ഖുർആനിൽ ഘടനാപരമായ വിസ്മയങ്ങളുണ്ടെന്ന് ചിലർ പറയാറുണ്ട്. അത് ശരിയാണോ? പരസ്പരം ബന്ധമില്ലാത്ത ആയത്തുകൾ, സൂറത്തുകൾ, തലവാചകങ്ങൾ! ഇതിനെ കുറിച്ചെങ്ങനെയാണ് സുഭദ്രമായ ഗ്രന്ഥം എന്ന് പറയുക?

സൂക്ഷ്മവായനയിൽ അതിഗംഭീരമായ ക്രമവും പാരസ്പര്യവും ഘടനാ സൗന്ദര്യവും ഒളിപ്പിച്ചുവെച്ച വിസ്മയ ഗ്രന്ഥമാണ് ഖുർആൻ. ഇന്ന് ബോധധാര (stream of consciousness) എന്ന പേരിൽ ഈ മെക്കാനിസം ചെറിയ തോതിൽ ചില രചനകളിൽ ഉപയോഗിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്.എന്നാൽ ക്രമമില്ലായ്മയുടെ ഈ ക്രമം നൂറ്റാണ്ടുകൾക്കു മുമ്പ് ഖുർആൻ അതിന്റെ ആഖ്യാനരീതിയായി സ്വീകരിച്ചതായി കാണാം.

മനുഷ്യ നിർമിത രചനകളിൽ ഒറ്റനോട്ടത്തിൽ കാണപ്പെടുന്ന കൃത്രിമ ചട്ടക്കൂടുകളോ ചതുരക്കളങ്ങളോ സാഹസങ്ങളോ ഇല്ലാതെ പ്രകൃതിയുടെ സ്വാഭാവികത പോലെ ഖുർആനിക സൂക്തങ്ങൾ ഒഴുകുകയും പരക്കുകയും വളരുകയും ചുരുളുകയും ചെയ്യുന്നു. ഖുർആനിലൂടെ സഞ്ചരിക്കുമ്പോൾ ചെത്തിമിനുക്കി പാകപ്പെടുത്തി, മിനുസപ്പെടുത്തിയ കോൺക്രീറ്റ് കാടുകളുടെ വരൾച്ചകൾക്കിടയിലൂടെ തപിക്കുന്ന മനസ്സുമായി ഓടുകയല്ല നിങ്ങൾ. പ്രത്യുത, പൂവും കനിയും തോടും അരുവിയും കിളികളും വള്ളികളും ചെടികളും വെളിച്ചവും ഇരുട്ടും പൈതൃകങ്ങളും കൊടുങ്കാറ്റും സ്‌ഫോടനങ്ങളും അഗ്‌നിജ്വാലകളും സ്വതന്ത്രമായി നിറഞ്ഞു നിൽക്കുന്ന ഒരന്തരീക്ഷത്തിലൂടെ പുഞ്ചിരിക്കുന്ന, ഭയക്കുന്ന ഹൃദയവുമായി ഒഴുകുകയാണ് നിങ്ങൾ. എന്നാൽ ക്രമമില്ലെന്ന് നിങ്ങൾ മനസ്സിലാക്കിയ ഒരരുവിയിലേക്ക് വീണ്ടും വീണ്ടും സൂക്ഷിച്ചുനോക്കിയപ്പോൾ സവിശേഷമായ ഒരു ചേർച്ച കണ്ടെത്തിയാലോ? അതിന്റെ ഓളങ്ങളുടെ ശബ്ദങ്ങൾക്ക് പ്രത്യേക മായ ഒരു താളൈക്യം അനുഭവപ്പെട്ടാലോ? വീണ്ടും അതിലേക്ക് നോക്കുമ്പോൾ ഈ സൗന്ദര്യവും സൗരഭ്യവും മാധുര്യവും വർധി ക്കുന്നതു പോലെ തോന്നിയാലോ? അത് തീർച്ചയായും നിങ്ങളെ കൗതുകപ്പെടുത്തും, വികാരം കൊള്ളിക്കും, ഹർഷപുളകിതനാക്കും.

ഉപദേശവും ഭീഷണിയും ചരിത്രവും നരകവും സ്വർഗവും കാടും കടലും സൂര്യനും ചന്ദ്രനും മനുഷ്യനും തേനീച്ചയും ഉറുമ്പും അട്ടയും മരക്കൊത്തിയും ബീജവും ചിന്തയും പ്രവചനവും നക്ഷത്രങ്ങളും കപ്പലും രാത്രിയും പകലും ആറ്റവും ധാന്യങ്ങളും പ്രസ്താവനകളും ഇടകലർന്നൊഴുകുന്ന ഈ സൗന്ദര്യത്തിന് മുമ്പിൽ നിങ്ങൾ ആദ്യമൊന്ന് പകച്ചുനിൽക്കും. തുടർന്ന് ‘നാനാത്വത്തിലെ ഏകത്വത്തി’ന്റെ സുഭഗത നിങ്ങൾ ആസ്വദിച്ച് തുടങ്ങും. പക്ഷേ വീണ്ടും അതിലേക്ക് അമർത്തി നോക്കുമ്പോൾ ആ ക്രമരാഹിത്യങ്ങൾ തമ്മിൽ ഒരു പാരസ്പര്യം ദൃശ്യമാവും. ആവർത്തനങ്ങളിൽ വൈവിധ്യത്തിന്റെ പൊലിമയും ഏകത്വത്തിന്റെ താളാത്മകതയും കേൾക്കും. പിന്നീട് ആ ബന്ധവും പാരസ്പര്യവും ചേർച്ചയും ഒരു ബിന്ദുവിലേക്ക് പടർന്നു പിടിക്കുന്നതു കണ്ട് നിങ്ങൾക്ക് ആണയിടേണ്ടിവരും: ‘ഇത് പ്രതാപിയും കാരുണ്യവാനുമായ അല്ലാഹുവിൽ നിന്ന് അവതീർണമായതു തന്നെ’ (യാസീൻ: 5).

ഖുർആനിലെ ഓരോ അധ്യായവും എങ്ങനെയാണ് പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നത്? ഓരോ അധ്യായത്തിലുമുള്ള സൂക്തങ്ങൾ എങ്ങനെ പരസ്പരം ബന്ധപ്പെടുന്നു? ഓരോ അധ്യായവും ഘടനാപരമായ വല്ല സവിശേഷതകളും ഉൾക്കൊള്ളുന്നുണ്ടോ? ഇത്തരം സവിശേഷതകൾ ഖുർആന്റെ ഒരു പൊതുസ്വഭാവമാണോ? ചില പദങ്ങളുടെയും സൂക്തങ്ങളുടെയും അധ്യായങ്ങളുടെയും സ്ഥാനങ്ങൾ, ക്രമങ്ങൾ, അവ ആവിഷ്‌കരിച്ച രീതി, ഉപയോഗിച്ച പദങ്ങൾ എന്നിവയുടെ തിരഞ്ഞടുപ്പിൽ പാരസ്പര്യത്തിന്റെയും ഘടനാ പരമായ സൗന്ദര്യത്തിന്റെയും അത്ഭുതകരമായ വിസ്മയങ്ങൾ ഒളിപ്പിച്ചുവെച്ചിട്ടുണ്ടോ? തുടങ്ങിയ ചർച്ചകൾ പുതിയ കാലത്തും പുരാതന കാലത്തും നടന്നിട്ടുണ്ട്.
‘അബുൽ ഹസൻ ഇബ്‌റാഹീം അൽബഖാഇയുടെ നള്മുദുറർ ഫീ തനാസുബി ആയാത്തി വസ്സുവർ’ ഈ വിഷയത്തിലെ മികച്ച രചനയാണ്. ഇമാം റാസി(റ)യുടെ തഫ്‌സീറുൽ ഖുർആൻ, അബ്ദുൽ ഹമീദ് അൽഫറാഹിയുടെ നിളാമുൽ ഖുർആൻ, മുഹന്ദിസ് മുസ്‌നി മുഹമ്മദ് അബിയാന്റെ ‘റവാഇ ഉൽ ബയാൻ’ എന്നീ തഫ്‌സീറുകൾ ഖുർആന്റെ ഘടനാസൗന്ദര്യം ഭംഗിയായി ആവിഷ്‌കരിക്കുന്നുണ്ട്.
ഖുർആനിലെ ‘സ്ട്രിംഗ് സ്ട്രക്ചറുമായി ബന്ധപ്പെട്ട് നടന്ന ആധുനിക അന്വേഷണമാണ് Raymond Farrin തയ്യാറാക്കിയ Structure and Qur’anic Interpretation: A Study of Symmtery and Coherence in Islam’s Holy Textഎന്ന കൃതി.

ഖുർആനിന്റെ ഈ ഘടന അതിന്റെ അമാനുഷികതക്ക് തെളിവാണോ?

അങ്ങനെയാണ് മനസ്സിലാകുന്നത്. 23 വർഷം കൊണ്ട് ഒരാൾ ഒരു വമ്പൻ കെട്ടിടം/നഗരം നിർമിക്കുന്നുവെന്ന് സങ്കൽപ്പിക്കുക. നിർമാണ ശേഷം നമ്മൾ അതിലേക്ക് സൂക്ഷിച്ചു നോക്കുമ്പോൾ അത്ഭുതകരമായ ഘടനാ സൗന്ദര്യം കാണാൻ സാധിക്കുന്നുവെങ്കിൽ അതിനു പിന്നിൽ ശക്തമായ ഒരു പ്ലാനിങ് നടന്നിട്ടുണ്ട് എന്നത് ഉറപ്പായിരിക്കുമല്ലോ.
ഖുർആൻ ദൈവികമല്ലെങ്കിൽ അത് മുഹമ്മദ് നബിയുടെ സംസാരങ്ങളുടെ കളക്ഷൻ മാത്രമായിരിക്കും. 23 കൊല്ലത്തെ വ്യത്യസ്ത സന്ദർഭങ്ങളിൽ വിവിധ സാഹചര്യങ്ങളോട് പ്രതികരിച്ചുകൊണ്ട് ഒരാൾ നടത്തുന്ന സംസാരങ്ങൾ സംയോജിക്കുമ്പോൾ അത്ഭുതകരമായ ഘടനാ സൗന്ദര്യം ഉണ്ടാകുമെന്ന് സങ്കൽപ്പിക്കാനാവുമോ?

നാളെ എന്തു നടക്കാൻ പോകുന്നുവെന്ന് മുൻകൂട്ടി അറിയുന്ന ഒരാൾ നേരത്തെ എഴുതിത്തയ്യാറാക്കിയ സ്‌ക്രിപ്റ്റ് അനുസരിച്ച് സംസാരിക്കുമ്പോൾ മാത്രമല്ലേ അങ്ങനെ വ്യവസ്ഥാപിതമായൊരു കൃതി രചിക്കപ്പെടുകയുള്ളൂ?

ശരിയാണ്. ഭാവിയും വർത്തമാനവും ഒരുപോലെ അറിയുന്ന ഒരു ശക്തി ലൗഹുൽ മഹ്ഫൂള് എന്ന സുരക്ഷിത ഫലകത്തിൽ നേരത്തേ രേഖപ്പെടുത്തിയ വചനങ്ങൾ മുഹമ്മദ് നബി എന്ന ദൂതനിലൂടെ വിവിധ സന്ദർഭങ്ങളിലായി പുറത്ത് വരികയായിരുന്നു.

ഒരു കാര്യം പറയുക, വീണ്ടും അതു പറയുക, അതു തന്നെ ആവർത്തിച്ചു പറയുക. അതാണ് ഖുർആന്റെ ശൈലി. എന്നാൽ ആവർത്തന വിരസതയോ ചടപ്പോ അനുഭവപ്പെടില്ല. വിവിധ നിറങ്ങളിലും ചേലുകളിലും വൈവിധ്യമാർന്ന ചാലുകളിലൂടെ ഒഴുകിവരുന്ന ധാരകൾ ആത്യന്തികമായി ഒരു തടാകത്തിൽ ഒരേ നിറമായി പരിണമിക്കുന്ന അത്ഭുതമാണ് ഖുർആൻ. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് സൂറത്തു യാസീൻ.

വിശദീകരിക്കാമോ?

തീർച്ചയായും. അല്ലാഹു എന്നതിൽ നിന്ന് വികസിക്കുന്ന അടിസ്ഥാനപരമായ മൂന്നു വാദങ്ങൾ, അതാണ് ഖുർആന്റെ മൗലികാശയങ്ങൾ. ആ സിദ്ധാന്തങ്ങളുടെ വിശദാംശങ്ങളാണ് ഖുർആനിൽ പരന്നു കിടക്കുന്നത്. അത് മനുഷ്യജീവിതത്തെയാകമാനം ചൂഴ്ന്നു നിൽക്കുന്നു. അടിസ്ഥാനപരമായ ഈ മൂന്നു വാദങ്ങളും (തൗഹീദ്, രിസാലത്ത്, ആഖിറത്ത്) അവയുടെ തെളിവുകളും ആ തെളിവുകൾ വന്നു കിട്ടിയപ്പോൾ സംബോധിതരിൽ അതുണ്ടാക്കിയ പ്രതികരണങ്ങളും അത് മുഖേന അവർക്ക് ഉണ്ടായേക്കാവുന്ന രക്ഷ-ശിക്ഷകളുമാണ് യാസീന്റെ ഇതിവൃത്തം. അഞ്ചു രൂപത്തിലുള്ള തെളിവുകളും അവ ഓരോന്നിനുമുള്ള ജനങ്ങളുടെ പ്രതികരണവും അതിന് അല്ലാഹു അവർക്ക് ഏർപ്പെടുത്തിയിരിക്കുന്ന ശിക്ഷയും പ്രതിഫലവും ഒന്നിന് പിറകെ മറ്റൊന്നായി ക്രമത്തിൽ അടുക്കി വെച്ചിരിക്കുന്നു യാസീനിൽ.

Pic: 1

ആ മൂന്ന് ആശയങ്ങളാകട്ടെ ഖുർആനിൽ നിറഞ്ഞുനിൽക്കുന്നതുമാണ്. പിന്നെയെങ്ങനെ യാസീൻ ഖുർആന്റെ ഹൃദയമാകാതിരിക്കും?

സ്ട്രിംഗ് സ്ട്രക്ചറിനെ കുറിച്ച് പറഞ്ഞല്ലോ. അത് വിശദീകരിക്കാമോ?

ഒരു വസ്തുവിനെ നാം നിശ്ചിത എണ്ണം (ഉദാ: 10) കഷ്ണങ്ങളാക്കി എന്ന് സങ്കൽപിക്കുക. അവയിലെ
1-10
2-9
3-8
4-7
5-6
എന്നിവ തമ്മിൽ ഏതെങ്കിലും തലത്തിൽ ഒരു ബന്ധം ഫീൽ ചെയ്യുന്നുണ്ടെങ്കിൽ അവിടെ String structure ഉണ്ടെന്ന് പറയാം.
ഖുർആനിലെ String structure ന് നല്ല ഉദാഹരണമാണ് യൂസുഫ് സൂറത്തിന്റെ ഘടനാ സൗന്ദര്യം. ഈ സൂറത്തിനെ നമുക്ക് പത്ത് ഭാഗമാക്കി തിരിക്കാം.

1. ആമുഖം (1-3)
2. യൂസുഫ് നബിയുടെ സ്വപ്നം (4-6)
3. സഹോദരങ്ങൾ യൂസുഫ് നബിക്കെതിരെ പദ്ധതി തയ്യാറാക്കുന്നു. കുടുംബത്തിൽ നിന്നും അകറ്റപ്പെടുന്നു. സഹോദരന്മാർ പീഡിപ്പിക്കുന്നു (5-20)
4. ഭരണാധികാരിയുടെ വീട്ടിൽ വശീകരണ ശ്രമം, അനന്തരം ജയിലിൽ (21-35)
5. ജയിലിൽ രണ്ടാളുകൾ സ്വപ്നം കാണുന്നു, സ്വപ്നം വ്യാഖ്യാനിക്കുന്നു (36-42)
6. രാജാവ് സ്വപ്നം കാണുന്നു, രാജാവിന്റെ സ്വപ്നവും യൂസുഫ്(അ) വ്യാഖ്യാനിക്കുന്നു (43-49)
7. ഭരണാധികാരിയുടെ ഭാര്യ കുറ്റം ഏറ്റുപറയുന്നു. യൂസുഫ്(അ) ജയിൽ മോചിനായി ഭരണാധികാരിയാകുന്നു (50-57)
8. സഹോദരങ്ങൾക്കെതിരിൽ യൂസുഫ് നബി ന്യായം നിരത്തുന്നു. അവർ അതംഗീകരിക്കുന്നു. കുടുംബവുമായി ഒന്നിക്കുന്നു, പീഡിപ്പിച്ച സഹോദരന്മാർ പാപമോചനം തേടുന്നു (58-98)
9. യൂസുഫ്(അ) തുടക്കത്തിൽ കണ്ട സ്വപ്നം പുലരുന്നു (99-101)
10. ഉപസംഹാരം (102-111)
നോക്കൂ, ഇതിൽ ഒരു മനോഹരമായ ഘടനാസൗന്ദര്യം കാണുന്നില്ലേ? ഒന്നും പത്തും തമ്മിൽ വല്ല ബന്ധവുമുണ്ടോ? രണ്ടും ഒമ്പതും തമ്മിൽ? മൂന്നും എട്ടും തമ്മിൽ?
എന്നാൽ ഈ കഥയിലും തൗഹീദും രിസാലത്തും ആഖിറവും വളരെ മനോഹരമായി അല്ലാഹു ആവിഷ്‌കരിച്ചു. ഏറ്റവും മർമമായ തൗഹീദ് മധ്യത്തിൽ തന്നെ. കഥയുടെ തുടക്കവും ഒടുക്കവും സ്വപ്നമാണ്. ഒത്ത നടുവും സ്വപ്നം തന്നെ.
Pic: 2
ആ സ്വപ്നത്തിനുള്ളിൽ തൗഹീദ് പൊതിഞ്ഞുവെച്ചപ്പോൾ അതിലും മനോഹരമായ ഘടന കാണാൻ സാധിക്കുന്നു.സൂറത്തുൽ ബഖറയിലും ഈ ഘടനാ സൗന്ദര്യം കാണാം.

Pic: 3
ഖിബ്‌ല മാറ്റത്തെ കുറിച്ചുള്ള ചർച്ച നടക്കുന്നത് സൂറത്തുൽ ബഖറയിലാണ്. സൂറത്തുൽ ബഖറയെ തീം അനുസരിച്ച് 9 ഭാഗമാക്കി മാറ്റിയാൽ അതിശയിപ്പിക്കുന്ന സ്ട്രിംഗ് സ്ട്രക്ചർ ലഭിക്കും. അതിന്റെ ഒത്ത നടുവിൽ ഖിബ്‌ലമാറ്റ ചർച്ച വരുന്നതായി കാണാം. 286 ആയത്തുകളാണല്ലോ അൽബഖറയിൽ. അതിന്റെ മധ്യം 143, 144 ആയത്തുകളാണ്. ഇവയിലാണ് ഖിബ്‌ലമാറ്റം ചർച്ച ചെയ്യുന്നത്. 143ൽ നാം മധ്യമ സമുദായമാണെന്ന് ഉണർത്തുകയും ഖിബ്‌ല മാറ്റത്തിന്റെ സാഹചര്യം വിശദീകരിക്കുകയും ചെയ്യുന്നു. 144ൽ കഅ്ബ ഖിബ്‌ലായി പ്രഖ്യാപിക്കുന്നു. അങ്ങനെസ്ട്രിംഗ് സ്ട്രക്ചറിലും കഅ്ബ കേന്ദ്രമായിമായി മാറുന്നു!

Pic: 4

താരതമ്യേന ചെറിയ അധ്യായങ്ങളിൽ ഈ ഘടനാ സൗന്ദര്യം കാണുന്നതിന്റെ ഒരു ഉദാഹരണം കൂടി പറയാം. സൂറത്തുൽ ബുറൂജ് നോക്കൂ. പത്ത് ഭാഗങ്ങളായി അത് വിഭജിക്കാം.
ഒന്നാം ഭാഗത്ത് ആകാശത്തെക്കുറിച്ചും അതിലെ കൊട്ടാരങ്ങളെ കുറിച്ചും പറയുമ്പോൾ പത്താം ഭാഗത്ത് ആകാശത്തെ സുരക്ഷിത ഫലകത്തെ കുറിച്ച് പ്രതിപാദിക്കുന്നു. കൊട്ടാരങ്ങൾ സുരക്ഷയുടെ മാർഗം കൂടിയാണെന്ന് ഓർക്കണം. രണ്ട് ന്യായവിധി നാളിനെ കുറിച്ചും അവിടെ സാക്ഷിയാകുന്ന മനുഷ്യനെ കുറിച്ചുമാണെങ്കിൽ ഒമ്പത് വിചാരണ ചെയ്യുന്ന, എല്ലാറ്റിനും സാക്ഷിയാകുന്ന റബ്ബിനെ കുറിച്ചാണ്. മൂന്നിൽ കിടങ്ങുകളിൽ തീ കുണ്ഡമുണ്ടാക്കി വിശ്വാസികളെ ചുട്ട് കൊന്നവരെ കുറിച്ചാണെങ്കിൽ സമാനമായ പീഡനങ്ങൾ നടത്തിയ ഫറോവയടക്കമുള്ള നിഷേധികളെ കുറിച്ചാണ് എട്ടിൽ പരാമർശിക്കുന്നത്. നാലിൽ പ്രതാപിയും സ്തുത്യർഹനും ആകാശഭൂമികളുടെ അധിപനുമായ അല്ലാഹുവാണ് പ്രതിപാദ്യമെങ്കിൽ സ്‌നേഹിക്കുന്നവനും പൊറുക്കുന്നവനും എന്നാൽ സർവാധികാരിയും ശിക്ഷിക്കുന്നവനുമായ അല്ലാഹു ഏഴിൽ കടന്നുവരുന്നു. അഞ്ചിൽ അവിശ്വസികളും നരകവും ആറിൽ വിശ്വാസികളും സ്വർഗവും!

Pic: 5

ആയത്തുകളിലും ഈ ഘടനാ സൗന്ദര്യമുണ്ടോ?

സൂറത്തുകളിൽ മാത്രമല്ല ആയത്തുകളിലും ഈ വിസ്മയം കാണാം. സയ്യിദു ആയിൽ (ഖുർആൻ സൂക്തങ്ങളുടെ നേതാവ്) എന്ന അപരാഭിധാനത്തിൽ വിശ്രുതമായ ആയത്തുൽ കുർസി നോക്കു. ഒരു ഹെഡിംഗും ഒമ്പത് ഭാഗങ്ങളുമുള്ള വിസ്മയകരമായ ഘടന കാണാം.

Pic: 6

ഖുർആനിലെ എല്ലാ സൂറത്തിലും എല്ലാ ആയത്തിലുംstring structure ഉണ്ടെന്ന് വാദിക്കുന്നില്ല. പലയിടത്തും കൗതുകകരമായ പല ഘടനകളും കാണുന്നുണ്ട്. ആഴത്തിലുള്ള അന്വേഷണം ആവശ്യമുള്ള ഒരു ഭാഗമാണിത്.

ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ