിസ്ത്യാനികൾക്ക് അനുകൂലമായിരുന്നു. കിട്ടിയ അവസരം പാഴാക്കരുതെന്ന വ്യാമോഹത്തോടെ ക്രിസ്ത്യാനികൾ മുന്നോട്ട് കുതിച്ചു. മുസ്‌ലിം നഗരം കത്തിച്ചാമ്പലാക്കാനുള്ള മോഹം അവർക്ക് ആവേശം പകർന്നു. ഇത് കണ്ട സുൽത്വാനുൽ ഉലമ ഇബ്‌നു അബ്ദിസ്സലാം(റ) കാറ്റിന്റെ ദിശയിലേക്ക് വിരൽ ചൂണ്ടി ‘കാറ്റേ, നീ അവരെ പിടിക്കണം, അവരെ പിടിക്കണം…’ എന്നിങ്ങനെ ആവർത്തിച്ചുകൊണ്ടിരുന്നു. അല്ലാഹുവിന്റെ ഔലിയാക്കളുടെ കറാമത്ത് എന്നുതന്നെ പറയാം, കാറ്റ് ദിശമാറി വീശാൻ തുടങ്ങി. അതോടെ ക്രിസ്ത്യാനികളുടെ കപ്പൽ മറിഞ്ഞു തകർന്നു. ശത്രുസൈന്യത്തിലെ കുറേ പേർ മുങ്ങിമരിക്കുകയും മുസ്‌ലിംകൾ വിജയിക്കുകയും ചെയ്തു. മുസ്‌ലിംകൾ ഐകകണ്‌ഠ്യേന പറഞ്ഞു: മുഹമ്മദ് നബി(സ്വ)യുടെ ഉമ്മത്തിൽ മാരുതനെ കീഴ്‌പ്പെടുത്തിയ വ്യക്തിയെ കാണിച്ചുതന്ന അല്ലാഹുവിനാണ് സർവസ്തുതിയും (ഹുസ്‌നുൽ മുഹാളറ 2/34, ത്വബഖാതുശ്ശാഫിഇയ്യത്തിൽ കുബ്‌റ 8/216, ജാമിഉ കറാമാതിൽ ഔലിയാഅ് പേ. 50). ചേതനയുള്ളവ മാത്രമല്ല, അചേതന വസ്തുക്കൾ പോലും മഹത്തുക്കൾക്ക് വഴിപ്പെട്ടിരുന്നെന്ന് ചുരുക്കം.

കൈ പ്രകാശിക്കുന്നു

മൂസാ നബി(അ)മിന്റെ കൈ പ്രകാശിച്ചത് ചരിത്രത്തിൽ സുവിദിതമാണല്ലോ. അബ്ബാദ് ബിൻ ബിശ്ർ(റ), ഉസൈദ് ബിൻ ഹുളൈർ(റ) എന്നീ സ്വഹാബികൾ നബി(സ്വ)യുമായി ഒരു രാത്രി ധാരാളം സംസാരിച്ചിരുന്നു. നേരം വളരെ ഇരുട്ടിയ ശേഷമാണ് ഇരുവരും വീട്ടിലേക്ക് മടങ്ങുന്നത്. രണ്ട് വടികൾ അവരുടെ കൈവശമുണ്ടായിരുന്നു. ഇരുവരും പിരിയുന്നത് വരെ ഇരുളിൽ ഒരാളുടെ വടി പ്രകാശിച്ചു. രണ്ടു പേരും രണ്ടു വഴിക്ക് പിരിഞ്ഞതു മുതൽ മറ്റേയാളുടെ വടിയും പ്രകാശിക്കാൻ തുടങ്ങി. അതിന്റെ വെട്ടത്തിൽ ഇരുവരും സുഗമമായി വീടുകളിലെത്തിച്ചേർന്നു (മുസന്നഫ് അബ്ദിറസാഖ്, ഇർശാദുസ്സാരി 8/148).
ഇമാം ബുഖാരി(റ) ഹംസത്തുൽ അസ്‌ലമി(റ)വിൽ നിന്ന് താരീഖിൽ ഉദ്ധരിക്കുന്നു: ഞങ്ങൾ നബി(സ്വ)യുടെ കൂടെ ഒരു യാത്ര കഴിഞ്ഞ് പിരിയുകയായിരുന്നു. ഇരുൾ നിറഞ്ഞ രാത്രിയായിരുന്നു അത്. അപ്പോഴെന്റെ കൈവിരലുകൾ പ്രകാശിച്ചു. അത് നിമിത്തം എനിക്ക് അവരെയെല്ലാം കാണാൻ സാധിച്ചു (ഇർശാദുസ്സാരി 8/148).

തീ തണുപ്പേകുന്നു

യമനിൽ അസ്‌വദ് ബിൻ ഖൈസിൽ അൻസി പ്രവാചകത്വം വാദിച്ച സന്ദർഭത്തിൽ അബൂമുസ്‌ലിമുൽ ഖൗലാനി(റ)യുമായി സംവദിക്കാനിടയായി. ഞാൻ അല്ലാഹുവിന്റെ റസൂലാണെന്ന് നീ അംഗീകരിക്കുന്നുണ്ടോ എന്ന് അയാൾ ചോദിച്ചപ്പോൾ അബൂമുസ്‌ലിമുൽ ഖൗലാനി(റ) ഞാനൊന്നും കേൾക്കുന്നില്ലെന്ന് മറുപടി നൽകി. ‘മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണെന്ന് നീ സാക്ഷ്യം വഹിക്കുന്നുണ്ടോ?’ എന്ന് ചോദിച്ചപ്പോൾ അതേ എന്നായിരുന്നു മറുപടി. ചോദ്യങ്ങൾ ആവർത്തിച്ചപ്പോൾ മറുപടിയും തഥൈവ. ഇതിൽ അരിശം മൂത്ത് അസ്‌വദുൽ അൻസി മഹാനെ അഗ്‌നിക്കിരയാക്കാൻ കൽപ്പിച്ചു. കിങ്കരന്മാർ അദ്ദേഹത്തെ അഗ്‌നിയിലെറിഞ്ഞു. പക്ഷേ അദ്ദേഹത്തിന് യാതൊരു പോറലുമേറ്റില്ല. ആളുന്ന അഗ്നിയിൽ അദ്ദേഹം വളരെ സന്തോഷവാനായിരിക്കുന്നതാണ് ജനങ്ങൾക്ക് കാണാൻ സാധിച്ചത് (ബുസ്താനുൽ ആരിഫീൻ: 71, 72). തിരുനബി(സ്വ)യുടെ വഫാത്തിന് ശേഷം അബൂബക്ർ(റ)ന്റെ കാലത്തായിരുന്നു ഈ സംഭവം.
അദ്ദേഹം പിന്നീട് മദീനയിലെത്തിയപ്പോൾ ഉമർ(റ) സ്വാഗതം ചെയ്തതിങ്ങനെ: നമ്മുടെ പൂർവ പിതാവ് ഖലീലുല്ലാഹി ഇബ്‌റാഹീം നബി(അ)ക്കുണ്ടായ അനുഭവത്തിന് മുഹമ്മദ് നബി(സ്വ)യുടെ ഉമ്മത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരാളെ കണ്ടുമുട്ടാൻ ഭാഗ്യം നൽകിയ അല്ലാഹുവിനെ ഞാൻ സ്തുതിക്കുന്നു.

മരിച്ചവരെ ജീവിപ്പിക്കുന്നു

ഈസാ നബി(അ)ന് അല്ലാഹു നൽകിയ മുഅ്ജിസത്താണ് മരണപ്പെട്ടവരെ ജീവിപ്പിക്കുക എന്നത്. മൂസാ(അ) ഘാതകനെ കണ്ടെത്താൻ പശുവിന്റെ ശരീരഭാഗം കൊണ്ടടിച്ച് ഒരാളെ ജീവിപ്പിച്ച സംഭവം പ്രസിദ്ധം. പല ഔലിയാക്കളുടെയും ജീവിതത്തിലും ഈ കറാമത്ത് വെളിപ്പെട്ടതായി കാണാവുന്നതാണ്.
ലോകത്ത് അത്യുന്നൻ ആരെന്നതിൽ ശൈഖ് ജീലാനി(റ)ന്റെ കാലത്ത് ഒരു മുസ്‌ലിമും ക്രിസ്ത്യനും തർക്കിച്ചു. തന്റെ പ്രവാചകരായ മുഹമ്മദ് നബി(സ്വ)യാണ് ലോകത്തേറ്റവും ഉത്തമനെന്ന് മുസ്‌ലിം വാദിച്ചപ്പോൾ മറുകക്ഷി പറഞ്ഞു: മസീഹുല്ലാഹി ഈസാ നബി, അഥവാ ഞങ്ങളുടെ യേശുവാണ് ശ്രേഷ്ഠനെന്നതിന് ഞാൻ ഖുർആൻ തന്നെ തെളിവായി ഉദ്ധരിക്കാം. താൻ മരണപ്പെട്ടവരെ ജീവിപ്പിക്കുമെന്ന് (ആലുഇംറാൻ: 49) ഈസാ(അ) പറയുന്നതായി നിരവധി തവണ നിങ്ങളുടെ ഖുർആനിൽ തന്നെയുണ്ടല്ലോ. എന്നാൽ ഖുർആനിൽ ഏതെങ്കിലുമൊരു സ്ഥലത്ത് നിങ്ങളുടെ പ്രവാചകൻ പുനർജീവിപ്പിച്ച സംഭവം പരാമർശിക്കുന്നുണ്ടോ?
ഈ ചോദ്യത്തിന് മുന്നിൽ മുസ്‌ലിമായ വ്യക്തിക്ക് മുട്ടുമടക്കേണ്ടിവന്നു. മുസ്‌ലിമായ വ്യക്തി പതറുന്നത് കണ്ട് കാഴ്ചക്കാരനായി നിന്നിരുന്ന ജീലാനി(റ) ചോദിച്ചു: സുഹൃത്തേ, നിങ്ങളുടെ ലക്ഷ്യം സത്യാന്വേഷണമാണോ അതോ കേവലമൊരു വാഗ്വാദമാണോ? വാഗ്വാദമാണെങ്കിൽ സംസാരിക്കുന്നതിൽ അർത്ഥമില്ലല്ലോ. സത്യാന്വേഷണമാണെന്റെ ലക്ഷ്യമെന്ന് അദ്ദേഹം പ്രതിവചിച്ചു. മുഹ്‌യിദ്ദീൻ ശൈഖ്(റ) ചോദിച്ചു: എന്റെ പ്രവാചകർ മരണപ്പെട്ടവരെ ജീവിപ്പിച്ചിരുന്നോ ഇല്ലയോ എന്ന് തെളിയിക്കും മുമ്പ് നബിപരമ്പരയിൽപെട്ട (സ്വഹാബിയോ താബിഓ ഒന്നുമല്ലാത്ത) ഞാൻ നീ പറയുന്ന ഖബ്‌റാളിയെ ജീവിപ്പിച്ച് കാണിച്ചു തന്നാൽ താങ്കൾ ഇസ്‌ലാം മതം ആശ്ലേഷിക്കുമോ? ആ സത്യാന്വേഷി സന്ദേഹമില്ലാതെ സമ്മതിച്ചു.
അപ്പോൾ ജീലാനി(റ) പറഞ്ഞു: എങ്കിൽ നിങ്ങൾ ദ്രവിച്ച ഒരു ഖബ്ർ തന്നെ കാണിച്ച് തന്നോളൂ. ഞങ്ങളുടെ പ്രവാചകരുടെ മഹത്ത്വം താങ്കൾക്ക് ബോധ്യപ്പെടുമല്ലോ.
അങ്ങനെ അദ്ദേഹം ധാരാളം വർഷങ്ങൾ പഴക്കമുള്ള ഒരു ഖബ്ർ ചൂണ്ടിക്കാണിച്ചു. നിങ്ങളുടെ പ്രവാചകർ മയ്യിത്തിനെ പുനർജീവിപ്പിക്കുന്ന സമയത്ത് എന്താണ് ചൊല്ലാറുള്ളതെന്ന് ചോദിച്ച ശൈഖിന് കിട്ടിയ മറുപടി ‘ഖും ബി ഇദ്‌നില്ലാഹ്’ എന്നായിരുന്നു.
അദ്ദേഹം ഉടനെ ചൊല്ലി: അല്ലാഹുവിന്റെ കൽപനയോടെ എഴുന്നേൽക്കുക.
ഉടനെ ഖബ്ർ പിളരുകയും മയ്യിത്ത് എഴുന്നേൽക്കുകയും ചെയ്തു. നബി(സ്വ)യുടെ മാഹാത്മ്യവും മഹാന്റെ കറാമത്തും വെളിപ്പെട്ടപ്പോൾ അവിടെ വെച്ച് തന്നെ അദ്ദേഹം ഇസ്‌ലാമാശ്ലേഷിച്ചു (തഫ്‌രീജുൽ ഖാതിർ ഫീ മനാഖിബി ശൈഖ് അബ്ദിൽ ഖാദിർ 19, 20).

അബൂഉബൈദുൽ ബിസ്‌രി(റ) യുദ്ധവേളയിൽ തന്റെ മൃഗത്തെ പുനർജീവിപ്പിക്കാൻ അല്ലാഹുവിനോട് ദുആ ചെയ്തപ്പോൾ അത് താനെ എഴുന്നേറ്റു. പൊരിച്ച കോഴിയോട് മുഫർറജു ദമാമീനീ(റ) പറക്കാനാജ്ഞാപിച്ചപ്പോൾ അത് പറന്നുപൊങ്ങി. ചത്തുപോയ പൂച്ചയെ അഹ്ദൽ(റ) വിളിച്ചപ്പോൾ പുനർജീവിച്ചു. ശൈഖ് ജീലാനി(റ) കോഴി മുഴുവൻ ഭക്ഷിച്ച ശേഷം എല്ലുകൾ നോക്കി അല്ലാഹുവിന്റെ സമ്മതത്തോടെ എഴുന്നേൽക്കുക എന്ന് കൽപ്പിച്ചപ്പോൾ തൽക്ഷണം കോഴിക്ക് ജീവൻവെച്ചു.
മനുഷ്യരെ ജീവിപ്പിച്ച സംഭവങ്ങളുമുണ്ട്. മയ്യിത്തിനടുത്തേക്ക് വന്ന് യൂസുഫുദ്ദഹ്‌മാനി(റ) ബി ഇദ്‌നില്ലാഹ് എന്ന് പറഞ്ഞപ്പോൾ മയ്യിത്ത് എഴുന്നേൽക്കുകയും പിന്നീട് വർഷങ്ങളോളം അദ്ദേഹം ജനങ്ങൾക്കിടയിൽ സസുഖം ജീവിക്കുകയും ചെയ്തത് ചരിത്രം. ശൈഖ് സൈനുദ്ദീനുൽ ഫാരിഖീ(റ)ന്റെ വീടിന്റെ മച്ചിൽ നിന്ന് കുട്ടി വീഴുകയും ഉടനെ മരണമടയുകയും ചെയ്തു. മഹാൻ അല്ലാഹുവിനോട് ദുആ ചെയ്തപ്പോൾ കുട്ടിക്ക് ജീവൻ തിരികെ ലഭിച്ചു (ത്വബഖാതു ശാഫിഇയ്യതിൽ കുബ്‌റാ 2/338, ജാമിഉ കറാമാതിൽ ഔലിയാഅ് പേ. 48).

സമുദ്രത്തിന് മുകളിലെ സഞ്ചാരം

മൂസാ നബി(അ)യും അനുയായികളും ഫിർഔനിൽ നിന്ന് രക്ഷപ്പെടാൻ നദിയിൽ വടികൊണ്ടടിച്ചതും നദി പിളർന്ന് അതിലൂടെ സുഗമമായി കടന്നുപോയതും വിശുദ്ധ ഖുർആൻ വിശദീകരിച്ചിട്ടുണ്ട്. ഇതുപോലെയുള്ള സംഭവങ്ങൾ സ്വഹാബിവര്യൻ അലാഅ് ബിൻ ഹള്‌റമി(റ), സഅ്ദ് ബിൻ അബീവഖാസ്(റ), ഇമാം അബൂമുസ്‌ലിമുൽ ഖൗലാനി(റ) തുടങ്ങിയവരിൽ നിന്നും ഉണ്ടായിട്ടുണ്ട്. സൈന്യവുമായി നദിയുടെ മുകളിലൂടെ സുഗമമായി സഞ്ചരിച്ചതിനും ചരിത്രം സാക്ഷി (ലത്വാഇഫുൽ മആരിഫ്, അൽഇസ്തീആബ്). സമുദ്രം പിളർന്ന് അതിലൂടെ നടന്നുപോയ മഹാനാണ് തഖ്‌യുദ്ദീൻ ബിൻ ദഖീഖിൽ ഈദ്(റ)വെന്ന് ജാമിഉ കറാമാതിൽ ഔലിയാഅ് രേഖപ്പെടുത്തുന്നു.

വസ്തുക്കളുടെ പരിണാമം

ലൂത്വ് നബി(അ)ന്റെ ഭാര്യ ശിലയായി രൂപംപ്രാപിച്ചതും മൂസാ നബി(അ)യുടെ സമുദായത്തിലെ ചിലർ കുരങ്ങായി മാറിയതും ഇസ്‌ലാമിക പ്രമാണങ്ങളിൽ രേഖപ്പെടുത്തപ്പെട്ടതാണ്. തിരുദൂതരുടെ സമുദായത്തിൽ ഇതുപോലുള്ള നിരവധി സംഭവങ്ങൾ കറാമത്തുകളിലൂടെ പ്രകടമായതായി കാണാം. അബ്ദുൽ ഖാദിർ ജീലാനി(റ)യുടെ സംഭവം കാണുക: മഹാനോട് ഒരാൾ വന്ന് പറഞ്ഞു: അങ്ങ് സർവ വിഷയങ്ങൾക്കും പരിഹാരം നിർദേശിക്കുന്നയാളാണല്ലോ. എനിക്കൊരു ആൺകുട്ടിയെ ലഭിക്കാൻ അങ്ങേക്ക് മുന്നിൽ ഞാൻ സർവവും സമർപ്പിക്കുന്നു.
അപ്പോൾ അദ്ദേഹം പറഞ്ഞു: നീ ആഗ്രഹിക്കുന്നത് തരാൻ ഞാൻ അല്ലാഹുവോട് തേടിയിട്ടുണ്ട്. അവൻ നിനക്കത് തരും.
അങ്ങനെ അദ്ദേഹം പതിവായി ശൈഖിന്റെ മജ്‌ലിസിൽ പങ്കെടുക്കാൻ തുടങ്ങി. പിന്നീട് അദ്ദേഹത്തിന്റെ ഭാര്യ ഗർഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്തു. പക്ഷേ അതൊരു പെൺകുഞ്ഞായിരുന്നു. അദ്ദേഹം കുട്ടിയെ കൊണ്ട് മഹാന്റെ ചാരെയെത്തി.
അദ്ദേഹം പരാതിപ്പെട്ടു: നാം പറഞ്ഞുറപ്പിച്ചത് ആൺകുട്ടിയായിരുന്നല്ലോ, പക്ഷേ ഇത് പെൺകുഞ്ഞാണല്ലോ.
ഉടനെ ജീലാനി(റ) നിർദേശിച്ചു: കുഞ്ഞിനെ പൊതിഞ്ഞ് വീട്ടിലേക്ക് കൊണ്ടുപോവുക. നിങ്ങൾ വീട്ടിലെത്തുമ്പോൾ അത്ഭുതം ദർശിക്കാം.
പറഞ്ഞതു പോലെ അദ്ദേഹം വീട്ടിലേക്ക് കുതിച്ചു. വീട്ടിലെത്തിയപ്പോൾ അദ്ദേഹത്തിന് കാണാൻ സാധിച്ചത് അല്ലാഹുവിന്റെ അനുവാദത്താൽ കുഞ്ഞ് ആണായിരിക്കുന്നതാണ് (തഫ്‌രീജുൽ ഖാതിർ പേ. 22).
ഇതര നബിമാർക്കുണ്ടായ മുഅ്ജിസത്തുകൾ റസൂൽ(സ്വ)യുടെ ഉമ്മത്തിലെ മഹാരഥന്മാരിലൂടെ കറാമത്തായി ഭവിച്ച ഒട്ടനവധി സംഭവങ്ങൾ ചരിത്രത്തിൽ ഉല്ലേഖനം ചെയ്യപ്പെട്ടു കിടക്കുന്നു.

സയ്യിദ് ഫാറൂഖ് ജമലുല്ലൈൽ പെരുമുഖം

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ