മനുഷ്യന് മാത്രമല്ല, ഒന്നിനും ഈ ലോകത്ത് സ്ഥിരമായ നിലനിൽപ്പില്ലെന്ന് പച്ചയായ അറിവാണങ്കിലും ചില വേർപാടുകളും നഷ്ടങ്ങളും പലർക്കും സങ്കൽപ്പിക്കാവുന്നതിലപ്പുറമായിരിക്കും. പ്രത്യേകിച്ചും സ്ത്രീകൾക്ക്. വൈകാരികത സ്ത്രീകളിലാണ് പൊതുവെ കൂടുതലായി കാണപ്പെടുന്നതെന്നതു കൊണ്ടു കൂടിയാണിത്. സിംഗിൾ പാരന്റിംഗിന്റെ (ഏക രക്ഷാകർതൃത്വം) തീക്ഷ്ണത ഏറ്റവും അനുഭവിക്കുന്നതും സ്ത്രീകൾ തന്നെയായിരിക്കും.
കാരണം എന്തുതന്നെയായാലും ഒറ്റയ്ക്കുള്ളൊരു ജീവിതം ആരും ആഗ്രഹിച്ചു തിരഞ്ഞെടുക്കുന്നതല്ല. പലപ്പോഴും അപ്രതീക്ഷിതമായി വിധി നമുക്കായി കാത്തുവെച്ചിരിക്കുന്ന തീരുമാനമാകാം അത്. ദാമ്പത്യ ബന്ധങ്ങളിലുണ്ടാകുന്ന അപാകങ്ങളും സ്വരച്ചേർച്ചയില്ലായ്മയും പങ്കാളിയുടെ അവിചാരിതമായ വിയോഗവുമൊക്കെ ഇത്തരമൊരവസ്ഥയിലേക്ക് ഇണതുണകളെ കൊണ്ടെത്തിക്കുന്നു. വേർപ്പാടിനെ നേരിട്ടാലും പിന്നീട് മുന്നോട്ടുള്ള ജീവിതം അവരെ ഏകാകിയായ രക്ഷാകർത്താവിന്റെ വേഷമണിയിക്കും. കുട്ടികളെ സംബന്ധിച്ച എല്ലാ കാര്യങ്ങളും ഒറ്റയ്ക്കുതന്നെ ചെയ്യേണ്ടതിനാൽ ജീവിതം അവർക്ക് കൂടുതൽ വെല്ലുവിളി നിറഞ്ഞതാകുന്നു. ഏതെങ്കിലും കാരണത്താൽ ഒറ്റപ്പെട്ട രക്ഷിതാവായി കഴിയുന്ന ഒരാളാണ് നിങ്ങളെങ്കിൽ നിങ്ങളുമായി പങ്കുവെക്കാൻ ചില കാര്യങ്ങളുണ്ട്.

ഒറ്റപ്പെട്ട രക്ഷാകർതൃത്വ ജീവിതം നമുക്ക് ഒരുപാട് ബുദ്ധിമുട്ടുകളും വെല്ലുവിളികളും സമ്മാനിക്കുകയും വ്യക്തിജീവിതത്തിലെ ഊർജവും ആത്മവിശ്വാസവും സന്തോഷവുമൊക്കെ കവർന്നെടുക്കുകയും ചെയ്യും. ഏകാകിയായി കഴിയുന്ന ഭാര്യയോ ഭർത്താവോ ജീവിതത്തിൽ നിരവധി പ്രശ്‌നങ്ങൾ നേരിടേണ്ടിവരും. വരുമാനക്കുറവ്, വിട്ടുവീഴ്ച ചെയ്യാൻ കഴിയാത്ത ജീവിതശൈലി, കുട്ടികളിലുണ്ടാകുന്ന മാറ്റങ്ങൾ, ജോലിഭാരം എന്നിവ ചിലതാണ്. ഒറ്റപ്പെട്ട ഏതൊരു രക്ഷാകർത്താവിനും ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്‌നങ്ങളും അതിനുള്ള പരിഹാരങ്ങളും കണ്ടത്താൻ ശ്രമിക്കാം.

പേടിപ്പിക്കുന്ന ഏകാന്തത

ഏകയായി കുട്ടികളോടൊപ്പം ജീവിതം നയിക്കുന്നയാൾ നേരിടേണ്ടിവരുന്ന ആദ്യത്തെ പ്രശ്‌നം ഏകാന്തത തന്നെയാണ്. പുരുഷന്മാർ സൗഹൃദ വലയങ്ങളെയും തൊഴിലിടങ്ങളിലെ ബന്ധങ്ങളും ഉപയോഗപ്പെടുത്തി ഒരുപരിധി വരെ മാനസികമായി പിടിച്ചുനിൽക്കാനും ജീവിതസന്തോഷം കണ്ടെത്താനും ശ്രമിച്ചേക്കും. പക്ഷേ, സ്ത്രീകളുടെ അവസ്ഥ അങ്ങനെയല്ല. സാമൂഹിക ബന്ധങ്ങളും അതുവഴിയുള്ള പങ്കുവെക്കലുകളും ആപേക്ഷികമായി അവരിൽ കുറവായിരിക്കും. ഏകാന്തത അനുഭവപ്പെടുന്നുണ്ടങ്കിൽ അതിനെ മറികടക്കാനുള്ള നല്ല ബന്ധങ്ങളും പങ്കുവെക്കലുകളും സൃഷ്ടിക്കുകയാണ് പ്രാഥമികമായി വേണ്ടത്. ചില തുറന്നു പറച്ചിലുകളിലൂടെ ഒട്ടൊക്കെ മനസ്സിനെ നിയന്ത്രിക്കാൻ സാധിക്കും.
കുടുംബത്തിൽ വെല്ലുവിളികളുണ്ടാകുമ്പോൾ ഒന്ന് ചായാനുള്ള ചുമൽ തരാൻ പങ്കാളി കൂടെയില്ല എന്ന അറിവ് ജീവിതത്തെ ആകെ തളർത്തിക്കളയുന്നതാണ്. കാരണം ഒരിക്കൽ നിങ്ങളുടെ പങ്കാളിയായിരുന്ന ആൾ നിങ്ങളുടെ ജീവിതത്തിൽ നൽകിയ ഒരു പൂർണതയുണ്ട്. അതിപ്പോൾ ഒരു നഷ്ടമായി മുന്നിൽ നിൽക്കുന്നു. മറുവശത്ത് പുതിയൊരു സാഹചര്യത്തിൽ കുട്ടികളോടൊപ്പം ഒറ്റപ്പെട്ട് കഴിയേണ്ടിവരുന്നത് ജീവിതത്തിലെ ഏറ്റവും വൈകാരികമായ ഘട്ടമായി മാറുന്നു. അപ്പോൾ നിങ്ങൾക്ക് ചുറ്റും നിറയുന്നത് ശൂന്യതയും നിശ്ചലതയുമായിരിക്കും. നിങ്ങൾ ഒറ്റക്കല്ലെന്നും കൂട്ടിന് ധാരാളം പേരുണ്ടെന്നും ആദ്യം മനസ്സിലാക്കുക. അയൽക്കാരും കൂട്ടുകാരുമായുമുള്ള ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും സൗന്ദര്യാത്മകമാക്കുകയും ചെയ്യുക. കുട്ടികളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിച്ചുകൊണ്ട് സ്വയം വീണ്ടെടുക്കുകയും ചെയ്യുക. ഉള്ളിലുടലെടുക്കുന്ന നെഗറ്റീവ് ചിന്തകളെ വഴിതിരിച്ചുവിട്ട് ഉൽപാദനപരമായ കാര്യങ്ങൾക്കായി ഊർജം ഉപയോഗിക്കുക. കുട്ടികൾക്കൊപ്പം കൂടുതൽ സമയം വിനിയോഗിക്കുക. അവരുടെ വൈകാരിക ആവശ്യങ്ങൾക്ക് പിന്തുണയായി നിങ്ങളല്ലാതെ ആരുമില്ല എന്ന വസ്തുത തിരിച്ചറിയുക.

ആത്മാഭിമാനവും
സാമൂഹിക ന്യായവിധികളും

സമൂഹത്തിൽ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകൾ നേരിടേണ്ടിവരുന്ന മറ്റൊരു പ്രശ്‌നം സാമൂഹികമായ ന്യായവിധികളുടെ ഭാരമാണ്. വിധവകളെ സമൂഹത്തോട് ചേർത്തുനിർത്തുന്നതിനും അവരുടെ വികാസത്തിനും വലിയ പ്രാധാന്യം നൽകിയ മതമാണ് ഇസ്‌ലാം. അവരെ അകറ്റിനിർത്തുന്നതിന് പകരം പിന്തുണക്കുകയും സഹായങ്ങൾ നൽകുകയുമാണ് സമൂഹം വേണ്ടത്. മാറ്റിനിർത്തൽ അവരെ കൂടുതൽ വിഷമതകളിലേക്കാണ് തള്ളിവിടുക. പിന്തുണക്കാതെ കുറ്റംപറയുന്ന കുടുംബാംഗങ്ങളും സുഹൃത്തുക്കളും അവരെ ബുദ്ധിമുട്ടിലാഴ്ത്തുകയും ആത്മാഭിമാനവും ആത്മവിശ്വാസവും കവർന്നെടുക്കുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളിൽ മാനസികമായി തളരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നാഥനിൽ കൂടുതലായി അഭയം കണ്ടെത്താനുള്ള അവസരമായി ഇതിനെ ഉപയോഗപ്പെടുത്തുന്നത് ജീവിതത്തിൽ വലിയ ഊർജം നൽകും. ആരൊക്കെ എതിർത്തു നിസ്സാരവൽകരിച്ചാലും പരിഹസിച്ചാലും നമ്മെ സ്‌നേഹിക്കുകയും നമ്മുടെ വാക്കുകൾക്കായി കാതുകൾ വിടർത്തിയിരിക്കുകയും ചെയ്യുന്ന ചിലരെ നാഥൻ ഭൂമിയിൽ നമുക്കായി കാത്തുവെച്ചിട്ടുണ്ടാകുമെന്ന് എപ്പോഴും ഓർക്കുക. അത്തരത്തിലുള്ള ഉത്തമ ബന്ധങ്ങളെ കണ്ടെത്താനും ഉപയോഗപ്പെടുത്താനും ശ്രമിക്കാം.

ഇത്തരം സാഹചര്യങ്ങളിൽ ചൂഷണങ്ങളിലും ചതിക്കുഴികളിലും വീണുപോവാനുള്ള സാധ്യത കൂടുതലാണെന്ന ബോധം എപ്പോഴും വേണം. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധയോടെയും സാവകാശത്തിലുമായിരിക്കണം തീരുമാനങ്ങളെടുക്കേണ്ടത്.
നിങ്ങളിൽ വിശ്വസിക്കുകയും പ്രതിസന്ധി ഘട്ടങ്ങളിൽ മുൻവിധിയൊന്നും കൂടാതെ നിങ്ങളെ മനസ്സിലാക്കുകയും സഹായിക്കുകയും ചെയ്യുന്ന ആളുകളുമായി അടുത്തുനിൽക്കുക. നഷ്ടപ്പെട്ട മൂല്യബോധം വീണ്ടെടുക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക. ഒറ്റയ്ക്കുള്ള രക്ഷാകർതൃ ജീവിതം കഠിനമായ പരീക്ഷണമാണെന്നും അതിൽ വിജയിക്കണമെങ്കിൽ ആത്മവിശ്വാസം കൈവിടാതെ സൂക്ഷിക്കണമെന്നും സദാ മനസ്സിനെ ബോധ്യപ്പെടുത്തുക. ആത്മവിശ്വാസം വളർത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും സ്വന്തം കഴിവിൽ സംശയിക്കാതെ മുന്നോട്ടുപോവുകയും ചെയ്യുക.

 

എംഎസ് കാരക്കുന്ന്

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ