കൊച്ചി, തിരുവിതാംകൂർ പ്രവിശ്യകളെപ്പോലെ സാധാരണമായിരുന്നില്ല മലബാറിന്റെ മണ്ണും മനസ്സും. തികച്ചും വ്യത്യസ്തമായ രാഷ്ട്രീയ സാംസ്‌കാരിക ചരിത്രം ഈ നാടിന്റെ സിരകളിലുണ്ട്. ബ്രിട്ടീഷ് ഇന്ത്യയിൽ മദ്രാസിനു കീഴിലായിരുന്നു മലബാർ. അതിന് മുമ്പ് തന്നെ പോർച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും നൂറ്റാണ്ടുകൾ നീണ്ട അധിനിവേശങ്ങൾ കാർഷിക വാണിജ്യ വ്യവസായ സമൃദ്ധിയെയും സാംസ്‌കൃതിയെയും തകിടം മറിച്ചിരുന്നു. അനന്തരം മലബാർ ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിനു കീഴിലായി. തങ്ങൾക്കെതിരെ സമരപോരാട്ടങ്ങൾ നിത്യമാക്കിയ മലബാറുകാരോട് ക്രൗര്യത്തോടെയാണ് സാമ്രാജ്യത്വ ശക്തികൾ പെരുമാറിയിരുന്നത്. അതിനാൽ മലബാറിനു വേണ്ട സേവനങ്ങൾ നൽകാതിരിക്കുകയും സ്‌കൂളുകളും കോളേജുകളും ഗവൺമെന്റ് സ്ഥാപനങ്ങളും നാമമാത്രമാവുകയും ചെയ്തു. എന്നാൽ നേർവിപരീതമായിരുന്നു തിരുവിതാംകൂറിലും കൊച്ചിയിലും. ആദ്യകാലങ്ങളിൽ തന്നെ നിരവധി ഗവൺമെന്റ് സ്ഥാപനങ്ങളും വിദ്യാലയങ്ങളും ഇവിടങ്ങളിൽ ആരംഭിക്കുകയുണ്ടായി.
ഇന്ത്യ സ്വതന്ത്രമായി ഐക്യകേരളം പിറവിയെടുത്തതിനു ശേഷവും മലബാറിനോടുള്ള അവഗണന തുടർന്നുവെന്നതാണ് വസ്തുത. വികസന പദ്ധതികളും മറ്റു സംരംഭങ്ങളുമെല്ലാം വീതംവെച്ചപ്പോൾ ജനസംഖ്യാടിസ്ഥാനത്തിൽ മലബാറിന് അർഹമായത് പോലും ലഭിച്ചില്ല. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റും ജുഡീഷ്യറിയുടെ ആസ്ഥാനമായ ഹൈക്കോടതിയുമെല്ലാം ചില പരിഗണനകളുടെ അടിസ്ഥാനത്തിൽ തിരുവിതാംകൂറും കൊച്ചിയും പങ്കിട്ടെടുത്തു. അധികാര കേന്ദ്രങ്ങളോ ഉന്നത ഉദ്യോഗസ്ഥ സംവിധാനമോ മലബാറിനില്ല.
1956 നവംബർ 1 മുതൽ ഇതുവരെ സർക്കാറുകൾ നടപ്പാക്കിയ ജനസേവന, വികസന പദ്ധതികളുടെ കണക്കെടുത്താൽ കേരളത്തിലെ 42 ശതമാനം ജനങ്ങളുള്ള മലബാറിലെ ആറു ജില്ലകളിൽ ജനസംഖ്യാനുപാതത്തിൽ വികസനങ്ങളിലെ വിവേചനം കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. വിദ്യാഭ്യാസ മേഖലകളിൽ, തൊഴിൽ രംഗങ്ങളിൽ, പൊതുമേഖലകളിൽ, വ്യവസായത്തിൽ എല്ലാം ഈ വിവേചനം ദൃശ്യമാണ്.
വിദ്യാഭ്യാസ മേഖലയിൽ ഇന്നും മലബാർ നേരിടുന്ന അവഗണന മനസ്സിലാക്കാൻ മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ഹയർ സെക്കണ്ടറി സീറ്റുകൾ പരിശോധിച്ചാൽ മതി. പ്രീഡിഗ്രി എടുത്തുകളഞ്ഞ് 2001ൽ ഹയർ സെക്കണ്ടറി സംവിധാനം കൊണ്ടുവരുമ്പോൾ തന്നെ അന്ന് പത്താം ക്ലാസ് പരീക്ഷയെഴുതിയ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി സീറ്റുകൾ നൽകുന്നതിന് പകരം മറ്റു ചില അടിസ്ഥാനങ്ങൾ സ്ഥാപിച്ചെടുത്തതാണിതിന്റെ പ്രധാന കാരണം. ആദ്യകാലത്ത് വിജയശതമാനം കുറവായതിനാൽ വലിയ പ്രതിസന്ധികൾ ഉണ്ടായിരുന്നില്ലെങ്കിലും 2005നു ശേഷം മലബാറിലെ എസ്എസ്എൽസി വിജയം 80 ശതമാനത്തിനു മുകളിലായതോടെ ഓരോ വർഷവും പതിനായിരത്തിലേറെ വിദ്യാർത്ഥികൾ സീറ്റില്ലാതെ പുറത്തു നിൽക്കേണ്ടി വന്നു. എന്നാൽ ഈ സന്ദർഭത്തിലും തെക്കൻ ജില്ലകളിലെ ചില സ്‌കൂളുകളിലെ പ്ലസ് വൺ ബാച്ചുകളിൽ ഒറ്റ കുട്ടി പോലും ഇല്ലാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. കേരളത്തിൽ ഈ വർഷം 421887 കുട്ടികൾ എസ്എസ്എൽസി പരീക്ഷ എഴുതുകയും 419651 വിദ്യാർത്ഥികൾ തുടർപഠനത്തിനു യോഗ്യത നേടുകയും ചെയ്തു. 41,906 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടി. കഴിഞ്ഞ വർഷത്തേക്കാൾ 4,572 പേരുടെ വർധനവാണ് എപ്ലസ് ലബ്ധിയിൽ ഇത്തവണ ഉണ്ടായിരിക്കുന്നത്. സർക്കാർ ഹയർസെക്കണ്ടറി സീറ്റ് 140950 എണ്ണവും എയ്ഡഡ് മേഖലയിൽ 158800 ഉം അൺ എയ്ഡഡ് മേഖലയിൽ 55521 സീറ്റുകളുമടക്കം ആകെ 355271 സീറ്റുകളാണ് നിലവിലുള്ളത്. ബാക്കിയുള്ള 64380 കുട്ടികൾ എവിടെ പഠിക്കുമെന്നത് ആശങ്കയാണ്. കഴിഞ്ഞ വർഷം 61830 വിദ്യാർത്ഥികൾ തുടർപഠനത്തിന് യോഗ്യത നേടിയെങ്കിലും അത്ര ഹയർ സെക്കണ്ടറി സീറ്റുകളില്ലായിരുന്നു. വർഷാവർഷം കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന മാറ്റം സർക്കാർ കണക്കിലെടുക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
പാലക്കാട് മുതൽ കാസർകോട് വരെയുള്ള ആറ് ജില്ലകളിൽ ഇക്കൊല്ലം 223788 കുട്ടികൾ ഉന്നത പഠന യോഗ്യത നേടിയിട്ടുണ്ടെങ്കിലും 166715 സീറ്റുകൾ മാത്രമേ തുടർ പഠനത്തിനുള്ളൂ. 57073 വിദ്യാർത്ഥികൾ പുറത്തിരിക്കുകയാണ്. മലബാർ ജില്ലകളിൽ ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോഴും തെക്കൻ കേരളത്തിലും മധ്യകേരളത്തിലും പരീക്ഷയെഴുതിയ വിദ്യാർത്ഥികളുടെ എണ്ണത്തിലധികം സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. ജില്ലകളിൽ അധികമുള്ള സീറ്റുകൾ ബ്രാക്കറ്റിൽ: പത്തനംതിട്ട (4440), കോട്ടയം (2572), എറണാകുളം (1048), ആലപ്പുഴ (722), ഇടുക്കി (670). ഇത്രയും സീറ്റുകൾ കുട്ടികളില്ലാതെ ബാക്കികിടക്കുകയാണ്.
എന്നാൽ മലബാറിന്റെ സ്ഥിതി നോക്കൂ. വിവിധ ജില്ലകളിൽ കുറവുള്ള സീറ്റുകളുടെ എണ്ണം ബ്രാക്കറ്റിൽ. മലപ്പുറം (22329), പാലക്കാട് (10251), കോഴിക്കോട് (9958), കണ്ണൂർ (6814), കാസർകോട് (5009). ആശങ്കാജനകമാണ് കുട്ടികളുടെ ഉന്നത പഠനം.
കൊല്ലം (3935), വയനാട് (2812), തൃശൂർ (2597), തിരുവനന്തപുരം (2516) ജില്ലകളിലും സീറ്റുകൾ കുറവുണ്ട്.
ഗവൺമെന്റ് മേഖലയിലെ മറ്റു ഉപരിപഠന കോഴ്‌സുകൾ തിരഞ്ഞെടുത്താലും മലബാറിലെ നാൽപതിനായിരത്തോളം കുട്ടികൾ പുറത്തു തന്നെയായിരിക്കും. 2019ലെ കണക്ക് പ്രകാരം പത്തനംതിട്ടയിൽ 11, ആലപ്പുഴയിൽ 12, കോട്ടയത്ത് 8, ഇടുക്കിയിൽ 10, എറണാകുളത്ത് 12 എന്നിങ്ങനെ ഒറ്റ കുട്ടികളും ഇല്ലാതെ ബാച്ചുകൾ ഒഴിഞ്ഞുകിടക്കുന്നു.
7838 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടി സംസ്ഥാനത്ത് ഏറ്റവും എപ്ലസുള്ള ജില്ലയായ മലപ്പുറത്തിന്റെ അവസ്ഥയാണ് വളരെ പരിതാപകരം. 99.39 വിജയശതമാനവും 75554 വിദ്യാർത്ഥികൾ തുടർപഠനത്തിന് യോഗ്യത നേടിയെങ്കിലും 22329 വിദ്യാർത്ഥികൾക്ക് പഠിക്കാൻ സീറ്റില്ല. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് മേഖലയിൽ ആകെ 53225 സീറ്റുകളാണ് ജില്ലയിൽ നിലവിലുള്ളത്. 10% സീറ്റ് വർധിപ്പിച്ചാൽ 4150, 20% സീറ്റുകൾ വർധിപ്പിച്ചാൽ 8300 മാത്രമേ ആവുകയുള്ളൂ. എന്നാലും 14000ത്തിലധികം വിദ്യാർത്ഥികൾക്ക് തുടർപഠനാവസരമുണ്ടാകില്ല.
2003 മുതൽ കേരളത്തിലെ വിദ്യാർത്ഥി സംഘടനകൾ മാറിമാറി അധികാരത്തിലേറുന്ന മുന്നണികളെ ഈ ദുരവസ്ഥ ഓർമപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇക്കാലമത്രയും പരിഹാരമുണ്ടായിട്ടില്ല. കണ്ണിൽ പൊടിയിടാൻ വേണ്ടി അരലക്ഷം സീറ്റുകൾ വേണ്ടിടത്ത് 20 ശതമാനം സീറ്റുകൾ വർധിപ്പിക്കുന്നുവെന്നു പറയുമെന്നു മാത്രം. കാൽ ലക്ഷത്തോളം സീറ്റു കുറവുള്ള മലപ്പുറം ജില്ലയിൽ പരമാവധി അനുവദിക്കാറുള്ളത് 8000 സീറ്റുകളാണ്. ആ വർഷം കഴിയുമ്പോൾ ഈ താൽക്കാലിക സീറ്റുകൾ റദ്ദാവുകയും ചെയ്യും.
ഇതിനൊരു ശാശ്വത പരിഹാരം കണ്ടെത്താൻ സർക്കാർ മുന്നോട്ടുവരണം. ഹയർസെക്കണ്ടറിയില്ലാത്ത കലാലയങ്ങളിൽ പുതിയ പ്ലസ്‌വൺ അനുവദിക്കുകയും ബാച്ചുകൾ കുറവുള്ള സ്ഥലങ്ങളിൽ ആവശ്യമായ ബാച്ചുകൾ സംവിധാനിക്കുകയും വേണം. മറ്റു ജില്ലകളിൽ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ മലബാറിലേക്ക് സ്ഥിരമായി മാറ്റുകയാണ് പോംവഴിയെങ്കിൽ അതിനുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കണം. കാര്യക്ഷമമായും വളരെ വേഗത്തിലും ഈ വിഷയത്തിൽ സർക്കാർ ഇടപെട്ടില്ലെങ്കിൽ വരുംകാലങ്ങളിൽ അവഗണനയുടെ തോത് ഉയരുകയേയുള്ളൂ.

മുബഷിർ മഞ്ഞപ്പറ്റ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ