ഗസ്ത് 26ന് സ്ത്രീ സമത്വദിനമായി ആചരിക്കുകയാണ്. തുല്യത വേണം എന്നു മുറവിളി കൂട്ടുന്ന ഫെമിനിസ്റ്റുകൾ എന്തുകൊണ്ട് സാധാരണ മനുഷ്യജന്മത്തിനുള്ള പരിഗണന പോലും ലഭിക്കാത്ത സ്ത്രീകളെ കാണുന്നില്ല? തുല്യതക്ക് മുമ്പ് എല്ലാ സ്ത്രീകളും അർഹിക്കുന്നത് നീതിയാണല്ലോ. അതുപോലും ലഭിക്കാത്ത ഈ സമൂഹത്തിൽ തുല്യതക്ക് വേണ്ടി വാദിക്കുന്നതിൽ എന്തർത്ഥമാണുള്ളത്?
സ്ത്രീശാക്തീകരണം ഇത്രയധികം വളർന്ന കാലത്ത് വിസ്മയയെ പോലെ, ഉത്തരയെ പോലെ എത്രയോ പെൺജന്മങ്ങൾ ഗാർഹിക പീഡനങ്ങൾക്കും അടിച്ചമർത്തലുകൾക്കും വിധേയമായി ഓരോ പുലരിയിലും കൊഴിഞ്ഞു വീഴുന്നത് ആശങ്കപ്പെടുത്തുന്നതാണ്. പെൺജന്മങ്ങൾ പാഴ്ജന്മങ്ങളായി തീരുന്നുവെന്ന് ഞങ്ങൾക്കും തോന്നിത്തുടങ്ങാതിരിക്കുന്നതെങ്ങനെ?
നിസ്സാര കാരണങ്ങളാൽ പാതിവഴിയിൽ ജീവനറ്റു പിടയുന്ന പെൺകുട്ടികൾ മാധ്യമങ്ങൾക്ക് ധാരാളം കേസുകളിലൊന്നു മാത്രമാവാം. വറൈറ്റിയുള്ള പുതിയ കൊലകൾ നടക്കുമ്പോൾ പഴയത് സമൂഹവും മാധ്യമങ്ങളും വിസ്മൃതിയിൽ തള്ളുകയും ചെയ്യും. പക്ഷേ അവളുടെ കുടുംബത്തിന്റെ നീറ്റൽ ചിരകാലം തുടരുന്നത് ആരും കാണുന്നില്ല. എത്രയേറെ കേസുകൾ നടക്കുന്നു, വനിതാ കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ, നാടാകെ പോലീസ്, കോടതി… എന്നിട്ടും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ കുറയുന്നില്ല. സാക്ഷര കേരളത്തിന്റെ അവസ്ഥ ഇതെങ്കിൽ മറ്റു സംസ്ഥാനങ്ങളിലെ വനിതകളുടെ ഗതികേട് ആലോചിക്കാൻ പോലും പറ്റാത്ത വിധം ഗുരുതരമായിരിക്കുമല്ലോ. സമൂഹം ഒന്നു ജാഗ്രത കാണിച്ചിരുന്നെങ്കിൽ എത്രയോ പെൺകുട്ടികൾക്ക് ജീവനും ജീവിതവും തിരിച്ചു കിട്ടിയേനെ എന്നു തോന്നിപ്പോകുന്ന അനുഭവങ്ങൾ നിത്യേനയെന്നോണം നമ്മുടെ കൺവെട്ടത്തു കാണുന്നു.
ഒരിക്കലും പുരുഷസമൂഹത്തിന് തുല്യമാകാൻ പെൺസമൂഹത്തിന് കഴിയില്ല. പിന്നെ എന്തിനാണ് അത്തരം മുദ്രാവാക്യങ്ങൾക്ക് പുറകിൽ ഓടുന്നതെന്ന് വിസ്മയിക്കാറുണ്ട്. സ്ത്രീയെയും പുരുഷനെയും വേർതിരിക്കുന്നത് പ്രകൃതിയാണ്. ഈ വേർതിരിവ് സമൂഹ സൃഷ്ടിക്കു വേണ്ടിയാണ്. എല്ലാവരും ഒരേ ലിംഗമായാൽ പിന്നെ സമൂഹമില്ലല്ലോ! അതേ സമയം സ്ത്രീകൾക്ക് പരിഗണന വേണ്ട ചില സംഗതികളുണ്ട്.
ആണിനെ പോലെ ഭൂമിയിൽ സ്വതന്ത്രനായി ജനിച്ചു വീഴാനും പ്രകൃതി സൗന്ദര്യം അനുഭവിക്കാനും അവൾക്കവകാശം വേണം, സാഹിത്യത്തിൽ അവൾക്ക് തുല്യത വേണം, എഴുത്തിലൂടെ അവളുടെ ആശയങ്ങളെ സമൂഹത്തിന് പകർന്നു നൽകാനും അവൾക്കവകാശം വേണം, തുറിച്ചുനോട്ടങ്ങളില്ലാതെ സ്വസ്ഥമായി ജീവിക്കാൻ അവൾക്ക് സ്വാതന്ത്ര്യം വേണം, തോണ്ടലും പിച്ചലുമില്ലാതെ യാത്ര ചെയ്യാൻ സ്ത്രീക്ക് തുല്യത വേണം, ഇവയിലൊക്കെ സമൂഹം സ്ത്രീകൾക്ക് സ്വാതന്ത്ര്യം ഉറപ്പാക്കിയാൽ വലിയ ഡക്കറേഷനൊന്നുമില്ലെങ്കിലും അവിടെ സ്ത്രീശാക്തീകരണം പുലരും.
ഫെമിനിസ്റ്റുകൾ സ്ത്രീകൾക്ക് ബാധ്യതയാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അവളെ സംരക്ഷിക്കേണ്ടവനാണ് പുരുഷനെന്ന് ആരെങ്കിലും സദുദ്ദേശ്യത്തോടെ പറയുമ്പോഴേക്ക് ചാടിവീണ് ആണധികാരത്തിന് തല കുനിക്കാൻ തങ്ങളില്ലെന്ന് പറഞ്ഞുകളയും. എന്നാൽ ആണിന്റെ സംരക്ഷണത്തെ ആണധികാരത്തിന്റെ പ്രയോഗവത്കരണമായല്ല, പുരുഷന്റെ ഉത്തരവാദിത്തമായാണ് മതത്തിന്റെ ചിട്ടവട്ടങ്ങളിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നവർ കാണുന്നത്. അതുകൊണ്ടു തന്നെ പിതാവിന്റെ, ഭർത്താവിന്റെ, ആൺമക്കളുടെ, സഹോദരന്റെ കരുതലും തുണയും ശ്വാസംമുട്ടലായല്ല, ആശ്വാസമായാണ് ഞങ്ങൾക്കനുഭവപ്പെടുന്നത്. തുല്യത വാദിച്ച് കൊണ്ട് തെരുവിലിറങ്ങുന്നത് ആണധികാരത്തെ കുടഞ്ഞെറിയലായി തോന്നുന്നില്ല. ഉള്ള സംരക്ഷണം കൂടി വേണ്ടെന്നു വെച്ച് മനോഭാവം മാറാത്തൊരു സമൂഹത്തന്റെ മുന്നിൽ അരക്ഷിതയായുള്ള നിൽപ്പാണ്.
1400 കൊല്ലങ്ങൾക്ക് മുന്നേ മുഹമ്മദ് നബി(സ്വ) സമഗ്രമായൊരു സ്ത്രീ ശാക്തീകരണം നടപ്പാക്കിയിട്ടുണ്ട്. പെണ്ണിന് ജനിച്ചുവീഴാൻ പോലും അവകാശം നിഷേധിച്ച സമൂഹത്തിൽ അവൾക്ക് സ്വത്തവകാശം വരെ നേടിക്കൊടുത്തു പ്രവാചകർ(സ്വ). മതത്തെ മാനിക്കുന്ന, തിരുനബി(സ്വ) അനുസരിക്കുന്ന പുരുഷൻമാർ ആ നിർദേശങ്ങൾ മാനിക്കാൻ കടപ്പെട്ടവരാണ്. വിശ്വാസിനികളായ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അതാണ് പ്രസക്തം. മതനിഷേധികളിൽ നിന്ന് അവ പാലിക്കപ്പെടുമെന്ന് ഒട്ടും പ്രതീക്ഷിക്കേണ്ടതുമില്ല.
പെണ്ണിനെ മാനിക്കാൻ മിനിമം വേണ്ടത് മനുഷ്യപ്പറ്റാണ്. സ്ത്രീക്ക് നേരെ കൈ ഓങ്ങും മുമ്പ് ഒറ്റക്കാര്യം ആലോചിച്ചാൽ മതി, ഇത്ര നിസ്സാരമായവളെ ഇല്ലാതാക്കുവാനുള്ള കരുത്ത് തനിക്ക് കിട്ടിയത് അതേ നിസ്സാരതയുള്ള ഒരുവളിൽ നിന്നാണല്ലോ എന്ന്!
ഒരു പെണ്ണിന് വിദ്യാഭ്യാസം നൽകിയാൽ ഒരു തലമുറയാണ് നേർവഴിയിലാകുന്നത്. ഓരോ കുഞ്ഞിന്റെയും ആദ്യവിദ്യാലയം അവന്റെ വീടും ആദ്യത്തെ അധ്യാപിക ഉമ്മയുമാണ്. അവൾ പ്രാപ്തയാണെങ്കിൽ സമൂഹത്തിൽ വെളിച്ചം പരത്താൻ മാതാവിന് കഴിയും. അതിനാൽ തന്നെ പെണ്ണിനെതിരായ അതിക്രമങ്ങൾ സമൂഹത്തിന്റെ വെളിച്ചം കെടുത്തിക്കളയാനുള്ള ഉദ്യമം കൂടിയാണ്.

ഫാത്തിമ സ്വൽഹ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ