മാസങ്ങളായിട്ട് കേരളത്തില്‍ കാര്യമായി നടക്കുന്നത് ഒരേയൊരു കാര്യമാണ്; സമരം. ഭരണപക്ഷത്തിന് ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിന് സമയമില്ല. അതേക്കുറിച്ച് കര്‍ശന തീരുമാനങ്ങളെടുക്കാന്‍ പ്രതിപക്ഷത്തിനാവുന്നുമില്ല. എല്ലാവരും സരിതയെ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നു. ഒടുവില്‍ മഞ്ഞുപോലെ അവസാനിച്ചുവെങ്കിലും സംസ്ഥാനത്ത് സ്തോഭജനകമായ അന്തരീക്ഷം സൃഷ്ടിച്ച് സെക്രട്ടറിയേറ്റ് ഉപരോധവും സംഘടിപ്പിക്കപ്പെട്ടു. അതില്‍ ആരാണ് വിജയിച്ചത് എന്നതിനെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഈ കുറിപ്പ് തയ്യാറാക്കുന്നത്. രണ്ടുകൂട്ടരും അവരവരുടെ വിജയം വ്യാഖ്യാനിച്ചെടുക്കുമ്പോള്‍, ഉറപ്പിച്ചു പറയാന്‍ പറ്റുന്നത് പരാജയപ്പെട്ടതാരാണെന്ന വസ്തുതയാണ്. നാം പൊതുജനം തന്നെ!
ചീഫ് വിപ്പ് പതിനായിരം കോടിയെന്ന് പലയാവര്‍ത്തി വിളിച്ചുപറഞ്ഞെങ്കിലും സരിത, ശാലു, ബിജുമാര്‍ ചേര്‍ന്ന് തട്ടിയെടുത്തതായി ഉറപ്പായത് പത്തുപന്ത്രണ്ട് കോടി രൂപയാണ്. അതില്‍ ചില്ലിക്കാശു പോലും സര്ക്കാറിന്റേതില്ല, സാധാരണക്കാരന്റേതുമില്ല. എന്നാല്‍ സംസ്ഥാനത്ത് ഭരണപ്രതിപക്ഷം ചേര്‍ന്ന് ഈ ആവശ്യാര്‍ത്ഥം പൊടിച്ചുകളഞ്ഞ കോടികള്‍ ഇതിന്റെ പതിന്മടങ്ങ് വരും. പത്രമാധ്യമങ്ങളില്‍ നിന്ന് മനസ്സിലാവുന്നതനുസരിച്ച് കേന്ദ്രസേനയെ വിളിക്കാന്‍ ലക്ഷങ്ങള്‍, ഇടതുപക്ഷം സെക്രട്ടറിയേറ്റ് വളയുന്ന ഓരോ പ്രവര്‍ത്തകനും ചുരുങ്ങിയത് 1500 വീതം നല്കിയത്രെ. ഒരുലക്ഷം ആളുകള്‍ക്ക് ഈ ഇനത്തില്‍ വെറും പതിനഞ്ചുകോടി മാത്രം ചെലവ്. വേറെയും കോടികള്‍ ഇതിനു ചെലവ് വന്നിരിക്കും. നിയമസഭാ സമ്മേളനം മുടങ്ങിയ ദിവസങ്ങളില്‍ നഷ്ടപ്പെട്ട കോടികള്‍ വേറെ. സര്‍ക്കാര്‍ വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടത് ഇതല്പ്പെടാത്ത കണക്ക്. മുഖ്യനടക്കം മന്ത്രിമാരുടെ സംരക്ഷണത്തിന് പ്രത്യേക ഫണ്ട്. ഇനിയൊരു ഹര്‍ത്താല്‍ ഉണ്ടാവുകയാണെങ്കില്‍ 1000 കോടിക്കുമേല്‍ നഷ്ടം വേറെ.
ഇതൊക്കെയും ആരില്‍ നിന്നാണ് ഇവര്‍ കണ്ടെത്തുക. വിലക്കയറ്റവും നികുതിവര്‍ധനവും പാര്‍ട്ടി പിരിവുമായി പാവം പൊതുജനങ്ങളില്‍ നിന്നുതന്നെ. മുക്കിയ പണം ലഭിച്ചില്ലെങ്കില്‍ തന്നെ സരിതയും ബിജുവുമൊക്കെ ജയില്‍ജീവിതം ശരിക്കുമാസ്വദിച്ച്, ഗോവിന്ദച്ചാമിയെപ്പോലെ തടിച്ചുകൊഴുത്ത് സുന്ദരന്മാരും സുന്ദരികളുമായി ഒരു ദിവസം പുറത്തിറങ്ങും. അങ്ങനെയാണ് നാട്ടുനടപ്പ്. നമുക്ക് നല്കാവുന്ന ‘കഠിനശിക്ഷ’ ഇതൊക്കെയാണ്. പക്ഷേ, പൊതുജനം എല്ലാം സഹിച്ച് ജീവിതം മറുകരയെത്തിക്കാന്‍ എന്നും അധ്വാനിച്ചുകൊണ്ടിരിക്കും. കാര്യബോധവും പ്രതിബദ്ധതയുമുള്ള, രാഷ്ട്രീയാതീതമായ പുരോഗതിയെക്കുറിച്ചാലോചിക്കാന് വിശാല ഹൃദയമുള്ള ഭൗതിക നേതൃത്വമാണ് കേരളത്തിനാവശ്യം.