ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയെ കാര്യമായി ബാധിക്കുന്ന ഒന്നത്രേ മാതാവിന്റെ ശരീരത്തിനു കിട്ടുന്ന പോഷണം. മാതാവിന്റെ രക്തത്തില്‍ നിന്നു വേണം കുഞ്ഞിനു വളരുവാനുള്ള പോഷണം കിട്ടാന്‍. കുഞ്ഞിന്റെ വളര്‍ച്ചയില്‍ പ്രോട്ടീന്‍സ്, ഫാറ്റ്, ധാന്യകം എന്നിവ അത്യാവശ്യമാണല്ലോ. അവ നല്‍കത്തക്ക പോഷക സമൃദ്ധമായ ആഹാരം മാതാവ് കഴിച്ചെങ്കിലേ കുഞ്ഞിന്റെ വളര്‍ച്ച നന്നായിരിക്കൂ. അല്ലാത്തപക്ഷം കുഞ്ഞിന് ശാരീരികവും മാനസികവുമായ വൈകല്യങ്ങളുണ്ടാവാനിടയുണ്ട്. കുള്ളരും മന്ദബുദ്ധികളും അംഗ വൈകല്യമുള്ളവരും രോഗികളും ക്ഷീണിച്ചു തളര്‍ന്ന് ചൈതന്യമറ്റവരുമായ കുട്ടികളുണ്ടാകാം. മാതാവിന്റെ പട്ടിണിയാണ് ഇത്തരം വൈകൃതങ്ങള്‍ക്കു ഒരളവുവരെ ഹേതു. പട്ടിണി കിടക്കുന്ന മാതാവിന് അത്തരം കുട്ടികളുണ്ടാകാനിടയുണ്ട്. സ്ലിം ബ്യൂട്ടിക്കു വേണ്ടി മന:പൂര്‍വം പട്ടിണി കിടക്കുന്ന പരിഷ്കാരികളും ഇതറിഞ്ഞിരിക്കണം.
മാതാവിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഏതു രോഗവും കുഞ്ഞിന്റെ വളര്‍ച്ചയെ മുരടിപ്പിച്ചേക്കാം. ചില കുഞ്ഞുങ്ങളെ കണ്ടിട്ടില്ലേ? ഉന്തിയ വയറ്, വളരാത്ത അസ്ഥികള്‍, അയഞ്ഞു തൂങ്ങി കിടക്കുന്ന മാംസക്കഷ്ണം പോലുള്ള പേശികള്‍, ജടപിടിച്ച മുടി ഇങ്ങനെ ആകെ വികൃത രൂപം പ്രാപിച്ച മനുഷ്യക്കുഞ്ഞുങ്ങള്‍ പ്രായേണ മന്ദബുദ്ധികളായിരിക്കും. വളര്‍ച്ചയുടെ ആരംഭ ഘട്ടങ്ങളില്‍ മാതാവില്‍ ഉണ്ടാകുന്ന രോഗങ്ങളാണ് ഇതിനു കാരണം. പ്രത്യേകിച്ച് “എന്‍ഫോദ്രൈന്‍’ ഗ്രന്ഥികളുടെ വൈകല്യം, തെയ്റോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തന രാഹിത്യം എന്നിവ കുഞ്ഞുങ്ങളില്‍ വികൃത രൂപങ്ങള്‍ ഉളവാക്കുന്നുണ്ട്. ഗര്‍ഭം അലസല്‍, ഗര്‍ഭഛിദ്രം, ശിശു മരണം, കുഞ്ഞിന്റെ കാഴ്ച, കേള്‍വി ബുദ്ധിശക്തി ഇവയിലുള്ള തകരാറ് എന്നിവയെല്ലാം സാധാരണമാണ്. അതെല്ലാം കുടുംബ പാരമ്പര്യ സിദ്ധമാണെന്നത് ഒരു തെറ്റിദ്ധാരണയാണ്. ഗര്‍ഭ കാലത്ത് മാതാവിനുണ്ടാകുന്ന സിഫിലിസ്, ഗൊണോറിയ, പ്രമേഹം തുടങ്ങിയ രോഗങ്ങളാണിത്തരം വളര്‍ച്ചാ വൈകൃതങ്ങളധികവും വരുത്തിവയ്ക്കുന്നത്.
ഭക്ഷണ പാനീയങ്ങളിലും ശ്രദ്ധിക്കേണ്ടതുണ്ട്. ചില കുട്ടികള്‍ക്ക് ജന്മനാ അപകട സൂചനകളുണ്ടാകാം. അകാരണമായ പരിഭ്രാന്തി, ഉറക്കത്തില്‍ ഞെട്ടിയുണരുക, ഹൃദയത്തിന്റെ ക്രമം തെറ്റിയ പ്രവര്‍ത്തനം ഇങ്ങനെ പലതും കാണും. മദ്യപാനികളായ മാതാപിതാക്കളുടെ കുട്ടികള്‍ക്കാണിതു കൂടുതല്‍. മദ്യപാനിയായ പിതാവിന്റെ കുട്ടിക്ക് വിളര്‍ച്ചയും ക്ഷീണവുമുണ്ടാകും. മാതാവിന്റെ മദ്യപാനമാണ് കുട്ടിയെ അധികം ബാധിക്കുക. മദ്യത്തിന്റെ ഉപയോഗം മുന്‍പറഞ്ഞ വൈകൃതങ്ങള്‍ക്കു പുറമേ മറ്റു ചിലതും ഉണ്ടാക്കുന്നു. സാധാരണ മദ്യപിക്കുന്ന മാതാവിന് കുഞ്ഞിനെ ഊട്ടാനാവശ്യമായത്ര മുലപ്പാല്‍ ഉണ്ടായെന്നു വരില്ല. മദ്യം പോലെത്തന്നെ കുഞ്ഞിന്റെ വളര്‍ച്ചയെ ബാധിക്കുന്ന മറ്റൊന്നാണ് പുകവലി. പുകയിലയിലുള്ള “നിക്കോട്ടിന്‍’ ഒരു വിഷ വസ്തുവാണ്. മാതാവ് അതുപയോഗിക്കുമ്പോള്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ്, രക്തപ്രവാഹം എന്നിവയെ അനാവശ്യമായി ത്വരിതപ്പെടുത്തും. പൂര്‍ണ വളര്‍ച്ചയെത്താതെ/മാസം തികയാതെയുള്ള ജനനത്തിന് അതു കാരണമാകും. ചില കുട്ടികള്‍ അന്ധരായി ജനിക്കുന്നതിനു കാരണം അവരുടെ മാതാവ് മലേറിയ രോഗത്തിനു പ്രതിവിധിയായി ഉപയോഗിച്ച “ക്വിനൈന്‍’ന്റെ പ്രവര്‍ത്തനമാണെന്നു തെളിഞ്ഞിട്ടുണ്ട്. കുഞ്ഞിന്റെ തലച്ചോറിനു കേടു സംഭവിക്കുന്നതിന്റെ ഒരു കാരണം പ്രസവത്തിനു മുമ്പു വേദന ശമിക്കാന്‍ വേണ്ടി മാതാവ് ഉപയോഗിക്കുന്ന ചില മരുന്നുകളാണത്രെ. ഗര്‍ത്തിന്റെ ആരംഭ കാലത്ത് മാതാവില്‍ എക്സ്റേ, റേഡിയം തുടങ്ങിയവയുടെ രശ്മികളുടെ പ്രവര്‍ത്തനം ശിശുക്കള്‍ക്ക് അംഗ വൈകല്യമോ ജീവഹാനിയോ വരുത്തിവയ്ക്കും.
മാതാവിനനുഭവപ്പെടുന്ന വൈകാരികാനുഭൂതികള്‍ രക്തപ്രവാഹത്തെയോ ഗ്രന്ഥികളുടെ പ്രവര്‍ത്തനങ്ങളെയോ ബാധിച്ചാല്‍ അതും ഗര്‍ഭസ്ഥ ശിശുവിനെ ഉലച്ചെന്നു വരാം. അങ്ങനെ ഗര്‍ഭ കാലത്ത് മാതാവിലുണ്ടാകുന്ന ശക്തിയായ വൈകാരിക സംഘട്ടനങ്ങള്‍, നിരാശ, മാനസികാസ്വസ്ഥതകള്‍ എന്നിവ അവരുടെ ശാരീരിക പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നു. തുടര്‍ന്ന് വിശപ്പില്ലായ്മ, മനം മറിച്ചില്‍, ഛര്‍ദ്ദി, ഗ്രന്ഥികളുടെ പ്രവര്‍ത്തന രാഹിത്യം ഇവയൊക്കെയുണ്ടാകാം. അതു വഴി കുഞ്ഞിന്റെ വളര്‍ച്ചയ്ക്കു വിഘാതമുണ്ടാകും. അഗാധമായ അപരാധ ബോധമോ, ഇച്ഛാ ഭംഗമോ അസ്വസ്ഥതകള്‍ സൃഷ്ടിച്ചേക്കാം. നേരിട്ടല്ലെങ്കിലും അതു കുഞ്ഞിന്റെ വളര്‍ച്ചയെ ബാധിക്കും.
മുന്‍കാലത്ത് ഗര്‍ഭസ്ഥശിശുവിന് മനസ്സില്ലെന്നായിരുന്നു കരുതിയിരുന്നത്. പക്ഷേ, ഗര്‍ഭത്തിലെ ഭ്രൂണത്തിന് ആറ് മാസം പ്രായമാകുമ്പോള്‍ നല്ല കേള്‍വിശക്തിയുള്ളതായും ചുറ്റുപാടിനെ തിരിച്ചറിയാനും പ്രതികരിക്കാനും കഴിയുമെന്നും പഠനം തെളിയിച്ചിട്ടുണ്ട്. മാതാവിന്റെ സംഭാഷണങ്ങള്‍, സ്നേഹവാത്സല്യ പ്രകടനങ്ങള്‍, വിചാരവികാരങ്ങള്‍, കോപം, ഭയം, വിദ്വേഷം എന്നിവയെല്ലാം ഗര്‍ഭസ്ഥ ശിശുവില്‍ പ്രതിഫലിക്കുന്നതാണ്. ആമ്നിയോട്ടിക് ദ്രാവകത്തില്‍ നീന്തുന്ന ശിശു മാതാവിന്റെ ഹൃദയത്തുടിപ്പുകളും വിചാരവികാരങ്ങളും അറിയുകയും പ്രതികരിക്കുകയും ചെയ്യുന്നു. അമ്മയില്‍ വരുന്ന ദുഃഖം കുട്ടിയെയും ബാധിക്കും. ഡോ. ജറാര്‍ഡിന്റെ അഭിപ്രായത്തില്‍ പിറന്നു വീഴാന്‍ പോകുന്ന ശിശു ഏതു തരക്കാരനായി മാറുമെന്നതിന്റെ നിര്‍ണായക ഘടകം ഗര്‍ഭത്തിലെ കുഞ്ഞിനോട് മാതാവ് പുലര്‍ത്തുന്ന മനോഭാവം ഒന്നുമാത്രമാണ്. ഡോ: ജറാര്‍ഡ് 141 ഗര്‍ഭിണികളെ പഠനവിധേയമാക്കിയതില്‍ മാതാവ് ഗര്‍ഭസ്ഥശിശുവിനോട് നാല് വിധത്തിലുള്ള മനോഭാവം കാണിക്കുന്നുവെന്ന് കണ്ടെത്തി. മാതാവിന്റെ ഈ മനോഭാവമാണ് ജനിക്കുന്ന കുട്ടിയിലും പ്രകടമാവുകയെന്നദ്ദേഹം സിദ്ധാന്തിച്ചു.
1. മാതൃത്വത്തോടും ഗര്‍ഭത്തോടും താല്‍പര്യമില്ലാത്ത സ്ത്രീകള്‍ പക്ഷേ, ഉപബോധമനസ്സില്‍ ഗര്‍ഭത്തെ ആഗ്രഹിച്ചിരുന്നു. ഇവരുടെ കുട്ടികള്‍ ഒന്നിലും താല്‍പര്യമില്ലാത്തവരും ഉന്മേഷക്കുറവുള്ളവരുമായി അനുഭവപ്പെട്ടു.
2. ഗര്‍ഭസ്ഥശിശുക്കളുടെ കാര്യത്തില്‍ സ്നേഹവും വിദ്വേഷവും പരസ്പരം മാറിക്കൊണ്ടിരിക്കുന്നവര്‍. ഇവരുടെ സന്തതികളുടെ പെരുമാറ്റത്തില്‍ വികലതകള്‍ കാണപ്പെട്ടു.
3. ഗര്‍ഭത്തെ വെറുത്ത വിഭാഗം. ഇവര്‍ക്കുള്ള കുട്ടികള്‍ മാസം തികയാത്തവരും തൂക്കം കുറഞ്ഞവരും വൈകാരിക സംഘര്‍ഷമുള്ളവരുമായിത്തീരുന്നു.
4. നാലാമത്തെ വിഭാഗം സ്ത്രീകള്‍ ഗര്‍ഭസ്ഥശിശുവിനോടുള്ള സ്നേഹവും താല്‍പര്യവും കൂടുതലായവരാണ്. തങ്ങള്‍ക്കവര്‍ പ്രിയപ്പെട്ടവരാണെന്ന ചിന്ത ആ മാതാക്കളിലുണ്ട്. ഇവരുടെ സന്താനങ്ങള്‍ പൂര്‍ണ ആരോഗ്യമുള്ളവരായി കാണപ്പെട്ടു.
വിവാഹം കഴിഞ്ഞ് ദാമ്പത്യ ജീവിതം തുടര്‍ന്ന് പോകുമ്പോള്‍ കുഞ്ഞ് വേണമെന്ന ചിന്ത ചില ദമ്പതികള്‍ക്കുണ്ടാവില്ല. കുറച്ച് കഴിഞ്ഞിട്ട് മതിയെന്ന് ഉറപ്പിക്കുന്നു. അപ്രതീക്ഷിതമായി ഗര്‍ഭിണിയാവുകയാണ്. പിന്നെ കലക്കല്‍, അലസിപ്പിക്കല്‍, പല മരുന്നും ഉപയോഗിക്കുന്നു. ചിലത് വിജയിക്കും, ചിലത് പരാജയപ്പെടും. പരാജയപ്പെട്ടാല്‍ ജനിച്ച കുട്ടിയുടെ പെരുമാറ്റവും ശൈലിയും എങ്ങനെയെന്നല്ലേ? കഴുത്തറുക്കാന്‍ തുനിയുന്ന കൊലയാളിയുടെ പരിവേഷമുള്ള ഒരു സന്താനമാകുന്നു. കാരണമെന്താണ്? ഗര്‍ഭത്തിലിരിക്കുമ്പോള്‍ തന്നെ കൊല്ലാന്‍ മാതാപിതാക്കള്‍ ശ്രമിച്ചു. പരാജയപ്പെട്ടു ജനിച്ചവനില്‍ ഈ ‘കൊല’ സ്വഭാവമുണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ.
കുഞ്ഞുങ്ങള്‍ നന്നാവാന്‍ ആഗ്രഹിക്കുന്നവര്‍ ഗര്‍ഭാവസ്ഥയില്‍ തന്നെ പരിചരണം നല്‍കണം. ഭര്‍ത്താവും ഗര്‍ഭിണിയായ സ്ത്രീയും തമ്മിലുള്ള പ്രശ്നങ്ങള്‍ കുഞ്ഞിനെയും ബാധിക്കും. അവളുടെ സംഘര്‍ഷഭരിതമായ മനസ്സ് ശിശുവിന്റെ മാനസിക തകര്‍ച്ചയ്ക്ക് കാരണമാകും. ഗര്‍ഭിണി തന്റെ വിചാരവികാരങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും ഭയം, കോപം, ആശങ്ക തുടങ്ങിയുള്ള മാനസിക ശാരീരിക പ്രശ്നങ്ങള്‍ വന്ന് കൂടുന്നതിനെ തടയുകയും ചെയ്യണം. ഇത് ശിശുവിന്റെ ശാരീരിക മാനസിക വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്.

ഡോ. അബ്ദുസ്സലാം സഖാഫി ഓമശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ