മലവെള്ളപ്പാച്ചിലിനു സമാനം കുരിശു ഭീകരര്‍ ആര്‍ത്തലച്ചു വരികയും അവരുടെ തിണ്ണമിടുക്കില്‍ മുസ്‌ലിം ലോകം തകര്‍ന്നു തരിപ്പണമാവുകയും ചെയ്തപ്പോഴാണ് ഒരു നിയോഗം പോലെ സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി അമരത്തെത്തുന്നത്. ജ്ഞാനവും ബുദ്ധിയും തഖ്വയും വിശ്വാസ ദാര്‍ഢ്യവും കൈമുതലാക്കി അദ്ദേഹം മുന്നില്‍ നിന്നു നയിച്ചപ്പോള്‍ ചരിത്രം വഴിമാറി. ക്രൂരരായ ശത്രുക്കള്‍ അടിയറവു പറയുകയും ഖുദ്സില്‍ വീണ്ടും വാങ്കൊലി മുഴങ്ങുകയും ചെയ്തു. അയ്യൂബിയെ കുറിച്ച് എല്ലാവര്‍ക്കും അറിയുന്ന കാര്യങ്ങളാണിവ.
അത്മവിശ്വാസം തകര്‍ന്ന ഒരു പരാജിത സമൂഹത്തെ ഉന്നത വിജയത്തിലേക്കു നയിക്കുക മാത്രമല്ല അദ്ദേഹം ചെയ്തത്. പ്രത്യുത ആദര്‍ശ, ആശയ, വൈജ്ഞാനിക മേഖലകളിലെല്ലാം നിസ്തുല സംഭാവനകളര്‍പ്പിച്ചു. ക്രൈസ്തവരില്‍ നിന്ന് ഖുദ്സിനെയെന്നവിധം ശിയാ പക്ഷപാതികളായ ഭരണാധികാരികളില്‍ നിന്ന് വിശുദ്ധമതാദര്‍ശങ്ങളെയും അദ്ദേഹം രക്ഷിച്ചെടുത്തു. ശരിയായ രീതിയിലേക്ക് മത പഠനത്തെ പുനഃസ്ഥാപിക്കാനും മഹാനുഭാവന് കഴിഞ്ഞു.
ആധുനിക മുസ്‌ലിം ലോകം കായികമായും ആദര്‍ശപരമായും നിരന്തര പീഡനങ്ങളേറ്റുകൊണ്ടിരിക്കുന്ന സമകാലത്ത്, സ്വലാഹുദ്ദീന്‍ കേവലം ഒരു ഓര്‍മപ്പെടുത്തല്‍ മാത്രമല്ല; തിരിച്ചറിവും പരിഹാരവുമാണ്. ഉപരിസൂചിത രീതിയില്‍ അദ്ദേഹത്തെ കുറിച്ചുള്ള പുതുപഠനങ്ങള്‍ ഏറെ പ്രസക്തിയര്‍ഹിക്കുന്നതിന് വേറെ കാരണങ്ങള്‍ വേണ്ടതില്ലല്ലോ.