എപ്പോഴാണ് നമുക്ക് മതജീവിതത്തിൽ പൂർണമായി പ്രവേശിക്കാനാവുക? എങ്ങനെയാണ് മതജീവിതത്തിന്റെ പരമാവധി ഉള്ളടക്കങ്ങളോട് നമുക്ക് നീതി പുലർത്താനാവുക? വാസ്തവത്തിൽ സങ്കീർണതകളുള്ള ആലോചനാ വിഷയങ്ങളല്ല ഇതൊന്നും. കാരണം, ഇസ്ലാമിക ജീവിതം ലളിതമാണ്, മധുരമയമാണ്. സത്യവിശ്വാസത്തിലൂന്നിയുള്ള സുകൃതങ്ങളും ഗുണകാംക്ഷയുള്ള സാമൂഹിക ഇടപെടലുകളും ചേർന്നതാണ് മുസ്ലിം ജീവിതത്തിന്റെ ഉള്ളടക്കം.
വ്യക്തിജീവിതത്തിൽ തുടങ്ങി അവിടെ തന്നെ അവസാനിക്കുന്നതല്ല മതജീവിതം. ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന സത്യവചനം മനസ്സറിഞ്ഞ് സാക്ഷ്യപ്പെടുത്തുകയും ഉൾപുളകത്തോടെ അതിന്റെ ആശയങ്ങൾ ജീവിതത്തോട് ചേർത്തുപിടിക്കുകയും ചെയ്യുന്നവനാണ് മുസ്‌ലിം. തന്റെ എല്ലാതരം ഇടപെടലുകളും ഇടപാടുകളും യജമാനനായ അല്ലാഹുവിന് വേണ്ടിയുള്ളതാണെന്ന ദൃഢതയാണ് ഈ സാക്ഷ്യത്തിലൂടെ മുസ്‌ലിം ഏറ്റെടുത്തതും പ്രഖ്യാപിച്ചതും. ‘ഇന്ന സ്വാലാത്തീ വ നുസുകീ…’ എല്ലാ നിസ്‌കാരങ്ങളിലും ഈ ഉറപ്പ് മുസ്‌ലിം പുതുക്കുകയും ചെയ്യുന്നുണ്ട്. അതോടൊപ്പം അല്ലാഹുവിന്റെ വഴിയിൽ മനുഷ്യരോടും ചേതന-അചേതന വസ്തുക്കളോടുമുള്ള തന്റെ ബന്ധവും ബാധ്യതയും ഇതേ സത്യവചനത്തിന്റെ ഉൾപൊരുളാണെന്നും വിശ്വാസി തിരിച്ചറിയുന്നു. ഇതാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ്’യുടെ പൊരുളും പ്രയോഗവും.
ഇലകളും ചില്ലകളും ആരുറപ്പുമുള്ള ഒരു മരം പോലെയാണ് ഈ സത്യവചനമെന്ന വിചാരത്തിൽ നിന്നാണ് ഏതൊരു വ്യക്തിയുടെയും ഇസ്‌ലാമിക ജീവിതം രൂപപ്പെടുന്നതും വികസിക്കുന്നതും. നിരന്തരം തണൽ നൽകാനും കായ്ഫലങ്ങൾ ലഭ്യമാക്കാനും ഒരുക്കമാണെന്ന് ഈ വൃക്ഷം സാക്ഷ്യപ്പെടുത്തുന്നു. തണലായും ഫലമായും മറ്റു ഗുണങ്ങളായും പരിസരവും സഹജീവികളും അതനുഭവിക്കുകയും ചെയ്യുന്നു. മനുഷ്യർ മാത്രമല്ല, ഇതര ജീവികളും ഈ ഗുണം പറ്റുന്നവരിലുണ്ട്. തന്റെ ശിഖരങ്ങളിൽ കൂടു കൂട്ടി മുട്ട വിരിയിപ്പിക്കുന്ന കിളികളും പൊത്തിലും മരച്ചുവട്ടിലും കൂടൊരുക്കിയും അല്ലാതെയും സങ്കേതങ്ങളുണ്ടാക്കുന്ന ജീവജാലങ്ങളും നാനാവിധത്തിൽ തന്നെ ചൂഷണം ചെയ്യാൻ പോലുമൊരുങ്ങുന്ന മനുഷ്യനടക്കമുള്ളവരുമെല്ലാം ഈ മഹാവൃക്ഷത്തെ ആശ്രയിക്കുന്നു. ക്രൂരത കാണിച്ചവരെ പോലും വൃക്ഷം ചേർത്തുപിടിക്കുകയാണ്. ഈ വൃക്ഷത്തെ പോലെയാണ് മുസ്‌ലിമിന്റെ മതജീവിതം.
മറ്റുള്ളവർക്ക് തണലേകാനും ഫലം നൽകാനും വിധേയപ്പെടുകയും അതിൽ അഭിമാനിക്കുകയും ചെയുന്നതാണ് മുസ്‌ലിം ജീവിതത്തെ കൂടുതൽ അർത്ഥമുള്ളതാക്കുന്നത്. വ്യക്തിജീവിതത്തിലെന്ന പോലെ സത്യസന്ധതയും സുതാര്യതയുമുള്ള നിലപാടും നടപടിക്രമങ്ങളും ഉൾചേർന്നതായതുകൊണ്ട് തന്നെ മതം പ്രാക്ടീസ് ചെയ്യുന്നവർക്കും അല്ലാത്തവർക്കും ആശ്വാസവും സന്തോഷവും നൽകുന്നു. വ്യക്തിജീവിതത്തിൽ തുടങ്ങി രാഷ്ട്ര/അന്താരാഷ്ട്ര തലങ്ങൾ വരെ വികസിക്കുന്നതാണ് വിശ്വാസി പുലർത്തിപ്പോരുന്ന സ്‌നേഹവും സാഹോദര്യവും. ഇതിന് അതിരുകളില്ല, സങ്കുചിത ദേശീയത കൊടികുത്തി വാഴുന്ന കാലത്ത് രാജ്യാതിർത്തിക്കപ്പുറമുള്ള മാനുഷിക സ്‌നേഹം പലരുടെയും അജണ്ടയിൽ പോലുമില്ല. തന്നെയും തന്റെ രാഷ്ട്രത്തെയും സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നത് ഇതര രാഷ്ട്രങ്ങളോടും അവിടങ്ങളിലുള്ള മനുഷ്യരോടും വെറുപ്പ് കാണിച്ചു കൊണ്ടല്ലല്ലോ.
ഗുണകാംക്ഷയുള്ള മുസ്‌ലിം എത്രമേൽ ആനന്ദത്തോടെ ജീവിച്ചാലും തന്റെ ജീവിതത്തിൽ നിന്നുള്ള സന്തോഷമനുഭവിക്കാൻ ചുറ്റുവട്ടത്തുള്ളവർക്കെല്ലാം അവസരമുണ്ടാകുന്നു. ‘മതം ഗുണകാംക്ഷയാണെന്ന’ തിരുദൂതരുടെ സന്ദേശം എല്ലാ മനുഷ്യർക്കും വലിയ പരിരക്ഷയും സമാധാനവുമാണ് നൽകുന്നത്.
സാത്വികനും തിരുദൂതരുടെ അനുഗാമിയുമായ സഈദുബ്‌നുൽ ആസ്വ്(റ)യുടെ അയൽക്കാരൻ തന്റെ വീട് വിൽപ്പനക്ക് വെച്ച സംഭവമുണ്ട്. വീടിനൊപ്പം അയൽക്കാരനും വില പറഞ്ഞുകൊണ്ടുള്ള അപൂർവ കച്ചവടമായിരുന്നു അത്. പലരും വാങ്ങാൻ വന്നെങ്കിലും ഇടപാട് ഉറപ്പിക്കാനാകുന്നില്ല, വീടിനെന്ന പോലെ അയൽക്കാരനും വില നിശ്ചയിച്ചതായിരുന്നു കാരണം. ഒടുവിൽ ഒരാൾ തുറന്നു ചോദിച്ചു: സഹോദരാ, ആരെങ്കിലും വീടിനൊപ്പം അയൽക്കാരനെ കൂടി വിൽക്കുമോ? അങ്ങനെയൊരു വിൽപ്പനയോ വാങ്ങലോ എവിടെയെങ്കിലും നടക്കുമോ?
വീട്ടുടമയുടെ മറുപടി വ്യക്തമായിരുന്നു: നിങ്ങൾക്ക് തെറ്റി. ഞാൻ അനീതി ചെയ്താലും എനിക്ക് ഗുണം കാംക്ഷിക്കുന്ന, എന്റെ വിവരക്കേടിന്റെ ദ്രോഹമനുഭവിക്കുമ്പോഴും സഹനത്തോടെ മാത്രം പെരുമാറുന്ന, എന്റെ ആവശ്യങ്ങൾക്ക് സ്വന്തം ആവശ്യം പോലെയോ അതിനപ്പുറമോ മൂല്യം കൽപ്പിക്കുന്ന സംശുദ്ധനായ അയൽക്കാരനെ നിങ്ങൾ വാങ്ങാനിഷ്ടപ്പെടുന്നില്ലെന്നോ?!
ഈ വിവരമറിഞ്ഞപ്പോൾ സഈദു ബ്‌നുൽ ആസ്വ്(റ) തന്നെ തന്റെ അയൽക്കാരന് ഒരുലക്ഷം വെള്ളി നാണയങ്ങൾ കൊടുത്തയച്ചുവെന്നാണ് ചരിത്രം. ഫലത്തിൽ സംഭവിച്ചതെന്താണ്? വീട് വിറ്റില്ല. എന്നാൽ അയൽവാസി പറഞ്ഞുറപ്പിച്ച വില നൽകി അദ്ദേഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്നു. ഇതാണ് മതജീവിതം, ഗുണകാംക്ഷയും.
വിശ്വാസിയെ ലക്ഷണമൊത്ത വൃക്ഷത്തോട് ഉപമിച്ചതിലൂടെ ഇസ്‌ലാം നൽകുന്ന സന്ദേശമിതാണ്- ‘വൃക്ഷം നിരന്തരമായി അതിന്റെ കായ്ഫലങ്ങൾ നൽകി കൊണ്ടിരിക്കുന്നു.’ ഇതാണ് ഇസ്ലാം, ഇതാണ് മുസ്‌ലിം, സംശുദ്ധ ജീവിതത്തിന്റെ ഫലങ്ങൾ അവസാനിക്കുന്നില്ല. അതിന് തുടർച്ചയുണ്ടായിക്കൊണ്ടേയിരിക്കുന്നു.
അയൽപക്കങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല മതജീവിതത്തിന്റെ സാമൂഹിക ദൗത്യം. ഉള്ളവനും ഇല്ലാത്തവനും ശക്തനും ദുർബലനുമെല്ലാം ഉൾകൊള്ളുന്നതാണല്ലോ നമ്മുടെ സാമൂഹികക്രമം. ഈ വൈജാത്യങ്ങൾ മനുഷ്യത്വത്തോട് അകലം പാലിക്കാനും മാറ്റിനിർത്താനുമുള്ള ന്യായമല്ല. മനുഷ്യൻ ബഹുമാനിക്കപ്പെടുന്നവനാണെന്ന മതത്തിന്റെ നിലപാടിൽ നിന്നാണ് എല്ലാതരം അസ്പൃശ്യതകളുടെയും അസഹിഷ്ണുതയുടെയും വേരുകളെ നാം അറുത്തുമാറ്റേണ്ടത്. തൊലിയുടെ നിറം മാത്രം നോക്കി ഔന്നത്യത്തെ അളക്കുന്ന നീചത്വം പരിഷ്‌കൃത സമൂഹത്തിലും തുടരുകയാണ്. നിറവും ജാതിയും വിളിച്ചുള്ള ആക്ഷേപങ്ങൾ തുടരുന്ന കാലത്തോളം സാമൂഹിക ജീവിതത്തിന്റെ രസച്ചരട് പൊട്ടിക്കൊണ്ടേയിരിക്കും. മനുഷ്യസമൂഹത്തെ ചേർത്തുപിടിക്കാത്ത കാലത്തോളം നമ്മുടെ സാമൂഹിക അടിത്തറ തകർന്നുകൊണ്ടേയിരിക്കും.
മദീനാ പള്ളിയിൽ വാങ്ക് മുഴക്കാൻ അവസരം ലഭിച്ചത് തൊലികറുത്ത ബിലാലിനായിരുന്നുവെന്നത് വർത്തമാന കാലത്തെ സാമൂഹിക പ്രവർത്തനങ്ങളിൽ നമുക്ക് കരുത്താകണം. നീചമായ സാമൂഹിക വ്യവസ്ഥയിൽ അധികാര ദുർവിനിയോഗം മൂലം കീഴ്ത്തട്ടിലേക്ക് മാറ്റിനിർത്തപ്പെട്ട ബലഹീനരായ മനുഷ്യരെ മാനുഷിക മൂല്യത്തിന്റെ ബലത്തിൽ മേൽതട്ടിലേക്ക് ഉയർത്തിക്കൊണ്ടുവരികയാണ് ഇസ്‌ലാം ചെയ്തത്. മനുഷ്യത്വത്തിനു മേൽ നിറത്തിന്റെയും ജാതിയുടെയും ചാപ്പ കുത്തുന്ന പ്രതിലോമ പ്രവർത്തനത്തിനെതിരെ മാനവനെ ഒന്നായി കാണുന്ന ആശയത്തിന്റെ കരുത്ത് കൊണ്ട് ഇടപെടുകയായിരുന്നു ഇസ്‌ലാം. ചരിത്രത്തിലുടനീളം ഇതിന്റെ ത്രസിപ്പിക്കുന്ന സാക്ഷ്യങ്ങൾ നമുക്ക് വായിച്ചെടുക്കാനാകും. അടിച്ചമർത്തപ്പെട്ട ദുർബല മനുഷ്യരെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുകയാണ് നമ്മുടെ സാമൂഹിക ദൗത്യമെന്ന് വിശുദ്ധ ഖുർആൻ സന്ദേശം നൽകുന്നുണ്ട്.
ദുർബലനും അശരണരും അവഗണിക്കപ്പെടുന്നിടത്ത് പടച്ചവന്റെ കാരുണ്യം വർഷിക്കുകയില്ല. ധനികൻ മാത്രം ക്ഷണിക്കപ്പെടുന്ന സദ്യയിൽ നിങ്ങൾ പങ്കെടുക്കരുതെന്ന് തിരുനബി(സ്വ) നിർദേശിച്ചിട്ടുണ്ട്. ഉള്ളവനും ഇല്ലാത്തവനും ശക്തനും ദുർബലനും വെളുത്തവനും കറുത്തവനുമടക്കം നാനാതരം വൈവിധ്യങ്ങൾ നിലനിൽക്കുമ്പോഴും സമാധാനത്തോടെ എല്ലാവർക്കും ജീവിക്കാനാകുന്ന സാമൂഹിക ക്രമമാണ് നാം വളർത്തിയെടുക്കേണ്ടത്. യഥാർത്ഥ സാമൂഹിക വികസനം സാധ്യമാകുന്നത് ഇതിലൂടെയാണ്.
നിങ്ങൾ മതത്തിൽ പൂർണമായും പ്രവേശിക്കണമെന്ന ഖുർആനികാശയം ശിരസ്സാവഹിക്കുന്നവർക്ക് മേൽ വിവരിച്ച സാമൂഹിക സാഹചര്യങ്ങളെ അഭിമുഖീകരിക്കാതിരിക്കാനാവില്ല. സത്യവിശ്വാസത്തിനൊപ്പം സുകൃതങ്ങളും ഗുണകാംക്ഷയുള്ള മനസ്സും സുതാര്യതയുള്ള സാമൂഹിക ഇടപെടലുകളും ഉണ്ടാകുമ്പോഴാണ് മതജീവിതം സാർഥകമാവുക. സഹജീവികൾക്കൊപ്പം ഇതര ജീവജാലങ്ങളും നാം വസിക്കുന്ന ഭൂമിയിലെ മണ്ണും മരങ്ങളും വെള്ളവും വായുവുമെല്ലാം മതജീവിതത്തിന്റെ ഭാഗമായി തന്നെ നമ്മുടെ അജണ്ടയിൽ വരേണ്ടതുണ്ട്. ഇസ്‌ലാമിന്റെ സാമൂഹികമായ ഉള്ളടക്കം രൂപപ്പെടുന്നതും ഈ വികാസത്തിൽ നിന്ന് തന്നെയാണ്.
ആവശ്യങ്ങളും അവകാശങ്ങളും അവനവന്റേതു മാത്രമാവുകയും അപരന്റെ നെഞ്ചിടിപ്പുകളും മനഃസംഘർഷങ്ങളും ജീവിതത്തിന്റെ പ്രാഥമിക അജണ്ടകൾ പോലുമാകാതെ വരികയും ചെയ്യുന്ന കാലത്ത് മനുഷ്യപ്പറ്റുള്ള ആലോചനകളും സംവാദങ്ങളും കൂടുതൽ സജീവമാകേണ്ടതുണ്ട്. വികസനമെന്നത് കക്ഷി രാഷ്ട്രീയ ചർച്ചകളിൽ മാത്രം കറങ്ങിത്തിരിയേണ്ടതല്ല. സാമൂഹിക ക്രമത്തിലെ അവിഭാജ്യ ഘടകമായ മുഴുവൻ മനുഷ്യരുടെയും സമാധാന ജീവിതത്തെ അഭിമുഖീകരിക്കാനാവാത്ത കാലത്തോളം നമ്മുടെ വികസന ചർച്ചകളും സംവാദങ്ങളും ലക്ഷ്യപ്രാപ്തി കൈവരിക്കില്ല. അതുകൊണ്ടുന്നെ യൂത്ത് പാർലമെന്റുകൾ മുന്നോട്ടുവെക്കുന്ന ആശയ സംവാദങ്ങൾക്ക് പരിഷ്‌കൃത സമൂഹത്തിലും പ്രസക്തിയേറെയുണ്ട്.
മനുഷ്യപക്ഷം ചേർന്ന് സാമൂഹിക പ്രശ്‌നങ്ങളെ അഭിമുഖീകരിക്കണമെന്ന് വിചാരപ്പെടുന്ന പതിനായിരക്കണക്കിന് യുവാക്കളെ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനമാണ് സമസ്ത കേരള സുന്നി യുവജന സംഘം(എസ്‌വൈഎസ്). സംസ്ഥാനത്തെ 126 സംഘടനാ സോണുകളിൽ നടക്കുന്ന യൂത്ത് പാർലമെന്റുകൾ സാമൂഹിക വികസനത്തിന്റെ വഴിയിൽ നവസംവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കുന്നു. കക്ഷി രാഷ്ട്രീയ ആലോചനകൾക്കപ്പുറം മനുഷ്യ കേന്ദ്രീകൃതമായ നാടിന്റെ വളർച്ചയും വികാസവും വിഷയീഭവിക്കുന്ന സംവാദങ്ങൾക്ക് കേരളീയ സമൂഹം വലിയ ബഹുമതി നൽകുന്നതാണ് പിന്നിട്ട പാർലമെന്റുകളുടെ ഫീഡ് ബാക്ക്. സാമൂഹിക വികസനത്തിനുള്ള യഥാർത്ഥ നിക്ഷേപം മാനവവിഭവശേഷിയിലൂടെ രൂപപ്പെടേണ്ടതാണെന്ന് എസ്‌വൈഎസ് കരുതുന്നു.
നന്മയും തിന്മയും സമമല്ല എന്ന ആശയത്തിൽ നിന്നാണ് നാം സമരോത്സുകതയുടെ പ്രചോദനം ഉൾകൊള്ളേണ്ടത്. ശരികളെന്നാൽ മൗലികമായ ശരികളാണെന്ന തിരിച്ചറിവോടെയേ നാം സോഷ്യൽ ആക്റ്റിവിസത്തിന്റെ വഴിയിൽ നിലയുറപ്പിക്കാവൂ. വർത്തമാനത്തിലെ അന്യായങ്ങളോട് കലാപം കൂട്ടുകയും എന്നാൽ സർഗാത്മക സമീപനങ്ങളിലൂടെ ആശയ സംവാദങ്ങളുടെ നിലമൊരുക്കുകയും ചെയ്ത് എസ്‌വൈഎസ് പുതിയ ചരിത്രം തീർക്കും. യൂത്ത് പാർലമെന്റുകളെ കാലം ഏറ്റുപിടിക്കും.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ