പുണ്യങ്ങളുടെ സൗരഭ്യങ്ങൾ വിടർത്തി കൊണ്ട് ഒരു വിശുദ്ധ റമളാൻ കൂടി നമ്മിലേക്ക് സമാഗതമാകുന്നു. ആരാധനകളുടെ പൂക്കാലമായ റമളാൻ മാസത്തെ ആത്മഹർഷത്തോടെയും ചൈതന്യത്തോടെയും വരവേൽക്കാൻ മുസ്‌ലിം ലോകം ഒരുങ്ങിക്കഴിഞ്ഞു. നീണ്ട രണ്ട് മാസത്തെ പ്രാർത്ഥനയോടെയും പ്രതീക്ഷയോടെയും വിശുദ്ധ ഖുർആൻ അവതീർണമായ പുണ്യമാസത്തെ കാത്തിരിക്കുകയായിരുന്നു വിശ്വാസികൾ. മാനസികമായ, ശാരീരികമായ, കർമപരമായ മുന്നൊരുക്കം റജബിലും ശഅ്ബാനിലും പൂർത്തീകരിച്ച ശേഷമാണ് റമളാനെ നാം വരവേൽക്കുന്നത്. ഇത്തവണത്തെ റമളാൻ എങ്ങനെയാവണമെന്ന് ഓരോ വിശ്വാസിയും ഈ അവസാന സമയത്തെങ്കിലും ആസൂത്രണം ചെയ്യേണ്ടതുണ്ട്. യാന്ത്രികമായി നോമ്പെടുത്തും വല്ലപ്പോഴും തറാവീഹ് നിർവഹിച്ചും ക്രമരഹിതമായി ആരാധനകളിൽ പങ്ക് ചേർന്നുമുള്ള വഴിപാട് പരിപാടികൾ പോര. ഈ മാസത്തെ കർമങ്ങൾ കൊണ്ട് അലങ്കരിക്കണം. കഴിഞ്ഞ വർഷം മഹാമാരിയുടെ കടുത്ത നിയന്ത്രണം മൂലം ഒരു നേരം പോലും ജമാഅത്തായി പള്ളിയിൽ വെച്ചു നിസ്‌കരിക്കാൻ വിധിയനുവദിക്കാത്തവരാണ് നാമെന്ന വിചാരം വേണം. ഇത്തവണ നിയന്ത്രണങ്ങൾ ലഘുവായതിന്റെ നിർവൃതി ആരാധനകളിലൂടെ ശുക്‌റായി അല്ലാഹുവിനർപ്പിക്കുക.
റമളാനിനനുസരിച്ച് നമ്മുടെ ജീവിതവും സാധിക്കുമെങ്കിൽ ജോലിയും ക്രമീകരിക്കുന്നത് നല്ലതാണ്. ആരാധനകൾ കൊണ്ട് ധന്യമാക്കുമെന്ന ശക്തമായ തീരുമാനങ്ങൾക്ക് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയും. എത്ര ഖത്മ് പൂർത്തീകരിക്കുമെന്നൊരു ധാരണയുണ്ടാക്കുകയും അത് സാധിക്കണമെങ്കിൽ ദിവസവും എത്ര ജുസ്അ് ഓതിത്തീർക്കണമെന്ന് വിലയിരുത്തുകയും വേണം. മാനസികമായ തയ്യാറെടുപ്പാണ് ഉറച്ച നിലപാടിലെത്താൻ വിശ്വാസിയെ സഹായിക്കുക. അല്ലാഹു ഖുദ്‌സിയ്യായ ഹദീസിൽ പറയുന്നു: എന്റെ അടിമ ഒരു നല്ല കാര്യം ചെയ്യാൻ കരുതിയാൽ തന്നെ ഞാനവന് അതിന്റെ പ്രതിഫലം രേഖപ്പെടുത്തിക്കഴിഞ്ഞു. ഇമാം അഹ്‌മദ്(റ) ഉദ്ധരിക്കുന്ന ഒരു തിരുവചനം: ശഅ്ബാൻ സമാഗതമായാൽ നിങ്ങൾ ഹൃദയം ശുദ്ധിയാക്കുകയും നിയ്യത്ത് നന്നാക്കുകയും ചെയ്യണം.
പതിനൊന്ന് മാസം ഭക്ഷണം കഴിച്ച് ശീലിച്ച ശരീരത്തെ പകൽ സമയം പൂർണമായും പട്ടിണിക്കിടാനും നോമ്പ് മുറിയുന്ന മുഴുവൻ സംഗതികളിൽ നിന്നും വിട്ടുനിൽക്കാനുമുതകുന്ന വിധത്തിൽ പാകപ്പെടുത്തേണ്ടതനിവാര്യമാണ്. റജബിലെയും ശഅ്ബാനിലെയും ഏതാനും ദിനങ്ങൾ സുന്നത്ത് നോമ്പ് അനുഷ്ഠിച്ചവർ അതിനായി ശരീരത്തെ പരിശീലിക്കുക കൂടിയാണ് ചെയ്തത്. വിശപ്പും ദാഹവും സ്വയം വരിക്കുന്നതിലൂടെ പട്ടണിപ്പാവങ്ങളുടെ പ്രയാസങ്ങളറിയാനും നോമ്പിന്റെ പരമമായ ലക്ഷ്യം നേടിയെടുക്കാനും സത്യവിശ്വാസിക്ക് സാധ്യമാകും.
റമളാൻ പ്രമാണിച്ച് ‘നനച്ചുകുളി’ എന്ന പേരിൽ നമ്മൾ ഉപയോഗിക്കുന്ന വസ്തുക്കൾ കഴുകി വൃത്തിയാക്കുന്ന സമ്പ്രദായം പഴയകാലം മുതൽ നമ്മുടെ നാട്ടിൽ നിലനിൽക്കുന്നതാണ്. മിക്കയിടത്തും ഇന്നും അത് തുടർന്നുവരുന്നു. വിശുദ്ധ മാസത്തോടുള്ള ആദര സൂചകമായാണ് ഇത്. അല്ലാഹു ബഹുമാനിച്ചതിനെ പരിഗണിക്കുകയെന്നത് ഈമാനിന്റെ ഭാഗമാണല്ലോ.
പുണ്യങ്ങൾക്ക് പല മടങ്ങ് പ്രതിഫലം ലഭിക്കുന്ന മാസമാണ് റമളാൻ. പ്രമുഖ സ്വഹാബിവര്യൻ സൽമാനുൽ ഫാരിസി(റ) നിവേദനം: ‘ഒരു ശഅ്ബാൻ അവസാനം നബി(സ്വ) പറഞ്ഞു: ജനങ്ങളേ, നിങ്ങൾക്കിതാ മഹത്തായ മാസം സമാഗതമായിരിക്കുന്നു. പുണ്യമേറിയ മാസമാണിത്, ആയിരം മാസത്തേക്കാൾ പുണ്യമുള്ള രാത്രി അതിലുണ്ട്. അതിൽ നോമ്പനുഷ്ഠിക്കൽ അല്ലാഹു നിങ്ങൾക്ക് നിർബന്ധമാക്കിയിരിക്കുന്നു. രാവുകളിൽ നിസ്‌കരിക്കൽ സുന്നത്തുമാണ്. റമസാനിൽ സുന്നത്തായ അമലുകൾക്ക് ഫർളിന്റെ കൂലിയും ഫർളായ അമലിന് 70 ഫർളിന്റെ കൂലിയും ലഭിക്കുന്നതാണ്.’
പൊതുവെ, ഏതൊരു വിശ്വാസിയും ജാഗ്രതയോടെ ആരാധനാ നിരതനാകുന്ന സന്ദർഭമാണ് റമളാൻ. നോമ്പും നിസ്‌കാരവും ഖുർആനോത്തും ഇഅ്തികാഫും ദാനധർമവും നോമ്പുതുറ സൽക്കാരവും മഹത്തായ പുണ്യകർമങ്ങൾ തന്നെ. അതിനൊപ്പം അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങാനും പാപമോചനം നടത്താനും കടങ്ങളും ബാധ്യതകളും വീട്ടിത്തീർക്കാനും പ്രവാചകർ(സ്വ) കൽപിക്കുമായിരുന്നു. പിണങ്ങിക്കഴിയുന്നവരെ ഇണക്കാനും കലഹങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും പരസ്പര വിട്ടുവീഴ്ചയോടെ ജീവിക്കാനും സ്വഹാബികളെ ഉപദേശിക്കുമായിരുന്നു.
ഭക്ഷണങ്ങളും ജീവിത ക്രമങ്ങളും റമളാനിലും ലളിതമാക്കേണ്ടതുണ്ട്. കരിച്ചതും പൊരിച്ചതും ധാരാളം അകത്താക്കിയാൽ ആരാധനകൾക്ക് വലിയ താൽപര്യമൊന്നും ശരീരം കാണിക്കില്ല. മാത്രമല്ല, ജീവിത ശൈലി രോഗങ്ങൾക്ക് വിശുദ്ധ മാസത്തിലെ ആഹാര സമ്പന്നത നിമിത്തമാകാതെ നോക്കേണ്ടതും അനിവാര്യം. ചിലയിടങ്ങളിൽ കണ്ടുവരുന്ന നോമ്പുതുറ മുതൽ അത്താഴം വരെയുള്ള ഭക്ഷണ മാമാങ്കം ഒഴിവാക്കൽ ആവശ്യമാണ്. സ്ത്രീകൾ ഉച്ച മുതൽ പാതിര വരെ അടുക്കളയിൽ പാചകത്തിലേർപ്പെട്ട് ഇബാദത്തിന് സമയം കണ്ടെത്താതെ പോകരുത്. റമളാനിൽ എന്തു നേടിയെന്നു ചോദിച്ചാൽ ധാരാളം പലഹാരങ്ങളുണ്ടാക്കി പരീക്ഷിച്ചു, രുചിച്ചുവെന്നാകരുത് നമ്മുടെ സമാധാനം. റമളാനിനെ പൂർണാർത്ഥത്തിൽ വരവേൽക്കാനും യാത്രയാക്കാനും നാഥൻ തൗഫീഖ് നൽകട്ടെ.

അബൂബക്കർ സിദ്ദീഖ് പുത്തൂപാടം

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ