റസൂൽ(സ്വ) പറഞ്ഞു: കുടുംബത്തോട് ഗുണപരമായി വർത്തിക്കുന്നവനാണ് നിങ്ങളിലെ ഗുണവാന്മാർ. കുടുംബത്തോട് വർത്തിക്കുന്നതിൽ ഞാൻ നിങ്ങളിൽ ഏറ്റവും ഉത്തമനാണ് (തിർമുദി).
ഒരു കുടുംബനാഥൻ എങ്ങനെയായിരിക്കണമെന്ന് ഒറ്റ വാചകത്തിൽ പഠിപ്പിക്കുകയാണ് നബി(സ്വ). ഒരാളുടെ സ്വഭാവ ഗുണമേന്മ സ്വയം തിരിച്ചറിയാനുള്ള മാനദണ്ഡമായി സ്വന്തം കുടുംബത്തിൽ താനെങ്ങനെ എന്ന് സ്വയം വിലയിരുത്തിയാൽ മതി. കുടുംബനാഥന്റെ സ്വഭാവങ്ങളും കുടുംബത്തിനകത്തെ പെരുമാറ്റങ്ങളും കുടുംബത്തിൽ നിന്നു പുറംകടന്ന് സമൂഹത്തിലും പ്രതിഫലനങ്ങളുണ്ടാക്കും. അതുകൊണ്ടുതന്നെ ഈ ഹദീസ് ആത്മവിചാരത്തിനുള്ള ആഹ്വാനമാണ്. ഹദീസിലെ രണ്ടാം വാചകമായ ഞാൻ നിങ്ങൾക്കിടയിൽ ഉത്തമ കുടുംബനാഥനാണ് എന്നത് നിങ്ങളെല്ലാം എന്നെ അനുകരിച്ച് നല്ല കുടുംബനാഥനായിത്തീരുക എന്ന സന്ദേശമാണ് നൽകുന്നത്.
മാതൃകാ കുടുബനാഥനായിരുന്നു നബി(സ്വ). അങ്ങനെയാവണമെന്നത് അവിടത്തെ ദൗത്യവുമാണ്. എങ്ങനെയാണ് ഒരു നല്ല കുടുംബം കെട്ടിപ്പടുക്കേണ്ടതെന്ന് നബി(സ്വ) ലോകത്തെ കൃത്യമായി പഠിപ്പിച്ചു. ഒരു കുടുംബനാഥൻ രൂപപ്പെടുന്നത് പ്രധാനമായും വിവാഹത്തിലൂടെയാണ്. പ്രതിനിധാന സ്വഭാവത്തിൽ ചിലപ്പോൾ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട സാഹചര്യങ്ങളുണ്ടായേക്കാം. ഭർത്താവ് എന്ന വിശേഷണം നേടുന്നതോട് കൂടി ചില ബാധ്യതകൾ ചുമലിൽ വരും. ഇനി മുതൽ ഒരു നല്ല ഭർത്താവായി നല്ല കുടുംബനാഥൻ എന്ന വിശേഷണം സ്വന്തമാക്കണം. അപ്പോൾ നല്ല ഭർത്താവ് നല്ല വിശ്വാസിയുമാവും എന്നാണ് നബിപാഠം. നല്ല ഭർത്താവായാൽ നല്ല മനുഷ്യനുമാവാം.

നബി(സ്വ) സമ്പൂർണനായ മാതൃകാ പുരുഷനാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും നബിമാതൃകയോ നിർദേശങ്ങളോ കാണാം. കാലവും സമൂഹവും മാറിയാലും മാനവതയെ വഴിനടത്താൻ പ്രവാചക പാഠങ്ങൾ പ്രാപ്തമാണ്.
സ്വന്തം കുടുംബം എല്ലാവർക്കും അവനവന്റെ അധികാര കേന്ദ്രമാണ്. കുടുംബത്തിന് അൽപം സ്വകാര്യതയുണ്ട്. ഒരു കുടുംബത്തിൽ എന്ത് നടക്കുന്നുവെന്ന് പുറത്തറിയുന്നത് താരതമ്യേന കുറവാണ്. തന്റെ യഥാർത്ഥ ചിത്രം ആരും കാണേണ്ട എന്ന നിലയിൽ പുറത്തറിയിക്കില്ല. ഇത് മാന്യതയില്ലാത്തവരെ സംബന്ധിച്ച് അനുകൂല സാഹചര്യമാണ്. വീടിനും കുടുംബത്തിനും പുറത്ത് എക്‌സ്ട്രാ ഡീസന്റായി വിലസുകയും ചെയ്യും. തന്നെക്കൊണ്ട് മാത്രം ലഭിക്കുന്നതും നൽകാൻ ബാധ്യസ്ഥനായതുമായ സന്തോഷം കുടുംബത്തിലെ അർഹർക്ക് നൽകാതിരിക്കുക, എന്നിട്ട് സമൂഹത്തിൽ നല്ല പിള്ള ചമയുക എന്നത് വിശ്വാസിക്ക് ചേർന്നതല്ല. യഥാത്ഥത്തിൽ ഇതൊരുതരം കാപട്യമാണ്. കുടുംബത്തിനകത്ത് അമാന്യനാവുകയും പരസ്യമായി മാന്യത അഭിനയിക്കുകയും ചെയ്യുന്ന സ്വഭാവരീതി മാറ്റേണ്ടതും മാറേണ്ടതുമാണ്.
പരസ്പരമുള്ള ബാധ്യതകൾ ദമ്പതികൾ ഇരുവരും നിർവഹിച്ചിരിക്കണം. അപരന് അവകാശപ്പെട്ടത് പരസ്പര ധാരണയിലും സന്തോഷത്തിലുമല്ലാതെ നിഷേധിക്കുന്നത് വീഴ്ചയാണ്. പശ്ചാത്താപം വേണ്ടിവരും. എന്നാൽ കുടുംബത്തിൽ സന്തോഷം വർധിപ്പിക്കുന്നതും പരസ്പരം സഹായമാകുന്നതുമായ കാര്യങ്ങളിൽ രണ്ടു പേരും ശ്രദ്ധിക്കണം. തന്റേതായ ലോകത്ത് ചുരുങ്ങരുത്. അത് ഇബാദത്തായാലും ഭൗതിക കാര്യങ്ങളായാലും സമമാണ്. പ്രപഞ്ചനാഥൻ ദമ്പതികളെ ഇണക്കിയത് ഇണതുണകളായി ജീവിക്കാനാണ്. ഇണ എന്ന പദം തന്നെ രണ്ടാമതൊരാളെ തേടുന്നുണ്ട്. ഇണയായിരിക്കുക എന്നത് ഒരു സുപ്രധാന ദൗത്യമാണ്. ഇണയെ ആകർഷിക്കുകയും സന്തോഷിപ്പിക്കുകയും വേണം. അതിന് അനുവദനീയമായ മാർഗങ്ങൾ അവലംബിക്കാം.
ഇഷ്ടാനിഷ്ടങ്ങൾ മനുഷ്യർക്കിടയിൽ സ്വാഭാവികമാണ്. അത് കുടുംബത്തിലാവുമ്പോൾ കൂടുതൽ അവധാനത വേണ്ടിവരും. അക്ഷമയും ധൃതിയും കോപാന്ധതയും പിന്നീട് ഖേദമുണ്ടാക്കും. ഇവിടെ ഭർത്താക്കന്മാർ ഉള്ളിൽ കൊത്തിവെക്കേണ്ട ഒരു ഹദീസുണ്ട്. ഒരു വിശ്വാസിയും തന്റെ വിശ്വാസിനിയായ ഇണയോട് പിണങ്ങരുത്. അവളിൽ നിന്ന് അനിഷ്ടകരമായ സ്വഭാവം അനുഭവപ്പെട്ടാൽ തന്നെ ഇഷ്ടപ്പെടുന്ന മറ്റു സ്വഭാവങ്ങളും അവളിൽ നിന്നുണ്ടാവുമല്ലോ (മുസ്‌ലിം). ഇമാം നവവി(റ) രേഖപ്പെടുത്തുന്നു: അനിഷ്ടകരമായ കാര്യങ്ങൾ അവളിൽ നിന്ന് സംഭവിച്ചാൽ തന്നെ അവളോട് ദേഷ്യപ്പെടുന്നത് നബി(സ്വ) നിരോധിക്കുകയാണ്. ഇഷ്ടമുള്ളതും അവളിൽ നിന്നുണ്ടാകുമെന്നതാണ് കാരണം. പരുക്കൻ സ്വഭാവക്കാരിയാകുമ്പോൾ തന്നെ അവൾ മതകാര്യങ്ങളിൽ കണിശതയുള്ളവളാകാം. സൗന്ദര്യമുള്ളവളാകാം. പരിശുദ്ധയാകാം. ഭർത്താവിനോട് സൗമ്യയായി പെരുമാറുന്നവളാകാം. ഇങ്ങനെയുള്ള നല്ല ഗുണങ്ങൾ മാനിക്കണമല്ലോ (ശർഹു മുസ്‌ലിം).

ഖുർആൻ പറയുന്നു: നിങ്ങൾ ഭാര്യമാരോട് നല്ല നിലയിൽ വർത്തിക്കുക; അവരെ വെറുക്കാൻ കാരണമാകുന്ന കാര്യങ്ങളുണ്ടായാൽ തന്നെയും. കാരണം നിങ്ങൾ വെറുക്കുന്ന കാര്യത്തിലും അല്ലാഹു ധാരാളം നന്മകൾ നിശ്ചയിച്ചിട്ടുണ്ടാവും (അന്നിസാഅ്). ഈ ആയത്തിനെ ഇബ്‌നു കസീർ വിശദീകരിക്കുന്നു: അവളിൽ നിന്ന് ഇഷ്ടപ്പെടുന്നതിന് സമാനമായ വിധം നീ പ്രവർത്തിക്കുക. അഥവാ, അവരോട് നല്ല വർത്തമാനങ്ങൾ പറയുക. നിങ്ങളുടെ പ്രവർത്തനങ്ങളും നിങ്ങളുടെ രൂപങ്ങളും കഴിയും വിധം നന്നാക്കുക. മനോഹരമായി പെരുമാറുകയും സദാ സംതൃപ്തി പ്രകടിപ്പിക്കുന്നവരുമായിരുന്നു നബി(സ്വ). അവിടന്ന് ഭാര്യമാരോട് തമാശ പറയുകയും കളിതമാശകളിലേർപ്പെടുകയും ചെയ്യും. അവരോട് സൗമ്യമായി പെരുമാറും. ഭക്ഷണ കാര്യത്തിൽ വിശാലത ചെയ്യും. ഒരുമിച്ചു ചിരിക്കാവുന്ന സാഹചര്യങ്ങളുണ്ടാക്കും (തഫ്‌സീർ ഇബ്‌നുകസീർ).
ദമ്പതികളുടെ ജീവിതത്തിൽ ഇടപഴക്കത്തിന്റെയും ലൈംഗിക, ശാരീരിക, മാനസിക സംതൃപ്തി നേടുന്നതിന്റെയും അവസരങ്ങൾ ഇസ്‌ലാം തുറന്നുനൽകുന്നു. സ്വകാര്യത ആനന്ദകരമാക്കാൻ ഇസ്‌ലാം അതിരു നിശ്ചയിച്ചു സ്വാതന്ത്ര്യം നൽകിയിരിക്കുകയാണ്. ഗുദ മൈഥുനവും ആർത്തവ, പ്രസവരക്ത കാലത്തെ സംഭോഗവും പാടില്ല. ഇവയല്ലാത്ത വിധം സന്തോഷവും സംതൃപ്തിയും പകർന്നും നുകർന്നും ജീവിക്കാം. ലൈംഗിക ശേഷിക്കുറവിന് പരിഹാരം കാണാൻ വരെ നിർദേശമുണ്ട്. ‘അവളുടെ ലൈംഗികാവശ്യങ്ങളും പുരുഷ സംസർഗാവശ്യങ്ങളും പരിഗണിച്ച് സഹകരിച്ച് അവളെ പരിശുദ്ധവതിയാക്കുകയും മറ്റൊരു പുരുഷ വിചാരവും നോട്ടവും വരാതെ ശ്രദ്ധിക്കുകയും ചെയ്യാൻ അവന് ബാധ്യതയുണ്ട്. അവളുടെ ലൈംഗികാവശ്യം നിർവഹിക്കാൻ തനിക്ക് ശേഷി കുറവാണെന്ന് കണ്ടാൽ ലൈംഗിക ശേഷിയുണ്ടാക്കുന്നതും വികാരം ശക്തിപ്പെടുത്തുന്നതുമായ ഔഷധങ്ങൾ ഉപയോഗിച്ച് അവളെ തൃപ്തിപ്പെടുത്താൻ പരിശ്രമിക്കണം (തഫ്‌സീർ ഖുർത്വുബി).

പ്രവാചകർ(സ്വ)യുടെ കുടുംബ ജീവിതത്തിന്റെ സ്വകാര്യതകളിലെ സുന്ദരമായ മുഹൂർത്തങ്ങൾ പ്രത്യക്ഷ ജീവിതത്തിൽ നിന്ന് തന്നെ വായിച്ചെടുക്കാവുന്നതാണ്. പ്രഥമ ഭാര്യ ഖദീജ ബീവി(റ)യുമായുള്ള ജീവിതം എല്ലാ അർത്ഥത്തിലും പുഷ്‌ക്കലമായിരുന്നുവല്ലോ. ഇബ്‌റാഹീം(റ) അല്ലാത്ത ആറ് സന്താനങ്ങളും ഖദീജ(റ)യിലാണ് പിറന്നത്. അത് നബി(സ്വ) അവരുടെ മരണാനന്തരവും അനുസ്മരിച്ചിരുന്നു. അവരുടെ കൂട്ടുകാരികൾക്ക് സമ്മാനം കൊടുത്തയച്ചിരുന്നു. ഏറെ ഭാര്യമാർ ജീവിച്ചിരിക്കുമ്പോൾ പോലും മറക്കാനാവാത്ത ഊഷ്മളമായ ദാമ്പത്യമായിരുന്നു ഉണ്ടായിരുന്നതെന്ന് ഇതിൽ നിന്ന് ഗ്രഹിക്കാൻ പ്രയാസമില്ല. ബഹുഭാര്യനായിരുന്ന നബി(സ്വ)ക്ക് ആരുടെയെങ്കിലും ഈർഷ്യതയോ സ്‌നേഹക്കുറവോ നേരിടേണ്ടി വന്നിട്ടില്ല. എല്ലാവരെയും സന്തോഷിപ്പിച്ചുകൊണ്ടുള്ള ഭർതൃജീവിതമാണ് നയിച്ചത്.

നബി(സ്വ) എല്ലാ ദിവസവും മുഴുവൻ ഭാര്യമാരുടെയും വീടുകളിലെത്തുമായിരുന്നു. സ്വുബ്ഹ് നിസ്‌കാര ശേഷം പള്ളിയിൽ സ്വഹാബിമാരൊത്തുള്ള ആവശ്യങ്ങൾ കഴിഞ്ഞാൽ എല്ലാ ഭാര്യമാരുടെയും അടുത്തുചെന്ന് സലാം പറഞ്ഞ് അന്വേഷണങ്ങൾ നടത്തി പ്രാർത്ഥിക്കുമായിരുന്നു. രാത്രികളിൽ എല്ലാവരും ഏതെങ്കിലുമൊരു വീട്ടിൽ സംഗമിച്ച് കുശലങ്ങൾ പറഞ്ഞു ഒന്നിച്ചു ഭക്ഷണം കഴിച്ച് അവരവരുടെ വീടുകളിലേക്ക് മടങ്ങും. അന്ന് താമസിക്കേണ്ട ഭാര്യാവീട്ടിലേക്ക് പ്രവാചകർ(സ്വ)യും പോകും. ആത്മീയ കാര്യങ്ങൾ പരിഗണിച്ചുകൊണ്ട് തന്നെ പരസ്പര സ്‌നേഹ സമ്പർക്കത്തിന്റെ സന്തോഷ ജീവിത മാതൃകയാണ് റസൂൽ(സ്വ) സമർപ്പിച്ചത്.

 

അലവിക്കുട്ടി ഫൈസി എടക്കര

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ