ലിംഗം, ലൈംഗികത, ലിംഗത്വം തുടങ്ങിയ കാര്യങ്ങളിൽ നിലനിൽക്കുന്ന അങ്കലാപ്പുകൾ തീർപ്പാകും മുമ്പേ മതദർശനങ്ങളോട് ഏറ്റുമുട്ടാൻ വരുന്ന ആക്റ്റിവിസ്റ്റുകൾ പരിഹാസ്യമാംവിധം ജീവിത ബന്ധങ്ങളെ സമീപിക്കുകയും സമൂഹത്തെ ധാർമിക ചുറ്റുപാടിൽ നിന്ന് അരാജകത്വത്തിലേക്കും സ്വതന്ത്ര ലൈംഗികതയിലേക്കും കൊണ്ടുപോവുകയും ചെയ്യുന്നു. ഇതിനു പലപ്പോഴും ബലിയാടാകുന്നത് ലിംഗ/ലൈംഗിക ന്യൂനപക്ഷങ്ങളാണ്.

മനുഷ്യർ അനുഗ്രഹിക്കപ്പെട്ട സവിശേഷമായ രണ്ടു കാര്യങ്ങളാണ് ലിംഗവും ലൈംഗികതയും. ജന്മംകൊണ്ട ലിംഗത്തോട് ആനുപാതികമായ ലൈംഗികതയായിരുന്നു പാരമ്പരാഗതമായി സ്വീകരിക്കപ്പെട്ടു പോന്നിരുന്നത്. അതിനു വിരുദ്ധമായ ലൈംഗികത പ്രകടിപ്പിക്കുന്നതിനെ പ്രകൃതി വിരുദ്ധമായി കാണുന്ന സമ്പ്രദായമായിരുന്നു ഇക്കാലമത്രയും. എന്നാൽ മോഡേൺ ഡിസ്‌കോഴ്‌സുകളിൽ മനുഷ്യർക്ക് പലതരം ലൈംഗികതകൾ ജനിതകമായിട്ടോ അല്ലാതെയോ കൈവരാം എന്ന് വാദിക്കപ്പെടുന്നു. പിറന്നുവീണ ലിംഗത്തിന് ആനുപാതികമായി ലൈംഗിക ചായ്‌വ് പ്രകടിപ്പിച്ചാൽ അവർ സിസ്‌ജെൻഡർ എന്ന പേരിലാണ് അറിയപ്പെടുന്നത്. അത്തരം ആളുകളിൽ പെണ്ണ് ആണിനോടു മാത്രമോ ആണ് പെണ്ണിനോടു മാത്രമോ ലൈംഗിക താൽപര്യമുള്ളവരാണെങ്കിൽ അവരുടെ ലൈംഗികതയെ ഹെട്രോസെക്ഷ്വാലിറ്റി എന്ന് വിളിക്കും.
ഹെട്രോസെക്ഷ്വാലിറ്റി പ്രകടിപ്പിക്കുന്ന സിസ്‌ജെൻഡറുകളാണ് മനുഷ്യരിൽ മഹാഭൂരിപക്ഷവും. എന്നാൽ ലിംഗ/ലൈംഗിക അടിസ്ഥാനത്തിൽ പല ന്യൂന പക്ഷങ്ങളുമുണ്ടെന്നും അവർ താൽപര്യപ്പെടുന്ന രീതിയിൽ അവരുടെ അസ്തിത്വം അംഗീകരിക്കപ്പെടണം എന്നുമുള്ള മുറവിളി എങ്ങും ഉയർന്നുവരുന്നു. ഇതിലെ ന്യായങ്ങളും ന്യായ വൈകല്യങ്ങളും പരിശോധിക്കേണ്ടതുണ്ട്.

ലിംഗ ന്യൂനപക്ഷത്തെ ആധുനിക പഠനങ്ങളിൽ ഇന്റർസെക്‌സ് എന്ന് വിളിക്കും. കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ പറയുന്ന ‘ഖുൻസ’കളാണ് ഇന്റർസെക്‌സുകൾ. സെക്‌സ് ക്രോമസോമുകളിൽ വരുന്ന വ്യതിയാനം വഴിയാണ് ഏറിയ പങ്കും ഇന്റർസെക്‌സുകളുണ്ടാവുന്നത്. മാതാവിൽ നിന്ന് X ക്രോമസോമുകൾ മാത്രമാണ് സന്തോനോൽപാദനത്തിനു പുറത്തു വരുന്നുള്ളൂ. പിതാവിൽ നിന്നു X ഉം Y ഉം വരും. X ഉം Y ഉം കൂടിച്ചേർന്നാൽ പുരുഷനും രണ്ട് X കൾ കൂടിച്ചേർന്നാൽ സ്ത്രീയുമാണ് ഉണ്ടാവുന്നത്. ഇതിൽ നിന്നും മാറി ബീജ സങ്കലനം സംഭവിക്കുമ്പോൾ ഇന്റർസെക്‌സുകളുണ്ടാവും.

ഹെർമോഫ്രോഡൈറ്റുകൾ അഥവാ ഇന്റർസെക്‌സുകൾ എന്ന പേരിൽ അറിയപ്പെടുന്ന ലിംഗ ന്യൂനക്ഷത്തെ ഇസ്‌ലാം വിശാലമായി പരിഗണിക്കുന്നുണ്ട്. ഇസ്‌ലാമികമായി അവരുടെ നിയമം ഖുൻസയുടേതാണ്. അത് വിശദമായി പറയേണ്ടതുണ്ട്.
ലിംഗ ന്യൂനപക്ഷങ്ങൾക്ക് പുറമെ ലൈംഗിക ന്യൂനപക്ഷങ്ങളും സമൂഹത്തിലുണ്ട്. അവരെ കുറിച്ചുള്ള ചർച്ചകൾ എൽജിബിറ്റി പൊളിറ്റിക്‌സുമായി ബന്ധപ്പെട്ടുകിടക്കുന്നതുകൊണ്ട് തന്നെ പക്ഷപാതപരമല്ലാത്ത തീർപ്പുകൾ ലഭിക്കാൻ വളരെ സാധ്യത കുറഞ്ഞ ഒരു കാലമാണിത്. ലൈംഗിക ന്യൂനപക്ഷങ്ങളിൽ സവിശേഷമായ പരിഗണനയർഹിക്കുന്നവരാണ് ട്രാൻസ്‌ജെൻഡറുകൾ. മൂന്നാം ലിംഗക്കാർ എന്ന നിലയിൽ അറിയപ്പെടുന്നവരാണിവർ. യഥാർഥത്തിൽ ഇവർ ലൈംഗിക ന്യൂന പക്ഷമാണോ ലിംഗ ന്യൂനപക്ഷമാണോ എന്നതിൽ തന്നെ വലിയ അങ്കലാപ്പുണ്ട്. കാരണം ഇവരുടെ പ്രശ്‌നം ലൈംഗികതയുമായോ ലിംഗവുമായോ ബന്ധപ്പെട്ടതല്ല. ഏതു ലിംഗാസ്തിത്വ(ജെൻഡർ ഐഡന്റിറ്റി)മാണ് പ്രകടമാക്കേണ്ടത് എന്നതിൽ സംശയിച്ചു തുടങ്ങുന്ന പ്രയാസകരമായ മാനസികാവസ്ഥയിലാണിവരുണ്ടാവുക. ജീവശാസ്ത്രപരമായി പിറന്നുവീണ ലൈംഗിക അവയവം സൂചിപ്പിക്കുന്ന ജെൻഡർ ഐഡന്റിറ്റിയിൽ സംതൃപ്തി ഇല്ലാതാവുന്ന മനസികാവസ്ഥയാണിത്. ഈ അസംതൃപ്തിയെ ജെൻഡർ ഡിസ്‌ഫോറിയ എന്ന് വിളിക്കുന്നു. ഇത് ബാഹ്യമായോ ആന്തരികമായോ ഉള്ള കാരണങ്ങൾ കൊണ്ടുണ്ടാവാം.

ലെസ്ബിയൻ (സ്വവർഗ പ്രണയിനി), ഗേ (സ്വവർഗ പ്രണയി) ബൈസെക്ഷ്വൽ (ഉഭയവർഗ പ്രണയി/പ്രണയിനി), അസെക്ഷ്വൽ (അലൈംഗികർ), ക്യുവെർ (ഏതു ലിംഗമാണ് പ്രകടമാക്കേണ്ടതെന്ന കാര്യത്തിൽ വിഭ്രാന്തിയുള്ളവർ) തുടങ്ങി അറുപതിൽപരം ലൈംഗിക ന്യൂനപക്ഷങ്ങൾ നിലവിലുണ്ടത്രെ. അംബർലാ ടേമിൽ പ്ലസ് വെച്ചത്, ശേഷം കണ്ടെത്താൻ സാധ്യതയുള്ള എല്ലാ ലൈംഗിക ന്യൂനപക്ഷങ്ങളെയും അവരുടെ ചായ്‌വനുസരിച്ചു തരംതിരിച്ചു കൂടെ കൂട്ടാൻ സൗകര്യത്തിനാണ്. LGBTQIA+ എന്ന ഒറ്റ കുടക്കു കീഴിൽ ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളെ അണിനിർത്തുന്നതിൽ ചില നിഗൂഢ അജണ്ടകൾ കാണാതിരുന്നു കൂടാ എന്നതാണ് വസ്തുത.
എൽജിബിടിക്യുഐഎ പ്ലസ് കമ്യൂണിറ്റിയുടെ അവകാശങ്ങളെ കുറിച്ചുള്ള സംവാദങ്ങളിലൂടെയാണ് കേരളക്കര അടുത്ത കാലത്ത് സജീവമായി കടന്നുപോയത്. അനന്യകുമാരിയുടെ ദാരുണാന്ത്യം ആ സംവാദങ്ങളുടെ ആക്കം കൂട്ടി. തുടർന്ന് ലിംഗ മാറ്റ ശസ്ത്രക്രിയക്ക് വിധേയരായി സങ്കീർണമായ പ്രത്യാഘാതങ്ങൾ ഏറ്റുവാങ്ങിയ വേറെയും കേസുകൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളുടെ ശോചനീയമായ അവസ്ഥ മുതലെടുത്ത് അവരെ പ്രകൃതിവിരുദ്ധമായ ശരീരഘടനയിലേക്ക് പറിച്ചുനടുകയും ജീവിത കാലം മുഴുവൻ ശാരീരിക പ്രശ്‌നങ്ങൾക്കും മരുന്നിനും അടിമപ്പെടുത്തുന്ന ഒരു രാഷ്ട്രീയവും അതിനു കൂട്ടുനിൽക്കുന്ന തലതിരിഞ്ഞ വൈദ്യരംഗവുമാണ് കണ്ടുവരുന്നത്. ട്രാൻസുകൾക്ക് അർഹിക്കുന്ന പരിഗണനയും പുനരധിവാസ സംവിധാനങ്ങളും ഇനിയും ഒരുങ്ങേണ്ടതുണ്ട്. ക്യുവർ സമൂഹത്തിന് വേണ്ടി നിർബന്ധമായും ഒരു റീഹാബ് സെന്റർ വേണം. ഡിസ്‌ഫോറിയ ഒരു യാഥാർഥ്യമായിരിക്കെ അതിനെ അഭിസംബോധന ചെയ്യുന്ന പദ്ധതി ആവശ്യമാണ്.

ഒരു ന്യൂനപക്ഷം എന്ന നിലയിലും പ്രത്യക്ഷത്തിൽ പ്രകടമാവാത്ത വ്യക്തിത്വമുള്ളവരെന്ന നിലയിലും അവരുടെ പ്രശ്‌നങ്ങൾ പൊതുവെ ശ്രദ്ധിക്കപ്പെടാറില്ല, പരിഗണിക്കപ്പെടാറുമില്ല. പുറത്തറിഞ്ഞാലുള്ള പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ഭീതിയും ആശങ്കകളും കാരണം അവരിൽ പലരും വെളിപ്പെടുത്താൻ ധൈര്യപ്പെടാറുമില്ല. സമൂഹത്തിൽ ഒറ്റപ്പെടുകയോ പരിഹസിക്കപ്പെടുകയോ പുറന്തള്ളപ്പെടുകയോ ചെയ്യുകയാവും ഫലം.
ആത്മഹത്യ ഒഴിവാക്കാനും ജീവിതം തിരിച്ചുപിടിക്കാനുമാണ് പലപ്പോഴും അത്തരക്കാർ വീട് വിട്ടിറങ്ങുന്നത്. അവരെ ചേർത്തുനിർത്തുന്നു എന്ന് തോന്നിക്കുന്ന വലിയ മാഫിയ സംഘങ്ങളിലേക്ക് എത്തിപ്പെടുന്നവരുമുണ്ട്. അവർ ഇത്തരക്കാരെ സാമ്പത്തികമായും ശാരീരികമായും ചൂഷണത്തിന് വിധേയമാക്കുന്നുമുണ്ട്. പലപ്പോഴും ലൈംഗിക ‘തൊഴിൽ’ അടിച്ചേൽപ്പിക്കപ്പെടുന്നു. സംഘത്തിന്റെ നിഗൂഢമായ പൊളിറ്റിക്‌സിനെ ന്യായീകരിക്കുന്ന ഒരു കൽപിത മതത്തിന്റെ വക്താക്കളാവുകയാണ് പലരും. മതം പോലും ഉപേക്ഷിക്കേണ്ടി വരുന്ന ദാരുണമായ അവസ്ഥയിലേക്ക് ഇവരെ തള്ളിവിടുന്നതിൽ സമൂഹത്തിന് വലിയ പങ്കുണ്ട്.

LGBT പൊളിറ്റിക്‌സിൽ ലിംഗമാറ്റ ശസ്ത്രക്രിയ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും തിരിച്ചറിവുള്ള ട്രാൻസുകൾ അതിൽ വീഴാതെ നോക്കുന്നുണ്ട്. ജെൻഡർ ഡിസ്‌ഫോറിയ ബാധിച്ചവർക്ക് ലിംഗമാറ്റ ശസ്ത്രക്രിയ അഥവാ സെക്‌സ് റീഅസ്സൈൻമെന്റ് സർജറി (Sex Reassignment Surgery-SRS) അനിവാര്യമായ ഒരു സംഗതിയേയല്ല എന്നാണ് പല പഠനങ്ങളും പറയുന്നത്. ഇതവരെ ബോധ്യപ്പെടുത്തണം. ഡിസ്‌ഫോറിയ ഉണ്ടെങ്കിൽ പോലും എല്ലാവരും ടഞട ചെയ്യാതെ തന്നെ താനാഗ്രഹിക്കുന്ന ജെൻഡർ ഐഡന്റിറ്റി പ്രകടമാക്കാനാവുമെന്ന് തന്നെയെങ്കിലും മിനിമം ബോധവൽകരിക്കപ്പെട്ടാൽ വലിയ സങ്കീർണ പ്രശ്‌നങ്ങളിൽ നിന്ന് അവരെ രക്ഷപ്പെടുത്താനാവും.

സർജറിയെ കുറിച്ചുള്ള ശരിയായ അറിവ്, അതിനു വേണ്ടിവരുന്ന അധ്വാനം, സാമ്പത്തിക ബാധ്യതകൾ, സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത, ഹോർമോൺ ചികിത്സയെ കുറിച്ചുള്ള അറിവ്, ജീവിതകാലം മുഴുവൻ ചികിത്സ വേണ്ടി വരാവുന്ന സാഹചര്യം ഇവയൊക്കെ മനസ്സിലായി കഴിയുമ്പോൾ SRS ചെയ്യണമെന്ന ആഗ്രഹത്തിൽ വലിയ മാറ്റങ്ങളുണ്ടാവും. പക്ഷേ ശരിയായ ഗൈഡൻസ് കൊടുക്കുന്ന കേന്ദ്രങ്ങളുടെ അഭാവത്തിൽ ഇവരുടെ ജീവിതം ഇരുളടയുന്നു. ഉദ്ദേശിക്കപ്പെടുന്ന പുനഃരധിവാസ കേന്ദ്രത്തിൽ ഉണ്ടാവേണ്ടത് സർജറിയെ കുറിച്ചും അതിന്റെ അതിസങ്കീർണമായ അവസ്ഥയെ കുറിച്ചും അറിയുന്ന ഡോക്ടർ, സർജറിയുടെ അപകട സാധ്യതയും റിസ്‌ക്കും ഒഴിവാക്കി തന്നെ ജെൻഡർ ഐഡന്റിറ്റി പ്രശ്‌നങ്ങൾക്ക് പരിഹാരം നിർദേശിക്കാൻ സാധിക്കുന്ന ഒരു സൈക്കാട്രിസ്റ്റ്, ഇത്തരം ഘട്ടങ്ങളിൽ ശ്രദ്ധിക്കേണ്ട മതവിധികളെ കുറിച്ച് ആധികാരികമായി സംസാരിക്കാൻ കഴിവുറ്റ ഒരു കർമശാസ്ത്ര പണിതൻ എന്നിവരാണ്. വിഷയങ്ങൾ കൈകാര്യം ചെയ്യാൻ പറ്റുന്ന ഒരു ഓഫീസ് ഹോൾഡറും വേണ്ടിവരും.
ജെൻഡർ ഡിസ്‌ഫോറിയ അഭിസംബോധന ചെയ്യപ്പെടേണ്ട, വസ്തുനിഷ്ഠമായ തെളിവുകൾ വിശ്വാസ യോഗ്യരായവരിൽ നിന്നും ലഭിച്ചിട്ടുള്ളതാകയാൽ അത്തരക്കാർക്ക് ഒരു റീഹാബ് സെന്റർ സ്ഥാപിക്കുന്നതിൽ ഒട്ടും അമാന്തിച്ചു നിൽക്കേണ്ടതില്ല.
അനന്തമായ ചർച്ചകളും വാദപ്രതിവാദങ്ങളും നടക്കുന്ന ഈ വിഷയത്തിൽ മതേതര പക്ഷത്ത് ആശയപരമായ സ്ഥിരീകരണം നടക്കാൻ പ്രായോഗിക തടസ്സങ്ങൾ അനവധിയാണ്. മതപക്ഷത്തിന് ചില നിർണിത തത്ത്വങ്ങളിലൂടെ, ആപേക്ഷികമായി വളരെ എളുപ്പത്തിൽ ആശയ വ്യക്ത വരുത്താൻ കഴിയും.
ഒരു വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഏറ്റുമുട്ടുമ്പോൾ അവരവർ വെച്ചുപുലർത്തുന്ന ലോകവീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് തീർപ്പുകൾ രൂപപ്പെടുക. മതപക്ഷത്തുള്ള വീക്ഷണമായിരിക്കില്ല മതേതര പക്ഷത്ത്. മതങ്ങൾക്കുള്ളിൽ തന്നെ അവയുടെ ലോകവീക്ഷണങ്ങളുടെ വ്യത്യാസത്തിൽ അഭിപ്രായ വൈജാത്യങ്ങൾ രൂപപ്പെടാം. ഇസ്‌ലാമിക കാഴ്ചപ്പാട് പ്രകാരം ഈ ലോകത്തിനൊരു സ്രഷ്ടാവുണ്ട്. ജീവിതത്തിന് സ്രഷ്ടാവിനാൽ നിർണിതമായ നിയമ വ്യവസ്ഥയുണ്ട്. അതിലെ അടിസ്ഥാന തത്ത്വങ്ങളോട് എതിരിട്ടു നിൽക്കുന്ന ആശയങ്ങൾ തള്ളേണ്ടതും യോജിച്ചത് സ്വീകരിക്കേണ്ടതുമാണ്.

ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ ഉരുണ്ടുകൂടിയ വിവാദങ്ങളെ സമീപിക്കുമ്പോൾ മഖാസ്വിദുശ്ശരീഅ അനുസരിച്ചുള്ള തീർപ്പുകൾ മാത്രമേ മുസ്‌ലിമിന് സ്വീകാര്യമാവുകയുള്ളൂ. പഞ്ച ലക്ഷ്യങ്ങളിൽ അധിഷ്ഠിതമാണ് ഇസ്‌ലാമിക നിയമ നിർമാണം. അവ മുഴുവനും മനുഷ്യന്റെ അസ്തിത്വത്തിനും നിലനിൽപ്പിനും വേണ്ടിയുള്ളതാണുതാനും. അതിലൂടെ ലക്ഷ്യമിടുന്നത് അവന്റെ മതവും സമ്പത്തും കുടുംബവും ബുദ്ധിയും ശരീരവും സംരക്ഷിക്കപ്പെടുക എന്നതാണ്. വിവാഹവും ലൈംഗികവേഴ്ചയും അനുവദിക്കുന്നത് ഉദ്ധൃത ലക്ഷ്യങ്ങളിൽ പറഞ്ഞ കുടുംബ സംരക്ഷണത്തിനും അതുവഴി മനുഷ്യ വംശാവലിയെ ശക്തിപ്പെടുത്താനുമാണ്.

ഇസ്‌ലാമിൽ അവിഹിതമായ ലൈംഗിക വേഴ്ച നിഷിദ്ധമാണ്. വിവാഹേതരമായ ലൈംഗികതക്ക് തന്നെ വിലക്കുണ്ട്. വിവാഹം നടക്കേണ്ടത് സ്ത്രീയും പുരുഷനും തമ്മിലാണ്. സ്ത്രീയും പുരുഷനും വേർതിരിയുന്നത് ജൈവശാസ്ത്രപരമായി സന്താനോൽപാദനം പ്രദാനം ചെയ്യുന്ന ബാഹ്യലൈംഗിക അവയവങ്ങളിലൂടെയാണ്. ഈ അവയവങ്ങളിൽ തിരിച്ചറിയാൻ കഴിയാത്ത അത്രയും ഗുപ്തത വരുമ്പോൾ, സ്ത്രീയുടെയോ പുരുഷന്റെയോ നിയമം തീർപ്പിലാവാൻ രണ്ടാലൊരു ലിംഗത്തിന്റെ സ്വഭാവത്തിലേക്ക് മാറും വരെ കാത്തിരിക്കാനാണ് ശരീഅത്ത് കൽപ്പിക്കുന്നത്. അപൂർവങ്ങളിൽ അപൂർവമായേ ഇങ്ങനെ ഗുപ്തമാകാറുള്ളൂ. പ്രത്യേകിച്ചും ജീവശാസ്ത്രം വികസിച്ച കാലത്ത് ലിംഗ ചായ്‌വ് വളരെ പെട്ടെന്ന് മനസ്സിലാക്കിയെടുക്കാം. ഇത്തരക്കാരെയാണ് ‘ഖുൻസാ മുശ്കിൽ’ എന്ന് വിളിക്കുന്നത്. അവർക്ക് നിർബന്ധമായും ചില സൂക്ഷ്മതകൾ പാലിക്കേണ്ടതായിട്ടുണ്ട്. സ്ത്രീകളുമായി ബന്ധപ്പെട്ട് പുരുഷന്റെ നിയമങ്ങളും പുരുഷനുമായി ബന്ധപ്പെട്ട് സ്ത്രീയുടെ നിയമങ്ങളുമാണ് അവർ ആ ഘട്ടത്തിൽ പാലിക്കേണ്ടത്.

സ്ത്രീയുടെ സ്വഭാവം പ്രകടമാവുന്ന ഖുൻസാ ഉൻസയും പുരുഷന്റെ സ്വഭാവം പ്രകടമാക്കുന്ന ഖുൻസാ ദകറുമുണ്ട്. അവർക്ക് യഥാക്രമം സ്ത്രീയുടെയും പുരുഷന്റെയും നിയമങ്ങൾ തന്നെയാണുള്ളത്. അവർക്കിടയിൽ വിവാഹം നടക്കാവുന്നതുമാണ്. ഹെട്രോസെക്ഷ്വാലിറ്റി വഴി, അഥവാ ജീവശാസ്ത്രപരമായി ആണും പെണ്ണും ഇണചേരുന്ന രീതിയിയിൽ വിവാഹത്തിലൂടെ മാത്രമാണ് ലൈംഗികത ആസ്വദിക്കാൻ ഇസ്‌ലാമികമായി തരമുള്ളൂ. മറ്റേത് വിധേനയും അത് നിഷിദ്ധമാണ്.

ശവത്തോട് ലൈംഗികാഭിനിവേശം തോന്നുന്ന നെക്രോഫീലിയ ബാധിച്ചവർക്കും കുട്ടികളോട് ലൈംഗികത തോന്നുന്ന പീഡോഫീലിയ ബാധിച്ച ആളെയും മൃഗരതിക്ക് വെമ്പുന്ന ബീസ്റ്റലിറ്റി ബാധിച്ചവരെയും പരിഷ്‌കൃത സമൂഹം കൈകാര്യം ചെയ്യുന്നത് അവരെ അത്തരം വൈകൃതങ്ങളിൽ നിന്നും തടഞ്ഞുവെച്ചാണെങ്കിൽ സ്വവർഗാനുരാഗികളെയും അവരാഗ്രഹിക്കുന്ന ലൈംഗികതയിൽ അഭിരമിക്കാൻ ഇസ്‌ലാമിക സംസ്‌കൃതിയിൽ അനുവദിക്കുന്നില്ല.

തന്റെ നിയന്ത്രണത്തിലല്ലാതെ വരുന്ന ലൈംഗിക ചായ്‌വുകൾക്ക് ആരുംതന്നെ ഉത്തരവാദിയല്ല. ആ ചോദനയാൽ ലൈംഗിക വൃത്തിയിലേക്ക് കടക്കുമ്പോൾ മാത്രമാണ് അവർ കുറ്റക്കാരാകുന്നത്. ജെൻഡർ ഡിസ്‌ഫോറിയ ബാധിച്ച ആൾക്ക്, അത് തേടുന്ന അനിയന്ത്രിത പ്രവർത്തനങ്ങൾക്കും ചേഷ്ടകൾക്കും അല്ലാഹു മാപ്പ് തന്നേക്കാം. എൽജിബിറ്റി പൊളിറ്റിക്‌സ് ആവശ്യപ്പെടുന്ന, എന്നാൽ അവരുടെ നിയന്ത്രണത്തിൽ വരുന്ന, ഇസ്‌ലാമികമായി നിഷിദ്ധമായി ഗണിക്കുന്ന കാര്യങ്ങളിലേക്ക് കടന്നാൽ അവർ കുറ്റം ചെയ്തവരായിത്തീരും.

ഡിസ്‌ഫോറിയ ബാധിച്ചവർ പൊതുവെ അവരുടെ കൂട്ടായ്മയിൽ ലിംഗമാറ്റ ശസ്ത്രക്രിയക്ക് നിർബന്ധിക്കപ്പെടാറുണ്ട്. അതില്ലാതെ നിലനിൽക്കാൻ കഴിയില്ല എന്ന ഒരവസ്ഥ സാധാരണ ഗതിയിലില്ല. അതുകൊണ്ടാണ് പല യൂറോപ്യൻ രാജ്യങ്ങളിലും സെക്‌സ് റീഅസ്സൈൻമെന്റ് സർജറി (Sex Reassignment Surgery-SRS) നടത്തിയവർ തിരിച്ചു റീസർജറി ആവശ്യപ്പെടുന്നു എന്ന വാർത്ത വന്നുകൊണ്ടിരിക്കുന്നത്.

ജീവശാസ്ത്രപരമായി (ഫിഖ്ഹിയായി) ആണായ ഒരാൾ സർജറി കൊണ്ട് പെണ്ണായാലോ തിരിച്ചായാലോ അവരുടെ സർജറിക്ക് മുമ്പുള്ള ഫിഖ്ഹീ നിയമങ്ങളിൽ ഒരു മാറ്റവും വരില്ല. നിലവിലെ സർജറി കൊണ്ട് ജീവശാസ്ത്രപരമായ ഒരു മാറ്റവും ലിംഗമാറ്റം കൊണ്ടോ, ഹോർമോൺ കുത്തിവെച്ചത് കൊണ്ടോ ഉണ്ടാവുമെന്ന് വൈദ്യശാസ്ത്രം അവകാശപ്പെടുന്നുമില്ല. കേവലം ബാഹ്യമായ മാറ്റങ്ങൾ കൊണ്ട് യഥാർഥ ലിംഗത്വം അവനിൽ/അവളിൽ നിന്നു മാഞ്ഞുപോകില്ല.

പുതിയകാല വികല ചിന്തകളനുസരിച്ച് ലിംഗം, ലൈംഗികതയോ ലിംഗത്വമോ തീരുമാനിക്കാനുള്ള ആത്യന്തിക മാനദണ്ഡമല്ല എന്ന് മുറവിളി കൂട്ടിയാലും മനുഷ്യന്റെ സാംസ്‌കാരികവും നാഗരികവുമായ നിലനിൽപ്പിനു ഭീഷണിയാണ് അതിൽ നിന്നും ഉയിർകൊള്ളുന്ന അങ്കലാപ്പും ആശയങ്ങളും. മതേതര പക്ഷത്ത് നിന്നുയർന്നുവരുന്ന രാഷ്ട്രീയ പ്രേരിത സങ്കേതങ്ങളും അതേപറ്റിയുള്ള തർക്ക വിതർക്കങ്ങളും കർമശാസ്ത്ര തത്ത്വങ്ങളിലേക്ക് അധിനിവേശം നടത്താനുള്ള കാരണങ്ങളല്ല. ഇസ്‌ലാമിക നിയമങ്ങൾ അനിഷേധ്യമായ അടിസ്ഥാന തത്ത്വങ്ങളും അതിന്റെ നിലപാടു തറയിൽ രൂപംകൊണ്ട ലോകവീക്ഷണമനുസരിച്ചു വന്നതുമാണ്. മാറി മറിയുന്ന അങ്കലാപ്പുകൾക്കനുസൃതമായി പൊടുന്നനെ ചുട്ടെടുക്കുന്ന നിയമങ്ങളല്ല ഇസ്‌ലാമിന്റേത്.

 

അബ്ദുല്ല ബുഖാരി കുഴിഞ്ഞൊളം

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ