പ്രസിദ്ധനായ ഭരണാധികാരി അബ്ബാസി ഖലീഫ അബൂജഅ്ഫറുൽ മൻസൂറിന്റെ സന്നിധിയിലേക്ക് ഒരാൾ കടന്നുവന്നു. തന്റെ കഴിവുകൾ പ്രകടിപ്പിക്കുക എന്നതായിരുന്നു ആഗതന്റെ ഉദ്ദേശ്യം. രണ്ട് അഭ്യാസങ്ങൾ അദ്ദേഹം നടത്തി. 20 പാത്രങ്ങൾ താഴെ വീഴാതെ വായുവിൽ എറിഞ്ഞു കളിച്ചു ആദ്യം. അതു കണ്ടപ്പോൾ കൊട്ടാര വാസികൾ അത്ഭുത സ്തബ്ദരായി. രണ്ടാമതായി അയാൾ ഒരു സൂചി നിലത്തിട്ടു. ശേഷം മറ്റൊരു സൂചി എടുത്ത് കൃത്യം ആദ്യത്തേതിന്റെ മുനയിൽ തന്നെ എറിഞ്ഞു കൊള്ളിച്ചു. അങ്ങനെ നൂറ് സൂചികൾ. ഉടനെ മൻസൂറിന്റെ പ്രഖ്യാപനം വന്നു: ഇയാൾക്ക് 1000 ദിർഹം സമ്മാനവും 100 ചാട്ടവാറടിയും നൽകുക. അടിയുടെ സാംഗത്യം സദസ്സിനു മനസ്സിലായില്ല. ഇത് തിരിച്ചറിഞ്ഞ് ഖലീഫ പറഞ്ഞു: ഒരുപാട് കാലത്തെ പരിശീലനത്തിനും പരിശ്രമത്തിനും ശേഷം നേടിയെടുത്ത കഴിവിനുള്ള സമ്മാനമാണ് ആയിരം ദിർഹം. ആർക്കും ഒരു ഉപകാരവുമില്ലാത്ത, പ്രത്യുൽപന്ന സാധ്യതയില്ലാത്ത അഭ്യാസത്തിനായി ഒരുപാട് സമയം ഇയാൾ ദുർവിനിയോഗം ചെയ്തു. അതോടൊപ്പം ഇത് പ്രദർശിപ്പിക്കുന്നതിലൂടെ പല നല്ല കാര്യങ്ങളും ചെയ്തുതീർക്കേണ്ട സമയം ദുരുപയോഗം ചെയ്യപ്പെടുന്നു. അതിനാണ് ചാട്ടവാർ പ്രഹരം.
വർത്തമാനകാലത്തെ സമ്പന്നമാക്കുകയും ഭാവിയെ മികച്ചതാക്കാനുള്ള ആസൂത്രണവുമാണ് ജീവിതവിജയത്തിന്റെ നിദാനം. സമയ വിനിയോഗം ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. നബി(സ്വ) പറയുന്നു: ആയുസ്സ് എന്തിനു വിനിയോഗിച്ചു, ധനം എങ്ങനെ സമ്പാദിച്ചു, എങ്ങനെ ചെലവഴിച്ചു, അറിവുകൊണ്ട് എന്ത് ചെയ്തു എന്നീ നാലു കാര്യങ്ങളെ സംബന്ധിച്ച് ചോദ്യം ചെയ്യാതെ അന്ത്യദിനത്തിൽ ഒരു അടിമയുടെയും ഇരുകാലുകളും മുന്നോട്ട് നീങ്ങുകയില്ല (തുർമുദി).
കർമങ്ങളാണ് സമയത്തെ നല്ലതും ചീത്തയുമാക്കുന്നത്. സമയത്തെ നന്മയിൽ ഉപയോഗിച്ചവർ വിജയിക്കും, തിന്മയിലാണെങ്കിൽ പരാജയപ്പെടും. ദിവസവും ചെയ്തുതീർക്കേണ്ട കാര്യങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുകയും പുതിയ നന്മകൾക്ക് അവസരം കണ്ടെത്തുകയും ചെയ്യുന്നിടത്താണ് വിശ്വാസിയുടെ വിജയം. റസൂൽ(സ്വ) അരുളി: ‘ജനങ്ങൾ അശ്രദ്ധമായി ചെലവഴിക്കുന്ന രണ്ടു സംഗതികളാണ് ആരോഗ്യവും ഒഴിവു സമയവും’. കുട്ടികൾ മുതൽ വൃദ്ധർ വരെ എല്ലാവർക്കും ഇന്റർനെറ്റ് സംവിധാനവും മൊബൈൽഫോണുകളും സുലഭമായ ഈ കാലത്ത് സമയ വിനിയോഗത്തെ കുറിച്ച് അറിഞ്ഞിരിക്കലും കുട്ടികളെ നിയന്ത്രിക്കലും രക്ഷിതാക്കളുടെ ബാധ്യതയാണ്.
ഗെയിമുകളും വീഡിയോകളും കണ്ട് സമയം കളയുന്ന അലക്ഷ്യമായ ആൾക്കൂട്ടം ഇന്ന് രൂപപ്പെട്ടിട്ടുണ്ട്. ലോക്ഡൗണിൽ വെറുതെയിരിക്കുകയല്ലേ എന്നാണ് ന്യായം. വീട് വൃത്തിയാക്കുന്നതും അലക്കുന്നതും കടയിലേക്ക് സാധനം വാങ്ങാൻ പോകുന്നതും വീട്ടിലെ കോഴിയും ആടും പൂച്ചയും കളിക്കുന്നതുമെല്ലാം വീഡിയോ ആക്കി യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുന്നതും മറ്റുള്ളവരുടേത് ആസ്വദിച്ചു കാണുന്നതുമാണ് പ്രധാന നേരംപോക്ക്. എന്നാൽ ഗെയിമുകൾ ഏറെ മാരകമാണ്. അതിനു വേണ്ടി ചിലപ്പോൾ നഷ്ടപ്പെടുത്തി കളയുന്നത് സമയം മാത്രമാവില്ല, പണവും ജീവിതം തന്നെയുമായിരിക്കും. ഓൺലൈൻ ക്ലാസുകളുടെ മറവിൽ ഇന്റർനെറ്റ് ദുരുപയോഗം കുട്ടികൾക്കിടയിൽ വർധിച്ചതായാണ് റിപ്പോർട്ട്. കുട്ടികൾ ചൂഷണത്തിന്റെ ഇരകളാകുന്നതും വർധിച്ചിരിക്കുന്നു. രക്ഷിതാക്കൾ കൃത്യമായി നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക മാത്രമേ പരിഹാരമുള്ളൂ.
പ്രവാചക പുത്രി ഫാത്തിമ(റ) പറയുന്നു: ഒരിക്കൽ അല്ലാഹുവിന്റെ ദൂതർ എന്നെ തട്ടിവിളിച്ച് ഇപ്രകാരം പറഞ്ഞു: മകളേ എഴുന്നേൽക്കുക. അല്ലാഹുവിന്റെ അനുഗ്രഹം എന്തെന്ന് കാണുക. അശ്രദ്ധ കാണിക്കരുത്. ഉഷസ്സ് തൊട്ട് ഉദയം വരെയാണ് അല്ലാഹു ജീവിതാനുഗ്രഹങ്ങൾ ചൊരിയുന്നത് (ബൈഹഖി).
നേരാംവണ്ണം ആലോചിക്കുകയാണെങ്കിൽ ഒഴിവുസമയം എന്നൊന്ന് ഇല്ലെന്ന് ബോധ്യമാകും. ഒന്ന് കഴിഞ്ഞാൽ മറ്റൊന്ന് എന്ന രീതിയിൽ തിരക്കുള്ളതാവേണ്ടതാണ് വിശ്വാസിയുടെ ജീവിതരീതി. മഹത്തുക്കളുടെ ജീവിത മാതൃകകൾ അത്തരത്തിലുള്ളതാണ്. അവരുടെ ചരിത്രം നമുക്ക് പ്രചോദനം നൽകുന്നതാണ്. ദിവസത്തെ എങ്ങനെ ക്രമീകരിക്കണം എന്നതിനെക്കുറിച്ച് ഇമാം ഇബ്‌നു സുന്നി, ഇമാം നസാഈ, ഇമാം സുയൂത്വി(റ)വിനെ പോലുള്ളവർ ഗ്രന്ഥങ്ങൾ തന്നെ രചിച്ചിട്ടുണ്ട്. അതിനാൽ ഓരോ സെക്കന്റും വിലപ്പെട്ടതാണ്. തീർച്ചയായും അന്ത്യദിനത്തിൽ അതിനെ സംബന്ധിച്ച് ചോദ്യം ചെയ്യാതിരിക്കില്ല.
പിന്നീട് ചെയ്യാം എന്ന മനോഭാവത്തോടെ നീട്ടിവെക്കുന്നത് അലസതയുടെ ലക്ഷണമാണ്. ഇങ്ങനെ മാറ്റിവെക്കുന്നതാണ് സമയനഷ്ടത്തിന്റെ പ്രധാന വില്ലൻ. അലി(റ) പറയുന്നു: പിന്നീട് ചെയ്യാമെന്ന ചിന്ത ആഖിറത്തെ മറപ്പിക്കും. മഹാന്മാർ പറഞ്ഞു: ഇബിലീസിന്റെ സൈന്യങ്ങളിൽ ഏറ്റവും ശക്തൻ ‘സൗഫ’യാണ്. പിന്നെ ചെയ്യാമെന്ന വിചാരം ഇട്ടുതന്ന് നന്മയെ തകർക്കുന്ന വിഭാഗമാണ് ഇത്.
നാളെ ചെയ്യാനുള്ളത് ഇന്ന് ചെയ്യുന്നിടത്താണ് വിശ്വാസിയുടെ മിടുക്ക്. ഇപ്പോൾ സാധിക്കുന്ന കാര്യങ്ങൾ നീട്ടിവെക്കുന്നത് അലസന്മാരുടെ ലക്ഷണമാണ്. നിസ്‌കാരം പ്രഥമ സമയത്ത് തന്നെ നിർവഹിക്കണമെന്നതിന്റെ യുക്തി ഇതാണ്. ഇസ്‌ലാം അത്രമേൽ സമയത്തിന് പ്രാധാന്യം കൽപിക്കുന്നു.

സമയക്രമീകരണം

തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ജീവിക്കാൻ തന്നെ മറന്നവരാണ് പലരും. യഥാർത്ഥത്തിൽ സമയക്കുറവ് എന്നൊന്നുണ്ടോ. ഇല്ലതന്നെ. ദരിദ്രനും സമ്പന്നനും പാമരനും പണ്ഡിതനും ഇന്ത്യക്കാരനും അമേരിക്കക്കാരനുമെല്ലാം 24 മണിക്കൂർ ലഭിക്കുന്നു. ചിലരത് അധ്വാനം കൊണ്ട് മികച്ചതാക്കുന്നു. മൂല്യവത്തായി വിനിയോഗിക്കാതിരിക്കുന്നിടത്താണ് ചിലരെല്ലാം പരാജയപ്പെടുന്നത്.
മൊബൈൽ കയ്യിലെടുക്കുമ്പോൾ തന്നെ അത് തിരിച്ചുവെക്കുന്ന സമയം മനസ്സിൽ കുറിക്കുകയും ആ സമയത്ത് തന്നെ മാറ്റിവെക്കുകയും ചെയ്യുന്ന ശീലം വളർത്തി നോക്കൂ. മക്കളിലും വിദ്യാർത്ഥികളിലുമെല്ലാം ഇത് ഫലപ്രദമാണ്.
നിത്യവ്യവഹാരങ്ങളെ സമയബന്ധിതമായി ചെയ്തുതീർക്കുക എന്നതാണ് സമയം ലാഭിക്കാനുള്ള മറ്റൊരു ഉപായം. ഓരോ പ്രവർത്തനത്തിനും ഇത്ര സമയം എന്ന് കണക്കാക്കുക. പ്രവർത്തനത്തിന്റെ ക്വാളിറ്റി അനുസരിച്ചായിരിക്കണം സമയം നിർണയിക്കുന്നത്. എത്ര സമയം അങ്ങാടിയിൽ, കവലകളിൽ, സുഹൃത്തുക്കൾക്കൊപ്പം, പള്ളിയിൽ, ക്ലാസിനായി ചെലവിട്ടു എന്നതിനെ കുറിച്ച് നിരീക്ഷണം നടത്തുകയും വരുംദിവസങ്ങളിൽ കൂടുതൽ മെച്ചപ്പെട്ടതാക്കുകയും ചെയ്യണം. ആസൂത്രണമില്ലായ്മ മൂലം വീട്ടുജോലികൾ സമയത്തിന് തീർക്കാനാവാത്ത എത്രയെത്ര കുടുംബിനികളുണ്ട്! വിശ്വാസിയുടെ ജീവിതം നന്മയിൽ അധിഷ്ഠിതമായിരിക്കണം. സമയം നഷ്ടപ്പെടുന്നുണ്ടെന്നു പോലും തിരിച്ചറിയാത്ത വിധം ജീവിതം തീർക്കുന്നവർ എത്ര ഹതഭാഗ്യർ.

ആശിഖ് അലി കെപി പഴമള്ളൂർ

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ