എന്തുകൊണ്ടാണ് 1921ലെ മലബാർ പ്രക്ഷോഭം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണെന്ന് ആവർത്തിച്ചു പറയേണ്ടി വരുന്നത്? മലബാർ സമരത്തിന്റെ നൂറാം വാർഷികാചരണത്തിന് ആദ്യം നേതൃത്വം കൊടുത്തത് മലബാർ കലാപത്തെ വർഗീയമായി വ്യാഖ്യാനിച്ചവർ തന്നെയാണ് എന്നതാണ് ഏറെ കൗതുകമുള്ള കാര്യം. ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ സമുന്നതനായ നേതാവ് കേരളത്തിൽ വന്ന് പ്രഖ്യാപിച്ചത് മലബാർ കലാപം വർഗീയമാണെന്ന് മാത്രമല്ല, ലോകത്തെ ആദ്യത്തെ താലിബാൻ പ്രവർത്തനം കൂടിയാണ് എന്നായിരുന്നു. അതുകഴിഞ്ഞ് രണ്ടാഴ്ച മാത്രം പിന്നിട്ടപ്പോഴാണ് മലബാർ കലാപത്തിലെ 387 രക്തസാക്ഷികളും വാഗൺ ട്രാജഡിയിലെ 90 രക്തസാക്ഷികളും ഉൾപ്പെടെയുള്ള മലബാറിലെ സ്വാതന്ത്ര്യസമര പോരാളികളെ സ്വാതന്ത്ര്യസമര രക്തസാക്ഷി നിഘണ്ടുവിൽ നിന്ന് നീക്കം ചെയ്തതായി കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം വരുന്നത്. ഇത് തീർത്തും ആസൂത്രിതമായിരുന്നു.
യഥാർഥത്തിൽ മലബാർ കലാപം ഇന്ത്യയിലെ സ്വാതന്ത്ര്യ സമരത്തിലെ ഉജ്ജ്വലമായ അധ്യായമാണെന്ന് പറഞ്ഞത്, പല കാര്യങ്ങളിലും അതിനോട് വിയോജിപ്പുള്ളവർ തന്നെയാണ്. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ശേഷം ഇന്ത്യയിൽ ബ്രിട്ടീഷുകാരും തദ്ദേശീയരായ ജനതയും തമ്മിൽ നടന്ന ഏറ്റവും വലിയ പോരാട്ടം മലബാർ കലാപമാണെന്ന് പറയുന്നത് മലബാർ സമരത്തെ കുറിച്ചുള്ള ആദ്യത്തെ പുസ്തകമെഴുതിയ കെ മാധവൻ നായരാണ്. അദ്ദേഹം എഴുതി: ‘1857ലെ ശിപായി ലഹളക്ക് ശേഷം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഏറ്റവും ഗംഭീരമായ പോരാട്ടമായിരുന്നു മലബാർ കലാപം.’
മോഴിക്കുന്നത്ത് ബ്രഹ്‌മദത്തൻ നമ്പൂതിരിപ്പാടും ഇതേ കാര്യം ആവർത്തിച്ചിട്ടുണ്ട്. അദ്ദേഹം ചെർപ്പുളശ്ശേരിയിലെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന കാലത്താണ് മലബാർ കലാപത്തിലെ പ്രതിപ്പട്ടികയിൽ ചേർക്കപ്പെടുന്നത്. വിവരണാതീതമായ പീഡനങ്ങൾക്കിരയായ നമ്പൂതിരി തന്റെ വിശ്രുത ആത്മകഥയായ ‘ഖിലാഫത്ത് സ്മരണകളി’ൽ താനനുഭവിച്ച പീഡനകഥകൾ വിവരിക്കുന്നുണ്ട്. രാവിലെ ഇല്ലത്തു വന്ന് ബ്രിട്ടീഷ് പട്ടാളം അകത്തുകയറി രണ്ടു കൈയും കൂട്ടിക്കെട്ടി ബന്ധിയാക്കി. അതേ കയറു കൊണ്ടുതന്നെ കഴുത്തും കെട്ടി. തുടർന്നദ്ദേഹത്തെ പോലീസുകാർ കൊണ്ടുപോകുമ്പോൾ വീട്ടുകാർ നിലവിളിക്കുന്നുണ്ടായിരുന്നു. ഇങ്ങനെ കൊണ്ടുവന്ന പലരെയും വരിവരിയായി കൂട്ടിക്കെട്ടുകയും വരിയുടെ അറ്റത്തുണ്ടായിരുന്ന ആളെ ഒരു കുതിരവണ്ടിയിൽ ബന്ധിച്ചു ചെർപ്പുളശ്ശേരി മുതൽ ഷൊർണൂർ റെയിൽവേ സ്റ്റേഷൻ വരെ ഓടിക്കുകയും ചെയ്തു. അദ്ദേഹം ആ സന്ദർഭത്തെ വിശേഷിപ്പിച്ചത് ‘അവിടെ മരിച്ചുവീഴും’ എന്ന് പ്രയോഗിച്ചു കൊണ്ടാണ്. പിന്നീട് അദ്ദേഹത്തെ വിചാരണ ചെയ്ത് സെൻട്രൽ ജയിലിലടച്ചു. അദ്ദേഹമാണ് മലബാർ കലാപം സ്വാതന്ത്ര സമരത്തിന്റെ ഭാഗമാണെന്ന് പ്രഖ്യാപിച്ചത്.
തുടർന്നദ്ദേഹം വിവരിച്ചു: മതസ്പർദ്ധയോ മതപരമായ വിദ്വേഷമോ ആയിരുന്നില്ല ഇതിന്റെ കാരണം, രാഷ്ട്രീയ മർദനമായിരുന്നു. പോലീസിന്റെ അതിക്രമങ്ങൾ അതിന് പ്രകോപനമായി മാറി. കെ മാധവൻ നായരും ബ്രഹ്‌മദത്തൻ നമ്പൂതിരിപ്പാടും മാത്രമല്ല ശേഷം വന്ന പല ചരിത്രകാരന്മാരും ഇക്കാര്യം തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് മലബാർ കലാപം സ്വാതന്ത്ര്യസമരത്തിന്റെ അഭേദ്യ ഭാഗമായിരുന്നു എന്നതിൽ ഇതുവരെ കാര്യമായ തർക്കങ്ങളുണ്ടായിരുന്നില്ല. ഇപ്പോൾ കേന്ദ്രസർക്കാർ പറയുന്നത് ഇത് സ്വാതന്ത്ര്യസമരമായിരുന്നില്ല എന്നാണ്.
മലബാർ കലാപം സാമ്രാജ്യത്വവിരുദ്ധം മാത്രമായിരുന്നില്ല, കർഷക സമരത്തിന്റെ ഉള്ളടക്കമുള്ള ജന്മിത്വവിരുദ്ധ സമരം കൂടിയാണ്. ജന്മിമാരിൽ ഭൂരിപക്ഷവും സവർണ ഹിന്ദുക്കളും പട്ടിക കുടിയാന്മാരിൽ മഹാഭൂരിപക്ഷവും ദലിതരും മാപ്പിളമാരുമായിരുന്നുവെന്നതാണ് അന്നത്തെ സാമൂഹിക യാഥാർഥ്യം. 1803ലെ തോമസ് വാഡന്റെ കണക്കനുസരിച്ച് 103 ജന്മിമാരാണ് ഏറനാട്-വള്ളുവനാട് താലൂക്കുകളിലുണ്ടായിരുന്നത്. അതിൽ എട്ടു പേർ മുസ്‌ലിംകളും ബാക്കി സവർണ ഹിന്ദുക്കളുമായിരുന്നു. 1887ലെ വില്യം ലോഗന്റെ റിപ്പോർട്ട് പ്രകാരം 829 ജന്മിമാരിൽ 12 പേർ മുസ്‌ലിംകളും ഒരാൾ തീയ്യനും ബാക്കിയുള്ളവർ മുഴുവൻ സവർണരുമായിരുന്നു. പക്ഷേ പട്ടിക കുടിയാന്മാർ, കർഷകത്തൊഴിലാളികൾ തുടങ്ങിയവരിൽ 99 ശതമാനവും മാപ്പിളമാരും ദലിതരുമാണ്.
അക്കാലത്തെ കർഷകരുടെ അവസ്ഥ അതിദയനീയമായിരുന്നു. ചിലയിടങ്ങളിലൊക്കെ കലാപം വഴിപിഴച്ചു പോയിട്ടുണ്ടെങ്കിലും അതിനെ സാമാന്യവൽക്കരിക്കുകയും ഇത് വെറുമൊരു വർഗീയലഹളയാണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നത് ബ്രിട്ടീഷുകാരും അവരുടെ വിശ്വസ്ത സഖ്യകക്ഷികളായ ജന്മിമാരും ജന്മിത്വത്തിന്റെ താൽപര്യങ്ങളെ പ്രതിനിധീകരിക്കുന്ന വർഗീയ രാഷ്ട്രീയ പ്രസ്ഥാനവുമാണ്. പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ടതായിരുന്നില്ല മലബാറിൽ നടന്ന കലാപം. 1835 മുതൽ 1921 വരെയുള്ള 85 വർഷത്തിനിടെ ചെറുതും വലുതുമായ 32 കലാപങ്ങൾ നടന്നിട്ടുണ്ട്. നികുതിഭാരവും ജന്മിമാരുടെയും ബ്രിട്ടീഷ് ഗവൺമെന്റിന്റെയും ചൂഷണവുമായിരുന്നു ഇത്തരം കലാപങ്ങൾക്കുള്ള കാരണങ്ങൾ. മാത്രമല്ല, തിരുവിതാംകൂർ, കൊച്ചി പോലെയല്ല മലബാർ. അവിടം നേരിട്ട് ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്നു. അതുകൊണ്ട് ഇന്ത്യയിലാകെ എന്ന പോലെ ബ്രിട്ടീഷുകാരുടെ ചൂഷണം മലബാറിലും വ്യാപകമായിരുന്നു. ഇക്കാര്യങ്ങളാണ് കൃഷിക്കാരും ജന്മിമാരും തമ്മിലുള്ള സംഘർഷങ്ങൾക്കിടയാക്കിയത്. ജന്മിമാരുടെ പിന്തുണക്കാരായിരുന്നു ബ്രിട്ടീഷധികാരികൾ എന്നതുകൊണ്ട് ബ്രിട്ടീഷുകാർക്കും ജന്മിമാർക്കുമെതിരെയുള്ള കലാപമായി 1921ലെ പ്രക്ഷോഭം മാറുകയായിരുന്നു.

കലാപത്തിൽ ജയിലിലടക്കപ്പെട്ടവർക്കും ശിക്ഷിക്കപ്പെട്ടവർക്കുമെതിരായി ചുമത്തപ്പെട്ട കുറ്റം ബ്രിട്ടീഷ് രാജാവിനും ഗവൺമെന്റിനും എതിരെ യുദ്ധം ചെയ്തുവെന്നതാണ്. ആലി മുസ്‌ലിയാർ കുറ്റം ചെയ്തതായി പറയുന്ന വിധിപ്രസ്താവത്തിൽ ഇക്കാര്യമാണ് പരാമർശിക്കുന്നത്. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കെതിരെ ചുമത്തപ്പെട്ട കുറ്റവും സമാനമാണ്. ബ്രിട്ടീഷ് ഗവൺമെന്റിനെതിരെയുള്ള യുദ്ധം, അവർക്കെതിരായ പോരാട്ടം എങ്ങനെയാണ് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ലാതാകുന്നത്?

വാരിൻകുന്നത്ത് കുഞ്ഞഹമ്മദാജി ഈ സമരത്തിന്റെ നായകന്മാരിൽ ഒരാളാണ്. മാധവൻ നായർ അദ്ദേഹത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്: ‘വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി സാധാരണക്കാരിൽ കവിഞ്ഞ ദേശാഭിമാനവും മതാഭിമാനവുമുള്ള വ്യക്തിയായിരുന്നു. ബ്രിട്ടീഷ് ഗവൺമെന്റും അതിനെ സഹായിക്കുന്നവരുമായിരുന്നു അയാളുടെ ശത്രുക്കൾ. അതിൽ മതഭേദമുണ്ടായിരുന്നില്ല’. ഖാൻ ബഹദൂർ ചേക്കുട്ടിയെ വാരിയൻ കുന്നത്ത് വധിച്ച സംഭവം മതം നോക്കിയല്ല അദ്ദേഹം പ്രവർത്തിച്ചതെന്നതിന്റെ സാക്ഷ്യമാണ്. വിരമിച്ചതിനുശേഷവും യൂണിഫോം ധരിക്കാൻ അധികാരം കിട്ടിയ കുപ്രസിദ്ധനായ പോലീസ് ഓഫീസറായിരുന്നു ചേക്കുട്ടി. ഹൈദർ ഹാജിയെ അദ്ദേഹമാണ് കൊലപ്പെടുത്തിയത്. ബ്രിട്ടീഷനുകൂലിയായ കൊണ്ടോട്ടി തങ്ങളെ ആക്രമിച്ചതും അദ്ദേഹത്തിന്റെ അനുയായികളാണ്. മറിച്ചുള്ള അനുഭവവും മാധവൻ നായർ എഴുതുന്നുണ്ട്: വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പ്രവർത്തിപഥം പിഴച്ചിരുന്നെങ്കിലും(മാധവൻ നായർ അഹിംസാവാദിയായിരുന്നു) സാധാരണക്കാരിലും എത്രയോ ഉപരിയായ ദേശാഭിമാനബോധമുള്ളയാളായിരുന്നു. മഞ്ചേരിയിൽ നമ്പൂതിരി ബാങ്ക് കൊള്ളയടിക്കുന്ന ഘട്ടത്തിൽ വാരിയംകുന്നത്ത് അവിടെയെത്തുകയും കൊള്ളമുതലുകൾ തിരിച്ചുകൊടുക്കുകയും ചെയ്യുന്നുണ്ട്. കലാപം ലക്ഷ്യത്തിൽ നിന്ന് വഴുതിമാറുമ്പോഴും വർഗീയമായി പിഴച്ചുപോകുമ്പോഴൊക്കെയും മുസ്‌ലിംകൾ തന്നെ മുൻകൈയ്യെടുത്ത് തടഞ്ഞ സംഭവങ്ങൾ ഹിച്ച്‌കോക്ക് തന്റെ പുസ്തകത്തിൽ പറയുന്നുണ്ട്.
സ്ത്രീകളെ കലാപത്തിന്റെ മറവിൽ ചിലർ ഉപദ്രവിക്കുന്നതായി മാധവൻ നായർ കുഞ്ഞഹമ്മദാജിയോട് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: സ്ത്രീകളെ ആക്രമിക്കുന്നവരും ദ്രോഹിക്കുന്നവരും ആരാണെന്ന് എന്നെ അറിയിച്ചാൽ ദ്രോഹിച്ചവരുടെ വലതു കൈ ഞാൻ വെട്ടും. മാധവൻ നായർ അതിനു മറുപടി പറഞ്ഞത് അങ്ങനെയുള്ള സാഹസികതയൊന്നും വേണ്ട, അവരെയൊന്ന് പിന്തിരിപ്പിച്ചാൽ മതിയെന്നതായിരുന്നു. അത്രയും ശക്തമായ നിലപാടായിരുന്നു വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേത്.

പന്തല്ലൂരിൽ ഒളിവിൽ കഴിയുന്ന സമയത്തായിരുന്നു അദ്ദേഹം ‘ദ ഹിന്ദു’ പത്രാധിപർക്ക് കത്തെഴുതുന്നത്. ഇത് ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ള കലാപമല്ല. മൗലാനാ ശൗഖത്തലിയും മഹാത്മാഗാന്ധിയും ഉൾപ്പെടെയുള്ളവർ ഈ യാഥാർഥ്യമറിയണം. ഇപ്പോൾ നടക്കുന്ന പ്രചാരണങ്ങൾ തെറ്റാണ്. ആ കത്ത് അവർ അന്നും കഴിഞ്ഞ വർഷവും പ്രസിദ്ധീകരിച്ചിരുന്നു. മലബാർ കലാപത്തെ വർഗീയമായി ചിത്രീകരിക്കുന്ന ശ്രമങ്ങൾ ജാഗ്രതയോടെ ചെറുക്കുകയായിരുന്നു അദ്ദേഹം. സമരം തെറ്റായി വ്യാഖ്യാനിക്കപ്പെടരുതെന്ന നിർബന്ധബുദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ കുഞ്ഞഹമ്മദ് ഹാജി രാജ്യദ്രോഹിയും അതിനും പത്തു വർഷം മുമ്പ് മാപ്പെഴുതി കൊടുത്തവർ വീരന്മാരുമായി ചിത്രീകരിക്കപ്പെടുകയാണ്.
ദേശീയ പ്രസ്ഥാനത്തോടൊപ്പം നിന്നയാളാണ് ഹാജി. 1920ൽ മൗലാന ശൗഖത്തലിയോടൊപ്പം മഹാത്മാഗാന്ധി ആദ്യമായി കേരളം സന്ദർശിച്ചത് കോഴിക്കോടായിരുന്നു. കോഴിക്കോട്ടെ ആ സ്വീകരണ വേദിയുടെ മുൻനിരയിൽ വാരിയൻ കുന്നത്തുണ്ടായിരുന്നു. മൊയ്തു മൗലവി തന്റെ ആത്മകഥയിൽ ഇക്കാര്യം പറയുന്നുണ്ട്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു അദ്ദേഹമെന്നാണ് ഇതിനർഥം. മാത്രമല്ല, 1921 കലാപത്തിനു മുമ്പ് കോഴിക്കോട് കലക്ടർ ചില നേതാക്കൾക്ക് ഏറനാട്, വള്ളുവനാട് താലൂക്കുകളിൽ രാഷ്ട്രീയ പൊതുയോഗങ്ങളിൽ പങ്കെടുക്കാൻ പാടില്ല എന്ന നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. അതിൽ ഒന്നാമത്തെ പേര് വാരിയൻകുന്നത്തിന്റേതായിരുന്നു. മാധവൻ നായർ, എംപി നാരായണ മേനോൻ എന്നിവരായിരുന്നു രണ്ടും മൂന്നും. അഥവാ ബ്രിട്ടീഷുകാർക്കെതിരെയാണ് അവർ ജനങ്ങളെ അണിനിരത്താൻ ശ്രമിച്ചത്. പക്ഷേ അതിന് സംഘടിതമായ ഒരു നേതൃത്വമുണ്ടായിരുന്നില്ല എന്നതും വസ്തുതയാണ്. അതിനു ചില പരിമിതികളുണ്ടായിരുന്നു. ഇക്കാരണം കൊണ്ടുതന്നെയാണ് ചിലപ്പോഴൊക്കെ അത് വഴിപിഴച്ചുപോയതും ചില ദുഷ്ടശക്തികൾ അക്രമാസക്തരായി കടന്നുകയറിയതും. അവരാണ് മുൻവിധികളോടെ ആക്രമണങ്ങൾ നടത്തിയത്. പക്ഷേ അതിനെ മുൻനിർത്തി മലബാർ കലാപത്തെയാകെ സാമാന്യവൽക്കരിക്കാൻ ശ്രമിക്കുന്നത് ചരിത്ര വിരുദ്ധമാണ്. മഹാത്മാഗാന്ധി ആഹ്വാനം ചെയ്ത ചൗരിചൗര സംഭവത്തിൽ വരെ അക്രമങ്ങളുണ്ടായിരുന്നല്ലോ. 22 പേരെയാണ് അതിലുള്ളവർ കൊന്നുകളഞ്ഞത്. അതിന് മഹാത്മാഗാന്ധി ഉത്തരവാദിയല്ലല്ലോ. അങ്ങനെ സംഭവിച്ചുവെന്നതു കൊണ്ട് നിസ്സഹകരണ പ്രസ്ഥാനം ഹിംസയായിരുന്നു എന്നു പറയുകയും സാധ്യമല്ല. ഒരു വലിയ പ്രസ്ഥാനത്തിനുണ്ടാകാവുന്ന പാളിച്ചകൾ മാത്രമേ അവിടെ നടന്നിട്ടുള്ളൂ.
മലബാർ കലാപത്തെ ഏറ്റവും കൃത്യമായി വിലയിരുത്തിയത് കമ്യൂണിസ്റ്റുകാരാണ്. 1946ലെ മലബാർ കലാപത്തിന്റെ രജതജൂബിലി വർഷത്തിൽ അന്നത്തെ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി അംഗീകരിച്ച പ്രമേയമാണ് ‘ആഹ്വാനവും താക്കീതും’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിക്കപ്പെട്ടത്. ഇഎംഎസ് പിന്നീട് അതിനെ വിശദീകരിച്ചെഴുതിയിട്ടുണ്ട്. ആ പ്രമേയം പറയുന്നത് ‘ബ്രിട്ടീഷ് വിരുദ്ധവും ജന്മിത്വ വിരുദ്ധവുമായിട്ടുള്ള മലബാർ കലാപത്തിലെ ഉജ്ജ്വലമായ പാരമ്പര്യത്തെ അഭിമാനത്തോടെ ഉയർത്തിപ്പിടിക്കുന്നു’ എന്നാണ്. അതു പറയാൻ അന്ന് മറ്റാരും ധൈര്യം കാണിച്ചിട്ടില്ല. മതപരമായി ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെയുള്ള താക്കീതും അതിലടങ്ങിയിട്ടുണ്ട്.

മലബാറിൽ നടന്ന കലാപത്തെ മാപ്പിള ലഹള എന്ന് വിളിച്ചത് തന്നെ ബോധപൂർവവും ആസൂത്രിതവുമായിരുന്നു. 1857ലെ സമരത്തെ ശിപായി ലഹള എന്ന് വിളിച്ച അതേ രീതിയിലാണ് മാപ്പിള ലഹള എന്നു വിളിച്ചത്. 1857ലെ സമരത്തെ ശിപായി ലഹളയാക്കിയത് ബ്രിട്ടീഷുകാരാണ്. ദേശാഭിമാനികളെ സംബന്ധിച്ചിടത്തോളം ബ്രിട്ടീഷുകാരെ ആദ്യമായി വെല്ലുവിളിച്ച ഒന്നാം സ്വാതന്ത്ര്യ സമരമാണത്. തഥൈവ 1921ലെ മലബാർ കലാപം ദേശാഭിമാനികളെ സംബന്ധിച്ച് 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ശേഷം നടന്ന ഏറ്റവും വലിയ ബ്രിട്ടീഷ് വിരുദ്ധ സമരമാണ്. പക്ഷേ ബ്രിട്ടീഷുകാർക്കും അവരുടെ സഖ്യകക്ഷികൾക്കും വെറും മാപ്പിള ലഹളയാണിത്. മാപ്പിള ലഹള എന്ന് വിളിക്കുന്നത് തെറ്റിദ്ധാരണാജനകമാണെന്ന് ബ്രിട്ടീഷുകാർ തന്നെ പറയുന്നുണ്ട്. ക്രൂരമായ അടിച്ചമർത്തലുകൾക്ക് നേതൃത്വം കൊടുത്ത പോലീസ് ഓഫീസറായ ഹിച്‌കോക്ക് തന്റെ 1925ൽ പ്രസിദ്ധീകരിച്ച മലബാർ റബല്യൻ 1921 എന്ന പുസ്തകത്തിൽ പറയുന്നു: ഇതിനെ മാപ്പിള ലഹള എന്ന് വിളിക്കുന്നത് തെറ്റിദ്ധാരണാജനകമാണ്. രണ്ടു കാരണങ്ങളാണ് അതിനുള്ളത്. ഒന്ന് വലിയൊരു വിഭാഗം മാപ്പിളമാർ ഇതിൽ പങ്കെടുത്തിട്ടില്ല, വലിയൊരു വിഭാഗം ഹിന്ദുക്കൾ ഇതിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ശേഷം അദ്ദേഹം ഹിന്ദുക്കളുടെ നേതൃത്വത്തിൽ കലാപം നടന്ന സ്ഥലങ്ങളെ പറ്റിയും പറയുന്നുണ്ട്. ചെറുപ്പുളശ്ശേരി, വിളയൂർ, ചുണ്ടമ്പറ്റ, പുലാമന്തോൾ തുടങ്ങിയ ഇടങ്ങളിലെല്ലാം ഹിന്ദുക്കളുടെ നേതൃത്വത്തിലാണ് കലാപങ്ങൾ നടന്നത്. ബ്രിട്ടീഷുകാരും ജന്മിമാരും ഒരു നൂറ്റാണ്ടായി ശീലിച്ചുപോന്ന ‘മാപ്പിള ലഹള’ എന്ന നിർമിതി പിന്നീട് വർഗീയ ശക്തികൾ ഏറ്റെടുക്കുകയായിരുന്നു.
മാപ്പിള ലഹള എന്ന പ്രയോഗം പോലെ തെറ്റിദ്ധാരണാജനകമാണ് വാഗൺ ട്രാജഡി (ദുരന്തം) എന്നതും. വാഗൺ ആസൂത്രിതമായ കൂട്ടക്കൊലയാണ്. ആകസ്മികമായ/യാദൃച്ഛികമായ ദുരന്തമല്ല. വാഗൺ ട്രാജഡി രക്തസാക്ഷികളെ പോലും സ്വാതന്ത്രസമരസേനാനികളല്ലെന്ന് പറഞ്ഞിരിക്കുകയാണ് കേന്ദ്രസർക്കാർ. വാഗൺ കൂട്ടക്കൊലയിൽ മുസ്‌ലിംകൾ മാത്രമല്ല, നാല് ഹിന്ദുക്കളും കൊല്ലപ്പെട്ടിട്ടുണ്ട് എന്നത് മറക്കരുത്. ഇടശ്ശേരി പാടുന്നത് കാണുക: ‘മർത്ത്യമാംസം/ ജീവനുള്ള മർത്ത്യമാംസം കേറ്റി/ മുദ്രവെച്ച വാഗണുകളോടി നിന്ന കാലം/ മാപ്പിള ലഹളയെന്ന പേരുകുത്തി നീളെ/ മാനുഷരെ വീർപ്പടച്ചു കൊന്നിരുന്ന കാലം.’
ദുരവസ്ഥയിലെ ഒന്നോ രണ്ടോ വരികൾ ഉദ്ധരിച്ചാണ് ഇന്ന് വർഗീയശക്തികൾ മലബാർ കലാപം വർഗീയമാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. അക്കാലത്തെ കിംവദന്തികൾ ആധാരമാക്കിയാണ് കുമാരനാശാൻ ദുരവസ്ഥ എഴുതുന്നത്. പക്ഷേ അതിൽ തന്നെ ചിലത് മാത്രമാണ് അടർത്തിയെടുക്കപ്പെട്ടത്. ഏറനാടിന്റെ സാമൂഹിക യാഥാർഥ്യത്തെ കുറിച്ചും ക്രൂരമായ ജാതിവ്യവസ്ഥകളെ കുറിച്ചും ആശാൻ എഴുതിയിട്ടുണ്ട്. ഇത്തരം വർഗീയ പ്രചാരണങ്ങൾക്കെതിരെ നിതാന്തമായ ജാഗ്രത പുലർത്തുകയും വർഗീയ പ്രചാരണങ്ങൾക്ക് ശക്തിപകരുന്നവരെ കരുതിയിരിക്കുകയും വേണം. ’21ലെ ഉറയിൽ നിന്ന് ഊരിയ വാൾ തിരിച്ചുവെച്ചിട്ടില്ല’ എന്ന മുദ്രാവാക്യം മലബാർ കലാപത്തെ വർഗീയവൽകരിക്കുന്നവർക്ക് ശക്തിപകരുകയും സഹായിക്കുകയും ചെയ്യുന്ന നിലപാടാണാവുക. ചരിത്രത്തെ വർഗീയവൽകരിക്കുക എന്നത് ഫാസിസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആയുധമാണ്. അത്തരം ശ്രമങ്ങളെ ചെറുത്ത് വസ്തുനിഷ്ഠമായ ചരിത്രം ഉയർത്തിപ്പിടിക്കുകയും ചരിത്രത്തെക്കുറിച്ചുള്ള ബോധം ജനങ്ങളിൽ ഉണ്ടാക്കിയെടുക്കുകയും ചെയ്യേണ്ടത് അനിവാര്യമായ സന്ദർഭമാണിത്.

എംബി രാജേഷ്

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ