കേരളത്തിലെ സെമിറ്റിക് മതങ്ങൾക്ക് ഏറെ കടപ്പെട്ട പ്രദേശമാണ് കൊടുങ്ങല്ലൂർ. പ്രാചീന കേരളത്തിന്റെ ഭരണസിരാകേന്ദ്രം. തുറമുഖ പട്ടണമായ ഇവിടെ പുരാതന കാലം മുതൽക്കേ അറബ്-ഗ്രീക്ക്-റോമൻ വ്യാപാരികൾ കച്ചവടത്തിനെത്തിയിരുന്നു. സാമ്പത്തിക ക്രയവിക്രയങ്ങൾക്കൊപ്പം സാംസ്‌കാരിക ആദാനപ്രാദനങ്ങൾക്കും കൊടുങ്ങല്ലൂർ വേദിയായി. പ്രാചീന കേരളത്തിന്റെ പ്രസിദ്ധി കടലിനപ്പുറം എത്തിക്കുന്നതിലും പരദേശീയരായ വർത്തക സംഘങ്ങളെ ആകർഷിക്കുന്നതിലും കൊടുങ്ങല്ലൂരിന് അനൽപമായ പങ്കുണ്ട്.
തൃശൂർ ജില്ലയുടെ തെക്കു-പടിഞ്ഞാറൻ അതിർത്തിയിലുള്ള ചെറുപട്ടണമാണ് കൊടുങ്ങല്ലൂർ. തോടുകളും ജലാശയങ്ങളും നദികളും നിറഞ്ഞ നാട്. പടിഞ്ഞാറ് അറബിക്കടലും തെക്ക് പെരിയാറും അതിരിട്ടിരിക്കുന്നു. മൂന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ട കൊടുങ്ങല്ലൂരിന് ഉപദ്വീപിന്റെ പ്രകൃതിയാണുള്ളത്. ചേരമാൻ പെരുമാൾമാരുടെ രാജ്യതലസ്ഥാനമായിരുന്നു ഇവിടം. ഒരു കാലത്ത് ബുദ്ധരുടെയും ജൈനരുടെയും ആവാസ കേന്ദ്രവുമായിരുന്നു. ജൂതരുടെയും ക്രൈസ്തവരുടെയും മുസ്‌ലിംകളുടെയും ആദ്യ സങ്കേതങ്ങളും ആരാധനാലയങ്ങളും ഉയർന്നതും ഇവിടെത്തന്നെ. ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം പള്ളിയായി ഗണിക്കപ്പെടുന്ന ചേരമാൻ ജുമാ മസ്ജിദ്, തോമാശ്ലീഹ ആദ്യമായി കപ്പലിറങ്ങി എന്നനുമാനിക്കപ്പെടുന്ന സ്ഥലം, മധുര ചുട്ടെരിച്ച കണ്ണകിയുടെ പേരിൽ ചേരൻ ചെങ്കട്ടവൻ നിർമിച്ച അതിപുരാതനമായ ശ്രീകുരുംബ ഭഗവതി ക്ഷേത്രം, ഭരണി ഉത്സവം എന്നിവ കൊടുങ്ങല്ലൂരിനെ സാംസ്‌കാരിക കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കുന്നു.
കൊടുങ്ങല്ലൂരിന്റെ ചരിത്ര പ്രാധാന്യത്തെ പ്രശസ്ത ചരിത്രകാരൻ കെപി പത്മനാഭ മേനോൻ ഇങ്ങനെ കുറിച്ചു: ഈ തുറമുഖം വഴിയാണ് ഹിന്ദുക്കൾ ഫിനീഷ്യരുടെ എഴുത്ത് എന്ന കലയുമായി പരിചയപ്പെടുന്നത്. ഈ തുറമുഖത്തു നിന്നായിരിക്കണം കടലിനെ അറിഞ്ഞിരുന്ന ഇസ്രായേലിന്റെ നാവികർ സ്വർണം, ആനക്കൊമ്പ്, ചന്ദനം തുടങ്ങി വിലപ്പെട്ട വാണിജ്യ ദ്രവ്യങ്ങൾ ശേഖരിച്ചിരുന്നത്. ഈ തുറമുഖത്താണ് പ്രാചീന കാലത്തെ കൊളമ്പസ് എന്നറിയപ്പെടുന്ന യവന നർത്തകനും നാവികനുമായ ഹിപ്പോലസ് ഇന്ത്യയിലേക്ക് കടൽ മാർഗം തേടിയുള്ള യാത്രയിൽ കാലവർഷക്കാറ്റിന്റെ പിടിയിൽ പെട്ട് വന്നടുത്തത്. ഇവിടെയാണ് ക്രിസ്തു വർഷം ആദ്യ ശതകത്തിന്റെ തുടക്കത്തിൽ (52 സിഇ) അപ്പോസ്തലനായ സെന്റ് തോമസ് കരയ്ക്കടുക്കുകയും കുരിശു നാട്ടുകയും ക്രിസ്തുമത പ്രബോധനം നടത്തുകയും ചെയ്തതെന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്നു. ഇവിടെയാണ് രണ്ടാം ദേവാലയത്തിന്റെ നാശത്തെത്തുടർന്ന് അന്തിമമായി യറൂശലേം വിട്ട് (69 സിഇ) യഹൂദന്മാർ എത്തിച്ചേർന്നതും കോളനി സ്ഥാപിച്ചതും. ഈ തുറമുഖത്താണ് പ്യൂറ്റിംഗർ ടേബിൾസ് പ്രകാരം റോമക്കാർ അഗസ്റ്റസിന്റെ ഒരു ദേവാലയം സ്ഥാപിക്കുകയും സ്വന്തം വ്യാപാര സംരക്ഷണാർത്ഥം ഒരു സൈന്യവ്യൂഹത്തെ നിയോഗിക്കുകയും ചെയ്തത്. ഇവിടെയാണ് സിറിയയിൽ നിന്നും ഒരു സംഘം സുറിയാനി ക്രിസ്ത്യാനികളുമായി തോമസ് കാമ കരക്കിറങ്ങിയത്.
ഇവിടെയാണ് ആദ്യകാല ചേരരാജാക്കാൻമാർ അവരുടെ ആസ്ഥാനം ഉറപ്പിച്ചിരുന്നതും ക്രിസ്തു വർഷം ആദ്യ ശതകത്തിൽ ചേരരാജാവ് ചെങ്കട്ടവൻ തന്റെ കേളികേട്ട കൊട്ടാര സദസ്സ് നടത്തുകയും ചേരസാമ്രാജ്യം വാണരുളുകയും ചെയ്തിരുന്നത്. ഇവിടെയാണ് മഹാനായ ചേരമാൻ പെരുമാൾ എന്നറിയപ്പെട്ടിരുന്ന ഭാസ്‌കര രവി വർമ ജീവിക്കുകയും താൻ നിയോഗിക്കപ്പെട്ടിരുന്നതിനേക്കാൾ മൂന്നിരട്ടിക്കാലം ഐശ്വര്യ പൂർണമായി കേരളം ഭരിക്കുകയും ചെയ്തത്. ഇവിടെ വെച്ചാണ് പാരമ്പര്യ വിശ്വാസമനുസരിച്ച് സന്ദർശകരായി വന്ന ഏതാനും മുസ്‌ലിം തീർത്ഥാടകർ പെരുമാളിനെ ഇസ്‌ലാം മതം സ്വീകരിക്കാനും ഹജ്ജ് തീർത്ഥാടനം നടത്താനും പ്രേരിപ്പിക്കുന്നതിൽ വിജയിച്ചത്. ഇവിടെ വെച്ചാണ് സ്വന്തം മതവും സാമ്രാജ്യവും വെടിഞ്ഞ് മക്കയിലേക്ക് പുറപ്പെടും മുമ്പ് ചേരമാൻ പെരുമാൾ മലയാള ദേശം പല രാജാക്കന്മാർക്കായി നൽകിയത്. ഇവിടെയാണ് മക്കയിൽ നിന്നെത്തിയ രാജപ്രതിനിധികൾ ഒരു മുസ്‌ലിം കോളനി സ്ഥാപിക്കുകയും കേരളത്തിലെ ആദ്യത്തെ മുസ്‌ലിം പള്ളി പണിയുകയും ചെയ്തത് (ഹിസ്റ്ററി ഓഫ് കേരള 1/327. ഉദ്ധരണം: മാപ്പിള കീഴാള പഠനങ്ങൾ പേ. 152).

ചേര സാമ്രാജ്യം

പ്രാചീന ചേ(കേ)രളത്തിന്റെ തലസ്ഥാന നഗരിയായിരുന്നു എന്ന് പറയപ്പെടുന്ന പ്രദേശമാണ് കൊടുങ്ങല്ലൂർ. യവന ഭൂമിശാസ്ത്രജ്ഞരും സഞ്ചാരികളുമായിരുന്ന ടോളമിയും പ്ലിനിയും സൂചിപ്പിക്കുന്ന മുസ്‌രിസ് ഈ പ്രദേശമാണെന്നു കരുതപ്പെടുന്നു. കൊച്ചിയിലെ ജൂത രേഖയിൽ ഇത് മുയിരിക്കോടാണ്. ക്രോങ്ങന്നൂർ എന്ന കൊടുങ്ങല്ലൂർ ചേരരാജാക്കന്മാരുടെ സാമ്രാജ്യം എന്ന നിലക്ക് കേരള ചരിത്രത്തിൽ വലിയൊരു അധ്യായമാണ്. ചേരന്മാർ രണ്ടു ഘട്ടങ്ങൡായിട്ടാണ് ഇവിടെ വാണിരുന്നത്. ആദി ചേരന്മാർ നേരിട്ട് ഭരണം നിയന്ത്രിച്ചു. രണ്ടാം ഘട്ടത്തിൽ നാടുവാഴികളെ കൊണ്ടും പിന്നീട് കുലശേഖരൻ എന്ന സ്ഥാനപ്പേരു സ്വീകരിച്ച സാമന്തന്മാർ മുഖേനയും ഭരണം നടത്തി എന്നാണ് ചരിത്ര മിത്ത്.
പഴയ ചേരരാജാക്കന്മാർ തമിഴരായിരുന്നുവെന്നതാണ് വസ്തുത. കാവേരിയുടെ പോഷക നദിയായിരുന്ന അമരാവതിയുടെ വടക്കേ തീരത്ത് സ്ഥിതി ചെയ്യുന്ന കരൂർ ആയിരുന്നു തലസ്ഥാനം. മലബാറിലെ ഏതാനും ഭൂപ്രദേശങ്ങൾ ഇവരുടെ കീഴിലായിരുന്നു. ചേര സാമ്രാജ്യം ശിഥിലമായ ശേഷം കൊടുങ്ങല്ലൂർ വാണവർ പെരുമാക്കന്മാരായിരുന്നു. രണ്ടാം ചേര സാമ്രാജ്യം വെറും കെട്ടുകഥയാണ്. ഇളംകുളം കുഞ്ഞൻ പിള്ളയുടെ ഭാവനയിൽ വിരിഞ്ഞതും ശ്രീധര മേനോനിലൂടെ പ്രചരിച്ചതും എംജിഎസ് പരിപോഷിപ്പിക്കുന്നതുമായ മിഥ്യാ സങ്കൽപം. ചരിത്രമറിയുന്നവർ ചോദ്യം ചെയ്യാതിരുന്നതും പാഠപുസ്തകങ്ങളിൽ ഇടം പിടിച്ചതും ഇവർക്കു തുണയായി. പികെ ബാലകൃഷ്ണൻ ജാതി വ്യവസ്ഥയും കേരള ചരിത്രവും എന്ന ഗ്രന്ഥത്തിൽ ഇത് പൊളിച്ചടക്കുന്നുണ്ട്.
17-ാം ശതകത്തിൽ എഴുതപ്പെട്ടതെന്നു കരുതുന്ന ഗ്രന്ഥങ്ങളാണ് കേരളോൽപത്തിയും കേരള മാഹാത്മ്യവും. ബ്രാഹ്‌മണിക് കാഴ്ചപ്പാടുകളാണ് അവയുടെ ഉള്ളടക്കം. നായർ സമുദായത്തെ അടിമകളാക്കിവെക്കുകയും നായർ നതാംഗിമാരെ സുഖഭോഗ വസ്തുവാക്കി മാറ്റിയവരുമായ നമ്പൂതിരിമാരോട് അവർക്ക് കുലപ്പകയുണ്ട്. ബ്രാഹ്‌മണ മേധാവിത്വം അവസാനിക്കുകയും നായർ സമുദായം ഉയിർത്തെഴുന്നേൽക്കുകയും ചെയ്ത കാലഘട്ടത്തിൽ ഈ കുടിപ്പക ചരിത്രം നിർമിച്ച് തീർക്കുകയായിരുന്നു. മുസ്‌ലിംകളുടെ ചരിത്രവും അവരുടെ കലിപ്പടക്കലിൽ കരുവാക്കപ്പെട്ടു. ഡോ. സികെ കരീം ഇവരുടെ കള്ളക്കളികൾ തുറന്നു കാണിച്ചിട്ടുണ്ട്. അദ്ദേഹം തുടങ്ങി വെച്ച ദൗത്യത്തിന് തുടർച്ചയുണ്ടായില്ല എന്നത് ചരിത്രകാരന്മാരുടെ അക്ഷന്തവ്യമായ കൃത്യവിലോപമാണ്.

മതം മാറിയ പെരുമാൾ,
മതം മാറ്റാതെ ചരിത്രം

അക്കാദമിക ചരിത്രകാരന്മാർ അംഗീകരിച്ചാലും ഇല്ലെങ്കിലും ചേരമാൻ പെരുമാൾ മതം മാറി മുസ്‌ലിമായിട്ടുണ്ട്. പേരിലും കാലഗണനയിലും ഭിന്നതയുണ്ടാകാം. മലയാളത്തിലും അറബിയിലും പാർസിയിലുമുള്ള ചരിത്ര രേഖകൾ അതിനു സാക്ഷിയാണ്. ഡോ. സികെ കരീം കേരള മുസ്‌ലിം ഡയറക്ടറിയിലും പ്രാചീന കേരളവും മുസ്‌ലിം ആവിർഭാവവും എന്ന കൃതിയിലും ഇക്കാര്യം വിശദമായി പഠന വിധേയമാക്കുന്നുണ്ട്. അതിവിടെ ചർച്ചക്കെടുക്കുന്നില്ല. ബാണപ്പള്ളിപ്പെരുമാൾ മക്കയിൽ പോയി മുസ്‌ലിമാകുന്നതോടു കൂടിയാണ് കൊടുങ്ങല്ലൂർ മാപ്പിള മലബാറിന്റെ ഭൂപടത്തിൽ പ്രധാന ഇടമായി മാറിയത്. പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് പല കഥകളും ഉപകഥകളും പ്രചാരത്തിലുണ്ട്.
എഡി 628ൽ പല രാജാക്കന്മാർക്കും ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് നബി(സ്വ) കത്തയച്ചിരുന്നു. അതിലൊന്ന് ചെങ്കൽ പെരുമാളിനും (ശങ്കവർമൻ 621-640) ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ശൈഖ് സഹ്‌റുദ്ദീനിബ്‌നു തഖ്‌യുദ്ദീനും സംഘവും ആദം മല സന്ദർശിക്കാൻ സിലോണിലേക്കു പോകും വഴി കൊടുങ്ങല്ലൂരിലെത്തിപ്പെടുകയും രാജാവുമായി ആശയവിനിമയം നടത്തുകയും ചെയ്തുവെന്നാണ് ചരിത്രം. തിരിച്ചുപോകുമ്പോൾ തന്നെയും കൂട്ടണമെന്ന് രാജാവ് അവരോട് അഭ്യർത്ഥിച്ചു. മുക്തിമാർഗം കൊതിച്ചിരുന്ന രാജാവ് അവസരം മുതലെടുത്ത് മക്കത്തു പോയി മുസ്‌ലിമായി.

മതം മാറിയത് രണ്ടു രാജാക്കന്മാർ

പെരുമാൾ മതം മാറിയത് 822ലാണെന്ന് ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ) തുഹ്ഫതുൽ മുജാഹിദീനിൽ രേഖപ്പെടുത്തുന്നു. അത് പന്ത്രണ്ടാം നൂറ്റാണ്ടിലായിരിക്കാമെന്ന് എംജിഎസ് അനുമാനിക്കുന്നു. 1102നു ശേഷമായിരിക്കാമെന്ന് ഇളംകുളം അഭിപ്രായപ്പെടുന്നു. (ചേര സാമ്രാജ്യം ഒമ്പതും പത്തും നൂറ്റാണ്ടുകളിൽ പേ. 74). ഇത് പ്രവാചകരുടെ കാലത്തു തന്നെയാണെന്ന് ശൂരനാട് കുഞ്ഞൻ പിള്ള പറയുന്നു (പ്രാചീന കേരളം പേ. 124). ഉമറുബ്‌നി സുഹ്‌റവർദിയുടെ രിഹ്‌ലതുൽ മുലൂകിലും മാലിക്ബ്‌നു ഹബീബിന്റെ പൗത്രൻ രചിച്ചതെന്ന് കരുതപ്പെടുന്ന താരീഖു ളുഹൂരിൽ ഇസ്‌ലാമി ഫീ മലൈബാറിലും ഇത് നബിയുടെ കാലത്താണെന്ന് പറയുന്നു.
കൊടുങ്ങല്ലൂർ ഭരിച്ചിരുന്ന രണ്ടു രാജാക്കന്മാർ മുസ്‌ലിംകളായിട്ടുണ്ട്. രണ്ടു രാജാക്കന്മാരുടെയും കാല വ്യത്യാസങ്ങൾ ഒരു രാജാവിലേക്ക് ചേർത്ത് പറയുമ്പോഴുണ്ടാകുന്ന പൊരുത്തക്കേടുകളും തെറ്റിദ്ധാരണകളുമാണ് ഭിന്നാഭിപ്രായങ്ങൾക്ക് നിമിത്തമായതെന്ന് സികെ കരീം രേഖകൾ ഉദ്ധരിച്ചു സമർത്ഥിക്കുന്നുണ്ട്. ചരിത്ര പണ്ഡിതൻ എപി മുഹമ്മദ് മുസ്‌ലിയാർ എഴുതുന്നു: രിസാലതുൻ ഫീ ളുഹൂരിൽ ഇസ്‌ലാം ഫീ ദിയാരി മലൈബാർ എന്ന ഗ്രന്ഥം ശക്‌റൂത്ത് പെരുമാൾ റസൂലി(സ്വ)നെ കണ്ട സംഭവം വിവരിക്കുന്നുണ്ട്. ഏറ്റവും വിശ്വാസയോഗ്യമായ തെളിവാണത്. മാലികുബ്‌നു ദീനാറിന്റെ സംഘത്തിൽ അംഗമായിരുന്ന മുഹമ്മദ് ബ്‌നു ഹബീബാണ് പ്രസ്തുത ഗ്രന്ഥം രചിച്ചിരിക്കുന്നത്. കൊടുങ്ങല്ലൂർ പള്ളിയുടെ ആദ്യ ഖാളിയാണ് അദ്ദേഹം. മറ്റൊരിടത്ത്: കൊടുങ്ങല്ലൂർ രാജാവാണ് ചക്രോത്ത് പെരുമാൾ (ശക്‌റൂത്തി പെരുമാൾ), ബാണപ്പെരുമാൾ എന്നീ പേരുകളിൽ അറിയപ്പെടുന്നത്. നബി(സ്വ)യുടെ കൂടെ അഞ്ചു വർഷം താമസിച്ചു. താജുദ്ദീനിൽ ഹിന്ദി എന്ന നാമകരണം നൽകി. ചേരമാൻ പെരുമാളിന്റെ ഇരുനൂറു കൊല്ലം മുമ്പാണിത് (തുഹ്ഫതുൽ മുജാഹിദീൻ വിവർത്തനം പേ. 40-41).
സ്വഹാബിയായ താജുദ്ദീനിൽ ഹിന്ദി (ബാണപ്പള്ളിപ്പെരുമാൾ)യുടെ ഖബർ ശഹർമുഖല്ലയിലാണ്. ഹിജ്‌റ രണ്ടാം നൂറ്റാണ്ടിനു ശേഷമാണ് ചേരമാൻ പെരുമാൾ മുസ്‌ലിമായി മക്കയിൽ പോകുന്നത്. അദ്ദേഹം നബിയെ കണ്ടിട്ടില്ല. ളഫാറിനടുത്ത സലാലയിലാണ് ചേരമാൻ പെരുമാളുടെ (അബ്ദുറഹ്‌മാൻ സാമിരി) ഖബർ. ഹി. ഇരുന്നൂറിൽ വഫാതായി എന്ന് അദ്ദേഹത്തിന്റെ നിശാൻ കല്ലിൽ കൊത്തിവച്ചിരിക്കുന്നു (തുഹ്ഫതുൽ മുജാഹിദീൻ വിവർത്തനം പേ. 45). ഈ ഖബർ ഒരു സാമൂതിരി രാജാവിന്റേതാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. എഡി 638ൽ ഖലീഫ ഉസ്മാന്റെ(റ) കാലത്ത് സ്വഹാബിയായ മുഗീറതുബ്‌നി ശുഅ്ബയുടെ നേതൃത്വത്തിൽ ഒരു സംഘം കോഴിക്കോട്ടെത്തുകയും സാമൂതിരി അവരെ രാജോചിതം സ്വീകരിക്കുകയും അവർ മുഖേന അദ്ദേഹം മുസ്‌ലിമാവുകയും ചെയ്ത സംഭവം സയ്യിദ് ഷാ കബീറിന്റെ തദ്കിറതുൽ കിറാം താരീഖേ ഖുലഫായേ അറബായേ ഇസ്‌ലാം എന്ന കൃതിയിലുണ്ട്. പ്രസ്തുത സാമിരി സാമൂതിരി രാജാവാകാനും സാധ്യതയുണ്ട്.

ശിഥിലീകരണ സംഘം

മലയാള മണ്ണിലെ ഇസ്‌ലാമിന്റെ ഉയിർപ്പും മുസ്‌ലിംകളുടെ ഉത്ഥാനവും കൊടുങ്ങല്ലൂരിന്റെ സാംസ്‌കാരിക ഭൂമികയിൽ നിന്നാണ് ഉരുവം കൊണ്ടത്. മാലിക്ബ്‌നു ദീനാറിന്റെ മേൽനോട്ടത്തിൽ തുടങ്ങി മാലിക്ബ്‌നു ഹബീബിന്റെ നേതൃത്വത്തിൽ വ്യാപിച്ച സാമൂഹ്യ പരിഷ്‌കരണം കേരള മുസ്‌ലിം ചരിത്രത്തിന്റെ ഉജ്ജ്വല ഏടാണ്. പ്രവാചകരിൽ നിന്ന് നേരിട്ട് പഠിച്ച ദീനാർ സംഘം ഇസ്‌ലാമിന്റെ തനതായ ആശയങ്ങൾ വെള്ളം ചേർക്കാതെ പ്രചരിപ്പിച്ചു. നിർഭാഗ്യവശാൽ മുസ്‌ലിം മുന്നേറ്റത്തിന്റെ മുനയൊടിക്കുകയും സാമുദായിക കെട്ടുറപ്പ് ശിഥിലമാക്കുകയും ചെയ്യുന്ന തരത്തിലുള്ള പ്രതിലോമ ചിന്തകളെ ഗർഭം ധരിക്കാനുള്ള ദുര്യോഗവും കൊടുങ്ങല്ലൂരിനുണ്ടായി.
കൊടുങ്ങല്ലൂരിലും പരിസരങ്ങളിലുമുണ്ടായിരുന്ന പരമ്പരാഗത സമ്പന്ന തറവാട്ടുകാർക്കിടയിൽ യോജിപ്പുണ്ടാക്കുക എന്ന വ്യാജേന നിഷ്പക്ഷ സംഘം എന്ന പ്രച്ഛന്ന വേഷത്തിൽ ഒരു സംഘം രൂപം കൊണ്ടു. 1922ലായിരുന്നു ഇത്. പിന്നീടത് ഐക്യസംഘമെന്ന് പുനർനാമകരണം ചെയ്തു. നമ്പൂതിരി മഠത്തിൽ സീതി മുഹമ്മദ് പ്രസിഡന്റും മണപ്പാട്ട് കുഞ്ഞി മുഹമ്മദ് സെക്രട്ടറിയുമായ കമ്മിറ്റി സംഘത്തെ നയിച്ചു. കെഎം മൗലവിയും ഇകെ മൗലവിയും സംഘത്തിന് താത്ത്വിക സൂക്തങ്ങൾ ചൊല്ലിക്കൊടുത്തു.
ഐക്യസംഘത്തിന് ഇസ്‌ലാമിനോട് ഒട്ടും പ്രതിപത്തിയുണ്ടായിരുന്നില്ല. പലിശ അനുവദനീയമാക്കി ഫത്‌വയിറക്കിയതും ബാങ്ക് സ്ഥാപിച്ചതും അതിന് തെളിവാണ്. ഉപരി സൂചിതമായ കൊടുങ്ങല്ലൂരിലെ മുസ്‌ലിം ഗോത്ര ഭിന്നിപ്പ് അവസാനിപ്പിക്കാൻ നിഷ്പക്ഷ സംഘത്തിന് കഴിഞ്ഞില്ല (കെഎം മൗലവി ജീവചരിത്രം പേ. 144). മാത്രല്ല, സാധാരണ മുസ്‌ലിംകൾക്കിടയിൽ കാര്യമായ സ്വാധീനം നേടാൻ അവർക്ക് (സംഘത്തിന്) കഴിഞ്ഞില്ല. കാലാകാലങ്ങളിലായി ആചരിച്ചുവന്നിരുന്ന ആചാരാനുഷ്ഠാനങ്ങളെ എതിർത്തുവെന്നതും യാഥാസ്ഥിതിക പണ്ഡിതന്മാർക്കു സാധാരണക്കാർക്കിടയിൽ ഉണ്ടായിരുന്ന സ്വാധീനവും ഇതിനു കാരണമായി (ശബാബ് 32/32).
അറേബ്യയിലെ ഇബ്‌നു അബ്ദിൽ വഹാബ്, ഈജിപ്തിലെ മുഹമ്മദ് അബ്ദു, റശീദ് രിള തുടങ്ങിയ പരിഷ്‌കർത്താക്കളുടെ പാതയാണ് ഐക്യസംഘം ഏറെക്കുറെ സ്വീകരിച്ചിരുന്നത് (ശബാബ് 32/32). അപ്രകാരം പരിഷ്‌കരിക്കപ്പെടേണ്ട ദൗർബല്യങ്ങളൊന്നും ഇസ്‌ലാം മതത്തിനില്ല. വികലമാക്കപ്പെട്ട ഇസ്‌ലാം കേരളത്തിൽ പ്രചരിച്ചിരുന്നുമില്ല. പ്രവാചകർ(സ്വ)യുടെ കാലത്തു തന്നെ ഇസ്‌ലാമിക സന്ദേശം കേരളത്തിൽ വന്നിട്ടുണ്ട്. മാലിക് ബ്‌നു ദീനാർ, ഹബീബ് ബ്‌നു മാലിക് തുടങ്ങിയ ആദ്യകാല മിഷനറിമാരുടെ വിശുദ്ധ പാദമുദ്രകൾ പതിഞ്ഞ മണ്ണാണ് മലബാർ. അതു കൊണ്ടുതന്നെ കേരളീയർ പരിചയപ്പെട്ട ഇസ്‌ലാം തീർച്ചയായും ഖുർആനും സുന്നത്തും അനുസരിച്ചുള്ള ഇസ്‌ലാം തന്നെയായിരുന്നു (അന്നദ്‌വ പേ. 103, ജാമിഅ എടവണ്ണ). അതിനാൽ പ്രത്യക്ഷമോ പരോക്ഷമോ ആയുള്ള ഒരു ലക്ഷ്യവും നേടാതെ സംഘം മണ്ണിൽ ലയിച്ചു ചേർന്നു.

ചേരമാൻ പള്ളിയും മഖ്ബറയും

കൊടുങ്ങല്ലൂരിന്റെ ഇസ്‌ലാമിക പാരമ്പര്യത്തിന്റെ അടയാളമായി ചേരമാൻ ജുമാ മസ്ജിദും മഖ്ബറയും നിലകൊള്ളുന്നു. പള്ളിയുടെ തെക്കേ ചരുവിൽ രണ്ടു ഖബറുകളുണ്ട്. മഖാബിറുസ്വഹാബ എന്ന് അതിന്മേൽ രേഖപ്പെടുത്തിയിരിക്കുന്നു. കേരളത്തിൽ വ്യവസ്ഥാപിതമായി പ്രബോധനത്തിനു നേതൃത്വം നൽകിയ നവോത്ഥാന നായകൻ മാലിക് ബ്‌നു ഹബീബിന്റെയും ഭാര്യ ഖമരിയ്യയുടേതുമാണ് പ്രസ്തുത ഖബറുകളെന്നാണ് പരമ്പരാഗതമായ വിശ്വാസം. ഇവിടം സന്ദർശിക്കാൻ രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും ധാരാളം പേർ ദിനേന എത്തിച്ചേരുന്നു. പള്ളിയോടനുബന്ധിച്ച് പൈതൃക മ്യൂസിയവും പ്രവർത്തിക്കുന്നു.

അലി സഖാഫി പുൽപറ്റ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ