തിരുനോട്ടം

 

തിരുനബി(സ്വ)യോട് ഒരാൾ ചോദിച്ചു: റസൂലേ, ശഅ്ബാൻ മാസത്തിൽ നോമ്പനുഷ്ഠിക്കുന്നതുപോലെ മറ്റൊരു മാസവും അങ്ങ് നോമ്പനുഷ്ഠിക്കുന്നതായി കണ്ടിട്ടില്ലല്ലോ! അവിടന്ന് മറുപടി നൽകി: റജബ്-റമളാൻ എന്നീ രണ്ട് മാസങ്ങൾക്കിടയിൽ ജനങ്ങൾ ശ്രദ്ധിക്കാതെ പോകുന്ന ഒരു മാസമാണത്. മനുഷ്യന്റെ കർമങ്ങൾ ലോകരക്ഷിതാവായ അല്ലാഹുവിങ്കലേക്ക് ഉയർത്തുന്നത് ശഅ്ബാൻ മാസത്തിലാണ്. എന്റെ കർമങ്ങൾ നോമ്പുകാരനായിരിക്കെ ഉയർത്തപ്പെടാൻ ഞാനിഷ്ടപ്പെടുന്നു (അഹ്‌മദ്).
ശഅ്ബാൻ മാസത്തിന് അനേകം സവിശേഷതകളുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ഈ ഹദീസിൽ നബി(സ്വ) വ്യക്തമാക്കിയത്. മനുഷ്യന്റെ കർമങ്ങൾ അല്ലാഹുവിലേക്ക് ഉയർത്തപ്പെടുന്നത് ഈ മാസത്തിലാണ്. സൽകർമങ്ങൾ അല്ലാഹു വിങ്കൽ സ്വീകാര്യമാകണം. അവ ഉയർത്തപ്പെടുന്നതിന് അനുയോജ്യമായ സമയങ്ങൾ നാഥൻ നിശ്ചയിച്ചിട്ടുണ്ട്. ഉയർത്തപ്പെടുന്ന സന്ദർഭവും സൽകർമവുമായി ബന്ധപ്പെട്ടതാകുന്നത് റസൂൽ(സ്വ) ഇഷ്ടപ്പെട്ടിരുന്നു. ആ സമയത്ത് നോമ്പുകാരനായിക്കാൻ അവിടന്ന് ആഗ്രഹിച്ചു. സമയദൈർഘ്യവും മഹത്ത്വവുമുള്ള ഒരു ഇബാദത്താണ് നോമ്പ്. നോമ്പ് അതിന്റെ മര്യാദകളും ചര്യകളും പാലിച്ച് അനുഷ്ഠിച്ചാലേ പൂർണതയിലെത്തൂ.
കർമങ്ങൾ ഉയർത്തപ്പെടുന്ന വേറെയും സന്ദർഭങ്ങൾ നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. ‘തിങ്കളാഴ്ചയും വ്യാഴ്ചയും കർമങ്ങൾ വെളിവാക്കപ്പെടും. നോമ്പുകാരനായിരിക്കെ എന്റെ കർമങ്ങൾ വെളിവാക്കപ്പെടാനാണ് ഞാനിഷ്ടപ്പെടുന്നത് (തുർമുദി).
മനുഷ്യന്റെ കർമാനുഷ്ഠാനങ്ങൾ അല്ലാഹുവിന് സമർപ്പിതമാണ്. നിബന്ധനകളും ഘടകങ്ങളും കൃത്യമായി പാലിച്ചുവേണം കർമങ്ങൾ നിർവഹിക്കാൻ. അവ സ്വീകരിക്കാൻ വേണ്ടി പ്രാർത്ഥിക്കുകയും വേണം. ഇത് നമ്മുടെ ഭാഗത്ത് നിന്നുണ്ടാവേണ്ട കാര്യങ്ങളാണ്. കർമങ്ങൾ രേഖപ്പെടുത്താൻ മലക്കുകളുണ്ട്. അവ ഉയർത്തപ്പെടുന്ന സമയവുമുണ്ട്. കൂടുതൽ സ്വീകാര്യതയും പ്രതിഫലവും ലഭിക്കുന്ന സമയങ്ങളും സ്ഥലങ്ങളും സാഹചര്യങ്ങളും നിശ്ചയിച്ചിട്ടുമുണ്ട്.
എല്ലാം അതാതു നിമിഷം കാണുകയും അറിയുകയും ചെയ്യുന്നവനാണ് അല്ലാഹു. എന്നിരിക്കെ പ്രത്യേക സമയത്ത് കർമങ്ങൾ ഉയർത്തുന്നതിലെ യുക്തി എന്തെന്ന് അന്വേഷിക്കേണ്ടതില്ല. എല്ലാം അറിയുന്നവന്റെ മുമ്പിൽ ഒരു പ്രദർശനത്തിന്റെയോ ഉഡ്ഢയനത്തിന്റേയോ ആവശ്യവുമില്ല. എന്നിട്ടും എന്തിന്? ഈ ക്രമീകരണങ്ങളുടെ ഗുണം വിശ്വാസികൾക്കുള്ളതാണ്. തിന്മകൾ സംഭവിച്ചാൽ പശ്ചാത്താപമോ പ്രായശ്ചിത്തമോ ചെയ്യാൻ സമയം ലഭിക്കുന്നു. ‘വല്ല തിന്മകളും പ്രവർത്തിച്ചാൽ അതിനെ തുടർന്ന് അവ മായ്ച്ചുകളയാൻ കാരണമാകുന്ന നന്മകൾ പ്രവർത്തിക്കുക’ എന്ന് നബി(സ്വ) പഠിപ്പിച്ചു.
കർമങ്ങളുടെ ഉയർത്തലും പ്രദർശനവും നടക്കുന്ന വ്യാഴം, തിങ്കൾ ദിവസങ്ങളിലും ശഅ്ബാൻ മാസത്തിലും നബി(സ്വ) നോമ്പനുഷ്ഠിക്കുകയും അതിന്റെ കാരണം പറഞ്ഞു തരുകയും ചെയ്തിട്ടുണ്ട്. ഒരു സുകൃതം നിർവഹിക്കുന്ന സമയത്തോ അതിന്റെ ചൈതന്യം നിലനിൽക്കുന്ന ഘട്ടത്തിലോ കർമങ്ങൾ ഉയർത്തപ്പെടുന്നതിന് പവിത്രതയുണ്ട്. തിങ്കളാഴ്ചയും വ്യാഴാഴ്ചയും വാരാന്തവും ശഅ്ബാൻ മാസം പൂർണമായും നോമ്പനുഷ്ഠിക്കുന്നത് ആത്മീയമായി വലിയ നേട്ടം തന്നെയാണ്.
ശഅ്ബാനിലെ നോമ്പിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. റമളാനിന് തൊട്ടുമുമ്പുള്ള മാസമാണത്. വിശുദ്ധ മാസത്തിനു വേണ്ടിയുള്ള മുന്നൊരുക്കമായി അത് ഗണിക്കപ്പെടും. ഉസാമ(റ)വിനോട് ശവ്വാൽ മാസം നോമ്പെടുക്കാൻ നബി(സ്വ) നിർദേശിച്ചിരുന്നുവെന്ന് ഇബ്‌നുമാജ(റ). ഇമാം ഇബ്‌നു റജബ്(റ) വിശദീകരിച്ചു: റമളാനിന് മുമ്പത്തെ മാസമെന്ന പ്രത്യേകതയാണ് ശഅ്ബാനിനുള്ളത്. അതുപോലെ റമളാൻ മാസത്തിനുടനെയായതിനാലാണ് ശവ്വാലിലെ നോമ്പിന് ശ്രേഷ്ഠതയുണ്ടായത്. നബി(സ്വ) അനുഷ്ഠിച്ചതിനാൽ അത് ഏറെ ശ്രേഷ്ഠകരമാണ്. ശവ്വാലിലെ നോമ്പ് പവിത്രമാസങ്ങളിലെ നോമ്പിനെക്കാൾ ശ്രേഷ്ഠമായതാണെങ്കിൽ ശഅ്ബാനിലെ നോമ്പ് എന്തായാലും ശ്രേഷ്ഠകരം തന്നെ. റമളാന്റെ അപ്പുറവും ഇപ്പുറവുമുള്ള സുന്നത്ത് നോമ്പുകൾ ഐച്ഛിക വ്രതങ്ങളിൽ ഏറെ പുണ്യകരമാണ്. റമളാന്റെ സാമീപ്യമാണ് ഈ നോമ്പുകൾക്ക് മഹത്ത്വ വർധനവുണ്ടാക്കുന്നത്.
‘റമളാൻ നോമ്പിനെ അപേക്ഷിച്ച് ശഅ്ബാനിലെയും ശവ്വാലിലെയും സുന്നത്ത് നോമ്പുകൾ, ഫർള് നിസ്‌കാരങ്ങളുടെ മുമ്പും പിമ്പുമുള്ള റവാത്തിബ് സുന്നത്തുകളുടെ സ്ഥാനത്താണ്. ഫർളുകളിലെ കുറവുകൾ പരിഹരിക്കുന്നതിനാൽ റവാത്തിബ് സുന്നത്ത് നിസ്‌കാരങ്ങൾ ശ്രേഷ്ഠതയുടെ കാര്യത്തിൽ ഫർളുകളോട് ചേർന്നുവരുമല്ലോ. ഇതു പ്രകാരമാണ് റമളാനിന് മുമ്പും പിമ്പുമുള്ള സുന്നത്ത് നോമ്പുകളും. നിരുപാധിക സുന്നത്ത് നിസ്‌കാരങ്ങളെക്കാൾ റവാത്തിബ് സുന്നത്തുകൾ ശ്രേഷ്ഠമാണെന്ന പോലെ മറ്റു കാലങ്ങളിലെ സുന്നത്ത് നോമ്പുകളെക്കാൾ റമളാനിന് അപ്പുറവും ഇപ്പുറവുമുള്ള സുന്നത്ത് നോമ്പുകളും ശ്രേഷ്ഠമത്രെ (ലത്വാഇഫുൽ മആരിഫ്).
നബി(സ്വ) പറഞ്ഞ മറ്റൊരു കാരണം, ജനങ്ങൾ അശ്രദ്ധരാകുന്ന കാലത്ത് ഒരു സൽകർമം ചെയ്യുക എന്നതാണ്. റജബിന്റെയും റമളാനിന്റെയും ഇടയിൽ ആളുകൾ ശ്രദ്ധിക്കാതെപോകുന്ന മാസമാണിത്. റജബ് മാസം ധർമസമരം പോലും നിഷിദ്ധമായ പവിത്ര കാലമാണ്. അതുകൊണ്ട് തന്നെ അതിന്റെ മഹത്ത്വത്തെ കുറിച്ച് ജനങ്ങൾക്ക് ധാരണയുണ്ടാകും. അത് സുകൃതങ്ങൾക്ക് കാരണവുമാകും. റമളാൻ മാസത്തിന്റെ മഹത്ത്വവും ശ്രേഷ്ഠതയും ഇപ്രകാരം തന്നെ. എന്നാൽ ശഅ്ബാൻ വലിയ ശ്രദ്ധ ലഭിക്കാതെ പോകാനുള്ള സാധ്യത കൂടുതലാണ്. ഇതാണ് നബി(സ്വ) ഉണർത്തിയത്.
ഇബ്‌നു റജബ്(റ) എഴുതി: ധർമസമരം നിഷിദ്ധമായ റജബും നോമ്പുകാലമായ റമളാനും മുന്നിലും പിന്നിലും നിൽക്കുന്നതിനാൽ അവ രണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കുമ്പോൾ ശഅ്ബാൻ മാസത്തെ കുറിച്ച് അശ്രദ്ധരായേക്കും. ചിലർ ധരിച്ചിട്ടുള്ളത് പവിത്ര മാസമായതിനാൽ റജബിനാണ് ശഅ്ബാനിനെക്കാൾ മഹത്ത്വമെന്നാണ്. അതല്ല യാഥാർത്ഥ്യം. ആഇശ(റ) പറയുന്നു: റജബിൽ നോമ്പനുഷ്ഠിക്കുന്ന ആളുകളെ കുറിച്ച് കേട്ടപ്പോൾ നബി(സ്വ) പറഞ്ഞു: ശഅ്ബാനിലെ നോമ്പിന്റെ കാര്യത്തിൽ അവരുടെ സ്ഥിതി എന്താണാവോ? (ലത്വാഇഫ്).
അധികമാരും ശ്രദ്ധിക്കാതെപോകുന്ന നല്ല സമയങ്ങളും അവസരങ്ങളും ഇബാദത്തുകൾ കൊണ്ട് ധന്യമാക്കുന്നത് അല്ലാഹുവിന് ഏറെ പ്രിയങ്കരമാണ്. മഹത്ത്വം പ്രസിദ്ധമല്ലാത്തതിനാലും മറ്റു കാര്യങ്ങളിൽ മുഴുകിയതിനാലും ചിലതൊക്കെ പരിഗണിക്കപ്പെടാതെ പോകാനിടയുണ്ട്. ഇത് ഇബാദത്തിലും വസ്തുക്കളിലും ആളുകളിലും സമയത്തിലും സ്ഥലങ്ങളിലുമൊക്കെ സംഭവിക്കാവുന്നതാണ്. ഇബ്‌നു റജബ്(റ) എഴുതുന്നു: ശ്രേഷ്ഠത പ്രസിദ്ധമായ സ്ഥലങ്ങൾ, സമയങ്ങൾ, വ്യക്തികൾ എന്നിവയെക്കാൾ യഥാർത്ഥത്തിൽ പവിത്രമായത് വേറെയാകാം. അതിന് വ്യക്തമായ കാരണങ്ങളുമുണ്ടാകും. പക്ഷേ, അധികമാളുകൾക്കും അതറിയണമെന്നില്ല. അതു കാരണം, പ്രസിദ്ധമായതിൽ അവർ വ്യാപൃതരാവും. അതുവഴി യഥാർത്ഥത്തിൽ മഹത്തരമായത് അവർക്ക് നഷ്ടപ്പെട്ടേക്കാം (ലത്വാഇഫ്). അതിനാൽ തന്നെ നബി(സ്വ) അനുഷ്ഠിച്ച് മാതൃക കാണിച്ച ശഅ്ബാൻ മാസത്തിലെയും വ്യാഴം, തിങ്കൾ ദിവസങ്ങളിലെയും നോമ്പിൽ ഉത്സാഹം കാണിക്കുക.

 

അലവിക്കുട്ടി ഫൈസി എടക്കര

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ