രണ്ടാം ഖലീഫ ഉമർ(റ)വിന്റെ ഭരണകാലം. മുആവിയ(റ)യാണ് ഡമസ്‌കസ് ഗവർണർ. മദീനയും മക്കയുമടങ്ങുന്ന മുസ്‌ലിം രാജ്യത്തിന്റെ ആഭ്യന്തരം ശാന്ത സുന്ദരമായതിനാൽ അനീതിയും അക്രമങ്ങളും നിറഞ്ഞ കൂടുതൽ രാജ്യങ്ങളിലേക്ക് ഇസ്‌ലാമിന്റെ മുന്നേറ്റം എളുപ്പമായി. ഇത് അന്ന് ലോകത്തെ പ്രധാന രാജ്യങ്ങളെല്ലാം അടക്കിവാഴുന്ന ക്രിസ്തീയ സഭകൾക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു. അതുകൊണ്ട് തന്നെ അവർ മുസ്‌ലിം രാജ്യങ്ങളിൽ അസ്വാരസ്യം സൃഷ്ടിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
നൂറ്റാണ്ടുകൾ നീണ്ട ആഭ്യന്തര സംഘർഷങ്ങൾക്കൊടുവിൽ എഡി 1054ൽ രണ്ടു വിഭാഗമായി മാറിയ റോമൻ കാത്തോലിക്ക സഭയും പൗരസ്ത്യ ഓർത്തഡോക്‌സ് സഭയും സ്‌പെയിനുമടങ്ങുന്ന യൂറോപ്യന്മാരാണ് അറ്റ്‌ലാന്റിക് സമുദ്രത്തോട് ഓരംചേർന്നുള്ള മുസ്‌ലിംകൾക്ക് കീഴിലുള്ള ശാമിലും ഫലസ്തീനിലും ഈജിപ്തിലും കടൽകൊള്ളയായും നാവികാക്രമണങ്ങളായും നിരന്തരം പ്രശ്‌നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നത്.

നാവികസേന രൂപീകരണം

ജിബ്രാൾട്ടർ കടലിടുക്ക് വഴി മുസ്‌ലിം രാജ്യങ്ങളെ അസ്വസ്ഥപ്പെടുത്താൻ യൂറോപ്യന്മാർ, പ്രത്യേകിച്ച് സ്‌പെയിനുകാരായ കടൽകൊള്ളക്കാർ സൈനിക കേന്ദ്രമാക്കിയിരുന്നത് റൂദസ് ദ്വീപും ഡമസ്‌കസിനോട് ചേർന്ന സമ്പൽ സമൃദ്ധമായ ഖുബ്‌റുസ് (സൈപ്രസ്) ദ്വീപുമായിരുന്നു. റോമിന്റെ പിന്തുണയുള്ള ഇവർക്ക് ഭൂമിശാസ്ത്രപരമായ പല കാരണങ്ങളും ഈ ദ്വീപുകളെ ഇടത്താവളമാക്കാൻ സഹായകമായി.അന്ന് മുസ്‌ലിംകൾക്ക് നാവികസേന ഇല്ലായിരുന്നു. അതുകൊണ്ട് മുസ്‌ലിം രാജ്യങ്ങളുടെ അതിർത്തി പ്രദേശങ്ങളിൽ കടൽമാർഗം ആക്രമണങ്ങൾ നടത്താൻ അവർക്കെളുപ്പമായി.
കപ്പൽ വഴി രാത്രി സമയങ്ങളിൽ ആഫ്രിക്കയുടെയും മുസ്‌ലിം രാജ്യങ്ങളുടെയും തീരപ്രദേശങ്ങളിലെ ഗ്രാമങ്ങളിലെത്തി ഗ്രാമവാസികളെ കൊള്ളയടിക്കുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും കുട്ടികളെയും എതിർക്കുന്നവരെയും കൊലപ്പെടുത്തുകയും നേരം പുലരുമ്പോഴേക്ക് കൊള്ളമുതലുമായി ദ്വീപിൽ മടങ്ങിയെത്തുകയും ചെയ്യുമായിരുന്നു. ഇതവസാനിപ്പിച്ച് അതിർത്തി ശാന്തമാക്കണമെങ്കിൽ അക്രമികളുടെ താവളങ്ങളായ ഈ രണ്ടു ദ്വീപുകളും കീഴടക്കുകയല്ലാതെ മാർഗമില്ല. അതിനു വേണ്ടി നാവികസേന രൂപീകരിക്കാൻ അനുമതിക്കായി മുആവിയ(റ) ഖലീഫ ഉമർ(റ)നോട് അപേക്ഷിച്ചു: മുസ്‌ലിം രാജ്യങ്ങളിലും അതിർത്തി പ്രദേശങ്ങളിലുമുള്ള ജനങ്ങൾക്ക് സ്വസ്ഥത ലഭിക്കണമെങ്കിൽ ഒരു നാവികസേന ആവശ്യമാണ്. അതില്ലാതെ അതിർത്തി സംരക്ഷിക്കാൻ കഴിയില്ല. സേനാ രൂപീകരണത്തിന് അനുമതി തരണം.
ഉമർ(റ) ഇത്തരം വിഷയങ്ങളിൽ ശരിയായ പഠനം നടത്തിയിട്ടേ തീരുമാനം എടുക്കാറുണ്ടായിരുന്നുള്ളൂ. സമുദ്ര യുദ്ധത്തിന്റെ വിജയ പരാജയങ്ങളെ കുറിച്ചും അതിലെ അപകട സാധ്യതകളെ പറ്റിയും മറ്റും പഠിക്കാനായി പരിചയ സമ്പന്നരുടെ നേതൃത്വത്തിൽ ഒരു കമ്മീഷനെ നിശ്ചയിക്കുകയും അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാവശ്യപ്പെടുകയും ചെയ്തു.
അന്ന് പൊതുവെ പായ്ക്കപ്പലുകളാണ് കടൽ യാത്രകൾക്ക് ഉപയോഗിക്കാറുള്ളത്. ഒന്നിലധികം പായ്ക്കപ്പലുകൾ കൂട്ടിക്കെട്ടി ചങ്ങാടം പോലെയാക്കി കൊടി കെട്ടിയാണ് നാവിക സേനകളുടെ വാഹനങ്ങളുണ്ടാക്കുക. കൊടുങ്കാറ്റോ ചുഴിയോ വന്നാൽ ഇവ കൂട്ടത്തോടെ മുങ്ങുകയും വലിയൊരു സംഘം സൈനികർ ഒരുമിച്ച് മരണപ്പെടുകയും ചെയ്യുമെന്ന റിപ്പോർട്ട് കിട്ടിയപ്പോൾ ഉമർ(റ) പദ്ധതിക്ക് അനുമതി നൽകിയില്ല.
പിന്നീട് മൂന്നാം ഖലീഫ ഉസ്മാൻ(റ)വാണ് നാവികസേന രൂപീകരണാനുമതി നൽകിയത്. തുടർന്ന് മുആവിയ(റ) 200 കപ്പൽപ്പടകളുള്ള നാവികസേനക്ക് രൂപം നൽകി. സാമാന്യം വലിയ ബോട്ടുകളും നിരവധി ചങ്ങാടങ്ങളും മറ്റും ഉൾപ്പെടുന്ന സേനയായിരുന്നു ആ കപ്പൽപട. വിദഗ്ധ പരിശീലനം ലഭിച്ച മുസ്‌ലിം നാവിക സൈന്യം ഈ രണ്ടു ദ്വീപുകളും വൈകാതെ പിടിച്ചെടുക്കുകയും സ്വന്തം നിരീക്ഷണ കേന്ദ്രവും സൈനിക ക്യാമ്പുമാക്കി മാറ്റുകയും ചെയ്തു.

ശാമിന്റെ ചക്രവർത്തി

ഉസ്മാൻ(റ) ഖലീഫയായിരുന്ന കാലത്താണ് ഡമസ്‌കസ് പ്രവിശ്യയും സമീപ ദേശങ്ങളായ ഈജിപ്ത്, ആഫ്രിക്ക എന്നിവ പൂർണമായും മുസ്‌ലിംകളുടെ കീഴിലാകുന്നത്. തുടർന്ന് ഡമസ്‌കസ്, ജോർദാൻ എന്നിവയുടെ ഗവർണർ മാത്രമായിരുന്ന മുആവിയ(റ) ശാമിന്റെ മൊത്തം ഭരണാധികാരിയായി നിയമിക്കപ്പെട്ടു. തന്റെ കീഴിലുള്ള പ്രദേശങ്ങളിൽ ഗവർണർമാരെ നിയമിക്കാനുള്ള അവകാശവും ഉസ്മാൻ(റ) അദ്ദേഹത്തിന് നൽകി.
ഇതോടെ മുആവിയ(റ)വിന്റെ ഉത്തരവാദിത്വങ്ങൾ വർധിച്ചു. അയൽ രാജ്യങ്ങളിൽ നിന്നുണ്ടാകുന്ന അക്രമങ്ങളായിരുന്നു ഏറ്റവും വലിയ തലവേദന. അത് തടയാൻ മഹാൻ നടത്തിയ നടപടികൾ ചരിത്ര പ്രസിദ്ധമാണ്.

ബർബറികൾക്കെതിരെ

ആഫ്രിക്കയിലെ വലിയൊരു ഗോത്ര വിഭാഗമാണ് ബർബറികൾ. കറുത്ത വർഗക്കാരായ ഇവർ നല്ല ശക്തിയും ധൈര്യവുമുള്ളവരായിരുന്നു. കൊള്ളയാണ് പ്രധാന തൊഴിൽ. റോമാ സാമ്രാജ്യത്തിന്റെ സാമ്പത്തിക പിന്തുണയുള്ള ഇക്കൂട്ടരുടെ ശല്യം മുസ്‌ലിം രാജ്യങ്ങളിൽ പതിവായിരുന്നു. അതിക്രമവും കൊള്ളയും കൊലയും ശീലമാക്കിയ ഇവർക്കെതിരെ പടനയിച്ച് ആഫ്രിക്കൻ വൻകരയുടെ മൂന്നിൽ രണ്ടു ഭാഗത്തോളം ഇസ്‌ലാമെത്തിച്ചത് ഉസ്മാൻ(റ)വിന്റെ ഉമ്മയൊത്ത സഹോദരനും ഉമവി ഗോത്രക്കാരനുമായ അബ്ദുല്ലാഹി ബ്‌നു സഅ്ദ്ബ്‌നു അബീസർഹ്(റ)വിന്റെ നേതൃത്വത്തിലുള്ള സൈന്യമാണ്. നബി(സ്വ)യുടെ വഹ്‌യ് എഴുത്തുകാരനായിരുന്ന ഇദ്ദേഹം ദൗർഭാഗ്യവശാൽ ഇടക്കുവെച്ച് വഴിപിഴച്ചു. ‘എവിടെയെങ്കിലും കണ്ടാൽ ശിക്ഷ നടപ്പാക്കണം’ എന്ന് മക്കാ ഫത്ഹിന്റെ ദിനത്തിലെ നബി(സ്വ)യുടെ ഉത്തരവിൽ ഉൾപ്പെട്ട പത്തു പേരിൽ ഒരാളായിരുന്നു ഇദ്ദേഹം. ഇതറിഞ്ഞ് അദ്ദേഹം ചെയ്തുപോയ തെറ്റിൽ ഖേദിച്ചുമടങ്ങുകയും അർധ സഹോദരൻ ഉസ്മാൻ(റ)വിന്റെ വീട്ടിൽ അഭയം തേടുകയും ചെയ്തു. തനിക്കു പറ്റിയ തെറ്റിന് നബി(സ്വ)യോട് മാപ്പ് ചോദിക്കണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് ഉസ്മാൻ(റ) അദ്ദേഹത്തെ പ്രവാചക സവിധത്തിലേക്ക് കൊണ്ടുപോവുകയും തൗബ ചെയ്ത് ഇസ്‌ലാമിലേക്ക് മടങ്ങിവരികയും ചെയ്തു. ചെയ്തുപോയ മോശം പ്രവൃത്തിക്ക് അദ്ദേഹം പരിഹാരം കണ്ടത് ബർബറികൾക്കെതിരെ നടന്ന യുദ്ധത്തിൽ പങ്കെടുത്തുകൊണ്ടായിരുന്നു. അദ്ദേഹമായിരുന്നു യുദ്ധത്തിലെ മുസ്‌ലിം സൈന്യാധിപൻ.
യുദ്ധത്തിനായി ഇരുവിഭാഗവും അണിനിരന്നു. 2 ലക്ഷത്തിലധികം വരുന്ന ബർബറികളുടെ സൈന്യം കരുത്തുറ്റതായിരുന്നു. യുദ്ധമുന്നണിയുടെ ഏറ്റവും പിന്നിൽ മയിൽപ്പീലി കൊണ്ട് വീശിക്കൊടുക്കുന്ന രണ്ട് തോഴിമാരോടൊപ്പം ഒരു ആൺകുതിരപ്പുറത്തേറി ബർബറികളുടെ ചക്രവർത്തി ജർജീലിരിക്കുന്നു. അദ്ദേഹം നേരിട്ട് നേതൃത്വം കൊടുക്കുന്ന യുദ്ധമെന്ന ഖ്യാതി കൂടി ഈ പോരാട്ടത്തിനുണ്ട്.
എതിർപക്ഷത്തുള്ള അബ്ദുല്ലാഹിബ്‌നു സഅ്ദുബ്‌നു അബീസർഹ്(റ)വിന്റെ നേതൃത്വത്തിലുള്ള മുസ്‌ലിം സൈന്യത്തിൽ നാൽപ്പതിനായിരം പടയാളികളേ ഉണ്ടായിരുന്നുള്ളൂ. അബ്ദുല്ലാഹി ബ്‌നു ഉമർ(റ), അബ്ദുല്ലാഹി ബ്‌നു സുബൈർ (റ) തുടങ്ങിയവർ കൂട്ടത്തിലുണ്ട്.
ശത്രുസൈന്യത്തിനു പിന്നിൽ രാജാവിനെ കണ്ട സിദ്ദീഖ്(റ)വിന്റെ പേരക്കുട്ടി അബ്ദുല്ലാഹിബ്‌നു സുബൈർ(റ) മുസ്‌ലിം സൈന്യാധിപനായ അബ്ദുല്ലാഹിബ്‌നു സഅദ് ബ്‌നു അബീസർഹി(റ)നോട് പറഞ്ഞു: ‘ഞാനൊരു അപ്രതീക്ഷിത മുന്നേറ്റം നടത്താൻ പോവുകയാണ്. എനിക്കൊരു പിന്നണി സംരക്ഷണം തരണം.’ (സൈന്യാധിപന്മാർ യുദ്ധം ചെയ്യുമ്പോൾ പിന്നണി സംരക്ഷരുണ്ടാകാറുണ്ട്. സാധാരണ പട്ടാളക്കാർക്കിതുണ്ടാകാറില്ല). യുദ്ധം അപ്പോഴും തുടങ്ങിയിട്ടില്ലായിരുന്നു. ആവശ്യം പരിഗണിച്ച് 10 പേരെ സംരക്ഷണത്തിന് നിയോഗിച്ചു. അബ്ദുല്ലാഹി ബ്‌നു സുബൈർ(റ) ആ പത്തു പേരോടൊപ്പം ബർബറിന്റെ സൈന്യത്തിനിടയിലൂടെ രാജാവിന്റെ അടുത്തേക്ക് നടന്നു. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ഇരുപക്ഷത്തെയും സൈന്യാധിപന്മാർ തമ്മിലുള്ള സന്ദേശം കൈമാറുന്ന ദൂതന്മാരാണ് ഈ വരുന്നതെന്ന് കരുതിയോ മറ്റോ ബർബറികൾ അവർക്ക് വഴിയൊരുക്കി കൊടുത്തു.
ഒടുവിൽ സൈന്യത്തിന്റെ ഏറ്റവും പിന്നിലുള്ള രാജാവിന്റെ അടുത്തെത്തി. രാജാവിന് പക്ഷേ ഇവരുടെ വരവിൽ പന്തികേട് തോന്നി. ദൂതന്മാരുടെ വരവ് ഇങ്ങനെയല്ല എന്നു മനസ്സിലാക്കിയ അദ്ദേഹം പിന്നോട്ട് നീങ്ങാനൊരുങ്ങി. എന്നാൽ സമയം കഴിഞ്ഞിരുന്നു. അബ്ദുല്ല(റ) ഒരൊറ്റ വെട്ടിന് രാജാവിന്റെ ഗളം ഛേദിച്ചു. ബഹളം കേട്ട് എന്താണ് സംഭവിച്ചതെന്നറിയാതെ ബർബേറിയൻ സൈനികർ പ്രാണരക്ഷാർത്ഥം ചിതറിയോടി. യുദ്ധം വേണ്ടിവന്നില്ല. ഇതോടെ ബർബറികൾക്ക് മുസ്‌ലിംകളോടുള്ള ഭയം വർധിച്ചു.
ഇതിനു മുമ്പ് ഇരുവിഭാഗവും തമ്മിൽ പലപ്പോഴും യുദ്ധങ്ങൾ നടന്നിരുന്നു. ബർബറികൾ തോൽക്കുമ്പോൾ മുസ്‌ലിംകളുമായി സന്ധിയിലേർപ്പെടും. കുറച്ചു ദിവസം കഴിഞ്ഞാൽ റോമക്കാർ സൈനികവും സാമ്പത്തികവുമായ സഹായം നൽകി ഇവരെ വീണ്ടും യുദ്ധത്തിനായി ഇളക്കിവിടും. എന്നാൽ, അബ്ദുല്ലാഹിബ്‌നു സുബൈർ(റ)ന്റെ അപ്രതീക്ഷിത ആക്രമണത്തോടെ ഈ പതിവ് പരിപാടിക്ക് തിരശ്ശീല വീണു.
ഇതോടെ റോമയുടെ ആക്രമണ പ്രദേശങ്ങളിൽ ഒന്നായി ആഫ്രിക്ക മാറി. ഇതിനെ പ്രതിരോധിച്ചത് ഉസ്മാൻ(റ)ന്റെ കാലത്ത് രൂപീകരിച്ച നാവികസേനയുടെ നേതൃത്വത്തിൽ ഖുബ്‌റുസ്, റൂദസ് ദ്വീപുകൾ മുസ്‌ലിംകൾ പിടിച്ചെടുത്തുകൊണ്ടാണ്.

പ്രവാചക പ്രവചനം

ഉസ്മാൻ(റ)ന്റെ കാലത്ത് ഖുബ്‌റുസ് ദ്വീപിലുണ്ടായിരുന്ന യൂറോപ്യന്മാർക്കെതിരെ നടന്ന പടനീക്കത്തിൽ ഉബാദത്ത് ബ്‌നു സ്വാമിത്ത്(റ), അബൂഅയ്യൂബുൽ അൻസ്വാരി(റ) തുടങ്ങിയ പ്രമുഖ സ്വഹാബികളും സംബന്ധിച്ചിരുന്നു. ഈ യുദ്ധത്തിൽ പങ്കെടുത്തവരുടെ സ്വർഗപ്രവേശനത്തെ കുറിച്ച് നബി(സ്വ) മുൻകൂട്ടി പ്രവചിച്ചിരുന്നതായി ഹദീസ് ഗ്രന്ഥങ്ങളിൽ കാണാം.
ഉമ്മു ഹറാം ബിൻത് മൽഹാന(റ) തിരുനബി(സ്വ)യുടെ മുലകുടി ബന്ധത്തിലുള്ള അമ്മായിയാണ്. ഉബാദതു ബ്‌നു സ്വാമിത്ത്(റ)വാണ് ഭർത്താവ്. ഖുബാഇലേക്ക് പോകുമ്പോൾ അമ്മായിയുടെ വീട്ടിൽ നബി(സ്വ) കയറുകയും ഭക്ഷണം കഴിച്ച് അൽപ്പനേരം വിശ്രമിക്കുകയും ചെയ്യും. ഒരിക്കൽ അമ്മായിയുടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച് വിശ്രമത്തിനായി മയങ്ങിയ തിരുനബി(സ്വ) ഇടക്ക് പുഞ്ചിരിച്ചുകൊണ്ട് ഉണർന്നു. ഇതുകണ്ട ഉമ്മു ഹറാം(റ) ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അങ്ങ് ഉറക്കത്തിനിടെ പുഞ്ചിരിച്ച് ഉണർന്നതിന് കാരണമെന്താണ്? നബി(സ്വ) പറഞ്ഞു: ‘എന്റെ സമുദായത്തിൽപെട്ട ഒരു വിഭാഗം ചക്രവർത്തികളെ പോലെയാണ്. അവർ സ്വർഗത്തിൽ ഉന്നത സ്ഥാനത്താണ്.’ ആ കൂട്ടത്തിൽ തന്നെയും ഉൾപ്പെടുത്താൻ അങ്ങ് പ്രാർത്ഥിക്കണമെന്നായി അമ്മായി. നബി(സ്വ) അറിയിച്ചു: നിങ്ങളും അവരിൽ പെട്ടവരാണ്.
ഈ സംഭവം ഉസ്മാൻ(റ)വിന്റെ ഖിലാഫത്തു കാലത്ത് നടന്ന ആഫ്രിക്ക കീഴടക്കലിലേക്ക് സൂചിപ്പിച്ചുകൊണ്ട് നബി(സ്വ) പറഞ്ഞതാണ്. പിന്നെയും കിടന്നുറങ്ങിയ റസൂൽ(സ്വ) കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും ഇതേപോലെ പുഞ്ചിരിച്ചുകൊണ്ട് ഉണരുകയും അതേ സംഭവം പറയുകയും ചെയ്തു. ഉമ്മു ഹറാം(റ) വീണ്ടും ആവശ്യപ്പെട്ടു: അക്കൂട്ടത്തിൽ എന്നെയും ഉൾപ്പെടുത്താൻ അങ്ങ് പ്രാർത്ഥിക്കണം. അപ്പോൾ നബി(സ്വ) പറഞ്ഞതിങ്ങനെ: ‘നിങ്ങൾ ആദ്യം പറഞ്ഞ വിഭാഗത്തിൽപെട്ടവരാണ്.’ വളരെയധികം ബഹുമാനമായിരുന്നു നബി(സ്വ)ക്ക് അവരോടെന്ന് ഗ്രന്ഥങ്ങളിൽ കാണാം. രണ്ടാമത് പറഞ്ഞ സംഭവം മുആവിയ(റ) ഖലീഫയായിരിക്കെ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതിനെ കുറിച്ചുള്ള പ്രവചനമാണ്. ആ സൈന്യത്തിലെ ഡെപ്യൂട്ടി കമാൻഡറായിരുന്നു മുആവിയ(റ)വിന്റെ മകൻ യസീദ്.

വേറിട്ടുനിർത്തുന്ന സ്വഭാവം

മുസ്‌ലിം രാജ്യങ്ങളുടെ വടക്കൻ മേഖലയിലെ ചോദ്യം ചെയ്യപ്പെടാത്ത ഭരണാധികാരിയും സൈനിക ഉപദേഷ്ടാവും രാജ്യതന്ത്രജ്ഞനുമായിരുന്നു മുആവിയ(റ). രാഷ്ട്രതന്ത്രജ്ഞത അദ്ദേഹത്തിന് ജന്മസിദ്ധമായി കിട്ടിയതാണ്. അതുകൊണ്ടുതന്നെ അറബികളിലെ മികച്ച രാജ്യതന്ത്രജ്ഞനായി മാറാൻ മുആവിയ(റ)ക്ക് സാധിച്ചു. ഏതു ശത്രുവിനെയും പുഞ്ചിരിയോടെ സ്വീകരിച്ചിരുത്തി പറയാനുള്ളതെല്ലാം ക്ഷമയോടെ കേട്ടിരിക്കും. തന്റെ നിലപാടുകൾ നയചാതുരിയോടെയും അവതരിപ്പിക്കും. ശേഷം അനുനയിപ്പിച്ച് സമ്മാനവുമായി തിരിച്ചയക്കും. മരണം വരെ ഈ സ്വഭാവമായിരുന്നു അദ്ദേഹത്തിനെന്നും കൊല്ലാൻ വന്നവർ വരെ ഈ പ്രവൃത്തി കണ്ട് അദ്ദേഹത്തിന്റെ അനുയായിയായി മാറിയിരുന്നതായി ചരിത്രത്തിൽ കാണാം.
അതുകൊണ്ടാണ് ഗവർണറായിരുന്ന കാലത്ത് ശാമുൾപ്പടെയുള്ള മുസ്‌ലിം രാജ്യങ്ങളുടെ വടക്കൻ ഭാഗത്തുള്ളവർക്ക് മുആവിയ(റ)യെ കുറിച്ച് രണ്ടഭിപ്രായമുണ്ടാകാതിരുന്നതും അദ്ദേഹത്തിനൊപ്പം ശാമുകാർ ഒറ്റക്കെട്ടായി നിന്നതും. ഈ ശാന്തതയും വിശാല മനസ്‌കതയും വിട്ടുവീഴ്ചാ മനോഭാവവും മുസ്‌ലിം ചരിത്രത്തിൽ അദ്ദേഹത്തെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റി.
ഖലീഫയായിരിക്കെ ഒരിക്കൽ ഇറാഖിലെ പ്രമുഖ ശീഈ നേതാക്കൾ മുആവിയ(റ)യെ സന്ദർശിക്കാനെത്തി. അവരെ ആദരവോടെ സ്വീകരിച്ചിരുത്തിയ ഖലീഫ കാര്യം തിരക്കി. ശീഈ നേതാക്കൾ സൗമ്യരായി പറഞ്ഞുതുടങ്ങിയെങ്കിലും ഒടുവിൽ പിതാവ് അബൂസുഫ്‌യാൻ(റ)നെ ആക്ഷേപിക്കുകയും തന്റെ വ്യക്തിത്വത്തെയും അധികാരത്തെയും ചോദ്യം ചെയ്യുകയും കുറ്റപ്പെടുത്തുകയും ചെയ്തു. അതേസമയം അലി(റ)വിനെ വാനോളം പുകഴ്ത്തുകയുമുണ്ടായി. മുആവിയ(റ) മറുത്തൊന്നും പ്രതികരിക്കാതെ സംസാരം കഴിയുന്നത് വരെ പുഞ്ചിരിയോടെ കേട്ടിരുന്നു.
ഇതാണ് അദ്ദേഹത്തിന്റെ സ്വഭാവം. ഒരിക്കൽ പോലും വിമർശകരോട് ദേഷ്യപ്പെട്ടതായി കാണാനാവില്ല. മറുപടി അർഹിക്കുന്നവക്ക് മാത്രം പ്രത്യുത്തരം നൽകി മാന്യമായി സൽക്കരിച്ച് എന്തെങ്കിലും അപേക്ഷകളുണ്ടെങ്കിൽ അത് സ്വീകരിച്ച് ഭംഗിയായി നിറവേറ്റിക്കൊടുത്ത് സമ്മാനങ്ങൾ നൽകിയാണ്തിരിച്ചയക്കുക. അതുകൊണ്ട് തന്നെ ആജന്മ ശത്രുക്കളായ ശിയാക്കളിൽ നിന്ന് അദ്ദേഹത്തിന്റെ ഭരണകാലത്ത് കാര്യമായ ആക്രമണങ്ങളൊന്നും നേരിടേണ്ടി വന്നില്ല.

 

സുലൈമാൻ ഫൈസി കിഴിശ്ശേരി
കേട്ടെഴുത്ത്: സയ്യിദ് സൽമാൻ അദനി കരിപ്പൂർ

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ