shareeath college-malayalam

മതപഠനത്തിന്റെ പുതിയ വർഷത്തേക്കു കാലെടുത്തു വെച്ചിരിക്കുകയാണ് മദ്രസകളും ദർസുകളും ശരീഅത്ത്-ദഅ്‌വാ കോളേജുകളുമടങ്ങുന്ന പഠന കേന്ദ്രങ്ങൾ. ഇസ്‌ലാമിന്റെ തനതായ മൂല്യങ്ങൾ സമൂഹത്തിലേക്കെത്തിക്കാൻ പ്രവാചകർ(സ്വ) വിവിധ മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ആഴത്തിൽ വിജ്ഞാനം പകർന്നു നൽകുക ലക്ഷ്യമാക്കി മദീനയിലെ പള്ളിയിൽ വെച്ച് അറിവുകൾ പഠിപ്പിച്ചു. പ്രവാചകരുടെ ജീവിതകാലത്തുതന്നെ ഇസ്‌ലാമിക ദർശനങ്ങൾ ഏറ്റുവാങ്ങാൻ ഭാഗ്യം ലഭിച്ചവരാണ് ഇന്ത്യക്കാർ, വിശേഷിച്ച് കേരള മുസ്‌ലിംകൾ.

കേരളത്തിൽ മതവിജ്ഞാനത്തിനുള്ള സംവിധാനങ്ങളിൽ മുഖ്യമാണ് ശരീഅത്ത് കോളേജുകൾ. മുൻകാലങ്ങളിൽ നമ്മുടെ നാടുകളിൽ നിലനിന്നിരുന്ന ഓത്തുപള്ളികളുടെയും പള്ളി ദർസുകളുടെയും പരിഷ്‌കരിച്ച രൂപമാണിത്. തിരുനബി(സ്വ) മദീനയിൽ തുടക്കം കുറിച്ച വിജ്ഞാന തിരിവെട്ടത്തിന്റെ തുടർച്ചയാണ് കേരളത്തിലെ ഈ ദീനീ സംരംഭങ്ങൾ. മുൻഗാമികൾ മതപഠനത്തിന് വളരെയധികം പ്രാധാന്യം കൽപ്പിച്ചിരുന്നു. ഇന്നു ജീവിച്ചിരിക്കുന്ന പ്രായംചെന്നവരിലെ ദീനീ ചൈതന്യത്തിന്റെ പൊരുളതാണ്. ഖുർആൻ പാരായണ ശാസ്ത്രത്തിലും മതകർമങ്ങളിലും അഭിരുചിയുണ്ടാക്കാൻ ഈ സൗകര്യങ്ങൾ മുൻഗാമികൾ ഫലപ്രദമായി ഉപയോഗിച്ചു. ചുരുങ്ങിയ വർഷങ്ങൾകൊണ്ട് കേരളക്കരയിൽ വലിയ നേട്ടങ്ങൾ കൈവരിച്ച വിജ്ഞാന വേദിയാണ് ശരീഅത്ത് കോളേജുകൾ.

നിസ്വാർത്ഥരായ ദീനീ സ്‌നേഹികൾ ധാരാളം ഭൂസ്വത്തുക്കൾ പള്ളി-മദ്രസ-ദർസുകൾക്കായി വഖ്ഫ് ചെയ്തിരുന്നു. ഈ വഖ്ഫ് സ്വത്തുക്കളിൽ നിന്നു ലഭിച്ചിരുന്ന വരുമാനങ്ങൾ ഉപയോഗിച്ചായിരുന്നു മുൻ കാലങ്ങളിൽ മതപഠന സംവിധാനങ്ങൾ നിലനിർത്തിയിരുന്നത്. ദീനീ സ്‌നേഹികളായ ഉദാരമതികളിൽ നിന്നു ലഭിക്കുന്ന സഹായഹസ്തങ്ങൾ കൊണ്ടാണ് ഇന്നുള്ള ശരീഅത്ത് കോളേജുകളും പ്രവർത്തിക്കുന്നത്.

നവീകരണം, പരിഷ്‌കരണം എന്ന പേരിൽ മതപഠന മേഖലയിൽ നടക്കുന്ന ചില അരുതായ്മകൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. മുൻഗാമികൾ പഠിപ്പിച്ച പലകാര്യങ്ങളും ഇല്ലായ്മ ചെയ്യാനും മറച്ചുവെക്കാനും പുതുതലമുറയിലെ പഠിതാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ബിദ്അത്തുകാർ ശ്രമിക്കുന്നു. അതിനാൽ ശരീഅത്ത് കോളേജുകളിലെ ഉസ്താദുമാർ ഇക്കാര്യത്തിൽ പ്രത്യേകം ഉന്നൽനൽകണം. മർഹൂം ശൈഖുൽ ഹദീസ് എം.കെ.എം ഇസ്മാഈൽ മുസ്‌ലിയാർ നെല്ലിക്കുത്ത് ഉസ്താദ് ഇക്കാര്യത്തിൽ മാതൃകയാണ്. ബിദഈ പ്രസ്ഥാനക്കാർക്കെതിരിലുള്ള ചോദ്യവും മറുപടിയും പരാമർശിക്കാതെ ക്ലാസുകൾ അവസാനിക്കാറുണ്ടായിരുന്നില്ലെന്നതിന് അനുഭവംസാക്ഷി. വിശുദ്ധ ഖുർആൻ മതപഠനത്തിന്റെ പ്രാധാന്യം പലയിടങ്ങളിലായി പരാമർശിച്ചിട്ടുണ്ട്. അല്ലാഹു പറഞ്ഞു: ‘നന്മയിലേക്ക് ക്ഷണിക്കുകയും നല്ലത് പ്രബോധനം ചെയ്യുകയും തിന്മകൾ നിരോധിക്കുകയും ചെയ്യുന്ന ഒരു സംഘം നിലനിൽക്കേണ്ടതാണ്” (സൂറത്തു ആലുഇംറാൻ: 104).

മതത്തിന്റെ അതിർവരമ്പുകളിൽ നിന്നുകൊണ്ട് പഠനരംഗങ്ങളിൽ കാലോചിതമായ പരിഷ്‌കരണങ്ങളും പുരോഗതി പ്രവർത്തനങ്ങളും ആവശ്യമണ്. തിരുനബി(സ്വ) തുടങ്ങിവെച്ച മാതൃകയിലാണ് ശരീഅത്ത് കോളേജുകളിൽ മുതഅല്ലിംകൾ മതവിദ്യയഭ്യസിക്കുന്നത്. പഠനകാലത്ത് മറ്റുചിന്തകളെല്ലാം മാറ്റിവെച്ച് പരമാവധി വിജ്ഞാനം കരസ്ഥമാക്കാനാണ് വിദ്യാർത്ഥികൾ പരിശ്രമിക്കേണ്ടത്. പഠന കേന്ദ്രത്തിലെ ലഭ്യമായ സൗകര്യങ്ങളെല്ലാം ഇതിനായി പ്രയോജനപ്പെടുത്തണം.

നവയുഗത്തിൽ ജീവത്തായ ഇസ്‌ലാമിക മൂല്യങ്ങൾക്കാണ് പ്രാധാന്യമുള്ളത്. കാര്യങ്ങൾ നേരായ രീതിയിൽ പഠിക്കാനും പഠിപ്പിക്കാനും തയ്യാറായാൽ മൂല്യങ്ങൾ നിലനിർത്താൻ കഴിയും. സത്യാസത്യങ്ങൾ വേർതിരിയാൻ അതു വഴിയൊരുക്കും. അത്തരം സംവിധാനങ്ങളും സാഹചര്യങ്ങളുമാണ് പഠന മേഖലയിൽ രൂപപ്പെടേണ്ടത്. സ്ഥാപന മേധാവികളും നടത്തിപ്പുകാരും പ്രാധാന്യത്തോടെ നിർവഹിക്കേണ്ടതാണിത്.

അല്ലാഹുവിന്റെ പ്രീതികാംക്ഷിച്ചു കൊണ്ടുള്ള പ്രബോധന വഴിയിൽ തിരുനബി(സ്വ)യുടെ സ്വഹാബിമാരുടെ  അനുസരണയാണ് ഈ വിജയത്തിലേക്ക് എത്തിച്ചത്. അതിനാൽ മതപഠനത്തിൽ അനുസരണ മുഖ്യഘടകമാണ്. അല്ലാഹു ആദരിച്ചതിനെ ആദരിക്കണം. അതു ഈമാനിന്റെ പരിപൂർണതക്ക് അനിവാര്യമാണ്. ഇൽമിനെയും ഇൽമ് പഠിപ്പിക്കുന്ന ഗുരുനാഥന്മാരെയും ആദരിക്കണം. എങ്കിൽ മാത്രമേ ഉപകാരപ്രദമായ വിജ്ഞാനം കരസ്ഥമാവുകയുള്ളൂവെന്നു മുതഅല്ലിംകൾ പ്രത്യേകം ഓർക്കണം. വിജ്ഞാന സമ്പാദനത്തിൽ അദബ് പ്രധാനമാണ്.  ഇൽമ് നുകരുന്ന മജ്‌ലിസിൽ റഹ്മത്തിന്റെ മലക്കുകളുടെയും പുണ്യാത്മാക്കളുടെയും സാന്നിധ്യമുണ്ടാവുമെന്നുറപ്പാണ്. അതിനാൽ വളരെ അദബോടുകൂടി വർത്തിക്കണം.

മതപഠനം സത്യവിശ്വാസിയുടെ ബാധ്യതയാണെന്ന് മനസ്സിലാക്കി അതിനാവശ്യമായതു ചെയ്യാൻ കേരളം തയ്യാറായി എന്നത് ചരിത്രം. ഓരോ കാലത്തും വന്ന  ദീർഘദൃഷ്ടിയുള്ള പണ്ഡിതന്മാർ ഈ രംഗത്ത് അർപ്പിച്ച സേവനങ്ങൾ തള്ളിക്കളയാനാവില്ല. ആധികാരിക പണ്ഡിതസഭയായ സമസ്തയുടെ നേതൃത്വത്തിൽ രൂപം നൽകിയ മദ്രസകളും ദർസുകളും വിജയം വരിക്കുകയുണ്ടായി. വർത്തമാന കാലത്തെ പുത്തൻ സ്പന്ദനങ്ങൾക്ക് അനുസൃതമായി മതപഠന രംഗത്ത് പുരോഗതി കൈവരിക്കാൻ ശരീഅത്ത് കോളേജുകൾക്കും ദഅ്‌വാ സംവിധാനത്തിനും സാധിച്ചിട്ടുണ്ടെന്നത് എടുത്തു പറയേണ്ടതാണ്.

ഒരു മകനെയെങ്കിലും മതപണ്ഡിതനാക്കുമെന്ന് ഓരോ രക്ഷിതാവും തീരുമാനമെടുത്താൽ വലിയ പുരോഗമനം ഇനിയും സാധ്യമാകും. അല്ലാഹു ഒരു വ്യക്തിക്ക് നന്മ ഉദ്ദേശിച്ചാൽ അവനെ മതപണ്ഡിതനാക്കുമെന്ന തിരുവചനം രക്ഷിതാക്കൾക്കു രണ്ടു ലോകത്തും പ്രതീക്ഷ നൽകുന്നതാണ്. മതപഠനത്തോടൊപ്പം ഭൗതിക പഠനത്തിനു കൂടി ഇന്ന് സംവിധാനങ്ങളുണ്ട്.

തന്റെ മുന്നിലെത്തുന്ന വിദ്യാർത്ഥിയുടെ കഴിവുകൾ എത്രമാത്രം പരിപോഷിപ്പിക്കാനാവുമെന്നാണ് ഓരോ ഗുരുനാഥനും ആലോചിക്കേണ്ടത്. ആവശ്യമായ ഉപദേശനിർദേശങ്ങളും പ്രോത്സാഹനവും നൽകണം. ശിഷ്യന്മാരുടെ ഉയർച്ച ഗുരുനാഥർക്ക് സന്തോഷമുണ്ടാക്കുന്ന കാര്യമാണല്ലോ.

ഉസ്താദിന്റെ ഗുരുത്വവും പൊരുത്തവും വിദ്യാർത്ഥി നേടിയെടുക്കണം. ജീവിതവഴിയിലെ അഭയകേന്ദ്രമാണ് ഗുരു. ഗുരുവിനെ ആദരിക്കുകയും ബഹുമാനിക്കുകയും സ്‌നേഹിക്കുകയും വേണം. ഏതുകാര്യത്തിലും തീരുമാനമെടുക്കുന്നതിനു മുന്നോടിയായി ഗുരുനാഥനോട് നടത്തുന്ന കൂടിയാലോചന ഫലം ചെയ്യും. ഇൽമിന്റെ ശ്രേഷ്ഠതയും മഹത്ത്വവും ഉൾക്കൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ മുതഅല്ലിമുകൾ കാർക്കഷ്യം പുലർത്തുകയുംവേണം.

തഴക്കവും പഴക്കവും ചെന്ന ഗുരുനാഥന്മാരുടെ അധ്യാപക ജീവിതത്തിൽ നിന്നും യുവ മുദരിസുമാർക്ക് പകർത്താൻ അനേകം ഗുണങ്ങളുണ്ടായിരിക്കും. അവ ഒപ്പിയെടുക്കാൻ യുവ മുദരിസുമാർ ശ്രമിക്കണം. വളരെ സരളമായ അധ്യാപന രീതിയാണ് അഭികാമ്യം. ശിഷ്യന്മാരുടെ മനസ്സിൽ പതിയുന്ന ഉപമകളും ഉദാഹരണങ്ങളും ചേർത്ത് ക്ലാസുകളുടെ ശൈലി ഓരോരുത്തരും മെച്ചപ്പെടുത്തണം. വഴക്കും ശിക്ഷയും ബഹളങ്ങളും ക്ലാസുകൾക്ക് ഗുണം ചെയ്യില്ല. ശിഷ്യന്മാരോട് ഗുരുനാഥനും അങ്ങേയറ്റത്തെ വാത്സല്യമുണ്ടാവണം. മനസ്സിൽ തറക്കുന്ന ഉപദേശങ്ങൾകൊണ്ട് ശിഷ്യന്മാരിലെ തെറ്റുകൾ തിരുത്താൻ ഉസ്താദുമാർക്ക് കഴിയണം.

കേരളത്തിലെ മതപഠന സംവിധാനങ്ങളിൽ മാതൃകാരീതിയാണ് ശരീഅത്ത് കോളേജ്. വിശാലമായ പഠന സംവിധാനങ്ങളാണ് ജ്ഞാനകുതുകികളായ വിദ്യാർത്ഥികൾക്കായി ഒരുക്കുന്നത്. ഇംഗ്ലീഷ്, അറബി, ഉറുദു ഭാഷാ പഠനങ്ങൾക്ക് പ്രത്യേകം ക്ലാസുകൾ തന്നെയുണ്ട്. മതപ്രചാരണത്തിന് ഭാഷാപഠനം ഏറെ സഹായകമാണല്ലോ. ശരീഅത്ത് പഠനത്തോടൊപ്പം വിവിധ യൂണിവേഴ്‌സിറ്റികളുടെ ഭൗതിക ഡിഗ്രി കോഴ്‌സുകൾ തിരഞ്ഞെടുത്ത് പഠിക്കാനും അവസരങ്ങളുണ്ട്.

വിശ്വാസ ശാസ്ത്രം, കർമശാസ്ത്രം, തസ്വവ്വുഫ്, നഹ്‌വ്, സ്വർഫ്, ബലാഗ, മൻത്വിഖ്, താരീഖ്, തഫ്‌സീർ, ഹദീസ് പഠനം, ഇൽമുൽ അദബ്, ഇൽമുൽ കലാം തുടങ്ങിയ വ്യത്യസ്ത വിജ്ഞാന ശാഖകളും ശരീഅത്ത് കോളേജിലെ പഠനവിഷയങ്ങളാണ്. ഓരോ വിദ്യാർത്ഥിക്കും ഇഷ്ടമുള്ള വിജ്ഞാന ശാഖ തിരഞ്ഞെടുത്ത് പ്രത്യേകം പഠനം നടത്താനും റിസർച്ച് ചെയ്യാനും സൗകര്യങ്ങളുണ്ട്. ഈ വിജ്ഞാനശാഖകളിലെല്ലാം അവഗാഹം നേടിയാൽ മാത്രമേ മതപാണ്ഡിത്യത്തിൽ അഗ്രേസരനാവൂ. ഇക്കാരണത്താലാണ് ശരീഅത്ത് കോളേജ് സിലബസുകളിൽ ഈ വിഷയങ്ങളെല്ലാം പ്രാധാന്യത്തോടെ ഉൾപ്പെടുത്തിയിരിക്കുന്നത്. ആദർശ വിഷയങ്ങളിൽ പ്രത്യേകം പരിശീലനവും തർക്കവിഷയങ്ങൾ അടിസ്ഥാനമാക്കി മാസാന്ത പഠനക്ലാസുകളും ചിലരെല്ലാം ആവിഷ്‌കരിച്ചിട്ടുണ്ട്.

ഉപരി പഠനത്തിനും ബിരുദം നേടുന്നതിനും സൗക്യപ്രദമായ മുത്വവ്വൽ കോഴ്‌സുകളുള്ള സ്ഥാപനങ്ങൾ മുതഅല്ലിമുകൾ തിരഞ്ഞെടുക്കുന്നു. അത്തരം സ്ഥാപനങ്ങളിൽ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ യോഗ്യതയനുസരിച്ചാണ് അഡ്മിഷൻ നൽകുന്നത്. ചില പ്രധാന സ്ഥാപനങ്ങളിൽ നിന്നു ലഭിക്കുന്ന ഡിഗ്രി വിവിധ സർവകലാശാലകളിൽ എം.എ, പി.എച്ച്.ഡി പോലുള്ള കോഴ്‌സുകൾക്ക് പരിഗണനീയവുമാണ്.

കാശ്മീർ, കർണാടക, യു.പി, ബംഗാൾ, ബീഹാർ, മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും കേരളത്തിലെ വിവിധ ശരീഅത്ത് കോളേജുകളിൽ വിജ്ഞാനം തേടിയെത്തുന്നുണ്ട്.

ശവ്വാൽ പത്ത് മുതൽ ശഅബാൻ പത്തു വരെയാണ് പൊതുവിൽ ശരീഅത്ത് കോളേജ് വിദ്യാഭ്യാസവർഷമായി പരിഗണിക്കുന്നത്. ഇതിനിടയിലെ ഏതാനും പ്രഖ്യാപിത അവധി ദിനങ്ങളൊഴിച്ചാൽ ബാക്കിയുള്ള കാലമെല്ലാം കൃത്യതയോടെ ക്ലാസുകൾ നടക്കുന്നു. ഇതുവഴി വിദ്യാർത്ഥികൾക്ക് കൂടുതൽ പഠനാവസരം ലഭിക്കുകയും ചെയ്യുന്നു.

ഇവക്കെല്ലാം പുറമെ വിദ്യാർത്ഥികളുടെ കലാ-സാഹിത്യ പരിപോഷണം ലക്ഷ്യംവെച്ച് സാഹിത്യ സമാജങ്ങളും വ്യത്യസ്ത ഭാഷകളിൽ കയ്യെഴുത്ത് മാസികകൾ, സെമിനാറുകൾ, ഓപ്പൺ ഡിബേറ്റ്‌സുകളും നടന്നുവരുന്നു. ഇവയെല്ലാം തന്നെ നാടിന്റെയും സമൂഹത്തിന്റെയും ഇസ്‌ലാമിക ചൈതന്യം നിലനിർത്താൻ സഹായിക്കുന്ന ഘടകങ്ങളാണ്. അക്രമവും അനീതിയും പിടിച്ചുപറിയും അഴിമതിയും അധികരിച്ച കാലത്ത് സാമൂഹിക തിന്മകളെ വിപാടനം ചെയ്യാൻ വിജ്ഞാനത്തിനു മാത്രമേ സാധിക്കൂ.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ