തിരുനബി(സ്വ)യുടെ കാലത്ത് തന്നെ ഹദീസുകൾ എഴുതുന്ന സമ്പ്രദായം ആരംഭിച്ചിട്ടുണ്ടെന്ന് നിരവധി ചരിത്ര രേഖകളിൽ നിന്ന് നാം മനസ്സിലാക്കി. എന്നാൽ ഹദീസ് ക്രോഡീകരണം പ്രവാചക കാലത്ത് ആരംഭിച്ചിട്ടില്ലെന്ന് ചിലരെങ്കിലും തെറ്റിദ്ധരിക്കാനുള്ള കാരണം സ്വഹീഹു മുസ്‌ലിമിലെ 3004ാം നമ്പർ ഹദീസിൽ ‘ഖുർആൻ അല്ലാത്ത എന്നിൽ നിന്ന് കേൾക്കുന്ന ഒന്നും നിങ്ങൾ എഴുതരുത്’ എന്ന് നബി(സ്വ) പറഞ്ഞായി അവർ വായിച്ചതുകൊണ്ടാവാം.

ഹദീസുകളെ കേവല അക്ഷര വായന മാത്രം നടത്തുകയും ഹദീസുകളുടെ ക്രോഡീകരണ ചരിത്രത്തിന്റെ നാൾവഴികൾ ഇഴകീറി പരിശോധിക്കാതിരിക്കുകയും ചെയ്തത് മൂലം ഇങ്ങനെ ഒരു തെറ്റിദ്ധാരണ ചിലരിലെങ്കിലും നിലനിൽക്കുന്നുവെന്നത് യാഥാർഥ്യമാണ്. പ്രസ്തുത ഹദീസും അതിന് പണ്ഡിതന്മാർ നൽകിയ വിശദീകരണവും നമുക്ക് പരിശോധിക്കാം.
ഹദീസ് എഴുതാൻ അനുമതി നൽകിയ പ്രവാചകർ(സ്വ) ഖുർആനല്ലാതെ മറ്റൊന്നും നിങ്ങൾ നിരുപാധികം എഴുതരുത് എന്ന വൈരുധ്യം പറയില്ലെന്നതിൽ സംശയമില്ല. ഹദീസ് പണ്ഡിതന്മാർ വ്യത്യസ്ത മറുപടികളിലൂടെയാണ് ഈ വിഷയത്തിലുള്ള സംശയങ്ങൾക്ക് നിവാരണം നൽകിയത്.
ഇമാം ഇബ്‌നു ഹജർ അൽഅസ്ഖലാനി(റ) പറഞ്ഞു: ഹദീസ് എഴുതാൻ റസൂൽ(സ്വ) അനുമതി നൽകിയ ഹദീസുകളും ഖുർആനല്ലാതെ മറ്റൊന്നും എഴുതരുത് എന്ന് പറയുന്ന അബൂ സഈദുൽ ഖുദ്‌രി(റ)യെ തൊട്ട് ഇമാം മുസ്‌ലിം(റ) ഉദ്ധരിക്കുന്ന ഹദീസും തമ്മിൽ വൈരുധ്യമുണ്ടോ? പ്രസ്തുത വിഷയത്തിലുള്ള ഹദീസുകളെ നമുക്ക് ഇങ്ങനെ ചേർത്ത് വായിക്കാം: ഖുർആനല്ലാത്തതെല്ലാം എഴുതുന്നതിനെ വിലക്കിയത് ഖുർആൻ ഇറങ്ങുന്ന സന്ദർഭത്തിലേക്ക് മാത്രം ബാധകമായതാണ്. ഖുർആനുമായി കൂടിക്കലരാതിരിക്കാനായിരുന്നു അത്. അല്ലെങ്കിൽ, ഖുർആനും ഹദീസും ഒരേ വസ്തുവിൽ (ഒരു പേജിൽ എന്ന പോലെ) പരസ്പരം കൂടിച്ചേരും വിധം എഴുതുന്നതിനെയാണ് വിലക്കിയത്. രണ്ടും വേർത്തിരിച്ച് എഴുതുന്നതിന് അനുമതി നൽകുകയും ചെയ്തു. മറ്റൊരു സാധ്യത, ഖുർആൻ അല്ലാത്തവ എഴുതുന്നത് വിലക്കിയത് ആദ്യ കാലത്തായിരുന്നു. പിന്നീട് എഴുതുന്നതിന് അനുമതി നൽകിയതാവാം (ഫത്ഹുൽബാരി 1/208).
പ്രവാചക കാലത്തും പിന്നീട് സ്വഹാബികളുടെ കാലത്തും ഹദീസ് ലിഖിത രൂപത്തിൽ തന്നെ ശേഖരിക്കുന്ന രീതി നിലനിന്നിരുന്നുവെന്നത് അവിതർക്കിതമായത് കൊണ്ട് തന്നെ നൂറ്റാണ്ടുകൾക്ക് ഇപ്പുറമാണ് ഹദീസുകളുടെ ലിഖിത രൂപത്തിലുള്ള ക്രോഡീകരണം ആരംഭിച്ചത് എന്ന വാദത്തിന് പ്രമാണങ്ങളുടെ പിൻബലമില്ലെന്ന് വ്യക്തം.

ഹദീസ് മനഃപാഠമാക്കുന്നതിന്റെ പ്രാധാന്യം

ലിഖിത രേഖകളിൽ മാത്രം അഭയം കണ്ടെത്തുന്ന ശൈലി മുഹദ്ദിസുകൾ സ്വീകരിച്ചിരുന്നില്ലെന്ന് മാത്രമല്ല, ഒരുവേള അതിനെ ശക്തമായി നിരുത്സാഹപ്പെടുത്താനും അവർ മുന്നോട്ട് വരുകയുണ്ടായി. എഴുതുന്നതിനേക്കാൾ മനഃപാഠമാക്കുന്നതിനാണ് അവർ മുൻഗണന നൽകിയത്. ഹദീസുകൾ ഹൃദിസ്ഥമാക്കുന്നതിന് നബി(സ്വ) പ്രോത്സാഹനം നൽകിയത് നിരവധി ഹദീസുകളിൽ വായിക്കാനാവും. ഒരിക്കൽ അവിടന്ന് പറഞ്ഞു: ‘എന്നിൽ നിന്ന് ഹദീസ് കേൾക്കുകയും അത് ഹൃദിസ്ഥമാക്കുകയും ചെയ്തവനെ അല്ലാഹു പ്രശോഭിതനാക്കട്ടെ’ (അബൂദാവൂദ് 3660).
സ്വഹാബികൾ അവരുടെ ശിഷ്യന്മാരോട് പറയുമായിരുന്നു: ‘നബി തങ്ങൾ ഞങ്ങളോട് ഹദീസ് പറയുകയും ഞങ്ങൾ അത് മന:പാഠമാക്കുകയും ചെയ്യുമായിരുന്നു. അതുകൊണ്ട് ഞങ്ങൾ മന:പാഠമാക്കിയത് പോലെ നിങ്ങളും മന:പാഠമാക്കുവീൻ (ജാമിഉ ബയാനിൽ ഇൽമ് 1/273).
ഹദീസ് മന:പാഠമാക്കുന്നതിൽ മുൻഗാമികളുടെ ശ്രദ്ധയുടെ ആഴം മനസ്സിലാക്കാൻ ഒന്നുരണ്ട് ചരിത്രങ്ങൾ നോക്കാം. ഹദീസ് നിവേദകരിൽ പ്രമുഖനായ അബൂഹുറൈറ(റ)വിന്റെ ഹദീസ് പാണ്ഡിത്യത്തെ ഉമവി ഭരണാധികാരിയായിരുന്ന മർവാന് ബ്‌നു ഹകം പരിശോധന നടത്തിയ ചരിത്രം ഇമാം ഹാകിം(റ) മുസ്തദ്‌റകിൽ ഉദ്ധരിച്ചിട്ടുണ്ട്.
‘ഒരിക്കൽ അബൂഹുറൈറ(റ)വിനെ മർവാൻ ക്ഷണിച്ചുവരുത്തി. എണ്ണമറ്റ ഹദീസുകൾ അബൂഹുറൈറ ഉദ്ധരിക്കുന്നതിൽ ചില സംശയങ്ങൾ മർവാനുണ്ടായിരുന്നതാണ് കാരണം. അങ്ങനെ അബൂഹുറൈറ(റ) സദസ്സിലെത്തി. ഈ സമയത്ത് മർവാൻ തന്റെ എഴുത്തുകാരനായ അബൂസുഅയ്‌സഅയോട് ഒരു മറയുടെ പിന്നിൽ എഴുതാനുള്ള സാമഗ്രികളുമായി ഇരിക്കാനാവശ്യപ്പെട്ടു.
മർവാൻ അബൂഹുറൈറ(റ)യോട് ഹദീസുകൾ ചോദിക്കുമ്പോഴെല്ലാം മറയുടെ പിന്നിൽ ഇരിക്കുന്ന അബൂസുഅയ്‌സഅ അവ കൃത്യമായി എഴുതി രേഖപ്പെടുത്തുകയുണ്ടായി. ഇത്തരത്തിൽ ധാരാളം ഹദീസുകൾ അദ്ദേഹം ആ സദസ്സിൽ നിന്ന് എഴുതിയെടുത്തു.
പക്ഷേ, മർവാന്റെ ഉദ്ദേശ്യം എന്തായിരുന്നുവെന്ന് അബൂഹുറൈറ(റ)ക്ക് മനസ്സിലായിട്ടുണ്ടായിരുന്നില്ല. സദസ്സ് പരിഞ്ഞു. എഴുതപ്പെട്ട രേഖ സൂക്ഷിക്കാൻ അബൂസുഅയ്‌സഅയോട് മർവാൻ ആവശ്യപ്പെട്ടു.
അദ്ദേഹം പറയുന്നു: ഒരു വർഷത്തിന് ശേഷം അബൂഹുറൈറ(റ)യെ വീണ്ടും മർവാൻ വിളിച്ചുവരുത്തി. കഴിഞ്ഞ തവണ അബൂഹുറൈറ(റ)യിൽ നിന്ന് കേട്ടെഴുതിയ ഗ്രന്ഥ രേഖയുമായി എന്നോട് മറക്കപ്പുറത്ത് ഇരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. മുമ്പ് ചോദിച്ച അതേ ചോദ്യങ്ങൾ മർവാൻ ആവർത്തിച്ചു. അബൂഹുറൈറ(റ) ഒരോന്നിനും കൃത്യമായി മറുപടി നൽകി. ഞാൻ മറക്കിപ്പുറത്തിരുന്ന് ഓരോന്നും പരിശോധിക്കുകയും ചെയ്തു. കുറയുകയോ കൂടുകയോ ചെയ്തില്ല, മുന്തുകയോ പിന്തുകയോ ചെയ്തില്ല (അൽമുസ്തദ്‌റക് 3/583, താരീഖുൽ കബീർ 9/33).
ഇമാം ബുഖാരി(റ)യുടെ ഗുരുക്കന്മാരിൽ പെട്ട ഇമാം ഇസ്ഹാഖ് ബ്‌നു റാഹവൈഹി(റ) അസാധാരണ ഓർമശക്തിയുടെ ഉടമയായിരുന്നു. ഒരിക്കൽ മറ്റൊരു പണ്ഡിതനുമായി ഖുറാസിലെ അമീറായ അബ്ദുല്ലാഹി ബ്‌നു ത്വാഹിറിന്റെ സദസ്സിൽ വെച്ച് ഒരു മസ്അലയിൽ അഭിപ്രായ ഭിന്നതയുണ്ടായി. ഒരു കിതാബിലെ ഒരു വാചകത്തെ ചൊല്ലിയായിരുന്നു ഭിന്നത. ഉടനെ ഇസ്ഹാഖ് ബ്‌നു റാഹവൈഹി അമീറിനോട് ഗ്രന്ഥശാലയിൽ നിന്ന് കിതാബ് കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ശേഷം അമീറിനോട് പറഞ്ഞു: ‘പതിനൊന്നാം പേജ് മറിക്കുക, ശേഷം ഏഴ് വരികൾ എണ്ണിനോക്കുക.’ അങ്ങനെ, ഇസ്ഹാഖ് ബ്‌നു റാഹവൈഹി പറഞ്ഞതിന്റെ കൃത്യത ബോധ്യപ്പെട്ട അമീർ അത്ഭുതത്തോടെ പറഞ്ഞു: ഹൃദ്യസ്ഥമാക്കാനുള്ള നിങ്ങളുടെ കഴിവിൽ ഞാൻ അത്ഭുതം കൂറുന്നു (താരീഖു ദിമശ്ഖ് 8/138).
മുഹദ്ദിസുകളായ സ്വഹാബികളുടെയും താബിഉകളുടെയും ചരിത്രത്തിൽ സമാനമായ നൂറുകണക്കിന് സംഭവങ്ങൾ കാണാൻ കഴിയും. വിശുദ്ധ ഖുർആനോടൊപ്പം ഹദീസുകളെയും ഇസ്‌ലാമിന്റെ ആധികാരിക പ്രമാണങ്ങളായി അംഗീകരിക്കുക എന്നത് പ്രവാചക കാലം മുതലുള്ള മുസ്‌ലിം ലോകത്തിന്റെ ഏകോപനമാണ്. ഇസ്മാഈലുബ്‌നു ഉബൈദില്ല പറഞ്ഞു: വിശുദ്ധ ഖുർആൻ മന:പാഠമാക്കുന്നത് പോലെ ഹദീസുകൾ മന:പാഠമാക്കേണ്ടത് തീർത്തും അനിവാര്യമായ കാര്യമാണ് (താരീഖു ദിമശ്ഖ് 7/436).
ഖുർആൻ ഹൃദ്യസ്ഥമാക്കുന്നതിൽ മുസ്‌ലിംലോകം എത്രമാത്രം ശ്രദ്ധ പുലർത്തുന്നുണ്ടെന്നത് ആധുനിക യുഗത്തിലും നാം നേരിട്ട് കണ്ടുകൊണ്ടിരിക്കുന്ന യാഥാർഥ്യമാണ്. ഖുർആനിലെ ആറായിരത്തിലധികം വരുന്ന ആയത്തുകളും അവകളോരോന്നിന്റെയും പേജ് നമ്പറുകളുമടക്കം കൃത്യമായി മന:പാഠമാക്കി പറയാൻ പ്രാപ്തരായ ആയിക്കണക്കിന് വിദ്യാർഥികൾ ഇന്നും ലോകത്തുണ്ട്.
ഇത്രയധികം ഹദീസുകൾ മന:പാഠമാക്കുന്നത് അസാധ്യമായി കാണുന്നവർക്ക് മുമ്പിൽ ഖുർആൻ മന:പാഠമാക്കുന്ന ആയിരക്കണക്കിന് ഹാഫിളുകളെ ഇന്നും ജീവിച്ചിരിക്കുന്ന തെളിവുകളായി നമുക്ക് കാണിക്കാനുണ്ടെന്നത് തന്നെ വലിയ ദൃഷ്ടാന്തമാണ്. ചെറുപ്രായത്തിൽ തന്നെ തങ്ങളുടെ മക്കളെ ഹദീസ് പഠനത്തിന് വേണ്ടി ഗുരുക്കന്മാരിലേക്ക് പറഞ്ഞയക്കുന്നവരായിരുന്നു മുൻഗാമികൾ. ഇമാം ഇബ്‌നുസീരീൻ(റ)നെ പിതാവ് സീരീൻ ചെറുപ്പത്തിൽ തന്നെ അബൂഹുറൈറ(റ)വിന്റെ സദസ്സിലേക്ക് ഹദീസ് പഠനത്തിനായി പറഞ്ഞയക്കാറുണ്ടായിരുന്നു (ത്വബഖാതു ഇബ്‌നു സഅദ് 7/155). ഹസനുൽ ബസ്വരി(റ) പറഞ്ഞു: ചെറുപ്രായത്തിൽ തന്നെ ഹദീസുകൾ പഠിക്കുന്നത് കല്ലിൽ കൊത്തിവെക്കുന്നതിന് സമാനമാണ് (ജാമിഉ ബയാനിൽ ഇൽമ് 1/357).
ഹദീസുകൾ സ്വന്തമായി മന:പാഠമാക്കുന്നതിന് പുറമെ അത് ആവർത്തിച്ച് പരസ്പരം ചർച്ച നടത്തുന്ന മാതൃകയും മുൻകാലത്ത് നിലനിന്നിരുന്നു. ജാബിർ ബ്‌നു അബ്ദുല്ല(റ)വിന്റെ ഹദീസ് പഠന ക്ലാസിനെ അതാഉ ബ്‌നു അബീറബാഹ് ഇങ്ങനെ സ്മരിക്കുന്നു: ഞങ്ങൾ ജാബിർ ബ്‌നു അബ്ദുല്ലയുടെ അടുക്കൽ പോവുകയും അദ്ദേഹം ഞങ്ങൾക്ക് ഹദീസ് പഠിപ്പിക്കുകയും ചെയ്യും. അദ്ദേഹത്തിന്റെ സമീപത്ത് നിന്നും തിരിച്ചുവന്നാൽ പഠിച്ച ഹദീസുകൾ കൂടിയിരുന്ന് ഞങ്ങൾ ചർച്ച ചെയ്യാറുണ്ടായിരുന്നു (ത്വബഖാതു ഇബ്‌നു സഅദ് 6/30).
നബി(സ്വ)യുടെ കാലം മുതൽ ഹദീസുകളെ എഴുത്തിലൂടെയും മന:പാഠമാക്കുന്നതിലൂടെയും വൈജ്ഞാനിക ചർച്ചകളിലൂടെയും മുസ്‌ലിം ഉമ്മത്ത് സമീപിച്ച വ്യത്യസ്ത രീതികളെയാണ് നാം വിശകലനം ചെയ്തത്. എത്ര കുറ്റമറ്റ രീതിയിലാണ് ഹദീസ് വിജ്ഞാനശാഖയെ അവർ വികസിപ്പിച്ചെടുത്തതെന്ന് നോക്കൂ. ഹദീസുകൾക്ക് നേരെയുള്ള ഓറിയന്റലിസ്റ്റ് വിമർശനങ്ങളും അതിന് ചൂട്ടുപിടിച്ചു വന്ന ആധുനിക ഖുർആനിസ്റ്റുകളുടെ വിമർശനങ്ങളുമെല്ലാം കഥയറിയാത്ത ആട്ടം മാത്രമായിരുന്നുവെന്ന് ചരിത്രം ബോധ്യപ്പെടുത്തുന്നു. ഇസ്‌ലാമിക വിജ്ഞാന ചരിത്രത്തിന്റെ ഏറ്റവും വലിയ വഴിത്തിരിവുകളിലൊന്നായ ഹദീസ് ജ്ഞാനശാഖയുടെ ചരിത്രം കുറ്റമറ്റതാണെന്ന് ചരിത്രത്തെ നിഷ്പക്ഷമായി വായിക്കുന്ന ഏതൊരാൾക്കും ബോധ്യപ്പെടുമെന്ന് തീർച്ച.

ബദ്‌റുദ്ദീൻ അഹ്‌സനി മുത്തനൂർ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ