പരിശുദ്ധ ഖുർആൻ ഒരേയൊരു പുണ്യത്തെ കുറിച്ച് മാത്രമേ അക്ബർ( ഏറ്റവും വലുത്) എന്ന് പരാമർശിച്ചിട്ടുള്ളൂ. ഏതാണ് ആ അക്ബറായ അഥവാ ഏറ്റവും വലിയ പുണ്യം? ദിക്ർ തന്നെ. ഖുർആൻ പറയുന്നു: ‘തീർച്ച, അല്ലാഹുവിനുള്ള ദിക്‌റ് ഏറ്റവും വലുതാണ്. നിങ്ങൾ പ്രവർത്തിക്കുന്നത് അല്ലാഹു അറിയുന്നു’ (സൂറത്തുൽ അൻകബൂത്ത് 29). ഹിജ്‌റ അഞ്ചാം നൂറ്റാണ്ടുകാരനായ പ്രമുഖ ഖുർആൻ പണ്ഡിതൻ ശൈഖ് ഹുസൈനുൽ ബഗ്‌വീ(റ) രേഖപ്പെടുത്തി: ആരാധനാ കർമങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായത് ദിക്‌റാണ് (തഫ്‌സീർ മആലിമുത്തൻസീൽ). മുആദ് ബ്ൻ ജബൽ(റ) റിപ്പോർട്ട് ചെയ്യുന്ന നബി വചനത്തിൽ ഇങ്ങനെ പറയുന്നു: ‘റസൂൽ(സ്വ) അരുൾ ചെയ്തു; അല്ലാഹുവിന്റെ ശിക്ഷയെ തടയാൻ ദിക്‌റിനേക്കാൾ പര്യാപ്തമായ മറ്റൊരു സദ്കർമവും മനുഷ്യർക്ക് ചെയ്യാനില്ല’ (ഇമാം അഹ്‌മദ്, ത്വബ്‌റാനീ, ബൈഹഖി).
ദിക്‌റിന്റെ അപാരമായ മഹത്ത്വം വിളിച്ചോതുന്ന ഒരു സംഭവം ഖുർആൻ പങ്ക് വെക്കുന്നുണ്ട്. ‘മിണ്ടരുത്, പക്ഷേ ധാരാളം ദിക്ർ ചൊല്ലണം’ എന്നൊരു കൽപനയാണത്. സംഭവം ഇങ്ങനെ: സകരിയ്യാ നബി(അ)യും പത്‌നി അശ്ബഉം മക്കളില്ലാത്ത വൃദ്ധ ദമ്പതികളാണ്. നൂറോളം വയസ്സുള്ള സകരിയ്യാ(അ) സന്താന സൗഭാഗ്യത്തിനായി ദുആ ചെയ്തു. ഒരിക്കൽ മഹാൻ നിസ്‌കരിച്ചുകൊണ്ടിരിക്കെ മലക്കുകൾ ആ സന്തോഷവാർത്തയുമായി വന്നു. അപ്പോൾ നബി ആശ്ചര്യത്തോടെ ചോദിച്ചു: ‘എന്റെ നാഥാ, എനിക്ക് എങ്ങനെയാണ് സന്താനം ജനിക്കുക?! എന്നെ വയോവാർധക്യം ബാധിച്ചിട്ടുണ്ടല്ലോ. മാത്രമല്ല, എന്റെ ഭാര്യ വന്ധ്യയുമാണ് ( ആലു ഇംറാൻ 40). അപ്പോൾ അല്ലാഹു പറഞ്ഞു: അതങ്ങനെയാണ്, അല്ലാഹു താൻ ഉദ്ദേശിക്കുന്നതെന്തും നടപ്പിൽ വരുത്തുന്നതാണ്.
അപ്പോൾ സകരിയ്യാ(അ)ക്ക് ആകാംക്ഷയേറി. നബി ചോദിച്ചു: എന്റെ നാഥാ, എനിക്ക് ഒരു ദൃഷ്ടാന്തം നൽകണം. അല്ലാഹു പറഞ്ഞു: നിനക്കുള്ള ദൃഷ്ടാന്തം മൂന്ന് ദിവസത്തേക്ക് താങ്കൾക്ക് ആംഗ്യഭാഷയിലല്ലാതെ സംസാരിക്കാൻ കഴിയില്ല എന്നതാണ് (ആലു ഇംറാൻ 42). തുടർന്ന് നബിക്ക് മൂന്ന് ദിവസത്തേക്ക് സംസാരിക്കാൻ കഴിയാതെ വരുന്നു. ആ സന്ദർഭത്തിലും അല്ലാഹു നബിയോട് കൽപിക്കുന്നു: ‘താങ്കൾ തന്റെ റബ്ബിനു വേണ്ടിയുള്ള ദിക്ർ വർധിപ്പിക്കണം. പ്രഭാതത്തിലും പ്രദോഷത്തിലും അവന് തസ്ബീഹ് നിർവഹിക്കുക (സൂറത്ത് ആലു ഇംറാൻ 42). സംസാരിക്കാൻ കഴിയാത്ത സവിശേഷ സാഹചര്യത്തിൽ പോലും ദിക്‌റ് നിർവഹിക്കണമെന്ന് മാത്രമല്ല, ദിക്‌റ് വർധിപ്പിക്കണമെന്ന് കൂടിയാണ് അല്ലാഹുവിന്റെ കൽപന. ഹിജ്‌റ ഒന്നാം നൂറ്റാണ്ടുകാരനായ പ്രമുഖ ഖുർആൻ പണ്ഡിതൻ മുഹമ്മദ് ബിൻ കഅ്ബിൽ ഖുറളീ(റ) പറയുന്നു: ദിക്‌റ് നിർവഹണത്തിൽ അല്ലാഹു ആർക്കെങ്കിലും വിട്ടുവീഴ്ച നൽകുമായിരുന്നെങ്കിൽ സകരിയ്യാ നബി(അ)ക്ക് നൽകുമായിരുന്നു (തഫ്‌സീർ ത്വബരീ, ഖുർത്വുബീ). ജീവൻ മരണ പോരാട്ടം നടക്കുന്ന യുദ്ധക്കളത്തിൽ പോലും ദിക്‌റിന് മുടക്കം വരുത്തരുതെന്ന് വിശുദ്ധ ഖുർആൻ ഊന്നിപ്പറഞ്ഞു: ‘വിശ്വാസികളേ, നിങ്ങൾ അക്രമിസംഘത്തോട് ഏറ്റുമുട്ടുന്നതായാൽ അടിയുറച്ച് നിൽക്കണം, അല്ലാഹുവിനുള്ള ദിക്‌റ് വർധിപ്പിക്കുകയും ചെയ്യണം, നിങ്ങൾ വിജയം വരിക്കുന്നതിനാണത്’ (സൂറത്തുൽ അൻഫാൽ 45). ദിക്‌റ് എന്നാൽ ഓർമയാണ്, സ്മരണയാണ്. അതുകൊണ്ട് അല്ലാഹുവിനെ ഓർത്താൽ മതി, ദിക്‌റുകൾ ചൊല്ലണമെന്നില്ല എന്ന നിലപാട് ഖുർആൻ അംഗീകരിക്കുന്നില്ല. ഇലാഹീ ചിന്ത പുണ്യകരമാണ്. എന്നാൽ അതോടൊപ്പവും അല്ലാതെയും അല്ലാഹുവിന്റെ ദിക്ർ വചനങ്ങൾ ഉരുവിട്ടുകൊണ്ടിരിക്കുന്നതും ശ്രേഷ്ഠകർമമത്രെ. മനസ്സിലൂന്നിയ ദിക്‌റുകൾ നാവിലൂടെ വിശുദ്ധ മന്ത്രമായി പ്രവഹിക്കണമെന്നാണ് ഖുർആൻ പഠിപ്പിക്കുന്നത്. ‘താങ്കൾ നാഥനുള്ള ദിക്‌റ് മനസ്സിൽ നിർവഹിക്കണം, സംഭീതിയോടെ, കേണപേക്ഷയോടെ. അമിത ശബ്ദമില്ലാതെ, രാവിലെയും വൈകുന്നേരങ്ങളിലും. അശ്രദ്ധരിൽ താങ്കൾ അകപ്പെട്ടുപോകരുത് (സൂറത്തുൽ അ അ്‌റാഫ് 205). ശബ്ദത്തിൽ ദിക്‌റുകൾ ഉരുവിടണമെന്ന് വളരെ വ്യക്തമായ ഖുർആൻ കൽപനയാണിത്. നബി(സ്വ)യും അങ്ങനെയാണ് ഉദ്‌ബോധിപ്പിക്കുന്നത്. അബൂഹുറൈറ(റ) പറയുന്നു: നബി(സ്വ) അരുൾ ചെയ്തു: ‘അല്ലാഹു പറഞ്ഞിട്ടുണ്ട്, എന്റെ അടിമ ചുണ്ടുകൾ ചലിപ്പിച്ചുകൊണ്ട് എന്നെ ഓർക്കുമ്പോഴെല്ലാം ഞാൻ അവന് തുണയായി ഉണ്ടായിരിക്കും (സ്വഹീഹുൽ ബുഖാരി 7524).

 

സുലൈമാൻ മദനി ചുണ്ടേൽ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ