മനുഷ്യന്റെ സർഗശേഷികളിൽ പ്രധാനമാണ് പ്രഭാഷണം. പ്രസംഗം പ്രബോധനാത്മകമായ കലയാണ്. പ്രസംഗത്തിൽ മാസ്മരികതയുണ്ടെന്നു ഹദീസ് സൂചിപ്പിക്കുന്നു. പ്രസംഗം പ്രവാചകന്മാരുടെയും കലയാണ്. പ്രവാചന്മാരെല്ലാം പ്രസംഗകരായിരുന്നുവെന്നു ചരിത്രം. ചിലർ മറ്റു ചിലരെക്കാൾ മികച്ചുനിന്നു. തിരുനബി(സ്വ) ഏറ്റവും മികവുറ്റ പ്രസംഗകനായിരുന്നുവെന്നാണ് ചരിത്രപാഠം. ഒരു ദിവസം നീണ്ടുനിന്ന ദീർഘ പ്രഭാഷണം തന്നെ അവിടന്ന് നടത്തിയതായി ഇമാം ബുഖാരി(റ) സൂചിപ്പിക്കുന്നു.
ആത്മീയ ലോകത്തെ സൂഫി പ്രമുഖരൊക്കെ ജനങ്ങൾക്ക് നവോൽകർഷം നൽകുന്നതിനായി പ്രസംഗത്തെ ക്രിയാത്മകമായി ഉപയോഗിച്ചവരായിരുന്നു. ആ ഗണത്തിൽ തിളങ്ങിനിന്ന താരകമാണ് ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ).

അമൃതവാണികൾ

മുഹ്‌യിദ്ദീൻ എന്നാണ് ശൈഖ് ജീലാനി(റ)യുടെ പ്രസിദ്ധ നാമം. ദീനിനു ജീവൻ നൽകുന്നവനെന്ന് വിവക്ഷ. ദീനിന്റെ ജീവാമൃതായി ജീലാനി(റ)യെ മാറ്റുന്നതിൽ അനൽപമായ പങ്ക് വഹിച്ചത് മഹാന്റെ പ്രഭാഷണം തന്നെയായിരുന്നു. മുപ്പത്തിയാറ് വർഷമാണ് അദ്ദേഹം ദർസ് രംഗത്ത് ശോഭിച്ചത്. എന്നാൽ പൊതുജന പ്രസംഗകനായി അദ്ദേഹം ചെലവഴിച്ചത് നാൽപത് കൊല്ലമാണ്. പ്രഭാഷണ കലയെ ജീലാനി(റ) നന്നായി സ്‌നേഹിക്കുകയും പ്രബോധനാർത്ഥം ഉപയോഗിക്കുകയും ചെയ്തു.
ആദ്യകാലത്ത് ശൈഖ് പ്രസംഗിക്കാൻ മടിച്ചുനിന്നതായി ചരിത്രം പറയുന്നു. സഭാകമ്പമായിരുന്നു കാരണം. അങ്ങനെയിരിക്കെ തിരുനബി(സ്വ)യുടെ ആത്മീയമായ ഇടപെടൽ അദ്ദേഹത്തിൽ കരുത്ത് പകർന്നു. അതോടെ തന്നിലെ ആത്മഭാഷണത്തിന്റെ ദീപം തെളിഞ്ഞു. പിന്നീട് അത് ചൊരിഞ്ഞത് തലമുറകളിലേക്ക് പകരുന്ന പ്രകാശമായിരുന്നു.
ജീലാനി(റ)യുടെ പ്രഭാഷണങ്ങൾ തികഞ്ഞ സാധനയായിരുന്നു. ആത്മീയ മാർഗമായാണ് അദ്ദേഹം പ്രസംഗത്തെ കണ്ടത്. തന്റെ കുഞ്ഞ് മരിച്ചെന്ന വിവരം കിട്ടിയപ്പോഴും ശൈഖ് പ്രസംഗം നിർത്തിയില്ല. കുഞ്ഞിന്റെ സംസ്‌കരണ ക്രിയകൾ നടക്കട്ടെ, നിസ്‌കരിക്കാനായാൽ അറിയിക്കുക, ഞാൻ സംസാരം നിർത്തി വരാം- ഇതായിരുന്നു ശൈഖിന്റെ നിർദേശം.
നാവിൽ നിന്ന് ഖൽബിലേക്കോ കർണപുടത്തിലേക്കോ ആയിരുന്നില്ല ശൈഖിന്റെ ഭാഷണം. കാരണമുണ്ട്, ഒന്നാമത്തേത് പ്രഭാഷകനിൽ മാറ്റമുണ്ടാക്കാത്തതും ശ്രോതാവിൽ നേരിയ തോതിൽ പരിവർത്തനമുണ്ടാക്കുന്നതുമാണ്. രണ്ടാമത്തേത്, ആരിലും ഒരു മാറ്റവും വരുത്താത്തതും. ഇത് തിരിച്ചറിഞ്ഞ് അദ്ദേഹം ഖൽബിൽ നിന്ന് ഖൽബിലേക്ക് സംവാദമൊരുക്കി. അതിനാൽ തന്നെ കാര്യമായ പരിവർത്തനങ്ങൾ ജീലാനി പ്രഭാഷണങ്ങൾ സമൂഹത്തിൽ വരുത്തി. പ്രസംഗം വിപ്ലവാത്മകമായ മാറ്റങ്ങളുണ്ടാക്കി. മഹാൻ തന്നെ പറയുന്നു: ഞാൻ പ്രസംഗമാരംഭിച്ച കാലത്ത് വിരലിലെണ്ണാവുന്നവരാണ് ശ്രവിക്കാനെത്തിയിരുന്നത്. പക്ഷേ, ഞാൻ നിർത്തിയില്ല. സംസാരം തുടർന്നുകൊണ്ടിരുന്നു. ക്രമേണ ശ്രോതാക്കൾ വർധിച്ചുവന്നു. എഴുപതായി, നൂറായി, ആയിരങ്ങളായി.
ജീലാനി(റ)യുടെ സദസ്സിൽ വിശ്വാസികളുടെ സാന്നിധ്യം മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. മറിച്ച്, നൂറുക്കണക്കിന് അവിശ്വാസികളും നാസ്തികരുമെത്തി. അവരിലെല്ലാം മാറ്റങ്ങൾ പ്രകടമായി. ലക്ഷങ്ങളാണ് നാൽപത് കൊല്ലത്തിനിടെ ഇസ്‌ലാമിക സരണിയിൽ വന്നുചേർന്നത്. പലരും ആ വാക്ശരത്തിനു മുന്നിൽ ഹൃദയം പൊട്ടി കരഞ്ഞു. തകർന്നു നയനം പൊത്തി നിന്നവർ അനവധി. ഒരു സദസ്സിൽ ഒന്നിൽ കൂടുതൽ പേർ മരിച്ചുവീഴുമായിരുന്നുവെന്ന് ഗ്രന്ഥങ്ങളിൽ കാണാം.
ജീലാനി(റ)യുടെ പ്രസംഗങ്ങൾ അനവധിയാണ്. വിവിധ മേഖലകളിൽ അത് പരന്നുകിടക്കുന്നു. ദൈനംദിന ജീവിത പ്രശ്‌നങ്ങൾ തൊട്ട് ആത്മീയതയുടെ ആന്തരാർത്ഥങ്ങളിലേക്ക് വരെ നീളുന്ന വചനങ്ങൾ. അവ മാത്രമായി ക്രോഡീകരിച്ച കിതാബുകളുണ്ട്. ഫുതൂഹുൽ ഗൈയ്ബും ഫുതൂഹാതുൽ ഇലാഹിയ്യയുമൊക്കെ ആ ഗണത്തിൽ പെടുന്നു. ഫുതൂഹുൽ ഗൈബിന് സാക്ഷാൽ ഇബ്‌നു തൈമിയ്യ പോലും ടിപ്പണി നിർവഹിച്ചിട്ടുണ്ട്. ജീലാനീ ഗ്രന്ഥങ്ങളൊക്കെയും ശൈഖിന്റെ പ്രഭാഷണങ്ങളാൽ സമ്പന്നമാണ്. ശിഷ്യഗണങ്ങളും മുരീദുമാരുമൊക്കെ ഭാവിതലമുറക്കായി അവ പകർത്തിവെക്കുകയായിരുന്നു.
ഇബ്‌നു റജബിൽ ഹമ്പലി(റ) പറയുന്നു: ശൈഖ് അബ്ദുൽ ഖാദിർ(റ) ഹി. 520ന് ശേഷമാണ് ജനങ്ങളോട് പ്രസംഗിക്കാനായി പ്രത്യക്ഷനാകുന്നത്. സമ്പൂർണ സ്വീകാര്യതതന്നെ അദ്ദേഹത്തിന് ജനങ്ങളിൽ നിന്ന് ലഭിച്ചു. ആ പ്രസംഗങ്ങൾ ജനങ്ങൾക്ക് നന്നായി ഉപകരിച്ചു. അഹ്‌ലുസ്സുന്നത്തിന് അത് അന്തസ്സ് പകർന്നു. ക്രമേണ, ഭരണാധികാരികൾ പോലും ഭയക്കുന്ന തലത്തിലേക്ക് മഹാൻ ഉയർന്നു (ത്വബഖാതുൽ ഹനാബില 1/290, ശദറാതുദ്ദഹബ് 3/200).
ഇമാം യാഫിഈ(റ) കുറിക്കുന്നു: ജീലാനി(റ)യുടെ സംസാരം പരിവർത്തനപരമായിരുന്നു. ബഗ്ദാദിലെ ജനങ്ങളിൽ മിക്കവരും നന്നായത് അദ്ദേഹം വഴിയാണ്. എത്രയോ പേർ മഹാൻ മൂലം ഇസ്‌ലാം പുൽകിയിട്ടുണ്ട് (മിർആതുസ്സമാൻ 8/165).
മുഹ്‌യിദ്ദീൻ മാലയിൽ ഇങ്ങനെ കാണുന്നു:
‘അൻപതിനായിരത്തോളം വഅള് പറഞ്ഞോവർ
നന്നായി തൊണ്ണൂറ് കാലം ഇരുന്നോവർ.’
ശൈഖിന്റെ പ്രഭാഷണങ്ങൾ കേവലം പ്രസംഗങ്ങളായിരുന്നില്ല. ഖൽബിനെ മാറ്റിമറിക്കുന്ന മികച്ച വഅ്‌ളുകളായിരുന്നു എന്നർത്ഥം.

മാറ്റത്തിന്റെ മുഴക്കങ്ങൾ

ജീലാനി പ്രഭാഷണങ്ങളിലെ ചില വരികൾ നോക്കാം:
പ്രിയരേ, ഒരു വിശ്വാസി ഏത് സാഹചര്യത്തിലും മൂന്ന് അവസ്ഥകളിൽ നിന്നു മുക്തനായിക്കൂടാ.
1. ആജ്ഞകൾ പാലിക്കുക.
2. വിലക്കുകൾ വെടിയുക.
3. വിധിയിൽ തൃപ്തിപ്പെടുക.
ഇവ മൂന്നും നാം ഖൽബിൽ ദൃഢീകരിക്കണം. സ്വന്തത്തിനോട് സദാ സംസാരിച്ചുകൊണ്ടിരിക്കണം. അങ്ങനെ അവയവങ്ങൾ മുഴുവൻ സദാസമയവും ഇവയിൽ നിമഗ്നമാകുന്ന സ്ഥിതി വരണം.
*നിങ്ങൾ സൽസരണി പുണരുക, അസത്യ സരണി വെടിയുക. അനുസരിക്കുക, തെന്നി മാറാതിരിക്കുക. സത്യസന്ധരാവുക, സംശയാലുക്കളാവാതിരിക്കുക. ഉറച്ചുനിൽക്കുക, തെറിച്ചുപോകാതിരിക്കുക. നിരാശ വെടിയുക, ആശ കൈകൊള്ളുക. കർമനിരതരാവുക, ആലസ്യം വെടിയുക. സ്‌നേഹബദ്ധരാവുക, ശിഥില ചിത്തരാകാതിരിക്കുക. പാപമുക്തരാവുക, ദോഷികളാകാതിരിക്കുക. സ്വന്തം രക്ഷിതാവിനെ അനുസരിച്ച് അലംകൃതരാകുവീൻ. യജമാനന്റെ വാതിൽപടിയിൽ നിന്ന് ഒഴിഞ്ഞുമാറാതിരിക്കുവീൻ. അവനിലേക്ക് അനുഗമിക്കുക, ഒരിക്കലും പിൻഗമിക്കാതിരിക്കുക. എങ്കിൽ അവൻ നിങ്ങൾക്ക് വിജയം തരും, കരുണ ചൊരിയും. അങ്ങനെ നിങ്ങൾക്ക് നരകമുക്തി കിട്ടും. സ്വർഗപ്രാപ്തിയുണ്ടാവും.
*ഈ ദുൻയാവിൽ നിങ്ങൾ എങ്ങനെയാകണമെന്ന് ഞാൻ പറഞ്ഞുതരാം. നിങ്ങളങ്ങനെ നടന്നുപോകവെ ഒരാൾ ഒഴിഞ്ഞൊരു സ്ഥലത്തിരുന്ന് വിസർജിക്കുന്നത് കണ്ടെന്നുവെക്കുക, അയാൾ നഗ്‌നത കാണിച്ചാണിരിക്കുന്നത്. മലത്തിന്റെ ഗന്ധം അടിച്ചുവീശുന്നു. തീർച്ച, നിങ്ങൾ അയാളുടെ നഗ്‌നതയിൽ നിന്ന് കണ്ണ് മാറ്റും. മൂക്കുകൾ പൊത്തി വാസനയകറ്റും. ഇതുപോലെയാകണം നിങ്ങൾ ദുൻയാവിന്റെ കാര്യത്തിലും. അതിന്റെ പളപളപ്പിൽ നിന്ന് കണ്ണ് മാറ്റുക, ഗന്ധത്തിൽ നിന്ന് നാസികയകറ്റുക. എങ്കിൽ നിങ്ങൾക്ക് വിജയമുറപ്പ്. അതേസമയം, ദുൻയാവിൽ നിന്ന് നിങ്ങൾക്കാവശ്യത്തിനുള്ളത് കിട്ടാതെ പോകുന്നതുമല്ല.
*മാനസിക പിരിമുറുക്കത്തിൽ നിന്ന് രക്ഷ പ്രാപിക്കാൻ ആഗ്രഹിക്കാത്തവരായി നിങ്ങളിൽ ആരുമുണ്ടാകില്ല. ദേഹേച്ഛയിൽ നിന്ന് പുറംകടക്കലാണ് അതിനുള്ള പോംവഴി. മാനസിക താൽപര്യങ്ങളിൽ നിന്ന് പറ്റെ അകലുക. നിന്റെ സർവ അധികാരവും അല്ലാഹുവിനെ ഏൽപ്പിക്കുക. നിന്റെ ഹൃദയ കവാടത്തിൽ നാഥന്റെ പാറാവുകാരനെ നിർത്തുക, അവന്റെ ആജ്ഞകൾ മാത്രം പാലിക്കുക, വിലക്കുകൾ വ്യക്തമായി വെടിയുക. നീ പുറത്താക്കിയ ദേഹേച്ഛയെ പിന്നീടൊരിക്കലും അകത്ത് കടക്കാനനുവദിക്കാതിരിക്കുക.
വിവാഹം ഏതൊരാളുടെയും സ്വപ്നമാണ്. അതിന് നീ ഉദ്യമിക്കുക. പക്ഷേ, ചെലവു നൽകാനാവില്ല, നീ ദരിദ്രനാണ്. എങ്കിൽ നിരാശ വേണ്ട. തൽക്കാലം ക്ഷമിക്കുക. നിനക്ക് അല്ലാഹു മതിയായ സമ്പാദ്യം വൈകാതെ തന്നേക്കാം. അല്ലെങ്കിൽ പ്രയാസരഹിതമായി ഒരു തരുണിയെ അവൻ നിന്നിലെത്തിച്ചേക്കാം. ഒന്നുമില്ലെങ്കിൽ നിന്റെ മനസ്സിന്റെ നിലവിലെ സ്ഥിതി സ്വയം ഉൾക്കൊള്ളുന്നതിന് അവൻ പാകപ്പെടുത്തിയേക്കാം.
*സഹോദരങ്ങളേ, നിങ്ങൾക്ക് നാഥൻ സമ്പത്ത് തന്നു. നിങ്ങൾ അതിൽ വ്യാപൃതരായി റബ്ബിനെ മറന്നാൽ അവൻ ആ സമ്പാദ്യം തിരിച്ചുപിടിച്ചെന്നിരിക്കും. കാരണം നിങ്ങൾ കാണിക്കുന്നത് അനുഗ്രഹം ചൊരിഞ്ഞവനെ വിട്ട് അനുഗ്രഹത്തിൽ അഭിരമിക്കുകയാണ്. അതേസമയം സമ്പത്തിനെ മാനിക്കാതെ നിങ്ങൾ അല്ലാഹുവിനെ മാനിച്ചിരുന്നെങ്കിൽ അത് നിങ്ങൾക്ക് അവനൊരു സ്ഥിരം ദാനമായി മാറ്റിയേക്കും. അതിൽ നിന്ന് ഒരു തരിയും കുറച്ചുകളയില്ല. സമ്പത്തിനെ അവൻ നിങ്ങളുടെ വേലക്കാരനാക്കി മാറ്റും. കാരണം നിങ്ങളിപ്പോൾ റബ്ബിന്റെ വേലക്കാരനാണല്ലോ.
*സ്‌നേഹിതരേ, നിങ്ങളുടെയുള്ളിൽ ഒരാളോട് പ്രിയമോ അപ്രിയമോ വന്നുകഴിഞ്ഞാൽ നിങ്ങൾ ചെയ്യേണ്ടതിതാണ്: നിങ്ങൾ അവന്റെ കർമങ്ങളെ ഖുർആൻ-സുന്നത്തിനോട് മാറ്റുരച്ചുനോക്കുക. അവ രണ്ടിലും വെറുക്കപ്പെട്ടതോ പ്രിയപ്പെട്ടതോ ആയി അവന്റെ കർമത്തെ നിങ്ങൾ കാണുന്നപക്ഷം സന്തോഷിക്കുക. നിങ്ങൾ പ്രപഞ്ച നാഥനായ അല്ലാഹുവിന്റെ പ്രീതിയനുസരിച്ചാണ് അവനെ ഇഷ്ടപ്പെട്ടിരിക്കുന്നത്/അനിഷ്ടപ്പെട്ടിരിക്കുന്നത്.
*സഹോദരങ്ങളേ, നിങ്ങൾ മതിയായ സൂക്ഷ്മത പാലിക്കുവീൻ. ഇല്ലെങ്കിൽ നാശം നിങ്ങളെ വിട്ടൊഴിയുന്നതല്ല. അങ്ങനെ വന്നാൽ ഒരു കാലത്തും രക്ഷപ്രാപിക്കാൻ നിങ്ങൾക്കാകില്ല. തിരുനബി(സ്വ) പറഞ്ഞു: ദീനിന്റെ നാരായ വേര് വറഅ് അഥവാ സൂക്ഷ്മതയാകുന്നു. വേലിക്ക് ചുറ്റും മേയാൻ നിന്നാൽ വിളയിൽ ചെന്നുവീഴാനിടയുണ്ട്. അത് ദീനിന്റെ നാശമാകും.
*ജനങ്ങളേ, എന്തിനാണ് നിങ്ങൾ സ്വന്തം അയൽവാസിയോട് അവന്റെ ഭക്ഷണത്തിലും പാനീയത്തിലും വസ്ത്രത്തിലും ഭവനത്തിലും ദാമ്പത്യത്തിലും അവന് രക്ഷിതാവ് നൽകിയ അനുഗ്രഹങ്ങളിലും സമ്പൽസമൃദ്ധിയിലും വിഹരിക്കുന്നതിലുമൊക്കെ അസൂയവെക്കുന്നത്. അത് നിങ്ങളുടെ ഈമാനിനെ നശിപ്പിക്കുമെന്ന് നിങ്ങൾക്കറിയില്ലേ. നാഥന്റെ വെറുപ്പാണത് നിങ്ങൾക്ക് നേടിത്തരുക. അല്ലാഹു പറഞ്ഞതായി തിരുനബി(സ്വ) അറിയിച്ചല്ലോ: അസൂയാലു എന്റെ അനുഗ്രഹത്തിന്റെ ശത്രുവാകുന്നു. നബി(സ്വ) അരുളി: തീ വിറക് തിന്നുന്നപോലെ അസൂയ സൽകർമങ്ങളെ തിന്ന് നശിപ്പിക്കും.’
*സ്വന്തം യജമാനനോട് സത്യസന്ധതയും ഗുണകാംക്ഷയും പുലർത്തുന്നവൻ പ്രഭാത-പ്രദോഷങ്ങളിൽ അപരനിൽ നിന്നൊക്കെ അകന്ന് ഏകാന്തനായി മാറും. ജനങ്ങളേ, നിങ്ങൾ അർഹിക്കാത്തതിനായി വാദിക്കാതിരിക്കുക. ഏകദൈവാരാധന മുറുകെ പുണരുക. ബഹുദൈവ ചിന്ത പാടെ ത്യജിക്കുക. അല്ലാഹു സത്യം, വിധിയുടെ അമ്പ് നിങ്ങളെ പരിക്കേൽപ്പിക്കും. കൊല്ലണമെന്നില്ല. ആരെങ്കിലും അല്ലാഹുവിനു വേണ്ടി സ്വന്തം നഷ്ടം സഹിച്ചാൽ അവനതിനു പകരം നൽകുന്നതാണ്.
*സ്വപ്നത്തിൽ ഒരു ഗുരു വന്ന് എന്നോട് ചോദിച്ചു: അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന കാര്യമേതാണ്?
ഞാൻ പറഞ്ഞു: അതിന് ഒരു തുടക്കമുണ്ട്. സമാനമായി ഒരറ്റവുമുണ്ട്. തുടക്കം സൂക്ഷ്മതയാണ്. ഒടുക്കം സ്വയം സമർപ്പണവും.
* ശൈഖിന്റെ പ്രഭാഷണങ്ങളിലെ ചില നുറുങ്ങുകൾ മാത്രമാണിവ. അദ്ദേഹത്തിന്റെ വാക്‌ധോരണികൾ കാലങ്ങളെ ഭേദിച്ചു മുന്നേറിക്കൊണ്ടിരിക്കും. മാസ്മരികത വിതച്ച്, മാനവികത പരിപാലിച്ച് ആ വാഗ്വിലാസം ഊരു ചുറ്റും (കടപ്പാട്: റൂഹുൽ ഗൈബ്).

വേദി പ്രശാന്തമാകണം

പ്രഭാഷണ വേദി പ്രശാന്തമായിരിക്കണമെന്ന നിർബന്ധ ബുദ്ധിക്കാരനായിരുന്നു ജീലാനി(റ). ഒരു ദിവസം അദ്ദേഹം ജനങ്ങളോട് വഅള് പറഞ്ഞുകൊണ്ടിരിക്കവെ കാറ്റ് അടിച്ചുവീശാൻ തുടങ്ങി. പൊടുന്നനെ ഒരു പരുന്ത് മജ്‌ലിസിൽ പ്രത്യക്ഷമായി. അത് ഒച്ചവെച്ച് പറക്കാൻ തുടങ്ങി. ജനശ്രദ്ധ അങ്ങോട്ട് തിരിയുന്നതു കണ്ട് ശൈഖ് നീരസപ്പെട്ടു.
‘കാറ്റേ, അതിന്റെ തല പിടിക്കൂ…’ ഗുരുവിന്റെ നിർദേശമിതായിരുന്നു. അനുനിമിഷം അത് നിലംപൊത്തി. ഉടൽ ഒരു മൂലയിൽ. തല മറ്റൊരു കോണിൽ! ശൈഖ് ഉടൻ പ്രസംഗ പീഠത്തിൽ നിന്നിറങ്ങി വന്നു. അതിനെ കൈയിലെടുത്തു. ഉടൽ തലയിൽ വെച്ച് തലോടികൊണ്ട് ഇങ്ങനെ ചൊല്ലി: ‘ബിസ്മില്ലാഹി റഹ്‌മാനിർറഹീം.’ അത്ഭുതം! പരുന്തിന് ജീവൻ തിരിച്ചുകിട്ടി. ജനങ്ങൾ സ്തബ്ധരായി നോക്കിനിൽക്കെ അത് അന്തരീക്ഷത്തിലേക്ക് പറന്നുയുർന്നു (ഹയാത്തുൽ ഹയവാൻ, ബിസ്സനദി സ്വഹീഹ് 2/295).

സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ