1921 നെ എങ്ങനെ സംബോധന ചെയ്യണം എന്നിടത്തുനിന്ന് ആരംഭിക്കുന്നു മലബാർ ചരിത്രവായനയിലെ സങ്കീർണതകൾ. സമരം, പ്രക്ഷോഭം, ലഹള, വിപ്ലവം, കലാപം, പോരാട്ടം, യുദ്ധം എന്നിങ്ങനെ പല വാക്കുകൾ 1921ലെ ചരിത്ര സന്ദർഭത്തെ അടയാളപ്പെടുത്താൻ ഉപയോഗിക്കുന്നുണ്ട്. ചരിത്രമെഴുതിയവരുടെ പ്രത്യയശാസ്ത്രാനുഭാവങ്ങളും സാമൂഹിക അനുഭവങ്ങളും ഈ വാക്കുകളിൽ പ്രതിഫലിക്കുന്നുണ്ട്. സ്ഥലപ്പേരിലേക്കും(മലബാർ) സമുദായത്തിലേക്കും(മാപ്പിള) തൊഴിലിലേക്കും(കർഷകൻ) സാമൂഹിക നിലയിലേക്കും(കുടിയാന്മാർ) സമരത്തിന്റെ ലക്ഷ്യത്തിലേക്കും(സ്വാതന്ത്ര്യം) 1921നെ ചേർത്തിപ്പറഞ്ഞവരുണ്ട്. മലബാറിനെ, വിശിഷ്യാ മലപ്പുറത്തെ അവമതിക്കാനും ആ ഭൂപ്രദേശത്തെ ജനങ്ങളെ മതംനോക്കി അപരവത്കരിക്കാനും വർഗീയശക്തികൾ ശ്രമിക്കുന്ന കാലത്ത് 1921നെ മലബാറിലേക്ക് ചേർത്തിപ്പറയുന്നതിൽ രാഷ്ട്രീയ പ്രാധാന്യമുണ്ട്. അതിനാൽ 1921ന്റെ ചരിത്ര സന്ദർഭങ്ങളെ വിവരിക്കാൻ മലബാർ പ്രക്ഷോഭം, മലബാർ സമരം എന്നീ പ്രയോഗങ്ങളാണ് ഉചിതമായി തോന്നുന്നത്.

ബ്രിട്ടീഷ് രേഖകൾ, പ്രക്ഷോഭത്തിൽ പങ്കെടുത്തവരുടെ അനുഭവാഖ്യാനങ്ങൾ, അക്കാലത്തെ മാധ്യമ റിപ്പോർട്ടുകൾ, ചരിത്രകാരന്മാരുടെ ഗവേഷണ പഠനങ്ങൾ, കോൺഗ്രസിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും രാഷ്ട്രീയ വിശകലനങ്ങൾ എന്നിങ്ങനെ വിവിധ സ്രോതസ്സുകളാണ് മലബാർ പഠനത്തിൽ ഇന്ന് ലഭ്യമായിട്ടുള്ളത്. മലബാറെന്നത് ഒരു വലിയ ഭൂപ്രദേശത്തെ ചൂഷണം ചെയ്തിരുന്ന, മർദിച്ചിരുന്ന പ്രാദേശികാധികാര കേന്ദ്രങ്ങളുടെ മുട്ടുവിറപ്പിച്ച പ്രക്ഷോഭം എന്ന നിലക്ക് കൂടി 1921ലെ സംഭവവികാസങ്ങളെ വായിക്കണം. എന്തുകൊണ്ട് പ്രക്ഷോഭകരോട് ജന്മിമാർ കഠിന ശത്രുത പുലർത്തി എന്നാലോചിക്കുമ്പോൾ അവരുടെ ‘രാജയോഗത്തെ’യാണ് പ്രക്ഷോഭം തകർത്തുകളഞ്ഞത് എന്നതാണ് പ്രധാന ഉത്തരം. ജന്മിമാർക്കും ബ്രിട്ടീഷുകാർക്കുമിടയിലുണ്ടായിരുന്നത് ‘ഇരുമെയ്യാണെങ്കിലും നമ്മളൊന്നെന്ന’ നിലയിലുള്ള ബന്ധമായിരുന്നു. അത് കുടിയാന്മാർക്കറിയാമായിരുന്നു. ടിപ്പു സുൽത്താന്റെ വാഴ്ചക്കാലത്ത് കുടിയാന്മാർ അനുഭവിച്ചിരുന്ന സ്വാതന്ത്ര്യവും ആത്മാന്തസ്സും ബ്രിട്ടീഷ് ആധിപത്യത്തിൽ ഇല്ലാതാകുന്നു. ടിപ്പു സുൽത്താൻ പോയതിനു പിറകെ ജന്മിമാർ ബ്രിട്ടീഷ് പിന്തുണയോടെ കൂടുതൽ കരുത്താർജിക്കുന്നു. അത് കർഷക, കുടിയാൻ ജീവിതം ദുസ്സഹമാക്കുന്നു.
ബ്രിട്ടന്റെ സാമന്തന്മാർ കണക്കേ അധികാരാവകാശങ്ങൾ കൈയാളിയവരാണ് ജന്മിമാർ. ‘ജന്മിയും കുടിയാനും തമ്മിലുള്ള വഴക്കിൽ ഏതവസരത്തിലും അധികൃതർ ജന്മിയുടെ പക്ഷത്താണ് നിന്നിട്ടുള്ളതെന്നും ജന്മിയെ താങ്ങി ഗവണ്മെന്റ് നിൽക്കുന്നതുപോലെ ഗവണ്മെന്റിനെ താങ്ങി ജന്മിയും നിൽക്കുന്നുണ്ടെന്നും ക്ഷുഭിതരായ കുടിയാന്മാർ വിചാരിച്ചെങ്കിൽ അത് സ്വാഭാവികമാണ്’ എന്ന് കോൺഗ്രസ് നേതാവും ചരിത്രകാരനുമായ ബാരിസ്റ്റർ എകെ പിള്ളയുടെ കോൺഗ്രസും കേരളവും എന്ന പുസ്തകത്തിൽ വായിക്കാം. സമാനമായ നിരീക്ഷണം മനു എസ് പിള്ളയും നടത്തുന്നു. ‘ടിപ്പുവിന്റെ പതനവും ജന്മിമാരുടെ പുനഃസ്ഥാപനവും ബ്രിട്ടീഷ് ഭരണത്തിനു കീഴിൽ ഏർപെടുത്തപ്പെട്ട ഏകപക്ഷീയ വ്യവസ്ഥകളും അവരെ നാശത്തിലേക്ക് തള്ളിവിട്ടു. മാപ്പിളമാരെ സംബന്ധിച്ചിടത്തോളം ബ്രിട്ടീഷുകാരും ജന്മിമാരും നാണയത്തിന്റെ ഒരേ വശത്തുതന്നെയുള്ള ഒരു അടിച്ചമർത്തൽ സഖ്യമായിരുന്നു’ (ദി ന്യൂസ് മിനുട്ട് അഭിമുഖം/ധന്യ രാജേന്ദ്രൻ). മലബാർ സമരത്തിന്റെ വ്യത്യസ്ത കാഴ്ചപ്പാടുകളെ അവതരിപ്പിക്കുന്നിടത്ത് പ്രഫ. എ ശ്രീധര മേനോനും ഈ അഭിപ്രായം പങ്കിടുന്നുണ്ട്. ‘ജന്മിമാരുടെ -അവരിൽ ബഹുഭൂരിപക്ഷവും ഹിന്ദുക്കളായിരുന്നു- കൊടിയ പീഡനത്തിന് വിധേയരായിരുന്നു മാപ്പിള കുടിയാന്മാർ. അവർ ജന്മിമാരുടെ അക്രമത്തിനെതിരെ സമരം തുടങ്ങി’ എന്നാണ് കേരളവും സ്വാതന്ത്ര്യസമരവും എന്ന പുസ്തകത്തിൽ അദ്ദേഹം പറയുന്നത്. ഹിന്ദുക്കളായ ജന്മിമാരോട് മുസ്‌ലിംകളായ കുടിയാന്മാരുടെ മതപരമോ വർഗീയമോ ആയ എതിർപ്പായിരുന്നില്ല പ്രക്ഷോഭത്തിന്റെ ഹേതു എന്ന് ഇതിൽ നിന്നെല്ലാം മനസ്സിലാക്കാം. മറിച്ച്, ബ്രിട്ടീഷ് ഭരണത്തെ താങ്ങിനിർത്തിയിരുന്ന ചൂഷകരായ ഭൂപ്രഭുക്കളെയാണ് മർദിതരായ കർഷകർ പൊറുതികേടുകൾക്കൊടുവിൽ എതിരിട്ടത്.
ബ്രിട്ടീഷ് സർക്കാരിൽ ഡെപ്യൂട്ടി കലക്ടർ പദവി വഹിച്ചിരുന്ന ദിവാൻ ബഹദൂർ കെ ഗോപാലൻ നായർ എഴുതി, 1923ൽ പ്രസിദ്ധീകൃതമായ Mapila revolt of1921 എന്ന പുസ്തകമാണ് സമരത്തെ ആദ്യമായി വർഗീയമായി വായിച്ചത്. ഗോപാലൻ നായരുടെ ബ്രിട്ടീഷ് അടിമത്ത മനസ്സും ജന്മിത്ത പ്രതിനിധാനവും രഹസ്യമല്ല. അന്ന് പ്രചാരത്തിൽ മുന്നിലുണ്ടായിരുന്ന ചില പത്രങ്ങൾ ബ്രിട്ടീഷനുകൂല ഭാഷ്യങ്ങളോട് സമരസപ്പെടുന്നതും അത് ആധികാരികമെന്നോണം പ്രസിദ്ധപ്പെടുത്തുന്നതും കാണാം. മലയാള മനോരമയും നസ്രാണി ദീപികയുമായിരുന്നു മുൻനിരയിൽ. ‘നീതിപൂർണമായ ബ്രിട്ടീഷ് പതാക സർവോൽക്കർഷേണ വർത്തിക്കട്ടെ’ എന്ന് എഴുതുവോളം (സെപ്റ്റംബർ 9, 1921) ബ്രിട്ടീഷ് ഭരണത്തോട് വിധേയപ്പെട്ടിരുന്നു നസ്രാണിദീപിക. മലയാള മനോരമയാകട്ടെ പ്രക്ഷോഭത്തെയും പ്രക്ഷോഭകാരികളെയും ഏറ്റവും മോശമായ രീതിയിലാണ് അവതരിപ്പിച്ചത്. കുപ്രസിദ്ധമായ വാഗൺകൂട്ടക്കൊലയെ കുറിച്ചുള്ള വാർത്തക്ക് മനോരമ നൽകിയ തലക്കെട്ട് ‘ശ്വാസം മുട്ടിച്ചത്തു’ എന്നായിരുന്നു. സമരനേതാക്കളെ വൈയക്തിമായി അധിക്ഷേപിക്കാനും മനോരമ മുന്നിൽ നിന്നു. സമരനേതാക്കളെ കുറിച്ചുള്ള റിപ്പോർട്ടിൽ രാക്ഷസ വംശത്തിലെ പ്രധാനന്മാർ എന്ന വിശേഷണം ചാർത്തിയതു കാണാം (1921 സെപ്തംബർ 29).
മലബാറിൽ നടന്ന സ്വാതന്ത്ര്യസമരം ബ്രിട്ടീഷുകാരെ അസ്വസ്ഥപ്പെടുത്തിയതിനു മതപരമായ കാരണങ്ങളുണ്ടെന്ന് ന്യായമായും സംശയിക്കാവുന്നതാണ്. കുരിശു യുദ്ധാനന്തരം ക്രൈസ്തവ സമൂഹത്തിൽ ശക്തിപ്പെട്ട ഇസ്‌ലാംവിരുദ്ധ മനോനില ഏറിയും കുറഞ്ഞുമുള്ള അളവിൽ മലബാറിൽ പ്രവർത്തിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും ഉദാത്തമായ സംസ്‌കാരം തങ്ങളുടേതാണെന്ന യൂറോപ്യൻ കോയ്മ കൂടി പങ്കിടുന്നുണ്ട് അക്കാലത്ത് ബ്രിട്ടീഷുകാർ. അതുകൊണ്ടുതന്നെ ഇസ്‌ലാമിനെ അപരവത്കരിക്കാനും മാപ്പിളമാരെ മതഭ്രാന്തരാക്കാനും അവർക്ക് തെല്ലും മനസ്താപമുണ്ടായില്ല. മുസ്‌ലിംകളെ കുറിച്ചുള്ള ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരുടെ സംസാരത്തിലും റിപ്പോർട്ടുകളിലും മുൻവിധികളും അവജ്ഞയും പുച്ഛവും നിറഞ്ഞുനിന്നുവെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ആ മുൻവിധികളിൽ പലതും ഇസ്‌ലാമിനെ പ്രതിയുള്ളതായിരുന്നു എന്നും കാണാവുന്നതാണ്.
മതഭ്രാന്തനായ മാപ്പിള എന്ന കൊളോണിയൽ വാർപ്പുരൂപം എങ്ങനെയാണ് ബ്രിട്ടീഷുകാരുടെ പണി എളുപ്പമാക്കിയത് എന്ന് മലബാർ പഠനങ്ങളിൽ ഡോ. കെ ഗോപാലൻ കുട്ടി ഉപന്യസിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വരികൾ ഇങ്ങനെയാണ്: ‘വാർപ്പുരൂപങ്ങൾക്ക് മറ്റൊരു ഉപയോഗം കൂടിയുണ്ടായിരുന്നു. യൂറോപ്യൻ മാന്യത ഉറപ്പുവരുത്തുക എന്നതാണത്. യൂറോപ്യൻ ജ്ഞാനോദയത്തിന്റെയും ലിബറലിസത്തിന്റെയും സ്വാധീനത്താൽ യുക്തിചിന്ത, സെക്കുലറിസം എന്നിവ സ്വായത്തമാക്കിയ കൊളോണിയൽ അധിപന് തന്നിൽ നിന്നും ഏറെ വ്യത്യസ്തനും അധമനുമാണ് ഈ സദ്ഗുണങ്ങളില്ലാത്ത, മതഭ്രാന്തനും അതുകൊണ്ടുതന്നെ യുക്തിരഹിതനും പ്രാകൃതനുമായ മാപ്പിള എന്നുറപ്പിക്കുവാൻ വാർപ്പുരൂപം ഉപകരിച്ചു. കൊളോണിയൽ മേധാവികളുടെ സാംസ്‌കാരിക ദൗത്യം (Civilising mission) ഇത്തരമൊരു വിജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ സ്വയം ന്യായീകരണം നേടി. കൊളോണിയൽ വിജ്ഞാനം ശക്തമായിരുന്നതിനാൽ കലാപം ജീവിതത്തെ ബാധിക്കാത്തവർ പോലും ഇത്തരമൊരു കാഴ്ചപ്പാട് സ്വീകരിച്ചു. കോഴിക്കോട്ടെയും മറ്റും ധനിക മുസ്‌ലിംകളും ദേശീയവാദികളായ ഹിന്ദുക്കളും നിരൂപണവിധേയമാക്കാതെ കൊളോണിയൽ വിജ്ഞാനത്തെ ഉൾകൊണ്ടു. കെ മാധവൻ നായർ ഒരു വക്കീലിന്റെ സാമർഥ്യത്തോടെ ഹിച്ച്‌കോക്കിന്റെയും മറ്റ് ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെയും നിലപാടുകളെ വിമർശിക്കുമ്പോഴും കലാപത്തിന്റെ ഉത്തരവാദിത്വം ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരിലും ബ്രിട്ടീഷ് സർക്കാരിന്റെ നയങ്ങളിലും കെട്ടിവെച്ച് എഴുതുമ്പോഴും ‘മതഭ്രാന്തനായ മാപ്പിള’ എന്ന വാർപ്പുരൂപത്തെ അതുപോലെ സ്വീകരിച്ചത് ഇതുകൊണ്ടാണ് (പേജ് 10,11).
മതഭ്രാന്തനായ മാപ്പിളയുടെ ഹാലിളക്കം എന്ന രീതിയിലേക്ക് മലബാർ പ്രക്ഷോഭത്തെ വഴിതിരിച്ചു വിടുന്നതോടെ അതിനൊരു സാമുദായിക നിറം കൈവരുമെന്ന് ബ്രിട്ടീഷുകാർക്കറിയാമായിരുന്നു. സാമുദായികമായി പിളർക്കപ്പെട്ട ഒരു സമരത്തെ അതിവേഗം അടിച്ചമർത്താമെന്നും അവർ കണക്കുകൂട്ടി. സംഭവങ്ങളുടെ നിജസ്ഥിതി അറിയാൻ സൗകര്യങ്ങളും സംവിധാനങ്ങളും വികാസപ്പെട്ടിട്ടില്ലാത്ത കാലത്ത് ഈ അപരവത്കരണവും മതഭ്രാന്തനെന്ന വാർപ്പുരൂപം സ്ഥാപിച്ചെടുക്കലും എളുപ്പമായിരുന്നു. സമരത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും ഭാഗമായിരുന്ന ആളുകളെപ്പോലും ഇത് സ്വാധീനിച്ചു. കെ മാധവൻ നായർ ഉദാഹരണം. അദ്ദേഹം ബ്രിട്ടീഷ് അനുകൂലിയായിരുന്നില്ല. കോൺഗ്രസിന്റെ ഭാഗമായിരുന്നുതാനും. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഉൾപ്പടെയുള്ളവരുമായി സമരവേദി പങ്കിട്ട അനുഭവവും അദ്ദേഹത്തിനുണ്ട്. എന്നിട്ടും മാപ്പിള മതഭ്രാന്തിനെ പ്രതിയുള്ള ബ്രിട്ടീഷ് ഭാഷ്യങ്ങൾ അദ്ദേഹം ആവർത്തിച്ചുവെന്നതാണ് അതിശയം. മാതൃഭൂമിയിൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചുവന്ന കുറിപ്പുകൾക്കെതിരെ മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബും ഇ മൊയ്തു മൗലവിയുമടക്കം മാധവൻ നായരുടെ സമകാലികരും സഹപ്രവർത്തകരും രംഗത്തു വന്നിരുന്നു. അതേത്തുടർന്ന് മാതൃഭൂമി ആ കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തിവെച്ചു. പിന്നീട് അദ്ദേഹത്തിന്റെ മരണശേഷം ഭാര്യയാണ് കുറിപ്പുകൾ മലബാർ കലാപം എന്ന പേരിൽ പുസ്തകമാക്കുന്നത്. സമരം അടുത്തുനിന്നു കണ്ട, അനുഭവിച്ച ഒരാളെന്ന നിലയ്ക്ക് ആ കുറിപ്പുകൾക്ക് വലിയ ചരിത്ര പ്രാധാന്യമുണ്ടെന്ന് അംഗീകരിക്കുമ്പോഴും പുസ്തകത്തിലെ നിരീക്ഷണങ്ങൾ പലതും അസത്യങ്ങളും അർധസത്യങ്ങളുമാണെന്ന് പറയാതെവയ്യ. വിചിത്ര രീതിയിൽ പണിതീർത്ത മൂത്രപ്പുരയിലെ ഗന്ധം സഹ്യമോ ആസ്വാദനീയമോ ആയിരിക്കില്ലല്ലോ എന്നാണ് പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് മൊയ്തു മൗലവി അഭിപ്രായപ്പെട്ടത് (ചരിത്ര ചിന്തകൾ പേ. 73). ‘മലബാർ കലാപ’ത്തിന്റെ ഭാഷയെയും ശൈലിയെയും വിശേഷപ്പെട്ട അച്ചടിയെയും പ്രശംസിച്ചതിന് പിറകെയാണ് മൗലവി മേൽവാചകം എഴുതുന്നത്. മാപ്പിളമാരെയും ടിപ്പുസുൽത്താനെയും കുറ്റപ്പെടുത്തുന്ന വ്യഗ്രതക്കിടയിൽ മാധവൻ നായർ അവശ്യം രേഖപ്പെടുത്തേണ്ട പല കാര്യങ്ങളെപ്പറ്റിയും ഒരക്ഷരം പോലും ഉരിയാടിയില്ല എന്നും മൊയ്തു മൗലവി രോഷപ്പെടുന്നുണ്ട്.
മലബാർ സമരത്തിൽ പങ്കെടുത്ത മാപ്പിളമാർ ഒരിക്കലും ഹിന്ദുവിരുദ്ധരായിരുന്നില്ല എന്ന് സൗമ്യേന്ദ്രനാഥ് ടാഗോർ മലബാർ സമരത്തെക്കുറിച്ചുള്ള പഠനത്തിൽ പറയുന്നുണ്ട്. ബ്രിട്ടീഷുകാർക്ക് സമരക്കാരെ ഒറ്റുകൊടുത്ത ഹിന്ദുക്കളെ മാത്രമാണ് സമരക്കാർ ഉപദ്രവിച്ചത് എന്നുമുണ്ട് ആ പഠനത്തിൽ. ദ ഹിന്ദു പത്രത്തിലെഴുതിയ കത്തിൽ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. ‘ചില ഹിന്ദു സഹോദരൻമാർ സൈന്യത്തെ സഹായിക്കുകയും സൈന്യത്തിൽ നിന്ന് ഒളിച്ചുകഴിയുന്ന നിരപരാധികളായ മാപ്പിളമാരെ സൈന്യത്തിൽ ഏൽപിക്കുകയും ചെയ്തിട്ടുള്ളതിനാൽ ചില ഹിന്ദുക്കൾ കുഴപ്പത്തിലായിട്ടുണ്ട്. ഈ കലാപത്തിന് കാരണക്കാരായ നമ്പൂതിരിമാരും സമാനമായി കഷ്ടം സഹിക്കേണ്ടിവന്നിട്ടുണ്ട്’ (7.10.1921). ബ്രിട്ടീഷുകാരെ സഹായിച്ച മുസ്‌ലിംകളെയും സമരക്കാർ വെറുതെ വിട്ടിരുന്നില്ല.
അതിസങ്കീർണമായ അടരുകളുള്ള ചരിത്രാനുഭവമാണ് 1921ൽ മലബാറിൽ നടന്ന സ്വാതന്ത്ര്യ പ്രക്ഷോഭം. ആ സങ്കീർണതകളിൽ പലതും ബ്രിട്ടീഷുകാരും അവരെ അനുകൂലിച്ചവരും ഉണ്ടാക്കിയതാണ്. ഖിലാഫത്ത് കമ്മിറ്റികൾ സമരകേന്ദ്രങ്ങളിൽ സജീവമായിരുന്നുവെന്നതുകൊണ്ട് ഈ സങ്കീർണതയെ മതപരമാക്കാൻ ബ്രിട്ടീഷ് അനുകൂലികൾക്ക് അന്നുമിന്നും കഴിയുന്നു. ഇസ്‌ലാമിക ഖിലാഫത്തിനെയും ഇന്ത്യയിലെ ഖിലാഫത്ത് പ്രസ്ഥാനത്തെയും വേറിട്ടു തന്നെ കാണണം. രണ്ടും ഒന്നല്ല. ഖിലാഫത്ത് പ്രസ്ഥാനം രൂപപ്പെട്ടില്ലെങ്കിലും മലബാറിൽ ബ്രിട്ടീഷ് വിരുദ്ധ, ജന്മിവിരുദ്ധ പ്രക്ഷോഭം സംഭവിക്കുമായിരുന്നു. അത്ര കൊടിയ ചൂഷണങ്ങളാണ് ബ്രിട്ടീഷ് പിന്തുണയോടെ ജന്മിമാർ നടത്തിയിരുന്നത്. ഒരക്രമിയെയും അനന്തകാലം സഹിക്കില്ല ജനങ്ങൾ. അധിനിവേശ വിരുദ്ധ മനസ്സ് സൂക്ഷിക്കുന്ന മലബാർ പോലൊരു പ്രദേശം പ്രത്യേകിച്ചും. നിഷ്പക്ഷ ചരിത്ര വിശകലനങ്ങളിൽ നിന്നും നിലനിൽക്കുന്ന രാഷ്ട്രീയാവസ്ഥകളിൽ നിന്നുകൊണ്ടും നമുക്ക് എത്തിച്ചേരാവുന്ന ചില നിഗമനങ്ങൾ പറയാം.
1. മലബാർ പ്രക്ഷോഭവും ഖിലാഫത്ത് പ്രസ്ഥാനവും ഏകപക്ഷീയമായ മുസ്‌ലിം സംഘാടനമായിരുന്നില്ല. ഹിന്ദു-മുസ്‌ലിം സൗഹൃദങ്ങളുടെ പശ്ചാത്തലവും തുടർച്ചയും അതിലുണ്ട്. ഖിലാഫത്ത് മീറ്റിംഗുകളിലും സമര ആലോചനകളിലും ഹിന്ദു സമുദായത്തിൽ നിന്നുള്ള ദേശീയ പ്രസ്ഥാന നേതാക്കളുണ്ടായിരുന്നു. ഖിലാഫത്ത് കമ്മിറ്റി ഭാരവാഹികളായി തന്നെ ഹിന്ദു സമുദായത്തിൽ നിന്നുള്ളവരുണ്ടായിരുന്നു.
2. സമരം ചിലയിടങ്ങളിലെങ്കിലും അക്രമാസക്തമായിട്ടുണ്ട്. കൊള്ളയും കൊള്ളിവെയ്പും നടന്നിട്ടുണ്ട്. വർഗീയമെന്നു തോന്നാവുന്ന ഭ്രംശങ്ങൾ സംഭവിച്ചിട്ടുമുണ്ട്. അതുപക്ഷേ സമരത്തിന്റെ ഭാഗമായോ സമരതാൽപര്യം സംരക്ഷിക്കാനോ ആയിരുന്നുവെന്ന് കരുതുന്നതിൽ പിഴവുണ്ട്. സ്വന്തം പുര കത്തുമ്പോഴും വാഴ വെട്ടാനിറങ്ങുന്ന വിഭ്രാന്തമായ മനോനില 1921ലെ മലബാറിലും കാണാം. ആ അക്രമികളിൽ സർക്കാറനുകൂലികളും ജന്മിയുടെ ഗുണ്ടകളും സമരത്തിൽ നുഴഞ്ഞുകയറിയ റിസർവ് പോലീസുകാരുമുണ്ട് എന്ന് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ‘ദ ഹിന്ദു’വിനെഴുതിയ കത്തിൽ നിന്നു മനസ്സിലാക്കാം.
3. ജന്മിമാർ കുടിയാന്മാരോട് മനുഷ്യത്വപരമായ സമീപനം കൈക്കൊള്ളുകയും ബ്രിട്ടീഷ് വിരുദ്ധ നിലപാട് ഉയർത്തിപ്പിടിക്കുകയും ചെയ്തില്ല എന്ന ഗുരുതരമായ ചരിത്രാനുഭവത്തെ/ കുറ്റകൃത്യത്തെ മറച്ചുപിടിക്കുകയും ജന്മിമാരുടെ ബ്രിട്ടീഷ് വിധേയത്വം ശരിയായിരുന്നുവെന്ന് സ്ഥാപിക്കുകയുമാണ് 1921ലെ സമരത്തെ എതിർക്കുന്നവർ ഫലത്തിൽ ചെയ്തുകൊണ്ടിരിക്കുന്നത്.
4. മലബാർ സമരം ഒരു വൈകാരിക പൊട്ടിത്തെറിയല്ല, ആലോചനാപൂർവമായ സ്വാതന്ത്ര്യസമര സന്ദർഭമാണ്. അതിനെ വൈകാരികമായി കൊണ്ടാടുകയല്ല, ചരിത്രത്തോട് സത്യസന്ധത പുലർത്തിക്കൊണ്ട് സംവദിക്കുകയാണ് വേണ്ടത്. ഹിന്ദുത്വരും ഇസ്‌ലാമിസ്റ്റുകളും ആ സംവാദത്തിന്റെ വഴി അടച്ചുകളയുകയാണ് ചെയ്യുന്നത്. വിദ്വേഷത്തിനും വീരാരാധനക്കുമിടയിലാണ് സത്യസന്ധമായ ചരിത്രം മറഞ്ഞുകിടക്കുന്നത്.
5. മതം രാഷ്ട്രീയത്തിൽ ഉദ്ദേശ്യശുദ്ധിയോടെ ഇടപെടുന്നതും മതരാഷ്ട്രത്തിനുവേണ്ടിയുള്ള മുറവിളികളും രണ്ടായിത്തന്നെ കാണുകയാണ് അഭികാമ്യം. മഹാത്മാഗാന്ധിയുടെ ബ്രിട്ടീഷ് വിരുദ്ധ സമരത്തിന്റെ നീണ്ടകാലത്ത് അദ്ദേഹം മതബന്ധിതമായ രാഷ്ട്രീയത്തെയാണ് മുന്നിൽവെക്കുന്നത്. മലബാർ സമരത്തിനു പിറകെ ഡെയിലി എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലും മതം രാഷ്ട്രീയത്തിൽ ഇടപെടേണ്ടതിന്റെ അനിവാര്യത അദ്ദേഹം ചൂണ്ടിക്കാട്ടുന്നു (1921 സെപ്റ്റംബർ 15). പിൽകാലത്ത് അദ്ദേഹം ആ നിലപാടിൽ നിന്ന് പിൻവാങ്ങുന്നുണ്ടെങ്കിൽപോലും മതത്തോട് ബന്ധിപ്പിച്ചുകൊണ്ട് നീണ്ടകാലം അദ്ദേഹം നടത്തിയ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങൾ തെറ്റാകുന്നില്ല; അത് വർഗീയവുമാകുന്നില്ല. മലബാറിന്റെ ചരിത്രവായനയിലും ഇത് പ്രധാനമാണ്. മലബാറിലെ സ്വാതന്ത്ര്യപ്പോരാളികൾ മതബോധ്യങ്ങളിൽ പ്രചോദിതരാണ് എന്ന് വരുകിലും അവർ ഇസ്‌ലാമിക രാജ്യം സ്ഥാപിക്കാൻ ഇറങ്ങിപ്പുറപ്പെട്ടവരല്ല. അത്തരം ചരിത്രബദ്ധമല്ലാത്ത ഖിലാഫത്ത് വായനകളും സുൽത്താൻ ധാരണവും ചരിത്രവായനയെ കൂടുതൽ സങ്കീർണമാക്കുകയേ ഉള്ളൂ.

മുഹമ്മദലി കിനാലൂർ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ