മുൻകാല പ്രവാചകന്മാരിൽ ആരുടെയെങ്കിലും ഫിഖ്ഹ് പ്രകാരം മുഹമ്മദ് നബി(സ്വ) ഇബാദത്ത് ചെയ്തിരുന്നോ ഇല്ലയോ എന്നതിൽ വ്യത്യസ്ത വീക്ഷണങ്ങൾ നിലനിൽക്കുന്നുണ്ട്. ഭൂരിപക്ഷം പണ്ഡിതന്മാരും പറയുന്നത് ഇല്ലെന്നാണ്. മറ്റു നബിമാരെ അനുധാവനം ചെയ്യാൻ നിർദേശിക്കുന്ന ഖുർആനിക ആയത്തുകൾ അനേകം കാണാമെങ്കിലും ഇത് മേൽപറഞ്ഞ വീക്ഷണത്തിന് എതിരല്ല. കാരണം, അഖീദയിലും തസ്വവ്വുഫിലും മുൻകഴിഞ്ഞ പ്രവാചകന്മാരെ അനുധാവനം ചെയ്യണമെന്നതാണ് ഇത്തരം ആയത്തുകളുടെ ഉദ്ദേശ്യം. തിരുദൂതർ ഹിറാ ഗുഹയിൽ ഏകാന്തവാസം നയിച്ചപ്പോഴും മറ്റു പ്രവാചകന്മാരുടെ കർമശാസ്ത്രമനുസരിച്ചല്ല പ്രവർത്തിച്ചിരുന്നത്. ഏകാന്തവാസം, അല്ലാഹുവിനെ സ്മരിക്കുക, ദൈവിക ചിന്ത തുടങ്ങിയവയായിരുന്നു അവിടത്തെ ഇബാദത്ത്. എന്നാൽ, നബി(സ്വ) മറ്റ് നബിമാരുടെ കർമശാസ്ത്രമനുസരിച്ച് പ്രവർത്തിച്ചിരുന്നോ ഇല്ലയോ എന്ന് തീർത്തുപറയാൻ ഖണ്ഡിതമായ തെളിവുകളൊന്നും തന്നെയില്ല. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ ഒന്നും പറയാതിരിക്കലാണ് നല്ലതെന്ന നിലപാട് സ്വീകരിച്ച പണ്ഡിതന്മാരുമുണ്ട്. ഇമാമുൽ ഹറമൈനി(റ) ഇവരിൽ പെടുന്നു (ഫതാവൽ ഹദീസിയ്യ).

സർവവ്യാപക പ്രബോധനം

മുൻകാലത്ത് നിരവധി പ്രവാചകന്മാർ വന്നിട്ടുണ്ടെങ്കിലും അവരുടെയെല്ലാം പ്രബോധന മേഖലയും കാലയളവും നിർണിതവും ക്ലിപ്തവുമായിരുന്നു. ബനൂറാസിം ഗോത്രത്തിലേക്ക് മാത്രമാണ് നൂഹ് നബി(അ) നിയോഗിതരായത്. ഹൂദ് നബി(അ) ആദ് സമൂഹത്തിലേക്ക് മാത്രവും സ്വാലിഹ് നബി(അ) സമൂദ് ഗോത്രത്തിലേക്ക് മാത്രവും ഈസാ നബി(അ) ബനൂഇസ്‌റാഈലുകാരിലേക്ക് മാത്രവുമായാണ് അയക്കപ്പെട്ടിട്ടുള്ളത്. ഇങ്ങനെ ഓരോ നബിക്കും നിർണിത സമൂഹമുണ്ടായിരുന്നു. ലോകത്തിന്റെ മുഴുവൻ ഭാഗങ്ങളിലും പ്രബോധനം ചെയ്യുക എന്ന ദൗത്യം അവർക്കാർക്കുമുണ്ടായിരുന്നില്ല. എന്നാൽ മുഹമ്മദ് നബി(സ്വ)യുടെ കർമശാസ്ത്രം മുകല്ലഫായ (ബുദ്ധിയും പ്രായപൂർത്തിയും ഉണ്ടാവുക) വ്യക്തികൾ ചെന്നെത്തുന്ന ഏതു പ്രദേശത്തേക്കും ബാധകമാണ്. അത് ഭൂമിക്ക് പുറത്തുള്ള സ്ഥലമാണെങ്കിലും.
അതുപോലെ മുൻകാല പ്രവാചകന്മാരുടെ കാലയളവും നിശ്ചിതമായിരുന്നു. പ്രവാചകത്വം ലഭിച്ചത് മുതൽ അന്ത്യനാൾ വരെ സാധുതയുള്ള കർമശാസ്ത്രമായിരുന്നില്ല അവരുടേത്. അടുത്ത പ്രവാചകൻ പുതിയ കർമശാസ്ത്രവുമായി വരുന്നതുവരെ മാത്രമായിരുന്നു അതിന്റെയെല്ലാം സാധുത. എന്നാൽ നമ്മുടെ നബിയുടെ കർമ്മശാസ്ത്രം അതവതരിച്ചത് മുതൽ ലോകാവസാനം വരെ നിലനിൽക്കുന്നതും എല്ലാവർക്കും ബാധകമായതുമാണ്.
മറ്റുള്ള പ്രവാചകന്മാരെല്ലാം മനുഷ്യരിലേക്ക് മാത്രമാണ് നിയോഗിതരായിരുന്നത്. അവർ പ്രചരിപ്പിച്ചത് മനുഷ്യർക്ക് വേണ്ടി മാത്രമുള്ള നിയമങ്ങളാണ്. ജിന്ന് വർഗങ്ങൾക്ക് അത് ബാധകമായിരുന്നില്ല. ജിന്നുകൾ തൗറാത്തിൽ വിശ്വസിച്ചിരുന്നതായി സൂറത്തുൽ അഹ്ഖാഫിന്റെ അവസാന ഭാഗങ്ങളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കും. ഇത് മൂസാ നബി(അ) അവരിലേക്ക് നിയോഗിതനായതുകൊണ്ടോ ആ കർമശാസ്ത്രം അവർക്ക് ബാധകമായതുകൊണ്ടോ ആയിരുന്നില്ല. മറിച്ച്, ഈസാ നബി(അ) അറബികളിലേക്ക് നിയോഗിതരല്ലാതിരുന്നിട്ടും ചില അറബികൾ ഈസാ നബി(അ)യെ വിശ്വസിച്ച് അനുധാവനം ചെയ്തതു പോലെയാണ് ഇത്. എന്നാൽ മുഹമ്മദ്(സ്വ) ജിന്ന് വർഗത്തിലേക്കു കൂടി നിയോഗിതരാണ്. അതുകൊണ്ടുതന്നെ നമ്മുടെ കർമശാസ്ത്രം അവർക്കും ബാധകമാണ്. സർവകാലികവും സാർവജനീനവും സർവദേശീയവുമായ കർമശാസ്ത്രം നമ്മുടേത് മാത്രമാണെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.

അഹ്‌ലുൽ ഫിത്വ്‌റ

ഒരു പ്രവാചകന്റെയും സന്ദേശങ്ങളെത്താത്ത സമൂഹങ്ങളുമുണ്ട്. അഹ്‌ലുൽ ഫത്‌റ (ഇടവേളയുടെ ആളുകൾ) എന്നാണ് ഇവർക്ക് പറയുക. തിരുനബി(സ്വ)ക്ക് നുബുവ്വത്ത് ലഭിക്കുന്നതുവരെയുള്ള സമൂഹം ഇത്തരത്തിലുള്ളവരായിരുന്നു. ഇങ്ങനെയുള്ള സമൂഹങ്ങൾ സ്വർഗത്തിലാണ് എന്നതാണ് പ്രബല വീക്ഷണം. സൂറത്തുൽ ഇസ്‌റാഇന്റെ പതിനഞ്ചാം ആയത്താണ് ഇതിന് തെളിവായി പണ്ഡിതർ പറയുന്നത്. എന്നാൽ, ഇത്തരക്കാർക്ക് പരലോകത്ത് മറ്റൊരു പരീക്ഷണമുണ്ടാകുമെന്നും അതിൽ വിജയിക്കുന്നവർക്ക് സ്വർഗവും പരാജയപ്പെടുന്നവർക്ക് നരകവും ലഭിക്കുമെന്ന രണ്ടാം വീക്ഷണവും ചില ഹദീസുകളുടെ അടിസ്ഥാനത്തിൽ മുന്നോട്ടുവെക്കുന്നവരുണ്ട്. അഹ്ലുൽ ഫത്‌റ നരകത്തിലാണെന്ന വാദത്തിന് പണ്ഡിതന്മാർ പരിഗണന കൽപ്പിച്ചിട്ടില്ല.
നബി(സ്വ)യുടെ നിയോഗത്തിന് തൊട്ടുമുമ്പുണ്ടായിരുന്ന സമൂഹം ഇടവേളയുടെ ആളുകളായിരുന്നു. അവർക്ക് കൃത്യമായ ഫിഖ്ഹ് ഉണ്ടായിരുന്നില്ല. അതേസമയം നമ്മുടെ ഇന്നത്തെ കർമശാസ്ത്രത്തോട് സാമ്യതയുള്ള ചില നാട്ടുനിയമങ്ങൾ അവർക്കുണ്ടായിരുന്നു. കൊലപാതകത്തിന് പകരമായി 100 ഒട്ടകം നൽകുന്ന നിയമം അവർക്കിടയിൽ അബ്ദുൽ മുത്വലിബ് നടപ്പിലാക്കിയിരുന്നു. മോഷണക്കുറ്റത്തിന് ശിക്ഷ കൈ വെട്ടലായിരുന്നു (അൽമുദ്ഹിശ്).

ഫിഖ്ഹ് പഠിപ്പിച്ച രീതി

അല്ലാഹുവുമായി ഭൂലോകത്തുവെച്ച് നേരിട്ട് സംഭാഷണം നടത്താൻ പ്രാപ്തിയുള്ള പ്രവാചകരായിട്ടു പോലും ശരീഅത്ത് പഠിപ്പിച്ചത് ജിബ്‌രീൽ(അ) എന്ന മലക്ക് മുഖേനയാണല്ലോ. നബി(സ്വ)യുടെ മനസ്സിൽ അല്ലാഹുവിന് നേരിട്ട് കാര്യങ്ങൾ നിക്ഷേപിക്കാമായിരുന്നിട്ടും അങ്ങനെ ചെയ്തില്ല. അവിടത്തെ ഉമ്മത്തിന് മാതൃക കാണിക്കാൻ വേണ്ടിയായിരുന്നു ഇത്. ശരീഅത്ത് പഠിക്കുന്നവർ ഗുരുമുഖത്ത് നിന്നുതന്നെ പഠിക്കണം, അതാണ് ശരിയായ ജ്ഞാനാർജന മാർഗം എന്നറിയിക്കാനാണ് ഇങ്ങനെയൊരു ശൈലി നാഥൻ സ്വീകരിച്ചത്. പുസ്തകങ്ങളിൽ നിന്ന് സ്വയം വായിച്ചു മനസ്സിലാക്കിയതോ, മനസ്സിൽ ഉദിക്കുന്ന നിയമങ്ങളോ പരിഗണനീയമല്ല. അധ്യാപന-പഠന പ്രക്രിയയിലൂടെ നേടിയെടുക്കുന്ന അറിവ് മാത്രമേ സ്വീകാര്യമാകൂ എന്ന് സമൂഹത്തെ പഠിപ്പിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. സൂറത്ത് ത്വാഹാ 114ാം വചനത്തിന്റെ വ്യാഖ്യാനത്തിൽ പണ്ഡിതന്മാർ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

മക്കി-മദനി കാലത്തെ
ഫിഖ്ഹ് അവതരണം

23 വർഷമായിരുന്നല്ലോ നബി(സ്വ)യുടെ പ്രബോധന ഘട്ടം. ആദ്യത്തെ പതിമൂന്ന് വർഷം മക്കയിലും ശേഷം 10 വർഷം മദീനയിലും. ഇതിൽ കർമശാസ്ത്ര നിയമങ്ങൾ നബി(സ്വ)ക്ക് അവതരിച്ചത് ഭൂരിഭാഗവും മദീനാ കാലഘട്ടത്തിലാണ്. മക്കി കാലഘട്ടത്തിൽ വിശ്വാസകാര്യങ്ങൾ സമർത്ഥിക്കുന്നതിലായിരുന്നു നബി(സ്വ) കൂടുതൽ ശ്രദ്ധ ചെലുത്തിയിരുന്നത്. അത്തരത്തിലുള്ള ആയത്തുകളായിരുന്നു അന്ന് അവതരിച്ചിരുന്നതും.
മക്കയിൽ നിസ്‌കാരം മാത്രമാണ് ഫിഖ്ഹിന്റെ ഭാഗമായി അവതീർണമായത്. ബാക്കിയെല്ലാ വിധികളും മദനി കാലഘട്ടത്തിലാണ് അവതരിച്ചതെന്ന് ഇമാം ഖുർതുബി(റ) പ്രസ്താവിക്കുന്നുണ്ട്. ഇന്നേ ദിനം നിങ്ങൾക്ക് നാം ദീനിനെ സമ്പൂർണമാക്കിത്തന്നിരിക്കുന്നു എന്ന ആയത്ത് (5:3) അവതരിക്കുന്നതും മദനി കാലത്താണ്.
ഈയൊരു വ്യത്യാസം വിശുദ്ധ ഖുർആനിലും കാണാം. മക്കി സൂറത്തുകൾ എടുത്തുനോക്കിയാൽ ഭൂരിഭാഗവും വിശ്വാസ കാര്യങ്ങളാണ് കാണുക. മദനി സൂറത്തുകളിലാണ് കർമശാസ്ത്രപരമായ ആയത്തുകൾ കൂടുതൽ പരാമർശിച്ചിട്ടുള്ളത്.

 

യാസീൻ സിദ്ദീഖ് നൂറാനി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ