ഇസ്‌ലാം ദീനിനെ അടിസ്ഥാനപരമായി നിർവചിക്കുകയും മതത്തിന്റെ അടിത്തറയായി വൈജ്ഞാനിക ലോകം ഗണിക്കുകയും ചെയ്യുന്ന ഹദീസുകളിൽ സുപ്രധാനമാണ് ഹദീസു ജീബ്‌രീൽ(അ). ഇസ്‌ലാം, ഈമാൻ, ഇഹ്‌സാൻ എന്നീ ദീനിന്റെ മൂന്ന് തലങ്ങളിലൂന്നിയുള്ള മുഹമ്മദ് നബി(സ്വ)യും ജിബ്‌രീലും(അ) തമ്മിലുള്ള സംഭാഷണമാണ് ഹദീസിന്റെ പശ്ചാത്തലം. ശഹാദത്ത് കലിമ, നിസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് തുടങ്ങിയ ബാഹ്യമായ കർമങ്ങളെ ഇസ്‌ലാമായും അല്ലാഹു, മലാഇകത്ത്, വേദഗ്രന്ഥങ്ങൾ, അമ്പിയാക്കൾ, അന്ത്യദിനം, ഖദ്ർ-ഖളാഅ് എന്നിവയിലുള്ള ആന്തരിക വിശ്വാസങ്ങളെ ഈമാനായും ഇലാഹീ സാമീപ്യത്തിലൂന്നിയ സമർപ്പണങ്ങളെ ഇഹ്‌സാനായും വേർതിരിക്കുന്നതാണ് പ്രസ്തുത ഹദീസിന്റെ ഇതിവൃത്തം (സ്വഹീഹുൽ ബുഖാരി: 50, സ്വഹീഹ് മുസ്‌ലിം: 8).
ഒരേ ആശയത്തെ പ്രതിനിധാനം ചെയ്യുന്ന ദീൻ, ശരീഅത്ത്, മില്ലത്ത് തുടങ്ങിയ പ്രയോഗങ്ങളുടെ ശരിയായ പൂർണത ഇസ്‌ലാം, ഈമാൻ, ഇഹ്‌സാൻ എന്നിവയുടെ സംസ്ഥാപനത്തിലൂടെയാണെന്നു സാരം. ഹദീസു ജിബ്‌രീലിൽ പരാമർശിക്കപ്പെട്ട ഈ മൂന്ന് കാര്യങ്ങളിൽ നിന്നാണ് യഥാക്രമം ഇൽമുൽ ഫിഖ്ഹ്, ഇൽമുൽ ഉസ്വൂൽ, ഇൽമുത്തസ്വവ്വുഫ് എന്നിവ പണ്ഡിതലോകം പിൽക്കാലത്ത് കടഞ്ഞെടുത്തത് (ഇമാം അഹ്‌മദ് സർറൂഖ്(റ)-ഇഗ്തിനാമുൽ ഫവാഇദ് പേ. 26-27, ഇമാം സുബ്കി(റ)-ത്വബഖാതുശ്ശാഫിഇയ്യത്തിൽ കുബ്‌റാ 1/117, ഇമാം ഖസ്ത്വല്ലാനി(റ)-ഇർശാദുസ്സാരീ 1/40).

തസ്വവ്വുഫും ത്വരീഖത്തും

അല്ലാഹുവിനെ അനുഭവിക്കുകയെന്ന ഉന്നതമായ മുശാഹദയും അല്ലാഹു അടിമകളെ സവിസ്തരം നിരീക്ഷിക്കുന്നുവെന്ന മുറാഖബയും കൈവരിച്ച് ഇബാദത്ത് ചെയ്യുകയെന്നാണ് ഇഹ്‌സാനിന് തിരുനബി(സ്വ) നൽകിയ നിർവചനം (ഇമാം സകരിയ്യൽ അൻസ്വാരി(റ)-മിൻഹതുൽ ബാരീ 1/ 227). ഇഹ്‌സാനിന്റെ താഴെ തലം മുതൽ ഉന്നതിയിലേറാൻ ഇൽമുത്തസ്വവ്വുഫ് മനുഷ്യനെ പ്രാപ്തനാക്കുന്നു. ‘അല്ലാഹുവിലേക്കുള്ള കളങ്കമേൽക്കാത്ത പ്രയാണം’ എന്ന പ്രമേയമാണ് തസ്വവ്വുഫിന് പറയപ്പെട്ട രണ്ടായിത്തോളം നിർവചനങ്ങളുടെ സത്തയെന്ന് ഇമാം അഹ്‌മദ് സർറൂഖ്(റ) സമർത്ഥിക്കുന്നത് കാണാം (ഖവാഇദുത്തസ്വവ്വുഫ്: 24).
എന്നാൽ, ഇസ്‌ലാമും ഈമാനുമില്ലാതെ ഒരിക്കലും ഇഹ്‌സാൻ/തസ്വവ്വുഫ് ശരിപ്പെടുകയില്ല എന്നാണ് വസ്തുത. അതേസമയം, തസ്വവ്വുഫില്ലാതെ മറ്റുള്ളവ പരിപൂർണമാവുന്നതുമല്ല (ഇഗ്തിനാമുൽ ഫവാഇദ് പേ. 26-27). ഈ വിധത്തിൽ പരസ്പര പൂരകങ്ങളായ ബാഹ്യ-ആന്തരിക ക്രമീകരണങ്ങളിലൂടെയാണ് മുസ്‌ലിം ജീവിത വിജയം കുറിക്കുക. സൂറത്തുയൂനുസിലെ 57ാം സൂക്തം ഇത് ഒന്നുകൂടി വ്യക്തമാക്കുന്നു: ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവിൽ നിന്നു നിങ്ങൾക്ക് സദുപദേശവും ഹൃദയങ്ങളിലുള്ളവയ്ക്ക് നിവാരണവും വിശ്വാസികൾക്ക് സന്മാർഗവും അനുഗ്രഹവും വന്നുകഴിഞ്ഞിരിക്കുന്നു. ഇത് വിശദീകരിച്ച് ഇമാം ബിഖാഈ(റ) കുറിച്ചു: സൃഷ്ടികളുടെ ബാഹ്യവശം സംസ്‌കരിക്കാനാവശ്യമായതിനെ സംബന്ധിച്ചാണ് ‘സദുപദേശം’ എന്നു പ്രയോഗിച്ചത്. അതാണ് ശരീഅത്ത്. ആന്തരികമായ ശുദ്ധീകരണമാണ് ‘ശിഫാ’ അടയാളപ്പെടുത്തുന്നത്. അതാണ് ത്വരീഖത്ത്. ഹൃദയങ്ങളിൽ അല്ലാഹുവിന്റെ പ്രകാശം പ്രത്യക്ഷമാകലാണ് ‘മാർഗദർശനം’. അതാണ് ഹഖീഖത്ത് (നള്മുദ്ദുറർ 9/ 144-145).
ശരീഅത്ത്, ത്വരീഖത്ത്, ഹഖീഖത്ത് എന്നിവ പരസ്പര വിരുദ്ധങ്ങളായ സംജ്ഞകളല്ല. ശരീഅത്തിലൂടെ ബാഹ്യം ശുദ്ധീകരിച്ച് വേണം ത്വരീഖത്തിലെത്താൻ. ശരീഅത്തിലൂടെയും ത്വരീഖത്തിലൂടെയുമാണ് ഹഖീഖത്ത് കരഗതമാവുക. ഈ ക്രമത്തെ ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ) വിവരിച്ചത് മനോഹരമായാണ്. അദ്ദേഹം ശരീഅത്തിനെ കപ്പലിനോടും ത്വരീഖത്തിനെ സമുദ്രത്തോടും ഹഖീഖത്തിനെ അമൂല്യമായ മുത്തിനോടും ഉപമിച്ചു (ഹിദായതുൽ അദ്കിയാഅ്).

ത്വരീഖത്തും ശരീഅത്തും

അല്ലാമാ ഇബ്‌നു അജീബ(റ) ഈഖാളുൽ ഹിമമിൽ പറഞ്ഞതു പ്രകാരം, ബാഹ്യമായ കർമങ്ങളെ ക്രമീകരിക്കുന്ന ശരീഅത്തും ആന്തരികമായ ആത്മീയ ഗുണങ്ങളെ ക്രമീകരിക്കുന്ന ത്വരീഖത്തും തമ്മിലുള്ള ബന്ധം, ഭാഷാപഠനത്തിൽ വ്യാകരണ ശാസ്ത്രവും (ഇൽമുന്നഹ്‌വ്) അലങ്കാര ശാസ്ത്രവും (ഇൽമുൽ മആനീ) തമ്മിലുള്ള പാരസ്പര്യം പോലെ സുദൃഢമാണ്. അഥവാ ഇൽമുന്നഹ്‌വ് ഇല്ലാതെ ഇൽമുൽ മആനീ ഉണ്ടാവില്ല. ഇതുപോലെ ശരീഅത്തില്ലാതെ ത്വരീഖത്തും ഉണ്ടാകില്ല (ഇമാം സുയൂത്വി(റ)-തഅ്‌യീദുൽ ഹഖീഖത്തിൽ അലിയ്യ: 21, ഇമാം ശഅ്‌റാനി(റ)-ലവാഖിഹുൽ അൻവാരിൽ ഖുദ്‌സിയ്യ).
ഇമാം ശഅ്‌റാനി(റ) എഴുതി: ത്വരീഖത്തിൽ പ്രവേശിക്കുന്നവന് വഴിതെറ്റാതിരിക്കണമെങ്കിൽ ശരീഅത്തിൽ നിന്ന് അനുനിമിഷം പോലും വ്യതിചലിക്കാതെ മുജ്തഹിദുകളും അവരെ അനുഗമിച്ച ഇമാമുകളും സ്വീകരിച്ച മാർഗം പൂർണമായി അംഗീകരിക്കലും അല്ലാത്തവ തള്ളിക്കളയലും അനിവാര്യമാണ് (ലത്വാഇഫുൽ മിനൻ: 88). ഇത്തരത്തിൽ ശരീഅത്ത്, ത്വരീഖത്ത് എന്നിവ പരസ്പര പൂരകങ്ങളാണെന്നും ശരീഅത്തില്ലാതെയുള്ള ത്വരീഖത്ത് അംഗീകൃതമല്ലെന്നും ഇമാമുകൾ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട് (നോക്കുക: അൽഅജ്‌വിബതുൽ മർളിയ്യ: 155, ഈഖാളുൽ ഹിമം: 31, മസ്‌ലകുൽ അത്ഖിയാഅ്: 13).

ശൈഖും ത്വരീഖത്തും

ദീനിന്റെ മൂന്നിലൊരു ഭാഗമായ ഇഹ്‌സാനിന് മൂന്ന് മർത്തബകളാണുള്ളത്. ഒന്ന്: കർമങ്ങൾ, അവയുടെ അനിവാര്യ ഘടകങ്ങളും നിബന്ധനകളും പാലിച്ചുകൊണ്ടുള്ളത്. രണ്ടും മൂന്നും നേരത്തെ സൂചിപ്പിച്ച മുറാഖബയും മുശാഹദയുമാണ് (മിൻഹതുൽ ബാരീ 1/ 227). സാധാരണക്കാരടക്കം എല്ലാവർക്കും നിർബന്ധമായിട്ടുള്ളത് ആദ്യ മർത്തബയാണ്. ഇതോട് കൂടി പൂർണമാകുന്ന നിർബന്ധമായ ദീനിന് സവിശേഷമായ പരിപൂർണത കൈവരിക്കുന്ന ഘട്ടങ്ങളാണ് തുടർന്നുള്ള രണ്ട് മർത്തബകൾ. അടിസ്ഥാനപരമായ ഇഹ്‌സാൻ പൂർത്തീകരിച്ച് ഉന്നത പദവികളിൽ പ്രയാണമാരംഭിച്ച സാലികീങ്ങൾക്ക് ത്വരീഖത്ത് ബുദ്ധിപരമായ അനിവാര്യതയാണ്. അല്ലാമാ ശാലിയാത്തി(റ) വിശദീകരിക്കുന്നു: ശൈഖിനെ തേടൽ ശർഇയ്യായ നിർബന്ധ കടമയല്ല. മറിച്ച്, ബുദ്ധിപരമായ അനിവാര്യതയാണ്. ദാഹിച്ച് വലഞ്ഞവന് ജീവജലം കിട്ടിയില്ലെങ്കിൽ മൃതിയടയുമെന്നതിനാൽ വെള്ളം തേടൽ ബുദ്ധിപരമായ അനിവാര്യതയാവുന്നത് പോലെയാണിതും. അല്ലാഹുവിനെ ആരാധിക്കുക എന്ന ലക്ഷ്യം മുൻനിർത്തി സൃഷ്ടിക്കപ്പെട്ട അടിമകൾക്ക് ആത്മാർത്ഥമായ ആരാധനയാണ് പ്രാഥമികമായ നിർബന്ധ ബാധ്യത. എന്നാൽ അതിന് തടസ്സമാവുന്നവ തരണം ചെയ്യാൻ പരിപൂർണനായൊരു ശൈഖിലേക്ക് ആവശ്യമെങ്കിൽ അന്വേഷിക്കലും നിർബന്ധമാകും. നിർബന്ധ കൽപ്പനകളും നിരോധനകളും പഠിപ്പിച്ചുതരുന്ന ശൈഖുത്തഅ്‌ലീമിനെ അന്വേഷിക്കൽ മാത്രമാണ് ഏതൊരു വ്യക്തിയോടും മതം നിഷ്‌കർഷിക്കുന്നത്(അല്ലാമാ ശാലിയാത്തി(റ)-അൽഫതാവൽ അസ്ഹരിയ്യ: 53).

ത്വരീഖത്തിനെതിരോ?

തസ്വവ്വുഫിന്റെ നാമധേയത്തിൽ കാപട്യങ്ങളും നാട്യങ്ങളും വ്യാപകമായപ്പോൾ പൊതുവെ ഈ മേഖലയോട് അവഗണനാ മനോഭാവം സംജാതമാവുകയുണ്ടായി. അപ്പോഴാണ് ഇതിലെ സത്യാസത്യങ്ങൾ വേർതിരിക്കേണ്ടി വന്നത് (ഇമാം താജുദ്ദീൻ സുബ്കി(റ)- മുഈദുന്നിഅം: 96, തഅ്‌യീദുൽ ഹഖീഖത്തിൽ അലിയ്യ). വ്യാജ ശൈഖുമാരുടെ അടയാളങ്ങൾ പണ്ഡിതർ ഉണർത്തിയിട്ടുണ്ട്. ഇമാം ഇബ്‌നുൽ ഹാജ്ജ്(റ) അൽമദ്ഖലിലും (3/197-216) ഇമാം ശഅ്‌റാനി(റ) അൽമിനനുൽ കുബ്‌റയിലും (പേ. 107,108) ഇക്കാര്യം വിശദമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ തീർത്തും സത്യസന്ധമായ കാരണങ്ങളാൽ പല തസ്വവ്വുഫ്/ത്വരീഖത്ത് പ്രകടനങ്ങളെയും പണ്ഡിതർ വിമർശിച്ചിട്ടുണ്ട്. എന്നാൽ ഇത് അവർ തസ്വവ്വുഫ്, ത്വരീഖത്തുകൾക്ക് പാടെ എതിരാണെന്ന് വരുത്തിത്തീർക്കാനാണ് ചിലർ ഉത്സാഹിച്ചത്. ഇത് അബദ്ധജഡിലമാണ്. കാരണം, മഹാന്മാരായ പണ്ഡിത നേതൃത്വത്തിന്റെ നിർദേശ പ്രകാരം കൊച്ചുപ്രായം മുതൽ വിദ്യാർത്ഥികൾക്ക് തസ്വവ്വുഫ് പരിശീലിപ്പിക്കുന്നുണ്ട്. മദ്‌റസാ തലങ്ങളിൽ അഖ്‌ലാഖ്, തസ്‌കിയ എന്നീ വിഷയ വർഗീകരണം കേരളത്തിൽ പതിറ്റാണ്ടുകളായി ഉള്ളതാണ്. പള്ളിദർസുകളും ദഅ്‌വാ കോളേജുകളും അനുധാവനം ചെയ്യുന്ന വിശിഷ്ടമായ മഖ്ദൂമീ സിലബസ് സംവിധാനത്തിൽ തസ്വവ്വുഫിന് വലിയ പ്രാധാന്യമുണ്ട്. ‘നീ ഫഖീഹും സ്വൂഫിയുമാവുക. ഏതെങ്കിലുമൊന്നിൽ മാത്രം ഒതുങ്ങരുത്’ എന്ന് ഇമാം ശാഫിഈ(റ) നിർദേശിച്ചത് സുവിദിതം. ഈ ആജ്ഞ ശിരസ്സാവഹിക്കുന്നവരാണ് പണ്ഡിതലോകമെന്ന് പ്രത്യേകം പറയേണ്ടതില്ല. ഈ അർത്ഥത്തിൽ അവരെല്ലാം ആലിമീങ്ങളും സ്വൂഫികളുമായിരുന്നു. ഇൽമ് (വിജ്ഞാനം) കൊണ്ട് പൂർണമായ ആന്തരിക ശുദ്ധി കൈവരിച്ചിട്ടുണ്ടെങ്കിൽ വിദ്യാർത്ഥിക്ക് ശൈഖായി അവന്റെ ഇൽമ് തന്നെ മതിയാകുമെന്നും ആത്മീയ വിശുദ്ധി പൂർണമായിട്ടില്ലെങ്കിൽ മുർശിദായ ഒരു ശൈഖിനെ തേടണമെന്നും ഇമാം ശഅ്‌റാനി(റ) പറഞ്ഞിട്ടുണ്ട് (അൽഅൻവാറുൽ ഖുദ്‌സിയ്യ).
മുറബ്ബിയായ ശൈഖിനെ ലഭിച്ചില്ലെങ്കിൽ ഏറ്റവും സംശുദ്ധമായ ജീവിതവും സുഹ്ദും(പരിത്യാഗം) കർമശാസ്ത്ര പാഠങ്ങളും ശരിയായ പാതയിലേക്ക് വഴികാണിക്കുമെന്ന് ഇമാമുമാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് (അൽഅജ്‌വിബതുൽ മർളിയ്യ: 421, ഇമാം അലിയ്യുൽ മുത്തഖീ-ഹിദായതു റബ്ബീ ഇൻദ ഫഖ്ദിൽ മുറബ്ബീ: 3). സൂക്ഷ്മത, പ്രപഞ്ച പരിത്യാഗം എന്നിവയെക്കുറിച്ചൊരു ഗ്രന്ഥമെഴുതാൻ ഇമാം മുഹമ്മദ് ബ്ൻ ഹസൻ ശൈബാനി(റ)യോട് ശിഷ്യർ അഭ്യർത്ഥിച്ചപ്പോൾ, ഞാൻ കച്ചവടത്തിന്റെ നിയമ സംഹിത പരാമർശിച്ചൊരു ഗ്രന്ഥം രചിച്ചിട്ടുണ്ടല്ലോ എന്നായിരുന്നു മറുപടി.
ഇമാം ശഅ്‌റാനി(റ) കുറിച്ചു: സകരിയ്യൽ അൻസ്വാരി(റ) പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: ആരെങ്കിലും ഫിഖ്ഹിന്റെ എല്ലാ അധ്യായങ്ങളിലും ചിന്തിക്കുകയാണെങ്കിൽ അതിലുള്ള മുഴുവൻ വാക്കുകളും നേർവഴിയിലേക്ക് നയിക്കുന്നതാണെന്ന് അവന് കണ്ടെത്താനാവും. ഇടപാടുമായി ബന്ധപ്പെട്ട ഭാഗം പ്രത്യേകിച്ചും. കാരണം അത് മുഴുവൻ സൂക്ഷ്മതയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് (അൽഅജ്‌വിബത്തുൽ മർളിയ്യ: 421).

ഇസ്തിഖാമത്ത്, കറാമത്ത്

വ്യാജ സൂഫികൾ പലരും ചില ചെപ്പടിവിദ്യകൾ കറാമത്തെ രൂപേണ പ്രദർശിപ്പിച്ച് സാധാരണക്കാരെ കബളിപ്പിക്കുന്നതു കാണാം. എന്നാൽ യഥാർത്ഥമായ കറാമത്ത് ‘ഇസ്തിഖാമത്താ’ണ്. അല്ലാഹുവിൽ യഥാവിധി വിശ്വസിക്കുകയും തിരുനബി(സ്വ)യുടെ അധ്യാപനങ്ങളെ ബാഹ്യമായും ആന്തരികമായും പിൻപറ്റലുമാണ് ഇസ്തിഖാമത്തിന്റെ മർമം. അതുകൊണ്ടാണ് അബൂയസീദ്(റ) ഇങ്ങനെ പറഞ്ഞത്: മതത്തിന്റെ കൽപ്പന-വിരോധനകളിൽ ഒരാളുടെ സമീപനം അറിയുന്നതുവരെ, വെള്ളത്തിൽ മുസ്വല്ല വിരിച്ച് സഞ്ചരിച്ചോ, അന്തരീക്ഷത്തിൽ ചമ്രം പടിഞ്ഞിരുന്നോ അത്ഭുതപ്പെടുത്തിയാൽ പോലും നിങ്ങൾ അയാളെ വിശ്വസിക്കരുത് (ശർഹുൽ ഹികമിൽ അത്വാഇയ്യ). അകത്തും പുറത്തും ഇസ്തിഖാമത്തോടെയാണ് അമാനുഷിക കാര്യങ്ങൾ സംഭവിക്കുന്നതെങ്കിൽ അത് ചെയ്യുന്നവരെ ബഹുമാനിക്കാം, അല്ലാത്തവ പരിഗണനീയമല്ല (ഈഖാളുൽ ഹിമം).
ഒരാൾ വെള്ളത്തിന് മുകളിലൂടെ നടക്കുന്നുവെന്ന് ശൈഖ് അബൂസഈദി(റ)നോട് ചിലർ പറഞ്ഞു. മത്സ്യങ്ങളും തവളകളും അപ്രകാരം തന്നെയല്ലേ എന്നായിരുന്നു അതിന് ശൈഖിന്റെ മറുപടി. മറ്റൊരാൾ പറക്കുന്നുവെന്ന് പറഞ്ഞപ്പോൾ പക്ഷികളും അത് ചെയ്യുന്നുണ്ടല്ലോ എന്ന് അദ്ദേഹം. നിമിഷനേരം കൊണ്ട് മശ്‌രിഖ്-മഗ്‌രിബിലെത്തുന്ന ഒരാളെ കുറിച്ച് പറഞ്ഞപ്പോൾ ഇബ്‌ലീസും അപ്രകാരം തന്നെയല്ലേ എന്നായി അദ്ദേഹം. എങ്കിൽ, പൂർണത എന്നത് അങ്ങയുടെ കാഴ്ചപ്പാടിൽ എന്താണെന്ന ചോദ്യത്തിന് ശൈഖ് ഇങ്ങനെ മറുപടി നൽകി: ബാഹ്യമായി പടപ്പുകളോട് കൂടെയും ആന്തരികമായി സ്രഷ്ടാവിനോട് കൂടെയും ആയിരിക്കുക. ഇസ്തിഖാമത്താണ് ഒരടിമയുടെ പൂർണത (അല്ലാമാ ഇസ്മാഈൽ ബറൂസവീ(റ)-റൂഹുൽ ബയാൻ).

ശരീഅത്തിന്റെ സർവ ശാഖകളിലും അഗാധ ജ്ഞാനവും കർമങ്ങളിൽ അതിയായ സൂക്ഷ്മതയും പ്രപഞ്ച പരിത്യാഗവും മറ്റുള്ളവരോട് ദേഷ്യമോ പകയോ ഇല്ലാതിരിക്കലും മുരീദുമാരെ ദുർമാർഗത്തിൽ നിന്ന് കരകയറ്റാനുള്ള പ്രാപ്തിയുമടക്കം സകല ഗുണങ്ങളും മേളിച്ചവരായിരിക്കണം ത്വരീഖത്തിലെ ശൈഖുമാർ (ശർഹു റഇയ്യത്തിൽ ഇമാം ഹദ്ദാദ്(റ), അൽഇബ് രീസ്, അൽ ഫുൽകുൽ മശ്ഹൂൻ-ഇമാം ശഅ്‌റാനി(റ).
ശൈഖുൽ അക്ബർ ഇബ്‌നു അറബി(റ) പറയുന്നു: ശരീഅത്തിലധിഷ്ഠിതമായ ജീവിതക്രമം ഇല്ലാത്തവൻ വലിയ വിജ്ഞാനങ്ങൾ സംസാരിച്ചാൽ പോലും അദ്ദേഹം ശൈഖ് ആകാൻ അയോഗ്യനാണ് (ഫുതൂഹാത്തുൽ മക്കിയ്യ 2/364).
ശരീഅത്തിന് വിരുദ്ധമായ പ്രവൃത്തിയിലേർപ്പെടൽ സ്വബോധത്തോടെയാണെങ്കിൽ കുറ്റകരവും ഫിസ്ഖുമാണ്. അല്ലാഹുവിൽ ലയിച്ച് മതിഭ്രമം സംഭവിച്ചതു മൂലമാണെങ്കിൽ മാതൃകയാക്കപ്പെടേണ്ടവരല്ല എന്നതുപോലെ എതിർക്കപ്പെടേണ്ടവരുമല്ല. ഇത്തരക്കാരുടെ സത്യാവസ്ഥ മുൻകാല ജീവിതാവസ്ഥകൾ പരിശോധിച്ച് വിലയിരുത്തണമെന്ന് ഇമാം ഇബ്‌നു ഹജർ അസ്ഖലാനി(റ) ഫത്‌വ കൊടുത്തിട്ടുണ്ട് (ഇമാം സഖാവീ(റ)-അൽജവാഹിറു വദ്ദുറർ 2/942).

അവസാന കാലമടുത്താൽ നടേ പറഞ്ഞ നിബന്ധനകൾ മേളിച്ച ഒരു ശൈഖിനെ ലഭിക്കുക എന്നത് പ്രയാസകരമായിരിക്കും. മുരീദിന് വേണ്ട നിബന്ധനകൾ ഇവനിൽ ഇല്ലാത്തതു കൊണ്ടുമായിരിക്കാം ചിലപ്പോൾ അങ്ങനെ സംഭവിക്കുന്നത്. കാരണം, കൊടുക്കാനുള്ള യോഗ്യത പോലെതന്നെ സുപ്രധാനമാണ് സ്വീകരിക്കാനുള്ള യോഗ്യതയും. അങ്ങനെ വന്നാൽ, സന്മാർഗപ്രാപ്തി ലക്ഷ്യംവെച്ച് പ്രയാണമാരംഭിച്ചവൻ എന്ത് ചെയ്യണമെന്ന് പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട്. അല്ലാമ സൈനീ ദഹ്‌ലാൻ(റ) പറയുന്നു: മുർശിദായ ഒരു ശൈഖിനെ ലഭിക്കാതിരുന്നാൽ തിരുനബി(സ്വ)യുടെ മേലിലുള്ള സ്വലാത്തുകളും ഖുർആൻ പാരായണവും ഇമാം ഹദ്ദാദ്(റ) ക്രോഡീകരിച്ച വിർദുല്ലത്വീഫ് പോലുള്ള ഹദീസിൽ വാരിദായ ദിക്‌റുകളും പതിവാക്കുക (തഖ്‌രീബുൽ ഉസൂൽ പേ. 25, ഖവാഇദു തസവ്വുഫ് പേ. 57).

ചുരുക്കത്തിൽ, ദീനിന്റെ ആധാരശിലയായ ഇഹ്‌സാനിന്റെ നിർബന്ധമായ അടിസ്ഥാനതലം കൈകൊണ്ട് കഴിയുംവിധമുള്ള തഖ്‌വയോടെ ജീവിച്ചാൽ മുത്തഖീങ്ങൾക്ക് സ്വർഗമുണ്ടെന്ന (സൂറതുൽ ഹിജ്ർ: 45) സന്തോഷത്തിൽ പങ്കാളിയാവാം. എന്നാൽ ബാഹ്യമായ ശരീഅത്ത് പൂർണമായും ശരിപ്പെടുത്തിയ യോഗ്യരായ സജ്ജനങ്ങൾക്ക് ഇഹ്‌സാനിന്റെ ഉന്നതികൾ പ്രാപിച്ച് അല്ലാഹുവിലേക്ക് കൂടുതൽ സാമീപ്യം കൈവരിക്കുന്നതിന് ത്വരീഖത്തും തർബിയത്തും ആവശ്യമാണ്. ഇത് ശരീഅത്തിന് സവിശേഷമായ പരിപൂർണത നൽകുന്നു. എന്നാൽ അർഹരല്ലാത്ത അടിമകൾ ത്വരീഖത്തിൽ അകപ്പെടുന്നതിനാലോ അനർഹരായ വ്യാജ ശൈഖുമാരെ മുറബ്ബിയായി അവരോധിക്കുന്നതിലോ ഉള്ള അപകടങ്ങൾ അനവധിയാണ്. അത്തരം അബദ്ധങ്ങൾ ഒരുപക്ഷേ കുഫ്‌റിലേക്കും നരകത്തിലേക്കും എത്തിക്കുമെന്ന് ഇമാം ഗസ്സാലി(റ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട് (ഇഹ്‌യാ ഉലൂമുദ്ദീൻ 3/13).
അതിനാൽ പരാജയങ്ങളിൽ ആപതിക്കാതെ സാധാരണക്കാർ അവർക്കുമേൽ നിർബന്ധ ബാധ്യതയായ ശർഇനെ മുറുകെ പിടിക്കുകയാണ് വേണ്ടത്. എങ്കിൽ തന്നെയും വിജയം വരിക്കാനാവും.

 

അബൂബക്കർ അഹ്‌സനി പറപ്പൂർ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ