പരിശുദ്ധ ഖുർആനിലെ ഓരോ വാക്യവും വെളിച്ചം പരത്തുന്നതാണ്. ചില വചനങ്ങൾ ആത്മ പ്രകാശമാണ്. അതോടൊപ്പം വലിയ സമാധാനവുമാണ്. ഏതു സാധാരണക്കാരനും സന്മാർഗം തെളിഞ്ഞു കാണാൻ സഹായിക്കുന്ന വചനങ്ങളാണത്. സൂറതുത്തൗബയിലെ 94ാം വചനം ഇങ്ങനെ: ‘നിങ്ങളുടെ കർമങ്ങളെ അല്ലാഹു കാണുന്നു. അവന്റെ റസൂലും’ ( സൂറതുത്തൗബ 94) നബി(സ) യെ കേവലം ഒരു പ്രവാചകനായി അല്ലെങ്കിൽ ഒരു അധ്യാപകനായി മാത്രം കാണുന്ന എല്ലാ വിധ ദുർന്യായങ്ങളെയും ഈ മഹത്തായ വചനം നിർവീര്യമാക്കുന്നു. ഇതേ സൂറയിൽ അൽപം കൂടെ മുന്നോട്ട് പോയാൽ ഇതേ ആശയം ഒന്ന് കൂടെ ഊന്നിപ്പറയുന്നത് കാണുന്നതോടെ ദുർബോധനങ്ങളും ദുർവ്യാഖ്യാനങ്ങളും കൂട്ടത്തോടെ ഇല്ലാതെയായിത്തീരുന്നു. ഖുർആൻ പറയുന്നത് കേൾക്കൂ: ‘താങ്കൾ പ്രഖ്യാപിക്കൂ, നിങ്ങൾ കർമ നിരതരാകുവിൻ. നിങ്ങളുടെ കർമങ്ങൾ അല്ലാഹു കാണുന്നു, അവന്റെ റസൂലും സത്യവിശ്വാസികളും കാണുന്നു'(സൂറതുത്തൗബ 105). ഇവിടെ വിശുദ്ധ ഖുർആൻ അർത്ഥ ശങ്കയ്ക്ക് ഇടമില്ലാതെ വെട്ടിത്തുറന്ന് പറയുന്നത് വിശ്വാസികളുടെ കർമങ്ങളെ മൂന്ന് ശക്തികൾ കാണുമെന്നാണ്. ഒന്ന് അല്ലാഹു. രണ്ട് റസൂൽ. മൂന്ന് സജ്ജനങ്ങൾ. ഈ മൂന്ന് കാഴ്ചകളുടെയും തരവും പ്രതിഫലനവും വ്യത്യസ്തമാണ്. വിവേചന ശേഷിയും വിവേകവും ഉള്ള ഏതൊരു വിശ്വാസിക്കും അത് മനസ്സിലാവുന്നതാണ്.വിശ്വാസികളുടെ കർമങ്ങളെ അല്ലാഹു കാണുമെന്നത് കൂടുതൽ വിവരിക്കാതെ തന്നെ വ്യക്തമാണ്. അവരുടെ പ്രവർത്തനങ്ങളെ സമഗ്രമായി അറിയുന്നവനാണ് അല്ലാഹു (സൂറത്തുന്നിസാഅ് 108) എന്ന് ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്.

നബി(സ്വ) യും സജ്ജനങ്ങളും വിശ്വാസികളുടെ കർമങ്ങളെ കാണുമെന്നത് അൽപം വിവരിക്കാം. നബി(സ്വ) നമ്മുടെ കർമങ്ങൾ കാണുമെന്ന് വിശ്വാസി മനസ്സിലാക്കുമ്പോൾ സൽകർമങ്ങൾ നിർവ്വഹിക്കാൻ വലിയ ഉത്തേജനവും മികച്ച പ്രചോദനവുമാണ് അത് നൽകുന്നത്. ദുഷ്‌ചെയ്തികളിൽ നിന്ന് വിട്ടു നിൽക്കാനുള്ള ശക്തമായ സമ്മർദവുമാണത്. ഒരു വ്യക്തി ധാരാളം സദ്കർമങ്ങൾ ചെയ്യുകയും അത് നബി(സ്വ) കാണുകയും ചെയ്യുന്നു. അതുവഴി നബി(സ്വ) യുടെ പ്രീതി സമ്പാദിക്കാൻ കഴിയുന്നു. ‘അല്ലാഹുവും അവന്റെ റസൂലുമാണ് അവർക്ക് പ്രീതിപ്പെടുത്താൻ ഏറ്റവും അവകാശപ്പെട്ടത്(സൂറത്തുത്തൗബ 62). അബൂഹുറൈറ(റ) പറയുന്നു. നബി(സ്വ) അരുൾ ചെയ്തു: അല്ലാഹുവാണ് സത്യം, നിങ്ങളുടെ ഭക്തിയോ റുകൂഅ്കളോ ഞാൻ കാണാതിരിക്കില്ല, തീർച്ചയായും നിങ്ങളെ ഞാൻ എന്റെ പുറകുവശത്തിലൂടെയും കാണുന്നതാണ്'(സ്വഹീഹുൽ ബുഖാരീ 418)

ഒരിക്കൽ നബി(സ്വ) അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ)വിനോട് ആവശ്യപ്പെട്ടു: ‘താങ്കൾ ഖുർആൻ ഓതൂ, ഞാൻ കേൾക്കട്ടെ’
അദ്ദേഹം ചോദിച്ചു: അങ്ങേക്ക് അല്ലേ ഖുർആൻ അവതരിക്കുന്നത് ഞാൻ ഓതേണമോ?
നബി(സ്വ) പറഞ്ഞു: അതേ. അപ്പോൾ അദ്ദേഹം സൂറത്തുന്നിസാഅ് ഓതി. അങ്ങനെ ‘എല്ലാ സമുദായത്തിൽ നിന്നും ഒരു സാക്ഷിയെ നാം കൊണ്ട് വരികയും താങ്കളെ നാം ഈ സമുദായത്തിന് സാക്ഷിയായും കൊണ്ട് വരുമ്പോൾ എങ്ങനെയുണ്ടാകും(സൂറത്തു ന്നിസാഅ് 41) എന്ന ഭാഗമെത്തിയപ്പോൾ നബി(സ്വ) പറഞ്ഞു: മതി. അപ്പോൾ അവിടുന്ന് കരയുകയായിരുന്നു(സ്വഹീഹുൽ ബുഖാരി 5050). പരലോകത്തും നബി(സ്വ) നമ്മെ കാണുന്നു എന്ന് വ്യക്തം.
അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) നിവേദനം. നബി(സ്വ) പറഞ്ഞു: എന്റെ ജീവിതം നിങ്ങൾക്ക് ഉത്തമമാണ്, ഞാൻ നിങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകുമല്ലോ. എന്റെ മരണവും നിങ്ങൾക്ക് ഉത്തമമാണ്, നിങ്ങളുടെ കർമങ്ങൾ എന്റെ മുന്നിൽ പ്രദർശിപ്പിക്കപ്പെടും. നല്ലത് കണ്ടാൽ ഞാൻ അല്ലാഹുവിനെ സ്തുതിക്കും. തെറ്റ് കണ്ടാൽ ഞാൻ നിങ്ങൾക്ക് വേണ്ടി അല്ലാഹുവോട് പാപമോചനത്തിനായി പ്രാർത്ഥിക്കുന്നതുമാണ്(മുസ്‌നദുൽ ബസ്സാർ, അൽ അഹ്കാം; ഇമാം ഇബ്‌നുൽ ഖർറാത്വ്. അൽ ബിദായതു വന്നിഹായ; ഇബ്‌നു കസീർ) ഈ ഹദീസ് പ്രമാണയോഗ്യമാണെന്ന് പ്രമുഖ ഹദീസ് വിജ്ഞാന വിശാരദന്മാരായ ഇമാം ഇബ്‌നുൽ ഖർറാത്വ്, ഹാഫിള് അബ്ദുർ റഹീം അൽ ഇറാഖീ, ഇമാം സുർഖാനീ, ഇമാം സുയൂത്വീ,അല്ലാമാ മുനാവീ മുതലായവർ രേഖപ്പെടുത്തിയിട്ടുണ്ട്. നബിയുടെ മേൽ ചൊല്ലപ്പെടുന്ന സ്വലാത്തുകൾ നബിക്ക് മുന്നിൽ കാണിക്കപ്പെടുമെന്ന് റിപ്പോർട്ടുള്ള അനേകം ഹദീസുകളും നബി(സ്വ) വിശ്വാസികളുടെ കർമങ്ങളെ വിലയിരുത്തുമെന്ന യാഥാർത്ഥ്യത്തിന് ഉപോൽബലകമാണ്.

വിശ്വാസികളുടെ കർമങ്ങൾ സജ്ജനങ്ങൾ കാണുമെന്ന് അനേകം പ്രമാണങ്ങൾ സാക്ഷീകരിക്കുന്നു. അനസ്(റ) നിവേദനം ചെയ്യുന്നു. നബി(സ്വ) പറഞ്ഞു: നിങ്ങളുടെ കർമങ്ങൾ മരണപ്പെട്ട കുടുംബക്കാർക്ക് മുന്നിൽ പ്രദർശിപ്പിക്കപ്പെടുന്നതാണ് ( അൽ മുസ്‌നദ്; ഇമാം അഹ്‌മദ്, മുഅജമുൽ കബീർ; ഇമാം ത്വബ്‌റാനീ) അബൂ സഈദിൽ ഖുദ്‌രീ(റ) പറയുന്നു. നബി(സ്വ) അരുൾ ചെയ്തു: വാതിലോ ജനാലയോ ഇല്ലാത്ത ഒരു പാറക്കകത്ത് വെച്ച് ഒരാൾ ഒരു സദ്കർമം ചെയ്താലും അത് ജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കപ്പെടുന്നതാണ് (അൽ മുസ്‌നദ്; ഇമാം അഹ്‌മദ്, സ്വഹീഹു ഇബ്‌നിഹിബ്ബാൻ). ഉദ്ദേശ്യ ശുദ്ധിയോടെ ഒരാൾ നിർവഹിക്കുന്ന സൽകർമങ്ങൾ സത്യവിശ്വാസികൾ അറിയുന്നതും അവർ പുകഴ്ത്തുന്നതും ഒരു അംഗീകാരമാണ്. അബൂദർറ്(റ) പറയുന്നു. ഒരാൾ നബി(സ്വ) യോട് ചോദിച്ചു: ഒരു വ്യക്തി സദ്കർമം ചെയ്യുന്നു. ജനങ്ങൾ അതിന്റെ പേരിൽ പുകഴ്ത്തി പറയുന്നു. എന്താണ് അതിന്റെ സ്ഥിതി?
നബി(സ്വ) പറഞ്ഞു: അത് സത്യവിശ്വാസിക്ക് ലഭിക്കുന്ന സുവാർത്തയാണ്(സ്വഹീഹ് മുസ്‌ലിം). ചുരുക്കത്തിൽ വിശ്വാസികളുടെ സൽകർമങ്ങൾ അല്ലാഹു കാണുന്നു. അതിനവൻ തക്ക പ്രതിഫലം നൽകുന്നു. നബി(സ്വ) കാണുന്നു, ആശീർവദിക്കുന്നു. സജ്ജനങ്ങൾ കാണുന്നു, അതുവഴി അംഗീകാരം ലഭിക്കുന്നു. സജ്ജനങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് അല്ലാഹു വലിയ വില കൽപ്പിക്കുന്നുണ്ട്.

* സന്മാർഗം പ്രാപിക്കാൻ സഹായിക്കുന്ന വചനമാണ് ഖുർആൻ.
* സ്വലാത്തുകൾ നബി(സ്വ)ക്ക് കാണിക്കപ്പെടും.
* വിശ്വാസികളുടെ കർമങ്ങൾ സജ്ജനങ്ങൾ കാണുമെന്ന് പ്രമാണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

തിരുനബി(സ്വ) നമ്മുടെ കർമങ്ങൾ കാണുമെന്ന് വിശ്വാസി മനസ്സിലാക്കുമ്പോൾ സൽകർമങ്ങൾ നിർവഹിക്കാൻ വലിയ ഉത്തേജനവും പ്രചോദനവുമാണ് ലഭിക്കുന്നത്. ദുഷ്‌ചെയ്തികളിൽ നിന്ന് വിട്ടുനിൽക്കാനുള്ള ശക്തമായ സമ്മർദവുമാണത്.

ഖുർആൻ അർത്ഥശങ്കക്കിടമില്ലാതെ പ്രഖ്യാപിക്കുന്നത് വിശ്വാസികളുടെ കർമങ്ങളെ മൂന്ന് ശക്തികൾ കാണുമെന്നാണ്. അല്ലാഹു, റസൂൽ, സജ്ജനങ്ങൾ. ഈ മൂന്ന് കാഴ്ചകളുടെ തരവും പ്രതിഫലനവും പക്ഷേ വ്യത്യസ്തം.

 

സുലൈമാൻ മദനി ചുണ്ടേൽ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ