12വിജ്ഞാന വിതരണ നവോത്ഥാന രംഗത്തെ പ്രൗഢമായ സാക്ഷ്യങ്ങളാണ് പള്ളിദര്‍സുകള്‍. ഭൗതികത്തിമര്‍പ്പ് ഏറിവരുന്ന ഈ കാലത്തും ആത്മീയ പഠനത്തിന് അര്‍ഹമായ ഇടം കണ്ടെത്താന്‍ പള്ളിദര്‍സുകള്‍ക്ക് കഴിയുന്നു. മസ്ജിദുന്നബവിയിലെ അഹ്ലുസ്സുഫ്ഫയില്‍ നിന്ന് നിര്‍ഭവിച്ച വിദ്യാവിപ്ലവം അതിരുകള്‍ ഭേദിച്ച് ലോകം മുഴുവനും പടര്‍ന്നുപിടിച്ചു. അവരാണ് ഹിജ്റ അഞ്ചാം വര്‍ഷം കേരളത്തിന്റെ ആത്മീയ സാരഥ്യം ഏറ്റെടുത്തത്. രണ്ടറ്റങ്ങളിലായി അവര്‍ സഞ്ചാരപഥം താണ്ടി. പള്ളികള്‍ സ്ഥാപിച്ചു. അവിടെയെല്ലാം ദര്‍സ് സംസ്കാരം ഉണ്ടായി. എന്നാല്‍ മഖ്ദൂമുമാരുടെ കാലം മുതല്‍ക്കാണ് വ്യവസ്ഥാപിതമായ ദര്‍സ് സംവിധാനം രൂപപ്പെടുന്നത്. അതിന് മുന്പും കോഴിക്കോട് കുറ്റിച്ചിറയിലും മുദാക്കരയിലും ഖാളി റമളാനുശ്ശാലിയാത്തിയുടെയും പുത്രന്‍ അബൂബക്കര്‍ കാലിക്കൂത്തിയുടെയും ശിക്ഷണത്തില്‍ ദര്‍സ് നടന്നിട്ടുണ്ടെന്ന് ചരിത്രം രേഖപ്പെടുത്തുന്നു.
സൈനുദ്ദീന്‍ മഖ്ദൂമില്‍ കബീര്‍(റ), റമളാനുശ്ശാലിയാത്തിയുടെ ദര്‍സില്‍ 7 കൊല്ലത്തോളം പഠിക്കുകയും പല മഹാ പണ്ഡിതരുടെയും ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. ശേഷം ഈജിപ്തിലെ അല്‍ അസ്ഹറില്‍ ചേര്‍ന്നു. പഠനാനന്തരം കേരളത്തില്‍ വന്ന് പൊന്നാനി വലിയ ജുമുഅത്ത് പള്ളി നിര്‍മിക്കുകയുണ്ടായി, പള്ളി കേന്ദ്രമായി ഉന്നത ദര്‍സും സ്ഥാപിക്കപ്പെട്ടു. അന്നുമുതല്‍ക്കേ വിദൂര ദേശങ്ങളില്‍ നിന്ന് (ജോര്‍ദാന്‍, സിറിയ, യമന്‍, മലേഷ്യ) വിജ്ഞാന ദാഹികള്‍ കേരളത്തിലെത്താറുണ്ടെന്ന് ചരിത്രം.
ഓരോരോ വിഷയങ്ങളില്‍ നൈപുണ്യം നേടിയ വ്യത്യസ്ത പണ്ഡിതരുടെ അടുക്കലേക്ക് പഠനാര്‍ത്ഥം പോയിരുന്ന പതിവിന് മാറ്റം വരുന്നത് മഖ്ദൂമുമാരുടെ കാലത്തോടു കൂടിയാണ്. അഥവാ പ്രത്യേക വിഷയങ്ങളിലൊതുങ്ങാതെ എല്ലാ വിഷയങ്ങളിലും അറിവ് സമ്പാദിക്കുക എന്നതായിരുന്നു പൊന്നാനി സിലബസിന്റെ പ്രത്യേകത. ഈ ശൈലിയാണ് കേരളത്തില്‍ പള്ളിദര്‍സുകള്‍ നടപ്പാക്കുന്നത്. സൈനുദ്ദീന്‍ മഖ്ദൂം(റ) പള്ളിദര്‍സുകള്‍ക്ക് ടെക്സ്റ്റ് ബുക്കുകള്‍ വരെ തയ്യാറാക്കിയിട്ടുണ്ട്. രണ്ടു തട്ടുകളുള്ള പള്ളികളില്‍ മുകള്‍ത്തട്ട് വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാനും മറ്റുമുള്ള സംവിധാനമായത് പൂര്‍വികര്‍ നടപ്പിലാക്കിയ ദര്‍സ് പരിഷ്കരണങ്ങളുടെ ഭാഗമായിരുന്നു. ഇന്നുപക്ഷേ, പ്രതാപങ്ങളുറങ്ങുന്ന പള്ളികള്‍ തുലോം വിരളമായിരിക്കുകയാണ്. ദര്‍സുകള്‍ ശുഷ്കിക്കുകയും ചെയ്തു. പകരം ശരീഅത്ത്, ദഅ്വാ കോളേജുകള്‍ പ്രതീക്ഷ കാക്കുന്നു.
ദര്‍സ് സംവിധാനങ്ങളിലെ ഉപരിപ്ലവങ്ങളെ മാത്രം നോക്കിക്കാണുന്ന സാധാരണക്കാരുടെ തെറ്റായ ധാരണകളാണ് പള്ളിദര്‍സുകളുടെ ഭാഗികമായ ശോഷണത്തിന് കാരണമായത്. വര്‍ഷങ്ങള്‍ നീളുന്ന മതപഠനത്തിന് പഴയതുപോലുള്ള താല്‍പര്യമില്ലാതായതും ആധുനികവല്‍ക്കരണവും ഇതിനു ഹേതുവായിട്ടുണ്ട്. എന്നാല്‍ പള്ളിദര്‍സുകളില്‍ പലതും ഇന്നും വിജ്ഞാന പ്രസരണ രംഗത്ത് പ്രൗഢമായ പ്രതാപങ്ങളെ മുറുകെപ്പിടിക്കുന്നുണ്ട്. മതഗ്രന്ഥങ്ങളിലുള്ള ആഴമേറിയ പനത്തോടൊപ്പം പ്രബോധകര്‍ക്കാവശ്യമായ വിവിധ പരിശീലനങ്ങളും നല്‍കി മതത്തിന്റെ കാവല്‍ക്കാരെ സൃഷ്ടിക്കുകയാണ് അവ. നൂറിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നവയും അതിനോടടുത്ത് മുതഅല്ലിമുകളുള്ളവയുമായ നിരവധി ദര്‍സുകള്‍ സുന്നികള്‍ക്ക് അഭിമാനമായി ഇപ്പോഴും മികച്ചു നില്‍ക്കുന്നത് മതസ്നേഹികളെ കുറച്ചൊന്നുമല്ല ആനന്ദിപ്പിക്കുന്നത്. മലപ്പുറം ജില്ലയില്‍ നിന്നുമാത്രം അത്തരം ചില ദര്‍സുകളിലൂടെ ഒരു യാത്രയാണിത്.
ഹികമിയ്യ : ജുമുഅത്തു പള്ളി
മഞ്ചേരി പാപ്പിനിപ്പാറയിലുള്ള പ്രതാപത്തിന്റെ തെളിമനിറഞ്ഞ ജാമിഅ ഹികമിയ്യ ജുമുഅത്തുപള്ളി കുറേ സുന്നീ പോരാട്ടങ്ങളുടെ കഥകള്‍ പറഞ്ഞുതരുന്നുണ്ട്. ഒരു ഭാഗത്ത് പുത്തന്‍ പ്രസ്ഥാനങ്ങളും മറുഭാഗത്ത് ഫാദര്‍ അലവിയുടെ ക്രൈസ്തവ ലോബികളും യുക്തിവാദികളും നിറഞ്ഞുതുള്ളുമ്പോഴാണ് ചെറുത്തുനില്‍പ്പിന്റെ അധ്യായമായി ജുമുഅത്തുപള്ളി നിര്‍മിതമാകുന്നത്. ഏലായി കൊരമ്പയില്‍ മുഹമ്മദ് ഹാജി എന്ന വാപ്പയാണ് തന്റെ വീടിന്റെ സ്ഥലം കഴിച്ച് ബാക്കി ഭാഗം ഇതിനായി പതിച്ചുനില്‍കിയത്. മര്‍ഹൂം നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്ലിയാരുടെ ഇടപെടലാണ് ഈ ധന്യമുഹൂര്‍ത്തങ്ങള്‍ക്ക് ആവേശം പകര്‍ന്നത്.
ഇപ്പോഴിവിടെ ബഹുമാനപ്പെട്ട പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാരുടെ ആത്മീയ ശിക്ഷണത്തില്‍ 275ല്‍ പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. ഹസന്‍ ബാഖവി പല്ലാര്‍, അലവി സഖാഫി കൊളത്തൂര്‍, മുഹമ്മദ് സഖാഫി, ഖാലിദ് നിസാമി തുടങ്ങിയവരാണ് മറ്റു ഉസ്താദുമാര്‍. വ്യക്തവും പ്രാമാണികവുമായ സമര്‍ത്ഥനങ്ങളാണ് പൊന്മള ഉസ്താദിന്റെ ശൈലി. അവലംബയോഗ്യമായ ഉദ്ധരണങ്ങളെ നിദാന ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ ആധികാരികമാക്കുന്നത് കര്‍മശാസ്ത്രത്തിലുള്ള ഉസ്താദിന്റെ പ്രാവീണ്യത്തെ വെളിപ്പെടുത്തുന്നു. പ്രഗല്‍ഭരായ പണ്ഡിതരില്‍ നിന്ന് നേരിട്ട് ലഭിച്ച വൈജ്ഞാനികാനുഭവങ്ങളുടെ പങ്കുവെക്കലും ഉസ്താദിന്റെ ക്ലാസുകളിലെ മുഖ്യ വിഭവമാണ്.
ആദര്‍ശ വിഷയങ്ങളില്‍ അലവിസഖാഫിയെ പോലുള്ളവരുടെ ഊര്‍ജസ്വലമായ ഇടപെടലുകളുണ്ട്. ഇവിടെ സാഹിത്യസമാജങ്ങള്‍ ശനിയാഴ്ച സുബ്ഹിനു ശേഷം നടക്കും. വര്‍ഷത്തിലൊരിക്കല്‍ കിതാബുകള്‍ ആധാരമാക്കി നടക്കാറുള്ള മത്സരങ്ങളില്‍ ശ്രദ്ധേയമായ സാന്നിധ്യവും വിജയവും ദര്‍സിനുണ്ടാവാറുണ്ട്. പഠനത്തില്‍ നിഷ്കര്‍ഷത കാണിക്കുമ്പോള്‍ തന്നെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ അതീവ തല്‍പ്പരരാണ് വിദ്യാര്‍ത്ഥികള്‍. പാവങ്ങളെ സഹായിക്കുന്നതിലും രോഗികള്‍ക്ക് മരുന്നെത്തിക്കുന്നതിലും അവര്‍ ആനന്ദം കണ്ടെത്തുന്നു. ഭക്ഷണ സംവിധാനം കാന്‍റീനായത് കൊണ്ട് സമയം ലാഭിക്കാന്‍ ഇതിലൂടെ അവര്‍ക്ക് കഴിയുന്നു. സ്കൂളില്‍ പഠിക്കുന്ന മുതഅല്ലിമുകള്‍ക്ക് ഹികമിയ്യയുടെ കീഴില്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അല്‍ഫുര്‍ഖാന്‍ എന്ന പേരില്‍ വിവിധ ഭാഷകളിലുള്ള കയ്യെഴുത്ത് മാസികയും പ്രത്യേക മതതാരതമ്യ പഠനവും സംവാദഖണ്ഡന പരിശീലനവും നടന്നുവരുന്നു.
മഗ്രിബിനു ശേഷമുള്ള ഒന്നാം ദര്‍സ് അവസാനിക്കുമ്പോള്‍ അസ്മാഉല്‍ ബദ്ര്‍ ചൊല്ലിയുള്ള ദുആയും ഹദ്ദാദില്‍ മന്പുറം തങ്ങള്‍ക്കുള്ള ഫാതിഹയും ആത്മീയ വളര്‍ച്ചക്ക് ഏറെ ഉപകരിക്കുന്നു.സുന്നീ രംഗത്ത് തിളങ്ങിനില്‍ക്കുന്ന പല യുവപണ്ഡിതരും ഈ ദര്‍സിന്റെ സന്തതികളാണെന്നതു തന്നെ ലക്ഷ്യസാഫല്യത്തെ ആണയിടുന്നുണ്ട്. സമസ്ത സെക്രട്ടറി, എസ്വൈഎസ് പ്രസിഡന്‍റ്, സുന്നീവോയ്സ് ചീഫ് എഡിറ്റര്‍ പോലുള്ള നിരവധി മേഖലകളില്‍ പൊന്മള ഉസ്താദ് പ്രവര്‍ത്തിക്കുന്നു. അതുകൊണ്ടു കൂടിയാവാം സംഘടാ താല്‍പര്യം ഏറെ വെച്ചുപുലര്‍ത്തുന്നവരാണ് ഇവിടെയുള്ള പഠിതാക്കള്‍. ഹികമിയ്യ പിന്നീട് പല സംരംഭങ്ങളുമായി ഒരു വലിയ സ്ഥാപനമായി മാറിയെങ്കിലും പള്ളിദര്‍സ് അതിന്റെ അകവും തികവും പാലിച്ച് പഴയപടി തന്നെ നിലനില്‍ക്കുന്നു, വൃത്തത്തിലിരുന്നുള്ള സബ്ഖുകളും പള്ളിവാസവും വായിച്ചോത്തും മറ്റുമായി.
ചങ്കരത്ത് സുന്നി മസ്ജിദ്
ഏകദേശം 100 വര്‍ഷത്തെ പഴക്കമുള്ള പള്ളിയാണ് ആന്തിയൂര്‍കുന്ന് ചങ്കരത്ത് സുന്നിമസ്ജിദ്. പില്‍ക്കാലത്ത് ബിദഈ കടന്നുകയറ്റത്തിനിടയില്‍ ഇവിടെ ചെറിയൊരു ഭ്രംശനം ഉണ്ടായി. പക്ഷേ, സുന്നിപക്ഷത്തുള്ള ശൗക്കത്തലി ഹാജിയുടെയും ചെറിയാപ്പു ഹാജിയുടെയും ധീരമായ ഇടപെടല്‍ ബിദഇകളെ തളര്‍ത്തി.
ഏഴു വര്‍ഷമായി ഇവിടെ നടക്കുന്ന ദര്‍സ് തലപ്പാറ പികെഎസ് തങ്ങളുടെ മകന്‍ സയ്യിദ് ഹബീബ് തുറാബ് സഖാഫിയുടെയും സഹമുദരിസുമാര്‍ ഉമര്‍ ഇര്‍ഫാനി കാമില്‍, അബ്ദുസ്സമദ് അഹ്സനി തുടങ്ങിയവരുടെയും നേതൃത്വത്തിലാണ്. എണ്‍പതോളം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. ആഴ്ചയില്‍ ഒരു ദിവസം ഇംഗ്ലീഷ്, ഒരു ദിവസം അറബി, മറ്റൊരു ദിവസം ഉറുദു മാത്രമേ ദര്‍സില്‍ സംസാരിക്കാന്‍ പാടുള്ളൂ. അതുകൊണ്ടുതന്നെ മൂന്നു ഭാഷകളും അനായാസം കൈകാര്യം ചെയ്യാന്‍ മുതഅല്ലിമുകള്‍ക്ക് സാധിക്കുന്നു.
ഭൗതികവിദ്യയുടെ എല്ലാ തലങ്ങളും പള്ളിയില്‍ വെച്ച് തന്നെ പഠിപ്പിക്കുന്നു. വലിയ പുസ്തക സമുച്ചയം പള്ളിലൈബ്രറിയുടെ സ്വത്താണ്. മഹല്ലുകാര്‍ ഒരുമിച്ചുകൂടുന്ന ബദ്ര്‍ സദസ്സ് എല്ലാ മാസവും നടന്നുവരുന്നത് ദര്‍സിന് ആത്മീയ ചൈതന്യം നല്‍കുന്നു. വിദ്യാര്‍ത്ഥികള്‍ക്കുവേണ്ട ഭക്ഷണം, വസ്ത്രം എല്ലാം മഹല്ല് നിവാസികള്‍ ഏറ്റെടുക്കുന്നു. വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്ന മിസ്ബാഹുല്‍ ഹുദാ സാഹിത്യസമാജം ശ്രദ്ധേയമാണ്. അല്‍ഖലമിയ്യ് എന്ന എഴുത്തുമാസികയും സജീവമാണ്. പല വിദ്യാര്‍ത്ഥികളും ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.
ചാലിയം ജുമുഅത്തു പള്ളി
പ്രസിദ്ധമായ ചാലിയം ദര്‍സില്‍ 108 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. പ്രശസ്ത പണ്ഡിതനായ പകര മുഹമ്മദ് അഹ്സനിയുടെ ശിക്ഷണത്തിലാണ് ദര്‍സ് നടക്കുന്നത്. ഭൗതിക വിദ്യാര്‍ത്ഥികള്‍ തീരെയില്ലാതെ ദര്‍സീ ഗ്രന്ഥങ്ങളില്‍ ആഴത്തിലിറങ്ങിയ പഠനമാണ് ഇവിടെ നടക്കുന്നത്. സുബ്ഹ് നിസ്കാരം കഴിഞ്ഞാല്‍ ഖുര്‍ആന്‍ പാരായണശേഷം ഇലയ്ക യാറബ്ബീ ഖദ് വജ്ജഹ്തു ഹാജാതീ എന്ന പ്രസിദ്ധമായ ഖസീദതുഅലിയിലെ 11 വരികള്‍ ആലപിച്ചാണ് ദിവസത്തിന്റെ തുടക്കം.
ആദ്യ സബ്ഖ് ഹദീസ് ഗ്രന്ഥമായ ബുഖാരിയാണ്. പ്രൗഢമായ ശൈലിയാണ് ഉസ്താദ് സ്വീകരിക്കുന്നത്. വ്യാഖ്യാനങ്ങളുടെ ന്യായീകരണങ്ങളും നിദാനശാസ്ത്രങ്ങളുടെ വിശദീകരണങ്ങളും ഉസ്താദുമാരുടെ ഉദ്ധരണങ്ങളും എല്ലാം സബ്ഖിന്റെ പ്രതിപാദ്യങ്ങളാണ്. പലര്‍ക്കും അപരിചിതമായ പല ഗ്രന്ഥങ്ങളും ഇവിടെ പാഠ്യവിഷയങ്ങളാണ്. സാഹിത്യത്തില്‍ ഹമാസയും അലിഫ് ലൈലയും മന്‍ദിഖില്‍ ഉമ്മുല്‍ബറാഹീന്‍, ഖാല അഖൂലുവും ഖലീലത്തു വദിംന, മഖാമാത്തുല്‍ ഹരീരി തുടങ്ങിയ ഗ്രന്ഥങ്ങളും ഇവിടെയുണ്ട്.
തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളി
മാലിക്ബ്നു ദീനാറിന്റെയും സംഘത്തിന്റെയും ശ്രമഫലമായി ആദ്യഘട്ട പള്ളികളുടെ നിര്‍മാണം പൂര്‍ത്തിയായ ശേഷം പ്രബോധന പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി നിര്‍മിച്ച പള്ളിയാണ് തിരൂരങ്ങാടിപ്പള്ളി. ഹിജ്റ 83ലെങ്കിലും സ്ഥാപിക്കപ്പെട്ടിട്ടുണ്ടാകുമെന്ന് ചരിത്രപണ്ഡിത പക്ഷം. ക്രിസ്താബ്ദം 1300നു ശേഷം വടക്കെ ഇന്ത്യയിലെ രാജാവായിരുന്ന സുല്‍ത്താന്‍ മുഹമ്മദ് തുഗ്ലക്കിന്റെ ഉദ്യോഗസ്ഥനായി സേവനം ചെയ്ത ശേഷം തെക്കേ ഇന്ത്യയിലൂടെ സഞ്ചാരത്തിനിറങ്ങിയ അല്ലാമാ ഇബ്നു ബത്തൂത തിരൂരങ്ങാടിയുടെയും വലിയ പള്ളിയുടെയും ചരിത്രം പരാമര്‍ശിച്ചിട്ടുണ്ട്. ഓലകെട്ടി ചെമ്പന്‍ നിറത്തിലുള്ള പുല്ലുമേഞ്ഞ് ഉയര്‍ന്നുനില്‍ക്കുന്ന ഒരു കൊച്ചു മാളികയുള്ള കെട്ടിടമായിരുന്ന വലിയ പള്ളി എന്ന് അദ്ദേഹം പറയുന്നു. ഏകദേശം 365 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഓടുമേഞ്ഞ തട്ടുകളുള്ള പള്ളിയാക്കിയതെന്ന് ചരിത്രപണ്ഡിതനായ നെല്ലിക്കുത്ത് മുഹമ്മദ് മുസ്ലിയാര്‍. പിന്നീട് 1960ല്‍ മൂസാന്‍കുട്ടി മുസ്ലിയാര്‍ എന്ന മഹാപണ്ഡിതരുടെ കാര്‍മികത്വത്തില്‍ ഒരു നവീകരണം നടക്കുകയും ചെയ്തു.
പള്ളിദര്‍സ് സാന്നിധ്യങ്ങളുടെ പ്രൗഢിമങ്ങാത്ത തിരൂരങ്ങാടി പള്ളി ഇന്നും വിജ്ഞാന പ്രസരണത്തിന്റെ ഉദ്യാനമാണ്. മുഹ്യിദ്ദീന്‍ സഅദി കുഴിപ്പുറം ഇവിടെ മുദരിസായി സേവനം അനുഷ്ഠിക്കുന്നു. ദിനംപ്രതി മുദരിസിന്റെ സബ്ഖിന് പുറമെ മുതിര്‍ന്ന വിദ്യാര്‍ത്ഥികളും പതിനഞ്ചോളം സബ്ഖുകള്‍ നടത്തുന്നു. മൊത്തം 73 കുട്ടികള്‍ പഠിക്കുന്നു. ആദര്‍ശ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന മാസാന്ത മുനാളിറയോടൊപ്പം വ്യക്തിഗത മത്സരങ്ങളായി മുബാഹസയും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടക്കുന്നു. ആത്മീയ വിദ്യയോടൊപ്പം ഭൗതിക വിജ്ഞാനവും കരസ്ഥമാക്കുന്നവരാണ് ഭൂരിഭാഗം കുട്ടികളും.
സാഹിത്യ സമാജങ്ങള്‍ക്ക് പുറമെ മാസത്തിലൊരിക്കല്‍ തെരഞ്ഞെടുക്കപ്പെട്ട 8 പ്രഭാഷകര്‍ക്കുള്ള സമാജവും, ആഴ്ചയിലൊരിക്കല്‍ നടക്കുന്ന ഇംഗ്ലീഷ് കമ്യൂണ്‍ ക്ലാസുകളും ദര്‍സിന്റെ വികസനോന്മുഖ സംരംഭങ്ങളുടെ ഭാഗമാണ്. വിശാലമായ ഖുതുബ്ഖാനയും ലൈബ്രറിയും ഇവിടെ സജീവമാണ്.
മന്പുറം തങ്ങളുടെയും മറ്റു മഹാന്മാരുടെയും ആത്മീയ സാന്നിധ്യമാണ് ദര്‍സിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആവേശവും ഊര്‍ജവും നല്‍കുന്നത്. സബ്ഖിന് നിര്‍ണിത സമയമില്ലാത്തത് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ മുഴുകാന്‍ അവസരം നല്‍കുന്നു. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ)ന്റെ പൗത്രനായ ഹിജ്റ 1132ല്‍ വഫാതായ ഖാളി അലി ഹസന്‍ അല്‍ മഖ്ദൂമി പള്ളിയുടെ തൊട്ടടുത്തായി മറപെട്ടു കിടക്കുന്നു.
ഓമച്ചപ്പുഴ പുത്തമ്പള്ളി
വൈലത്തൂരിനടുത്ത പ്രസിദ്ധമായ പള്ളിയാണ് ഓമച്ചപ്പുഴ പുത്തമ്പള്ളി. പ്രസിദ്ധ പണ്ഡിതനും ഫത്ഹുല്‍ മുഈനിന്റെ ശാരിഹും പള്ളിയിലെ ദീര്‍ഘകാല മുദരിസുമായിരുന്ന കരിങ്കപ്പാറ സൂഫി മുഹമ്മദ് മുസ്ലിയാരുടെയും, മോല്യേരുപ്പാപ്പ എന്നു നാട്ടുകാര്‍ ബഹുമാനത്തോടെ വിളിച്ചിരുന്ന പള്ളിയുടെ ദീര്‍ഘകാല ഖാളി ഹാഫിള് അബൂബക്കര്‍ മുസ്ലിയാരുടെയും ഖബ്റുകള്‍ സമീപത്തുതന്നെ സ്ഥിതി ചെയ്യുന്നു. ഇവരുടെ സമീപം ഖുര്‍ആന്‍ ഓതി ദുആ ചെയ്തുകൊണ്ടാണ് മുതഅല്ലിമുകളുടെ ഒരു ദിവസം തുടങ്ങുന്നത്.
പൊന്മള മുഹ്യിദ്ദീന്‍കുട്ടി ബാഖവിയുടെ ശിഷ്യന്‍ മുഹമ്മദ് അഹ്സനി കോഡൂര്‍ പ്രധാന ഉസ്താദ്. 130ലേറെ കുട്ടികള്‍ ഇപ്പോള്‍ ഇവിടെ പഠിക്കുന്നു. സഹ ഉസ്താദുമാരായി ശറഫുദ്ദീന്‍ മുസ്ലിയാര്‍, സുബൈര്‍ മുസ്ലിയാര്‍, ഹസന്‍ കാമിലി തുടങ്ങിയവരുമുണ്ട്. രാവിലെ ഖുര്‍ആന്‍ പാരായണ ശേഷം അസ്മാഉല്‍ ഹുസ്ന ചൊല്ലി പ്രാര്‍ത്ഥനയോടു കൂടി പഠനസപര്യയുടെ ഔപചാരികതകള്‍ക്ക് തുടക്കം കുറിക്കുന്നു. അസ്മാഉല്‍ ബദ്ര്‍ ചൊല്ലി അവസാനിക്കുന്ന ഒന്നാം ദര്‍സും, യാ അക്റമ കൊണ്ട് തുടങ്ങുന്ന രണ്ടാം ദര്‍സും പഠനത്തിന്റെ ആത്മീയ സാന്നിധ്യത്തെയാണ് അടയാളപ്പെടുത്തുന്നത്.
പള്ളിയുടെ പഴയതും ദര്‍സിന്റെ പുതിയതുമായ ഒട്ടേറെ ഗ്രന്ഥങ്ങളുണ്ടിവിടെ. ദര്‍സ് സംഘടനയുടെ കീഴില്‍ ഒട്ടേറെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനറല്‍ ലൈബ്രറി, ഐടിമിഷന്‍, നോണ്‍ ഇന്‍ററസ്റ്റ് ഫണ്ട്, റൈറ്റേഴ്സ് ഫോറം, പബ്ലിഷിംഗ് ബ്യൂറോ തുടങ്ങി പലതും. ങഋഉ, ജഏ, ആരീാ തുടങ്ങിയ ഭൗതിക കോഴ്സുകള്‍ പഠിക്കുന്നവര്‍ വിദ്യാര്‍ത്ഥികളിലുണ്ട്. സ്കൂളില്‍ പോകുന്നവര്‍ക്കായി സ്കൂള്‍ ബസ്സ് പോലും പള്ളിയുടെ സമീപം സജീവമാണ്. എല്ലാ നിസ്കാര ശേഷവും രണ്ടു വരികളില്‍ ക്രമമായി മുതഅല്ലിമുകള്‍ നടന്നുനീങ്ങുന്നത് നയാനന്ദകരമായ കാഴ്ചയാണ്. ദര്‍സിന്റെ നിര്‍ദേശങ്ങള്‍ എഴുതിവെച്ച കമനീയമായ രണ്ടു ഫ്ളക്സുകള്‍ കൗതുകമുളവാക്കുന്നു.
ഒട്ടേറെ പ്രമുഖര്‍ ഇവിടെ ദര്‍സ് നടത്തിയിട്ടുണ്ട്. മര്‍ഹൂം പാനൂര്‍ തങ്ങള്‍, യൂസുഫ് മുസ്ലിയാര്‍ ഒരുമനയൂര്‍, അലവിക്കുഞ്ഞു ഫൈസി തുടങ്ങിയവര്‍ അവരില്‍ ചിലരാണ്. വൈലത്തൂര്‍ ബാവ മുസ്ലിയാര്‍, തിരൂരങ്ങാടി ഹസന്‍ മുസ്ലിയാര്‍ ചേര്‍ന്ന് നടത്തിയ വൈജ്ഞാനിക മുന്നേറ്റത്തെ ഓമച്ചപ്പുഴ സാദരം ഏറ്റെടുത്തിട്ടുണ്ട്.
ചെമ്മാട് ജുമുഅത്ത് പള്ളി
250 വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠനം നടത്തുന്നു. പകര മുഹമ്മദ് അഹ്സനിയുടെ ശിഷ്യന്‍ ജഅ്ഫര്‍ സഖാഫി കയ്പമംഗലം ഏക മുദരിസ്സായി സേവനമനുഷ്ഠിക്കുന്നു. എംബിഎ എടുത്തവര്‍, എഞ്ചിനീയറിംഗ് കഴിഞ്ഞവര്‍, ഇംഗ്ലീഷ് അധ്യാപനരംഗത്ത് പ്രവര്‍ത്തിച്ചവര്‍, വിവാഹിതര്‍, ഗള്‍ഫുകാര്‍ അങ്ങനെ പലരും ഇവിടെ മുതഅല്ലിമുകളാണ്.
ഭൗതിക വിജ്ഞാന രംഗത്ത് നൂറുമേനി കൊയ്യുന്ന ഇവര്‍ക്ക് സ്കൂളുകളെ ആധാരമാക്കേണ്ടി വരുന്നില്ല. ആഴ്ചയില്‍ രണ്ടു തവണ സാഹിത്യ സമാജം നടക്കുന്നു. ഇതിനുപുറമെ പല തവണകളിലായി സെമിനാറുകള്‍, സിംബോസിയങ്ങള്‍, ഇംഗ്ലീഷ് ഡിബൈറ്റുകള്‍ അങ്ങനെ പലതും സംഘടിപ്പിക്കപ്പെടുന്നു. കിതാബുകള്‍ ആധാരമാക്കിയുള്ള ചര്‍ച്ചകള്‍ക്കാണ് പ്രാമുഖ്യം. ശക്തമായ ആദര്‍ശ സംവാദങ്ങള്‍ ഇവിടെ നടക്കുന്നു. ഒരേ സമയം 200 ആളുകള്‍ക്ക് സൗകര്യമായ കാന്‍റീന്‍ പള്ളിയുടെ തൊട്ടടുത്തുതന്നെ സംവിധാനിച്ചിട്ടുണ്ട്. നിര്‍ബന്ധം മാനിച്ച് ബാക്കിയുള്ളവര്‍ ചെലവുകുടി ഉപയോഗപ്പെടുത്തുന്നു. പ്രബോധന മേഖലകളെ പ്രാദേശികവല്‍ക്കരിക്കാതെ അന്താരാഷ്ട്ര മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തിനു ദര്‍സ് പ്രാധാന്യം കല്‍പ്പിക്കുന്നു.
പൊന്മള ജുമുഅത്ത് പള്ളി
62 മുതഅല്ലിമുകള്‍ പഠിക്കുന്നു. പൊന്മള ഉസ്താദിന്റെ ശിഷ്യന്‍ ബഷീര്‍ അഹ്സനി വടശ്ശേരിയാണ് പ്രഥമ ഉസ്താദ്. 20 വര്‍ഷമായി ദര്‍സ് മേഖലയില്‍ സേവനം അനുഷ്ഠിക്കുന്നു. തന്റെ ശിഷ്യന്‍ ജംഷാദ് സഖാഫി രണ്ടാം മുദരിസായും ഉണ്ട്.
ഖുതുബയും വിവിധ ഭാഷാ പ്രസംഗങ്ങളടക്കം ഉജ്ജ്വലമായ സമാജങ്ങളാണിവിടെ നടക്കുന്നത്. ആത്മീയ പഠനത്തിന് ഊന്നല്‍ നല്‍കുന്നതോടൊപ്പം ഭൗതിക പഠനത്തില്‍ കര്‍ക്കശ നിലപാട് തന്നെയാണ് ഉസ്താദ് കൈക്കൊള്ളുന്നത്. ഹോംവര്‍ക്കുകള്‍ പോലും അവര്‍ ശ്രദ്ധിക്കുന്നു. രാവിലെയും രാത്രിയും മാത്രം കാന്‍റീന്‍. ഉച്ചഭക്ഷണം ചെലവുവീടുകളില്‍. നാട്ടുകാരായ അമ്പതോളം കുട്ടികള്‍ക്ക് ആത്മീയ വിദ്യയുടെ മധു നുകരുവാന്‍ ദര്‍സില്‍ പ്രത്യേക സമയം നിശ്ചയിച്ചിട്ടുണ്ട്. മഹാനായ മന്പുറം തങ്ങളാണ് പൊന്മളപ്പള്ളിക്ക് തറക്കല്ലിട്ടത്. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം എല്ലാ വ്യാഴാഴ്ചയും സ്വലാത്ത് നടക്കുന്നു.
ഉപരിസൂചിത ദര്‍സുകളുടെയും ഇവിടെ വിശദീകരിക്കാത്ത മറ്റുള്ളവയും പൊതു സ്വഭാവങ്ങളില്‍ ധാരാളം സമാന ഗുണങ്ങള്‍ കാണാന്‍ കഴിയും. ദൃഢമായ ഗുരുശിഷ്യബന്ധമാണ് ഇവിടെയെല്ലാം രൂപപ്പെടുന്നത്. മുഴുസമയങ്ങളിലും ഗുരുവിന്റെ കര്‍തൃത്വത്തില്‍ നടക്കുന്ന ശിക്ഷണം ഈ ബന്ധത്തെ കൂടുതല്‍ മെച്ചപ്പെടുത്തുന്നു. വിജ്ഞാനരംഗത്തെ ആത്മീയോത്സുക്യം പരിഗണിച്ച് റമളാനിലും ചില മുദരിസുമാര്‍ അവരുടെ നാട്ടിലെ പള്ളികളില്‍ ശിഷ്യഗണങ്ങള്‍ക്ക് ക്ലാസ്സെടുക്കുന്നു. പള്ളിയാകുമ്പോള്‍ അതിന്റെ പവിത്രത പരിരക്ഷിക്കല്‍ സ്വയം ബാധ്യതയായി ഏറ്റെടുക്കാന്‍ മുതഅല്ലിമുകള്‍ക്ക് കഴിയുന്നു.
മതപഠനം എന്നത് സ്രഷ്ടാവിനെ അറിയലാണ്. പ്രകൃതി ശാസ്ത്രത്തിലെ മൈബദിയും ഗോളശാസ്ത്രത്തിലെ തശ്രീഹുല്‍ അഫ്ലാഖും ഗണിത ശാസ്ത്രത്തിലെ ഖുലാസയും ജോമട്രിയിലെ ഉഖ്ലൈദിസും ലോജിക്കിലെ ഖുതുബിയും മുല്ലാഹസനും കാവ്യശാസ്ത്രത്തിലെ സബ്ഉല്‍ മുഅല്ലഖയും സാഹിത്യത്തില്‍ മുഖ്ത്വസറും ക്ഷേത്ര ഗണിതത്തില്‍ രിസാലയുമൊക്കെ ദര്‍സുകളില്‍ പഠിപ്പിക്കപ്പെടുന്നത് സ്രഷ്ടാവിനെ അറിയാനും കണ്ടെത്താനുമാണെങ്കില്‍ തീര്‍ച്ചയായും സൃഷ്ടിയെ പറ്റി പഠിക്കുന്ന ഭൗതിക വിജ്ഞാനം മുതഅല്ലിമിന് ആവശ്യമായി വരുന്നു.
പള്ളിദര്‍സുകളില്‍ ഇതര സംവിധാനങ്ങളെ അപേക്ഷിച്ച് ചെലവ് കുറഞ്ഞ വിദ്യാഭ്യാസ രീതിയാണ് കാണുന്നത്. ബില്‍ഡിംഗ് നിര്‍മാണം, ഭക്ഷണം, ഓഫീസ് തുടങ്ങിയവയിലുണ്ടാകുന്ന സാമ്പത്തിക ബാധ്യതകള്‍ പള്ളിദര്‍സുകളില്‍ കടന്നുവരുന്നില്ല. വീടുകളില്‍ ഭക്ഷണം കഴിക്കുന്നതുകൊണ്ട് വീട്ടുകാര്‍ക്ക് മുതഅല്ലിമിന്റെ മതപരമായ അറിവ് കൈമാറ്റം ചെയ്യപ്പെടുന്ന വിദ്യാ കൈമാറ്റവും ഇതിലൂടെ രൂപപ്പെടുന്നു. കുട്ടികളുടെ ആത്മീയ പരിസരം പള്ളിയാകുമ്പോള്‍ അതിന് സാക്ഷികളാകുന്ന പുറത്തുള്ള കുട്ടികളും അവരിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. അധ്യാപനരംഗത്ത് പുതിയ ഒരു ട്രെയ്നിംഗിന്റെ ആവശ്യമില്ലാത്ത വിധത്തില്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് താഴെ ക്ലാസുകളില്‍ പഠിപ്പിക്കാന്‍ അവസരം നല്‍കുന്നു.
ദര്‍സുകളില്‍ ഗുരുവില്‍ നിന്ന് എപ്പോഴും സംശയ നിവാരണം നടത്താനും പുതിയ ഗവേഷണങ്ങള്‍ക്ക് വഴിതെളിയിക്കാനും സാധിക്കുന്നു. ഡോ. ബെല്‍ എന്നൊരാള്‍ മദ്രാസില്‍ വെച്ച് ഈ രീതി മനസ്സിലാക്കുകയും ഇഗ്ലണ്ടില്‍ പോയി മദ്രാസ് സിസ്റ്റം ഓഫ് എഡ്യുക്കേഷന്‍ എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു. ക്രിസ്ത്യന്‍ മിഷനറിമാര്‍ അവരുടെ സണ്‍ഡേ ക്ലാസുകളില്‍ ഈ ശൈലി നടപ്പാക്കി വരുന്നു. ഈ രീതിയാണ് ഇംഗ്ലണ്ടിലെ പൊതുവിദ്യാഭ്യാസത്തിന്റെ പ്രചരണത്തിന് ആക്കം കൂട്ടിയതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു.
വേഗത കൂടിയ സിലബസ് പള്ളിദര്‍സിലെ വിജ്ഞാന മേഖലയെ കടന്നുപിടിക്കുന്നില്ല. ബുദ്ധികുറഞ്ഞ കുട്ടിക്കും കൂടിയ കുട്ടിക്കും അവരുടെ ശേഷിയുടെ തോതനുസരിച്ച് മുന്നേറാന്‍ ഇവിടെ സാധിക്കുന്നു. ജനങ്ങളുമായി ഇടപഴകുവാനും അവരുടെ അവസ്ഥാന്തരങ്ങളെ അടുത്തറിയാനും കഴിയുന്നതിലൂടെ മാനവീകമായ ഒര ജനസമ്പക്ക വിപ്ലവം കൂടി ഇവിടെ രൂപപ്പെടുന്നു. മോട്ടിവേഷന്‍ ക്ലാസുകള്‍ മിക്ക ദര്‍സുകളില്‍ ഉണ്ടെങ്കിലും അതിനെയെല്ലാം വെല്ലുന്ന ഉസ്താദുമാരുടെ നേരിട്ടുള്ള തസ്കിയത്ത് ക്ലാസുകള്‍ ദര്‍സുകളുടെ പ്രത്യേകതയാണ്. ഉസ്താദിന്റെ ത്യാഗോജ്ജ്വലമായ അനുഭവങ്ങള്‍ ശിഷ്യരുമായി പങ്കുവെക്കുമ്പോള്‍ പാണ്ഡിത്യത്തിന്റെ ആത്മീയ സാന്നിധ്യങ്ങളെ രുചിച്ചറിയാനും ഒപ്പിയെടുക്കാനും വിദ്യാര്‍ത്ഥിക്ക് കഴിയുന്നു.
ദര്‍സ് അവസാനിക്കുന്നുവെന്ന വിലാപം പതിറ്റാണ്ടുകളായി കേട്ടുവരുന്നുവെങ്കിലും അത്തരം പ്രചാരണങ്ങളുടെ വ്യാപകത്വം ചോദ്യം ചെയ്യുന്നതാണ് മുന്‍ വിശകലനങ്ങള്‍. സമാനമായതും പലപ്പോഴും ആളിലും അര്‍ത്ഥത്തിലും മികച്ചു നില്‍ക്കുന്നവയായ വലിയ ദര്‍സുകള്‍ വേറെയും ഉണ്ടെന്നറിയുമ്പോഴാണ് ഓരോ വിശ്വാസിയും സായൂജ്യമടയുന്നു.

ആശിഖ് കെഎ കൊച്ചി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ