മാനുഷിക മൂല്യങ്ങൾക്ക് ലോകത്തോളം വിലയുണ്ട്. വൈവിധ്യങ്ങൾക്കും വൈജാത്യങ്ങൾക്കുമപ്പുറം മനുഷ്യനെ ബഹുമാനിക്കാനും ആദരിക്കാനും ഉള്ളിൽ മൂല്യങ്ങൾ കാത്തുപോരുന്നവർക്കേ സാധിക്കൂ. തന്റേതായ ആവശ്യങ്ങൾക്ക് മാത്രം പരിഗണന നൽകുകയും അപരരുടെ ആവശ്യങ്ങളും ആശയങ്ങളും അവഗണിക്കുകയും ചെയ്യുന്ന പ്രവണത വർധിച്ചുവരികയാണ്. നിസ്വാർത്ഥത പോലുള്ള നന്മകളെല്ലാം വിത്തിനുള്ളത് മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നായിരിക്കുന്നു. എല്ലാം കിഴിച്ച് തനിക്കെന്തു കിട്ടുമെന്ന ചോദ്യമാണ് മറ്റെന്തിനേക്കാളും ഇന്ന് മാർക്കറ്റിലുള്ളത്. ഇവിടെയാണ്, നീ നിനക്ക് വേണ്ടി ആഗ്രഹിക്കുന്നത് നിന്റെ സഹോദരനും ആഗ്രഹിക്കുമ്പോഴാണ് യഥാർത്ഥ വിശ്വാസി ആവുന്നതെന്ന തിരുവചനം കാലാതീതമായ ആശയമായി നിലനിൽക്കുന്നത്.

പ്രതിയോഗികൾക്ക് പോലും തിരുനബി(സ്വ) സമ്മതനായത് വാക്കിലും പ്രവർത്തിയിലും അവിടന്ന് ഉയർത്തിപ്പിടിച്ച കളങ്കമില്ലാത്ത മാനുഷിക മൂല്യങ്ങളുടെ പേരിലായിരുന്നു. വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്നതിലും വേദനിക്കുന്നവനെ ആശ്വസിപ്പിക്കുന്നതിലുമാണ് മതത്തിന്റെ സജീവതയെന്ന് തിരുനബി(സ്വ) പഠിപ്പിച്ചു.
‘മതനിഷേധി ആരാണെന്ന് അറിയാമോ, അനാഥയെ ആട്ടിപ്പായിപ്പിക്കുന്നവനും അഗതികൾക്ക് അന്നം നൽകുന്നത് പ്രോത്സാഹിപ്പിക്കാത്തവനുമാണെ’ന്നാണ് വിശുദ്ധ ഖുർആൻ പറയുന്നത്. പണവും പദവിയും വഴി ജനമനസ്സിൽ താൽകാലിക ഇടം കിട്ടിയേക്കും. എന്നാൽ അതിനൊരിക്കലും സ്ഥായീഭാവമില്ലെന്ന് ഉറപ്പാണ്. അതേസമയം പണവും പദവിയും പേരും പ്രശസ്തിയുമൊന്നുമില്ലാത്ത അനേകമാളുകൾ സ്‌നേഹിക്കപ്പെടുന്നതായി നാം കാണുന്നു. കാരണം വ്യക്തമാണ്; നിസ്വാർത്ഥതയും നിഷ്‌കളങ്കമായ പെരുമാറ്റവും.

മനുഷ്യനെ രൂപപ്പെടുത്തുന്നത് എന്താണ്? സത്യസന്ധതയും വിശ്വസ്തതയുമാണെന്നാണ് തിരുനബി(സ്വ)യുടെ അധ്യാപനം. സ്ത്രീകളും കുട്ടികളും സമൂഹത്തിൽ സവിശേഷതയർഹിക്കുന്നു എന്ന് പറഞ്ഞതിലൂടെ മാനവിക മൂല്യങ്ങളെ നബി(സ്വ) ചേർത്തുപിടിച്ചു. വംശീയതയും കുലമഹിമയും അള്ളിപ്പിടിച്ച മനസ്സുകളിൽ നിന്ന് അത് പിഴുതെറിഞ്ഞ് മനുഷ്യത്വത്തിന്റെ, സഹിഷ്ണുതയുടെ വേരുകൾ ഉറപ്പിച്ചുനിർത്തിയാണ് മദീന ആസ്ഥാനമായ ഒരു മാനവിക സംസ്‌കാരം ലോകത്തിന് മുന്നിൽ റസൂൽ(സ്വ) അവതരിപ്പിച്ചത്. ഈ വഴിയാണ് നമുക്ക് പിന്തുടരാനുള്ളത്.

അപര വിദ്വേഷത്തിന്റെയും അപരവത്കരണത്തിന്റെയും രാഷ്ട്രീയമാണ് ഇന്ന് സമൂഹത്തിൽ വേരുറപ്പിക്കാൻ ശ്രമിക്കുന്നത്. വെറുപ്പിനെയാണ് ഈ രാഷ്ട്രീയം ഊട്ടുന്നത്. ഇത് വളരുംതോറും മനുഷ്യത്വം മരിച്ചുകൊണ്ടേയിരിക്കും. അതിനെതിരെയാണ് നാം നിലകൊള്ളേണ്ടത്. പ്രവാചകർ(സ്വ) നൽകിയ മാനവിക മൂല്യങ്ങളുടെ ആശയത്തെ ചേർത്തുപിടിച്ചുകൊണ്ട് നമുക്ക് ഈ ധാരയെ ശക്തിപ്പെടുത്താം.

ഹാദി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ