ഡിജിറ്റൽ വിദ്യാഭ്യാസത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അവതരിപ്പിക്കപ്പെടുന്ന വാദമുഖങ്ങൾ ഹംപ്റ്റി ഡംപ്റ്റിയും ആലീസും തമ്മിൽ സർവകലാശാലയുടെ അർത്ഥത്തെക്കുറിച്ചു നടന്ന സംഭാഷണം പോലെയാണ്. സാധ്യതകളെ പരിപൂർണമായി നിരാകരിക്കുന്ന അർത്ഥങ്ങൾ വാസ്തവത്തിൽ ഏകപക്ഷീയമാണ്. ഡിജിറ്റൽ പഠനം വികസ്വരമായ മേഖലയാണ്. അതിനെ അടുത്തറിയുകയും കോർപറേറ്റ് താത്പര്യങ്ങൾക്ക് വിട്ടുകൊടുക്കാതെ പൊതുവിദ്യാഭ്യസത്തിന്റെ ഭാഗമാക്കണോ എന്നതുമാണ് ഏറ്റവും പ്രധാനപ്പെട്ടതും വിമർശനപരവുമായ ചോദ്യം.
ഔപചാരിക രീതികളും മാർഗ്ഗങ്ങളും അവലംബിച്ചു നടത്തുന്ന വിദ്യാഭ്യാസ പ്രവർത്തങ്ങൾ ലോക്ഡൗണിനെത്തുടർന്ന് തടസ്സപ്പെട്ടിരിക്കുന്ന സവിശേഷ ഘട്ടത്തിലാണ് ഡിജിറ്റൽ പഠനത്തിന്റെ സാധ്യതകളെ ലോകം അന്വേഷിക്കുന്നത്. സ്‌കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ, ഇതര പരിശീലന കേന്ദ്രങ്ങൾ എല്ലാം അടിച്ചിട്ടപ്പോൾ സൈബർ ലോകം തുറന്നിരുന്നു.
ഈ സാഹചര്യത്തിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് ബദൽ മാർഗമെന്ന നിലയിൽ ഇന്റർനെറ്റ് അടിസ്ഥാനപ്പെടുത്തിയ ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് അധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ ആകൃഷ്ടരാവുന്നത്. എന്നാൽ ഔപചാരിക വിദ്യാഭ്യാസ സംവിധാനത്തിന് ഒരു ബദലായി ഓൺലൈനിനെ പല അധ്യാപകരും കാണുന്നില്ല. ശരിയാണ്, നിലവിൽ ഇതൊരു ബദൽ മാർഗമല്ല. മറിച്ച് നിലവിലുള്ള വിദ്യാഭ്യാസ വിനിമയങ്ങൾക്ക് സഹായകമാവുന്ന സാധ്യതകളൊരുക്കുക മാത്രമാണ് ചെയ്യുന്നത്.
ഔപചാരിക പഠനപ്രക്രിയ പ്രധാനമായും നടക്കുന്നത് ക്ലാസ്‌റൂം സംവേദനത്തിലൂടെയാണ്. മാനവിക വിഷയങ്ങളായാലും സാമൂഹിക ശാസ്ത്ര, ശാസ്ത്ര പഠനമായാലും ക്ലാസ്‌റൂം പഠനം ഒഴിവാക്കാൻ പറ്റാത്തതാണ്. വ്യക്തിഗതമായ സംവേദനത്തിനോടൊപ്പം വിദ്യാർത്ഥികൾ ഒരുമിച്ചു ചേർന്നുള്ള കൂട്ടായ പഠന പ്രക്രിയ ധൈഷണികതയെ കൂടുതൽ ദൃഢപ്പെടുത്തുന്നതും ഒപ്പം പഠനത്തിന്റെ സാമൂഹ്യവത്കരണത്തെ ഗുണകരമായ രീതിയിൽ സ്വാധീനിക്കുന്നതുമാണ്. ക്ലാസ്‌റൂം ഇന്ററാക്ഷൻ അധ്യാപനത്തിന് ഏറ്റവും മൂല്യവത്തായ ഒന്നായി അധ്യാപകർ എടുത്തുപറയുന്നുണ്ട്. ഇതിനോട് ചേർന്ന് ലാബ് സൗകര്യങ്ങളും ലൈബ്രറിയും വിദ്യാഭ്യാസത്തിന് അത്യന്താപേക്ഷിതമാണ്. എന്നാൽ ഇതൊക്കെ ഭൗതിക ഇടങ്ങളിൽ മാത്രം പരിമിതപ്പെടുത്തേണ്ട കാര്യങ്ങളല്ല.
ഡിജിറ്റൽ വിദ്യാഭ്യാസം ഇന്നും അഭിമുഖീകരിക്കുന്നത് പറഞ്ഞു പഴകിയ ഒരു പ്രശ്‌നം തന്നെയാണ്. ഇന്റർനെറ്റ് വ്യാപനത്തിന്റെ തുടക്കം മുതൽക്കേ ഉന്നയിക്കപ്പെടുന്നതാണത്. ഡിജിറ്റൽ അന്തരത്തിന്റെ (digital divide) പ്രശ്‌നമാണത്. ഇന്റർനെറ്റ് അവകാശമാണെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഒരു സംസ്ഥാനമാണ് കേരളം. എങ്കിലും ഡാറ്റ കണക്റ്റിവിറ്റി എല്ലാവർക്കും ഒരേ പോലെ ലഭ്യമല്ല. സർവകലാശാലകളിലും പല കോളേജുകളിലും ഫ്രീ വൈഫൈ ലഭ്യമാക്കുന്നുണ്ടെങ്കിലും വീടുകളിൽ എല്ലാ വിദ്യാർത്ഥികൾക്കും ആ സൗകര്യമില്ല. ഈ അസമത്വം പരിഹരിക്കപ്പെടേണ്ടതുണ്ട്.
വിദ്യാഭ്യാസ തലത്തിൽ മാത്രം ഒതുങ്ങുന്നതല്ല, ഡിജിറ്റൽ ഇക്കണോമിയുടെ തന്നെ പ്രശ്‌നമാണ് ഇത്. സർവ മേഖലയും ഡിജിറ്റൽവത്കരിക്കപ്പെടുകയും എന്നാൽ വലിയൊരു വിഭാഗത്തിന് അതിലേക്ക് പ്രവേശന സാധ്യത ഇല്ലാതിരിക്കുകയും ചെയ്യുകയെന്നത് ഡിജിറ്റൽ ഇക്കണോമിയുടെ വികാസത്തിന് തടസ്സമാണ്. ഒപ്പം തുല്യനീതിക്കു വിരുദ്ധവും. ഡിജിറ്റൽ സമ്പദ് വ്യവസ്ഥക്ക് കൂടുതൽ ഊന്നൽ ലഭിക്കുന്ന കോവിഡ് കാലത്ത് എല്ലാവരെയും ഉൾച്ചേർത്തുള്ള വികസനത്തിന് പ്രാധാന്യം നൽകേണ്ടത് അനിവാര്യമാണ്.
ഡിജിറ്റൽ പഠനത്തിനെതിരെ വിദഗ്ധർ ഉന്നയിക്കുന്ന മറ്റൊരു പ്രധാന വിമർശനം അത് വിമർശനാത്മക ചിന്തകളെ നിരുത്സാഹപ്പെടുത്തുന്നുവെന്നാണ്. വിദ്യാഭ്യാസത്തിന്റെ ഒരു ഘടകമായ അധ്യാപനം മാത്രമേ ഓൺലൈനിൽ നടക്കുന്നുള്ളൂവെന്നാണ് അവരുടെ പക്ഷം. ഓൺലൈനിൽ ഏറ്റവും സവിശേഷമായി നിർവഹിക്കുന്നത് അധ്യാപനമാണ്. ഇപ്പോഴത്തെ ഘട്ടത്തിലാണെങ്കിൽ പൂർത്തീകരിക്കാത്ത ക്ലാസുകൾ എടുത്തു തീർക്കുക, അത്യാവശ്യം സോഷ്യൽ മീഡിയയിലൂടെ സംശയ നിവാരണത്തിലുള്ള അവസരമൊരുക്കുക. അതാണ് ഓൺലൈൻ വിദ്യാഭ്യസത്തിന്റെ പ്രായോഗിക തലം. ഇതിലപ്പുറം വിമർശനാത്മക പഠനത്തെ ഓൺലൈൻ നിരാകരിക്കുന്നു. ഒരർത്ഥത്തിൽ ഇത് ദോഷൈകദർശനമാണ്. ഒരുപക്ഷേ ലബ്ധപ്രതിഷ്ഠരായ വിദ്യാഭ്യാസ വിചക്ഷണർക്ക് മാധ്യമ വേദികൾ കൂടുതൽ ലഭിക്കുന്നുവെന്നതുകൊണ്ടും അവരുടെ ഇത്തരം കാഴ്ചപ്പാടുകൾ വിമർശനരഹിതമായി സ്വീകരിക്കപ്പെടുന്നുവെന്നതുമാകാം ആരോപത്തിന് പ്രചോദനം.
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ വ്യാവസായിക മുതലാളിത്തത്തിന്റെ മൂലമാതൃകയിൽ രൂപപ്പെടുത്തിയ വിദ്യാഭ്യാസ സമ്പ്രദായം പല പരിഷ്‌കരണങ്ങൾക്കും വിധേയമായിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായി അത് ഫാക്ടറി ഘടനയെ തന്നെ ഇപ്പോഴും പിൻപറ്റുന്നു. ക്ലാസ് റൂമിന്റെ ഘടനയിലും വിദ്യാർത്ഥികളുടെ ഇരിപ്പിലും അധ്യാപകന്റെ മേൽനോട്ടത്തിന്റെ കാര്യത്തിലും റോസ്റ്റർ സമ്പ്രാദയത്തിലും സിലബസ് നിർമാണത്തിലും കരിക്കുലം ഡിസൈന്റെ സ്വഭാവത്തിലും പൊതുവിൽ പ്രാമാണിക ധാരണകളെ മുറിച്ചു കടക്കാൻ പരമ്പരാഗത വിദ്യാഭ്യാസത്തിനു സാധിച്ചിട്ടില്ല. സ്ഥാപനപരമായ ഈ പരിമിതികളെയാണ് ദശകങ്ങൾക്ക് മുമ്പേ ഇവാൻ ഇല്ലിച്ചിന്റെ ഡിസ്‌കൂളിംഗ് പോലുള്ള ദർശനങ്ങൾ പൊളിച്ചെഴുതാൻ ശ്രമിച്ചത്. എങ്കിലും പാരമ്പരാഗത വിദ്യാഭ്യാസം അതിന്റെ പരിമിതികളെ കൂടി ഉൾക്കൊണ്ടു പുതിയ ദിശയിലേക്ക് വികസിച്ചുവെന്നത് നേരാണ്.
പക്ഷേ, വിമർശനാത്മക സമീപനം സ്ഥാപനപരമായ വിദ്യാഭ്യാസത്തിന് അപ്രാപ്യമാണെന്ന് പറയുന്നതിൽ ഒരു ന്യായവുമില്ല. ക്ലാസ്‌റൂമിന്റെ പരിമിത വൃത്തത്തിനകത്തല്ല വിമർശനാത്മക കാഴ്ചപ്പാടുകൾ രൂപപ്പെടുന്നത്. അത് പഠിതാക്കളും അധ്യാപകരും തമ്മിലുള്ള നിരന്തരമായ ചോദ്യോത്തരങ്ങളിലൂടെയുള്ള പ്രതിപ്രവർത്തനത്തിലാണ്. അതിനു സഹായകമാകുന്ന ലൈബ്രറി സൗകര്യവും അനുബന്ധ കാര്യങ്ങളും ഓൺലൈനിൽ ഏതൊരു പഠിതാവിനും ഏതുനേരവും എവിടെ നിന്നും ലഭ്യമാണ്. ആ നിലക്ക് നോക്കിയാൽ വിദ്യാർത്ഥി സമൂഹത്തെ നവമാധ്യമ സാങ്കേതികവിദ്യ വിജ്ഞാനപരമായി കൂടുതൽ ദൃഢപ്പെടുത്തുകയാണെന്ന് പറയാം. ഓൺലൈൻ പരിസ്ഥിതിയെ സമഗ്രമായി കാണാൻ മടിക്കുന്നതിനാലാണ് മുകളിൽ പരാമർശിച്ച തരത്തിലുള്ള പല വിമർശനങ്ങളും ഉയരുന്നത്. അച്ചടി- നവമാധ്യമങ്ങൾക്കെതിരെ ലെഗസി മീഡിയ മുമ്പ് ഉന്നയിച്ചിരുന്ന വാദം പോലെ മാത്രമേ ഇതും പരിഗണിക്കേണ്ടതുള്ളൂ.
വാസ്തവത്തിൽ ഡിജിറ്റൽ വിദ്യാഭ്യാസം നേരിടുന്ന ഒരു പ്രധാന പരിമിതി, അത് ഇപ്പോഴും പരമ്പരാഗത വിദ്യാഭ്യാസ രീതികളെ/ സമ്പ്രദായങ്ങളെ ഓൺലൈനിൽ പുനരാവിഷ്‌കരിക്കുന്നുവെന്നതാണ്. ക്ലാസ്‌റൂം പഠനം, പരമ്പരാഗത പരീക്ഷാ രീതികളെ പിന്തുടർന്ന് അതേ മട്ടിലുള്ള ഓൺലൈൻ പരീക്ഷകൾ തുടങ്ങി ഓരോരോ കാര്യത്തിലും പരിചിതവും സ്ഥാപനപരവുമായ രീതികൾ തന്നെയാണ് അവലംബിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ വെർച്വൽവത്ക്കരണത്തിൽ ഇതിനപ്പുറത്തെ പുതിയ ആകാശങ്ങൾ കണ്ടെത്തേണ്ടതായിരുന്നു. ഡേവിഡ് ഹാർവേയെ പോലുള്ള അതിപ്രഗത്ഭരായ അക്കാദമിസ്റ്റുകൾ സ്വീകരിക്കുന്ന സാങ്കേതിക വിദ്യയോട് മുൻവിധികളില്ലാതെയുള്ള പ്രായോഗിക സമീപനമായിരിക്കും താത്വിക സിനിസിസത്തേക്കാൾ പ്രതീക്ഷകൾ നൽകുക.
ഓൺലൈൻ വിനിമയങ്ങളിൽ ഇന്ന് ഏറെ ശ്രദ്ധയാകർഷിക്കുന്നത് പ്ലാറ്റ്‌ഫോമുകളാണ്. നെറ്റ്ഫ്‌ളിക്‌സ് സിനിമക്കായുള്ള ഒരു പ്ലാറ്റ്‌ഫോമാണ്. സമാനമായ രീതിയിൽ മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്‌സുകൾ നൽകുന്ന വലുതും ചെറുതുമായ പ്ലാറ്റ്‌ഫോമുകളുണ്ട്. ഇതിൽ മുൻനിരയിലുള്ളവയൊക്കെ കോർപ്പറേറ്റ് സ്ഥാപനങ്ങളുടേതാണ്. ഇീൗൃലെൃമ, ഡറലാ്യ എന്നിവ ആ കൂട്ടത്തിൽപെടും. വളരെ പോപ്പുലറായ ഓൺലൈൻ ഓപ്പൺ കോഴ്‌സുകൾ ലഭ്യമാകുന്ന സൈറ്റുകളാണ് ഇവ. ആഗോള തലത്തിൽ പ്രവർത്തിക്കുന്ന സർവകലാശാലകളുമായി ചേർന്ന് നാനാവിധ വിഷയങ്ങളിൽ മൂക് (MOOC) ഈ സൈറ്റുകളിൽ ലഭ്യമാണ്. എന്നാൽ ഇവകളിൽ ലഭ്യമായിട്ടുള്ള പല കോഴ്‌സുകളും ഓപ്പൺ കോഴ്‌സ് വെയർ അല്ല. കോഴ്‌സിന് ചേരാൻ നിശ്ചിത ഫീസുണ്ടെങ്കിൽ ചിലതിനു സെർട്ടിഫിക്കേഷനാണ് ഫീസ് എന്നർത്ഥം.
സ്വയം മൂക് സൈറ്റ് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ കാർമികത്വത്തിൽ പ്രവർത്തിക്കുന്ന ഓപ്പൺ ഓൺലൈൻ കോഴ്‌സ് ലഭ്യമാകുന്ന പ്ലാറ്റ്‌ഫോമാണ്. ബിരുദത്തിനോ ബിരുദാനന്തര ബിരുദത്തിനോ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് ഇതിൽ നിന്ന് സെമസ്റ്റർ അടിസ്ഥാനത്തിൽ ലഭ്യമാക്കിയിട്ടുള്ള കോഴ്‌സ് പഠിച്ചുകൊണ്ട്, പ്രസ്തുത കോഴ്‌സിന് നിശ്ചയിച്ചിട്ടുള്ള ക്രെഡിറ്റ് ലഭിക്കുന്നതാണ്. സ്വയം മൂകിന്റെ റെഗുലേഷൻ എല്ലാ സർവകലാശാലകൾക്കും ബാധകമാണ്.
ഓൺലൈൻ വിദ്യാഭ്യാസത്തിലെ ഒരു സവിശേഷ ഘടകം മാത്രമാണ് മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്‌സ്. ഓൺലൈൻ കോഴ്‌സുകൾ ഇതല്ലാതെയുമുണ്ട്. വ്യക്തിഗതമായി അധ്യാപകർ ഓഫർ ചെയ്യുന്ന വ്യക്തിഗത കോഴ്‌സുകൾ അതിലൊന്നാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് അവർ കോഴ്‌സ് നൽകുന്നത്. സ്വയം ഓപ്പൺ ഓൺലൈൻ കോഴ്‌സിന്റെ കൃത്യമായ ഘടനയുള്ളതായിരിക്കില്ല ഈ കോഴ്‌സുകൾ. വളരെ അയഞ്ഞ സ്വഭാവമുള്ളതായിരിക്കും. എങ്കിലും പല വിഷയങ്ങളിലും പ്രശസ്തമായ കോഴ്‌സുകൾ തന്നെ പലരും ഓഫർ ചെയ്യുന്നുണ്ട്. നവമാധ്യമത്തിന്റെ നവീന സാധ്യതകൾ പ്രയോജനപ്പെടുത്തുന്നവർക്ക് ഇത് സൗകര്യമാണ്. ഔപചാരിക വിദ്യാഭ്യാസത്തിന്റെ സ്ഥാപനപരവും ഘടനാപരവുമായ പരിമിതികളെ മറികടന്നുകൊണ്ടാണ് വിദ്യാഭ്യാസ സംവേദനത്തിൽ ഇത്തരം പുതിയ പരീക്ഷണങ്ങൾ നടക്കുന്നത്.

സാധ്യതകൾ

പ്ലസ്ടു കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസത്തിന് അർഹരാകുന്നവരിൽ ഏതാണ്ട് മുപ്പതു ശതമാനത്തിൽ താഴെ പേർ മാത്രമാണ് ഡിഗ്രിക്ക് ചേരുന്നതെന്നാണ് കണക്ക്. ഇന്ത്യയിൽ ഗ്രോസ് എന്റോൾമെന്റ് റേഷിയോ വളരെ പിന്നാക്കമാണ്. ലോക ആവറേജിനേക്കാൾ എത്രയോ പിന്നിലാണ് കേരളവും. ഇത് ഉയർത്തിക്കൊണ്ടുവരാൻ സർക്കാർതലത്തിൽ അവലംബിച്ചിട്ടുള്ള മാർഗങ്ങളിലൊന്ന് ഡിജിറ്റൽ പഠനം ശക്തിപ്പെടുത്തുകയാണ്. വിദ്യാർത്ഥികൾക്ക് അവശ്യംവേണ്ട സർവകലാശാലാ പഠന സൗകര്യങ്ങൾ ഒഴിവാക്കി ഓൺലൈൻ പഠന രീതികൾ സ്വീകരിക്കുന്നത് വിമർശിക്കപ്പെടുന്നുണ്ട്.
ഉന്നതവിദ്യാഭ്യാസത്തിന് നവലിബറൽവത്കരണത്തിന്റെ ഭാഗമായി ഗണ്യമായ തോതിൽ ഫണ്ട് വെട്ടിക്കുറക്കുകയൂം സർക്കാർ ഉത്തരവാദിത്തങ്ങളിൽ നിന്ന് പിൻവാങ്ങുകയുമാണ് എന്ന വിമർശനത്തിൽ കഴമ്പുണ്ട്. സ്റ്റേറ്റ് യൂണിവേഴ്‌സിറ്റികളിൽ അധ്യാപക തസ്തികകളിലേക്ക് നിയമനം നടന്നിട്ട് വർഷങ്ങളായി. അതേസമയം, സ്വകാര്യ സർവകലാശാലകൾ വ്യാപകമാവുകയും ചെയ്യുന്നു. സ്വകാര്യ സർവകലാശാലകളിൽ കനത്ത ഫീസാണെന്ന് മാത്രമല്ല, പൊതു വിദ്യാഭ്യാസത്തിൽ പിന്തുടരുന്ന സംവരണം ഉൾപ്പടെ ഒരു മാനദണ്ഡവും പാലിക്കുന്നുമില്ല.
ശരിയായ വിമർശനമർഹിക്കുന്ന ഒട്ടനവധി സംഗതികൾ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്നുണ്ട്. ഓൺലൈൻ പഠനത്തിന് പുതിയൊരു സാധ്യത ഒരുക്കുന്നുവെന്നല്ലാതെ പൊതുവിദ്യാഭ്യാസത്തിന്റെ അനിവാര്യ ഘടകങ്ങളിൽ നിന്ന് ഒന്നും അതപഹരിക്കുന്നില്ല. അധ്യാപക-വിദ്യാർത്ഥി സമൂഹത്തെ വിജ്ഞാനപരമായി ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. ഓപ്പൺ സർവകലാശാലകളും വിദൂര വിദ്യാഭ്യസവും പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമെന്ന നിലയിൽ ഡിജിറ്റൽ സാധ്യതകളെ ശരിക്കും പ്രയോജനപ്പെടുത്താത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതിനുള്ള പരിഹാരങ്ങളാണ് അടിയന്തരമായി വേണ്ടത്.

അനസ് കൊറ്റുമ്പ

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ